സത്യഭാമ
ശ്രീകൃഷ്ണന്റെ മൂന്നാമത്തേതും പ്രാധാന്യം കൊണ്ട് രണ്ടാമത്തേതുമായ ഭാര്യയാണ് സത്യഭാമ (Satyabhama). ഭൂദേവിയുടെ അവതാരമായി സത്യഭാമയെ കരുതുന്നു. സത്യഭാമയാണ് നരകാസുരനെ തോൽപ്പിക്കാൻ കൃഷ്ണനെ സഹായിച്ചത്.
സത്രാജിത്തിൻെറ പുത്രിയാണ് സത്യഭാമ, സൂര്യഭഗവാനിൽ നിന്ന് സ്യമന്തകം എന്ന അതിവിശിഷ്ട രത്നം സത്രാജിത്തിന് ലഭിച്ചിട്ടുണ്ട്.
ഈ അമൂല്യരത്നം രാജഭണ്ഡാരത്തിലേക്ക് നൽകുവാൻ ശ്രീ കൃഷ്ണൻ ഒരിക്കൽ സത്രാജിത്തിനോട് ആവശ്യപെടുകയുണ്ടായി, എന്നാൽ രത്നം കൊടുപ്പാൻ സത്രാജിത്തിന് താല്പര്യമുണ്ടായിരുന്നില്ല.
ഒരുദിവസം അനുജനായ പ്രസേനൻ സ്യമന്തകരത്നം കഴുത്തിലണിഞ്ഞ് കുതിരപ്പുറമേറി നായട്ടിനായ് കാട്ടിലേക്ക് പുറപ്പെട്ടു.വനാന്തരത്തിൽവെച്ച് സ്യമന്തകത്തിൻെറ മിഴിചിമ്മും പ്രഭ കണ്ട് കോപിഷ്ടനായ ഒരു ഉഗ്രസിംഹം പ്രസേനനേയും കുതിരയേയും അടിച്ചു കൊന്ന് രത്ന (മണി) കടിച്ചുപിടിച്ച് കടന്നുകളഞ്ഞു.പ്രഭ ചൊരിയുന്ന രത്നവുമായി പോകുന്ന സിംഹത്തിനെ ജാംബവാൻ കാണുകയും അദ്ദേഹം സിംഹത്തെ വധിച്ച് മണി തൻെറ ഇളയമകന് കളിക്കാൻ കൊടുക്കുകയും ചെയ്തു.
നായട്ടിനുപോയ അനുജൻ തിരിച്ചു വരാഞ്ഞതിനെ തുടർന്ന് സത്രാജിത്ത് കാനനത്തിലെത്തി തിരഞ്ഞു നടന്നു .പ്രസേനനും കുതിരയും വധിക്കപ്പെടുകയും സ്യമന്തകമണീ ആരോ കവർന്നതായും മനസ്സിലാക്കി. ഇതൊക്കെ കൃഷ്ണനാണ് ചെയ്തതെന്ന് പരക്കെ പറയുകയും അധിക്ഷേപിക്കുകയുചെയ്തു.
അങ്ങനെ അപവാദങ്ങൾ കൃഷ്ണൻെറ ചെവിയിലുമെത്തി.നിജസ്ഥിതി ലോകരെ മനസ്സിലാക്കാൻ ഭഗവാൻ കൃഷ്ണൻ ശ്രീരാമ രൂപത്തിൽ ജാംബവാന് ദർശനം നൽകുകയും വൃത്താന്തങ്ങളൊക്കെ ധരിപ്പിച്ച് രത്നം വീണ്ടെടുത്ത് സത്രാജിത്തിനെ ഏല്പിക്കുകയും ചെയ്തു.
ഈ സംഭവത്തിനുശേഷം സത്രാജിത്ത് പാശ്ചാത്താ വിവശനായി കാണപ്പുപെട്ടു. ഭഗവാൻ കൃഷ്ണനെപറ്റി വെറുതെ പാപകരമായ അപവാദങ്ങൾ പറഞ്ഞുപോയല്ലോ എന്നോർത്ത് അയാൾ വിഷമജീവിതം നയിച്ചു.
ഇതിനുള്ള പ്രായശ്ചിത്തമായി അദ്ദേഹഹം തൻെറ സുന്ദരിയായ മകൾ സത്യഭാമയേയും സ്യമന്തകരത്നത്തേയും കൃഷ്ണന് ദാനം നൽകി ,കൃഷ്ണൻ സത്യഭാമയെ സന്തോഷപൂർവ്വം സ്വീകരിച്ചു.എന്നാൽ സ്യമന്തക രത്നം സ്വീകരിച്ചില്ല അത് സത്രാജിത്തിനുതന്നെ തിരിച്ചു നൽകി.