ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ

(ആഴ്വാഞ്ചേരി തമ്പ്രാക്കൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ബ്രാഹ്മണ സമുദായത്തിൽ അത്യുന്നത ആത്മീയ പദവി അലങ്കരിച്ചിരുന്ന ആഴ്‌വാഞ്ചേരി മനയിലെ കാരണവരാണ് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ. കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള തമ്പ്രാക്കൾ ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാനവാക്കായിരുന്നു.[1] കൂടാതെ തിരുവിതാംകൂർ, പെരുമ്പടപ്പ് (കൊച്ചി), സാമൂതിരി മുതലായ രാജവംശങ്ങളിൽ രാജാക്കൻമാരെ ഉപനയനക്രിയയിലൂടെ ക്ഷത്രിയപദവിയിൽ അവരോധിക്കുന്ന ചുമതല തമ്പ്രാക്കൾക്കായിരുന്നു. കേരളത്തിൽ നമ്പൂതിരി മേധാവിത്വം ആരംഭിച്ചതോടെയാണ് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾക്ക് പ്രാമാണ്യം കൈവന്നത്.

ആഴ്വാഞ്ചേരി മനയിലെ മൂത്ത പുരുഷ സന്താനത്തിനാണ് ആഴ്വാഞ്ചേരി തമ്പ്രാക്കൾ എന്ന സ്ഥാനം ലഭിക്കുക. ഇപ്പോൽ നിലവിലുള്ള വ്യവസ്ഥയനുസരിച്ച് ദത്തെടുക്കാനും സ്ഥാനം കൈമാറാനും കഴിയില്ല.[2] പരശുരാമനാണ് തമ്പ്രാക്കൾക്ക് രാജക്കന്മാരുടേയും അവരെ നിയന്ത്രിച്ചിരുന്ന ബ്രാഹ്മണസമൂഹത്തിന്റേയും പരമാധികാരം കൊടുത്തതെന്നാണ് ഒരു വിശ്വാസം. ബ്രാഹ്മണരെ ശിക്ഷിക്കാൻ അധികാരം ഉണ്ടായിരുന്നത് തമ്പ്രാക്കൾക്ക് മാത്രമായിരുന്നു എന്നും കരുതപ്പെടുന്നു. മധ്യകാലഘട്ടത്തിൽ യൂറോപ്പിലെ രാജക്കന്മാരെ നിയന്ത്രിച്ചിരുന്ന പോപ്പിന്റെ സ്ഥാനമാണ് തമ്പ്രാക്കൾക്ക് പുരാതന കേരളത്തിലുണ്ടായിരുന്നതെന്നും ചിലർ കരുതുന്നു.[1]

ആട്ടിന്മേലാട്ട്

തിരുത്തുക

സ്വാതന്ത്ര്യത്തിനും മുൻപ് കേരളത്തിൽ ബ്രാഹ്മണമേധാവിത്വം രൂഢമായിരുന്ന കാലങ്ങളിൽ അയിത്താചരണത്തോടനുബന്ധിച്ചു ആചരിച്ചിരുന്ന ഒരു സമ്പ്രദായമാണ് ആട്ട് എന്നത്. സാധാരണക്കാരായ നമ്പൂതിരിമാർ യാത്രചെയ്യുമ്പോൾ "ആ... ഹോയ്" എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടാണ് സഞ്ചരിച്ചിരുന്നത്. ഈ ശബ്ദത്തിലൂടെ തങ്ങളെ തീണ്ടിക്കൂടാത്തവരായി അവർ കണ്ടിരുന്ന മറ്റു ജാതിക്കാരെ വഴിയിൽ നിന്നും മാറിപ്പോകാൻ നിർബൻന്ധിതരാക്കിയിരുന്നു. എന്നാൽ ആഴ്വാഞ്ചേരി തമ്പ്രാക്കൾ സാധാരണ ബ്രാഹ്മണരിലും ഔന്നത്യം ഉള്ളവരായി കണക്കാക്കപ്പെട്ടിരുന്നവരായിരുന്നതിനാൽ അവർക്ക് പ്രത്യേകമായി ഒരു ആട്ട് സമ്പ്രദായം തുടർന്നു വന്നിരുന്നു. അതിനെയാണ് ആട്ടിന്മേലാട്ട് എന്നറിയപ്പെട്ടിരുന്നത്. വരുന്നത് ആഴ്വാഞ്ചേരി തമ്പ്രാക്കളാണെന്നറിയാൻ "ആ... ഹോയ്, ഹോയ്" എന്ന് രണ്ടു വട്ടം ആട്ടിയിരുന്നു.[2]

മുറജപത്തിലെ പങ്ക്

തിരുത്തുക
പ്രധാന ലേഖനം: മുറജപം

മുറജപത്തിനായി രാജാവ് നീട്ട് (ക്ഷണക്കത്ത്) അയക്കുന്നത് തിരുന്നാവായ, തൃശ്ശൂർ യോഗങ്ങളിലെ വാധ്യാന്മാർക്കും തൈക്കാട്, ചെറുമുക്ക്, കൈമുക്ക് മുതലായ വൈദികർക്കും തെക്കേടത്ത് ഭട്ടതിരിക്കും ആണ്. രാജാവിന്റെ പ്രതിനിധി നേരിട്ടു പോയി ക്ഷണിക്കേണ്ടുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെയാണ്. രാജമുദ്രയുള്ള ഉടുപ്പും തലപ്പാവുമൊക്കെ വെച്ചുതന്നെയാണ് രാജപ്രതിനിധിയുടെ യാത്ര. പ്രതിനിധിക്കൊപ്പം തമ്പ്രാക്കളും പരിവാരങ്ങളും തിരുവനന്തപുരത്തേക്ക് പോകുന്നത് വള്ളത്തിലാണ്. പൊന്നാനി വരെ മഞ്ചലിലും പിന്നീട് വഞ്ചിയിലും. ആ വഞ്ചി തുഴയാൻ അവകാശമുള്ളത് അമ്പലപ്പുഴ നായന്മാർക്കാണ്. 24 ദിവസം കൊണ്ട് തിരുവനന്തപുരം വള്ളക്കടവിലെത്തും. നിലംതൊടാതെ വള്ളക്കടവിൽ നിന്നും മുറജപത്തിന്റെ മണ്ഡപത്തിലേക്ക് തമ്പ്രാക്കളെ കൊണ്ടുപോകും. മുറജപത്തിനായി വൈദികർ ഒത്തുകൂടുന്നതിനാൽ, അവിടെ വെച്ച് സാമുദായികമായി ഉണ്ടായിട്ടുള്ള തർക്കവിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളിലും തമ്പ്രാക്കളുടെ നേതൃത്വത്തിൽ തീർപ്പുണ്ടാക്കും. തമ്പ്രാക്കളുടെ വിധിയാണ് അന്തിമമായി കണക്കാക്കുന്നത്. ആഢ്യൻ, ആസ്യൻ എന്നീ നമ്പൂതിരിമാരുടേതിനേക്കാൾ കൂടുതലായിരിക്കും; തമ്പ്രാക്കളുടെ പടിത്തരം (മുറജപത്തിന് വരുന്ന ബ്രാഹ്മണരുടെ ഭക്ഷണം മുതലായുള്ള നിത്യച്ചെലവുകൾ).[2] തച്ചുടയകൈമളെ അവരോധിക്കുന്ന ചടങ്ങ് ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ കാർമ്മികത്വത്തിലാണ് നടന്നിരുന്നത്.

ഐതിഹ്യം

തിരുത്തുക

മുറജപവും സ്വർണ്ണ മൃഗവും

തിരുത്തുക

മുറജപത്തിനു പോയ ഒരു നമ്പൂതിരിക്കു സർണ്ണം കൊണ്ട് നിർമ്മിച്ച് ഒരു ആനക്കുട്ടിയെ ദക്ഷിണയായി ലഭിച്ചു. ഇതും കൊണ്ട് വീട്ടിലേക്ക് പോകുകയായ ബ്രാഹ്മണനോട് ചത്ത ജന്തുവായ ആനയെ പറയ സമുദായത്തിൽ പെട്ട തനിക്ക് അവകാശപ്പെട്ടതാണെന്ന് പാക്കനാർ പറഞ്ഞു. ഇതു കേട്ട നമ്പൂതിരിക്ക് വളരെയധികം വ്യസനമുണ്ടായി. അദ്ദേഹം കരച്ചിലാരംഭിച്ചു. നമ്പൂതിരി കൂട്ടത്തിന്റെ തലപ്പത്ത് ഉണ്ടായിരുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ ആനയെ നിലത്ത് വച്ച് കല്പിച്ചു "ഉം നടക്ക്", ആന പിറകേ നടന്നുവെന്നാണ് ഐതിഹ്യം. അപ്പോൾ പാക്കനാർ "എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല, ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ് തമ്പ്രാക്കൾ", എന്ന് പാടിയത്രേ.[3]

സ്വർണ്ണ മൃഗം, ആനക്കുട്ടിയല്ല പശുവാണെനും തമ്പ്രാക്കൾ തന്നെയായിരുന്നു ആ പശുവിനെ കെട്ടിയെടുപ്പിച്ചു കൊണ്ടുപോയിരുന്നതെന്നും ഒരു പാഠം ഐതിഹ്യമാലയിൽ കാണാം.[4] സ്വർണ്ണപ്പശു പുല്ലു തിന്നുക മാത്രമല്ല ചാണകം ഇടുകയും ചെയ്തു എന്നും ഒരു പാഠഭേദം നിലവിലുണ്ട്. ഇത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ മേൽ ദിവ്യത്വമാരോപിക്കാൻ കെട്ടിയുണ്ടാക്കിയ കഥയാണെന്നും ദിവ്യത്തത്തിന്റെ മറവിൽ ബ്രാഹ്മണാധിനിവേശത്തിന്റെ പിടിമുറുക്കാനുള്ള ശ്രമമായി കാണപ്പെടാറുണ്ട്. എന്നാൻ ഇത് വെറും കെട്ടുകഥയല്ലെന്നും സത്യമാണെന്നും വിശ്വസിക്കുന്നവരും ഉള്ളതായി പറയപ്പെടുന്നു.[2]

മേഴത്തോൾ അഗ്നിഹോത്രി

തിരുത്തുക

പറയിപെറ്റ പന്തിരുകുലത്തിലെ ബ്രാഹ്മണപ്രമുഖനായിരുന്ന മേഴത്തോൾ അഗ്നിഹോത്രിയുടെ യജ്ഞങ്ങൾക്കെല്ലാം സ്ഥിരമായി "ബ്രഹ്മൻ" എന്ന സ്ഥാനം വഹിച്ചിരുന്നത് തമ്പ്രാക്കളായിരുന്നുവെന്നും തൊണ്ണൂറ്റി ഒമ്പത് യാഗങ്ങൾ കഴിഞ്ഞപ്പോൾ ദേവേന്ദ്രന്റെ അപേക്ഷനിമിത്തം സ്വയം മഹാവിഷ്ണു പാലക്കാട്ടിനടുത്ത് തൃത്താലയിലായിരുന്ന യജ്ഞശാലയിൽ പ്രത്യക്ഷപ്പെട്ട് തമ്പ്രാക്കളോട് യാഗം നിർത്തിവെക്കുവാൻ ആവശ്യപ്പെട്ടു എന്നും ഒരൈതിഹ്യം നിലവിലുണ്ട്. ഇങ്ങനെ മഹാവിഷ്ണുവിനെ സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടു എന്നു വിശ്വസിക്കപ്പെടുന്നതിനാലാണ് തമ്പ്രാക്കൾക്ക് "നേത്രനാരായണൻ" എന്ന സ്ഥാനപ്പേർ ലഭിച്ചതെന്നും പറയപ്പെടുന്നു.[2]

ക്ഷേത്രപ്രവേശന വിളംബരം

തിരുത്തുക
 
തമ്പ്രാക്കളുടെ ക്ഷേത്രപ്രവേശന വിളംബരാശംസ

തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മ, ക്ഷേത്രപ്രവേശന വിളംബരം നടത്തിയപ്പോൾ അതിനെ അനുകൂലിച്ച് നിലപാടെടുത്തത് അക്കാലത്തെ ശങ്കരൻ തമ്പ്രാക്കളായിരുന്നു. തമ്പ്രാക്കൾ വിളംബരത്തിന് അനുകൂലമായ അഭിപ്രായം എടുത്തത് മറ്റു യാഥാസ്ഥിതികരായ എതിരാളികളുടെ തടസ്സവാദങ്ങളെ ലഘൂകരിക്കാൻ സഹായകമായിരുന്നു.[1][5]

പുതിയ തലമുറ

തിരുത്തുക
 
എ.ആർ. തമ്പ്രാക്കൾ
  • ആഴ്‌വാഞ്ചേരി മനയ്ക്കൽ രാമൻ തമ്പ്രാക്കൾ എന്ന എ.ആർ. തമ്പ്രാക്കൾ ഈ പരമ്പരയിൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ പദവി അലങ്കരിച്ചു വന്നിരുന്ന വ്യക്തിയാണ്. മുൻഗാമികൾ നടത്തിവന്നിരുന്ന പല പരിപാടികളും ഇദ്ദേഹത്തിന്റെ കാലത്ത് നിർത്തുകയുണ്ടായിട്ടുണ്ട്. ഇദ്ദേഹം 2011 ഫെബ്രുവരി 18-ന് തന്റെ 85-ആം വയസ്സിൽ അന്തരിച്ചു.[1]
  • എ. ആർ. തമ്പ്രാക്കളുടെ ഏകമകനായ കൃഷ്ണൻ തമ്പ്രാക്കൾ ആണ് ഇപ്പോഴത്തെ തമ്പ്രാക്കൾ. ഇദ്ദേഹം ജനിച്ചത് 1962-ലാണ്. ഒരു സംഗീതജ്ഞൻ കൂടിയായ ഇദ്ദേഹത്തിന് ആൺമക്കളില്ലാത്തതിനാൽ തമ്പ്രാക്കൾ എന്ന സ്ഥാനം ഇദ്ദേഹത്തിന്റെ കാലശേഷം നിന്നു പോയേക്കാം.[5]

ചില തീർപ്പുകൾ

തിരുത്തുക
  • നിലയ്ക്കലിലെ സംഭവം നിമിത്തം ഉണ്ടായ വിവാദങ്ങൾക്കനുബന്ധിച്ച് അപ്പോൾ തമ്പ്രാക്കളായിരുന്ന എ.ആർ. തമ്പ്രാക്കൾ എടുത്ത തീർപ്പ് അനുസരിച്ചായിരുന്നു ശബരിമല മേൽശാന്തി പുറപ്പെടാ ശാന്തിയായി നിശ്ചയിക്കപ്പെട്ടത്.[2]
  • ഗുരുവായൂരിലെ മേൽശാന്തിയാകാൻ യാഗാധികാരമില്ലാത്ത തന്ത്രികുടുംബത്തിലെ അംഗത്തിന് അർഹതയില്ല എന്ന തീർപ്പും രാമൻ തമ്പ്രാക്കളുടേതായി ഉണ്ടായിരുന്നു.[2]

ഇതും കാണുക

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പറയിപെറ്റ പന്തിരുകുലം(ഐതിഹ്യമാല) എന്ന താളിലുണ്ട്.
  1. 1.0 1.1 1.2 1.3 മലയൻകീഴ് ഗോപാലകൃഷ്ണൻ. "ആഴ്‌വാഞ്ചേരി തമ്പ്രാക്കളും അനന്തപുരിയും". മാതൃഭൂമി. പാരമ്പര്യം. Archived from the original (ലേഖനം) on 2014-03-23. Retrieved 11 ഏപ്രിൽ 2014.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 വി.കെ. ശ്രീരാമൻ (07 ജൂലൈ 2013). "ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ (ദ ലാസ്റ്റ്?)". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2013-07-14 00:18:57. Retrieved 16 ഏപ്രിൽ 2014. {{cite news}}: Check date values in: |date= and |archivedate= (help)
  3. തമ്പ്രാക്കളുടെ തമ്പ്രാക്കൾ- സി. രാധാകൃഷ്ണൻ. മലയാള മനോരമ ദിനപത്രം 2011 ഫെബ്രുവരി 19
  4. ഐതിഹ്യമാലയിലെ പറയിപെറ്റ_പന്തിരുകുലം
  5. 5.0 5.1 വിജീഷ് ഗോപിനാഥ് (30 ഏപ്രിൽ 2014). "ആചാരങ്ങളുടെ തമ്പ്രാക്കൾ". മലയാള മനോരമ. Archived from the original (പത്രലേഖനം) on 2014-05-07. Retrieved 7 മെയ് 2014. {{cite news}}: Check date values in: |accessdate= (help)