മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കന്യാകുമാരി ജില്ലയുടെ പടിഞ്ഞാറൻ തീരത്തുള്ള കുളച്ചലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ ഭഗവതി ക്ഷേത്രമാണ് മണ്ടയ്ക്കാട് ശ്രീ ഭഗവതി അമ്മൻ ക്ഷേത്രം.[1] കടൽത്തീരത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം സന്ദർശിക്കുവാൻ കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് നിരവധി വിശ്വാസികൾ എത്താറുണ്ട്. വൈകുണ്ഠ സ്വാമികൾ രചിച്ച അഖിലത്തിരട്ട് എന്ന ഗ്രന്ഥത്തിൽ മണ്ടയ്ക്കാട്ട് ക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട്.

മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം
പേരുകൾ
മറ്റു പേരുകൾ:മണ്ടയ്ക്കാട് ഭഗവതി അമ്മൻ കോവിൽ
മണ്ടയ്ക്കാട്ട് ക്ഷേത്രം
തമിഴ്:மண்டைக்காடு ஸ்ரீ பகவதி அம்மன் கோவில்
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:തമിഴ്‌നാട്
ജില്ല:കന്യാകുമാരി ജില്ല
പ്രദേശം:കുളച്ചൽ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ആദിപരാശക്തി, ഭദ്രകാളി
പ്രധാന ഉത്സവങ്ങൾ:കൊട മഹോത്സവം

സ്ത്രീകൾക്ക് ഇടുമുടിക്കെട്ടുമായി പ്രവേശിക്കാമെന്നതിനാൽ 'സ്ത്രീകളുടെ ശബരിമല' എന്നും മണ്ടക്കാട് ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു. കുരുമുളകും തേങ്ങയും ആണ് ഇരുമുടിയിൽ നിറയ്ക്കുന്നത്. അമ്മേ ശരണം ദേവി ശരണം വിളികളോടെയാണ് ഈ ക്ഷേത്രത്തിൽ ദർശനം നടത്തേണ്ടത്. മാർച്ച് മാസത്തിൽ നടക്കുന്ന 'കൊട മഹോത്സവം' (കൊടൈവിഴ) ആണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷം. കുംഭമാസത്തിലെ അവസാന ചൊവ്വാഴ്ച ആണ് ഇവിടുത്തെ പ്രധാന ഉത്സവം.[2][3] കൊടൈവിഴയോടനുബന്ധിച്ച് വലിയ പടുക്ക, ഒടുക്കു പൂജ, ഏട്ടം കൊടൈ, ഭരണി കൊടൈ എന്നീ വിശേഷ പൂജകളുമുണ്ട്.

ശാക്തേയ കൗളാചാരപ്രകാരം ഉത്സവസമയത്ത് ക്ഷേത്രപരിസരത്ത് മത്സ്യമാംസാഹാരങ്ങൾ പാകം ചെയ്യുന്നതിനോ കഴിക്കുന്നതിനോ വിലക്കുകളില്ല എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. ക്ഷേത്രത്തിലെ പൊങ്കാല സമയത്ത് പൊങ്കാല അടുപ്പുകളോടു ചേർന്ന് മത്സ്യമാംസഹാരങ്ങൾ പാകം ചെയ്തു നിവേദിക്കുന്നത് ഇവിടുത്തെ ഒരു പ്രധാന ആചാരമാണ്. കൊട ഉത്സവ സമയത്ത് ക്ഷേത്രം പത്ത് ദിവസവും 24 മണിക്കൂറും തുറന്നിരിക്കുന്നു. ഭക്തർക്ക് ഇഷ്ടമുള്ള ഏതു സമയത്തും പൊങ്കാല അർപ്പിക്കാവുന്നതാണ്. നിവേദിക്കുന്നതും സ്വയം ചെയ്യണം. ഉത്സവസമയത്ത് വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ നാഗർകോവിൽ, തിരുവനന്തപുരം എന്നിവിടങ്ങലിൽ നിന്നും മണ്ടയ്ക്കാട്ടേക്ക് പ്രത്യേക ബസ് സർവീസുകൾ ഒരുക്കാറുണ്ട്.

പ്രതിഷ്ഠ

തിരുത്തുക

മണ്ടയ്ക്കാട് ഭഗവതിയുടെ പ്രത്യേകത, ഈ ഭഗവതി കുടിക്കൊള്ളുന്നത് ശ്രീചക്രത്തിന് മുകളിലുള്ള ഒരു ചിതൽപ്പുറ്റിലാണെന്ന വിശ്വാസമാണ്. പതിനഞ്ച് അടിയോളം ഉയരമുള്ള ചിതൽപ്പുറ്റാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇത് വളർന്നു കൊണ്ടിരിക്കുകയാണ് എന്നാണ് സങ്കല്പം. ചിതൽപ്പുറ്റിന് മുകളിൽ നിർമിച്ചിട്ടുള്ള ഭഗവതിയുടെ മുഖം ചന്ദനത്തടി കൊണ്ടുണ്ടാക്കിയതാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിൽ ഭഗവതി ആദിപരാശക്തി കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നി ഭാവങ്ങൾ ഭഗവതിക്ക് കല്പിച്ചു വരുന്നു. എങ്കിലും കാളി എന്ന ഭാവം തന്നെയാണ് പ്രധാനം. [4][5]

മണ്ടയ്ക്കാട് കൊട

തിരുത്തുക

കുംഭമാസത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ചയാണ് പ്രസിദ്ധമായ കൊട മഹോത്സവം. അന്ന് ഏകാദശിയാണെങ്കിൽ കൊട അതിന് മുൻപിലത്തെ ചൊവ്വാഴ്ച നടത്തുന്നു. കൊട മഹോത്സവത്തിന് 17 ദിവസം മുൻപ് വരുന്ന ഞായറാഴ്ച കൊടിയേറി പത്തു ദിവസത്തെ ഉത്സവമുണ്ട്. അത് അവസാനിക്കുന്നതും ചൊവ്വാഴ്ചയാണ്. അതിനു ശേഷം വരുന്ന അടുത്ത ചൊവ്വാഴ്ചയാണ് എട്ടാം കൊടയെന്ന പേരിൽ അഘോഷിക്കുന്നത്. 'വലിയ പടുക്ക' എന്നൊരു ചടങ്ങും അന്ന് നടക്കുന്നു. ധാരാളം മലരും, പഴവും, അട, വട, അപ്പം, തിരളി മുതലായവയുണ്ടാക്കി ഭഗവതിക്ക് സമർപ്പിക്കുന്നു. ഞായറാഴ്ച കൊട ഉത്സവം കൊടിയേറി തുടങ്ങുന്നത് മുതൽ ക്ഷേത്രത്തിൽ ഭക്തജന തിരക്ക് അനുഭവപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സമീപ ജില്ലകളിൽ നിന്നുവരെ ധാരാളം ഭക്തർ എത്തിച്ചേരുന്നു.

തിങ്കളാഴ്ച രാത്രി വെള്ളിപ്പല്ലക്കിൽ എഴുന്നള്ളത്തും ചക്രതീവെട്ടി ഊരുവലവും കഴിഞ്ഞാൽ ചൊവ്വാഴ്ച പുലർച്ചെവരെ നട തുടർന്നിരിക്കും. പിന്നീട് നടയടച്ചാൽ വൈകിട്ട് അഞ്ചു മണിയ്ക്കേ വീണ്ടും തുറക്കൂ.

അർദ്ധരാത്രിയോടയാണ് കൊടയുടെ ചടങ്ങുകൾ ആരംഭിക്കുന്നത്. ഒരു മണിയോടെ നടക്കുന്ന ഒടുക്കു പൂജയോടെ ഉൽസവത്തിന് കൊടിയിറങ്ങും. ഭഗവതിക്ക് മുന്നിൽ ചോറും വിഭവങ്ങളും ഒരുക്കുന്ന ചടങ്ങാണ് ഒടുക്ക്. ശാസ്താം കോവിലിലാണ് ഒടുക്കിനുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത്. ഒൻപത് മൺപാത്രങ്ങളിലായി നിറച്ച നിവേദ്യം ഒറ്റവെള്ളത്തുണി കൊണ്ട് മൂടിയാണ് ദേവിസമക്ഷം എഴുന്നള്ളിക്കുന്നത്. നാഗസ്വരവും വെളിച്ചപ്പാടും അകമ്പടിയായി ഉണ്ടാകും. ക്ഷേത്രപരിസരം ഈ സമയം മൗനമായ ഭഗവതി പ്രാർത്ഥനയാൽ മുഴുകും. എത്ര ആൾത്തിരക്കുണ്ടെങ്കിലും എഴുന്നള്ളിപ്പ് സമയത്ത് ആരും സംസാരിക്കില്ല. ഒടുക്കിന് ശേഷം ഗുരുസിപൂജ നടക്കും. ഇത് കഴിഞ്ഞ് ദീപാരാധനയോടെ നടയടയ്ക്കും.

നിരവധി സ്ത്രീകൾ, പ്രത്യേകിച്ച് മലയാളികൾ വ്രതാനുഷ്ഠാനത്തോടെ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ ശബരിമലയിലേതിന് സമാനമായ രീതിയിൽ 'ഇരുമുടിക്കെട്ട്' തലയിലേന്തി ദർശനം നടത്തുന്നു. അതിനാലാണ് ഈ ക്ഷേത്രത്തിന് 'സ്ത്രീകളുടെ ശബരിമല' എന്ന വിശേഷണം ലഭിച്ചത്. കേരളത്തിലെ ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ ഘടനയോട് സാമ്യമുള്ളതാണ് ഈ ക്ഷേത്രം. എല്ലാ വർഷവും ഫെബ്രുവരി-മാർച്ച് മാസത്തിൽ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് ആളുകൾ വ്രതമെടുത്ത് മണ്ടയ്ക്കാട് ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്.

ഐതിഹ്യം

തിരുത്തുക

തമിഴ്‌നാട്ടിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളുടെയും ചരിത്രം വ്യക്തമാക്കുന്ന നിരവധി ലിഖിതങ്ങളും കൈയെഴുത്തുപ്രതികളും ഈ ക്ഷേത്രത്തിലുണ്ട്. മണ്ടയ്ക്കാട് പ്രദേശം നൂറ്റാണ്ടുകൾക്ക് മുമ്പ് നിബിഡവനമായിരുന്നതിനാൽ, ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ തങ്ങളുടെ കന്നുകാലികളെ മേയ്ക്കാൻ ഇവിടെ എത്തിയിരുന്നു. ഈ പ്രദേശത്ത് ഭഗവതി ഒരു ചിതൽപ്പുറ്റിന്റെ രൂപത്തിൽ ഭക്തർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു.

കന്യാകുമാരി ജില്ലയിലെ 'മണ്ടയ്ക്കാട്' പണ്ട് കൊടുംവനമായിരുന്നു. കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുവന്നതിനാൽ ഇത് 'മന്തൈക്കാട്' എന്നും അറിയപ്പെട്ടിരുന്നു. കാലക്രമേണ മണ്ടയ്ക്കാട് ആയി മാറി. നേരത്തെ കോളറയും വസൂരിയും ഈ പ്രദേശത്തെ ഗ്രാമങ്ങളിൽ വ്യാപകമായിരുന്നു. രോഗം ഭേദമാക്കാൻ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാൽ ജനങ്ങൾ ദുരിതത്തിലായി. ഒരു ഘട്ടത്തിൽ ഗ്രാമവാസികൾ മണ്ടയ്ക്കാടിൽ നിന്ന് ഒഴിഞ്ഞു പോകാൻ തുടങ്ങി. ഐതിഹ്യങ്ങൾ അനുസരിച്ച്, ഒരിക്കൽ ആദിശങ്കരന്റെ ഒരു ശിഷ്യൻ ശിവശക്തി ഐക്യരൂപത്തിൽ പരാശക്തി കുടികൊള്ളുന്ന 'ശ്രീചക്രം' വഹിച്ചുകൊണ്ട് ഈ പ്രദേശത്ത് എത്തി. ആ ശ്രീചക്രത്തിൽ അദ്ദേഹം ദിവസവും പ്രാർത്ഥന നടത്തി. തുടർന്ന്, അദ്ദേഹം തന്റെ ദൈവീക ശക്തിയാൽ ജനങ്ങളുടെ രോഗങ്ങൾ സുഖപ്പെടുത്തി. ഗ്രാമവാസികൾ ഈ സന്യാസി തങ്ങളെ സഹായിക്കാൻ വന്ന ദേവനാണെന്ന് വിശ്വസിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്തു. വളരെക്കാലം അവിടെ താമസിച്ച സന്യാസി ജനങ്ങളുടെ അസുഖങ്ങൾ ഭേദമാക്കുകയും ഗ്രാമത്തിലെ കുട്ടികൾക്ക് വിനോദത്തിനായി കളികൾ പഠിപ്പിക്കുകയും ചെയ്തു. കാലക്രമേണ സന്യാസി ശ്രീചക്രം സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഒരു ചിതൽപ്പുറ്റുണ്ടായി. അദ്ദേഹം ശ്രീചക്രം നിലത്ത് സ്ഥാപിച്ച് പൂജയിലും ധ്യാനത്തിലും മുഴുകി. പതിയെ അതിന് ചുറ്റും ചിതൽപ്പുറ്റുകൾ വളർന്നു. കുട്ടികൾ ധ്യാനത്തിൽ നിന്ന് ഉണർത്താൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹം ആ സ്ഥലത്ത് ഭഗവതിയിൽ 'ജീവസമാധി' (ദൈവത്തിലോ ഭഗവതിയിലോ ലയിക്കുന്നുവെന്ന സങ്കൽപ്പം) ആയിത്തീർന്നുവെന്ന് പ്രദേശവാസികൾക്ക് മനസ്സിലായത്. സന്യാസിയുടെ സമാധിയ്ക്ക് ശേഷവും അദ്ദേഹം സ്ഥാപിച്ച ശ്രീചക്രം അവിടെ തന്നെ നിലകൊണ്ടു. ഇതറിഞ്ഞ, ഈ പ്രദേശം ഭരിച്ചിരുന്ന തിരുവതാംകൂറിലെ മാർത്താണ്ഡവർമ രാജാവ് ദേവി ആദിപരാശക്തിക്കു വേണ്ടി അവിടെ ഒരു ക്ഷേത്രം പണിതു.

മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ഇരുമുടിക്കെട്ടുമായി സ്ത്രീകൾ തീർത്ഥാടനത്തിന് എത്തുന്നതിനെക്കുറിച്ചും ഒരു ഐതീഹ്യമുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ് മണ്ടയ്ക്കാട് പ്രദേശത്തൂടെ കടന്നുപോകുമ്പോൾ കേരളത്തിൽ നിന്ന് എത്തിയ വിശന്നുവലഞ്ഞ ഒരു വ്യാപാരിക്ക് വിരുന്നൊരുക്കാൻ ഭഗവതി ഒരു വൃദ്ധയുടെ രൂപത്തിൽ വന്നതായി വിശ്വസിക്കപ്പെടുന്നു. തന്റെ വിശപ്പകറ്റാൻ വൃദ്ധയുടെ രൂപത്തിൽ വന്നത് ഭഗവതിയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം തന്റെ വ്യാപാരത്തിൽ നിന്നുള്ള സമ്പാദ്യത്തിന്റെ ഒരു ഭാഗം തുണിയിൽ കെട്ടി ക്ഷേത്രത്തിലേക്ക് സംഭാവന നൽകി. പിന്നീട്, ആ വ്യാപാരി സ്വന്തം ദേശമായ കൊല്ലത്ത് മടങ്ങിയെത്തുകയും മണ്ടയ്ക്കാട് നടന്ന അത്ഭുതത്തെക്കുറിച്ച് ആളുകളോട് പറയുകയും ചെയ്തു. തുടർന്ന് ധാരാളം ആളുകൾ മണ്ടയ്ക്കാടിലേക്ക് തീർത്ഥാടനം നടത്തി. പട്ടിണി കിടക്കുന്നവർക്ക് ഭക്ഷണം നൽകിയ ഭഗവതി അമ്മന് പൊങ്കൽ പാകം ചെയ്യുന്നതിനായി ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ ഇരുമുടിക്കെട്ടുമായിട്ടായിരുന്നു മണ്ടയ്ക്കാട് എത്തിത്തുടങ്ങിയത്. ഇരുമുടിയിൽ, ഒരു കെട്ടിനുള്ളിൽ പൊങ്കലിന് വേണ്ട സാധനങ്ങളും മറ്റേ കെട്ടിൽ പൂജയ്ക്ക് വേണ്ട സാധനങ്ങളുമായിരിക്കും ഉണ്ടായിരിക്കുക.

[5]

നാഗർകോവിൽ - കുളച്ചൽ സംസ്ഥാനപാതയിൽ മണ്ടയ്ക്കാട് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുളച്ചലിൽ നിന്ന് ഏകദേശം നാലു കിലോമീറ്റർ അകലെയാണ് ക്ഷേത്രത്തിന്റെ സ്ഥാനം.[4]

സമീപത്തുള്ള സ്ഥലങ്ങൾ

തിരുത്തുക

റോഡ് മാർഗം

തിരുത്തുക

ദേശീയ പാതയിൽ കുളച്ചൽ നിന്നും ബസ് മാർഗം മണ്ടയ്ക്കാട് ക്ഷേത്രത്തിൽ എത്തിച്ചേരാം. നാഗർകോവിൽ നിന്നും ധാരാളം ബസുകൾ ലഭ്യമാണ്. കൊട ഉത്സവ കാലത്ത് തിരുവനന്തപുരത്തു നിന്നും കെഎസ്ആർടിടി ക്ഷേത്രത്തിലേക്ക് സ്പെഷ്യൽ സർവീസ് നടത്താറുണ്ട്.

വ്യോമമാർഗ്ഗം

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. "New flag post for Mondaicaud temple". The Hindu. 7 February 2017.
  2. "മണ്ടയ്ക്കാട് ക്ഷേത്രത്തിൽ വലിയപടുക്കപൂജ ഇന്ന്..." മാതൃഭൂമി ദിനപത്രം. 2018-03-09. Retrieved 13 August 2018.[പ്രവർത്തിക്കാത്ത കണ്ണി]
  3. "A temple where legends abound". The Hindu. 28 September 2001.
  4. 4.0 4.1 "Mandaikad Bhagavathy Amman Temple". ekanyakumari.com. Archived from the original on 2018-08-24. Retrieved 13 August 2018.
  5. 5.0 5.1 "Arulmigu Bhagavathyamman Temple, Mandaikadu" (in ഇംഗ്ലീഷ്). Official website of Kanyakumari Temples. Archived from the original on 2018-08-23. Retrieved 13 August 2018.

പുറം കണ്ണികൾ

തിരുത്തുക