വായില്ല്യാംകുന്നു് ക്ഷേത്രം

പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം
(വായില്യാംകുന്നു് ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വായില്ല്യാംകുന്നു് ക്ഷേത്രം. കടമ്പഴിപ്പുറത്തിനടുത്ത് പാലക്കാട്-ചെർപുളശ്ശേരി പാതയോടു ചേർന്ന് നിലകൊള്ളുന്ന ഈ ക്ഷേത്രത്തിൽ വായില്ലാക്കുന്നിലപ്പനാണ് (വായില്യാംകുന്നപ്പൻ) പ്രധാന പ്രതിഷ്ഠ.

വായില്യാംകുന്നു് ക്ഷേത്രം

പന്തിരുകുലത്തിൽ വരരുചിക്കും പത്നിക്കും പിറന്ന 12-ആമത്തെ പുത്രനാണ് വായില്ലാക്കുന്നിലപ്പൻ. വായില്ലാത്തവനായി പിറന്ന പുത്രനെ വരരുചി ഒരു മലമുകളിൽ പ്രതിഷ്ഠിച്ചു എന്നാണ്‌ വിശ്വാസം. പിന്നീട് വായില്ലാക്കുന്നിലപ്പൻ എന്നറിയപ്പെട്ട ഈ ദേവൻ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ശക്തിയായി കരുതപ്പെടുന്നു. പന്തിരുകുലത്തിൽ പിന്മുറക്കാർ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. -

ശിവന്റെ അവതാരമായാണ് വായില്ലക്കുന്നിലപ്പനെ കണക്കാക്കുന്നത്. തന്മൂലം ഇവിടെ പൂജകളെല്ലാം ശിവസങ്കല്പത്തിലാണ്. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ചെറിയൊരു ശിവലിംഗമാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. കൂടാതെ, പുറകിൽ പാർവതീസങ്കല്പവുമുണ്ട്. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.