ചിതൽ
പൊതുവേ എല്ലായിടത്തും കാണുന്ന ഒരു ഷഡ്പദമാണ് ചിതൽ. ഐസൊപ്റ്റെറ വിഭാഗത്തിൽ പെടുന്ന ഇത് സാമൂഹ്യജീവിയാണ്. ഉറുമ്പുകളേയും, തേനീച്ചകളേയും കടന്നലുകളേയും പോലെ നിരവധിയെണ്ണം എണ്ണം വലിയ കോളനിയായി കഴിയുന്നു. മനുഷ്യർ പൊതുവേ ചിതലിനെ ശല്യമുണ്ടാക്കുന്ന ഒരു കീടമായാണു കാണുന്നതെങ്കിലും പാരിസ്ഥിതികമായി പ്രാധാന്യമുള്ള ജീവിയാണിത്. ഒരു സാധാരണ കോളനിയിൽ നിംഫുകൾ (പ്രായപൂർത്തിയെത്താത്തവ), ജോലിക്കാർ, പട്ടാളക്കാർ, പ്രത്യുത്പാദന ശേഷിയുള്ളവർ, രാജ്ഞി (ചിലപ്പോൾ ഒന്നിലധികം) എന്നിവയാണുണ്ടാവുക. ഉഷ്ണമേഖല, ഉപോഷ്ണമേഖല പ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്നു. പറക്കാൻ ശേഷിയുള്ള ചിതലുകൾ കോളനിയുടെ വലിപ്പം വല്ലാതെ വർദ്ധിക്കുമ്പോൾ പുതിയ കോളനിയുണ്ടാക്കാനായി കൂടുവിട്ട് പുറത്തിറങ്ങാറുണ്ട്. ഇവയെ ഈയലുകൾ (ഈയാംപാറ്റ) എന്നു വിളിക്കുന്നു.
ചിതൽ Temporal range: അന്ത്യ ട്രയാസ്സിക് - സമീപസ്ഥം
| |
---|---|
Formosan subterranean termite soldiers (red colored heads) and workers (pale colored heads). | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | |
Families | |
Mastotermitidae |
ആകൃതിയും നിറവും മൂലം വെളുത്ത ഉറുമ്പുകൾ അല്ലെങ്കിൽ വെള്ളുറുമ്പുകൾ എന്നൊക്കെ ഇവയെ വിളിക്കാറുണ്ടെങ്കിലും ഉറുമ്പുകളുമായി ചിതലുകൾക്ക് അകന്ന ബന്ധമേയുള്ളു. പാറ്റകളാണ് ചിതലുകളുടെ അടുത്ത ബന്ധുക്കൾ[1].
സാമൂഹിക ഘടന
തിരുത്തുകപ്രത്യുത്പാദന ശേഷിയുള്ളവ
തിരുത്തുകപറക്കാൻ ശേഷിയുള്ള, ഇണചേർന്ന, മുട്ടയിടുന്ന പെൺ ചിതലിനെ രാജ്ഞി എന്നു വിളിക്കുന്നു. ഇണ ചേരാൻ കഴിവുള്ള രാജ്ഞിയുടെ സമീപത്തു തന്നെയുള്ള പറക്കാൻ കഴിവുള്ള ആൺ ചിതലിനെ രാജാവ് എന്നും വിളിക്കാറുണ്ട്. ജനിതക വിദ്യകൾ ഉപയോഗിച്ചുള്ള പഠനങ്ങളിൽ നിന്നും കോളനിയിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ പരിശോധിച്ചപ്പോൾ ഒന്നിലധികം ഇണകളുടെ സാന്നിദ്ധ്യം ഒരു കോളനിയിലുണ്ടാകാനിടയുടെന്നു കണ്ടെത്തിയിട്ടുണ്ട്. ഒന്നിലധികം പ്രത്യുത്പാദന ശേഷിയുള്ള ജോഡികൾ ഒരു കോളനിയിൽ തീരെ അസാധാരണമല്ല.
പ്രായപൂർത്തിയായ ഒരു പ്രഥമ രാജ്ഞിയ്ക്ക് വളരെയധികം മുട്ടകൾ ഇടാനുള്ള കഴിവുണ്ട്. രാജ്ഞിയിൽ സാധാരണയുള്ളതിലധികമായി അണ്ഡാശയങ്ങൾ ബാഹ്യഘടന ഉൾപ്പെടെ ഉണ്ടായിവരുന്നതായിരിക്കും. ഇത് രാജ്ഞിയുടെ ഉദരഭാഗം വളരെ വീർത്തിരിക്കുന്നതിനും, പ്രത്യുത്പാദന ശേഷി കൂടാനും കാരണമാകുന്നു. ഒരു ദിവസം രാജ്ഞി രണ്ടായിരത്തിലധികം മുട്ടകൾ ഇടാൻ കഴിവുണ്ടായിരിക്കും. രാജ്ഞിയുടെ ഉദരഭാഗം വളരെ വീർത്തിരിക്കുന്നതുകൊണ്ട് സ്വതന്ത്രമായി ചലിക്കുക രാജ്ഞിയ്ക്ക് ബുദ്ധിമുട്ടായിരിക്കും, അതിനു വേലക്കാരുടെ സഹായം ആവശ്യമായി വരുന്നു. സമൂഹപരിപാലനത്തിനായി ചിതലുകൾ ഫിറമോണുകൾ ഉപയോഗിക്കുന്നു. രാജ്ഞിയാണ് ഫിറമോണുകൾ ഉത്പാദിപ്പിക്കുന്നത്. രാജ്ഞിയെ നക്കിത്തുടയ്ക്കുമ്പോൾ ഈ ഫിറമോണുകൾ വേലക്കാരിലെത്തുന്നു. പിന്നീട് ഒരേ ഭക്ഷണം പങ്ക് വെച്ചു കഴിക്കുമ്പോൾ മറ്റുള്ള ചിതലുകളിലും എത്തുന്നു. രാജ്ഞിയിൽ നിന്നുള്ള ഫിറമോണുകളുടെ അളവിനു കുറവു സംഭവിക്കുമ്പോൾ പ്രായം കൂടിയ ഒരു നിംഫ് രാജ്ഞിയായി മാറുന്നു. ഇത്തരത്തിലുള്ളവയ്ക്ക് ക്രമേണ പ്രത്യുത്പാദന ശേഷിയുണ്ടാകുന്നു. ഉറുമ്പുകളിൽ നിന്നും വ്യത്യസ്തമായി ചിതലുകളിൽ പ്രത്യുത്പാദന ശേഷിയുള്ള ആൺ ചിതലുകൾ ജീവിതകാലം മുഴുവനും രാജ്ഞിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. അവയുടെ ശരീരവലിപ്പം രാജ്ഞിയെ പോലെ വർദ്ധിക്കാറില്ല. രാജ്ഞിയുടേയും രാജാവിന്റേയും ചിറകുകളുടെ സ്ഥാനത്ത് ചെറിയ മുനമ്പുകൾ മാത്രമേ ഉണ്ടാകാറുള്ളു[1].
കൂട്ടത്തിലെ ചിറകുള്ളവ അഥവാ ഈയലുകളേയും പ്രത്യുത്പാദന ശേഷിയുള്ളവയായി കണക്കാക്കുന്നു. ചിതലുകളിൽ വികസിച്ച കണ്ണുകൾ ഇവയ്ക്കാണുള്ളത് (ചില ജാതികളിൽ പട്ടാളക്കാർക്കോ, വേലക്കാർക്കോ കണ്ണുകളുണ്ടാകാറുണ്ട്). ഒരു കൂട്ടിലെ ചിതലുകളുടെ എണ്ണം കൂടുംതോറും രാജകീയ ഫിറമോണിന്റെ അളവു കുറയുകയും തുടർന്ന് നിരവധി നിംഫുകൾ പ്രത്യുത്പാദകരായി ഉയർത്തപ്പെടുകയും ചെയ്യുന്നു. ഒരു കൂടിനു ഉൾക്കൊള്ളാൻ പറ്റാത്തത്രയെണ്ണം ചിതലുകൾ ഉണ്ടാകുമ്പോൾ മഴക്കാലത്തിനു തൊട്ടുമുമ്പ് ചിറകുള്ളവ കൂടുവിട്ടു പുറത്തു പോകുന്നു. ഈ കൂട്ടപ്പറക്കലിന് ‘’സ്വാമിങ്‘’ എന്നു പറയുന്നു. ഇവ പിന്നീട് കോളനി സ്ഥാപിക്കാൻ പറ്റിയ ഒരിടം കണ്ടെത്തി അവിടെ കൂടുണ്ടാക്കാൻ തുടങ്ങുന്നു. കൂടുണ്ടാക്കാൻ തുടങ്ങുന്നതിനു മുമ്പ് ഇവ തങ്ങളുടെ ചിറകുകൾ പൊഴിച്ചു കളയുന്നതാണ്.
ജോലിക്കാർ
തിരുത്തുകഒരു കോളനിയിലെ ഭക്ഷണ സമ്പാദനം, ഭക്ഷണ സംരക്ഷണം, കുഞ്ഞുങ്ങളെ പരിപാലിക്കൽ, കൂടിന്റെ പരിപാലിക്കൽ തുടങ്ങിയ സാമൂഹിക കർത്തവ്യങ്ങൾ ചെയ്യുന്ന അംഗങ്ങളെ ജോലിക്കാർ എന്നു വിളിക്കുന്നു. ചില ജാതികളിൽ പരിരക്ഷണ പ്രവർത്തനങ്ങളും ഇവ ചെയ്യാറുണ്ട്. ഒരു ഒറ്റച്ചിറകുകളാവും ഉണ്ടാവുക[2]. ദഹിപ്പിച്ചതോ പാതി ദഹിപ്പിച്ചതോ ആയ വസ്തുക്കൾ വായിലൂടെയോ വിസർജ്ജ്യമായോ പുറത്തെടുത്ത് വിതരണം ചെയ്താണ് ജോലിക്കാർ കൂട്ടിലെ ഭക്ഷണ വിതരണ സംവിധാനം നിലനിർത്തുന്നത്. സ്വയം ഭക്ഷണം കഴിക്കാൻ പ്രാപ്തമല്ലാത്തതുകൊണ്ട് കുഞ്ഞുങ്ങൾക്കും, പ്രതിരോധത്തിനനുസൃതമായി മുഖത്തിന്റെ ഘടനയിൽ വ്യത്യാസമുള്ളതുകൊണ്ട് ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത പട്ടാളക്കാർക്കും ഭക്ഷണം നൽകേണ്ടത് ജോലിക്കാരാണ്. ഇതോടൊപ്പം രാജ്ഞിയുടെ കാര്യങ്ങൾ നോക്കുക, മുട്ടകളേയും കുഞ്ഞുങ്ങളേയും അനുയോജ്യമായ സ്ഥലങ്ങളിലേയ്ക്ക് മാറ്റുക, കൂട്ടിലെ താപനിലയും വായൂ ഗമനാഗമനവും നിയന്ത്രിക്കുക എന്നീ ജോലികളും ചെയ്യുന്നത് ജോലിക്കാരാണ്.
ജോലിക്കാർക്ക് ഒട്ടും വികസിക്കാത്ത കണ്ണുകളാണുള്ളത്.
പട്ടാളക്കാർ
തിരുത്തുകആക്രമണങ്ങളെ നേരിടാൻ ശാരീരികവും സ്വഭാവപരവുമായ പ്രത്യേകതകൾ ഉള്ള ചിതലുകളാണ് പട്ടാളക്കാർ. ബലമേറിയവയും ഉറച്ചശരീരവുമാണിവയ്ക്കുണ്ടാവുക. പൊതുവേ ഉറുമ്പുകളാണ് ചിതലുകളുടെ പ്രധാന ശത്രുക്കൾ. മിക്ക പട്ടാളക്കാരുടേയും താടിയിൽ അവ കടിക്കാനുപയോഗിക്കുന്ന മാൻഡിബിളുകൾ വളർന്നിരിക്കുന്നതിനാൽ അവയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ കഴിവുണ്ടാകാറില്ല. നേർത്ത പാതകൾ അടച്ചുസംരക്ഷിക്കുന്നതിനായി തങ്ങളുടെ വലിയ തലകൾ ഉപയോഗിച്ച് വഴി ഇവ അടച്ചു സൂക്ഷിക്കുന്നു.
ഉറുമ്പുകളെയാണ് പട്ടാളക്കാർക്ക് മിക്കപ്പോഴും നേരിടേണ്ടിവരിക. ഇടുങ്ങിയ വഴികളിൽ വലിയ തലയും ശക്തമായ മാൻഡിബിളുകളുമുപയോഗിച്ച് ഇവ ഫലപ്രദമായി പ്രതിരോധിച്ചു നിൽക്കുന്നു. വലിയ വഴിയാണെങ്കിൽ പട്ടാളക്കാർ അടുക്കടുക്കായി നിന്ന് ഉറുമ്പുകളുടെ ആക്രമണത്തെ നേരിടുന്നു. ഓരോ പട്ടാളക്കാരുടെയും പിന്നിലായി മറ്റൊരു പട്ടാളക്കാരൻ നിൽക്കുന്ന സ്വഭാവവും കണ്ടു വരുന്നു. ഏതെങ്കിലും ഒരു പട്ടാളക്കാരൻ കൊല്ലപ്പെടുകയാണെങ്കിൽ തത്സ്ഥാനത്തേയ്ക്ക് പിന്നിൽ നിൽക്കുന്ന പട്ടാളക്കാരൻ കയറുന്നതാണ്. മുന്നിൽ പട്ടാളക്കാർ പോരാടുമ്പോൾ പിന്നിൽ ജോലിക്കാർ വഴി പൂർണ്ണമായും അടയ്ക്കുകയും അത് മുന്നിൽ നിൽക്കുന്ന പട്ടാളക്കാരുടെയെല്ലാം മരണത്തിനു കാരണമാവുകയും ചെയ്യാറുണ്ട്.
ചിലപ്പോൾ ചിലയിനങ്ങളിലെ പട്ടാളക്കാർ മാൻഡിബിളുകൾ സ്വയം അടർത്തിമാറ്റി പോരാട്ടത്തിനിടെ ചാവേറുകൾ ആകാറുണ്ട്. അപ്പോൾ ഊറിവരുന്ന ദ്രാവകം വായുവുമായുള്ള സംയോഗത്താൽ പശിമയുള്ളതായി തീരുകയും അങ്ങനെ അധിനിവേശം നടത്തുന്ന ജീവികളെ കുടുക്കി നിർത്താനും കഴിയുന്നതാണ്[3][4].
കൂട്
തിരുത്തുകചിതലുകൾ തങ്ങളുടെ കോളനി സ്ഥാപിക്കുന്നത്, മണ്ണിലോ, വീണുകിടക്കുന്ന മരത്തിലോ, മരത്തിന്റെ മുകളിലോ ആയിരിക്കും. ജീവിക്കാനുള്ള സ്ഥലം എന്നതിനു പുറമേ ഭക്ഷണവിതരണത്തിനുള്ള സ്ഥലം, സുരക്ഷിതമായ സ്ഥലം, ചിലയിനം ജാതികളിൽ ഭക്ഷണത്തിനായി മറ്റു ജീവികളെ വളർത്താനുള്ള സ്ഥലം എന്നൊക്കെ പ്രാധാന്യമുള്ളതായിരിക്കും കൂട്. കൂട് സാധാരണയായി ഇടുങ്ങിയ വഴികൾ ഉള്ളതും എന്നാൽ വായുവിന്റെ ഗമനാഗമനവും താപനിലയുമെല്ലാം കൃത്യമായി പരിപാലിക്കപ്പെട്ടതുമാവും. മണ്ണ്, മണൽ, സസ്യങ്ങളുടെ ഭാഗങ്ങൾ, പശിമയുള്ള ശരീരസ്രവങ്ങൾ എന്നിവയെല്ലാം ചിതലുകൾ കൂടുനിർമ്മാണത്തിനുപയോഗിക്കുന്നു. വളരെ ദുർബലങ്ങളായ ജീവികളായതിനാൽ തങ്ങൾ പോകുന്ന വഴികളും കൂടിനു സമാനമായി മണ്ണുപയോഗിച്ച് സംരക്ഷിച്ചവയായിരിക്കും. രാജ്ഞിയുടേയും രാജാവിന്റെയും സ്ഥാനം കൂടിന്റെ മദ്ധ്യഭാഗത്തായി ഏറ്റവും സുരക്ഷിതമായ അറയിലായിരിക്കും. ഈയലുകൾ പറന്നു പോകാനായി കൂടിനുവശങ്ങളിൽ സാമാന്യത്തിലും വലിപ്പമുള്ള ദ്വാരങ്ങളുണ്ടാകും, ഈയലുകൾ പറന്നു പോയി വേലക്കാർ ദ്വാരം പൂർണ്ണമായി അടയ്ക്കുന്നതുവരെ പട്ടാളക്കാർ ഇവിടെ കാവൽ നിൽക്കുന്നു. കൂടിനുള്ളിലെ ആർദ്രത, താപനില തുടങ്ങിയവ പരിപാലിക്കാൻ വേണ്ടി മാത്രമേ ഈ ദ്വാരങ്ങൾ അല്ലെങ്കിൽ സാധാരണ തുറക്കാറുള്ളു.
സാധാരണ മണ്ണിനടിയിലാണ് ഉണ്ടാവുകയെങ്കിലും ചിലപ്പോളവ മണ്ണിനു പുറത്തെയ്ക്ക് ഉയർത്തി നിർമ്മിക്കാറുണ്ട്. ഇവയെ ചിതൽ പുറ്റുകൾ എന്നു വിളിക്കുന്നു.
ചിതൽ പുറ്റ്
തിരുത്തുകചിതലിന്റെ വാസസ്ഥാനം മണ്ണിനടിയിലോ വീണുകിടക്കുന്ന മരത്തിലോ ഒക്കെയാണെങ്കിലും ചിലപ്പോഴവ മണ്ണിനു മുകളിലേയ്ക്ക് വളർന്നു നിൽക്കാറുണ്ട്. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പുൽമേടുകളിൽ ചിലപ്പോളവ 9 മീറ്റർ വരെ ഉയരത്തിലുണ്ടാവാറുണ്ട്[5]. സാധാരണ മൂന്നുമീറ്റർ വരെയാണ് ഉയരം. കേരളത്തിൽ സർപ്പക്കാവുകളിലും മറ്റും വിസ്തൃതമായ ചിതൽപ്പുറ്റുകൾ കാണാവുന്നതാണ്. വാസസ്ഥലത്തിന്റെ ലഭ്യത കൂട്ടുന്നതിനൊപ്പം കൂട്ടിനുള്ളിലെ താപനിയന്ത്രണത്തിനും വായുസഞ്ചാര നിയന്ത്രണത്തിനും ചിതൽപ്പുറ്റുകൾ സഹായകമാകുന്നു. ചിതൽപ്പുറ്റുകളിൽ താപനിയന്ത്രണം ഉറപ്പാക്കുന്നതിനായി ചിലഭാഗങ്ങളിൽ അതിലോലമായിട്ടായിരിക്കും ഭിത്തികൾ ഉണ്ടാവുക. തുറന്നിരിക്കുന്ന ഭാഗത്തിന്റെ നിർമ്മാണം കാറ്റിനെ കൂടിന്റെ ഉള്ളറകളിൽ വരെ എത്തിക്കുന്ന വിധത്തിലായിരിക്കും. ഉപരിതലത്തിലുള്ള ദ്വാരങ്ങൾ നേർത്ത മൺപാളിയാൽ അടച്ചുഭദ്രമാക്കിയിട്ടുള്ളവയായിരിക്കും. വശങ്ങളിലുണ്ടാകുന്ന ചാലുകൾ വായൂ സമ്പർക്കം ഉറപ്പു വരുത്തുന്നതാണ്.
രാമായണത്തിന്റെ രചയിതാവായ വാല്മീകിയുടെ ശരീരം തന്റെ തപസ്സിനിടെ ചിതലുകൾ മൂടി ചിതൽപ്പുറ്റുണ്ടാക്കിയെന്ന് ഐതിഹ്യമുണ്ട്.
ചിത്രങ്ങൾ
തിരുത്തുക-
ചിതൽപ്പുറ്റ് മുത്തങ്ങയിൽ നിന്നും
-
Cathedral Mounds in the Northern Territory of Australia
-
Magnetic Mounds (nearly North-South Axis)
-
ചിതൽപ്പുറ്റ്, തമിഴ്നാട്ടിലെ ആരൂരിൽ നിന്നെടുത്ത ചിത്രം
-
തേക്കിൻ മരത്തിലെ ചിതൽ
ഭക്ഷണം
തിരുത്തുകപ്രധാനമായും സസ്യഭാഗങ്ങളാണ് ചിതലുകളുടെ ഭക്ഷണം. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന പ്രാകൃതഘടനയുള്ള മാസ്റ്റോടെർമസ് ഡാർവീനിയൻസിസ് എന്ന ജാതി ചിതലുകൾ, മരംകൊണ്ടുണ്ടാക്കിയ എന്തിനും പുറമേ, ജീവനുള്ള മരങ്ങളും, രോമം, കൊമ്പ്, ആനക്കൊമ്പ്, കാർഷികവിളകൾ, റബ്ബർ, തോൽ, വൈദ്യുതകമ്പികളുടെ ഇൻസുലേഷൻ തുടങ്ങിയവയെല്ലാം ഭക്ഷിക്കുന്നതാണ്. സസ്യഭാഗങ്ങളാണ് പ്രധാനഭക്ഷണമെങ്കിലും ഉയർന്നയിനം ജന്തുക്കളിലേതു പോലെ സെല്ലുലോസ് ദഹിപ്പിക്കാനുള്ള സീക്കം എന്ന ഘടന ചിതലുകൾക്കില്ല. സെല്ലുലോസ് ദഹിപ്പിക്കാനായി ചിതലുകളുടെ ഉള്ളിൽ കഴിയുന്ന ചിലയിനം പ്രോട്ടോസോവകളുടെ (ഫ്ലാജല്ലേറ്റുകൾ) സഹായം വേണം. ഈ പ്രോട്ടോസോവകൾ ചിതലുകൾ നിംഫ് ആയിരിക്കുന്ന അവസരത്തിൽ മറ്റു ചിതലുകളുടെ വിസർജ്ജ്യം ഭക്ഷിക്കുമ്പോൾ അക്കൂടെയാണ് ശരീരത്തിലെത്തുന്നത്.
ചിലയിനം ചിതലുകൾ സസ്യങ്ങളുടെ വേരുകളും, പുല്ലുകളുമെല്ലാം മെത്ത പോലെ സജ്ജീകരിച്ച് അതിൽ ഫംഗസുകളെ വളർത്താറുണ്ട്. ഇപ്രകാരം ചെയ്യുന്നതു മൂലം ഫംഗസുകളിൽ നിന്നും ചിതലുകൾക്കുപകാരപ്രദമായ മാംസ്യം തിരിച്ചു ലഭിക്കുന്നു.
പ്രാധാന്യം
തിരുത്തുകപാരിസ്ഥിതികമായി വളരെ പ്രാധാന്യമുള്ള ജീവിയാണ് ചിതൽ. മരങ്ങളുടെ വിഘടനവും, മണ്ണുനിർമ്മാണവും നേരിട്ടു നടത്തുന്നതിനു പുറമേ, അസംഖ്യം ജീവികൾക്ക് ഇവ ഭക്ഷണവുമാണ്. കേരളത്തിൽ കണ്ടുവരുന്ന നാട്ടുവേലിത്തത്ത, ഇരട്ടവാലൻ തുടങ്ങിയ പക്ഷികൾക്ക് ചില കാലങ്ങളിലെ പ്രധാന ഭക്ഷണം ഈയലുകളാണ്. ഇവ മരങ്ങളിലും മണ്ണിലുമുണ്ടാക്കുന്ന പൊത്തുകളിൽ നിരവധി ജീവികൾ താമസമുറപ്പിക്കാറുണ്ട്. ദക്ഷിണ ആഫ്രിക്കയിൽ നടന്ന പഠനങ്ങൾ ചിതലുകൾ കൂടിനായി ഉണ്ടാക്കുന്ന വരമ്പുകൾ മണ്ണൊലിപ്പ് തടയുന്നതിനും ജലം മണ്ണിൽ തന്നെ താഴാനും കാരണമാകുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. ഒഡണ്ടോ ടെർമിസ് എന്ന ജാതിയിലെ ചിതലുകൾ ബോട്സ്വാനയിൽ നിർമ്മിച്ച ഇത്തരത്തിലുള്ള രണ്ടുമീറ്ററോളമുയരവും ഒരു കിലോമീറ്റർ നീളവുമുള്ള കൂറ്റൻ വരമ്പുകൾ പഠനവിധേയമാക്കിയതിൽ നിന്നും അക്കാരണത്താൽ പ്രദേശത്തെ കാർഷിക വിളവിൽ മൂന്നു മുതൽ എട്ടിരട്ടി വരെ വർദ്ധനവുണ്ടായതായി കണക്കാക്കുന്നു[1].
കേരളത്തിൽ പൊതുവേ ചിതൽ പുറ്റിൽ നിന്നുള്ള മണ്ണുപയോഗിച്ച് നിലം മെഴുകാറുണ്ട്. ഹൈന്ദവാരാധനയുമായി ബന്ധപ്പെടുത്തിയും ചിതൽപ്പുറ്റുകളെ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ചിതൽപ്പുറ്റിലെ മണ്ണ് ഔഷധമായി കണക്കാക്കുന്നു.
അവലംബം
തിരുത്തുക- ↑ മുകളിൽ ഇവിടേയ്ക്ക്: 1.0 1.1 1.2 ചിതലുകൾ, കെ.ഗംഗാധരൻ, ശാസ്ത്രകേരളം, ഏപ്രിൽ 1991, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-04. Retrieved 2009-08-02.
- ↑ Piper, Ross (2007), Extraordinary Animals: An Encyclopedia of Curious and Unusual Animals, Greenwood Press.
- ↑ C. Bordereau, A. Robert, V. Van Tuyen & A. Peppuy (1997). "Suicidal defensive behavior by frontal gland dehiscence in Globitermes sulphureus Haviland soldiers (Isoptera)". Insectes Sociaux. 44 (3): 289–297. doi:10.1007/s000400050049.
{{cite journal}}
: Unknown parameter|quotes=
ignored (help)CS1 maint: multiple names: authors list (link) - ↑ "Termite." Encyclopædia Britannica Online Library Edition. Retrieved 19 November 2007.]]