ഫ്രാൻസിന്റെ ഓവർസീസ് ഡിപ്പാട്ട്‌മെന്റുകളിൽ ഒന്നാണ് ഫ്രഞ്ച് ഗയാന. തെക്കേ അമേരിക്കയുടെ വടക്കൻ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കയെനി ആണ് ഇതിൻറെ തലസ്ഥാനം. യൂറോയാണ് ഔദ്യോഗിക നാണയം. ഫ്രാൻസിന്റെ 26 റീജിയനുകളിൽ ഒന്നാണിത്. മറ്റ് ഓവർസീസ് ഡിപ്പാർട്മെന്റുകളെപ്പോലെ ഓവർസീസ് റീജിയൺ പദവിയാണ് ഫ്രഞ്ച് ഗയാനക്കും ഉള്ളത്. ഭരണസൗകര്യാർത്ഥം ഫ്രഞ്ച് ഗയാനയെ 3 ഡിപ്പാർട്ട്‌മെന്റൽ അരൊൺഡിസ്മെന്റുകളായും അവയെ 19 കമ്യൂണുകളായും 22 കാന്റണുകളായും വിഭാഗിച്ചിരിക്കുന്നു. കിഴക്കും തെക്കും ബ്രസീലുമായും പടിഞ്ഞാറ് സുരിനാമുമായും ഇത് അതിർത്തി പങ്കിടുന്നു.

ഫ്രഞ്ച് ഗയാന

Guyane  (French)
Territorial Collectivity of French Guiana
Collectivité territoriale de Guyane  (French)
ഔദ്യോഗിക ചിഹ്നം ഫ്രഞ്ച് ഗയാന
Coat of arms
Motto(s): 
Fert Aurum Industria
ദേശീയഗാനം: La Marseillaise
("The Marseillaise")
Coordinates: 4°N 53°W / 4°N 53°W / 4; -53
Country France
PrefectureCayenne
Departments1 (every overseas region consists of a department in itself)
ഭരണസമ്പ്രദായം
 • PrefectThierry Queffelec[1]
 • President of the AssemblyGabriel Serville (Guyane Kontré pour avancer)
 • LegislatureAssembly of French Guiana
വിസ്തീർണ്ണം
 • ആകെ83,846 ച.കി.മീ.(32,373 ച മൈ)
 • ഭൂമി83,534 ച.കി.മീ.(32,253 ച മൈ)
•റാങ്ക്2nd region and 1st department
ജനസംഖ്യ
 (January 2022)[4]
 • ആകെ2,94,436
 • ജനസാന്ദ്രത3.5/ച.കി.മീ.(9.1/ച മൈ)
Demonym(s)French Guianan
French Guianese
സമയമേഖലUTC-3:00 (BRT)
ISO കോഡ്
GDP (2019)[5]Ranked 17th
Total€4.41 billion (US$4.93 billion)
Per capita€15,521 (US$17,375)
NUTS RegionFRA
വെബ്സൈറ്റ്Territorial Collectivity
Prefecture

83,534 ചതുരശ്ര കിലോമീറ്റർ (32,253 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഫ്രഞ്ച് ഗയാന ഫ്രാൻസിലെ രണ്ടാമത്തെ വലിയ ഭൂപ്രദേശവും (മെട്രോപൊളിറ്റൻ ഫ്രാൻസിന്റെ ഏഴിലൊന്ന് വലിപ്പം) കൂടാതെ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ പുറം പ്രദേശവുംകൂടിയാണ്. ജനസാന്ദ്രത വളരെ കുറവായ ഇവിടെ ഒരു ചതുരശ്ര കിലോമീറ്ററിൽ 3.5 നിവാസികൾ മാത്രമാണുള്ളത് (9.1/ചതുരശ്ര മൈൽ). 2022-ലെ കണക്കുകൾ പ്രകാരം അതിന്റെ 294,436 നിവാസികളിൽ പകുതിയും തലസ്ഥാന നഗരമായ കയെനിലെ മെട്രോപൊളിറ്റൻ പ്രദേശത്താണ് താമസിച്ചിരുന്നത്. ഫ്രഞ്ച് ഗയാനയുടെ ഭൂപ്രദേശത്തിന്റെ 98.9 ശതമാനം ഭാഗം വനനിരകളാൽ മൂടപ്പെട്ടിരിക്കുന്നതും[6] അതിൽ ഭൂരിഭാഗവും പ്രാക്തന മഴക്കാടുകളുമാണ്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ ഗയാന ആമസോണിയൻ പാർക്ക്[7] ഫ്രഞ്ച് ഗയാനയുടെ 41 ശതമാനം ഭൂപ്രദേശത്തെ ഉൾക്കൊള്ളുന്നു.

2015 ഡിസംബർ മുതൽ, ഫ്രഞ്ച് ഗയാന ടെറിട്ടോറിയൽ കളക്‌റ്റിവിറ്റി (French: collectivité territoriale de Guyane) എന്ന പേരിലുള്ള ഒരു പുതിയ പ്രദേശിക കൂട്ടായ്മയുടെ ചട്ടക്കൂടിനുള്ളിൽ ഈ പ്രദേശവും വകുപ്പും ഭരിക്കുന്നത് ഒരൊറ്റ അസംബ്ലിയാണ്. ഫ്രഞ്ച് ഗയാന അസംബ്ലി (French: assemblée de Guyane), എന്നറിയപ്പെടുന്ന ഈ അസംബ്ലി,  പിരിച്ചുവിടപ്പെട്ട മുൻ റീജിയണൽ കൗൺസിൽ, ഡിപ്പാർട്ട്‌മെന്റൽ കൗൺസിൽ എന്നിവയ്ക്ക് പകരമായി. പ്രാദേശിക, വകുപ്പുതല സർക്കാരിന്റെ ചുമതലകൂടി ഫ്രഞ്ച് ഗയാന അസംബ്ലി വഹിക്കുന്നു. അതിന്റെ പ്രസിഡന്റ് ഗബ്രിയേൽ സെർവിൽ ആണ്.

1946 മുതൽ ഫ്രഞ്ച് റിപ്പബ്ലിക്കിൽ പൂർണ്ണമായും സംയോജിപ്പിക്കപ്പെട്ട ഫ്രഞ്ച് ഗയാന യൂറോപ്യൻ യൂണിയന്റെ ഭാഗവും, ഔദ്യോഗിക കറൻസി യൂറോയുമാണ്. ഫ്രഞ്ച് ഗയാനയുടെ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം ഇപ്പോൾ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മധ്യരേഖയ്ക്ക് സമീപമുള്ള പ്രാഥമിക വിക്ഷേപണ കേന്ദ്രമായ ഗയാന ബഹിരാകാശ കേന്ദ്രത്തിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ട ജോലികളെയും വ്യവസായങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഫ്രാൻസിലെ മറ്റെവിടെയും പോലെ, ഔദ്യോഗിക ഭാഷ ഫ്രഞ്ച് ആണെങ്കിലും, ഓരോ വംശീയ സമൂഹത്തിനും അവരുടേതായ ഭാഷയുണ്ട്. അതിൽ ഫ്രഞ്ച് അധിഷ്ഠിത ക്രിയോൾ ഭാഷയായ ഫ്രഞ്ച് ഗയാനീസ് ക്രിയോൾ ആണ് ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്നത്. ഒരു യൂറോപ്യൻ രാജ്യത്തിൻറെ പരമാധികാരത്തിന് കീഴിലുള്ള വടക്കേ അമേരിക്ക അല്ലെങ്കിൽ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരേയൊരു പ്രദേശമാണ് ഫ്രഞ്ച് ഗയാന.

ഫ്രഞ്ച് ഗയാനയും ബ്രസീലും തമ്മിലുള്ള അതിർത്തി ഫ്രാൻസ് മറ്റൊരു രാജ്യവുമായി പങ്കിടുന്ന ഏറ്റവും ദൈർഘ്യമേറിയ കര അതിർത്തിയാണ്, അതുപോലെ തന്നെ യൂറോപ്യൻ ഇതര രാജ്യങ്ങളുമായി ഫ്രാൻസ് പങ്കിടുന്ന രണ്ട് അതിർത്തികളിൽ ഒന്ന് ഇതും, മറ്റൊന്ന് പടിഞ്ഞാറ് സുരിനാമിന്റെ അതിർത്തിയുമാണ്.

ചരിത്രം

തിരുത്തുക

ഫ്രഞ്ച് ഗയാനയിൽ ആദ്യം വസിച്ചിരുന്നത് കലിന, അരവാക്ക്, ഗലിബി, പലികർ, ടെക്കോ, വയാമ്പി, വയാന എന്നീ തദ്ദേശീയ ജനങ്ങളായിരുന്നു. 16-ാം നൂറ്റാണ്ടിൽ ഗ്വാഡലൂപ്പ്, സെന്റ്-ഡൊമിംഗ്യു തുടങ്ങിയ ചില കരീബിയൻ ദ്വീപുകളുടെ വാസസ്ഥലവുമായി ബന്ധപ്പെട്ട്  ഫ്രഞ്ചുകാർ അവിടെ ഒരു കോളനി സ്ഥാപിക്കാൻ  ശ്രമിച്ചു.

യൂറോപ്യൻ കോളനിവൽക്കരണത്തിന് മുമ്പ്, അരാവാക്ക് ഭാഷാ കുടുംബത്തിൽപ്പെട്ട, അരവാക്ക് ഭാഷ സംസാരിക്കുന്ന തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാരായിരുന്നു ഈ പ്രദേശത്ത് യഥാർത്ഥത്തിൽ അധിവസിച്ചിരുന്നത്. ലോക്കോനോ എന്നാണ്  ഈ ആളുകൾ തിരിച്ചറിയപ്പെട്ടത്. ആദ്യത്തെ ഫ്രഞ്ച് കുടിയേറ്റം 1503-ൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുവരികിലും കോളനിക്കാർ 1643-ൽ കയെൻ സ്ഥാപിക്കുന്നതുവരെ ഫ്രാൻസിന് ഇവിടെ ഒരു സ്ഥിര സാന്നിധ്യമില്ലായിരുന്നു. ഒരു അടിമ സമൂഹമായി വികസിച്ച ഗയാനയിൽ തോട്ടമുടമകൾ ആഫ്രിക്കക്കാരെ കരിമ്പ് മുതലായ വലിയ തോട്ടങ്ങളിൽ അടിമത്തൊഴിലാളികളായി ഇറക്കുമതി ചെയ്തതോടെ ജനസംഖ്യ വർദ്ധിച്ചു. അടിമകളാക്കപ്പെട്ട ഹെയ്തിക്കാർ സെന്റ്-ഡൊമിംഗ്യു കോളനിയിൽ ഒരു അടിമ കലാപം ആരംഭിച്ച് മാസങ്ങൾക്ക് ശേഷം 1794 ഫെബ്രുവരിയിൽ ഫ്രഞ്ച് അടിമവ്യാപാരവും ഫ്രാൻസിന്റെ വിദേശ കോളനികളിലെ അടിമത്തവും നിർത്തലാക്കുന്നതിന് ദേശീയ കൺവെൻഷൻ വോട്ട് ചെയ്തു. ഫ്രഞ്ച് ഗയാനയിലെ അടിമത്ത സമ്പ്രദായം ഫ്രഞ്ച് വിപ്ലവം വരെ തുടർന്നു. എന്നിരുന്നാലും സെന്റ്-ഡൊമിംഗ്, ഗ്വാഡലൂപ്പ്, ഫ്രഞ്ച് ഗയാന എന്നിവിടങ്ങളിൽ മാത്രം 1794-ലെ ഈ ഉത്തരവ് നടപ്പിലാക്കുകയും  സെനഗൽ, മൗറീഷ്യസ്, റീയൂണിയൻ, മാർട്ടിനിക് എന്നീ കോളനികളും ഫ്രഞ്ച് ഇന്ത്യയും ഈ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുകയും ചെയ്തു.[8]

സ്റ്റിർലിംഗ് യൂണിവേഴ്സിറ്റിയിലെ താരതമ്യ സാംസ്കാരിക പഠന പ്രൊഫസറായ ബിൽ മാർഷൽ ഫ്രഞ്ച് ഗയാനയുടെ ഉത്ഭവത്തെക്കുറിച്ച് ഇങ്ങനെ എഴുതി:

നിരവധി ഉഷ്ണമേഖലാ രോഗങ്ങളും കഠിനമായ കാലാവസ്ഥയും കാരണം കുടിയേറ്റക്കാരുടെ ഉയർന്ന നിരക്കിലുള്ള മരണം, 1763-ൽ ഗയാന കോളനിവത്കരിക്കാനുള്ള ആദ്യത്തെ ഫ്രഞ്ച് ശ്രമത്തെ പൂർണ്ണമായും പരാജയപ്പെടുത്തി: ആദ്യഘട്ടത്തിലെ  12,000 കുടിയേറ്റക്കാരിൽ 2,000 പേർ ഒഴികെ എല്ലാവരും മരണമടഞ്ഞു.

1804-ൽ ഫ്രാൻസ് ലൂയിസിയാനയെ അമേരിക്കൻ ഐക്യനാടുകൾക്ക് വിട്ടുകൊടുത്തതിനുശേഷം, ഗയാനയെ ഒരു ശിക്ഷാ കോളനിയായി വികസിപ്പിച്ചെടുത്ത ഫ്രാൻസ് തീരത്ത് ക്യാമ്പുകളും തടവുകാരുമടങ്ങിയ ഒരു ശൃംഖല സ്ഥാപിക്കുകയും അവിടെ മെട്രോപൊളിറ്റൻ ഫ്രാൻസിൽ നിന്നുള്ള തടവുകാരെ നിർബന്ധിത ജോലിക്ക് വിധേയരാക്കുകയും ചെയ്തു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിച്ച ഒരു ശിക്ഷാ കോളനി എന്ന നിലയിൽ, ഫ്രഞ്ച് സർക്കാർ ഏകദേശം 56,000 തടവുകാരെ ഡെവിൾസ് ദ്വീപിലേക്ക് കൊണ്ടുപോയി. 10 ശതമാനത്തിൽ താഴെയുള്ള തടവുകാർ മാത്രമാണ് ശിക്ഷയെ അതിജീവിച്ചത്.

ഒരു ചെറിയ ജയിൽ സൗകര്യം മാത്രമുണ്ടായിരുന്ന സ്ഥലമായിരുന്ന Île du Diable (ഡെവിൾസ് ഐലൻഡ്), അതേ പേരിലുള്ള ഒരു വലിയ ശിക്ഷാ സംവിധാനത്തിന്റെ ഭാഗമായിരുന്നു. അതിൽ മൂന്ന് ദ്വീപുകളിലെ തടവറകളും പ്രധാന ഭൂപ്രദേശത്തെ മൂന്ന് വലിയ ജയിലുകളുമാണ് ഉൾപ്പെട്ടിരുന്നത്. 1852 മുതൽ 1953 വരെയുള്ള കാലഘട്ടത്തിലാണ് ഇത് പ്രവർത്തിച്ചിരുന്നത്.

കൂടാതെ, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, കഠിനജോലികളെ അതിജീവിച്ച തടവുകാർക്ക് ഫ്രാൻസ് അവിടെ താമസം നിർബന്ധിതമാക്കാൻ ആരംഭിച്ചു. ഇതിനിടെ ഒരു പോർച്ചുഗീസ്-ബ്രിട്ടീഷ് നാവികസേന 1809-ൽ ഫ്രഞ്ച് ഗയാനയെ പോർച്ചുഗീസ് സാമ്രാജ്യത്തിലേയ്ക്ക് കൂട്ടിച്ചേർത്തു. 1814-ൽ പാരീസ് ഉടമ്പടി പ്രകാരം ഇത് ഫ്രാൻസിന് തിരികെ ലഭിച്ചു. പോർച്ചുഗൽ ഈ പ്രദേശം ഫ്രാൻസിന് തിരികെ നൽകിയെങ്കിലും 1817 വരെ അവർ തങ്ങളുടെ സൈനിക സാന്നിധ്യം അവിടെ നിലനിർത്തിയിരുന്നു.

ഫ്രഞ്ച് ഗയാന ഒരു പീനൽ കോളനിയായി സ്ഥാപിതമായതിനുശേഷം, ഉദ്യോഗസ്ഥർ ചിലപ്പോൾ ചിത്രശലഭങ്ങളെ പിടിക്കാനായി ഇവിടെയുള്ള കുറ്റവാളികളെ ഉപയോഗിച്ചു. കുറ്റവാളികളുടെ ശിക്ഷകൾ പലപ്പോഴും ദൈർഘ്യമേറിയതും തൊഴിൽ സാധ്യത തുലോം വിരളവുമായിരുന്നതിനാൽ അവർ ശാസ്ത്രീയാവശ്യങ്ങൾക്കും പൊതു ശേഖരണത്തിനുമായി അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്നതിനായി ഇവിടെനിന്നുള്ള ചിത്രശലഭങ്ങളെ പിടികൂടി.

19-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ, ഒരു വലിയ വന പ്രദേശത്തിൻറെ ഉമസ്ഥതയെച്ചൊല്ലി ബ്രസീലുമായി ഒരു അതിർത്തി തർക്കം ഉടലെടുത്തതോടെ, തർക്കപ്രദേശത്ത് ഹ്രസ്വകാലത്തേയ്ക്ക്, ഫ്രഞ്ച് അനുകൂലവും സ്വതന്ത്രവുമായ കുനാനി സംസ്ഥാനം രൂപപ്പെട്ടു. കുടിയേറ്റക്കാർക്കിടയിൽ ചില കലഹങ്ങളും ഉടലെടുത്തിരുന്നു. സ്വിസ് സർക്കാരിന്റെ മധ്യസ്ഥതയിലൂടെ അതിർത്തി തർക്കം ബ്രസീലിന് അനുകൂലമായി പരിഹരിക്കപ്പെട്ടു.

1930-ൽ സ്ഥാപിതമായ കാലത്ത് ഫ്രഞ്ച് ഗയാനയുടെ ഭൂരിഭാഗം ഉൾനാടൻ പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു ഇനിനി പ്രദേശം. ഫ്രഞ്ച് ഗയാന പൂർണ്ണമായും  ഫ്രാൻസിന്റെ ഒരു വിദേശ വകുപ്പായി ഔപചാരികമായി സ്ഥാപിതമായ 1946-ൽ ഇത് നിർത്തലാക്കപ്പെട്ടു. 1936-ൽ, കയെനിൽ നിന്നുള്ള ഫെലിക്‌സ് എബൗ ഒരു ഫ്രഞ്ച് കോളനിയിൽ ഗവർണറായി സേവനമനുഷ്ഠിക്കുന്ന ആദ്യ കറുത്ത വർഗ്ഗക്കാരനായി.

രണ്ടാം ലോകമഹായുദ്ധസമയത്തും ഫ്രാൻസ് നാസി ജർമ്മൻ സേനയുടെ അധീനതയിലായ കാലത്തും ഫ്രഞ്ച് ഗയാന വിച്ചി ഫ്രാൻസിന്റെ ഭാഗമായി. 1943 മാർച്ച് 16-ന് ഗയാന ഔദ്യോഗികമായി ഫ്രീ ഫ്രാൻസിലേക്ക് അണിനിരന്നു. അത് കോളനി പദവി ഉപേക്ഷിച്ച് 1946 മാർച്ച് 19-ന് വീണ്ടും ഒരു ഫ്രഞ്ച് ഡിപ്പാർട്ട്‌മെന്റായി മാറി.

1950-കളിൽ വിയറ്റ്നാമിൽ നിന്നുള്ള ഫ്രഞ്ച് പിൻവാങ്ങലിനും തുടർന്ന് അമേരിക്കൻ ഐക്യനാടുകൾ ഈ മേഖലയിൽ നടത്തിയ യുദ്ധത്തിനും ശേഷം, 1975-ൽ പത്തേത് ലാവോയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റുകൾ ലാവോസ് പിടിച്ചെടുത്തതോടെ 1970 കളിലും 80 കളിലും അവിടെനിന്ന് പലായനം ചെയ്ത നൂറുകണക്കിന് ഹ്മോംഗ് അഭയാർത്ഥികളെ ലാവോസിൽ നിന്ന് ഫ്രഞ്ച് ഗയാനയിലേക്ക് പുനരധിവസിപ്പിക്കാൻ ഫ്രാൻസ് സഹായിച്ചു.

1980-കളുടെ അവസാനത്തിൽ, 10,000-ലധികം വരുന്ന സുരിനാം അഭയാർത്ഥികൾ, (കൂടുതലും മെറൂണുകൾ), സുരിനാമീസ് ആഭ്യന്തരയുദ്ധത്തിൽ നിന്ന് പലായനം ചെയ്തുകൊണ്ട് ഫ്രഞ്ച് ഗയാനയിലെത്തി.

സമീപകാലത്ത്, ഫ്രഞ്ച് ഗയാനയിൽ ബ്രസീൽ,, ഹെയ്തി എന്നിവിടങ്ങളിൽനിന്നുള്ള സാമ്പത്തിക കുടിയേറ്റക്കാർ ധാരാളമായി എത്തിയിട്ടുണ്ട്. ഫ്രഞ്ച് ഗയാനയിലെ വിദൂര ഉൾനാടുകളിലെ മഴക്കാടുകളിൽ ബ്രസീലിയൻ ഗാരിംപെയ്റോസിന്റെ നിയമവിരുദ്ധവും പാരിസ്ഥിതികമായി വിനാശകരവുമായ സ്വർണ്ണ ഖനനം ഒരു വിട്ടുമാറാത്ത പ്രശ്നമാണ്. അനധികൃത കുടിയേറ്റം, ഫ്രാൻസിന്റെ പ്രധാന കരയേക്കാൾ മോശമായ അടിസ്ഥാന സൗകര്യങ്ങൾ, ഉയർന്ന ജീവിതച്ചെലവ്, ഉയർന്ന കുറ്റകൃത്യങ്ങൾ, കൂടുതൽ സാധാരണമായ സാമൂഹിക അശാന്തി തുടങ്ങിയ പ്രശ്നങ്ങളെ ഈ പ്രദേശം ഇപ്പോഴും അഭിമുഖീകരിക്കുന്നു.

1964-ൽ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡി ഗല്ലെ ഫ്രഞ്ച് ഗയാനയിൽ ഒരു ബഹിരാകാശ യാത്രാ താവളമൊരുക്കാൻ നിശ്ചയിച്ചു. അൾജീരിയയിലെ സഹാറ ബേസ് മാറ്റിസ്ഥാപിക്കാനും ഫ്രഞ്ച് ഗയാനയിലെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ഈ പദ്ധതി. ഭൂമധ്യരേഖയ്ക്ക് സമീപത്തെ പ്രദേശത്തിൻറെ നിലനിൽപ്പും സമുദ്രത്തിലേക്ക് ഒരു ബഫർ സോണായി വിപുലമായ പ്രവേശനമുള്ളതിനാലും ഈ ഡിപ്പാർട്ട്മെൻറ് ഈ ആവശ്യത്തിന് അനുയോജ്യമാണെന്ന് കണക്കാക്കപ്പെട്ടു. കൊറൗ തീരത്ത്നിന്ന് അൽപ്പം അകലെ സ്ഥിതി ചെയ്യുന്ന ഗയാന ബഹിരാകാശ കേന്ദ്രം വെറോണിക് റോക്കറ്റുകളുടെ പ്രാരംഭ വിക്ഷേപണത്തിന് ശേഷം ഗണ്യമായി വളർന്നു. ഇപ്പോൾ യൂറോപ്യൻ ബഹിരാകാശ വ്യവസായത്തിന്റെ ഭാഗമായ ഇത് കൂടാതെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ബഹിരാകാശത്തേക്ക് വിക്ഷേപിച്ച Ariane 4, Ariane 5, Ariane ഫ്ലൈറ്റ് VA256 തുടങ്ങിയ വിക്ഷേപണങ്ങളിലൂടെ വാണിജ്യവിജയം നേടിയിട്ടുണ്ട്.

2010-ൽ ഗയാനീസ് ജനറൽ കൗൺസിൽ ഒരു ഡിപ്പാർട്ട്‌മെന്റൽ പതാക ഔദ്യോഗികമായി അംഗീകരിച്ചു. അതേ വർഷം തന്നെ നടന്ന ഒരു റഫറണ്ടത്തിൽ ഫ്രഞ്ച് ഗയാന സ്വയംഭരണത്തിനെതിരെയും വോട്ട് ചെയ്തു.

2017 മാർച്ച് 20-ന് ഫ്രഞ്ച് ഗയാനീസ് തൊഴിലാളികൾ പണിമുടക്കിനും കൂടുതൽ വിഭവങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി പ്രകടനം നടത്താനും ആരംഭിച്ചു. 2017 മാർച്ച് 28 ഫ്രഞ്ച് ഗയാനയിൽ നടന്ന ഏറ്റവും വലിയ പ്രകടനത്തിന്റെ ദിവസമായിരുന്നു.

COVID-19 മഹാമാരിയുടെ പൊട്ടിപ്പുറപ്പെടൽ ഫ്രഞ്ച് ഗയാനയെ സാരമായി ബാധിക്കുകയും 2020 ജൂൺ അവസാനത്തോടെ ടെസ്റ്റ് ചെയ്യപ്പെട്ട ഫ്രഞ്ച് ഗയാനക്കാരിൽ 1 ശതമാനത്തിലധികം പേരുടെ റിസൾട്ട് പോസിറ്റീവായി.

ഭൂമിശാസ്ത്രം

തിരുത്തുക

ഫ്രഞ്ച് ഗയാന 2°, 6° വടക്ക് അക്ഷാംശങ്ങൾക്കും 51°, 55° പടിഞ്ഞാറ് എന്നീ രേഖാംശങ്ങൾക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗം ആളുകളും താമസിക്കുന്ന ഒരു തീരപ്രദേശവും ഇടതൂർന്നതും ബ്രസീൽ അതിർത്തിയിൽ തുമുക്-ഹുമാക് പർവതനിരകളുടെ മിതമായ കൊടുമുടികളിലേക്ക് ക്രമേണ ഉയരുന്ന അപ്രാപ്യമായ മഴക്കാടുകൾ എന്നീ രണ്ട് പ്രധാന ഭൂമിശാസ്ത്ര മേഖലകൾ ഉൾപ്പെടുന്നു. ഫ്രഞ്ച് ഗയാനയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മാരിപാസൗലയിലെ ബെല്ലെവ്യൂ ഡി ഇൽ'ഇനിനി (851 മീറ്റർ, 2,792 അടി). മോണ്ട് ഇറ്റൂപ്പ് (826 മീ, 2,710 അടി), കോട്ടിക്ക മൗണ്ടൻ (744 മീ, 2,441 അടി), പിക് കൂഡ്രൂ (711 മീ, 2,333 അടി), കാവ് മൗണ്ടൻ (337 മീ, 1,106 അടി) എന്നിവയാണ് ഇവിടെയുള്ള മറ്റ് പ്രധാന പർവതങ്ങൾ.

ഡെവിൾസ് ദ്വീപ് ഉൾപ്പെടുന്ന മൂന്ന് സാൽവേഷൻസ് ദ്വീപുകൾ, കൂടാതെ ബ്രസീൽ തീരത്തോട് ചേർന്നുകിടക്കുന്ന ഒറ്റപ്പെട്ട ഐലെസ് ഡു കോണെനെറ്റബിൾ പക്ഷി സങ്കേതം തുടങ്ങി തീരത്തുനിന്നകലെ നിരവധി ചെറിയ ദ്വീപുകൾ കാണപ്പെടുന്നു.

ഫ്രഞ്ച് ഗയാനയുടെ വടക്ക് ഭാഗത്തുള്ള പെറ്റിറ്റ്-സൗട്ട് അണക്കെട്ട് ഒരു കൃത്രിമ തടാകത്തെ രൂപപ്പെടുത്തി ജലവൈദ്യുത പ്രദാനം ചെയ്യുന്നു. ഫ്രഞ്ച് ഗയാനയിൽ വാകി നദി ഉൾപ്പെടെ നിരവധി നദികളുണ്ട്.

2007-ലെ കണക്കനുസരിച്ച്, ഡിപ്പാർട്ട്‌മെന്റിന്റെ ഏറ്റവും വിദൂര ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആമസോണിയൻ വനം ഫ്രാൻസിലെ പത്ത് ദേശീയോദ്യാനങ്ങളിൽ ഒന്നായ ഗയാന ആമസോണിയൻ പാർക്കായി സംരക്ഷിക്കപ്പെടുന്നു. കാമോപി, മാരിപസൗല, പപ്പൈക്‌ടൺ, സെന്റ്-എലി, സാൾ എന്നീ കമ്യൂണുകളിലായി ഏകദേശം 33,900  ചതുരശ്ര കിലോമീറ്റർ (13,090 ചതുരശ്ര മൈൽ) വിസ്തൃതിയിലാണ് ഉദ്യാന പ്രദേശം.

പരിസ്ഥിതി

തിരുത്തുക

ഉഷ്ണമേഖലാ മഴക്കാടുകൾ, തീരദേശ കണ്ടൽക്കാടുകൾ, സവേനകൾ, ഇൻസെൽബെർഗുകൾ, പലതരം തണ്ണീർത്തടങ്ങൾ എന്നിങ്ങനെ വിവിധ ആവാസവ്യവസ്ഥകളുടെ കേന്ദ്രമാണ് ഫ്രഞ്ച് ഗയാന. ഗയാനൻ ഹൈലാൻഡ്‌സ് ഈർപ്പമുള്ള വനങ്ങൾ, ഗയാനൻ നനഞ്ഞ വനങ്ങൾ, ഗയാനൻ കണ്ടൽക്കാടുകൾ എന്നിങ്ങനെ മൂന്ന് പാരിസ്ഥിതിക മേഖലകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഫ്രഞ്ച് ഗയാനയിൽ സസ്യജന്തുജാലങ്ങളുടെ ഉയർന്ന തലത്തിലുള്ള പ്രാക്തന വനങ്ങളുടെ (അതായത്, പുരാതന/പ്രാഥമിക വനങ്ങൾ) സാന്നിധ്യമാണ് ഇതിന് കാരണം. ഫ്രെഞ്ച് ഗയാനയിലെ മഴക്കാടുകൾ വരണ്ട കാലഘട്ടങ്ങളിലും മഞ്ഞുമൂടിയ  സമയത്തും പല ജീവജാലങ്ങൾക്കും അഭയം നൽകുന്നു. ഈ വനങ്ങൾ ഒരു ദേശീയോദ്യാനം (ഗയാന ആമസോണിയൻ പാർക്ക്), ഏഴ് അധിക പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, 17 സംരക്ഷിത പ്രദേശങ്ങൾ എന്നിവയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) യൂറോപ്യൻ യൂണിയനും (EU) ഈ പ്രദേശങ്ങൾ സംരക്ഷിക്കാൻ പ്രത്യേക ശ്രമങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും പുഷ്ടി കുറഞ്ഞ മണ്ണാണ് ഫ്രഞ്ച് ഗയാനയിലുള്ളത്. ഇവിടുത്തെ മണ്ണിൽ പോഷകങ്ങളും (ഉദാ: നൈട്രജൻ, പൊട്ടാസ്യം എന്നിവ) ജൈവവസ്തുക്കളും നന്നേ കുറവാണ്. മണ്ണിന്റെ അസിഡിറ്റി മോശം മണ്ണിന്റെ സ്വഭാവത്തിന് മറ്റൊരു കാരണമായിതിനാൽ കർഷകർ അവരുടെ കൃഷിയിടങ്ങളിൽ അധികമായി  കുമ്മായം ചേർക്കേണ്ടതുണ്ടായിരുന്നു. മണ്ണിന്റെ ഇത്തരം സ്വഭാവസവിശേഷതകൾ കരിച്ചു കൃഷിയിറക്കൽ രീതിയിലേയ്ക്ക്  കർഷകരെ നയിച്ചു. തത്ഫലമായുണ്ടാകുന്ന ചാരം മണ്ണിന്റെ pH മൂല്യം ഉയർത്തുന്നതോടൊപ്പം (അതായത്, മണ്ണിന്റെ അസിഡിറ്റി കുറയ്ക്കുന്നു), ധാതുക്കളും മറ്റ് പോഷകങ്ങളും മണ്ണിലേക്ക് ചേർക്കപ്പെടുകയും ചെയ്യുന്നു. ഫ്രഞ്ച് ഗയാനയിൽ, പ്രത്യേകിച്ച് ബ്രസീലിന്റെ അതിർത്തിക്ക് സമീപം ഫലഭൂയിഷ്ഠമായ ടെറ പ്രീറ്റ മണ്ണുള്ള (ആന്ത്രോപോജെനിക് മണ്ണ്) പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ സമ്പുഷ്ടമായ മണ്ണ് ചരിത്രപരമായി എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നും ആധുനിക കാലത്ത് ഇത് എങ്ങനെ സാധ്യമാക്കാമെന്നും നിർണ്ണയിക്കാൻ ഒന്നിലധികം മേഖലകളിൽ ഗവേഷണം സജീവമായി തുടരുന്നു.

സമ്പദ്ഘടന

തിരുത്തുക

ഫ്രാൻസിന്റെ ഭാഗമെന്ന നിലയിൽ, ഫ്രഞ്ച് ഗയാന യൂറോപ്യൻ യൂണിയന്റെയും യൂറോസോണിന്റെയും ഭാഗമെന്നതോടൊപ്പം അവിടുത്തെ കറൻസി യൂറോയുമാണ്. ഫ്രഞ്ച് ഗയാനയുടെ കൺട്രി കോഡ് ടോപ്പ്-ലെവൽ ഡൊമെയ്‌ൻ (ccTLD) .gf ആണെങ്കിലും, പകരമായി .fr സാധാരണയായി ഉപയോഗിക്കുന്നു.

2019-ൽ, വിപണി വിനിമയ നിരക്കിൽ ഫ്രഞ്ച് ഗയാനയുടെ ജിഡിപി 4.93 ബില്യൺ യുഎസ് ഡോളറായിരുന്നു (4.41 ബില്യൺ യൂറോ), ഗയാനകളിൽ ഗയാനയ്ക്കു ശേഷം (ഇവിടെ 2015ലും 2018ലും വലിയ എണ്ണപ്പാടങ്ങൾ കണ്ടെത്തി) രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇത് റാങ്ക് ചെയ്യപ്പെടുന്നതു കൂടാതെ ഇത് തെക്കേ അമേരിക്കയിലെ 12-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമാണ്. ഫ്രാൻസിന്റെ ഗയാന ബഹിരാകാശ കേന്ദ്രത്തിന്റെ വികസനവും (1962-ലെ അൾജീരിയയുടെ സ്വാതന്ത്ര്യം അൾജീരിയൻ സഹാറയിലെ ഫ്രാൻസിന്റെ ബഹിരാകാശ കേന്ദ്രത്തെ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതോടെ 1964-ൽ ഫ്രഞ്ച് ഗയാനയിൽ സ്ഥാപിക്കപ്പെട്ടു) ആഭ്യന്തര ഉപഭോഗത്തെ ഉത്തേജിപ്പിച്ച ഉയർന്ന ജനസംഖ്യാ വളർച്ചയും കാരണമായി 1960-കൾ മുതൽ 2000-കൾ വരെയുള്ള കാലത്ത് ഫ്രഞ്ച് ഗയാന ശക്തമായ സാമ്പത്തിക വളർച്ച കൈവരിച്ചു.


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

  1. "Un nouveau préfet pour Wallis et Futuna". Wallis-et-Futuna la 1ère (in ഫ്രഞ്ച്). Retrieved 11 February 2021.
  2. Christiane Taubira (28 April 2009). "FICHE QUESTION". Questions National Assembly of France (in ഫ്രഞ്ച്). Retrieved 27 November 2021.
  3. "Population by sex, annual rate of population increase, surface area and density" (PDF). United Nations. 2013. p. 5. Retrieved 27 November 2021.
  4. INSEE. "Estimation de population par région, sexe et grande classe d'âge – Années 1975 à 2022" (in ഫ്രഞ്ച്). Retrieved 21 January 2022.
  5. "Produits intérieurs bruts régionaux et valeurs ajoutées régionales de 2000 à 2020". INSEE. Retrieved 2022-03-25.
  6. "FAOSTAT – Land Use". Food and Agriculture Organization. Retrieved 3 February 2019.
  7. "Parc amazonien de Guyane, le plus vaste Parc national de France et de l'Union européenne". Guiana Amazonian Park. Retrieved 3 February 2019.
  8. Sue Peabody, French Emancipation https://www.oxfordbibliographies.com/view/document/obo-9780199730414/obo-9780199730414-0253.xml Accessed 27 October 2019.
"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_ഗയാന&oldid=3763736" എന്ന താളിൽനിന്ന് ശേഖരിച്ചത്