വള്ളുവക്കോനാതിരി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആമുഖം
തിരുത്തുകവള്ളുവക്കോനാതിരി[1] എന്നത് ആറങ്ങോട്ടു സ്വരൂപത്തിലെ[2] തലമുതിർന്ന പുരുഷ അംഗത്തിന്റെ സ്ഥാനമാകുന്നു. കുറുവയായിരുന്നു ആസ്ഥാനം. കടന്നമണ്ണയായിരുന്നു മൂലസ്വരൂപ സ്ഥാനം.[3] കോതൈ കടുങ്ങോനായ കോവിൽ കരുമികൾ എന്നായിരുന്നു സ്ഥാനം. കടന്നമണ്ണ, ആയിരനാഴി, മങ്കട, അരിപ്പുറെ നാലു കോവിലകങ്ങളിൽ മൂത്ത പുരുഷനാകുന്നു ഈ സ്ഥാനി. തിരുമാന്ധാംകുന്ന് ഭഗവതി വള്ളുവനാടിന്റെ പരദേവതയും, പന്തല്ലൂർ ഭഗവതി വള്ളുവക്കോൻറെ സ്വരൂപ പരദേവതയും ആകുന്നു.
നാമോല്പത്തി
തിരുത്തുകവെള്ളപ്പൻ എന്നത് വള്ളുവക്കോനാതിരിയുടെ സ്ഥാനമാകുന്നു. വെള്ളപ്പനാട്ടുകരയിലെ ഭരണാധികാരി എന്നർത്ഥം. വെള്ളപ്പനാട്ടുകര സംസ്കൃതഭാഷയിൽ വല്ലഭക്ഷോണി[4] ആകുന്നു. വെള്ളപ്പൻ എന്നത് വല്ലഭൻ എന്ന് എഴുതുന്നു. വല്ലഭൻ പല്ലവനായിരിക്കുമോ എന്ന് ചിലർ സംശയിച്ചിരുന്നു.
വള്ളുവനാട്ടിലെ സ്വരൂപ ഗ്രന്ഥവരിയിൽ[5] വള്ളുവക്കോനാതിരിയെ ഇപ്രകാരം സംബോധന ചെയ്തുകാണുന്നു: വള്ളുവനാടുടയ കടന്നോൻ മൂത്ത വകയിൽ ചെറുകാട്ട താവഴിയിൽ കോതൈ കടുങ്ങോനായ കോവിൽ കരുമികൾ. ഇതിലെ വെള്ളപ്പനാട്ടുകര എന്ന സംബോധന ശ്രദ്ധിക്കുക. ചെറുകാട്ട താവഴി ഇവരുടെ ഏതോ പ്രാചീന മൂലകുടുംബ സ്ഥാനമായിരിക്കണം. കോതൈ എന്നത് ഭരണവംശ സൂചനയാകുന്നു. കടുംകോ അഥവാ വലിയസ്ഥാനമുള്ള ഭരണാധിപൻ കടുങ്ങോൻ ആകുന്നു. കോവിൽ കാര്യം ചെയ്യുന്നവരെ കോവിൽ കരുമികൾ എന്ന് പറയുന്നു.
കടന്നോൻമൂത്ത വക
തിരുത്തുകവള്ളുവക്കോൻറെ കുടുംബ മൂലസ്ഥാനത്തെ കടന്നമണ്ണ പരനാട്ടു കോവിലകം എന്നു പറയുന്നു. കടന്നമണ്ണ ദേശപ്പേര് ആകുന്നു. താവഴിയെ കടന്നോൻ മൂത്ത വക എന്ന് പറയുന്നു. കടന്നൻ എന്നൊരു വ്യക്തിനാമം വള്ളുവനാട് ഗ്രന്ഥവരിയിൽ കാണാം. തലമൂത്ത ഒന്നാമത്തെ സ്ത്രീ അംഗത്തെ വേദപുരാട്ടി എന്നും കുളത്തുർ തമ്പുരാട്ടി എന്നും പറയുന്നു. രണ്ടാമത്തെ സ്ത്രീ സ്ഥാനിയെ കടന്നോൻ മൂത്ത തമ്പുരാട്ടി എന്നും ഇവരുടെ ആസ്ഥാനത്തെ കടന്നോൻ കോവിലകമെന്നും പറയുന്നു. കൂടാതെ കടന്നേൻ കാവ് എന്നൊരു ആരാധനാലയവും വള്ളുവനാട്ടിലുണ്ട്. കടന്നമണ്ണപുരം നരസിംഹസ്വാമി ക്ഷേത്രവും കാണാം. കടന്നൻ എന്ന ശബ്ദം കദംബനായിരിക്കുമോ എന്ന് ഒരു ചരിത്രഗവേഷകൻ സംശയിക്കുന്നുണ്ട്.[6]
അവലംബം
തിരുത്തുക- ↑ വള്ളുവനാട് ചരിത്രം (2012). എസ്. രാജേന്ദു. p. 400.
- ↑ ആറങ്ങോട്ടു സ്വരൂപം ഗ്രന്ഥവരി - തിരുമാനാംകുന്നു ഗ്രന്ഥവരി (2016). എസ്. രാജേന്ദു. ശുകപുരം.
- ↑ വള്ളുവനാട് ഗ്രന്ഥവരി (2015). എസ് രാജേന്ദു.
- ↑ Epigraphia Indica, Vol XXVII
- ↑ വള്ളുവനാട് ഗ്രന്ഥവരി. എസ്. രാജേന്ദു.
- ↑ വള്ളുവനാട് ഗ്രന്ഥവരി (2015). എസ് രാജേന്ദു.