ഉറുഗ്വേ

ലാറ്റിനമേരിക്കൻ രാജ്യം
(Uruguay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉറുഗ്വേ
(ദേശീയ പതാക) (ദേശീയ ചിഹ്നം)
ഔദ്യോഗിക ഭാഷ‍ സ്പാനിഷ്
തലസ്ഥാനം മോണ്ടി വിഡിയോ
ഗവൺമെൻറ്‌ ജനാധിപത്യ റിപബ്ലിക്
പ്രസിഡൻറ് ടബാരേ വാസ്ക്വിസ്
വിസ്തീർണ്ണം 1,76,220കി.മീ.²
ജനസംഖ്യ
 
 ജനസാന്ദ്രത:

7,75,05,756(2005)
19/കി.മീ.²
സ്വാതന്ത്ര്യ വർഷം 1828
മതങ്ങൾ ക്രിസ്തുമതം (80%)
നാണയം പെസോ
സമയ മേഖല UTC-3
ഇന്റർനെറ്റ്‌ സൂചിക .uy
ടെലിഫോൺ കോഡ്‌ 598

തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്‌ ഉറുഗ്വേ (ഇംഗ്ലീഷ്: Uruguay, സ്പാനിഷ്: La República Oriental del Uruguay). 3.46 ദശലക്ഷം ജനങ്ങൾ വസിക്കുന്ന ഉറുഗ്വേയുടെ തലസ്ഥാനം മൊണ്ടേവീഡിയോ ആണ്‌. വടക്കു ഭാഗത്ത് ബ്രസീൽ, പടിഞ്ഞാറു ഭാഗത്തായി ഉറുഗ്വേ നദിയുടെ മറുകരയിൽ അർജന്റീന, തെക്കു കിഴക്കായി തെക്കേ അറ്റ്ലാന്റിക് സമുദ്രം എന്നിവയാണ്‌ പ്രധാന അതിർത്തികൾ. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്‌ ഉറുഗ്വേ.

ഭൂമിശാസ്ത്രം

തിരുത്തുക

ഭൂപ്രകൃതി

തിരുത്തുക

ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കിടയിൽ ഏതാണ്ട് ഒരേമാതിരി ഭൂപ്രകൃതിയുള്ള ഒന്നാണ് ഉറുഗ്വേ. അർജന്റീനയിലെ പാംപസ് സമതലം ബ്രസീലിലെ കുന്നിൻ നിരകളിലേക്കും പീഠഭൂമിയിലേക്കും സംക്രമിക്കുന്ന മേഖലയിലാണ് ഉറുഗ്വേ സ്ഥിതിചെയ്യുന്നത്. ഈ രാജ്യത്തെ ഏറ്റവും പൊക്കംകൂടിയ സ്ഥാനത്തിന് സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരം മാത്രമേയുള്ളു. ഉറുഗ്വേയുടെ വടക്കുഭാഗത്തു മാത്രമാണ് അല്പം നിംനോന്നതമായ സ്ഥലം കാണപ്പെടുന്നുള്ളു. രാജ്യത്തിന്റെ വിസ്തൃതിയിൽ മൂന്നിൽരണ്ടോളം വരുന്ന തെക്കുഭാഗം പൊതുവേ സമതല പ്രദേശമാണ്. ഇവിടെ ധാരാളം പുഴകളും നദികളും കാണാം. വടക്കുനിന്നാരംഭിച്ച് തെക്കു കടൽതീരത്തോളം നിളുന്ന കുന്നിൻനിരയ്ക്ക് കൂച്ചിലാഗ്രാന്റെ എന്നാണു പേരു വിളിക്കുന്നത്. തെക്കരികിലുള്ള പ്രദേശങ്ങൾ അത്യധികം ഫലപൂയിഷ്ടമാണ്. മറ്റുപ്രദേശങ്ങൾ മേച്ചിൽപ്പുറങ്ങളായി ഉപയോഗിക്കാൻ പറ്റിയ ഒന്നാന്തരം പുൽമേടുകളാണ്[1]

ഉറുഗ്വേയിൽ മാത്രമായി ഒഴുകുന്ന നദികൾ ഒന്നും തന്നെയില്ല. തെക്കേഅരികിൽ കൂടിഒഴുകുന്ന റയോ ദെ ലാപ്ലാറ്റ ആണ് പ്രധാന നദി. പരാന, പരാഗ്വേ, ഉറൂഗ്വെ എന്നീ നദികൾ ഒന്നുചേർന്നുണ്ടാകുന്ന നദീ വ്യൂഹമാണ് ലാപ്ലാറ്റ. പടിഞ്ഞാറരികിലുള്ള ഉറുഗ്വേനദി ബ്രസീലിൽ നിന്നും ഒഴുകിയെത്തുന്നതാണ്. ബ്രസീലിൽ നിന്നു പുറപ്പെടുന്ന റയോനീഗ്രോ ഉറുഗ്വേയിലൂടെ ആദ്യം പടിഞ്ഞാറോട്ടും പിന്നെ തെക്കുപടിഞ്ഞാറോട്ടും ഒഴുകി ഉറുഗ്വേനദിയിൽ ലയിക്കുന്നു. ഉറുഗ്വേയുടെ കിഴക്കൻ തീരത്തിൻടുത്ത് ആഴംകുറഞ്ഞ ധാരാളം കായലുകൾ കാണപ്പെടുന്നു. ഇവയിൽ ഏറ്റവും വലുത് മരീം കായലാണ്. ഈ കായൽ ബ്രസീലിലേക്കുകൂടി കയറികിടക്കുന്നു. 176 കിലോമീറ്റർ നീളത്തിലും 40 കിലോമീറ്റർ വീതിയിലും വ്യാപിച്ചുകിടക്കുന്ന ഈ തടാകം ചെറുകിട കപ്പലുകൾക്ക് സഞ്ചാരയോഗ്യമാണ്[2]

സസ്യങ്ങൾ

തിരുത്തുക

ഉറൂഗ്വേയുടെ ഭൂമിയിൽ വെറും പത്തു ശതമാനം മാത്രമേ കൃഷിയോഗ്യമായിട്ടുള്ളു. പുൽവർഗ്ഗങ്ങളാണ് നൈസർഗിക സൈസ്യജാലം. പുൽമേടുകളാണ് എവിടെയും. മൊത്തം വിസ്തൃതിയുടെ മൂന്നു ശതമാനം മാത്രമാണ് വനമായി കണക്കാക്കിയിട്ടുള്ളത്. ഈ വനത്തിൽ നിന്നും നൽഡുബേ, ഉരൂൺ ഡേ,, ലപച്ചോ, കൊറോണില്ല, എസ്പൈനോ, ക്വബ്രാക്കോ, അൽഗറോബാ തുടങ്ങി കടുപ്പമേറിയ തടികൾ ലഭിക്കുന്ന വിവിധയിനം വൃക്ഷങ്ങളും വില്ലോ, അക്കേഷ്യ തുടങ്ങിയവയും കാണപ്പെടുന്നു. ഉറൂഗ്വേയുടെ തെക്കുകിഴക്കുഭാഗത്ത് മാൽഡൊണാൾഡൊ, ലാവലീജ, റോച്ച തുടങ്ങിയ ഒറ്റത്തടി വൃക്ഷങ്ങളാണുള്ളത്. പൈൻ, സൈപ്രസ്, ഓക്, സെഡാർ, മാഗ്നോലിയ, മൾബറി, യൂക്കാലിപ്‌റ്റസ് എന്നിവ്യുടെ വളർച്ചക്ക് പറ്റിയ സാഹചര്യങ്ങളുമുണ്ട്.[3]

ജന്തുക്കൾ

തിരുത്തുക

ലോബോസ് ദ്വീപിലും തിരപ്രദേശത്തുള്ള തുരുത്തുകളിലും നീർനായ് വർഗത്തിൽപ്പെട്ട വിവിധയിനം ജീവികളെ കണ്ടെത്താം. റിയാ എന്നയിനം ഒട്ടകപക്ഷി, മാൻ, കഴുനായ് (otter), കുറുനരി, കാട്ടുപൂച്ച, ഇത്തിൾപന്നി, കാർപിഞ്ചോ തുടങ്ങിയവയും ഉറുഗ്വേയിലെ ജന്തുക്കളിൽ ഉൾപ്പെടുന്നു. സമൃദ്ധമായ പക്ഷിശേഖരവും ഈ രാജ്യത്തുണ്ട്. പരുന്ത്, മൂങ്ങ, വാത്ത, കാട്ടുതാറാവ്, കൊക്ക്, കുളക്കോഴി, അരയന്നം, കാട്ടുകോഴി തുടങ്ങിയവയിലെ വിശേഷപ്പെട്ടയിനങ്ങളെ ധാരാളമായി കണ്ടുവരുന്നു. വിഷപാമ്പുകളും മറ്റിനം ഇഴജന്തുക്കളും ചിലന്തി തുടങ്ങിയ ക്ഷുദ്രജീവികളും കുറവല്ല. പത്തിയിൽ കുരിശടയാളമുള്ള ഒരിനം അണലി (Vibora de la cruz) യും തുടർച്ചയായി ചീറ്റുന്ന റാറ്റിൽ സ്നേക്കും വിഷപ്പമ്പുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.[4]

ധാതുക്കൾ

തിരുത്തുക

ധാതുസമ്പത്തിന്റെ കാര്യത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന രാജ്യമാണ് ഉറുഗ്വെ. അല്പമാത്രമായി സ്വർണ്ണവു മാംഗനീസും ഖനനം ചെയ്യപ്പെടുന്നു. കുറഞ്ഞയിനം ഇരുമ്പു നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഖനനവിധേയമായിട്ടില്ല. മാർബിൾ, ഗ്രാനൈറ്റ്, അഗേറ്റ്, ഓപ്പൽ തുടങ്ങിയവയും വാസ്തുശിലകളും ധാരാളമായി ലഭിച്ചുവരുന്നു. ഇവ കയറ്റുമതിയും ചെയ്തുവരുന്നു.[5]

 
ലെജിസ്ലേറ്റീവ് അസംബ്ലി മന്ദിരം മോണ്ടേവിഡായിയൊ

ജനങ്ങളിൽ പൂരിഭാഗവും വെള്ളക്കാരാണ്. സ്പെയിൻ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ കുടിയേറിയിട്ടുള്ളവരുടെ പിൻഗാമികളാണ് ഇവർ. തദ്ദേശീയർ ഒന്നോടെ വർഗനാശത്തിനു വിധേയമാവുകയോ ഒഴിഞ്ഞുപോവുകയോ ചെയ്ത സ്ഥിയാണുള്ളത്. നീഗ്രോകളും യൂറോപ്യൻ-നീഗ്രോ സങ്കരവർഗമായ് മുലാത്തോകളുമാണ് ന്യൂനപക്ഷങ്ങൾ.

ജനങ്ങളിൽ പൂരിപക്ഷവും കത്തോലിക്കാവിഭാഗത്തിൽപ്പെട്ട ക്രൈസ്തവരാണ്. സ്പാനിഷ് ആണ് ഇവരുടെ ഔദ്യോഗിക ഭാഷ. രാജ്യത്തിന്റെ വടക്കരികിൽ സംസാരഭാഷയിൽ പോർച്ചുഗീസ് കലർന്നു കാണുന്നു.

2011-ലെ ജനസംഖ്യാ കണക്കുപ്രകാരം ഉരുഗ്വേയിലെ ജനസംഖ്യ 3,300,000 ആണ്.[6] രാജ്യത്തെ ജനങ്ങളിൽ പകുതിയോളവും തലസ്ഥാനമായ മോണ്ടേവീഡിയോയിലാണ് താമസം. ലാറ്റിനമേരിക്കയിലെ മറ്റുരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇവിടത്തെ ജനനനിരക്ക് നന്നേതാണതാണ്. ജനസംഖ്യയിലെ വാർഷിക വർധനവിന്റെ 1963-ൽ 0.7% ആയിരുന്നു. 1972-ലെ കണക്കുകൾ സൂചിപ്പിക്കുന്നത് ജനപ്പെരുപ്പതിന്റെ തോത് 1.4% ആയിട്ടുണ്ടന്നാണ്. ലാറ്റിനമേരിക്കയിലെ ശരാശരി തോത് 2.8% ആണ്. ലറ്റിനമേരിക്കയിൽ വിവാഹമോചനത്തിന് നിയമസാധുത്വം നൽകിയിട്ടുള്ളത് ഉറുഗ്വേയിൽ മാത്രമാണ്. ഇക്കാരണത്താൽ മാത്രം സമീപസ്ഥ രാജ്യങ്ങളിൽനിന്ന് ആയിരക്കണക്കിന് ആളുകൾ ഉറുഗ്വേയിലേക്കു കുടിയേറിയിട്ടുണ്ട്.

1963-ൽ ജനങ്ങളിലെ 81 ശതമാനം പേരും നഗരവസികളായി തരംതിരിക്കപ്പെട്ടു. ലാപ്ലാറ്റ, ഉരൂഗ്വേ എന്നീനദീതീരങ്ങളിലാണ് ജനവാസകേന്ദ്രങ്ങൾ കൂടുതലായുള്ളത്. മോണ്ടിവിഡായോ കഴിഞ്ഞാൽ സാൾട്ടോ, പയസാണ്ടു, പുണ്ടാദെൽ എസ്റ്റേ, റിവേറ, ലസ് പീദ്രാസ്, മെർസിഡെസ്, മിനാസ് എന്നിവയാണ് പ്രധാന നഗരങ്ങൾ.

ചരിത്രം

തിരുത്തുക
 
പ്രസിഡന്റ് ഒറിബേ

ബ്രസീലിൽ നേരത്തേ കുടിയേറിയിരുന്ന പോർട്ട്ഗീസുകാർ 1680-ലാണ് ഉറുഗ്വേയിലേക്കു കടന്നത്. അർജന്റീനയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന സ്പെയിൻകാർ പിൽക്കാലത്ത് ഉറുഗ്വേയിൽ താത്പര്യം പ്രകടിപ്പിക്കുകയും പോർട്ടുഗീസുകാരെ പുറത്താക്കുകയും ചെയ്തു. ഉറുഗ്വേയിൽ ആധിപത്യം സ്ഥാപിക്കുവാൻ വേണ്ടി ഈ ശക്തികൾ നിരന്തരം പോരാടികൊണ്ടിരുന്നു.[7]

സ്വാതന്ത്ര്യസമരം

തിരുത്തുക

വിദേശാധിപത്യത്തിനെതിരായ പ്രതിഷേധം ലാറ്റിനമേരിക്കയിൽ ശക്തമായപ്പോൾ ഉറുഗ്വേയും അതിൽ പങ്കുചേർന്നു. ജോസെഗർവസിയൊ അർതിഗാസ് ആയിരുന്നു ആദ്യകാല നേതാവ്. 1820 ഇദ്ദേഹത്തിന് പരാഗ്വേയിൽ അഭയം തേടേണ്ടീവന്നു. 1825-ൽ ജുവാൻ അന്റോണിയോ ലാവൽജയും ഉറുഗ്വേ ചരിത്രത്തിൽ മുപ്പത്തിമൂന്നു അനശ്വരർ എന്നു പ്രകീർത്തിക്കപ്പെടുന്ന ഒരു സംഘവും ചേർന്ന് സ്വതന്ത്ര്യസമരം കൂടുതൽ ശക്തമാക്കി.[8] 1828-ലെ ഏറ്റുമുട്ടലിനു ശേഷമുണ്ടായ ഉടമ്പടിയിൽ ബ്രസീലും അർജന്റീനയും ചേർന്ന് ഉറുഗ്വേയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തി. 1828 ഓഗസ്റ്റ് 27-ന് റയോ ദെ ജനീറോയിൽ അവർ ഉറുഗ്വേയെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. സന്ധിവ്യവസ്ഥ അനുസരിച്ച് ഉറുഗ്വേയുടെ ഭരണഘടന ഈ രണ്ടു രാജ്യങ്ങളും അങ്ങീകരിക്കേണ്ടിയിരുന്നു. 1829 സെപ്റ്റംബർ 10-ന് ഉറുഗ്വേ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി പാസാക്കിയ ഭരണഘടന ഈ രണ്ടു രാജ്യങ്ങളും അംഗീകരിച്ചു. പുതിയ ഭരണഘടന 1830-ൽ നിലവിൽ വന്നു.[9]

1830-ലെ ഭരണഘടന ഒരു കേന്ദ്രീകൃത ഗവണ്മെന്റിനു വ്യവസ്ഥ ചെയ്തു. ഭരണനിർവഹനാധികാരം പ്രസിഡന്റ്, മന്ത്രിസഭ, ഒരു സ്ഥിരംസമിതിയായ കോൺഗ്രസ് എന്നീ ഏജൻസികളിലായി നിക്ഷിപ്തമായിരുന്നു. സെനറ്റ്, ജനപ്രതിനിധിസഭ എന്ന രണ്ടു മണ്ഡലങ്ങൾ കോൺഗ്രസ്സിനുണ്ടായിരുന്നു. നാലുവർഷമായിരുന്നു പ്രസിഡന്റിന്റെ കാലാവധി. പ്രസിഡന്റിനെ കോൺഗ്രസ് തെരഞ്ഞെടുത്തിരുന്നു. വിപുലമായ അധികാരങ്ങൾ പ്രസിഡന്റിൽ കേന്ദ്രീകരിക്കപ്പെട്ടു.

1830 നവംബറിൽ ജനറൽ റിവേരയെ പ്രസിഡന്റായി കൊൺഗ്രസ് തെരഞ്ഞെടുത്തു. തുടർന്ന് ലാവൽജ റിവേരയ്ക്കെതിരായി തിരിയുകയും കലാപത്തിനു ശ്രമിക്കുകയും ചെയ്തു. പക്ഷേ ലാവൽജയ്ക്കു ബ്രസീലിലേക്കു പലായനം ചെയ്യേണ്ടിവന്നു.

റിവേരയ്ക്കു ശേഷം പ്രസിഡന്റായ ഒറിബേ ലാവെൽജയെയും അനുയായികളെയും ഉറുഗ്വേയിലേക്കു തിരിച്ചു വരുവാൻ അനുവദിച്ചു. ഇത് റിവേരയും ഒറിബെയും തമ്മിൽ സ്വരചേർച്ചയില്ലാതാവാൻ കാരണമായി.1936 സെപ്റ്റംബർ 19-ന് കാർപിന്തേയാ യുദ്ധത്തിൽ ഓറിബെയുടെയും റിവേരയുടെയും പടയാളികൾ യഥാക്രമം വെള്ളയും ചുവപ്പും കൊടിക്കൂറകൾ വഹിച്ചിരുന്നു. പിൽക്കാലത്ത് ബ്ലാങ്കോകൾ (യാഥാസ്ഥികർ) എന്നും കൊളറാഡോകൾ (പുരോഗമന വാദികൾ) എന്നും ഉറുഗ്വേജനതയെ കഷിരാഷ്ട്രീയാടിസ്ഥാനത്തിൽ തിരിയുവൻ ഇടയാക്കിയത് കാർപിന്തേറിയയുദ്ധവും അതിൽ ഉപയോഗിച്ചിരുന്ന കൊടിക്കൂറകളുമാണ്.[10]

സാഹിത്യവും കലയും

തിരുത്തുക
 
മോണ്ടേവീഡിയോയിലെ തുറമുഖം

ഇന്ത്യന്മാരും സ്പെയിൻകാരും തമ്മിലുള്ള ബന്ധങ്ങൾ, ഗൗചൊ എന്ന ജനവിഭാഗത്തിന്റെ സാഹസികജീവിതം, സമൂഹത്തിലെ സമ്പന്നരുടെ ദൂഷ്യങ്ങൾ എന്നിവ ഉറുഗ്വേയിലെ കവികളും എഴുത്തുകാരും സാഹിത്യ രചനകൾക്ക് വിഷയമാക്കി. അസിവാ ദൊ ഡയസ് ഇസ്മേൽ കൃതിയിലൂടെ ഉറുഗ്വേസമൂഹത്തിൽ മിശ്രവർഗത്തിനുള്ള പങ്ക് ചൂണ്ടികാണിക്കുന്നു. ഒരു മിശ്രവശജനും ഒരു സ്പെയിൻകാരിയും തമ്മിലുള്ള പ്രണയമാണ് സൊറില്ലോ ഡി സാമൻ മാർട്ടിന്റെ തബരെയിലെ ഇതിവൃത്തം. സ്വാതന്ത്ര്യസമര നേതാവായ അർതിഗാസിന്റെ ജീവിതത്തെ ആസ്പദമാക്കി ഗദ്യത്തിലുള്ള ഒരു കൃതിയും ഇദ്ദേഹത്തിന്റേതായി ഉണ്ട്. കൊളോണിയൽ ഭരണകാലത്തെ ചിത്രീകരിക്കുന്ന മഗാറിനോസ് സെർവാൻഡിസിന്റെ സെലിയാർ മറ്റൊരു പ്രധാനകൃതിയാണ്. ചരിത്രകൃതികളിൽ ഫ്രാൻസിസ്കോ ബൗസായുടെ ഹിറ്റോറിയ ഡിലാഡൊമിനേ ഷ്യാ എസ്പാഞ്ജൊലാ എൻ എൽ ഉറുഗ്വേയും അർതിഗാസിനെ സംബന്ധിച്ച ചരിത്രരേഖകൾക്കു ലൂയി അസിവദൊ എഴിതിയ വ്യാഖ്യാനവും പ്രത്യേക പരാമർശമർഹിക്കുന്നു. നിരൂപകരിൽ എരിൽ എന്ന കൃതിയുടെ കർത്താവായ ജോസെ എൻ റിക്ക് റോഡോ ആണ് ഏറ്റവും ശ്രദ്ധേയൻ.[11]

ഉറുഗ്വേയിലെ കലാകാർന്മാരിൽ ജൂവാൻ ബ്ലെൻസ് ഒന്നാം സ്ഥാനത്തു നിൽക്കുന്നു. ബ്യൂനസ് അയർസിലെ മഞ്ഞപ്പനി ബാധയുടെയും ഉറുഗ്വേയിലെ വീരപുരുഷന്മാരുടെയും ചിത്രീകരണം ബ്ലെൻസിന്റെ മികച്ച സംഭാവനകളാണ്. അദ്ദേഹത്തിന്റെ പുത്രനായ നിക്കാനൊറും ശ്രദ്ധേയനായ ഒരു കലാകാരനായിരുന്നു. ഉറുഗ്വേയിലെ കലാകാരന്മാരുടെ ചിത്രങ്ങളും കൊത്തുപണികളും തലസ്ഥാനമായ മോണ്ടിവിഡായോയിലെ സുകുമാര കലകൾക്കായുള്ള ദേശീയമ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.[12]

പുരോഗതി

തിരുത്തുക

ഏറ്റവും കൂടുതൽ സാക്ഷരതാ ശതമാനമുള്ള ലാറ്റിനമേരിക്കൻ രാജ്യമാണ് ഉറുഗ്വേ. ഇവിടെ സ്ത്രീകൾക്ക് ഓട്ടവകാശം നൽകിയിട്ടുണ്ട്. വിവാഹമോചന നിയമം 1885-ൽ തന്നെ നിലവിൽ വന്ന രാജ്യമാണ് ഉറുഗ്വേ. ദിവസം എട്ടു മണിക്കൂർ ജോലി എന്ന നിയമം 1915 മുതൽ ഇവിടെ നിലവിൽ വന്നു. ഇവിടത്തെ സാമ്പത്തിക - സാമൂഹിക മേഖലകളിൽ സാമൂഹികവത്കരണത്തിന് തുടക്കംകുറിച്ചത് 1903-ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസെ ബാത്ത്‌ലെയ് ഓർഡോജ്ഞെസിന്റെ കാലം മുതലാണ്.

രാഷ്ട്രീയവ്യതിയാനങ്ങൾ

തിരുത്തുക

1856 മുതൽ 1958 വരെ കൊളറാഡൊ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങളാണ് ഉറുഗ്വേയിൽ ഉണ്ടായിരുന്നത്. 1958 മുതൽ 1966 വരെ ബ്ലാങ്കോകൾ അധികാരം കൈയടക്കി. എന്നാൽ 1966-ലെ തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടു.

1952-ൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ പദവികൾ നിറുത്തലാക്കി; പകരം 4 വർഷത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ഒരു ഒൻപതംഗ ദേശിയസമിതി ഭരണകാര്യങ്ങൾ നിർവഹിച്ചുപോന്നു. ഇതിൽ 6 പേർ ഭൂരിപക്ഷ പാർട്ടികളെയും 3 പേർ ന്യൂനപക്ഷപാർട്ടികളെയും പ്രധിനിധീകരിച്ചു. 9 പേർക്കും തുല്യ അവകാശം വ്യവസ്ഥ ചെയ്തു. എന്നാൽ ഭൂരിപക്ഷ പാർട്ടികളിൽ ഏറ്റവും വലിയവയുടെ 4 പ്രതിനിധികൾ 1966 വരെ ഒരു വർഷം ഒരാൾ വീതം പ്രസിഡന്റ്പദം വഹിച്ചുപോന്നു 1966-ൽ ഈ സമ്പ്രദായം അവസാനിപ്പിക്കുകയും അഞ്ചു വർഷക്കാലത്തേക്കായി ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയും ചെയ്തു. പുതിയ പ്രസിഡന്റായി ജനറൽ ജസ്റ്റിദോ 1967-ൽ സ്ഥാനമേറ്റു. ഭരണകാര്യങ്ങളിൽ അദ്ദേഹത്തെ സഹായിക്കാൻ 11 പേരടങ്ങുന്ന ഒരു മന്ത്രിസഭയും രൂപീകരിച്ചു. 30 അംഗങ്ങളുള്ള ഒരു സെനറ്റും 99 അംഗങ്ങളുള്ള ഒരു ചേംബർ ഒഫ് ഡെപ്യൂട്ടീസും പുതിയ സംവിധാനത്തിൻ കീഴിൽ നിലവിൽ വന്നു.

അന്തർദേശീയരംഗത്ത്

തിരുത്തുക

പ്രാരംഭകാലം മുതൽ ജനാധിപത്യ പ്രവണതകൾ ഉൾക്കൊണ്ടിരുന്ന ഉറുഗ്വേ, സമാധാന സന്ധികളിലെല്ലാംതന്നെ കൂട്ടുസുരക്ഷിതത്വത്തിന്റെ ഒരു വക്താവായിരുന്നു. അന്തർദേശീയ വേദികളിലെല്ലാം ഈ നയമാണ് ഉറുഗ്വേ സ്വീകരിച്ചിരുന്നത് രണ്ടാം ലോകയുദ്ധകാലത്ത് ജർമനിക്കും ജപ്പാനുമെതിരായി ഉറുഗ്വേ യുദ്ധം പ്രഖ്യാപിക്കുകയുണ്ടായി അമേരിക്കൻ സംസ്ഥാനങ്ങളുടെ സംഘടന അതിന്റെ സെക്രട്ടറിജനറലായി ജൊസേ മോറ എന്ന ഉറുഗ്വേക്കാരനെ തെരഞ്ഞെടുക്കുകയുണ്ടായി. ലാറ്റിനമേരിക്കൻ സ്വതന്ത്രവ്യാപാര സംഘത്തിന്റെ ആസ്ഥാനം മോണ്ടിവിഡായോ ആണ്.

സൈനികസ്വാധീനത

തിരുത്തുക
 
ഉറുഗ്വേയുടെ തലസ്ഥാന നഗരമായ മോണ്ടേവീഡിയോ

പ്രസിഡന്റ് പദവി ഏറ്റെടുത്ത് അധികനാൾ കഴിയുന്നതിനു മുമ്പ് ജസ്റ്റിദൊ നിര്യാതനായി. തുടർന്ന് ജോർജ് അരെകൊ പ്രസിഡന്റായി. തൊഴിൽകുഴപ്പങ്ങൾ, ഭാരിച്ചജീവിതചെലവ്, തുപമാരൊ ഗറില്ലാപ്രസ്ഥനം എന്നിവ ഇക്കാലത്ത് രൂക്ഷമായി. 1971 നവംബറിലെ തെരഞ്ഞെടുപ്പിൽ ജൂവന്മരിയാ ബൊർദാബെറി അരൊസെന വിജയിയായി.[13] 1972 മാർച്ചിൽ അദ്ദേഹം പ്രസിഡന്റുപദവി ഏറ്റെടുത്തു. തുപമാരൊ ഗറില്ലാപ്രസ്ഥാനത്തെ നേരിടാനായി 1972 ഏപ്രിലിൽ ഒരു ആഭ്യന്തര യുദ്ധാവസ്ഥ (state of internal war) പ്രഖ്യാപിച്ചു.[14] ഗറില്ലകൾക്കെതിരായ നീക്കത്തിന്റെ സമ്പൂർണ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സിവിലിയൻ കാര്യങ്ങളിൽ സ്വതന്ത്രമായും സ്വേച്ഛാപരമായുമുള്ള സൈനികനടപടി, ക്രമേണ പ്രസിഡന്റും സായുധസേനാമേധാവികളും തമ്മിൽ അകലുവാൻ ഇടയാക്കി. എന്നൽ സൈന്യം മുന്നോട്ടുവച്ച 19 ലക്ഷ്യങ്ങൾ പ്രസിഡന്റ് അംഗീകരിക്കുകയും അങ്ങനെ അവർ രഞ്ജിപ്പിലെത്തുകയും ചെയ്തു. അഴിമതിക്കെതിരായി നടപടിസ്വീകരിക്കുക, കാർഷികപരിഷ്കാരങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സൈന്യം മുന്നോട്ടു വച്ചിരുന്നത്. എന്നാൽ ഇതിന്റെ പേരിൽ കോൺഗ്രസ്സും പ്രസിഡന്റും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും 1973 ജൂണിൽ പ്രസിഡന്റ് കോൺഗ്രസ്സ് പിരിച്ചുവിടുകയും ചെയ്തു. അക്കൊല്ലം ഡിസംബറിൽ ഭരണഘടനാ പരിഷ്കാരത്തിനുള്ള രൂപരേഖ തയ്യാറാക്കുവാനായി 25 പേരടങ്ങിയ ഒരു നിയമസഭ അദ്ദേഹം രൂപവത്കരിച്ചു. ഈ വർഷം ട്രേഡ്‌യൂണിയൻ സമരങ്ങൾ, സായുധസേനയുടെ ശക്തിവർധനക്കെതിരായ പ്രതിപക്ഷപ്രചരണം, പുനരാരംഭിച്ച തുപമാരൊ ഗറില്ലാപ്രവർത്തനം എന്നിവയാൽ പ്രത്യേകം ശ്രദ്ധേയമായിരുന്നു. 1974 സെപ്റ്റംബറിൽ സൈനികോദ്യോഗസ്ഥന്മാരെ സ്റ്റേറ്റുവക വ്യവസായ സംരംഭങ്ങളുടെ നിയന്ത്രണം ഏൽപ്പിച്ചു. 1975-1976 കാലങ്ങളിലും ഇടതുപക്ഷ ചിന്താഗതിക്കാർക്കെതിരായ നടപടികൾ അഭംഗുരം തുടർന്നു.

മാർക്സിസത്തെ നേരിടുവാനെന്ന പേരിൽ തിരഞ്ഞെടുപ്പിനേയും പാർട്ടിഭരണസമ്പ്രദായത്തെയും പ്രസിഡന്റ് എതിർത്തപ്പോൾ സൈന്യം അതിനോട് വിയോജിക്കുകയും തുടർന്ന് 1976 മേയിൽ ഒരു സംഘർഷാവസ്ഥ സംജാതമാകുകയും ചെയ്തു. ജൂൺ മാസത്തിൽ സൈന്യം അരൊസെനയ്ക്കുള്ള പിന്തുണ പിൻവലിക്കുകയും വൈസ് പ്രസിഡന്റായ ഡോ. അൽബർതൊ ഷെമിഷെലി ലിസാസൊയെ പ്രസിഡന്റായി അവരോധിക്കുകയും ചെയ്തു. ജൂലൈയിൽ രൂപീകരിച്ച കൗൺസിൽ ഒഫ് നേഷൻ ഡോ. അപരിഷ്യൊ മെൻഡെസിനെ അഞ്ചു വർഷത്തേക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും സെപ്റ്റംബറിൽ അദ്ദേഹം അധികാരമേൽക്കുകയും ചെയ്തു.

സൈനിക നേതാക്കൾ 1976-ൽ പുതിയ ഒരു ഭരണഘടന വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആ വഗ്ദാനം നടപ്പാക്കിയില്ല. ഇപ്രകാരം രണ്ടു മണ്ഡലങ്ങളുള്ള (ഒന്നു തിരഞ്ഞെടുക്കപ്പെടുന്നതും മറ്റേതു നാമനിർദ്ദേശം ചെയ്യപ്പെടുന്നതും) നിയമസഭ 1984-ൽ നിലവിൽ വരുമെന്നും സൈനിക നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. 1991 ആകുമ്പോഴേക്കും സമ്പൂർണ ജനാധിപത്യ വ്യവസ്ഥിതി നടപ്പാക്കുകയാണത്രേ അവരുടെ ലക്ഷ്യം.

1966 മുതൽ 1973 വരെ പൊതുരംഗത്തു പ്രവർത്തിച്ചുവന്നിരുന്ന എല്ലാ നേതക്കന്മാരുടേയും രാഷ്ട്രീയാവകാശങ്ങൾ എടുത്തുകളഞ്ഞിരുന്നു. അപടകരമായ രാഷ്ട്രീയ വിശ്വാസങ്ങൾ വച്ചുപുലർത്തുന്നവരെ തടവ് ശിക്ഷ നൽകുവാനോ 10 വർഷത്തേക്കു നാടുകടത്തുവാനോ ഉള്ള നിയമം 1976 ഒക്ടോബറിൽ പുറപ്പെടുവിച്ചു. ആമ്നസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ടിൻപ്രകാരം 1976-ൽ 6000-ൽ പരം രാഷ്ടീയ തടവുകാർ ഉറുഗ്വേയിൽ ഉണ്ടായിരുന്നു.

സമ്പദ്‌വ്യവസ്ഥ

തിരുത്തുക

കൃഷിയും കാലിവളർത്തലും

തിരുത്തുക

കന്നുകലി വളർത്തലിന് അമിത പ്രാധാന്യം നൽകിയിരുന്നു. കാലിതീറ്റയ്ക്കനുയോജ്യമായ പുൽവർഗ്ഗങ്ങൾ നട്ടുവളത്തുന്നതിനു വേണ്ടി കൃഷിനിലങ്ങളിലെ ഏറിയഭാഗവും ഉപയോഗിച്ചു പോന്നു. ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം വളരെ കുറവായിരുന്നു. ഭക്ഷ്യധാന്യങ്ങളുടെ സ്വയം പര്യാപ്തി ലക്ഷ്യമിട്ട് ഇപ്പോൾ ഗോതമ്പു കൃഷി അഭിവൃത്തിപ്പെടുത്തിവരുന്നു. ചോളം, ഓട്സ്, ബാർലി, നെല്ല് എന്നിവയും കൃഷിചെയ്യപ്പെടുന്നുണ്ട്. ഓറഞ്ച്, ചെറുനാരകം, പീച്ച്, മുന്തിരി, ആപ്പിൾ, പിയർ തുടങ്ങിയ പഴവർഗ്ഗങ്ങളും സൂര്യകാന്തി ചെറുചണം എന്നിവയുമാണ് മറ്റുവിളകൾ. മുഖ്യ ഉപജീവനമർഗം കന്നുകാലിവളർത്തൽ തന്നെയാണ്. കാർഷിക-ഗവ്യോത്പന്നങ്ങളുടെ 26 ശതമാനം കയറ്റുമതി ചെയ്യപ്പെടുന്നു.[15][16]

വ്യവസായം

തിരുത്തുക
 
സ്റ്റേഡിയം

വ്യവസായങ്ങൾ പുർണമായും പൊതുമേഖലയിലാണ്. വൈദ്യുതി ഉത്പാദനവും ഇറക്കുമതി ചെയ്യുന്ന പെട്രോളിയത്തിന്റെ വിതരണവുമ ഗവണ്മെന്റു നിയന്ത്രണത്തിലാണ്. അനുയോജ്യമല്ലാത്ത ഭൂപ്രകൃതികാരണം ജലവൈദ്യുതിയുടെ ഉത്പാദനം വൻതൊതിൽ നടക്കുന്നില്ല. റയോ നീഗ്രോ നദിയിൽ രണ്ടു വൈദ്യുതകേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നു. മറ്റു വൈദ്യുതനിലയങ്ങൾ ഇറക്കുമതിചെയ്യുന്ന കൽക്കരിയോ എണ്ണയോ ഉപയോഗിച്ചു പ്രവർത്തിക്കുന്നവയാണ്. പൊതുമേഖലാ വ്യവസായങ്ങളിൽ സിമന്റ്, ആൽക്കഹോൾ എന്നിവയുടെ നിർമ്മാണത്തിനാണ് മുൻതൂക്കമുള്ളത്. മത്സ്യ - മാംസ സംസ്ക്കരണമാണ് മറ്റൊരു വൻകിടവ്യവസായം. മോണ്ടീവിഡായോ കേന്ദ്രമാക്കി തുണിത്തരങ്ങൾ, റബ്ബർസാധനങ്ങൾ, തുകൽവസ്തുക്കൾ, ഗാർഹികോപകരണങ്ങൾ എന്നിവയുടെ നിർമ്മാണം അഭിവൃത്തിപ്പെട്ടുവരുന്നു. പൊതുവെ പുരോഗതി ആർജിച്ചിട്ടുള്ള ചെറുകിട വ്യവസായങ്ങൾ രോമക്കടച്ചിലും ഭക്ഷ്യസംസ്കരണവുമാണ്. ബാങ്കിംഗ് സ്ഥാപനങ്ങൾ, ഇൻഷുറൻസ്, റയിൽവെ എന്നിവയുടെ നിയന്ത്രണവും ഗണ്മെന്റിനാണ്. കേന്ദ്രബാങ്കായ ബാങ്കോ സെൻട്രൽ, അതിന്റെ സബ്സിഡിയറി ബാങ്കായ ബാങ്കോ ദെലാ റിപ്പബ്ലിക്ക എന്നിവ ചേർന്നാണ് ധനവിനിയോഗത്തിലെ ഏറിയ പങ്കും കൈകാര്യം ചെയ്യുന്നത്. പ്രധാന നാണയം ഉറുഗ്വെയുടെ പിസോ ആണ്.[17]

വാണിജ്യം

തിരുത്തുക

ഇനിപ്പറയുന്നവയാണ് പ്രധാനകയറ്റുമതി സാധനങ്ങൾ.[18] ഗവ്യോത്പന്നങ്ങൾ, തുകൽവസ്തുക്കൾ, രോമം, മാംസം എന്നിവ. ഇവ ഇറ്റലി, പശ്ചിമ ജർമനി, സ്പെയിൻ, യു.കെ., നെതർലാൻഡ്സ്, യു.എസ്. എന്നീ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു. വ്യവസായികാവശ്യങ്ങൾക്കുള്ള അസംസ്കൃതവസ്തുക്കൾ, വാഹനങ്ങൾ, യന്ത്രങ്ങൾ, ഊർജദ്രവ്യങ്ങൾ എന്നിവ ഇറക്കുമതി കെയ്യുന്നതിന് യു.എസ്., ബ്രസീൽ, പശ്ചിമ ജർമനി, അർജന്റീന, യൂ.കെ. എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നു. ഇറക്കുമതികളിൽ കാര്യമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടിങ്കിലും വ്യാപാരമിച്ചം കമ്മിയാണ്.[19]

മോണ്ടിവിഡായോയിൽ നിന്ന് എല്ലാസ്ഥലങ്ങളിലേക്കും പോകുന്ന 3,200 കിലോമീറ്റർ നീളം വരുന്ന റെയിൽവേയും 12,800 കിലോമീറ്റർ താർറോഡുകളുമാണ് പ്രധാന ഗതാഗത മാർഗങ്ങൾ. രാജ്യത്തെ ജലമാർഗങ്ങളിൽ 1,240 കിലോമീറ്റർ ചെറുകിട കപ്പലുകൾക്ക് ഗതാഗതക്ഷമമായുണ്ട്. മോണ്ടിവിഡായോയ്ക്ക് 21 കിലോമീറ്റർ ദൂരെയുള്ള ബാൽനീരിയോ കരാസോ ആണ് പ്രധാന വിമാനത്താവളം. ഇവിടെനിന്നും സമീപരാജ്യങ്ങളിലേക്ക് വിമാനസർവീസുകൾ ഉണ്ട്.[20]

  1. http://countrystudies.us/uruguay/26.htm Geography
  2. http://wiki.answers.com/Q/An_important_river_or_lake_in_Uruguayimportant Archived 2013-06-10 at the Wayback Machine. river or lake in Uruguay?
  3. http://kids.britannica.com/comptons/article-275712/Uruguay Plants and Animals
  4. http://www.destination360.com/south-america/uruguay/wildlife Archived 2013-02-06 at the Wayback Machine. Uruguay Wildlife
  5. http://embassyofuruguay.ca/u-text.htm THE MINING SECTOR
  6. https://web.archive.org/web/20101206191224/http://www.fco.gov.uk/en/travel-and-living-abroad/travel-advice-by-country/country-profile/south-america/uruguay URUGUAY TODAY
  7. http://www.historyworld.net/wrldhis/plaintexthistories.asp?historyid=ab40 HISTORY OF URUGUAY
  8. http://motherearthtravel.com/uruguay/history-4.htm THE STRUGGLE FOR INDEPENDENCE, 1811-30
  9. http://www.wipo.int/wipolex/en/details.jsp?id=7541 The Uruguayan Constitution
  10. http://www.mongabay.com/reference/country_studies/uruguay/HISTORY.html Uruguay - History
  11. http://www.countriesquest.com/south_america/uruguay/population/culture_and_art/literature.htm Archived 2013-06-17 at the Wayback Machine. Culture and Art, Literature
  12. http://www.escapeartist.com/uruguay/art.htm Archived 2012-07-06 at the Wayback Machine. Art, Music & Culture in Uruguay
  13. http://www.gwu.edu/~nsarchiv/NSAEBB/NSAEBB71/ NIXON: "BRAZIL HELPED RIG THE URUGUAYAN ELECTIONS," 1971
  14. http://www.countriesquest.com/south_america/uruguay/history/political_deterioration.htm Archived 2013-06-17 at the Wayback Machine. History, Political Deterioration
  15. http://www.britannica.com/EBchecked/topic/620116/Uruguay/225498/Settlement-patterns#toc32686 Settlement patterns
  16. http://www.internet.com.uy/farmurug/ Archived 2013-03-07 at the Wayback Machine. FARMING-URUGUAY
  17. http://www.nationsencyclopedia.com/economies/Americas/Uruguay-INDUSTRY.html Uruguay - Industry
  18. http://www.tradingeconomics.com/uruguay/exports Uruguay Exports
  19. http://www.tradecommissioner.gc.ca/eng/document.jsp?did=90987&cid=728&oid=346 Archived 2013-06-03 at the Wayback Machine. Import Regulations - Uruguay
  20. http://www.nhtransport.sg/ Archived 2015-10-17 at the Wayback Machine. NH Transport


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

"https://ml.wikipedia.org/w/index.php?title=ഉറുഗ്വേ&oldid=4104089" എന്ന താളിൽനിന്ന് ശേഖരിച്ചത്