പി.കെ. ബാലകൃഷ്ണൻ

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ

കേരളത്തിലെ ഒരു ചരിത്രകാരനും,സാമൂഹ്യ-രാഷ്ട്രീയ വിമർശകനും, നിരൂപകനും, പത്രപ്രവർത്തകനും, നോവലിസ്റ്റുമായിരുന്നു പി.കെ. ബാലകൃഷ്ണൻ. മുഴുവൻ പേര്‌ പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻ. (ജനനം 1926- മരണം 1991) ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലൂടെയാണ്‌ പ്രശസ്തിയിലേക്ക് ഉയർന്നത്. പി.കെ. ബാലകൃഷ്ണന്റെ നിരൂപണാത്മകമായ ലേഖനങ്ങൾ പലരെയും ചൊടിപ്പിച്ചു. ചരിത്രത്തിൽ വളരെ ഗഹനമായ അറിവുണ്ടായിരുന്ന അദ്ദേഹം വേറിട്ടപാതയിലൂടെയാണ് ചരിത്രത്തെ സമീപിച്ചത്. ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന ഗ്രന്ഥത്തിലൂടെ അന്നുവരെ ചരിത്രമെന്ന് വിശ്വസിച്ചിരുന്ന പലതിനെയും ചോദ്യം ചെയ്യുന്നു . കേരളമാഹാത്മ്യം, കേരള ചരിത്രം എന്നീ പുസ്തകങ്ങളെയും പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ളയുടെ ചില പരാമർശങ്ങളേയും അദ്ദേഹം നിശിതമായി വിമർശിച്ചു.[2]

പി.കെ.ബാലകൃഷ്ണൻ
P. K. Balakrishnan.gif
Nationalityഇന്ത്യക്കാരൻ

ജീവിതരേഖതിരുത്തുക

എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തിൽ 1926-ൽ ജനിച്ചു[3]. പിതാവ് കേശവൻ ആശാൻ, മാതാവ് മണി അമ്മ. എടവനക്കാട്ടും ചെറായിയിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. ജാനകി, ലക്ഷ്മി, പാർവ്വതി എന്നിവരായിരുന്നു ജ്യേഷ്ഠ സഹോദരിമാർ.

വിദ്യാരംഭം കുറിച്ചത് മാധവൻ എന്ന ആശാന്റെ കളരിയിലായിരുന്നു. 1940-ൽ ചെറായിയിലെ രാമവർമ്മ യൂണിയൻഹൈസ്കൂളിലും പഠിച്ചു. സ്കൂളിൽ നിന്ന് സ്വർണ്ണമെഡലോടെയും ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പോടെയുമാണ് അദ്ദേഹം പുറത്തു വന്നത്. ഏതാണ്ട് ഇതേ സമയത്ത് പിതാവ് പക്ഷാഘാതം മൂലം തളർന്ന് കിടപ്പിലായി. എങ്കിലും ബാലകൃഷ്ണന്റെ പഠിപ്പ് മുടക്കാൻ അദ്ദേഹം അനുവദിച്ചില്ല.

ഉന്നതവിദ്യാഭ്യാസം എറണാകുളത്തെ മഹാരാജാസ് കോളേജിലായിരുന്നു. ശാസ്ത്രമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. പഠിക്കുന്ന കാലത്ത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിൽ‌വാസം അനുഷ്ടിച്ചതിനെ തുടർന്ന് കലാലയ വിദ്യാഭ്യാസം മുടങ്ങി. നാലുവർഷം കലാലയത്തിൽ പഠിച്ചെങ്കിലും അദ്ദേഹത്തിന് ബിരുദം സമ്പാദിക്കാനായില്ല. തുടർന്ന് രാഷ്ട്രീയ പ്രവർത്തനവും പത്രപ്രവർത്തനവുമായി മുന്നോട്ട് പോയി.

രാഷ്ട്രീയരംഗത്ത്തിരുത്തുക

വായനയിലൂടെ അന്നത്തെ ലോക രാഷ്ട്രീയ അന്തരീക്ഷം അദ്ദേഹത്തിന് മനഃപാഠമായി. കോൺഗ്രസ്സിന്റെ ചരിത്രം പഠിക്കുന്നതിലൂടെ ചരിത്രം ഒന്നടങ്കം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിത്തീർന്നു. ജയിൽ ജീവിതത്തിനിടക്ക് സി.അച്യുതമേനോനെയും കെ. കരുണാകരനേയും അദ്ദേഹം പരിചയപ്പെട്ടിരുന്നതും രാഷ്ട്രീയ രംഗത്തേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നിരിക്കണം.

ജയിലിൽ നിന്നിറങ്ങിയ ശേഷം കുറച്ചുകാലം അദ്ദേഹം കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി. മത്തായി മാഞ്ഞൂരാന്റെ കീഴിൽ പ്രജാമണ്ഡലത്തിൽ ഭിന്നിപ്പ് ഉണ്ടായപ്പോൾ കേരള സൊഷ്യലിസ്റ്റ് പാർട്ടിയിലും ചേർന്ന് പ്രവർത്തിച്ചു. പിന്നീട് രാഷ്ട്രീയരംഗത്തെ അപചയം കണ്ട് രാഷ്ട്രീയ പ്രവർത്തനം പി.കെ. ബാലകൃഷ്ണൻ ഉപേക്ഷിച്ചു. ഇക്കാലത്ത് അദ്ദേഹം കോൺഗ്രസ്സിന്റെ യുവജനവിഭാഗത്തിന്റെ മുഖപത്രമായ ആസാദ് എന്ന വാരികയുടെ പിന്നിൽ പ്രവർത്തിച്ചു. 'ആസാദി'ൽ അദ്ദേഹം എഴുതിയിരുന്ന നിരവധി ലേഖനങ്ങൾ പത്രമാദ്ധ്യമപ്രവർത്തകർക്കും പൊതുജങ്ങൾക്കും ഇടയിൽ അദ്ദേഹത്തിന്റെ യശസ്സ് വർദ്ധിപ്പിച്ചിരുന്നു.

സ്വാധീനങ്ങൾതിരുത്തുക

രാഷ്ട്രീയ ജീവിതകാലത്ത് ബാലകൃഷ്ണൻ പല സമുന്നത സാഹിത്യ-നവോത്ഥാന നായകന്മാരുമായി പരിചയപ്പെട്ടിരുന്നു. സഹോദരൻ അയ്യപ്പൻ, ശ്രീനാരായണഗുരു തുടങ്ങിയവരുടെ വ്യക്തിത്വം അദ്ദേഹത്തിന്റെ പിൽക്കാല ജീവിതത്തെ തന്നെ മാറ്റിമറിച്ചവരായിരുന്നു.

പത്ര പ്രവർത്തനംതിരുത്തുക

ദിനസഭയുടെ എഡിറ്റർ, കേരളകൗമുദിയിൽ ദീർഘകാലം പത്രാധിപസമിതയംഗം, കേരളഭൂഷണം, മാധ്യമം എന്നീ ദിനപത്രങ്ങളുടെ മുഖ്യപത്രാധിപർ എന്നീ നിലകളിൽ പി.കെ. ബാലകൃഷ്ണൻ പ്രവർത്തിച്ചു.

സാഹിത്യരംഗത്ത്തിരുത്തുക

പി.കെ. ബാലകൃഷ്ണൻ പരക്കെ അറിയപ്പെട്ടു തുടങ്ങിയത് സാഹിത്യരംഗത്തുള്ള സംഭാവനകളിലൂടെയാണ്‌. ബാലകൃഷ്ണന്റെ ആദ്യമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം നാരായണഗുരു (സമാഹാര ഗ്രന്ഥം) ആയിരുന്നു (1954-ൽ പ്രസിദ്ധീകരിച്ചു). പിന്നീടു വന്ന ചന്തുമേനോൻ - ഒരു പഠനം, നോവൽ - സിദ്ധിയും സാധനയും, കാവ്യകല കുമാരനാശാനിലൂടെ തുടങ്ങിയ പുസ്തകങ്ങൾ മലയാള സാഹിത്യത്തിന്‌ ഗണ്യമായ മുതൽക്കൂട്ടാണ്‌ [4] ഇനി ഞാൻ ഉറങ്ങട്ടെ ആണ്‌ പി.കെ.ബാലകൃഷ്ണന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. 1973-ൽ പ്രസിദ്ധീകരിച്ച ഈ നോവൽ മലയാളത്തിലെ ഏറ്റവും നല്ല നോവലുകളിലൊന്നായി കരുതപ്പെടുന്നു. മഹാഭാരത കഥയെ ആസ്പദമാക്കിയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. കർണ്ണന്റെ കഥയും ദ്രൗപദിയുടെ കഥയും ഈ നോവലിൽ രണ്ട് സമാന്തരകഥകളായി വികസിക്കുന്നു. പലപ്പോഴും ഈ രണ്ട് കഥകളും ഇടകലരുന്നു. ദ്രൗപദിയുടെ ചിന്താധാരകളുടെ രൂപത്തിൽ ആണ് നോവലിന്റെ ഭൂരിഭാഗവും രചിച്ചിരിക്കുന്നത്. മഹാഭാരതകഥയല്ലാതെ നോവലിന് മൂന്നാമത് ഒരു മാനവും കൈവരുന്നുണ്ട്. വയലാർ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ഈ നോവലിന് ലഭിക്കുകയുണ്ടായി[5].

ജീവചരിത്രംതിരുത്തുക

ഉറങ്ങാത്ത മനീഷി -എം.കെ സാനു എഴുതുന്ന പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം (ഭാഗം-18, 2011 ജൂൺ-27) മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചിരുന്നു.

ചരിത്ര രചനതിരുത്തുക

ടിപ്പു സുൽത്താൻ, ശ്രീ നാരായണഗുരു[6] തുടങ്ങിയ ഗ്രന്ഥങ്ങൾ രചിക്കുന്നതോടെ അദ്ദേഹം ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടവും നടത്തിത്തുടങ്ങിയിരുന്നു. താമസിയാതെ ചരിത്രം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായി. താൻ തിരഞ്ഞെടുക്കുന്ന വിഷയങ്ങളെ വിവിധ കോണുകളിലൂടെ പഠിക്കുവാനും അവയുടെ സത്യവും മിഥ്യയും വേർ‌തിരിച്ചെടുക്കാനും അദ്ദേഹം ശ്രമം നടത്തിയിരുന്നു. മറ്റുളളവരുടെ അഭിപ്രായങ്ങൾ അവ തെളിവുകളുടെ സാന്നിധ്യത്തിൽ പരിശോധിക്കാനും അവ തെറ്റെന്ന് തോന്നുന്നിടത്ത് നിശിതമായി എതിർക്കാനും അദ്ദേഹം മടിച്ചില്ല. അദ്ദേഹത്തിന്റെ വളരെ മൗലികമായ ഒരു സംഭാവന കേരള ചരിത്ര രചനയിലായിരുന്നു. കാലങ്ങളായി കേരളത്തിന്റെ ചരിത്രത്തിൽ കടന്നു കൂടിയ മിഥ്യാ ധാരണകൾ അദ്ദേഹം പൊടികളഞ്ഞെടുത്തു. ഇതിനിടയിൽ കേരളചരിത്രകാരനായ ഇളംകുളം കുഞ്ഞൻ പിള്ളയുടെ പല ചിന്തകളേയും കേരള മാഹാത്മ്യം, കേരളോല്പത്തി എന്നീ ഗ്രന്ഥങ്ങളുടെ അവകാശവാദങ്ങളേയും അദ്ദേഹം ഖണ്ഡിച്ചു. ഇതാണ്‌ അദ്ദേഹത്തെ 'ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും (ഗ്രന്ഥം)' എഴുതുന്നതിൽ എത്തിച്ചത്. അക്കാലം വരെയുണ്ടായിരുന്ന ധാരണകൾക്ക് വിപരീതമായി കേരളത്തിൽ ഒരു സാമ്രാജ്യമോ കേമമായ ഒരു രാജസ്ഥാനമോ ഉണ്ടായിരുന്നില്ല എന്നും നാഗരികതയുടെ പൈതൃകം കേരളത്തിന് അത്രകണ്ട് അവകാശപ്പെടാനില്ല എന്നുമുള്ള വാദമാണ് ഗ്രന്ഥം മുന്നോട്ടുവച്ചത്. ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും എന്ന കൃതി കേരളചരിത്രത്തെപ്പറ്റി അതുവരെ ഉണ്ടായിരുന്ന ധാരണകളെ ചോദ്യംചെയ്യുകയും പുതിയ വസ്തുതകളുടെ വെളിച്ചത്തിൽ ചരിത്രത്തെ സമീപിക്കുകയും ചെയ്തു . കേരള ചരിത്രതിൽ അറിയപ്പെട്ടിരുന്ന "രണ്ടാം ചേര സാമ്രാജ്യം", നൂറ്റാണ്ട് യുദ്ധം" തുടങ്ങിയവ ആവശ്യമായ തെളിവുകളില്ലാത്ത സങ്കൽപ്പങ്ങൾ മാത്രമാണെന്നു അദ്ദേഹം വാദിച്ചു.

പുരസ്കാരങ്ങളും ബഹുമതികളുംതിരുത്തുക

കേരള സാഹിത്യ അക്കാദമി അവാർഡ് (1974), സാഹിത്യ പ്രവർത്തക ബെനെഫിറ്റ് ഫണ്ട് അവാർഡ്, വയലാർ അവാർഡ് (1978) എന്നിവ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിനു ലഭിച്ചു. ഇംഗ്ലീഷിൽ നൌ ലെറ്റ് മീ സ്ലീപ് എന്ന പേരിലും തമിഴിൽ ഇനി ഞാൻ ഉറങ്ങട്ടെ എന്ന പേരിലും കന്നഡയിൽ നാനിന്നു നിദ്രിസുവെ എന്ന പേരിലും ഈ നോവൽ വിവർത്തനം ചെയ്തിട്ടുണ്ട്.

കൃതികൾതിരുത്തുക

  • ഇനി ഞാൻ ഉറങ്ങട്ടെ (നോവൽ) - 1973
  • നാരായണഗുരു (സമാഹാര ഗ്രന്ഥം)
  • ചന്തുമേനോൻ - ഒരു പഠനം
  • നോവൽ സിദ്ധിയും സാധനയും
  • കാവ്യകല -കുമാരനാശാനിലൂടെ
  • എഴുത്തച്ഛന്റെ കല- ചില വ്യാസഭാരത പഠനങ്ങളും(നിരൂപണം)
  • പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ,(നോവൽ)
  • ടിപ്പു സുൽത്താൻ
  • ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും [7]
  • നോവൽ - സിദ്ധിയും സാധനയും (1965)
  • ബാലകൃഷ്ണന്റെ ലേഖനങ്ങൾ (2004)
  • കേരളീയതയും മറ്റും (2004) 20 ലേഖനങ്ങളുടെ സമാഹാരം.
  • വേറിട്ട ചിന്തകൾ- പി.കെ ബാലകൃഷ്ണൻ (2011)-ലേഖന സമാഹാരം, പ്രതീക്ഷ ബുക്സ്

പുരസ്കാരങ്ങൾതിരുത്തുക

ഇനി ഞാൻ ഉറങ്ങട്ടെ എന്ന പുസ്തകത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരവും[8] വയലാർ പുരസ്കാരവും സാഹിത്യ പ്രവർത്തക ബെനെഫിറ്റ് ഫണ്ട് അവാർഡും ലഭിച്ചു.[9][10]

പി.കെ. ബാലകൃഷ്ണനെ പറ്റിയുള്ള കൃതികൾതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 "P. K. Balakrishnan - Biography". ശേഖരിച്ചത് 2021-02-15.
  2. ജെ. ദേവിക (2010). "1 - ചരിത്രപഠനം കൊണ്ട് എന്തു കാര്യം?". 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗർ, തിരുവനന്തപുരം-695011, കേരളം, ഇന്ത്യ. പുറം. 22. ISBN 81-86353-03-S. ശേഖരിച്ചത് 2013 ജനുവരി 23. ഇളംകുളത്തിന്റെയും അദ്ദേഹത്തിന്റെ പാത പിന്തുടർന്ന മറ്റു ചരിത്രകാരന്മാരുടെയും രചനകൾ മേൽജാതിക്കാരുടെ അധികാരത്തെ ന്യായീകരിക്കുന്നതെങ്ങനെയെന്നും അവരുടെ നിരീക്ഷണങ്ങളുടെയും നിഗമനങ്ങളുടെയും പോരായ്മകൾ എന്തൊക്കെയെന്നും പരിശോധിച്ച കൃതിയായിരുന്നു പി.കെ. ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥയും കേരളചരിത്രവും. {{cite book}}: Check |isbn= value: invalid character (help); Check date values in: |accessdate= (help)
  3. "Balakrishnan P K | Kerala Media Academy". ശേഖരിച്ചത് 2021-08-19.
  4. ഡോ .എം ഗംഗാധരൻ - കേരളത്തിന്റെ ഭൂതരൂപം.
  5. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 679. 2011 ഫെബ്രുവരി 28. ശേഖരിച്ചത് 2013 മാർച്ച് 11. {{cite news}}: Check date values in: |accessdate= and |date= (help)
  6. Sunil. R (1998). Contribution of Elamkulam Kunjan Pillai and P K Balakrishnan to Kerala cultural studies (PDF). അദ്ധ്യായം 1: Sree Sankaracharya University of Sanskrit. പുറം. 25. ശേഖരിച്ചത് 9 സെപ്റ്റംബർ 2019.{{cite book}}: CS1 maint: location (link)
  7. പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4. {{cite book}}: Check |isbn= value: invalid character (help)
  8. "കേരളസാഹിത്യ അക്കാദമി". ശേഖരിച്ചത് 2013 മാർച്ച് 12. {{cite news}}: Check date values in: |accessdate= (help)
  9. "Epic in modern idiom" (ഭാഷ: ഇംഗ്ലീഷ്). The Hindu. മൂലതാളിൽ നിന്നും 2007-10-01-ന് ആർക്കൈവ് ചെയ്തത്. The novel was well received by the readers when it first appeared and won the author the Kerala Sahitya Akademi and the Vayalar awards. {{cite web}}: Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)
  10. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-08-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-08-01.

കുറിപ്പുകൾതിരുത്തുക

  • ^൧ P K Balakrishnan shows an astounding insight in portraying Karna through the view points of different characters. There is no other work in Indian literature that presents this dramatically, the exalted mind of Karna and the struggles that mind faced. (Malayala Manorama 16 November 2005)
  • ^൨ മതപരമായ ശത്രുതയിൽ പട്ടിയും പൂച്ചയും പോലെ പെരുമാറിയിരുന്ന ചരിത്രമുള്ള ഹൈന്ദവ ഭക്തിപ്രസ്ഥാനങ്ങളുടെ നായകസ്ഥാനമുള്ള ആഴവാരേയും നായനാർമാരേയും ഒന്നിച്ചു ചേർത്ത് മലയാളിയാക്കി ചേരസാമ്രാജ്യം സൃഷ്ടിക്കാൻ പ്രൊഫ.ഇളം കുളം തെളിവാക്കിയത് പെരിയപുരാണം എന്ന ഗ്രന്ഥത്തിലെ ഒരു ചെറിയ പരാമർശത്തിന്റെ പിൻബലത്തിലാണ്‌, (ഒരുദാഹരണം) ;- ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും.



"https://ml.wikipedia.org/w/index.php?title=പി.കെ._ബാലകൃഷ്ണൻ&oldid=3908521" എന്ന താളിൽനിന്ന് ശേഖരിച്ചത്