പെരുമണ്ണാൻ

മണ്ണാൻ, വണ്ണാൻ
(മണ്ണാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളം,തമിഴ്നാട്,കർണാടകം എന്നീ സംസ്ഥാനങ്ങളിലുള്ള ഒരു സമുദായമാണ് പെരുമണ്ണാൻ. ഇവർ വണ്ണാൻ, മണ്ണാൻ, പെരുവണ്ണാൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.ഇവർ പരമ്പരാകതമായി തീയർ സമുദായക്കാരുടെ അലക്കുകാർ ആണ്.[1][2] കേരളത്തിൽ പ്രധാനമായും മലബാർ പ്രാദേശിക സമുദായമാണ് ഇവർ പെരുമണ്ണാൻ ജാതിനാമങ്ങളിൽ അറിയപ്പെടുന്നവർ പരമ്പരാഗതമായി മന്ത്രവാദം, തെയ്യംതിറ,തിറയാട്ടം,കാവട്ടം എന്നീ കലകളിലും ഏർപ്പെട്ടിരുന്നവരാണ്. ഈ സമുദായത്തിൽപ്പെട്ട സ്ത്രീകൾ അലക്കുതൊഴിൽ നിർവ്വഹിച്ചുവന്നവരും മേൽജാതിക്കാരായ ബ്രാഹ്മണരുടെ വീടുകളിൽ മരണം, പ്രസവം, ഋതുസ്നാനം എന്നിവ സംഭവിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പുല ആചരിക്കുന്നവർക്കു് മാറ്റു് നല്കി വന്നവരുമാണു്. മലബാർ മേഖലയിൽ വണ്ണാൻ, മണ്ണാൻ, പെരുവണ്ണാൻ, പെരുമണ്ണാൻ എന്നീ ജാതിനാമങ്ങളിൽ അറിയപ്പെടുന്നവരുടെ സാമുദായികമായ ആചാരാനുഷ്ഠാനങ്ങളിലും കുലത്തൊഴിലുകളിലും വ്യത്യാസങ്ങളില്ല. സമുദായാചാരപ്രകാരമുള്ള വിവാഹബന്ധത്തിൽ അവർ പരസ്പരം ഏർപ്പെടുന്നു. പരസ്പരം രക്തബന്ധമുള്ളവരും ആണു്. ഒരേ കുടുംബത്തിൽ ഒരേ മാതാപിതാക്കളുടെ സന്താനങ്ങൾ മേല്പറഞ്ഞ വ്യത്യസ്ത ജാതിനാമങ്ങളിൽ അറിയപ്പെടുന്നു. ഒരേ വ്യക്തി തന്നെ പല സന്ദർഭങ്ങളിലും ഈ നാലു സമുദായപ്പേരുകളും മാറി മാറി ഉപയോഗിച്ചു വന്നിട്ടുണ്ടു്.

അയിത്തം തിരുത്തുക

ഇവർക്കു് ബ്രാഹ്മണർ പൂജ ചെയ്യുന്ന ക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. ഇവർ മറ്റു സമുദായക്കാരോടും ഇസ്ലാം മതം സ്വീകരിച്ചവരോടും സഹവർത്തിത്വം പുലർത്തുന്നു. തെയ്യത്തിന്റെ വേഷം കെട്ടിക്കഴിഞ്ഞാൽ ഉയർന്ന സമുദായക്കാർ ആദരവോടെ വീക്ഷിക്കുമെങ്കിലും വേഷമഴിച്ചു വച്ചാൽ കേവലം അയിത്തക്കാരനായ വണ്ണാൻ തന്നെയായി മാറും.

കുലത്തൊഴിലുകൾ തിരുത്തുക

പ്രാധാന തൊഴിൽ വൈദ്യം, അലക്ക് ആണ്. മാത്രവുമല്ല ചില കലാപരമായ കാര്യങ്ങളിലും മുന്നിൽ നിന്നിരുന്നു, തെക്കൻ കർണ്ണാടകത്തിൽ ഭൂതവും, വടക്കേ മലബാറിൽ തെയ്യവും , തെക്കേ മലബാറിൽ തിറയാട്ടവും, പൂതനും കെട്ടാൻ പാരമ്പര്യമായി അവകാശമുള്ള ഒരു വിഭാഗമാണു് ഇവർ. ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധർവൻ, പുലിദൈവങ്ങൾ, വീരന്മാർ തുടങ്ങി വിവിധ തരത്തിലുള്ള തെയ്യങ്ങൾ അവർ കെട്ടിയാടാറുണ്ടു്. ഈ സമുദായക്കാർ മലബാർ മേഖലയിൽ അലക്ക് ചെയ്ത് ജീവിക്കുന്നവർ ആയിരുന്നു. ദുർമൃതിയടഞ്ഞ മനുഷ്യരുടെയും മൺമറഞ്ഞ പൂർവികരുടെയും വീരവനിതകളുടെയും വീരപുരുഷന്മാരുടെയും സങ്കല്പങ്ങളിലുള്ള തെയ്യങ്ങളിൽ ഭൂരിഭാഗവും വണ്ണാന്മാരാണ് കെട്ടുന്നത്. ദേവതകളെ പുരസ്കരിച്ചുള്ള തോറ്റംപാട്ടുകളും ഇവർക്കിടയിൽ സമൃദ്ധമായുണ്ട്.തെക്കൻ മലബാറില് കാവുകളിൽ തിറയാട്ടം നടത്തുന്നതിനുളള പരമ്പരാഗത അവകാശം ലഭിച്ചിരിക്കുന്നത് പെരുമണ്ണാൻ സമുദായത്തിനാണ്. തുന്നൽവേല, പാരമ്പര്യവൈദ്യം (പ്രത്യേകിച്ചും ബാലചികിത്സ), എന്നിവയും അവരുടെ കുലത്തൊഴിലുകളാണ്. അകനാൾ നീക്ക്, കെന്ത്രോൻപാട്ട് (ഗന്ധർവൻ പാട്ട്), കുറുന്തിനിപ്പാട്ട്,പോലിച്ചുപാട്ട്, ഇറയക്കളി, പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികർമങ്ങൾ എന്നിവയിലും വണ്ണാന്മാർ ഏർപ്പെട്ടുവന്നിരുന്നു

ആചാരപ്പെടൽ തിരുത്തുക

പെരുവണ്ണാൻ, പെരുമണ്ണാൻ എന്നിവ യഥാക്രമം വണ്ണാന്റെയും മണ്ണാന്റെയും ആചാരപ്പേരുകളാണു്. മലബാർ മേഖലയിൽ പ്രധാനപ്പെട്ട വസൂരിമാല, വിഷ്ണുമൂർത്തി, (തീചാമുണ്ഡി), വലിയ ഭഗവതി, പുതിയഭഗവതി തുടങ്ങിയ പ്രധാന തെയ്യക്കോലങ്ങൾ കെട്ടുന്നവരിൽ പ്രഗല്ഭരായ വണ്ണാന്മാർക്കു് നാട്ടുരാജാക്കന്മാരും നാട്ടുപ്രമാണിമാരും പെരുവണ്ണാൻ പട്ടം നല്കി വന്നിരുന്നു. ആചാരപ്പെടൽ എന്നാണു് ഈ ചടങ്ങിനു പറഞ്ഞു വരുന്നതു്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഇപ്പോഴും ഈ സമ്പ്രദായം നിലവിലുണ്ടു്. തെയ്യംതിറ കെട്ടുന്ന മറ്റൊരു സമുദായക്കാർക്കും പെരുവണ്ണാൻ പട്ടം നല്കാറില്ല. പെരുവണ്ണാൻ പട്ടം കിട്ടിയവരേയും അവരുടെ കുടുംബാംഗങ്ങളേയും പൊതുജനങ്ങൾ പെരുവണ്ണാൻ എന്നു വിളിച്ചുവന്നു. ഈ ആചാരപ്പേരുകൾ ജാതിപ്പേരായും അംഗീകരിക്കപ്പെട്ടു. കൂടാതെ പട്ടും വളയും കൊടുത്ത് ആചാരപ്പെടുത്തുന്ന ചടങ്ങും ഇതോടൊപ്പം നടക്കാറുണ്ട്.അത്തരം ആചാരസ്ഥാനം കിട്ടിയ പെരുവണ്ണാന്മാർ ആ വള വലിയ അഭിമാനത്തോടെ സദാസമയവും കൈയിൽ അണിയും. ഇപ്പോൾ നാട്ടുകാവുകളിലെ അധികാരികൾ ഇത്തരം സ്ഥാനം കൊടുത്ത് ആദരിക്കാറുണ്ടു്. [3],[4]

പേരിനു പിന്നിൽ തിരുത്തുക

ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി നിഘണ്ടുവിൽ (1923) പെരുവണ്ണാൻ എന്നതിന്നു് പെരുമണ്ണാൻ എന്നർത്ഥം നല്കിയിരിക്കുന്നു. മലയാളഭാഷയിൽ ആദ്യമായുണ്ടായ ഗുണ്ടർട്ട് നിഘണ്ടുവിൽ വണ്ണാൻ=A lower washerman & a tailor എന്നു് അർത്ഥം നല്കിയിരിക്കുന്നു. പെരുവണ്ണാൻ മന്ത്രവാദം ചെയ്യുന്ന വ്യക്തിയായും അതിന്റെ സ്ത്രീലിംഗ പദം പെരുമണ്ണാത്തി എന്നും നല്കിയിരിക്കുന്നു.

സമുദായ സംഘടനകൾ തിരുത്തുക

1930കളിലും '60കളിലും ഈ നാലു സമുദായപ്പേരുകളിലും അറിയപ്പെടുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടു് കേരള പെരുവണ്ണാൻ സംഘം എന്ന പേരിൽ സമുദായസംഘടന രൂപീകരിക്കപ്പെട്ടു. സമുദായാംഗങ്ങളുടെ ഉദ്ധാരണവും സമുദായപ്പേരുകളുടെ ഏകീകരണവും സംഘടനയുടെ ലക്ഷ്യങ്ങളായിരുന്നു. മലബാർ മേഖലയിലെ മണ്ണാൻ, വണ്ണാൻ, പെരുമണ്ണാൻ എന്നീ സമുദായപ്പേരുകൾ 1976ലെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തി; പര്യായപദമായ പെരുവണ്ണാൻ ഉൾപ്പെടുത്തപ്പെട്ടില്ല. അതു് ഒ ഇ സി പട്ടികയിൽ അവശേഷിച്ചു. ഇതുകാരണം ഒരേ സമുദായത്തിന്നു് സംവരണവിഷയത്തിൽ രണ്ടു നില നിലവിൽ വന്നു. സങ്കീർണ്ണമായ ജാതി സർട്ടിഫിക്കറ്റ് പ്രശ്നങ്ങൾക്കും സംവരണക്കാര്യത്തിലുള്ള വിവേചനത്തിനും ഇതു് വഴിയൊരുക്കി. മുഖ്യധാരാരാഷ്ട്രീയകക്ഷികൾ ഏറ്റെടുക്കാതിരുന്ന ഈ പ്രശ്നം മുഖ്യമായും പരിഹരിക്കുവാൻ വേണ്ടി 2004ൽ സ്ഥാപിക്കപ്പെട്ട മണ്ണാൻ വണ്ണാൻ സമുദായസംഘം എന്നു പേരായ സംഘടന ഇവരുടെ ഇടയിൽ പ്രവർത്തിച്ചു വരുന്നു. നിലവിൽ ഈ സംഘടനയുടെ പ്രസിഡണ്ടും സെക്രട്ടറിയും യഥാക്രമം എൻ അശോകൻ (നെടുമ്പാല നന്മണ്ട), ഒ കെ വിശ്വനാഥൻ (വെള്ളച്ചാൽ മക്രേരി) എന്നിവരാണു്.

  1. G.O.No:13033/E2/90 പജ.പവ.വിവ Dated:27/11/1991.
  2. മണ്ണാൻ വണ്ണാൻ സമുദായസംഘം വെബ്ബ്സൈറ്റ്
  3. ഡോ: എം വി വിഷ്ണു നമ്പൂതിരി, സുരേഷ് ബാബു എളയാവൂർ എഡി:, കേരള ഫോൿലോർ അക്കാദമി പ്രസാ:"ജീവിതവും സംസ്കാരവും- വോള്യം 2" പേജ് 41
  4. ശ്രീ. കുട്ടമത്തു് എ ശ്രീധരൻ "ചിലമ്പിട്ട ഓർമ്മകൾ" പേജ് 80,81,82
"https://ml.wikipedia.org/w/index.php?title=പെരുമണ്ണാൻ&oldid=4081003" എന്ന താളിൽനിന്ന് ശേഖരിച്ചത്