സംഘകാലം
ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ പുരാതനകാലഘട്ടമാണ് സംഘകാലം. ഈ കാലഘട്ടത്തിൽ തമിഴ്‌നാടും കേരളവും ഒന്നായിട്ടാണു് കിടന്നിരുന്നതു്. ഈ സമയത്തെ കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു. സംഘകാലത്തെ പ്രസിദ്ധങ്ങളായ തമിഴ് സാഹിത്യ കൃതികൾ ലോകം മുഴുവനും അറിയപ്പെടുന്നവയും പഠന വിഷയങ്ങളുമാണ്. സംഘങ്ങൾ എന്നറിയപ്പെടുന്ന നിരവധി പേരുടെ കൂട്ടങ്ങളായാണ് ഈ കൃതികൾ രചിച്ച് ക്രോഡീകരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഇവയെ സംഘസാഹിത്യം എന്നു പറയുന്നത്[1]. ഏറ്റവും പഴയ ദ്രാവിഡ സാഹിത്യം സംഘകാല കാവ്യങ്ങളാണ്. പ്രേമം, യുദ്ധം, വ്യാപരം, ഭരണം, വീരശൂരപരാക്രമങ്ങൾ തുടങ്ങി ശോചനം വരെയും ഈ സാഹിത്യത്തിൽ പ്രതിപാദിക്കുന്നു. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇവ ഗ്രാമീണ സൗന്ദര്യം ഉൽക്കൊള്ളുന്നവയാണ്.
ബി.സി. 566 മുതൽ എ.ഡി. 250 വരെയുള്ള കാലയളവാണ് സംഘകാലമായി കണക്കാക്കപ്പെടുന്നത്. [2] ബുദ്ധ കാലഘട്ടം(566-486 ക്രി. മു.) അലക്സാണ്ടറുടെ അധിനിവേശം (327-325 ക്രി. മു.) മൗര്യ സാമ്രാജ്യകാലഘട്ടം (322-183 ക്രി. മു.) ശതവാഹന സാമ്രാജ്യകാലഘട്ടം (50 ക്രി. മു.- 250 ക്രി. വ.) എന്നിവ സംഘകാലത്തിനു സമാന്തരമായിരുന്നു എന്നു കരുതിവരുന്നു.
പേരിനു പിന്നിൽ
തിരുത്തുകസംഘം (സംസ്കൃതം) അഥവാ ചങ്കം (തമിഴ് രൂപാന്തരം) എന്ന വാക്കിന് ചങ്ങാത്തം, കൂട്ട് (academy)എന്നൊക്കെയാണ് അർത്ഥം. ബുദ്ധ ജൈന ഭാഷയിൽ സംഘം എന്നാൽ ഭിക്ഷുക്കളുടെ കൂട്ടായ്മ എന്നാണർത്ഥം. ആദ്യത്തെ രണ്ടു സംഘങ്ങളെക്കുറിച്ചു കെട്ടുകഥകൾ പ്രചാരത്തിലുണ്ട്. ഇവ തലൈസംഘം(head samgham), ഇടൈസംഘം (middle samgham), കടൈസംഘം (last samgham) എന്നിവയാണ്. സംഘങ്ങളിൽ സാഹിത്യകാരന്മാർ, കവികൾ, രാജാക്കന്മാർ, ശില്പികൾ എന്നു വേണ്ട സാഹിത്യമനസ്സുള്ള നാട്ടുകാരും പങ്കുള്ളവരായിരുന്നു.
ചരിത്രം
തിരുത്തുകദക്ഷിണേന്ത്യയിലെ പണ്ടത്തെ രാജ്യങ്ങളിൽ ചോളം, പാണ്ഡ്യം, ചേരം, പല്ലവം എന്നിവയുടെ ആസ്ഥാനങ്ങളിലും ശ്രീലങ്കയിലെ അനുരാധാപുരത്തും വിശ്വപ്രസിദ്ധങ്ങളായ സാഹിത്യസഭകൾ നിലവിലിരിക്കുകയും കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു വന്നിരുന്നു. ഈ പതിവ് അന്നത്തെ എല്ലാ രാജാക്കന്മാരും സ്വീകരിച്ചിരുന്നിരിക്കണം. എന്നാൽ ഇവയിൽ മധുരയിലെ സാഹിത്യസഭക്ക്(സംഘം)മാത്രമേ ശാശ്വതകീർത്തി നേടിയുള്ളൂ.
ആദ്യ സംഘം
തിരുത്തുകപാണ്ഡ്യ രാജാവായിരുന്ന മാ-കിർത്തിയുടെ കാലത്ത് തെന്മധുരയിൽ (തെക്കൻ മധുര)കന്നി നദിയുടെ തീരത്തു വച്ചാണ് ആദ്യത്തെ സംഘം നടന്നത്. സരസ്വതിയുടെ അവതാരം എന്നുകരുതപ്പെടുന്ന ഉഗ്രപാണ്ഡ്യ മാതാവായ തടാതക രാജ്ഞി മീനാക്ഷിയാണ് മുതൽസംഘം സ്ഥാപിച്ചതെന്നുകരുതുന്നു. അഗസ്ത്യമുനിയുടെ അധ്യക്ഷതയിൽ ചേർന്ന സംഘം അഗസ്തിയം എന്ന പേരിൽ തമിഴ് വ്യകരണ നിയമാവലി രചിച്ചു എന്നു കരുതുന്നു. [3] വിരിചടൈ കടവുൾ (ശിവൻ), മുരുകവേൾ (സുബ്രഹ്മണ്യൻ), നിധിയിൽ കിഴാർ (കുബേരൻ) എന്നിവർ മുതൽ സംഘത്തിലെ അംഗങ്ങളായിരുന്നുവത്രെ. കവാടപുരം ആയിരുന്നു ഇടൈസംഘത്തിന്റെ ആസ്ഥാനം. തൊൽകാപ്പിയാർ, അഗസ്ത്യർ എന്നിവർ ഈ സംഘത്തിലെ പ്രമുഖരാണ്.
ഉത്തരേന്ത്യയിൽ വിക്രമാദിത്യപദവി നേടിയ പല ചക്രവർത്തിമാരിൽ ഒടുവിലത്തെ മഹാനായിരുന്നു ബുധഗുപ്തവിക്രമാദിത്യഹർഷൻ. അദ്ദേഹത്തിലന്റെ ഭരണകാലത്ത് (ക്രി.വ. 443-506) ജീവിച്ചിരുന്ന നവരത്നങ്ങൾ എന്നറിയപ്പെടുന്ന പണ്ഡിത സദസ്സിനെ അനുകരിച്ചായിരിക്കണം കാഞ്ചിയിലും, പിന്നീട് പാണ്ഡ്യ, ചേര, ചോഴ തലസ്ഥാനങ്ങളിലും സാഹിത്യ സഭകൾ സ്ഥാപിക്കപ്പെട്ടത്. ബുധഗുപ്തന്റെ വിക്രമാദിത്യ സദസ്സും ദക്ഷിണേന്ത്യൻ സദസ്സുകൾക്കും തമ്മിൽ ഗാഢബന്ധം നിലനിന്നിരുന്നതായി കാണുന്നുണ്ട്. നാടൻ ഭാഷയായിരുന്ന തമിഴിനേയും സംസ്കൃതത്തേയും ഈ സഭകൾ ഒന്നുപോലെ പരിപോഷിപ്പിച്ചു. ആ വിജ്ഞാന സദസ്സുകൾക്ക് തൊകൈ, അവൈ, കുഴു, എന്നീ തനി തമിഴ്നാമങ്ങൾ നൽകാതെ സംഘം എന്ന സംസ്കൃത സംജ്ഞ നൽകിയത് മേൽപറഞ്ഞ ബന്ധത്തേയും അന്ന് നിലവിലിരുന്ന ബുദ്ധമതത്തിന്റെ സ്വാധീനത്തേയും സൂചിപ്പിക്കുന്നു.
വേഷവിധാനങ്ങൾ
തിരുത്തുക- സ്ത്രീവേഷം
പെൺകുട്ടികൾ സാധാരണയായി ‘തഴയുട’ ധരിച്ചിരുന്നു. നൊച്ചിപ്പൂക്കളും ആമ്പൽ പൂക്കളും കോർത്തിണക്കി അരയിൽ ധരിച്ചിരുന്ന ഒരു തരം പൂവാടയാണിത്. ഇരുളർ, മലയർ, വേടർ, വേട്ടുവർ, എന്നീ മലവർഗ്ഗ സമുദായങ്ങളിലെ സ്ത്രീകൾ ഇലകൾ കൂട്ടിക്കെട്ടിയ വസ്ത്രങ്ങൾ ധരിച്ചിരുന്നു. വിവാഹം കഴിഞ്ഞ സ്ത്രീകൾ സംഘകാലത്ത് പരുത്തികൊണ്ടോ പട്ടുകൊണ്ടോ ഉള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് . ചിലമ്പ്, പൂമാല, മുത്തുമാല, പുലിപ്പൽ താലി, വള, തോട മുതലായ ഭൂഷണങ്ങളും ധരിച്ചിരുന്നു. തലയിൽ അവർ ധാരാളം പൂക്കൾ ചൂടിയിരുന്നു.
- പുരുഷവേഷം
പുരുഷന്മാർ മാറിൽ ചന്ദനം പൂശിയിരുന്നു. പരുത്തികൊണ്ടും പട്ടുകൊണ്ടും ഉള്ള വസ്ത്രങ്ങൾ അവർ ധരിച്ചിരുന്നു. പട്ടുവസ്ത്രങ്ങൾ നേർമയും മിനുസവും ആയിരുന്നു. വെളുപ്പിച്ച ശുഭവസ്ത്രം ധരിക്കാൻ നമ്മുടെ പൂർവികന്മാർ ശ്രദ്ധാലുക്കളായിരുന്നു.
തുമ്പപ്പൂമാല ചൂടിയാണ് പുരുഷന്മാർ യുദ്ധത്തിന് പോയിരുന്നത്. നീലനിറമുള്ള കച്ചയും പൂവേല ചെയ്ത ആടയും മയില്പീലി കോർത്ത മാലയും ആയിരുന്നു പോർമറവരുടെ യുദ്ധവേഷം.വെച്ചിമാലയും വേങ്ങാപ്പൂവും പുരുഷന്മാർ തലയിൽ ചൂടാറുണ്ടായിരുന്നു.
സംഘ സാഹിത്യം
തിരുത്തുകചിട്ടയോടെ അടുക്കി അവതരിക്കപ്പെട്ടിട്ടുള്ള എട്ടു ഭാവഗീതസമാഹാരങ്ങളിലും പത്തു നീണ്ടകാവ്യങ്ങളിലും പാട്ടുകളിലുമായി സംഘ സാഹിത്യം പരന്നുകിടക്കുന്നു.[4] സംഘസാഹിത്യം എന്ന പേരിൽ പൊതുവേ അറിയപ്പെടുന്ന കൃതികൾ തമിഴരുടേതാണ് എന്നൊരു അഭിപ്രായം പല സാഹിത്യകാരന്മാരും ഉന്നയിച്ചിട്ടുണ്ടെങ്കിലും അത് കേരളീയരുടേതും കൂടെയാണ് എന്ന നിലപാടിനാണ് കൂടുതൽ സമ്മതിയുള്ളത്. കേരളീയരുടെ സാഹിത്യപാരമ്പര്യത്തിന്റെ സുപ്രധാന ഭാഗമാണ് ഈ സാഹിത്യം. എട്ടു തൊകൈ(anthology) എന്നറിയപ്പെടുന്ന സമാഹാരത്തിന്റെ ഉള്ളടക്കം താഴെ പറയുന്നവയാണ് (വരികളുടെ എണ്ണം ബ്രാക്കറ്റിൽ).
- പുറനാനൂറ് புறநானூறு ( 398)
- അകനാനൂറ് அகநானூறு ( 400),
- നറ്റിണൈ நற்றிணை (399)
- കുറുംതൊകൈ குறுந்தொகை ( 400),
- പതിറ്റുപത്ത് பதிற்றுப்பத்து (80),
- അയിങ്കുറു നൂറ് ஐங்குறுநூறு (498)
- പരിപ്പാടൽ பரிபாடல் (22),
- കലിത്തൊകൈ கலித்தொகை 150).
ഇതു കൂടാതെ പത്തുപാട്ട് എന്നറിയപ്പെടുന്ന ലഘുഗ്രാമ കാവ്യങ്ങളുമുണ്ട്. ഇവ താഴെ പറയുന്നവയാണ് എഴുതിയ കവികളും ഈരടികളുടെ എണ്ണവും കൂടെ ചേർത്തിരിക്കുന്നു.
- തിരുമുരുകറ്റുപ്പടൈ. (திருமுருகாற்றுப்படை) (എഴുതിയത്- നക്കീരർ) (317)
- പൊറുനാർ ആറ്റുപ്പടൈ (பொருநர் ஆற்றுப்படை) (317)
- ശിറുപ്പനാറ്റുപ്പടൈ (சிறுபாணாற்றுப்படை) (എഴുതിയത് -നല്ലൂർ നത്തനാറ്) (269)
- പെരുമ്പാണാറ്റുപ്പടൈ (பெரும்பாணாற்றுப்படை) (എഴുതിയത്-കടിയാളൂർ ഉരുത്തിരങ്കണ്ണനാർ) (248)
- മുല്ലൈ പാട്ടു (முல்லைப்பாட்டு) (എഴുതിയത്-നപ്പൂതനാർ) (103)
- മഥുരൈ കാഞ്ചി( மதுரைக்காஞ்சி) (എഴുതിയത്മാങ്കുടി മരുതനാർ ) (782)
- നെടുംനൽവാടൈ (நெடுநல்வாடை) (എഴുതിയത്- നക്കീരർ), (188)
- കുറിഞ്ചിപ്പാട്ടു ( குறிஞ்சிப்பாட்டு) (എഴുതിയത്-കപിലാർ) (261)
- പട്ടിണപാലൈ (பட்டினப் பாலை) (എഴുതിയത്-കടിയാളൂർ ഉരുത്തിരങ്കണ്ണനാർ) (301)
- മലൈപ്പടുകടാം (மலைப்படுகடாம்) (ഹിരണ്യമുട്ടത്തു പെരുംകുന്രൂർപെരുംകെഞ്ചിനാർ (583)
സംഘകാലത്തെ ഗ്രാമീണജീവിതം
തിരുത്തുകസംഘകാലത്ത് ഗ്രാമങ്ങളിലെ ജനങ്ങളിൽ പൊതുവേ മൂന്നു വിഭാഗങ്ങളുണ്ടായിരുന്നു. വൻ ഭൂവുടമകൾ വെള്ളാളർ എന്നും, ചെറുകിട കൃഷിക്കാർ ഉഴവർ എന്നും, ഭൂരഹിതരായ തൊഴിലാളികൾ കടൈശിയാർ എന്നും അറിയപ്പെട്ടിരുന്നു.[1].
അവലംബം
തിരുത്തുക- ↑ 1.0 1.1 "CHAPTER 9 VITAL VILLAGES, THRIVING TOWNS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 88–89. ISBN 8174504931.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ http://www.tamilnation.org/literature/krishnamurti/02sangam.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2006-11-18.
- ↑ ഡോ.കെ.എം. ജോർജ്ജ്.ആമുഖം, അകനാനൂറ് വാല്യം ഒന്ന്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി. തൃശൂർ