വിമാനം
നിശ്ചലമായ ചിറകുകളുള്ളതും യാന്ത്രികോർജ്ജത്താൽ പ്രവർത്തിക്കുന്നതും വായുവിനേക്കാൾ ഭാരം കൂടിയതുമായ ആകാശനൗകകളെ വിമാനങ്ങൾ എന്നു പറയുന്നു.റോട്ടർക്രാഫ്റ്റുകളിൽ നിന്നും ഓർണിതോപ്റ്ററുകളിൽ നിന്നും വ്യത്യസ്തമായി വിമാനങ്ങൾ ചലിക്കാത്ത ചിറകുകൾ ഉപയോഗിച്ചാണ് ഉയർത്തൽ ബലം ഉണ്ടാക്കുന്നത്.വിമാനങ്ങളെ airplanes എന്ന് വടക്കേ അമേരിക്കയിലും (യു.എസ്.എ, കാനഡ എന്നിവ), aeroplanes എന്ന് അയർലന്റിലും കാനഡ ഒഴികെയുള്ള കോമൺവൽത്ത് രാജ്യങ്ങളിലും സാധാരണ സൂചിപ്പിക്കുന്നു. ഇന്ത്യയിലും aeroplanes എന്നാണ് ഉപയോഗിച്ചു വരുന്നത്.[1] വിമാനങ്ങളെ ഇംഗ്ലീഷിൽ planes എന്നും ചുരുക്കരൂപത്തിൽ പറയുന്നു.
ചരിത്രം
തിരുത്തുകപുരാതന ഇന്ത്യയിലെ ഭോജൻ രചിച്ച സമരാങ്കണസൂത്രധാരം എന്ന ഗ്രന്ഥത്തിൽ വിമാനത്തിന്റെ ഘടന വിശദമാക്കുന്നുണ്ട്[2]. പതിനഞ്ചാം നൂറ്റാണ്ടിൽ ലിയണാർഡോ ഡാവിഞ്ചി പറക്കുന്നതിനെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ നടത്തുകയും പറക്കുന്നതിനുള്ള പലതരത്തിലുള്ള യന്ത്രങ്ങൾ പരീക്ഷിക്കുകയും ചെയ്തിരുന്നു[3].
മനുഷ്യന് പറക്കാൻ സാധിക്കണമെങ്കിൽ ചിറകടിച്ചു പറക്കുന്ന പക്ഷികളെയല്ല മറിച്ച് പരുന്തുകളെ പോലെ ചിറകടിക്കാതെ തന്നെ തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നവയെ (Soaring bird) ആണ് അനുകരിക്കേണ്ടത് എന്ന തിരിച്ചറിവിൽ നിന്നാണ് വായുവിനേക്കാൾ ഭാരം കൂടിയ ആകാശനൗകകളുടെ ഉദ്ഭവം.
പറക്കുമ്പോൾ അനുഭവപ്പെടുന്ന ബലങ്ങളും മറ്റും കൃത്യമായി മനസ്സിലാക്കിയ ആദ്യത്തെ ശാസ്ത്രജ്ഞനായി സർ ജോർജ് കെയ്‌ലി(1773-1857) അറിയപ്പെടുന്നു. ഉയർത്തൽ ബലം ഉണ്ടാക്കാനും നിയന്ത്രണത്തിനും സ്ഥിരതയ്ക്കും വ്യത്യസ്ത ഭാഗങ്ങൾ ഉപയോഗിക്കുന്ന സമ്പ്രദായം അദ്ദേഹമാണ് ആദ്യമായി ആവിഷ്കരിച്ചത്. ഒരു ഇംഗ്ലീഷ് എൻജിനീയർ ആയിരുന്ന ഇദ്ദേഹം തന്റെ കണ്ടുപിടിത്തങ്ങൾ ഒരു വെള്ളിനാണയത്തിൽ രേഖപ്പെടുത്തി വെക്കുകയുണ്ടായി. അതിന്റെ ഒരു വശത്ത് പറക്കുന്ന വാഹനത്തിൽ അനുഭവപ്പെടുന്ന ബലങ്ങളും മറുവശത്ത് ഒരു സെറ്റ് ചിറകുകളുള്ള ഒരു ഗ്ലൈഡറിന്റെ രൂപകല്പനയുമായിരുന്നു ഉണ്ടായിരുന്നത്.തന്റെ അറിവുകളുടെ വെളിച്ചത്തിൽ വിവിധ തരം ഗ്ലൈഡറുകൾ അദ്ദേഹം പറത്തുകയുണ്ടായി.
ജർമ്മൻകാരനായ ഒട്ടോ ലിലിയെന്താൾ ശാസ്ത്രീയമായ രീതിയിൽ തുടർച്ചയായി ഗ്ലൈഡറുകൾ പറത്തിയ ആദ്യ വ്യക്തിയാണ്.വളഞ്ഞ എയറോഫോയിൽ ഉള്ള ചിറകുകളും വെർട്ടിക്കൽ,ഹോറിസോണ്ടൽ ചിറകുകളും അദ്ദേഹത്തിന്റെ ഗ്ലൈഡറുകളുടെ പ്രത്യേകതയായിരുന്നു.
1896 മെയ് 6 ന് സാമുവേൽ ലാംഗ്‌ലി എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ പൈലറ്റില്ലാത്തതും എൻജിൻ ഉപയോഗിച്ചതുമായ ആദ്യത്തെ വിമാനം പറത്തി. എയ്റോഡ്രോം 5 എന്നറിയപ്പെട്ട ആ വിമാനം വിർജീനിയയിലെ പോട്ടോമാക് നദിയിലാണ് പരീക്ഷിക്കപ്പെട്ടത്.1896 നവംബർ 28 ന് 'എയ്റോഡ്രോം 6'ഉം അദ്ദേഹം പരീക്ഷിച്ചു.1460 മീറ്ററോളം ഈ മോഡൽ പറന്നു.1901 ലും 1903ലും അദ്ദേഹം തന്റെ ചെറിയ എൻജിനുകൾ ഉപയോഗിക്കുന്ന മോഡലുകൾ പരീക്ഷിച്ചു. ശക്തമായ ഒരു എൻജിൻ രൂപകല്പന ചെയ്യാൻ അദ്ദേഹം സ്റ്റീഫൻ ബൽസാർ എന്നൊരാളെ സമീപിച്ചെങ്കിലും ലാംഗ്‌ലിക്ക് ആവശ്യമുണ്ടായിരുന്ന 12hp എൻജിൻ നിർമ്മിച്ചു നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 8hp മാത്രമായിരുന്നു എൻജിന്റെ ശേഷി. ആ എൻജിൻ ലാംഗ്‌ലിയുടെ അസിസ്റ്റന്റ് ആയ ചാൾസ് മാൻലി പരിഷ്കരിക്കുകയും 52hp ശക്തിയുള്ളതാക്കുകയും ചെയ്തു. പക്ഷേ പൈലറ്റില്ലാത്തതും ചെറിയ സ്റ്റീം എൻജിൻ ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന്റെ മോഡലുകൾ യഥാർത്ഥത്തിൽ പറന്നെങ്കിലും അവയുടെ വികസിതരൂപങ്ങൾ നിർഭാഗ്യവശാൽ പരീക്ഷണപരാജയങ്ങളായിരുന്നു. ആ എൻജിനുകൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ എയ്റോഡ്രോമുകൾ നദിയിൽ തകർന്നു വീണു. 1903 ൽ തന്നെ റൈറ്റ് സഹോദരന്മാർ അതിലും മെച്ചപ്പെട്ട വിമാനങ്ങൾ പരീക്ഷിച്ച് വിജയിച്ചപ്പോൾ ലാംഗ്‌ലി തന്റെ പരിശ്രമങ്ങൾ നിർത്തിവെക്കുകയാണുണ്ടായത്. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ പോലുള്ള ഗവേഷണ സ്ഥാപനങ്ങളും പല വ്യോമയാന ചരിത്രകാരന്മാരും എൻജിൻ ഉപയോഗിച്ച് വിമാനം പറത്തിയ ആദ്യത്തെ വ്യക്തിയായി ലാംഗ്‌ലിയെ കണക്കാക്കുന്നു.
എൻജിൻ ഉപയോഗിച്ചതും പൂർണ്ണമായും നിയന്ത്രണവിധേയമായതും മനുഷ്യന് പറക്കാൻ സാധിച്ചതുമായ ആദ്യത്തെ വിമാനം നിർമ്മിച്ച് വിജയകരമായി പറത്തിയവരായി റൈറ്റ് സഹോദരന്മാർ അറിയപ്പെടുന്നു. വ്യോമയാനവുമായി ബന്ധപ്പെട്ട് അന്നു വരെ ലഭ്യമായിരുന്ന വിവരങ്ങളെല്ലാം അവർ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ 1900 മുതൽ 1902 വരെ വിവിധ തരം ഗ്ലൈഡറുകൾ റൈറ്റ് സഹോദരന്മാർ രൂപകല്പന ചെയ്യുകയും പരീക്ഷിക്കുകയും ഉണ്ടായി. പക്ഷേ അവർക്ക് മുൻപുണ്ടായിരുന്ന ശാസ്ത്രജ്ഞരുടെ പരീക്ഷണ ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഫലങ്ങളാണ് അവർക്ക് ലഭിച്ചത്. അതു കോണ്ട് റൈറ്റ് സഹോദരന്മാർ സ്വയം ഗവേഷണങ്ങളിൽ ഏർപ്പെടുകയും വിന്റ് ടണൽ പരീക്ഷണങ്ങൾ സ്വയം നടത്തുകയും ചെയ്തു. 1900,1901,1902 എന്നി വർഷങ്ങളിൽ അവർ വിജയകരമായി ഗ്ലൈഡറുകൾ പറത്തി.
തുടർന്ന് അവർ ഊർജ്ജം ഉപയോഗിച്ച് പറക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.വിമാനത്തിന്റെ നിയന്ത്രണം, ഊർജ്ജ ഉപയോഗം എന്നിവയിൽ ഒരേ സമയം അവർ ഗവേഷണങ്ങൾ നടത്തിയിരുന്നു. വിമാനത്തിന്റെ മൂന്ന് അക്ഷങ്ങൾ (പിച്ച്, യോ, റോൾ) കണ്ടുപിടിച്ചതും ആ അക്ഷങ്ങളിൽ വിമാനത്തിനെ നിയന്ത്രിക്കാനാവശ്യമായ ഉപാധികൾ വികസിപ്പിച്ചതും റൈറ്റ് സഹോദരന്മാരുടെ സംഭാവനകളാണ്. അവർക്ക് ആവശ്യമുള്ള ശക്തിയുള്ള എൻജിനുകൾ നിർമ്മിച്ചു നൽകുന്നതിൽ അന്നത്തെ എൻജിൻ നിർമ്മാതാക്കളെല്ലാം പരാജയപ്പെട്ടു. അവസാനം റൈറ്റ് സഹോദരന്മാരുടെ തന്നെ ഷോപ്പിലെ മെക്കാനിക് ആയിരുന്ന ചാർലി ടെയ്‌ലർ 12hp ശക്തിയുള്ള എൻജിൻ അവർക്ക് നിർമ്മിച്ചു നൽകി.
ആ എൻജിൻ ഉപയോഗിച്ച് ലോകത്തിലാദ്യമായി നിയന്ത്രണവിധേയമായതും ഊർജ്ജം ഉപയോഗിച്ചതുമായതും വായുവിനേക്കാൾ ഭാരം കൂടിയതുമായ അവരുടെ വിമാനം 1903 ഡിസംബർ 17ന് അമേരിക്കയിലെ നോർത്ത് കരോലിനയിലെ കിൽ ഡെവിൾ കുന്നുകളിൽ പറന്നു.[4] കിറ്റി ഹോക്ക് ഫ്ലൈയർ എന്നാണ് ഈ വിമാനം അറിയപ്പെടുന്നത്.
ആദ്യമായി പറന്ന ഓർവിൽ റൈറ്റ് 121 അടി(37 മീറ്റർ) ഉയരത്തിൽ 12 സെക്കന്റ് പറന്നു.അന്നു തന്നെ നടത്തിയ നാലാം പറക്കലിൽ വിൽബർ റൈറ്റ് 852 അടി (260 മീറ്റർ) ഉയരത്തിൽ 59 സെക്കന്റ് പറക്കുകയുണ്ടായി.ഒരു കുട്ടിയും നാല് ജീവൻ രക്ഷാപ്രവർത്തകരും ഈ ചരിത്രനിമിഷത്തിന് സാക്ഷികളായുണ്ടായിരുന്നു.
വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ
തിരുത്തുകഒരു വിമാനത്തിന്റെ യന്ത്രഭാഗങ്ങളെ പ്രധാനമായും താഴെ പറയും വിധം തരംതിരിക്കാം.
- വിമാനത്തിന്റെ ഉടൽ (ഫ്യൂസ്‌ലേജ്):
വിമാനത്തിന്റെ ഏറ്റവും വലിയ ഭാഗമാണ് വിമാനത്തിന്റെ ഉടൽ അഥവാ ഫ്യൂസ്‌ലേജ്. പ്രകൃതിയിലെ പക്ഷികൾ, മീനുകൾ തുടങ്ങിയവയുടെ ശരീരാകൃതിയാണ് ചലനാത്മകമായ പദാർത്ഥങ്ങളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അനുയോജ്യം. ഇതിന് വായുഗതികരൂപം എന്നു പറയുന്നു. അതിനാൽ വിമാനങ്ങളുടെ ഉടൽ വായുഗതിക രൂപത്തിലാണ് രൂപകല്പന ചെയ്യുന്നത്.വിമാനത്തിൽ സഞ്ചരിക്കുന്ന യാത്രക്കാർ,ജോലിക്കാർ,വൈമാനികർ,ചരക്ക് എന്നിവക്ക് പുറമെ വിമാനത്തിന്റെ മറ്റു പ്രധാന ഭാഗങ്ങളായ എൻജിനുകൾ,ചിറകുകൾ,കോക്പിറ്റ്,മറ്റു നിയന്ത്രണ ഭാഗങ്ങൾ എന്നിവയുടെ ഭാരവും വിമാനത്തിന്റെ ഉടൽ വഹിക്കുന്നു.
ഒറ്റ എൻജിൻ മാത്രമുള്ള വിമാനങ്ങളിൽ ഫ്യൂസ്‌ലേജിലാണ് എൻജിൻ ഘടിപ്പിക്കുക. വിമാനത്തിന്റെ ചിറകുകളും മറ്റു നിയന്ത്രണോപാധികളായ വെർട്ടിക്കൽ സ്റ്റബിലൈസർ,ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ തുടങ്ങിയവയും വിമാനത്തിന്റെ ഉടലിൽ വിന്യസിക്കുന്നു.
- ചിറകുകൾ: വിമാനത്തിന്റെ ഉടലിനു കുറുകെ ഇരുവശത്തുമായി ഏതാണ്ട് തിരശ്ചീനമായി കാണപ്പെടുന്ന ഭാഗങ്ങളാണ് ചിറകുകൾ. വിമാനത്തിനാവശ്യമായ ഉയർത്തൽ ബലം(ലിഫ്റ്റിങ് ഫോഴ്സ്) നല്കുന്നത് ഈ രണ്ട് ചിറകുകളാണ്. വിമാനത്തിന്റെ എതിർദിശയിൽ സഞ്ചരിക്കുന്ന വായു ചിറകുകളുടെ പ്രത്യേക ഘടന മൂലം താഴ്ഭാഗത്തേക്ക് സഞ്ചരിക്കുന്നു. ഈ പ്രവർത്തനത്തിന്റെ പ്രതിപ്രവർത്തനമായാണ് ഉയർത്തൽ ബലം ചിറകുകളിൽ ഉണ്ടാവുന്നത്. ചിറകുകളുടെ പരിച്ഛേദ ഘടനക്ക് എയറോഫോയിൽ എന്നു പറയുന്നു. ഉടലിന്റെ മധ്യഭാഗത്തായാണ് ചിറകുകൾ സ്ഥാപിക്കുക.
ചിറക് ഫ്യൂസ്‌ലേജുമായി ബന്ധിപ്പിച്ചിരിക്കുന്ന അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കുള്ള അകലമാണ് വിംഗ് സ്പാൻ. വായുവിന്റെ സഞ്ചാരദിശയെ അഭിമുഖീകരിക്കുന്ന ചിറകിന്റെ ഭാഗമാണ് ലീഡിംഗ് എഡ്ജ്. ലീഡിംഗ് എഡ്ജിന് എതിർവശമുള്ള അറ്റത്തെ ട്രെയ്‌ലിങ് എഡ്ജ് എന്നു പറയുന്നു. ലീഡിങ് എഡ്‌ജും ട്രെയ്‌ലിങ് എഡ്‌ജും തമ്മിലുള്ള അകലമാണ് കോർഡ് ലെങ്ത്ത്. മുന്നിൽ നിന്ന് വരുന്ന വായുവിവിന്റെ സഞ്ചാരദിശയ്ക്ക് ആപേക്ഷികമായി ചിറക് അല്പം ചെരിച്ചാണ് സ്ഥാപിക്കുന്നത്. ഈ കോണളവിനെ ആംഗിൾ ഓഫ് അറ്റാക്ക് എന്നു പറയുന്നു.
ചിറകുകളിൽ സ്ഥാപിക്കുന്നതും ചലിപ്പിക്കാൻ കഴിയുന്നതുമായ വിമാന നിയന്ത്രണ ഭാഗമാണ് എയ്‌ലിറോൺ. ഉന്നത വേഗങ്ങളിൽ പറക്കുന്ന വിമാനങ്ങളുടെ ചിറകുകളിൽ ഫ്ലാപ്,സ്പോയ്‌ലർ, സ്ലാറ്റ് എന്നീ ചെറിയ ഭാഗങ്ങളും ഉണ്ടാവും.
- ടെയിൽ പ്ലെയ്ൻ:
വിമാനത്തിന്റെ വാലറ്റമാണ് ടെയിൽ പ്ലെയ്ൻ. ഇതിൽ കാണപ്പെടുന്ന ഭാഗങ്ങൾ താഴെപ്പറയുന്നവയാണ്.
- വെർട്ടിക്കൽ സ്റ്റബിലൈസർ: വിമാനത്തിന്റെ ഉടലിന്റെ പിൻഭാഗത്ത് മുകളിൽ ലംബ മാനമായി സ്ഥാപിക്കുന്ന ചെറിയ ചിറകാണ് വെർട്ടിക്കൽ സ്റ്റബിലൈസർ. വിമാനത്തിനെ അതിൻന്റെ യോ അക്ഷത്തിൽ സ്ഥിരമായി നിർത്താൻ ഇത് സഹായിക്കുന്നു. ചില വിമാനങ്ങൾക്ക് ഒന്നിലധികം വെർട്ടിക്കൽ സ്റ്റബിലൈസറുകളുമുണ്ടാവാറുണ്ട്. വെർട്ടിക്കൽ സ്റ്റബിലൈസറിൽ കാണപ്പെടുന്നതു ചലിപ്പിക്കാൻ സാധിക്കുന്നതുമായ നിയന്ത്രണ ഭാഗമാണ് റഡ്ഡർ.
- ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ: ഫ്യൂസിലേജിന്റെ പിൻഭാഗത്ത് ഇരുവശത്തുമായി കാണപ്പെടുന്ന ചെറിയ തിരശ്ചീനമായ ചിറകുകളാണ് ഹോറിസോണ്ടൽ സ്റ്റബിലൈസറുൾ. വിമാനത്തിനെ അതിന്റെ പിച്ച് അക്ഷത്തിൽ ദൃഢമാക്കി നിർത്താൻ ഇവ സഹായിക്കുന്നു.
ചില വിമാനങ്ങളിൽ ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ വെർട്ടിക്കൽ സ്റ്റബിലൈസറുകളുടെ മുകളിലായോ അല്ലെങ്കിൽ വിമാനത്തിന്റെ ഉടലിന്റെ മുന്നിലായോ സ്ഥാപിക്കാറുണ്ട്. ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ വിമാനത്തിന്റെ മുൻവശത്താണ് സ്ഥാപിച്ചിരിക്കുന്നതെങ്കിൽ അത്തരം വിമാനങ്ങളെ കാനാർഡ് വിമാനം എന്നു പറയുന്നു. ഹോറിസോണ്ടൽ സ്റ്റബിലൈസറിൽ കാണപ്പെടുന്ന നിയന്ത്രണ ഭാഗങ്ങളാണ് എലിവേറ്ററുകൾ.
- എൻജിൻ:
വിമാനത്തിൻ മുന്പോട്ടുള്ള തള്ളൽ നൽകാൻ എൻജിനുകൾ സഹായിക്കുന്നു. എൻജിനുകളുടെ എണ്ണം ഒന്നു മുതൽ ആറു വരെ ഇന്നത്തെ വിമാനങ്ങളിൽ ആവശ്യകതയനുസരിച്ച് കാണപ്പെടുന്നു. എന്നാൽ മോട്ടോർ ഗ്ലൈഡറുകൾ ഒഴിച്ചുള്ള ഗ്ലൈഡറുകളില് എൻജിന്റെ ആവശ്യമില്ല. റെസിപ്രൊകേറ്റിങ് എൻജിൻ, ടർബൈൻ എൻജിൻ,ജെറ്റ് എൻജിൻ എന്നിങ്ങനെ മൂന്ന് തരം എൻജിനുകളുണ്ട്. എൻജിനുകളുടെ എണ്ണം ഇരട്ടയാണെങ്കിൽ അവ റോൾ അക്ഷത്തിന് ആനുരൂപ്യമായി സ്ഥാപിക്കും. എൻജിനുകളുടെ എണ്ണം ഒറ്റയാണെങ്കിൽ അവസാനത്തേത് ഫ്യൂസ്‌ലേജിന്റെ മധ്യരേഖയിലായി സ്ഥാപിക്കുന്നു.
- ലാന്റിങ് ഗിയർ:
വിമാനത്തിന് നിലത്തിറങ്ങാൻ സഹായിക്കുന്ന ഉപകരണമാണ് ലാന്റിങ് ഗിയർ. ടയറുകളും അനുബന്ധ ഉപകരണങ്ങളും ആണ് ഇതിലുണ്ടാവുക. വിമാനത്തിന്റെ ഉടലിന്റെ അടിയിലായാണ് ഇത് സ്ഥാപിക്കുക.
വിമാനത്തിന്റെ അക്ഷങ്ങൾ
തിരുത്തുകവിമാനത്തിന് അതിന്റെ ഗുരുത്വകേന്ദ്രത്തെ അടിസ്ഥാനമാക്കി മൂന്ന് അക്ഷങ്ങളിൽ ചലനസ്വാതന്ത്ര്യമുണ്ട്. ഇവ യഥാക്രമം യോ അക്ഷം,പിച്ച് അക്ഷം,റോൾ അക്ഷം എന്ന് അറിയപ്പെടുന്നു.ഈ മൂന്ന് അക്ഷങ്ങളിലും വിമാനത്തിനുണ്ടാവുന്ന ചലനം യഥാക്രമം യോ,പിച്ച്,റോൾ എന്ന് അറിയപ്പെടുന്നു[5]. എല്ലാ അക്ഷങ്ങളും ഗുരുത്വകേന്ദ്രത്തിലൂടെ കടന്നു പോകുന്നു.
- യോ:ചിറകുകളുടെ തലത്തിന് (plane) ലംബമായതുമായ അക്ഷമാണ് ഇത്.
വിമാനം വശങ്ങളിൽ നിന്ന് വശങ്ങളിലേക്ക് തിരിയുന്നത് യോ അക്ഷത്തിലാണ്.അതായത് വലത്തോട്ട് അല്ലെങ്കിൽ ഇടത്തോട്ട് എന്ന രീതിയിൽ. ഈ അക്ഷത്തിൽ വിമാനത്തിന് ദൃഢത നൽകുന്നത് വെർട്ടിക്കൽ സ്റ്റബിലൈസർ ആണ്.
- പിച്ച്: റോൾ അക്ഷത്തിന് ലംബമായതും ചിറകുകളുടെ തലത്തിന് സമാന്തരമായതുമായ അക്ഷമാണിത്.
വിമാനത്തിന്റെ ഉടലിന്റെ മുൻഭാഗം മുകളിലേക്കും താഴേക്കും ചലിക്കുന്നത് പിച്ച് അക്ഷത്തിലെ ചലനവ്യത്യാസം മൂലമാണ്. ഈ അക്ഷത്തിൽ വിമാനത്തെ ദൃഢമാക്കി നിർത്തുന്നത് ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ ആണ്.
- റോൾ: മറ്റു രണ്ട് അക്ഷങ്ങൾക്കും സമാന്തരമായതും വിമാനത്തിന്റെ ഉടലിന്റെ രണ്ടറ്റങ്ങളേയും ബന്ധിപ്പിക്കുന്ന മധ്യരേഖയിലൂടെ പോകുന്ന അക്ഷമാണ് റോൾ. വിമാനത്തെ അതിന്റെ റോൾ അക്ഷത്ത് ദൃഢമാക്കി നിർത്തുന്നത് ചിറകുകൾ ആണ്.
നിയന്ത്രണ പ്രതലങ്ങൾ
തിരുത്തുകഒരു വിമാനത്തിന് അതിന്റെ മൂന്ന് അക്ഷങ്ങളിലും സഞ്ചാരസ്വാതന്ത്ര്യം നൽകുന്നതിനായി ചലിപ്പിക്കാൻ സാധിക്കുന്ന ചില ഭാഗങ്ങൾ വിമാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു.
വിമാനങ്ങളെ കൂടാതെ മറ്റു പല ആകാശനൗകകളിലും ഇവയിലെ പലതും ഉപയോഗിക്കുന്നു.
- എലവേറ്റർ
വിമാനത്തിൻറെ പിച്ച് പ്രതലതിലുള്ള ചലനം നിയന്ത്രിക്കാൻ എലവേറ്റർ ഉപയോഗിക്കുന്നു. വിമാനച്ചിറകിൽ ആണ് എലവേറ്റർ സ്ഥിതി ചെയുനത്,എലവേറ്റർ വിമാനത്തെ ഉയരാൻ സഹായിക്കുന്നു.
- റഡ്ഡർ
വിമാനത്തിൻറെ യോ പ്രതലതിലുള്ള ചലനം നിയന്ത്രിക്കാൻ റഡ്ഡർ ഉപയോഗിക്കുന്നു. വിമാനത്തിൻറെ ശരീരഅക്ഷത്തിനു ലംബമായി അതിന്റെ വാലിൽ റഡ്ഡർ സ്ഥിതി ചെയുന്നു.വിമാനത്തെ വലത്തോട്ടും ഇടത്തോട്ടും തിരിയാൻ സഹായിക്കുന്നു.
- എയ്‌ലിറോൺ
വിമാനത്തിൻറെ റോൾ പ്രതലതിലുള്ള ചലനം നിയന്ത്രിക്കാൻ എയ്‌ലിറോൺ ഉപയോഗിക്കുന്നു.വിമാനത്തിൻറെ ശരീരഅക്ഷത്തിനു സാമാന്തരമായി അതിന്റെ വാലിൽ എയ്‌ലിറോൺ സ്ഥിതി ചെയുന്നു. വിമാനത്തെ വലത്തേ ഭാഗത്തേക്കും ഇടത്തെ ഭാഗത്തേക്കും ചെരിയാൻ അല്ലെങ്കിൽ തിരിയാൻ സഹായിക്കുന്നു.
നിയന്ത്രണ സാമഗ്രികൾ
തിരുത്തുകഎല്ലാ വിമാനങ്ങളിലും പൊതുവായി കാണപ്പെടുന്ന നിയന്ത്രണ ഉപാധികൾ.
- യോക് അല്ലെങ്കിൽ ജോയ്സ്റ്റിക്
- റഡ്ഡർ പെഡലുകൾ
- ത്രോട്ടിൽ
- ബ്രേക്കുകൾ
പൊതുവായി കാണപ്പെടുന്നതല്ലെങ്കിലും പല വിമാനങ്ങളിലും ഉപയോഗിക്കപ്പെടുന്ന മറ്റു ചില നിയന്ത്രണ ഉപാധികൾ.
- ഫ്ലാപ് ലിവർ
- സ്പോയിലർ ലിവർ
- ട്രിം കൺട്രോളുകൾ
- ടില്ലർ
- പാർക്കിങ് ബ്രേക്ക്
വിമാനത്തിൽ അനുഭവപ്പെടുന്ന ബലങ്ങൾ
തിരുത്തുകസ്ഥിരവേഗതയിൽ നേർരേഖയിൽ പറന്നു കൊണ്ടിരിക്കുന്ന ഒരു വിമാനത്തിൽ നാലു ബലങ്ങൾ അനുഭവപ്പെടും[6].
- ഉയർത്തൽ ബലം(ലിഫ്റ്റ്): വിമാനത്തിന് മുകളിലേക്ക് അനുഭവപ്പെടുന്ന ബലമാണ് ഇത്. ചിറകുകളാണ് മുഖ്യമായും ഉയർത്തൽ ബലം നൽകുന്നത്.
വിമാനത്തിന്റെ ഭാരത്തിന്റെ എതിർബലമാണ് ലിഫ്റ്റ്. ചിറകിനു പുറമെ മറ്റു ഭാഗങ്ങളും ഉയർത്തൽ ബലം നൽകുന്നുണ്ട്.
- വലിക്കൽ ബലം(ഡ്രാഗ്): വിമാനത്തിനെ പിന്നിലേക്ക് വലിക്കുന്ന ബലമാണ് ഡ്രാഗ്. വായുവുമായുള്ള ഘർഷണം മൂലമാണ് വലിക്കൽ ബലം മുഖ്യമായും ഉണ്ടാവുന്നത്. കൂടാതെ വിമാനത്തിന്റെ ഉപരിതല വിസ്തീർണ്ണം മൂലവും വലിക്കൽ ബലം ഉണ്ടാവുന്നു. എൻജിനുകൾ മുന്നോട്ട് നൽകുന്ന തള്ളൽ ബലത്തിന് (ത്രസ്റ്റ്) എതിരായാണ് ഡ്രാഗ് ബലം പ്രവർത്തിക്കുക.
വിമാനത്തിൽ ഉയർത്തൽ ബലം ഉണ്ടാവുന്ന എല്ലാ ഭാഗങ്ങളും വലിക്കൽ ബലത്തിനും കാരണമാകുന്നുണ്ട്. ഒരു അനഭിമതബലമാണ് ഡ്രാഗ്
വലിക്കൽ ബലം പരമാവധി കുറച്ച് ഉയർത്തൽ ബലം കൂട്ടുക എന്നതാണ് വായുഗതികത്തിന്റെ മുഖ്യ ലക്ഷ്യം.
- തള്ളൽ ബലം(ത്രസ്റ്റ്): വിമാനം മുന്നിലേക്ക് നീങ്ങുന്നത് തള്ളൽ ബലം(ത്രസ്റ്റ്) കൊണ്ടാണ്.എൻജിനുകളാണ് ഇത് നൽകുന്നത്.
- വിമാനത്തിന്റെ ഭാരം(വെയ്‌റ്റ്): വിമാനത്തിന്റെ എല്ലാ ഭാഗങ്ങളുടേയും, കൂടാതെ യാത്രക്കാർ,ചരക്ക് തുടങ്ങിയവയുടേയും ഭാരമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്.
വിമാനത്തിലെ സൂചനാ ഉപകരണങ്ങൾ
തിരുത്തുകവിമാനം പറക്കുമ്പോൾ അതിന്റെ സ്ഥിതിവിവരകണക്കുകൾ പൈലറ്റിന് ലഭ്യമാക്കാൻ കോക്പിറ്റിൽ ധാരാളം ഉപകരണങ്ങളുണ്ടായിരിക്കും. ഇവയിൽ ഇലക്‌ട്രോണിക് ഉപകരണങ്ങളെ ഏവിയോണിക്സ് എന്നു പറയുന്നു. എന്നാൽ ഇലക്‌ട്രോണിക് അല്ലാത്ത യന്ത്രോപകരണങ്ങളെ സൂചിപ്പിക്കാൻ 'സ്റ്റീം ഗെയ്‌ജസ്' എന്ന പദമുപയോഗിക്കുന്നു.
ഈ ഉപകരണങ്ങൾ നീരാവിയിലൊന്നുമല്ല പ്രവർത്തിക്കുന്നത്.ഒരു സൂചനാ പദം മാത്രമാണ് 'സ്റ്റീം ഗെയ്‌ജസ്'. ഏറ്റവും കൂടുതൽ ഇലക്‌ട്രോണിക് സൂചനാ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുന്ന കോക്പിറ്റിനെ ഗ്ലാസ്സ് കോക്പിറ്റ് എന്നു പറയുന്നു.
വിമാനങ്ങളിൽ കാണപ്പെടുന്ന അടിസ്ഥാന സൂചനാ ഉപകരണങ്ങൾ.
- എയർസ്പീഡ് ഇൻഡിക്കേറ്റർ: ചുറ്റുമുള്ള അന്തരീക്ഷ വായുവിന് ആപേക്ഷികമായി വിമാനത്തിന്റെ വേഗത നിർണ്ണയിക്കുന്നു.
- അൾട്ടിമീറ്റർ: നിലത്തിൽ നിന്നോ ശരാശരി സമുദ്ര നിരപ്പിൽ നിന്നോ ഉള്ള വിമാനത്തിന്റെ ഉന്നതി അളക്കുന്നു.
- ആറ്റിറ്റ്യൂഡ് ഇൻഡിക്കേറ്റർ: വിമാനത്തിന്റെ പിച്ച്,റോൾ, അക്ഷങ്ങളിലുള്ള ചലനം കൃത്യമായി സൂചിപ്പിക്കുന്നു.ഈ ഉപകരണത്തിന് 'ആർട്ടിഫിഷ്യൽ ഹോറിസോൺ' എന്നും പറയുന്നു
വിമാനങ്ങളിൽ കാണപ്പെടുന്ന മറ്റു ചില സൂചനാ ഉപകരണങ്ങൾ.
- ടേൺ കോർഡിനേറ്റർ:
- റേറ്റ് ഓഫ് ക്ലൈംബ് ഇൻഡികേറ്റർ:
- ഹോറിസോണ്ടൽ സിറ്റ്വേഷൻ ഇൻഡികേറ്റർ
- പ്രൈമറി ഫ്ലൈറ്റ് ഡിസ്പ്ലെയ്സ്
- വെതർ റഡാർ
വിമാനങ്ങളെ തരംതിരിക്കൽ
തിരുത്തുകവിമാനങ്ങളെ അവയിലെ വിവിധ ഭാഗങ്ങളുടെ ആകൃതി,എണ്ണം,സ്ഥാനംഎന്നിവ അടിസ്ഥാനത്തിൽ പല രീതികളിൽ തിരിക്കാം.
- ഫ്യൂസ്‌ലേജ് അടിസ്ഥാനമാക്കി
- എൻജിനുകളെ അടിസ്ഥാനമാക്കി
- ചിറകുകളെ അടിസ്ഥാനപ്പെടുത്തി
- ടെയിൽപ്ലൈൻ അടിസ്ഥാനപ്പെടുത്തി
- ലാന്റിംഗ് ഗിയർ അടിസ്ഥാനപ്പെടുത്തി
- ഉപയോഗത്തെ അടിസ്ഥാനപ്പെടുത്തി
- വേഗത്തെ അടിസ്ഥാനപ്പെടുത്തി
- പറന്നുയരുന്നതിന്റേയും താഴ്ന്നിറങ്ങുന്നതിന്റേയും അടിസ്ഥാനത്തിൽ
എന്നിങ്ങനെ തരം തിരിക്കാറുണ്ട്.
ഫ്യൂസ്‌ലേജ് അടിസ്ഥാനമാക്കി
തിരുത്തുക- എണ്ണത്തെ അടിസ്ഥാനപ്പെടുത്തി
- ഒരു ഫ്യൂസ്‌ലേജ്:
- ഇരട്ട ഫ്യൂസ്‌ലേജ്:
- ഗൺഡോല:
- ആകൃതി അടിസ്ഥാനപ്പെടുത്തി
- ചതുരാകൃതി
- ഓവൽ ആകൃതി
- വൃത്താകൃതി
എൻജിനുകളെ അടിസ്ഥാനപ്പെടുത്തി
തിരുത്തുകവിവിധ തരം എൻജിനുകൾ വിമാനങ്ങൾ ഉപയോഗിക്കുന്നു.സഞ്ചരിക്കേണ്ട വേഗത,ഉന്നതി,വഹിക്കേണ്ട ഭാരം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്.ഒറ്റ എൻജിനുകളും ഇരട്ട എൻജിനുകളും ഉള്ള വിമാനങ്ങൾ കാണപ്പെടുന്നു.സാധാരണ വിമാനത്തിന്റെ ചിറകുകളിലാണ് എൻജിനുകൾ സ്ഥാപിക്കുക.ചില വിമാനങ്ങളിൽ ഫ്യൂസ്‌ലേജിന്റെ താഴെയോ മുകളിലോ ആയും എൻജിനുകൾ സ്ഥാപിക്കുന്നു.Antonov An-225 വിമാനത്തിന് ചിറകുകളിൽ സ്ഥാപിച്ച ആറ് എൻജിനുകൾ ആണുള്ളത്.
പ്രൊപ്പല്ലർ എൻജിൻ
തിരുത്തുകആദ്യകാല വിമാനങ്ങളിൽ പിസ്റ്റൺ എൻജിൻ ഉപയോഗിച്ചായിരുന്നു പ്രൊപ്പല്ലർ തിരിച്ചിരുന്നത്.എന്നാൽ ജെറ്റ് എൻജിൻ ഉപയോഗിച്ച് തിരിക്കുന്ന പ്രൊപ്പല്ലറുകളുള്ള ടർബോപ്രോപ് എൻജിനുകളാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്.റൈറ്റ് സഹോദരന്മാർക്ക് ശേഷം രണ്ടാം ലോകമഹായുദ്ധം വരെ (1940) പിസ്റ്റൺ എൻജിനുകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്[7].ഇന്ന് സ്വകാര്യ ആവശ്യങ്ങൾക്കും മറ്റുമുള്ള ഭാരം കുറഞ്ഞ വിമാനങ്ങളിൽ മാത്രമേ പിസ്റ്റൺ എൻജിൻ കാണപ്പെടുന്നുള്ളൂ.ഒരു അമേരിക്കൻ പോർവിമാനമായ Grumman F8F Bearcat ആണ് പിസ്റ്റൺ എൻജിൻ വിമാനങ്ങളിൽ ഏറ്റവും വേഗം കൈവരിക്കാൻ സാധിച്ചവ.മണിക്കൂറിൽ 850 കിലോമീറ്ററോളം വേഗതയിൽ അവയ്ക്ക് പറക്കാൻ സാധിച്ചിരുന്നു[8].
ജെറ്റ് എൻജിനുകളേക്കാൾ ശബ്ദം കുറവായിരിക്കും പ്രൊപ്പല്ലർ എൻജിനുകൾക്ക്.സമാന വലിപ്പമുള്ള ജെറ്റ് എൻജിനുകളെ അപേക്ഷിച്ച് കുറഞ്ഞ വേഗതയും,ചെറിയ ലോഡ് കപ്പാസിറ്റിയും,ചെറിയ ഉന്നതിയും കൈവരിക്കാൻ മാത്രമേ ഈ എൻജിനുകൾ കൊണ്ട് കഴിയൂ. ധനചെലവ് കുറവായതിനാൽ കുറച്ചു യാത്രക്കാരും ചരക്കും മാത്രമുള്ള യാത്രകൾക്ക് പ്രൊപ്പല്ലർ എൻജിനുകൾ ഉപയോഗിക്കുന്നു.
ജെറ്റ് എൻജിനുകളുടേയും പ്രൊപ്പല്ലർ എൻജിനുകളുടേയും സാധ്യതകൾ ഉപയോഗിക്കുന്ന എൻജിനുകളാണ് ടർബോപ്രോപ്. ഇവയിൽ റെസിപ്രൊകേറ്റിംഗ് അഥവാ പിസ്റ്റൺ എൻജിനുകൾക്ക് പകരം (ജെറ്റ് എൻജിനുകളിലുപയോഗിക്കുന്ന) ടർബൈൻ ആണ് പ്രൊപ്പല്ലർ കറക്കാൻ ഉപയോഗിക്കുന്നത്.ചെറിയ യാത്രകൾക്കും മറ്റും ഏറ്റവും അനുയോജ്യമായ എയർക്രാഫ്റ്റ് എൻജിനുകളാണിവ.
ജെറ്റ് എൻജിൻ
തിരുത്തുകജെറ്റ് എൻജിൻ ഉപയോഗിക്കുന്ന വിമാനങ്ങളിൽ തള്ളൽ ബലം (ത്രസ്റ്റ്) ലഭിക്കുന്നത് ടർബൈൻ ഉപയോഗിച്ചാണ്. പിസ്റ്റൺ എൻജിനുകളേക്കാൾ ശക്തി കൂടുതലുള്ള എൻജിനുകളാണിവ.പ്രൊപ്പല്ലർ ഉപയോഗിക്കുന്ന വിമാനങ്ങളേക്കാൾ ഭാരം വഹിക്കാനും ഉയരത്തിൽ പറക്കാനും ജെറ്റ് വിമാനങ്ങൾക്ക് കഴിയും.എന്നാൽ പ്രൊപ്പല്ലർ എൻജിനുകളേക്കാൾ വളരെയധികം ശബ്ദമലിനീകരണത്തിന് കാരണമാവുന്നവയാണ് ജെറ്റ് എൻജിനുകൾ.രൂപകല്പനയെ അടിസ്ഥാനമാക്കി വിവിധ തരം ജെറ്റ് എൻജിനുകൾ നിലവിലുണ്ട്.ടർബോഫാൻ ജെറ്റ് എൻജിനുകൾ താരതമ്യേന കുറഞ്ഞ ശബ്ദമലിനീകരണം മാത്രമേ ഉണ്ടാക്കുന്നുള്ളൂ.അതു കൊണ്ട് തന്നെ ഇവ വ്യാപകമായി ഉപയോഗിക്കുന്നു.
1931ൽ ജർമ്മനിയിൽ ആണ് ജെറ്റ് വിമാനങ്ങളുടെ ഉദ്ഭവം[9].Heinkel He 178 എന്നറിയപ്പെട്ട ആദ്യത്തെ ജെറ്റ് വിമാനം 1939ൽ ജർമ്മനിയിലെ Marienehe എയർഫീൽഡിൽ പരീക്ഷണപ്പറക്കൽ നടത്തി.ആദ്യത്തെ ജെറ്റ് പോർവിമാനമായ Messerschmitt Me 262[10] 1943ൽ ജർമ്മൻ വായു സേനാ വ്യൂഹത്തിൽ അംഗമായി.ആദ്യ ജെറ്റ് യാത്രാ വിമാനമായ de Havilland Comet 1950 കളുടെ തുടക്കത്തിൽ ബ്രിട്ടണിൽ ഉപയോഗത്തിൽ വന്നു.
റാംജെറ്റ്
തിരുത്തുകഎൻജിനുകളിൽ ഏറ്റവും ലളിതമായതാണ് റാം ജെറ്റ്.ഇതിൽ ചലിക്കുന്ന ഒരു ഭാഗവും ഉൾക്കൊള്ളുന്നില്ല.പ്രത്യേക രീതിയിൽ രൂപകല്പന ചെയ്ത ഒരു കുഴൽ മാത്രമാണ് ഈ എൻജിൻ .അതിനാൽ തന്നെ ഒരു വിധത്തിലുള്ള പരിപാലനവും വേണ്ട.പക്ഷേ താരതമ്യേന വളരെ വേഗതയിൽ (1600km/hr ൽ കൂടുതൽ ) സഞ്ചരിക്കുന്ന വിമാനങ്ങളിൽ മാത്രമേ ഇതു പ്രവർത്തിക്കുകയുള്ളൂ.അതായത് വിമാനം മറ്റൊരു എൻജിൻ ഉപയോഗിച്ച് അത്രത്തോളം വേഗം ആദ്യം കൈവരിക്കണം എന്നിട്ടേ റാം ജെറ്റ് പ്രവർത്തനക്ഷമമാക്കാൻ സാധിക്കുകയുള്ളൂ. ശബ്ദാദി വേഗതയിൽ പറക്കുന്ന വിമാനങ്ങളിൽ റാം ജെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും മിസൈലുകളിൽ ആണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്.
റോക്കറ്റ് എൻജിൻ
തിരുത്തുകമറ്റ് വിമാന എൻജിനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് റോക്കറ്റ് എൻജിനുകളുടെ പ്രവർത്തനരീതി.പ്രവർത്തിക്കാൻ ഈ എൻജിനുകൾ അന്തരീക്ഷവായുവിനെ ഒരു തരത്തിലും ആശ്രയിക്കുന്നില്ല.സാധാരണ മറ്റു എൻജിനുകളെ (ഉദാ: റാം ജെറ്റ്)സഹായിക്കുന്ന സഹായക എൻജിൻ ആയാണ് ഇവ വിമാനങ്ങളിൽ ഉപയോഗിക്കുന്നത്.ലംബമായി പറന്നു പൊങ്ങാൻ സാധിക്കുന്ന വി.ടി.ഒ.എൽ (വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാന്റിംഗ്) വിമാനങ്ങളിലും റോക്കറ്റ് എൻജിനുകൾ ഉപയോഗിക്കുന്നു. പൊതുവേ ബഹിരാകാശ വാഹനങ്ങൾ റോക്കറ്റ് എൻജിനുകളെ മാത്രമാണ് ആശ്രയിക്കുന്നത്.
ചിറകുകളെ അടിസ്ഥാനപ്പെടുത്തി
തിരുത്തുക- ചിറകുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിമാനങ്ങളെ തരംതിരിക്കാം.
വിമാനത്തിന്റെ ഉടലിന്റെ രണ്ടു വശത്തേയും കൂടി ഒരു ചിറക് ഉള്ള വിമാനങ്ങളാണ് മോണോപ്ലെയ്‌ൻ. ഇത്തരത്തിൽ രണ്ട് ചിറകുകളുള്ള വിമാനങ്ങളാണ് ബൈപ്ലെയ്‌ൻ.ഒന്നിനു മുകളിൽ ഒന്നായാണ് ഈ ചിറകുകൾ കാണപ്പെടുക.ട്രൈപ്ലെയ്‌നും ക്വാഡ്രാപ്ലെയ്‌നും വിരളമായി കാണപ്പെടുന്നു.
- ചിറകുകളുടെ പൊസിഷൻ അടിസ്ഥാനപ്പെടുത്തി വിമാനങ്ങളെ തരംതിരിക്കാം.
ഹൈ വിംഗ്: വിമാനത്തിന്റെ ഉടലിന്റെ (ഫ്യൂസ്‌ലേജ്) മുകളിൽ സ്ഥാപിച്ച ചിറകുകളുള്ളവ
മിഡ് വിംഗ്: ചിറകുകൾ ഫ്യൂസ്‌ലേജിന്റെ മധ്യഭാഗത്ത്
ലോ വിംഗ്: ചിറകുകൾ ഫ്യൂസ്‌ലേജിന്റെ താഴ്ഭാഗത്ത്
പാരസോൾ വിംഗ്: ചിറകുകൾ വിമാനത്തിന്റെ ഉടലിൽ നേരിട്ട് ഉറപ്പിച്ചിട്ടുണ്ടാവില്ല.പകരം ചില താങ്ങുകൾ ഉപയോഗിച്ചായിരിക്കും ചിറകുകൾ സ്ഥാപിച്ചിരിക്കുക.
- ചിറകുകളുടെ ആകൃതി അടിസ്ഥാനമാക്കി
എലിപ്സ് ആകൃതിയും ചതുരാകൃതിയും ഉള്ള ചിറകുകളുള്ള വിമാനങ്ങൾ കാണപ്പടുന്നു.
ടാപേർഡ് വിംഗ്:ചില തരം ചിറകുകളുടെ ആകൃതി, ഫ്യൂസിലേജുമായി ഉറപ്പിക്കപ്പെട്ട അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വരുന്തോറും വീതി കുറഞ്ഞവയായിരിക്കും.ഇവ ടാപേർഡ് വിംഗ് എന്നറിയപ്പെടുന്നു.വിമാനത്തിൽ അനുഭവപ്പെടുന്ന വലിക്കൽ ബലം(ഡ്രാഗ്) കുറക്കാൻ വേണ്ടിയാണ് ഈ ആകൃതി സ്വീകരിക്കുന്നത്[11].
സ്വെപ്റ്റ് ബാക്ക്,സ്വെപ്റ്റ് ഫോർവേർഡ് ചിറകുകൾ:കുറഞ്ഞ വേഗങ്ങളിൽ പറക്കുന്ന വിമാനങ്ങളുടെ ചിറകുകൾ വിമാനത്തിന്റെ ഉടലുമായി ലംബമായാണ് സ്ഥാപിക്കുക.എന്നാൽ ഉന്നത വേഗം കൈവരിക്കാവുന്ന വിമാനങ്ങളിൽ ചിറകുകൾ പിറകിലോട്ടോ മുൻപോട്ടോ അല്പം ചരിഞ്ഞവയായിരിക്കും.ഇത്തരം ചിറകുകൾ സ്വെപ്റ്റ് ബാക്ക്,സ്വെപ്റ്റ് ഫോർവേർഡ് എന്ന് യഥാക്രമം വിളിക്കപ്പെടുന്നു.
ഡെൽറ്റ വിംഗ്:തികോണാകൃതി ഉള്ള ചിറകുകളാണ് ഡെൽറ്റ വിംഗ്.ഇത്തരം വിമാനങ്ങളിൽ ഹോറിസോണ്ടൽ സ്റ്റബിലൈസർ കാണുകയില്ല.
ഗൾ വിംഗ്: വിമാനങ്ങളുടെ ചിറക് വളഞ്ഞാണ് കാണപ്പെടുന്നതെങ്കിൽ അത്തരം ചിറകുകളാണ് ഗൾ എന്നറിയപ്പെടുന്നത്.
-
B-52 Stratofortress താരതമ്യേന കൂടിയ സ്വെപ്റ്റ് ബാക്ക് ആംഗിൾ ഉള്ള വിമാനം.
-
Grumman X-29 സ്വെപ്റ്റ് ഫോർവേഡ് ചിറകുള്ള പരീക്ഷണ വിമാനം.
-
ഏവ്രോ വൾക്കൻ ഡെൽറ്റ വിംഗ് ഉള്ള ബ്രിട്ടീഷ് പോർവിമാനം.
-
DFS Habicht ഗൾ ചിറകുള്ള ഒരു ഗ്ലൈഡർ
ടെയ്ൽപ്ലെയ്ൻ അടിസ്ഥാനപ്പെടുത്തി
തിരുത്തുക- പരമ്പരാഗത ഡിസൈൻ: അതായത് ടെയ്ൽപ്ലെയ്ൻ അഥവാ ഹോറിസോണ്ടൽ സ്റ്റബിലൈസർ ചിറകുകളുടെ പിന്നിൽ വെർട്ടിക്കൽ സ്റ്റബിലൈസറിന് താഴെയായി കാണപ്പെടുന്നു.
- ടി-ടെയ്ൽ: ടെയിൽപ്ലെയ്ൻ വെർട്ടിക്കൽ സ്റ്റബിലൈസറിന്റെ മുകളിലായി കാണപ്പെടുന്നു.
- കാനാർഡ് ടൈപ്പ്: ടെയ്ൽപ്ലെയ്ൻ ചിറകിനു മുൻപിലായി കാണപ്പെടുന്നു.ചില കാനാർഡ് ടൈപ്പ് വിമാനങ്ങളിൽ ടെയ്ൽപ്ലെയ്ൻ ഫ്യൂസ്‌ലേജിന്റെ ഏറ്റവും മുൻപിലായും സ്ഥാപിക്കുന്നു.
- വി-ടെയ്ൽ: ഇത്തരം വിമാനങ്ങളിൽ ഹോറിസോണ്ടൽ സ്റ്റബിലൈസറിനു പുറമെ വെർട്ടിക്കൽ സ്റ്റബിലൈസറും ഇല്ല.പകരം 'V' ആകൃതിയിലുള്ള ചെറിയ ചിറകായിരിക്കും ആ സ്ഥാനത്തുണ്ടാവുക.
- ക്രൂസിഫോം ടെയ്ൽ: ടെയ്ല്പ്ലെയ്ൻ വെർട്ടിക്കൽ സ്റ്റബിലൈസറിന്റെ മധ്യഭാഗത്തായി സ്ഥാപിക്കുന്നു.വിമാനത്തിന്റെ മുൻപിൽ നിന്ന് നോക്കുമ്പോൾ കുരിശാകൃതി തോന്നുന്നതു കൊണ്ടാണ് ഈ പേര്.
- ട്വിൻ ടെയ്ൽ: രണ്ടു വെർട്ടിക്കൽ സ്റ്റബിലൈസറിന് ഇടയിലായി ടെയ്ല്പ്ലെയ്ൻ സ്ഥാപിക്കുന്നു. H-ടെയ്ൽ വിമാനങ്ങൾ എന്നും ഇത്തരം വിമാനങ്ങളെ വിളിക്കുന്നു.
- ട്വിൻ ബൂം: ഇത്തരം വിമാനങ്ങളിൽ രണ്ടു വെർട്ടിക്കൽ സ്റ്റബിലൈസറുകൾ രണ്ട് ഫ്യൂസിലേജിന്റെയോ അല്ലെങ്കിൽ ഒരു ഫ്യൂസ്‌ലേജിന്റെ ഇരുവശത്തും രണ്ട് ചിറകുകളുടെ പിൻഭാഗത്തായി സ്ഥാപിക്കുന്നു.ടെയ്ല്പ്ലെയ്ൻ ഈ രണ്ട് വെർട്ടിക്കൽ സ്റ്റബിലൈസറുകളേയും ബന്ധിപ്പിച്ച് സ്ഥാപിക്കുന്നു.
-
ടി ടെയ്ൽ ഉള്ള ഒരു ബ്രിട്ടീഷ് വിമാനം
-
Piaggio P180 Avanti കാനാർഡ്,ഫ്യൂസിലേജിന്റെ മുൻപിൽ സ്ഥാപിച്ചിരിക്കുന്നു
-
Robin ATL L വി-ടെയ്ൽ ഉള്ള ഒരു ഭാരം കുറഞ്ഞ വിമാനം
-
BAe Jetstream 31 ക്രൂസിഫോം ടെയ്ൽ ഉള്ള വിമാനം.
-
B-25 Mitchell ട്വിൻ ടെയ്ൽ ഉള്ള വിമാനം.
-
de Havilland Sea Vixen ടെയ്ൽ ബൂം വിമാനം ഒരു എയർഷോയിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ
ലാന്റിംഗ് ഗിയർ അടിസ്ഥാനപ്പെടുത്തി
തിരുത്തുക- മടക്കിവെക്കാവുന്ന ലാന്റിംഗ് ഗിയർ
- മടക്കിവെക്കാൻ പറ്റാത്തത്
- ടെയ്ൽ വീൽ
- നോസ് വീൽ
ഉപയോഗത്തെ അടിസ്ഥാനപ്പെടുത്തി
തിരുത്തുക- സിവിൽ
- കാർഗോ
- മിലിട്ടറി
- ബോംബർ
- ഫൈറ്റർ
വേഗതയെ അടിസ്ഥാനപ്പെടുത്തി
തിരുത്തുകസഞ്ചരിക്കുന്ന വേഗതയെ അടിസ്ഥാനമാക്കി വിമാനങ്ങളെ നാലായി തരം തിരിക്കാം[12].വിവിധ വിമാനങ്ങളുടെ മാക് സംഖ്യ (M) താരതമ്യം ചെയ്താണ് ഈ നാലു വിഭാഗങ്ങളെ നിർണ്ണയിക്കുന്നത് (വിമാനത്തിന്റെ വേഗതയും ശബ്ദവേഗതയും തമ്മിലുള്ള അനുപാതമാണ് മാക് സംഖ്യ).
- സബ്സോണിക് :
- ട്രാൻസോണിക് :
- സൂപ്പർസോണിക് :
- ഹൈപ്പർസോണിക് :
സബ്സോണിക് വിമാനം
തിരുത്തുകമാക് സംഖ്യ ഒന്നിനേക്കാൾ കുറവായ വിമാനങ്ങളെ (M<1) സബ്സോണിക് എന്നു പറയുന്നു. അതായത് ശബ്ദ വേഗതയേക്കാൾ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന വിമാനങ്ങളാണിവ.മാക് സംഖ്യ വളരെ കുറഞ്ഞ വിമാനങ്ങളിൽ സമ്മർദ്ദനീയതാ പ്രഭാവങ്ങൾ(compressibility Effects) അവഗണിക്കാം.യാത്ര,ചരക്കുഗതാഗതം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന വിമാനങ്ങളെല്ലാം സബ്സോണിക് ആണ്.
ട്രാൻസോണിക്
തിരുത്തുകവിമാനത്തിന്റെ വേഗത ശബ്ദ വേഗതയോടടുക്കുമ്പോൾ മാക് സംഖ്യ ഏകദേശം '1' ആയിരിക്കും.(M=1).ഇത്തരം വിമാനങ്ങളാണ് ട്രാൻസോണിക്. ഈ അവസ്ഥയിൽ വിമാനത്തിന്റെ ചില ഭാഗങ്ങളുടെ വേഗത ശബ്ദ വേഗതയെ മറികടക്കുന്നു.വായുവിന്റെ സങ്കോചക്ഷമതാ പ്രഭാവങ്ങൾ പ്രധാനമാണ്. ശബ്ദവേഗത മുറിച്ചു കടക്കുന്ന അവസ്ഥയിൽ ഒരു ശബ്ദപ്രതിരോധത്തിന്റെ (sound barrier) തടസ്സം വിമാനം നേരിടേണ്ടി വരുന്നു.(സങ്കോചക്ഷമതാ പ്രഭാവങ്ങൾ മൂലം വിമാനത്തിന്റെ പിന്തള്ളൽ ബലം (drag force) വർദ്ധിക്കുകയാണ് സൗണ്ട് ബാരിയർ എന്നതു കൊണ്ടുദ്ദേശിക്കുന്നത്.)
സൂപ്പർ സോണിക്
തിരുത്തുകമാക് സംഖ്യ ഒന്നിനേക്കാൽ കൂടുലുള്ള വിമാനങ്ങളാണ് ഇവ(1<M<3).ഇത്തരം വിമാനങ്ങളുടെ രൂപകല്പനാവേളയിൽ സങ്കോചക്ഷമതാ പ്രഭാവങ്ങൾ വളരെയധികം പ്രാധാന്യമർഹിക്കുന്നു.ഇത്തരം വിമാനങ്ങളുടെ ഉടലിൽ നിന്ന് ആഘാത തരംഗങ്ങൾ(shock waves) പുറപ്പെടും.
മാക് സംഖ്യ മൂന്നിനും അഞ്ചിനും ഇടയിലാണെങ്കിൽ അത്തർം വിമാനങ്ങളാണ് ഹൈ സൂപ്പർസോണിക്(3<M<5).സങ്കോചക്ഷമതാ പ്രഭാവങ്ങൾക്കു പുറമെ വായുഗതികത്വ താപനവും പ്രധാനമാണ്.
ഹൈപ്പർ സോണിക്
തിരുത്തുകശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന വിമാനങ്ങളാണ് ഹൈപ്പർ സോണിക് (M>5).ഈ അവസ്ഥയിൽ വിമാനത്തിന്റെ ഊർജ്ജത്തിൽ നിന്നും ഒരു ഭാഗം അന്തരീക്ഷത്തിലെ തന്മാത്രകളിലേക്ക് പ്രവഹിക്കുന്നു. സ്പേസ് ഷട്ടിലുകൾ ബഹിരാകാശത്തു നിന്ന് ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത് ശബ്ദവേഗതയുടെ അഞ്ചിരട്ടി വേഗതയിലാണ്( M~25 ).ഇത്തരം വേഗതക്ക് ഹൈ ഹൈപ്പർസോണിക് അഥവാ പുനപ്രവേശന വേഗത എന്നു പറയുന്നു.ഈ വേഗതയിൽ അന്തരീക്ഷ വായുവുമായുണ്ടാവുന്ന ഉരസൽ മൂലം വിമാനത്തിന്റെ ഉടലിനു ചുറ്റും അത്യധികം താപം ഉത്പാദിപ്പിക്കപ്പെടും.
പറന്നുയരുന്നതിന്റേയും താഴ്ന്നിറങ്ങുന്നതിന്റേയും അടിസ്ഥാനത്തിൽ
തിരുത്തുക- സി.ടി.ഒ.എൽ - Conventional Take-off and Landing
- എസ്.ടി.ഒ.എൽ - short take-off and landing
- എസ്.ടി.ഒ.വി.എൽ - Short Take Off and Vertical Landing
- വി.ടി.ഒ.എൽ - Vertical Take-Off and Landing
- വി/എസ്.ടി.ഒ.എൽ - Vertical/Short Take-Off and Landing
- വി.ടി.ഒ.എച്.എൽ - Vertical Take-Off Horizontal Landing
പ്രത്യേക തരം വിമാനങ്ങൾ
തിരുത്തുക- ഫ്ലൈയിംഗ് വിംഗ്: പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു പറക്കും ചിറക് ആണ് ഇത്തരം വിമാനങ്ങൾ.യഥാർത്ഥത്തിൽ ഇത്തരം വിമാനങ്ങളിൽ വേറിട്ട ഫ്യൂസ്‌ലേജോ ഹോറിസോണ്ടൽ,വെർട്ടിക്കൽ സ്റ്റബിലൈസറുകളോ കാണപ്പെടുന്നില്ല.
- ബ്ലെന്റഡ് വിങ് ബോഡി: വിമാനത്തിന്റെ ഉടലും ചിറകും കൂട്ടിച്ചേർത്തുള്ള പ്രത്യേക രൂപകല്പനയാണിത്.ഫ്ലൈയിങ് വിങിന്റയും സാധാരണ വിമാനരൂപകല്പനയുടേയും സങ്കരമാണ് ബ്ലെന്റഡ് വിങ് ബോഡി (BWB).
- ലിഫ്റ്റിംഗ് ബോഡി: ചിറകുകളേ ഇല്ലാത്ത വിമാനമാണ് ഇത്തരം വിമാനങ്ങൾ.പേരു സൂചിപ്പിക്കുന്നതു പോലെ വിമാനത്തിന്റെ ഉടലാണ് ചിറകിനു പകരം ഉയർത്തൽ ബലം അഥവാ ലിഫ്റ്റ് ഉത്പാദിപ്പിക്കുന്നത്.
- ടാൻഡം വിംഗ്: രണ്ടു ചിറകുകൾ ഉപയോഗിക്കുന്ന വിമാനങ്ങളാണിവ.എന്നാൽ ബൈപ്ലെയ്നിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇവ.മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ചിറക് കാനാർഡ് വിമാനത്തിലേതു പോലെ ടെയ്ൽപ്ലെയ്നിന്റെ ധർമ്മം നിർവ്വഹിക്കുന്നവയാണ്.കൂടാതെ രണ്ടു ചിറകും ഉയർത്തൽ ബലം നൽകുകയും ചെയ്യും.എന്നാൽ ബൈപ്ലെയ്നിൽ ടെയ്ൽപ്ലെയ്ൻ വേറിട്ടാണ് കാണപ്പെടുക.
- സ്വിംഗ് വിങ് വിമാനം: സാധാരണ ഉയർന്ന വേഗതയിൽ പറക്കുന്ന വിമാനങ്ങളിൽ സ്വെപ്റ്റ് ചിറകുകളും താഴ്ന്ന വേഗതയിൽ പറക്കുന്നവയിൽ ഫ്യൂസ്‌ലേജുമായി ലംബമായി സ്ഥാപിക്കുന്ന സാധാരണ ചിറകുകളുമാണ് കാണപ്പെടുക.എന്നാൽ സ്വിംഗ് വിങ് വിമാനങ്ങളിൽ പൈലറ്റിന് ഈ രണ്ട് തരം ചിറകുകളും ഇഷ്ടാനുസരണം ഉപയോഗിക്കാൻ സാധിക്കും.ഉയർന്ന വേഗതയിൽ പറക്കുമ്പോൾ ചിറകുകളെ സ്വെപ്റ്റ് ആക്കുകയും ചെറിയ വേഗതയിൽ പറക്കുമ്പോൾ തിരിച്ച് സാധാരണ സ്ഥാനം കൈവരിപ്പിക്കുകയും ചെയ്യുന്നു.
- ടെയ്ൽ സിറ്റർ വിമാനം: ചിറകുകളിൽ പറന്നുയരാനും താഴ്ന്നിറങ്ങാനും കഴിവുള്ള വി.ടി.ഒ.എൽ. വിമാനങ്ങളാണ് ഇവ.
ഇത്തരം ചില വിമാനങ്ങളുടെ ചിറകറ്റത്ത് ചെറിയ ജെറ്റ് എൻജിനുകളും കാണപ്പെടുന്നു.
- ലിഫ്റ്റ് ഫാൻ: പ്രത്യേക തരം വി.ടി.ഒ.എൽ. വിമാനങ്ങളാണ് ഇവ.സാധാരണ വി.ടി.ഒ.എൽ. വിമാനങ്ങളിൽ ലിഫ്റ്റ് ലഭ്യമാക്കുന്ന എൻജിനുകൾ ചിറകുകളിൽ തന്നെയാണ് സ്ഥാപിക്കുന്നത്.എന്നാൽ ലിഫ് ഫാൻ വിമാനങ്ങളിൽ ടർബോപ്രോപ് പോലുള്ള ഒരു ഫാൻ ഫ്യൂസിലേജിൽ കോക്പിറ്റിന് പിറകിലായി മുകളിലേക്ക് തുറന്ന് സ്ഥാപിക്കുന്നു.ഈ ഫാൻ ആണ് വിമാനത്തിന് ഉയർത്തൽ ബലം നൽകുന്നത്.
- സ്റ്റെൽത്ത് വിമാനം: ഇത്തരം വിമാനങ്ങളെ റഡാറുകൾക്ക് കണ്ടുപിടിക്കാൻ അസാധ്യമാണ്.സ്റ്റെൽത്ത് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ[13] ഉപയോഗിക്കുന്ന ഇത്തരം വിമാനങ്ങൾ പോർവിമാനങ്ങളാണ്.വിമാനത്തിന്റെ ആകൃതി, ഉടൽ നിർമ്മിച്ചിരിക്കുന്ന മറ്റീരിയൽ എന്നിവയുടെ പ്രത്യേകത കൊണ്ടും റഡാർ ആഗിരണ പദാർത്ഥങ്ങൾ ഉപയോഗിച്ചുമാണ് സ്റ്റെൽത്ത് വിമാനങ്ങൾ റഡാറുകളുടെ കണ്ണു വെട്ടിക്കുന്നത്.
- ഫോൾഡിങ് വിംഗ്: സ്ഥലം ലാഭിക്കാൻ വേണ്ടി ചിറകുകൾ മടക്കിവെക്കാവുന്ന വിമാനങ്ങളാണിവ.നാവികസേനകളുടെ വിമാനവാഹിനി കപ്പലുകളിലാണ് ഇവയുടെ ഉപയോഗം കൂടുതൽ.പക്ഷേ ഇവയുടെ ചിറകുകൾ സാധാരണ ചിറകുകളെ അപേക്ഷിച്ച് ഭാരക്കൂടുതലുള്ളവയും സങ്കീർണ്ണമായ ഭാഗങ്ങൾ ഉള്ളവയുമായിരിക്കും.
- ടെയ്ൽ ലെസ്സ് വിമാനം: ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ കാണപ്പെടാത്ത വിമാനങ്ങളാണിവ.ഹൊറിസോണ്ടൽ കണ്ട്രോളുകൾ ഇവയുടെ പ്രധാന ചിറകിലായിരിക്കും കാണപ്പെടുക.
ഇവ ഡെൽറ്റ വിമാനങ്ങളോ അല്ലെങ്കിൽ സാധാരണ ചിറകുള്ള വിമാനങ്ങൾ തന്നെയോ ആവാം.
-
Northrop YB-49 ഫ്ലൈയിംഗ് വിംഗ്.
-
Computer-generated model of the NASA BWB.
-
The Martin Aircraft Company X-24 ലിഫ്റ്റിംഗ് ബോഡി,ഒരു പരീക്ഷണ പോർവിമാനം.
-
QAC Quickie Q2 ടാൻഡം വിംഗ് വിമാനം.
-
ലോക്ഹീഡ് XFV,ഒരു ടെയ്ൽ സിറ്റർ വിമാനം.
-
X-35B ലിഫ്റ്റ് ഫാൻ.
-
B-2 സ്പിരിറ്റ്, അമേരിക്കൻ വ്യോമസേനയുടെ സ്റ്റെൽത്ത് ബോംബർ.
-
Douglas Skyraider ഫൊൾഡിങ് വിങ് വിമാനം.
അവലംബം
തിരുത്തുക- [വിമാനങ്ങളിൽ 50Hzന് പകരം 400Hz ഉപയോഗിക്കുന്നത് എന്തു കൊണ്ട്?[1]]
- ↑ "Aircraft Rules, 1937". Archived from the original on 2008-03-16. Retrieved 2008-06-18.
- ↑ സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 83. ISBN 81-7130-993-3.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Arasse, Daniel (1997), Leonardo da Vinci, Konecky & Konecky, ISBN 1 56852 1987
- ↑ "Telegram from Orville Wright in Kitty Hawk, North Carolina, to His Father Announcing Four Successful Flights, 1903 December 17". World Digital Library. 1903-12-17. Retrieved 2013-07-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-04. Retrieved 2008-03-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-18. Retrieved 2007-09-25.
- ↑ Fundamentals of Flight,by Richard S.Shevell,Prentice Hall
- ↑ http://www.aerospaceweb.org/question/performance/q0023.shtml
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-12. Retrieved 2007-09-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-01. Retrieved 2007-09-27.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-08-09. Retrieved 2007-09-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-04-10. Retrieved 2007-09-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-03-17. Retrieved 2007-10-25.
കുറിപ്പുകൾ
തിരുത്തുക
ഓർണിതോപ്റ്റർ • ബലൂൺ • ആകാശക്കപ്പൽ • വിമാനം • റോട്ടർക്രാഫ്റ്റ് • ഗ്ലൈഡർ പോർവിമാനം • യാത്രാവിമാനം •ചരക്ക്വിമാനം • നിരീക്ഷണ വിമാനം •
എയർബസ് • ബോയിങ് • ലോക്ക്ഹീഡ് • ഡസ്സാൾട്ട് • മിഖായോൻ • എംബ്രേയർ • നാസ • സെസ്ന എച്ച്. എ. എൽ • ഡി.ആർ.ഡി.ഒ • എ.ഡി.എ • എൻ.എ.എൽ • ഇൻഡസ് ഓർണിതോപ്റ്റർ • ബലൂൺ • വിമാനം |