നാലമ്പലം

ശ്രീരാമന്റെയും മൂന്നു സഹോദരന്മാരുടേയും നാമധേയത്തിലുള്ള നാലുക്ഷേത്രങ്ങള്‍
നാലമ്പലം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാലമ്പലം (വിവക്ഷകൾ) എന്ന താൾ കാണുക. നാലമ്പലം (വിവക്ഷകൾ)

ശ്രീരാമന്റെയും മൂന്നു സഹോദരന്മാരുടേയും (ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) നാമധേയത്തിലുള്ള നാലുക്ഷേത്രങ്ങളാണ്‌ നാലമ്പലം എന്നറിയപ്പെടുന്നത്. കർക്കടകമാസത്തിൽ ഇവ ഒരേ ദിവസം ദർശിയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. താഴെപ്പറയുന്നവയാണ്‌ പ്രധാനപ്പെട്ട നാലമ്പലങ്ങൾ.

തൃശ്ശൂർ ജില്ലയിൽ

തിരുത്തുക

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാലമ്പലങ്ങളാണ് തൃശ്ശൂർ, എറണാകുളം ജില്ലകളിൽ സ്ഥിതിചെയ്യുന്ന താഴെപ്പറയുന്ന നാലമ്പലങ്ങൾ:

  1. തൃപ്രയാർ ശ്രീരാമ ക്ഷേത്രം - തൃശ്ശൂർ ജില്ല(10°24′51.15″N 76°6′55.45″E / 10.4142083°N 76.1154028°E / 10.4142083; 76.1154028): തൃശ്ശൂർ ജില്ലയിൽ നാട്ടിക ഗ്രാമപഞ്ചായത്തിൽ തൃപ്രയാർ ദേശത്ത് കനോലി കനാലിന്റെ പടിഞ്ഞാറേക്കരയിലാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഖരദൂഷണത്രിശിരസ്സുക്കളുടെ വധത്തിനുശേഷം അത്യുഗ്രഭാവത്തിൽ കുടികൊള്ളുന്ന ശ്രീരാമനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ആറടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹമാണ് ഇവിടെയുള്ളത്. കിഴക്കോട്ടാണ് ദർശനം. രണ്ടുകൈകളിൽ ശംഖചക്രങ്ങളും, പുറകിലെ വലതുകയ്യിൽ വില്ലും, മുന്നിലെ വലതുകയ്യിൽ അക്ഷമാലയും പിടിച്ചുനിൽക്കുന്ന ശ്രീരാമൻ തന്മൂലം ത്രിമൂർത്തീചൈതന്യത്തോടെ കുടികൊള്ളുന്നതായി പറയപ്പെടുന്നു. ഗണപതി, ദക്ഷിണാമൂർത്തി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, ഹനുമാൻ, ചാത്തൻ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. മീനൂട്ടും വെടിവഴിപാടുമാണ് ഭഗവാന്റെ പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിൽ കൊടിയേറി ഉത്സവമില്ല. അതിനാൽ കൊടിമരവുമില്ല. വൃശ്ചികമാസത്തിലെ കറുത്ത ഏകാദശിവിളക്കും മീനമാസത്തിലെ ആറാട്ടുപുഴ പൂരവുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
  2. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം) - തൃശ്ശൂർ ജില്ല (10°20′47.55″N 76°12′3.82″E / 10.3465417°N 76.2010611°E / 10.3465417; 76.2010611): തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട നഗരത്തിലാണ് കൂടൽമാണിക്യം സംഗമേശ്വരസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ രാമാനുജനായ ഭരതനായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ശൈവ-വൈഷ്ണവ ചൈതന്യങ്ങളോടുകൂടിയ ശങ്കരനാരായണനായും സങ്കല്പമുണ്ട്. ക്ഷേത്രത്തിലെ പൂജകൾ വൈഷ്ണവഭാവത്തിലും ആചാരം ശൈവഭാവത്തിലുമാണ് നടത്തപ്പെടുന്നത്. ജ്യേഷ്ഠന്റെ പാദുകങ്ങൾ പൂജിച്ച് ബ്രഹ്മചര്യനിഷ്ഠയോടെ ജീവിയ്ക്കുന്ന ഭരതനാണ് സങ്കല്പം. ആറടിയോളം ഉയരമുള്ള ചതുർബാഹുവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വിഗ്രഹത്തിന്റെ ഇടതുകൈകളിൽ ശംഖചക്രങ്ങളും, പുറകിലെ വലതുകയ്യിൽ വില്ലും കാണാം. മുന്നിലെ വലതുകൈ അഭയഹസ്തമാണ്. ഈ ക്ഷേത്രത്തിൽ ഉപദേവതകളില്ല. എന്നാൽ, ദുർഗ്ഗ, ഭദ്രകാളി, ഹനുമാൻ എന്നിവർക്ക് അദൃശ്യസാന്നിദ്ധ്യങ്ങളുള്ളതായി വിശ്വസിച്ചുവരുന്നു. കൂടാതെ ക്ഷേത്രമതിലിനുപുറത്ത് പ്രത്യേകം ക്ഷേത്രത്തിൽ ഗണപതിഭഗവാനും കുടികൊള്ളുന്നു. താമരമാല, വഴുതനങ്ങ നിവേദ്യം, മീനൂട്ട്, വെടിവഴിപാട് എന്നിവയാണ് ഭഗവാന്റെ പ്രധാന വഴിപാടുകൾ. മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി പതിനൊന്നുദിവസം നീണ്ടുനിൽക്കുന്ന ഉത്സവവും തുലാമാസത്തിൽ തിരുവോണം നാളിൽ നടത്തപ്പെടുന്ന മുക്കുടി നിവേദ്യവും പിറ്റേ ദിവസത്തെ തൃപ്പുത്തരിയുമാണ് പ്രധാന ആണ്ടുവിശേഷങ്ങൾ. സർക്കാർ ഉടമസ്ഥതയിലുള്ള പ്രത്യേക ദേവസ്വമാണ് ക്ഷേത്രഭരണം നടത്തുന്നത്.
  3. തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം - മൂഴിക്കുളം എറണാകുളം ജില്ല (10°11′16.1″N 76°19′37.48″E / 10.187806°N 76.3270778°E / 10.187806; 76.3270778): നാലമ്പലങ്ങളിൽ എറണാകുളം ജില്ലയിലുള്ള ഏക ക്ഷേത്രമാണിത്. ആലുവ താലൂക്കിൽ പാറക്കടവ് ഗ്രാമപഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ കരയിലാണ് ഈ മഹാക്ഷേത്രം. തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ 108 ദിവ്യക്ഷേത്രങ്ങളിലൊന്നായ ഇവിടെ ആറടി ഉയരമുള്ള ചതുർബാഹുവിഗ്രഹമാണ് പ്രതിഷ്ഠ. പുറകിലെ വലതുകയ്യിൽ ശംഖും, മുന്നിലെ വലതുകയ്യിൽ ഗദയും, പുറകിലെ ഇടതുകയ്യിൽ സുദർശനചക്രവും മുന്നിലെ ഇടതുകയ്യിൽ താമരയും പിടിച്ച ഭഗവാൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, ശ്രീരാമൻ, സീത, ഹനുമാൻ, അയ്യപ്പൻ, ഭഗവതി, ശ്രീകൃഷ്ണൻ എന്നിവർ കുടികൊള്ളുന്നു. പാൽപ്പായസം, കദളിപ്പഴം എന്നിവയാണ് പ്രധാന വഴിപാടുകൾ. മേടമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
  4. പായമ്മൽ ശത്രുഘ്ന ക്ഷേത്രം - തൃശൂർ ജില്ല (10°18′42.69″N 76°11′21.38″E / 10.3118583°N 76.1892722°E / 10.3118583; 76.1892722): തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടയ്ക്കടുത്ത് പൂമംഗലം ഗ്രാമപഞ്ചായത്തിൽ പായമ്മലിലാണ് ഈ ക്ഷേത്രം. നാലമ്പലങ്ങളിലെ ഏറ്റവും ചെറിയ ക്ഷേത്രമാണിത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ചതുരശ്രീകോവിലാണുള്ളത്. ദശരഥന്റെ ഇളയപുത്രനായ ശത്രുഘ്നൻ കുടികൊള്ളുന്ന ക്ഷേത്രത്തിൽ, നാലമ്പലങ്ങളിലെ ഏറ്റവും ചെറിയ വിഗ്രഹമാണുള്ളത്. അഞ്ചടി ഉയരം വരുന്ന ഈ വിഗ്രഹവും ചതുർബാഹുവാണ്. പുറകിലെ വലതുകയ്യിൽ സുദർശനചക്രവും മുന്നിലെ ഇടതുകയ്യിൽ താമരയും പുറകിലെ ഇടതുകയ്യിൽ ശംഖും മുന്നിലെ ഇടതുകയ്യിൽ ഗദയും ധരിച്ച വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഗണപതിയും ഹനുമാനുമാണ് ഉപദേവതകൾ. സുദർശനപുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. കുംഭമാസത്തിൽ പൂയം കൊടിയേറി അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് പ്രധാന ആണ്ടുവിശേഷം. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു കമ്മറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യപ്രകാരം മേൽപ്പറഞ്ഞ നാലുക്ഷേത്രങ്ങളിലെയും, പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെയും വിഗ്രഹങ്ങൾ ദ്വാരകയിൽ ശ്രീകൃഷ്ണഭഗവാന്റെ പൂജയേറ്റുവാങ്ങിയവയാണ്. നാലുഭാഗത്തും പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ദ്വാരകയിൽ, കിഴക്കുഭാഗത്തെ രൈവതകപർവ്വതത്തിൽ ശ്രീരാമനും, വടക്കുഭാഗത്തെ വേണുമന്ദപർവ്വതത്തിൽ ഭരതനും, പടിഞ്ഞാറുഭാഗത്തെ സുകക്ഷപർവ്വതത്തിൽ ലക്ഷ്മണനും, തെക്കുഭാഗത്തെ ലതാവേഷ്ടപർവ്വതത്തിൽ ശത്രുഘ്നനും കുടികൊണ്ടുവെന്നാണ് വിശ്വാസം. ദിവസവും രാവിലെ, തന്റെ പത്നിമാരായ രുക്മിണി-സത്യഭാമ ദേവിമാരോടൊപ്പം ഭഗവാൻ ഇവിടങ്ങളിൽ ദർശനം നടത്തിപ്പോന്നു. ദ്വാപരയുഗാവസാനം ഭഗവാൻ വൈകുണ്ഠാരോഹണം ചെയ്യുകയും ദ്വാരക പ്രളയത്തിലാണ്ടുപോകുകയും ചെയ്തപ്പോൾ ഈ വിഗ്രഹങ്ങൾ കടലിലാണ്ടുപോയി. ഒരുപാടുകാലം അവ കടലിൽത്തന്നെ കിടന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, അറബിക്കടലിൽ മീൻ പിടിയ്ക്കാൻ പോയ മുക്കുവന്മാരുടെ വലയിൽ ഈ വിഗ്രഹങ്ങൾ പെടുകയുണ്ടായി. അവർ വിഗ്രഹങ്ങളുമായി സ്ഥലത്തെ പ്രമാണിയായിരുന്ന വാക്കയിൽ കയ്മളെപ്പോയിക്കണ്ടു. ഒരു ജ്യോത്സ്യൻ കൂടിയായ കയ്മൾ പ്രശ്നം വച്ചുനോക്കിയപ്പോൾ വിഗ്രഹങ്ങളുടെ മാഹാത്മ്യം മനസ്സിലാക്കുകയും അവ പ്രതിഷ്ഠിയ്ക്കാൻ തീരുമാനിയ്ക്കുകയും ചെയ്തു. ആ സമയത്ത് നാലുവിഗ്രഹങ്ങളിൽ നിന്നും ഓരോ പ്രാവ് ഉയർന്നുവരികയും അവ പോയിരുന്ന സ്ഥലങ്ങളിൽ അതത് വിഗ്രഹങ്ങൾ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു എന്നാണ് കഥ.

എറണാകുളം ജില്ലയിൽ

തിരുത്തുക
  1. തിരുമറയൂർ ശ്രീരാമസ്വാമിക്ഷേത്രം (മാമലശ്ശേരി)[1]
  2. ഭരതപ്പള്ളി ഭരതസ്വാമി ക്ഷേത്രം (മെമ്മുറി)
  3. മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം
  4. നെടുങ്ങാട് ശത്രുഘ്നസ്വാമിക്ഷേത്രം

കോട്ടയം ജില്ലയിൽ

തിരുത്തുക

കോട്ടയം ജില്ലയിലെ പാലായ്ക്കു സമീപം 3 കിലോമീറ്ററിനുള്ളിലും ഉണ്ട്‌ നാലമ്പലം.

മലപ്പുറം ജില്ലയിൽ

തിരുത്തുക

പെരിന്തൽമണ്ണ താലൂക്കിലെ പുഴക്കാട്ടിരി പഞ്ചായത്തിൽ (പെരിന്തൽമണ്ണ-മലപ്പുറം പാതയിൽ) രണ്ട് കി. മീ. ചുറ്റളവിൽ സ്ഥിതിചെയ്യുന്നു. പുരാതനക്ഷേത്രങ്ങളായ ഇവ നാശോന്മുഖമാണ്.

  1. രാമപുരം ശ്രീരാമക്ഷേത്രം(10°59′52″N 76°08′27″E / 10.99778°N 76.14083°E / 10.99778; 76.14083)
 
രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, മലപ്പുറം

മലപ്പുറത്തുനിന്നും പെരിന്തൽമണ്ണക്കുപോകുന്ന നാഷണൽ ഹൈവേ 213ൽ 9 കിലോമീറ്റർ മാറിയാണ് രാമപുരം. അവിടെ പ്രസിദ്ധമായ ശ്രീരാമസ്വാമിക്ഷേത്രം നിലകൊള്ളൂന്നു. ആനല്ലൂർ തെക്കേടത്തു മനയുടെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രം ഇപ്പോൽ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. തൊട്ടടുത്തുതന്നെ ഒരു നരസിംഹസ്വാമിക്ഷേത്രവും ഉണ്ട്.

2. അയോദ്ധ്യ ലക്ഷ്മണസ്വാമി ക്ഷേത്രം(10°59′44″N 76°08′59″E / 10.99556°N 76.14972°E / 10.99556; 76.14972)

 
അയോദ്ധ്യ ലക്ഷ്മണസ്വാമിക്ഷേത്രം, മലപ്പുറം
 
അയോദ്ധ്യ ലക്ഷ്മണസ്വാമിക്ഷേത്രം, മലപ്പുറം
 
അയോദ്ധ്യ ലക്ഷ്മണസ്വാമിക്ഷേത്രം, മലപ്പുറം

രാമപുരത്തുനിന്നും ഒരു കിലോമീറ്റർ വടക്കുമാറി റോഡരികിലാണ് അയോദ്ധ്യ ലക്ഷ്മണസ്വാമിക്ഷേത്രം. നാശോന്മുഖമായ ഈ ക്ഷേത്രം ഇപ്പോൾ നാട്ടുകാരുടെ ഉത്സാഹത്തിൽ പുനരുദ്ധരിച്ചുവരുന്നു.

3. കരിഞ്ചാപ്പാടി ഭരത ക്ഷേത്രം

 
ഭരതക്ഷേത്രത്തിന്റെ ശ്രീകോവിൽ, കരിഞ്ചാപ്പാടി മലപ്പുറം
 
കരിഞ്ചാപ്പാടി ക്ഷേത്രം, മലപ്പുറം
 
ക്ഷേത്രത്തിലേക്കു തിരിയുന്ന ബോർഡ്, മലപ്പുറം

രാമപുരത്തുനിന്നും മലപ്പുറം ദിശയിൽ പോകുമ്പോൾ നാറാണത്ത് എന്ന സ്ഥലത്തുനിന്നും ഇടത്തോട്ട് 5 കിലോമീറ്റർ പോയാൽ കരിഞ്ചാപ്പാടി ഭരതസ്വാമിക്ഷേത്രത്തിലെത്താം. അതീവശോചനീയവസ്ഥയിലായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ നാലമ്പലദർശനത്തിന്റെ പച്ചപ്പിൽ പുരോഗമിച്ചുവരുന്നു.

4. നാറാണത്ത് ശത്രുഘ്നക്ഷേത്രം(11°00′10″N 76°07′44″E / 11.00278°N 76.12889°E / 11.00278; 76.12889)

 
നാറാണത്ത് ശത്രുഘ്നക്ഷേത്രം, നാറാണത്ത്, മലപ്പുറം

മലപ്പുറം-പെരിന്തൽമണ്ണ റൂട്ടിൽ നാറാണത്ത എന്ന കവലയിൽ നാറാണത്ത് പുഴയുടെ വക്കിലായി പുരാതനമായ നാറാണത്ത ശത്രുഘ്ന ക്ഷേത്രം നിലകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഘടനയിൽ നിന്നു തന്നെ പഴക്കം അനുഭവപ്പെടുന്ന ഈ ക്ഷേത്രത്തിൽ മീനൂട്ട ആണ് പ്രധാന വഴിപാട്. ഈ ക്ഷേത്രത്തിന്ന് 1000ത്തിലധികം വർഷം പഴക്കമുള്ളതായും പറയിപെറ്റ് പന്തിരുകുലത്തിലെ യോഗിവര്യനായ നാറാണത്ത് ഭ്രാന്തനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണെന്നും ശ്രീ നല്ലൂർ രാമകൃഷ്ണപണിക്കർ ശ്രീ എളവള്ളി പ്രശാന്ത് നായർ എന്നീ ജ്യോതിഷപണ്ഡിതരുടെ നേതൃത്വത്തിൽ നടന്ന അഷ്ടമംഗല്യപ്രശ്നത്തിൽ തെളിയുകയുണ്ടായി.

 
ക്ഷേത്രം ഭരണസമിതി ഇറക്കിയ നോട്ടീസ്. ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ക്ക് ആധാരം
 
ഭരണസമിതിയുടെ വിവരങ്നൾ

ഒരു കാലത്ത് പ്രതാപത്തിലായിരുന്ന ഈ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്താണ് തകർന്നതെന്ന് പറയുന്നും ഇരിങ്ങാലക്കുട ഗ്രാമത്തിൽ നിന്നും വള്ളുവനാട്ടിലെത്തിയ ആനല്ലൂർതെക്കേടത്ത് മന കുടുംബത്തിന്റെ ഊരാഴ്മയിൽ ഉള്ള ഈ അമ്പലം നാട്ടുകാരുടെ കൂടി കമ്മിറ്റിയുടെ പ്രവർത്തനത്താലും നാലമ്പലദർശനത്തിന്റെ തണലിൽ അഭിവൃദ്ധിപ്പെടുന്നു. തന്ത്രി തരണനല്ലൂർ മന.

പാലക്കാട്‌ ജില്ലയിൽ

തിരുത്തുക
  1. തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം - തിരുവില്വാമലയിൽ ശ്രീരാമ-ലക്ഷ്മണന്മാർ
  2. കുഴൽമന്ദം പുൽപ്പൂരമന്ദം ഭരതക്ഷേത്രം
  3. കുത്തനൂർ കൽക്കുളത്തെ ശത്രുഘ്ന ക്ഷേത്രം എന്നിവ ഉൾക്കൊള്ളിച്ചാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നാലമ്പലദർശന പാത ഒരുക്കിയിരിക്കുന്നത്.

നാല് ക്ഷേത്രങ്ങളും സന്ദർശിക്കാൻ 20 കിലോമീറ്റർ മാത്രം യാത്രചെയ്താൽ മതിയെന്നതാണ് മറ്റൊരു പ്രത്യേകത. വില്വാദ്രിനാഥ ക്ഷേത്രത്തിൽ ശ്രീരാമ – ലക്ഷ്മണനെയും ഹനുമാനെയും ദർശിക്കാവുന്നതാണ്. തിരുവില്വാമലയിൽ നിന്ന് കോട്ടായി കുഴൽമന്ദം സിഎ സ്‌കൂൾ വഴിയെത്തി പുൽപ്പൂരമന്ദത്തെ ഭരതക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 2 കിലോമീറ്റർ അകലെയുള്ള കൽക്കുളത്തെ ശത്രുഘ്നനെ തൊഴുത് തിരിച്ച് തിരുവില്വാമലയിൽ വന്ന് നാലമ്പലദർശനം പൂർത്തിയാക്കുന്നതാണ് രീതി.



പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://www.vaikhari.org/nalambalams.html
"https://ml.wikipedia.org/w/index.php?title=നാലമ്പലം&oldid=4103516" എന്ന താളിൽനിന്ന് ശേഖരിച്ചത്