പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവനായിരുന്നു തലക്കൽ ചന്തു. വയനാടൻ കാടുകളിൽ ബ്രിട്ടിഷ്‌ പട്ടാളവുമായിട്ടുള്ള ഒളിപ്പോരുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്.

പനമരം യുദ്ധം

തിരുത്തുക

അദ്ദേഹം പങ്കെടുത്ത ഏറ്റവും അറിയപ്പെടുന്ന പോരാട്ടം പനമരം യുദ്ധമായിരുന്നു. ബ്രിട്ടിഷുകാരുടെ പനമരം കോട്ട നൂറിൽപരം കുറിച്ച്യ പോരാളികളുമായി തലക്കൽ ചന്തുവിന്റെയും എടച്ചേന കുങ്കന്റെയും നേതൃത്വത്തിൽ ഉള്ള സൈന്യം 1802-ൽ വളഞ്ഞു. ക്യാപ്റ്റൻ ദിക്കെൻസൺ എന്ന ബ്രിട്ടീഷ്‌ നേതാവിന്റെ സൈന്യത്തെ കുറിച്ച്യ സൈന്യം കീഴടക്കി. പോരാട്ടത്തിൽ ദിക്കെൻസണും ലെഫ്റ്റനന്റ് മാക്സ്‌വെല്ലും ഉൾപ്പെടയുള്ള ധാരാളം ബ്രിട്ടിഷുകാർ കൊല്ലപ്പെട്ടു. മൂന്നു വർഷത്തിനു ശേഷം 1805 നവംബർ 15-ന്‌ ചന്തു ബ്രിട്ടിഷുകാരുടെ പിടിയിൽപ്പെട്ടു. ബ്രിട്ടിഷ്‌ സൈന്യം അദ്ദേഹത്തെ തൂക്കിലേറ്റി.[1]

തലക്കൽ ചന്തു സ്മാരകം

തിരുത്തുക

പഴശ്ശിരാജയോടൊപ്പം നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ചന്തുവിന്റെ രക്തസാക്ഷിത്വത്തിന്റെ സ്മരണക്കായി സർക്കാർ സ്മാരകം സ്ഥാപിച്ചു. മരണം സംഭവിച്ച് 207 വർഷങ്ങൾക്കു ശേഷമാണ് വയനാട്ടിലെ പനമരം കോട്ടയിലെ കോളിമരത്തിനു സമീപം ബ്രിട്ടീഷുകാർ കഴുത്തറത്തുകൊന്ന ചന്തുവിനായി അവിടെത്തന്നെ സ്മാരകം നിർമ്മിച്ചത്[2].

എം.ഐ. ഷാനവാസ് എം.പി.യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 16 ലക്ഷം രൂപ മുതൽമുടക്കിയാണ് സ്മാരകം നിർമ്മിച്ചത്. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ സ്മാരകം ഉദ്ഘാടനം നിർവഹിച്ചു. പഴശ്ശിരാജാ ചലച്ചിത്രത്തിൽ ചന്തുവായി അഭിനയിച്ച മനോജ് കെ. ജയനും ചടങ്ങിൽ പങ്കെടുത്തു.

1982 മുതൽ കിർടാഡ്സ് കേരളത്തിലെ പട്ടികവർഗ്ഗവിഭാഗങ്ങൾക്കായി തലക്കൽ ചന്തു സ്മാരക അമ്പെയ്ത്തുമത്സരം നടത്തിവരുന്നുണ്ട്. പഴശ്ശിയുടെ ചരിത്രം അടിസ്ഥാനമാക്കി 2009-ൽ പുറത്തിറങ്ങിയ പഴശ്ശിരാജ എന്ന ചിത്രത്തിൽ മനോജ് കെ. ജയൻ തലക്കൽ ചന്തുവിന്റെ കഥാപാത്രം അവതരിപ്പിച്ചു.

  1. http://www.thehindu.com/todays-paper/tp-national/tp-kerala/demand-for-memorial-to-tribal-warriors/article1376376.ece
  2. മനോരമ ദിനപത്രം, കൊച്ചി എഡിഷൻ, 2012 ഒക്ടോബർ 26

ഇതും കാണുക

തിരുത്തുക


"https://ml.wikipedia.org/w/index.php?title=തലക്കൽ_ചന്തു&oldid=3930634" എന്ന താളിൽനിന്ന് ശേഖരിച്ചത്