പറയിപെറ്റ പന്തിരുകുലം

ഐതിഹ്യം
(പഞ്ചമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

ഐതീഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യ പഞ്ചമിയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.

കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എന്ന ഗ്രന്ഥത്തിലാണ് ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. [1] ചരിത്ര ഗവേഷകനായ കെ. ബാലകൃഷ്ണക്കുറുപ്പിന്റെ അഭിപ്രായത്തിൽ[2], ഈ ഐതിഹ്യം പ്രചരിപ്പിക്കുന്നത് നമ്പൂതിരിമാരാണ്. ചാലൂക്യരുടെ പിൻ‍ബലത്തോടെ മലബാറിലേയ്ക്ക് കുടിയേറിപ്പാർത്ത ഇവരിൽ വലിയ ഒരു വിഭാഗവും ഭൃഗുവംശരായ അഗ്നിഹോത്രികൾ ആയിരുന്നു. തങ്ങൾ മലബാറിലെത്തുന്നതിനുമുൻപ് വ്യത്യസ്ത സംസ്കാരങ്ങളിലുള്ള ഭിന്നസമുദായങ്ങളുമായും ഇടപഴകിയെന്നും ഇവിടെയും അതു സാധ്യമാണ് എന്നു കാണിക്കാനും തദ്ദേശീയരുടെ എതിർപ്പിനെ തണുപ്പിക്കാനുള്ള ഒരു അടവായിട്ടാണ് ഇത് പ്രചരിപ്പിച്ചത് എന്നും കുറുപ്പ് അഭിപ്രായപ്പെടുന്നു. [3]

ഉജ്ജയിനിയിലെ (മധ്യപ്രദേശ്‌) രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ[4]. എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം[4]. ഒരിക്കൽ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?" എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താൻ 41 ദിവസത്തെ അവധി നൽകി. നാല്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുമ്പ് വനദേവതമാരോട് പ്രാർത്ഥിച്ചാണ്‌ കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന്‌ ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ടിരുന്നു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ വന്നിരുന്ന് വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമാർ പറഞ്ഞത്‌. രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ

എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യാനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം. രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ എങ്ങനെയെങ്കിലും നശിപ്പിക്കാൻ തീരുമാനിച്ചു. ഈ പെൺകുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച്‌ വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി.

അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾകഴിഞ്ഞ്‌ തന്റെ യാത്രക്കിടയിൽ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി. ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽ കഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക്‌ ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന്‌ നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി പഞ്ചമി ആവശ്യപ്പെട്ടു.

വളരെ ബുദ്ധിമതിയായ പഞ്ചമിയ്ക്കു വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരം ഇഞ്ചിത്തൈര് വേണമെന്നാണ്. ഇഞ്ചിത്തൈര് ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണമെന്നാണ്. പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും പഞ്ചമി അച്ഛനു വിവരിച്ചുകൊടുത്തു.

പഞ്ചമിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും പഞ്ചമിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽ ഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, പഞ്ചമി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദാ‍യത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കു പ്രായശ്ചിത്തമായി പത്നിയോടൊത്ത്‌ തീർഥയാത്രയ്ക്കൂ പോകാൻ തീരുമാനിച്ചു.

ഈ യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും പഞ്ചമി ഉണ്ട്‌ എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു. അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടു "വായില്ലാക്കുന്നിലപ്പൻ" എന്ന് അറിയപ്പെടുകയും ചെയ്തു.

ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യ പഞ്ചമിയ്ക്കും ജനിച്ച സന്തതിപരമ്പരയാണു പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌. [5]

gtueye7bvdio അംഗങ്ങൾ

തിരുത്തുക

മേഴത്തോൾ അഗ്നിഹോത്രി

തിരുത്തുക

പറയിപെറ്റ പന്തിരുകുലത്തിലെ ആദ്യ സന്തതിയാണ്‌ മേഴത്തോൾ അഗ്നിഹോത്രി(മേഴത്തോൾ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്‌, മേളത്തോൾ അഗ്നിഹോത്രി).[5] പാലക്കാട്ടെ തൃത്താലയിലുള്ള വേമഞ്ചേരി മനയിലെ ഒരു അന്തർജ്ജനം(നമ്പൂതിരി സ്ത്രീ) നിളാ തീരത്തുനിന്നും എടുത്തുവളർത്തിയ കുട്ടിയാണ്‌ പിന്നീട്‌ തൊണ്ണൂറ്റൊമ്പത്‌ അഗ്നിഹോത്രയാഗങ്ങൾ ചെയ്ത്‌ അഗ്നിഹോത്രി എന്ന പദവി നേടിയത്‌ എന്നു കരുതപ്പെടുന്നു. വരരുചിയുടെ ശ്രാദ്ധ കർമ്മങ്ങൾക്കായി പന്തിരുകുലത്തിലെ, വായില്ലാക്കുന്നിലപ്പൻ ഒഴികെ ബാക്കിയെല്ലാവരും അഗ്നിഹോത്രിയുടെ മനയിൽ ഒത്തുചേർന്നിരുന്നുവെന്നാണ്‌ ഐതിഹ്യം. കേരളത്തിൽ ബുദ്ധ-ജൈന കാലഘട്ടങ്ങൾക്കു ശേഷം ക്ഷയിച്ച ഹിന്ദുമതത്തെ പുനരുദ്ധരിച്ചത് മേഴത്തോൾ അഗ്നിഹോത്രിയാണ്.

പാക്കനാർ

തിരുത്തുക

ഈ കുലത്തിലെ രണ്ടാമനായ പാക്കനാരെ പറയ സമുദായത്തിൽപെട്ട മാതാപിതാക്കളാണ്‌ എടുത്തുവളർത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. തൃത്താലയിലെ മേഴത്തോൾ അഗ്നിഹോത്രിയുടെ തറവാടായ വേമഞ്ചേരി മനയിൽ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാർ കോളനി അഥവാ ഈരാറ്റിങ്കൽ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയിൽ പെട്ടവർ 18 വീടുകളിലായി ഈ കോളനിയിൽ താമസിക്കുന്നു. ഈ പ്രദേശത്തെ നമ്പൂതിരിമാരുടെ തലവൻ ആയ ആഴ്വാഞ്ചേരി തമ്പ്രാക്കളെ, തമ്പ്രാക്കൾ ആയി വാഴിച്ചത് പാക്കനാർ ആണെന്നു കരുതപ്പെടുന്നു.

വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട അടുത്ത ശിശുവിനെ നിളാതീരത്ത്‌ താമസിച്ചിരുന്ന ഒരു അലക്കുകാരനാണ്‌ എടുത്തുവളർത്തിയതെന്ന് കരുതപ്പെടുന്നു. അഞ്ച് പെണ്മക്കൾ മാത്രമുണ്ടായിരുന്ന ആ അലക്കുകാരൻ തനിക്കു ലഭിച്ച ആൺകുട്ടിയെ സന്തോഷത്തോടെ സ്വീകരിച്ച്‌ രജകൻ എന്ന് നാമകരണവും ചെയ്ത്‌ വളർത്തി എന്നാണ്‌ ഐതിഹ്യം. വൈദിക വിദ്യാലയം എന്ന വേദപാഠശാല രജകൻ സ്ഥാപിച്ചു. കടവല്ലൂരിലെ ഈ സ്ഥാപനമാണ് പിന്നീട് വേദപഠനത്തിന്റെ മാറ്റു നോക്കുന്ന പ്രധാന കേന്ദ്രമായ കടവല്ലൂർ അന്യോന്യത്തിന്റെ കേന്ദ്രമായി മാറിയത്. രജകനും അദ്ദേഹത്തിന്റെ ഗുരുവായ കുമാരിലഭട്ടനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം പൂർവ്വമീമാംസ രണ്ട് ശാഖകളായി പിരിഞ്ഞ് രജകന്റെ പ്രഭാകര ചിന്താധാരയും കുമാരിലഭട്ടന്റെ ഭട്ട ചിന്താധാരയും ആയി മാറി. ഭട്ട-ചിന്താധാരയായിരുന്നു കേരളത്തിൽ കൂടുതൽ പ്രചാരത്തിലായത്. കാലക്രമേണ രജകന്റെ വിദ്യാലയം നാമാവശേഷമാവുകവും തൃശ്ശൂർ, തിരുനാവായ വിദ്യാപീഠങ്ങൾ കടവല്ലൂർ അന്യോന്യം ഏറ്റെടുക്കുകയും ചെയ്തു.

പറയി പെറ്റ പന്തീരുകുലത്തിലെ നാ‍ലാമത്തെ അംഗമായിരുന്നു വള്ളോൻ. വള്ളോനെ വളർത്തിയത് വള്ളക്കാരനായ കാട്ടുമാടനായിരുന്നു എന്നു പറയപ്പെടുന്നു. പക്ഷെ വള്ളുവന് അസാധാ‍രണ പാണ്ഡിത്യം ഉണ്ടായിരുന്നു.[5] തമിഴ് ഭാഷയിലെ സാഹിത്യ ശ്രേഷ്ഠനും ദ്രാവിഡ വേദത്തിന്റെ കർത്താവുമായ തിരുവള്ളുവർ പന്തിരുകുലത്തിലെ വള്ളോൻ ആണെന്നു വിശ്വസിക്കപ്പെടുന്നു. പാരമ്പര്യമായി വള്ളുവർ എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്ന അദ്ധ്യാപകരും ജ്യോതിശാസ്ത്ര വിശാരദരും മന്ത്രവാദികളും വൈദ്യരുമാണ്.

നാറാണത്തുഭ്രാന്തൻ

തിരുത്തുക
 
നാറാണത്ത്‌ ഭ്രാന്തന്റെ പ്രതിമ

നിളയുടെ കൈവഴിയായ തൂതപ്പുഴയുടെ തീരത്തെ ചെത്തല്ലൂർ ഉണ്ടായിരുന്ന അഥവാ ഉള്ള നാരായണമംഗലത്ത്‌ മനയിലാണ്‌ ഈ കുലത്തിലെ അടുത്ത സന്തതിയെ ലഭിക്കുന്നത്‌. ബ്രാഹ്മണരുടെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിൽ പൊതുവേ വൈമനസ്യമുണ്ടായിരുന്നവനായ ഈ കുട്ടിയിൽ ഭ്രാന്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ചുടലക്കാട്ടിൽ അന്തിയുറങ്ങുകയും, മലമുകളിലേക്ക്‌ വലിയ പാറ ഉരുട്ടിക്കയറ്റി തിരിച്ചു താഴ്‌വാരത്തേക്ക്‌ ഉരുട്ടിവിടുന്നതും അദ്ദേഹത്തിന്റെ രീതികളായിരുന്നു. ഇങ്ങനെ അദ്ദേഹം ചെയ്തു എന്നു പറയപ്പെടുന്ന രായിരനല്ലൂർ മലയിൽ കല്ലുമായി നിൽക്കുന്ന നാറാണത്ത് ഭ്രാന്തന്റെ പൂർണകായ പ്രതിമ ഉണ്ട്. അദ്ദേഹം പ്രത്യക്ഷപ്പെടുത്തി എന്നു പറയപ്പെടുന്ന ഭദ്രകാളിയുടെ പ്രതിഷ്ട്ഠയും ഇവിടെയുണ്ട്. ഇദ്ദേഹത്തിന് ജ്യോതിഷവിദ്യയിൽ അപാര പാണ്ഡിത്യമുണ്ടായിരുന്നു.പന്തിരുകുലത്തിലെ മറ്റംഗങ്ങളേപ്പോലെ ഒരു അവതാരപുരുഷനായാണ്‌ നാറാണത്ത്‌ ഭ്രാന്തനേയും കരുതിപ്പോരുന്നത്.[5]

കാരയ്ക്കലമ്മ

തിരുത്തുക

കവളപ്പാറ രാജവംശജരാണ് പറയി പെറ്റ പന്തിരു കുലത്തിലെ ഏക സ്ത്രീ ജന്മമായ കാരയ്ക്കലമ്മയുടെ പിന്മുറക്കാരെന്ന് കരുതിവരുന്നു. മേഴത്തോൾ മനയുമായി ഈ രാജവംശം പുല ആചരിയ്ക്കാറുണ്ട് എന്നത് ഇതിനൊരു തെളിവാണ്

അകവൂർ ചാത്തൻ

തിരുത്തുക

ആലുവയിലെ വെള്ളാരപ്പള്ളിയിലെ അകവൂർ മനയിലെ കാര്യസ്ഥനായിരുന്ന അകവൂർ ചാത്തനെ എടുത്തുവളർത്തിയത്‌ ചെറുമ വിഭാഗത്തിൽ പെടുന്നവരാണെന്നു വിശ്വസിക്കപ്പെടുന്നു. വളരേയേറെ സിദ്ധികളുണ്ടായിരുന്ന അകവൂർ ചാത്തനെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ പരാമർശിയ്ക്കുന്നുണ്ട്. പന്തിരുകുലത്തിലെ വ്യാസനായി ചാത്തനെ കരുതുന്നു.

പറയിപെറ്റ പന്തിരുകുലത്തിലെ എട്ടാമത്തെ ആളാണ് പാണനാർ. പാണനാരെ ഒരു ദരിദ്രനായ പാണനാണ് എടുത്തുവളർത്തിയത്. പാണനാർക്ക് ശിവ-പാർവതിമാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. തുകിലുണർത്തൽ പാടുന്നത് പാണന്മാരാണ്. തമിഴ് വ്യാകരണ ഗ്രന്ഥമായ തോൽക്കാപ്പിയം, സംഘകാലത്തിലെ കൃതികളായ അകനാന്നൂറ്, പുറനാന്നൂറ് എന്നിവയിൽ പാണനാരെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. കേരളത്തിലെ വടക്കൻ പാട്ടുകളിലും പാണനാരെ കുറിച്ച് പരാമർശിക്കുന്നു.

വടുതല നായർ

തിരുത്തുക

വടുതല നായർ ആയോധനകലകളിൽ പ്രാവീണ്യമുള്ളയാളായിരുന്നുവെന്നും ഇപ്പോഴത്തെ തൃത്താലയിലുള്ള, കുണ്ടൂലി നായർ കുടുംബത്തിൽ പെട്ടവരാണ്‌ അദ്ദേഹത്തെ എടുത്തുവളർത്തിയതെന്നുമാണ്‌ പരക്കേയുള്ള വിശ്വാസം.

ഉപ്പുകൂറ്റൻ

തിരുത്തുക

വരരുചിയുടെ തീർത്ഥയാത്രക്കിടയിൽ പൊന്നാനിയിൽ വച്ചാണ്‌ ഉപ്പുകൂറ്റൻ ജനിച്ചതെന്നു കരുതപ്പെടുന്നു. അദ്ദേഹത്തെ എടുത്തുവളർത്തിയത്‌ മുസ്ലിം സമുദായത്തിൽ പെട്ട മാതാപിതാക്കളാണെന്നാണ്‌ കരുതപ്പെടുന്നത്‌. അദ്ദേഹത്തിന്റെ ഭ്രാന്തമായ കച്ചവട രീതികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പാലക്കാട്ടുനിന്നും പൊന്നാനിയിലേയ്ക്ക്, പൊന്നാനിയിൽ വളരെയേറെ സുലഭമായ ഉപ്പ്‌ കൊണ്ടു വരികയും പകരം പൊന്നാനിയിൽ നിന്നു പാലക്കാട്ടേയ്ക്ക് അവിടെ സുലഭമായിരുന്ന പരുത്തികൊണ്ടുപോകുകയും ചെയ്ത് ഉപ്പുകൂറ്റൻ വ്യാപാരം ചെയ്തിരുന്നു എന്ന് പറയപ്പെടുന്നു. മറ്റു പന്തിരുകുല അംഗങ്ങളുടെ ചെയ്തികളെപ്പോലെ വളരെയേറെ താത്വികമായ അർത്ഥങ്ങൾ ഈ വ്യാപാരത്തിൽ കാണാനാകും

ഉളിയന്നൂർ പെരുന്തച്ചൻ

തിരുത്തുക

ഉളിയന്നൂരിലെ ഒരു തച്ചൻ(മരപ്പണിക്കാരൻ) എടുത്തുവളർത്തിയ ഈ പരമ്പരയിലെ പുത്രനായിരുന്നു തച്ചുശാസ്ത്രത്തിൽ അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നാണ്‌ ഐതിഹ്യം.[5] കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മിച്ചതാണെന്നാണ് വിശ്വാസം.കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉദാഹരണമാണ്.

വായില്ലാക്കുന്നിലപ്പൻ

തിരുത്തുക

വായില്ലാത്തവനായിത്തീർന്ന ഈ പുത്രനെ വരരുചി ഒരു മലമുകളിൽ പ്രതിഷ്ഠിച്ചു എന്നാണ്‌ വിശ്വാസം. വായില്ലാക്കുന്നിലപ്പൻ എന്നറിയപ്പെടുന്ന ഈ അംഗത്തെ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ദേവനായും കരുതപ്പെടുന്നു. പന്തിരുകുലത്തിൽ പിന്മുറക്കാർ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിലെ വായില്യാംകുന്നു് ക്ഷേത്രത്തിലാണു് വായില്ലാക്കുന്നിലപ്പനെ(വായില്യാംകുന്നപ്പനെ) പ്രതിഷ്ഠിച്ചിരിക്കുന്നത്. [6]

പന്ത്രണ്ട് പേരെയും പറ്റി പരാമർശിക്കുന്ന ശ്ലോകം

തിരുത്തുക

ഐതിഹ്യത്തിന്റെ പൊരുൾ

തിരുത്തുക

മനുഷ്യൻ ഏക വർഗ്ഗമാണെന്നും അവന്‌ ജാതി ഇല്ല എന്നുമുള്ള പൊരുൾ ഈ ഐതിഹ്യം തരുന്നുണ്ട്. അതിനുള്ള ഒരു കഥയും ഐതിഹ്യത്തിലുണ്ട്. പറയിയുടെ പന്ത്രണ്ടു മക്കളും വിവിധ ദേശങ്ങളിലാണ്‌ പാർത്തുവന്നത്. എന്നാൽ ചെറുപ്പത്തിൽ തന്നെ അവർക്ക് അച്ഛനും അമ്മയും ശരിക്കും ആരായിരുന്നു എന്ന് അറിയാമായിരുന്നു. അതിനാൽ മാതാപിതാക്കന്മാരുടെ ശ്രാദ്ധത്തിന്‌ അവർ ഒത്തുചേരുകയും ഒരുമിച്ച് തർപ്പണം ചെയ്യുകയും പതിവായിരുന്നു. ഇത് മേഴത്തോൾ അഗ്നിഹോത്രിയുടെ വീട്ടിലായിരുന്നു. എന്നാൽ കീഴ് ജാതിക്കാർ ഒരുമിച്ച് തർപ്പണം ചെയ്യുന്നത് അഗ്നിഹോത്രിയുടെ ഭാര്യക്കും മറ്റ് ബ്രാഹ്മണന്മാർക്കും ഇഷ്ടമായിരുന്നില്ല.

പറയി പെറ്റ പന്തിരുകുലം - സാഹിത്യത്തിൽ

തിരുത്തുക

മലയാളത്തിൽ ഈ ഐതിഹ്യത്തെ കുറിച്ച് പല പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. അവയിൽ ചിലത് താഴെ ചേർക്കുന്നു.

  • മധുസൂദനൻ നായരുടെ പ്രശസ്തമായ കവിത “നാറാണത്തു ഭ്രാന്തൻ” പറയിപെറ്റ പന്തിരുകുലത്തിനെ പരാമർശിക്കുന്നു. വായില്ലാക്കുന്നിലപ്പൻ ഒഴികെ ഉള്ളവർ വരരുചിയുടെ ശ്രാദ്ധത്തിന് മേളത്തോൾ അഗ്നിഹോത്രിയുടെ ഇല്ലത്തിൽ ഒത്തുചേരുന്ന ഭാഗം ശ്രദ്ധിക്കുക.

ഇതും കാണുക

തിരുത്തുക
  1. കൊട്ടാരത്തിൽ, ശങ്കുണ്ണി (1994) [1909-1934]. ഐതിഹ്യമാല. 1-8 (6th ed.). കറന്റ് ബുക്സ്. ISBN 81-240-00107. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |month= ignored (help)
  2. കെ.ബാലകൃഷ്ണ കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും, ഏട് 26., മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  3. കെ.ബാലകൃഷ്ണ കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും. ഏട് 26., മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  4. 4.0 4.1 "വരരുചിയും അഗ്നിഹോത്രിയും". Retrieved 30 നവംബർ 2012.
  5. 5.0 5.1 5.2 5.3 5.4 പന്തിരുകുലത്തിന്റെ പിൻഗാമികൾ -- ഡോ. രാജൻ ചുങ്കത്ത് -- മാതൃഭൂമി
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-07-16. Retrieved 2006-12-04.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-03-31. Retrieved 2006-10-22.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-11. Retrieved 2006-12-05.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/പറയിപെറ്റ പന്തിരുകുലം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=പറയിപെറ്റ_പന്തിരുകുലം&oldid=4024282" എന്ന താളിൽനിന്ന് ശേഖരിച്ചത്