കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പട്ടണത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള മലനിരയാണ് പുരളിമല.[1] മാലൂർ, തില്ലങ്കേരി, പേരാവൂർ, മുഴക്കുന്ന്‌ എന്നീ പഞ്ചായത്തുകളിലായി ഈ മലനിര വ്യാപിച്ചു കിടക്കുന്നു. ഏതാണ്ട്‌ 15 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ മലനിര പലതരം വൃക്ഷങ്ങളാലും സസ്യലദാതികളാലും കൊച്ചരുവികളാലും സമ്പന്നമാണ്. മലനിരയുടെ ഭൂരിഭാഗവും സ്‌ഥിതിചെയ്യുന്നത്‌ മാലൂർ പഞ്ചായത്തിലാണ്‌. പശ്‌ചിമഘട്ടമലനിരകളുടെ തുടർച്ചയാണ്‌ പുരളിമല. ഇവിടെ നിന്ന്‌ നോക്കിയാൽ അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാനാവുമെന്ന്‌ പഴമക്കാർ പറയുന്നു. പുരളിമലനിര സമുദ്രനിരപ്പിൽ നിന്ന് 1800 മുതൽ മൂവായിരത്തോളം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം/പ്രത്യേകതകൾതിരുത്തുക

പുരളിമലയിൽ പഴശ്ശിരാജ അവസാന കാലഘട്ടത്തിൽ ഏതാനും പടയാളികളോടൊത്തു കഴിഞ്ഞിരുന്നു.[2][3] ബ്രിട്ടീഷ് പട്ടാളം പുരളിമല വളഞ്ഞപ്പോൾ രക്ഷയില്ലാതെ പഴശി വയനാട്ടിലേക്ക് രക്ഷപ്പെട്ടു എന്നാണ് ചരിത്രരേഖകൾ പറയുന്നത്. പുരളിമലയിൽ ചിത്രവട്ടം എന്ന സ്‌ഥലമാണ്‌ ഏറ്റവും ഉയർന്നഭാഗം. ഇവിടെ ജില്ലാ പൊലീസിന്റെ വയർലെസ്സ്‌ സേ്‌റ്റഷൻ സ്‌ഥിതി ചെയ്യുന്നുണ്ട്. ഇവിടെയാണ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ സിഗ്നൽ സേ്‌റ്റഷൻ സ്‌ഥാപിക്കുന്നത്. ഹരിശ്ചന്ദ്ര കോട്ട, കോട്ടക്കുളം, മയിലാടുംപാറ ഗുഹ, പുരളിമല മുത്തപ്പൻ മടപ്പുര, ചിത്രപീഠം, പെരിങ്ങാനം ഉദയംകുന്ന് മടപ്പുര എന്നിവ ഈ മലനിരയിൽ സ്ഥിതി ചെയ്യുന്നു. ഈ മല പേരാവൂർ പഞ്ചായത്തിന്റെ മധ്യഭാഗത്തു നിന്ന് ആരംഭിച്ച് മാലൂർ, മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ പടിഞ്ഞാറോട്ടു പഴശ്ശി വരെ വ്യാപിച്ചു കിടക്കുന്നു. പ്രകൃതിരമണീയവും ഫലഭൂയിഷ്ഠവുമായ ഈ മലയുടെ നെറുകയിൽ വേനൽക്കാലത്തുപോലും വറ്റാത്ത നീരുറവകളുണ്ട്. പഴശ്ശിരാജാക്കന്മാരുടെ പ്രധാനക്ഷേത്രമായ മുഴക്കുന്നിലെ മൃദംഗശൈലേശ്വരിക്ഷേത്രം, മാലൂർപടി ക്ഷേത്രം മുതലായ പൗരാണിക ക്ഷേത്രങ്ങൾ, ഹരിശ്ചന്ദ്ര കോട്ട തുടങ്ങിയവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. സമീപ സ്ഥലങ്ങളുടെ കാലാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന ഘടകമാണ് ഈ മലനിര. വിവിധയിനം ഔഷധ സസ്യങ്ങളാൽ സമ്പന്നമാണ് ഈ മലനിരകൾ. ഇവിടുത്തെ ഹരിശ്ചന്ദ്രക്കോട്ടയും ശിവലിംഗവും പുരളിമലയ്ക്ക് ചരിത്രത്തിൽ ഇടം നൽകുന്നു. ഹരിശ്ചന്ദ്രക്കോട്ട ടിപ്പുവിന്റെ പടയോട്ട കാലത്ത് ഒളിയുദ്ധത്തിനായി പഴശ്ശിരാജ ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകൾ.

ഐതിഹ്യങ്ങൾതിരുത്തുക

 
പുരളിമലമഠപ്പുര

പുരളിമലയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ ഉണ്ട്. അവയിലൊന്ന് ഹനുമാൻ മൃതസഞ്ജീവനിയുമായി പോയപ്പോൾ ഒരു തരി മണ്ണ് അടർന്നു വീണു രൂപപ്പെട്ടതെന്നാണ്. മറ്റൊരു ഐതിഹ്യം, വിഷ്‌ണുസംഭവനായ മുത്തപ്പൻ പുരളിമലയിൽ വെച്ച് ശിവരൂപമായ ചെറിയമുത്തപ്പനുമായി ചേർന്നെന്നും കോളിമരത്തിന്റെ വേരുകൾ പടർന്ന്‌ ചിതൽപ്പുറ്റുമൂടിയനിലയിൽ തപോനിദ്രയിലായിരുന്ന ശിവരൂപത്തെ വില്ലുകൊണ്ടു തട്ടിയുണർത്തി സന്തതസഹചാരിയാക്കിയെന്നും, പിന്നീട് മുത്തപ്പൻമാർ ചന്ദ്രഗിരിപ്പുഴ മുതൽ കോരപ്പുഴ വരെയും കുടകു മല മുതൽ ‘കടലോടുകണ്ണാപുരം’ വരെയുമുള്ള പ്രദേശങ്ങൾ പിടിച്ചടക്കി പുരളിമല ചിത്രപീഠം കേന്ദ്രമാക്കി ‘നാടുവാഴിയും നാട്ടുസ്വാമിയായി’ വാണരുളിയെന്നതുമാണ്. മുത്തപ്പന്റെ ആരൂഢ സ്ഥാനങ്ങളിലൊന്നായി പുരളിമലമഠപ്പുരയെ കണക്കാക്കുന്നു.

തെയ്യംതിരുത്തുക

മുത്തപ്പന്റെ ആരൂഢസ്ഥാനമായ പുരളിമലയുടെ താഴ്വരയിൽ നിരവധി തെയ്യക്കാവുകൾ ഉണ്ട്. അരിച്ചൽ മുത്തപ്പൻ മടപ്പുര, പൂന്തലോട് മുത്തപ്പൻ മടപ്പുര, പെരിങ്ങാനം മടപ്പുര, മുടക്കോഴി കുളോങ്ങോട്, പുണിയാനം, ഗുണ്ടിക, പിണ്ടാലി കളരിക്കൽ, ആത്തിലേരി എന്നിവയാണ് അവയിൽ ചിലത്. വർഷം തോറും ഒട്ടനവധി തെയ്യക്കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു.

വിനോദസഞ്ചാരംതിരുത്തുക

കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രധാന ആകർഷണ കേന്ദങ്ങളിൽ ഒന്നായി ഇടംപിടിച്ച പുരളിമലയിലെ വിനോദസഞ്ചാര സാധ്യതകൾ തിരിച്ചറിഞ്ഞ് വിനോദസഞ്ചാരത്തിന് ഉതകുന്ന രീതിയിലുള്ള വികസന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഗതാഗതംതിരുത്തുക

ജില്ലാ ആസ്ഥാനമായ കണ്ണൂർ നഗരത്തിൽ നിന്നും 40 കിലോമീറ്ററും തലശ്ശേരിയിൽ നിന്ന് 30 കിലോമീറ്ററും ദൂരമുണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തലശ്ശേരിയാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്ത വിമാനത്താവളം.

അവലംബംതിരുത്തുക

  1. http://www.triposo.com/loc/Mattanur/history[പ്രവർത്തിക്കാത്ത കണ്ണി]
  2. http://pazhassirajashortbiography.blogspot.in/2012/08/evaluation-of-man.html?m=1
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-15.
"https://ml.wikipedia.org/w/index.php?title=പുരളിമല&oldid=3923708" എന്ന താളിൽനിന്ന് ശേഖരിച്ചത്