തൃപ്പല്ലാവൂർ ശിവക്ഷേത്രം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിൽ പാലക്കാട് ജില്ലയിലെ പല്ലാവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രധാനക്ഷേത്രമാണ് തൃപ്പല്ലാവൂർ ശിവക്ഷേത്രം. അത്യുഗ്രമൂർത്തിയും പരമാത്മാവും മഹാദേവനുമായ പരമശിവനും ആദിപരാശക്തിയായ ജഗദംബിക പാർവ്വതിദേവിയുമാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. കൂടാതെ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, പത്നീസമേതനായ ശാസ്താവ്, ഭദ്രകാളി, വേട്ടയ്ക്കൊരുമകൻ, സീതാദേവി, ത്രിപുരാന്തകൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. സമീപം പ്രത്യേകം ക്ഷേത്രത്തിൽ ശ്രീകൃഷ്ണനുമുണ്ട്. കരിങ്കല്ലിൽ കെട്ടിപ്പൊക്കിയ കോട്ട പോലുള്ള ഭീമൻ മതിൽക്കെട്ടാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. കൂടാതെ, പടിഞ്ഞാറോട്ടുള്ള ദർശനവും വളരെ സവിശേഷമാണ്. മീനമാസത്തിലെ തിരുവുത്സവം, കന്നിമാസത്തിലെ നവരാത്രി എന്നിവയാണ് ഇവിടത്തെ പ്രധാന ആട്ടവിശേഷങ്ങൾ. [1] മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം വരുന്നത്.
തൃപ്പല്ലാവൂർ ശിവക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | പാലക്കാട് |
പ്രദേശം: | പല്ലാവൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ, പാർവ്വതി |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം, നവരാത്രി, ശിവരാത്രി |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | മലബാർ ദേവസ്വം ബോർഡ് |
ഐതിഹ്യം
തിരുത്തുകരാവണസഹോദരനായ ഖരൻ എന്ന അസുരന് ഒരിയ്ക്കൽ ഗായത്രിപ്പുഴയുടെ കരയിൽ നിന്ന് മൂന്ന് ശിവലിംഗങ്ങൾ കിട്ടി. അവയിൽ രണ്ടെണ്ണം തന്റെ രണ്ടുകൈകളിലും ഒരെണ്ണം വായിൽ പല്ലുകൊണ്ട് കടിച്ചും പിടിച്ചുകൊണ്ട് അയാൾ യാത്രയാരംഭിച്ചു. അവയിൽ വലതുകയ്യിലെ ശിവലിംഗം തൃപ്പാളൂരിലും ഇടതുകയ്യിലെ ശിവലിംഗം അയിലൂരിലും പല്ലുകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം പല്ലാവൂരിലും പ്രതിഷ്ഠിച്ചു. പല്ലുകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം പ്രതിഷ്ഠിച്ചതുകൊണ്ടാണ് ഗ്രാമത്തിന് 'പല്ലാവൂർ' എന്ന പേരുതന്നെ വന്നത്. ഈ മൂന്ന് ക്ഷേത്രങ്ങളിലും ഒരേ ദിവസം ഉച്ചയ്ക്കുമുമ്പ് തൊഴുന്നത് പുണ്യകരമായി വിശ്വസിച്ചുവരുന്നു.
ചരിത്രം
തിരുത്തുകക്ഷേത്രമിരിയ്ക്കുന്ന സ്ഥലം ഒരുകാലത്ത് പല്ലവരാജവംശത്തിന്റെ കീഴിലായിരുന്നു. തന്മൂലം 'പല്ലാവൂർ' എന്നറിയപ്പെട്ടു എന്നാണ് ചരിത്രകാരന്മാരുടെ സൂചന. പല്ലാവൂരിന്റെ സമീപപ്രദേശമായ പല്ലശ്ശനയുടെ പേരും പല്ലവരുമായി ബന്ധപ്പെട്ടുകിടക്കുന്നു. തമിഴ്നാട്ടിൽ ചെന്നൈയ്ക്കടുത്തുള്ള പല്ലാവരം എന്ന സ്ഥലത്തിന്റെയും പല്ലാവൂരിന്റെയും പേരുകൾ തമ്മിലുള്ള ബന്ധവും രണ്ടിടത്തുമുള്ള ശിവക്ഷേത്രങ്ങളും ഒരു വലിയ സാമ്യത്തിലെത്തിച്ചേരുന്നു. ക്ഷേത്രം നിർമ്മിച്ചതും പല്ലവരാജാക്കന്മാർ തന്നെയാണെന്ന് ചരിത്രം പറയുന്നു. ക്ഷേത്രത്തിന് പുറത്തുള്ള ഭീമൻ ആനപ്പള്ളമതിലും വിളക്കുമാടത്തിൽ നിന്ന് വേർപ്പെട്ടുകിടക്കുന്ന വലിയമ്പലവും പല്ലവനിർമ്മാണരീതിയുടെ പ്രത്യേകതകളാണ്.
ക്ഷേത്രം ആദ്യം ഏലംകുളം, പൂളമന, ഇടമന, പാർളിക്കാട്, മൂന്നുരുളി എന്നീ അഞ്ച് ഇല്ലക്കാരുടെ വകയായിരുന്നു. പിന്നീട് സാമൂതിരിയുടെ കീഴിൽ ക്ഷേത്രം വന്നു. 1945-ൽ എച്ച്.ആർ. & സി.ഇ. എന്ന സംഘടനയുടെ ഉടമസ്ഥതയിൽ വന്ന ക്ഷേത്രം 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ അതിന് കീഴിലായി. മലബാർ ദേവസ്വം ബോർഡിന് കീഴിലെ മേജർ ദേവസ്വങ്ങളിലൊന്നാണ് തൃപ്പല്ലാവൂർ ദേവസ്വം. എക്സിക്യൂട്ടിവ് ഓഫീസറാണ് ഇതിന്റെ മേൽനോട്ടം വഹിയ്ക്കുന്നത്.
കേരളത്തിലെ വാദ്യചക്രവർത്തിമാരായിരുന്ന പല്ലാവൂർ ത്രയത്തിന്റെ ഓർമ്മകൾ ഇന്നും നാട്ടുകാർക്ക് ഒരാവേശമാണ്. ചെണ്ട, തിമില, ഇടയ്ക്ക, സോപാനസംഗീതം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇവരുടെ കലാജീവിതം തുടങ്ങിയത് ഈ ക്ഷേത്രത്തിൽ നിന്നാണ്. 1936-ൽ എട്ടാം വയസ്സിൽ ക്ഷേത്രത്തിലെ നവരാത്രി ഉത്സവക്കാലത്ത് വിളക്കെഴുന്നള്ളത്തിന് ചെണ്ട കൊട്ടിക്കൊണ്ടായിരുന്നു ഇവരിൽ മൂത്തയാളായിരുന്ന അപ്പുമാരാരുടെ അരങ്ങേറ്റം. പിന്നീട് മറ്റൊരു നവരാത്രിക്കാലത്ത് ഡബിൾ തായമ്പക അവതരിപ്പിച്ചുകൊണ്ട് അനുജന്മാരായിരുന്ന മണിയൻ മാരാരും കുഞ്ഞിക്കുട്ടൻ മാരാരും അരങ്ങേറ്റം കുറിച്ചു. തുടർന്നുള്ള അഞ്ച് പതിറ്റാണ്ടുകൾ മൂവരുടെയും വാദ്യപ്രകടനങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. ഒടുവിൽ, വെറും 18 മാസത്തെ (ഒന്നര വർഷം) കാലയളവിൽ മൂവരും ഈ ലോകത്തോട് വിടപറഞ്ഞു. ഇന്ന് ഇവരുടെ ഓർമ്മ നിലനിർത്താനായി ക്ഷേത്രം വക വാദ്യകലാപീഠവും മറ്റും പ്രവർത്തിച്ചുവരുന്നുണ്ട്. [2] [3]
ക്ഷേത്ര നിർമ്മിതി
തിരുത്തുകക്ഷേത്രപരിസരവും മതിലകവും
തിരുത്തുകപല്ലാവൂർ ഗ്രാമത്തിന്റെ ഒത്ത നടുക്ക് പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഭീമാകാരമായ ആനപ്പള്ളമതിൽ പണിതിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണമാണ് കോട്ടപോലെ നിൽക്കുന്ന ഈ മതിൽ. ഇത് ഒറ്റ രാത്രികൊണ്ട് ശിവഭൂതഗണങ്ങൾ പണിതീർത്തതാണെന്നും, എന്നാൽ നേരം വെളുക്കും മുമ്പ് ദേവേന്ദ്രൻ കോഴിയുടെ വേഷത്തിൽ വന്ന് കൂക്കിവിളിച്ചപ്പോൾ പണി അവസാനിപ്പിച്ച് സ്ഥലം വിടുകയായിരുന്നുവെന്നുമാണ് നാട്ടുകാരുടെ വിശ്വാസം. ഇതിന് ഉപോദ്ബലകമായി തെക്കുഭാഗത്ത് മതിൽ പണിതിട്ടില്ലെന്ന് കാണാം. ക്ഷേത്രത്തിന് ഇരുവശവും ചെറുതും വലുതുമായ രണ്ട് ക്ഷേത്രക്കുളങ്ങളുണ്ട്. വലിയ ക്ഷേത്രക്കുളം കിഴക്കുഭാഗത്തും ചെറിയ ക്ഷേത്രക്കുളം പടിഞ്ഞാറുഭാഗത്തുമാണ് സ്ഥിതിചെയ്യുന്നത്. ശാന്തിക്കാരും ഭക്തരും ഈ കുളങ്ങളിൽ കുളിച്ചാണ് ക്ഷേത്രദർശനം നടത്തുന്നത്. രണ്ടരയേക്കറിൽ വ്യാപിച്ചുകിടക്കുന്ന തടാകസമാനമായ വലിയ കുളത്തിലാണ് ഉത്സവത്തിന്റെ അവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നത്. ചെറിയ കുളം ഭഗവാന്റെ ഉഗ്രത കുറയ്ക്കാനെന്ന സങ്കല്പത്തിൽ പിന്നീട് കുഴിച്ചതാണ്. ക്ഷേത്രത്തിന്റെ ഒരു ഭാഗത്തും ഗോപുരങ്ങളില്ലെന്നത് ഒരു പോരായ്മയായി നിലനിൽക്കുന്നു. ഇപ്പോൾ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിൽ ഗോപുരങ്ങൾ പണികഴിപ്പിയ്ക്കാൻ ആലോചനകളുണ്ട്. പടിഞ്ഞാറേ നടയിലെ വടക്കേ വരിയിലാണ് ദേവസ്വം ഓഫീസ് സ്ഥിതിചെയ്യുന്നത്. തെക്കുഭാഗത്ത് ക്ഷേത്രത്തിന് അഭിമുഖമായി പഴയകാല അഗ്രഹാരം സ്ഥിതിചെയ്യുന്നു. ഇന്ന് ഇവിടെയുള്ള വീടുകളിൽ അധികവും അന്യജാതിക്കാരുടെ കയ്യിലാണ്.
പടിഞ്ഞാറേ നടയിലെ പ്രധാന കവാടത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് ഈയടുത്ത കാലത്ത് നിർമ്മിച്ച ശീവേലിപ്പുരയാണ്. ഇതിനപ്പുറമാണ് ആനക്കൊട്ടിലുള്ളത്. മൂന്നാനകളെ എഴുന്നള്ളിയ്ക്കാൻ സൗകര്യമുള്ള ഈ ആനക്കൊട്ടിലിൽ തന്നെയാണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ കൊടിമരമുള്ളത്. തേക്കിൻതടിയിൽ തീർത്ത് ചെമ്പുപറകൾ ഇറക്കിപ്രതിഷ്ഠിച്ച ഈ കൊടിമരത്തിന് ഏകദേശം നൂറടി ഉയരം വരും. ഇതിനപ്പുറമാണ് ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നത്. സാമാന്യത്തിലധികം ഉയരമുള്ള ബലിക്കല്ലാണ് ഈ ക്ഷേത്രത്തിൽ. അതിനാൽ, പുറത്തുനിന്ന് നോക്കിയാൽ ശിവലിംഗം കാണാൻ കഴിയില്ല.
വടക്കുഭാഗത്ത് ക്ഷേത്രം വക ഒരു അഗ്രശാല പണിതിട്ടുണ്ട്. ഇവിടെ പണ്ടുണ്ടായിരുന്ന ഊട്ടുപുരയും സ്റ്റേജും പൊളിച്ചുമാറ്റിയാണ് ഇത് പണിതത്. ഒരേ സമയം കലാപരിപാടികൾക്കും സദ്യയ്ക്കും ഉപയോഗിയ്ക്കാമെന്നതാണ് ഇതിന്റെ ഗുണം. വിശേഷദിവസങ്ങളിൽ ഇവിടെ പരിപാടികൾ കാണാം. ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങൾക്കും ഉത്സവക്കാലത്തും സദ്യ വിളമ്പുന്നത് ഇവിടെയാണ്. വടക്കുകിഴക്കുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലുകളിൽ ഭദ്രകാളിയും സീതാദേവിയും കുടികൊള്ളുന്നു. പണ്ട് പല്ലാവൂരിനടുത്തുണ്ടായിരുന്ന കനകശ്ശേരി ക്ഷേത്രത്തിലെ പ്രതിഷ്ഠയായിരുന്നു ഇവിടെ കുടികൊള്ളുന്ന ഭദ്രകാളി. അതിനാൽ 'കനകശ്ശേരി അമ്മ' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. സീതാദേവി ഉപദേവതാപ്രതിഷ്ഠയായി വരുന്ന ഏക ശിവക്ഷേത്രം ഇതായിരിയ്ക്കും (സാധാരണയായി ശ്രീരാമക്ഷേത്രങ്ങളിലാണ് സീതാദേവിയെ പ്രതിഷ്ഠിച്ചുകാണാറുള്ളത്). ഒരു അശോകരവും അതിന് ചുവട്ടിൽ വരുന്ന ചെറിയൊരു ശിലയുമാണ് ഇവിടെ പ്രതിഷ്ഠകൾ. സമീപം തന്നെ ഹനുമദ്സാന്നിദ്ധ്യവുമുണ്ട്. രണ്ടും താരതമ്യേന പുതിയ പ്രതിഷ്ഠകളാണ്. 1954-ലാണ് ഈ പ്രതിഷ്ഠകൾ ഇവിടെയുണ്ടായത്.
ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് വടക്കുഭാഗത്ത് ഒരു ചെറിയ ശ്രീകൃഷ്ണക്ഷേത്രമുണ്ട്. താരതമ്യേന പുതിയ ക്ഷേത്രമാണിത്. ഇവിടത്തെ പ്രതിഷ്ഠകൾ പണ്ട് ഗായത്രിപ്പുഴയുടെ തീരത്തുണ്ടായിരുന്ന പല ക്ഷേത്രങ്ങളിലാണുണ്ടായിരുന്നതെന്ന് വിശ്വസിച്ചുവരുന്നു. ഇപ്പറഞ്ഞ ക്ഷേത്രങ്ങ ഗായത്രിപ്പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിലും മറ്റുമായി തകർക്കപ്പെട്ടപ്പോൾ അവിടത്തെ പ്രതിഷ്ഠകളെ പല്ലാവൂരിൽ കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ഇന്നിവിടെ നിത്യപൂജയുണ്ട്. പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനെങ്കിലും മിക്ക ക്ഷേത്രങ്ങളിലേതും പോലെ ഇവിടെയും ചതുർബാഹുവായ മഹാവിഷ്ണുവാണ് ശ്രീകൃഷ്ണനായി ആരാധിയ്ക്കപ്പെടുന്നത്. കൂടാതെ ഉപദേവതകളായി ആറ്റായ വിഷ്ണു, ആറ്റായ ശിവൻ, തൃപ്പാത്തറ വിഷ്ണു, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ തുടങ്ങിയവരുമുണ്ട്. പ്രധാന പ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഇന്ന് ഈ ക്ഷേത്രത്തിൽ നിത്യപൂജയും വഴിപാടുകളുമെല്ലാമുണ്ട്. തൃപ്പല്ലാവൂർ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് ഈ ക്ഷേത്രം.
മതിൽക്കെട്ടിനകത്ത് കിഴക്കുഭാഗത്ത്, പാർവ്വതീദേവിയുടെ പ്രതിഷ്ഠയ്ക്ക് നേരെ മുന്നിൽ ഒരു പടുകൂറ്റൻ അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തിസ്വരൂപമാണ്. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി വിശ്വസിച്ചുവരുന്നു. തെക്കുകിഴക്കേമൂലയിൽ ഒരു ചെറിയ ശ്രീകോവിൽ കാണാം. ഇവിടെയും ശിവപ്രതിഷ്ഠ തന്നെയാണ്. 'തൃപ്പാത്തറ ശിവൻ' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. താരതമ്യേന പുതിയ പ്രതിഷ്ഠയാണ് ഇതും. ഗായത്രിപ്പുഴയുടെ കരയിലുണ്ടായിരുന്ന ഒരു ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയായിരുന്നു ഇത്. പിൽക്കാലത്ത്, ക്ഷേത്രം വെള്ളപ്പൊക്കത്തിൽ നശിച്ചപ്പോൾ ഇവിടെക്കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ത്രിപുരാന്തകസങ്കല്പത്തിലാണ് ഇവിടെ ശിവനെ ആരാധിയ്ക്കുന്നത്. തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത തറയിൽ കിഴക്കോട്ട് ദർശനമായി നാഗദൈവങ്ങൾ സാന്നിദ്ധ്യമരുളുന്നു. ആദ്യം, കിഴക്കേ നടയിലെ ആൽത്തറയിൽ സാന്നിദ്ധ്യമരുളിയിരുന്ന നാഗദൈവങ്ങളെ ഇങ്ങോട്ട് മാറ്റിപ്രതിഷ്ഠിയ്ക്കുകയായിരുന്നു. നാഗരാജാവായി വാസുകിയാണ് ഇവിടെ സാന്നിദ്ധ്യമരുളുന്നത്. കൂടാതെ നാഗയക്ഷി, നാഗകന്യക, നാഗചാമുണ്ഡി, ചിത്രകൂടം, കരിനാഗം, മണിനാഗം, മറ്റ് ഉത്തമമദ്ധ്യമാധമസർപ്പങ്ങൾ തുടങ്ങിയവരുമുണ്ട്. പരിവാരസമേതരായ നാഗദൈവങ്ങളുടെ പ്രതിഷ്ഠ ഇവിടത്തെ മറ്റൊരു പ്രധാന ആകർഷണമാണ്. ഇതിനടുത്തുതന്നെയാണ് ശിവപാർവ്വതീപുത്രനായ വേട്ടയ്ക്കൊരുമകന്റെ പ്രതിഷ്ഠയും. ആദ്യം വേട്ടയ്ക്കൊരുമകൻ വടക്കുകിഴക്കുഭാഗത്താണ് സാന്നിദ്ധ്യമരുളിയിരുന്നത്. പിന്നീട്, ഇങ്ങോട്ട് മാറ്റുകയായിരുന്നു.
ശ്രീകോവിൽ
തിരുത്തുകസാമാന്യത്തിലധികം വലിപ്പമുള്ള ഒറ്റനില വട്ടശ്രീകോവിലാണ് തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഏകദേശം 160 അടി ചുറ്റളവുണ്ടാകും. ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിരിയ്ക്കുന്നു. മുകളിൽ സ്വർണ്ണത്താഴികക്കുടം തിളങ്ങിനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ കിഴക്കേ അറ്റത്തുള്ള ഗർഭഗൃഹം രണ്ടാക്കിത്തിരിച്ചിരിയ്ക്കുന്നു. ഒരുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ശിവനും മറുഭാഗത്ത് കിഴക്കോട്ട് ദർശനമായി പാർവ്വതിയുമാണ് കുടികൊള്ളുന്നത്. ഇവിടത്തെ ശിവലിംഗം രുദ്രാക്ഷശിലയാണെന്ന് വിശ്വസിച്ചുവരുന്നു. ഇത് ഈ പ്രതിഷ്ഠയുടെ മാഹാത്മ്യം കൂട്ടുന്നു. മൂന്നടിയിലധികം ഉയരം വരുന്ന ശിവലിംഗമാണിത്. അലങ്കാരസമയത്ത് ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവകൊണ്ട് വിഗ്രഹത്തിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ തൃപ്പല്ലാവൂരപ്പൻ ശിവലിംഗമായി ശ്രീലകത്ത് വാഴുന്നു.
കിഴക്കേ നടയിലെ പാർവ്വതീസാന്നിദ്ധ്യം താരതമ്യേന അടുത്തകാലത്തുണ്ടായതാണ്. ഉഗ്രമൂർത്തിയായ ശിവന്റെ ഉഗ്രഭാവം കുറയ്ക്കാൻ എന്ന സങ്കല്പത്തിൽ കൂടിയാകണം ഈ പ്രതിഷ്ഠ നടത്തിയതും. പിന്നീട്, ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്പം അർദ്ധനാരീശ്വരഭാവമായി. പാർവ്വതീദേവിയ്ക്ക് ശിലാവിഗ്രഹമാണ്. മൂന്നടി ഉയരം വരും. ഒരു കയ്യിൽ താമര പിടിച്ച ദേവി മറുകൈ അരയിൽ കുത്തിനിൽക്കുന്നു. ദേവി ശിവസാന്നിദ്ധ്യത്തിൽ ഇരിയ്ക്കുന്നതിനാൽ സർവ്വമംഗളകാരിണിയായ കല്ല്യാണരൂപിണിയാണ്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ ശ്രീപാർവ്വതീദേവി ശ്രീലകത്ത് വാഴുന്നു.
ശ്രീകോവിൽ ചുവർച്ചിത്രങ്ങൾ കൊണ്ട് അലംകൃതമല്ലെങ്കിലും ധാരാളം ദാരുശില്പങ്ങൾ കാണാം. ഇതിന്റെ ഓരോ കഴുക്കോലിന്റെയും നിർമ്മാണരീതി അമ്പരപ്പിയ്ക്കുന്നതാണ്. കഴുക്കോലുകളെല്ലാം കൂടി മുകളിൽ വന്നുചേരുന്നതായാണ് കാണിയ്ക്കുന്നത്. വിവിധ ഋഷിമാരുടെയും ദേവീദേവന്മാരുടെയും രൂപങ്ങൾ ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ഗജമസ്തകങ്ങളും പക്ഷിമാലയും മൃഗമാലയും യുദ്ധരംഗങ്ങളുമെല്ലാം അതിമനോഹരമായി ചിത്രീകരിയ്ക്കപ്പെട്ടിട്ടുണ്ട്. വടക്കുഭാഗത്ത് ഓവ്, വ്യാളീമുഖത്തോടെ മനോഹരമായി നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.
നാലമ്പലം
തിരുത്തുകശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിട്ടുണ്ട്. അതിവിശാലമായ നാലമ്പലമാണ് ഇവിടെയുള്ളത്. അതിനാൽ ഭക്തർക്ക് പ്രദക്ഷിണം വയ്ക്കാൻ ധാരാളം സ്ഥലമുണ്ട് (ഓവിനപ്പുറം പോകാതെ). നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനിരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടം ഹോമയാഗാദികൾക്കും വടക്കേ വാതിൽമാടം വാദ്യമേളങ്ങൾക്കും ഉപയോഗിച്ചുവരുന്നു. വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറും തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും പണിതിട്ടുണ്ട്. നാലമ്പലത്തിനകത്തുതന്നെയാണ് പ്രധാന ഉപദേവതകളായ ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ എന്നിവരുടെ പ്രതിഷ്ഠകളും. തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് ഗണപതിപ്രതിഷ്ഠ. ഏതാണ്ട് ഒന്നരയടി ഉയരം വരുന്ന ചതുർബാഹു ശിലാവിഗ്രഹമാണ് ഇവിടെ ഗണപതിയ്ക്ക്. വടക്കുപടിഞ്ഞാറേമൂലയിൽ അതുപോലൊരു ശ്രീകോവിലിൽ സുബ്രഹ്മണ്യസ്വാമി കുടികൊള്ളുന്നു. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെ. സുബ്രഹ്മണ്യശ്രീകോവിലിന് തൊട്ടടുത്തുതന്നെയാണ് ശാസ്താവിന്റെയും പ്രതിഷ്ഠ. പൂർണാപുഷ്കലാസമേതനായ ദമ്പതീശാസ്താവാണ് ഇവിടെയുള്ളത്. ശിവലിംഗരൂപത്തിലുള്ള മൂന്ന് കല്ലുകളാണ് മൂവരെയും പ്രതിനിധീകരിയ്ക്കുന്നത്. ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് - ഇവർ മൂവരും കിഴക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്. ശിവപുത്രന്മാരായ മൂവരുടെയും സാന്നിദ്ധ്യം തൃപ്പല്ലാവൂർ ക്ഷേത്രത്തെ ശിവപരിവാരക്ഷേത്രമാക്കിമാറ്റുന്നു.
ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ, കിഴക്ക് - ഇന്ദ്രൻ. തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി), സപ്തമാതൃക്കൾ (തെക്കുവശത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രഹ്മാണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കിനും വടക്കുപടിഞ്ഞാറിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), ദുർഗ്ഗാദേവി (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ വികാരഭാവങ്ങളാണെന്നാണ് വിശ്വാസം. അതിനാൽ അവയിൽ ചവിട്ടാനോ തൊട്ടു തലയിൽ വയ്ക്കാനോ പാടില്ല.
നമസ്കാരമണ്ഡപം
തിരുത്തുകശ്രീകോവിലിന്റെ നേരെമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. സാമാന്യത്തിലധികം വലിപ്പമുള്ള മണ്ഡപമാണിത്. ഇതിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടെ നിലകൊള്ളുന്നു. ഇത് കൊട്ടിയടച്ച നിലയിലാണ് കാണപ്പെടുന്നത്. എങ്കിലും, നാലുഭാഗത്തും വിടവുകളുമുണ്ട്. വിശേഷദിവസങ്ങളിൽ സ്ഥലത്തെ ബ്രാഹ്മണർ ഇവിടെയിരുന്ന് ശ്രീരുദ്രമന്ത്രവും ശിവസഹസ്രനാമവും ജപിയ്ക്കുന്നത് കാണാം. പതിനാറുകാലുകളോടുകൂടിയ നമസ്കാരമണ്ഡപത്തിന്റെ ഓരോ കാലുകളിലും വിവിധ ദേവരൂപങ്ങൾ കാണാം. മണ്ഡപത്തിന്റെ കിഴക്കേ അറ്റത്ത് ഭഗവദ്വാഹനമായ നന്ദിയുടെ ശില്പവും കാണാം. നന്ദിയ്ക്ക് ദിവസവും വിളക്കുവയ്പുണ്ട്.
പ്രധാന പ്രതിഷ്ഠകൾ
തിരുത്തുകശ്രീ തൃപ്പല്ലാവൂരപ്പൻ (ശിവൻ)
തിരുത്തുകതൃപ്പല്ലാവൂർ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. അത്യുഗ്രമൂർത്തിയായ മഹാകാലനായാണ് പ്രതിഷ്ഠാസങ്കല്പം. മൂന്നടിയോളം ഉയരം വരുന്ന ശിവലിംഗത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് തൃപ്പല്ലാവൂരപ്പൻ കുടികൊള്ളുന്നത്. പടിഞ്ഞാറോട്ട് ദർശനം വരുന്ന പ്രതിഷ്ഠകൾ താരതമ്യേന കുറവാണ്. അവയ്ക്ക് ഉഗ്രത കൂടുതലായിരിയ്ക്കുമെന്ന് താന്ത്രികമതം പറയുന്നു. വിശേഷിച്ചും ശിവക്ഷേത്രങ്ങളിൽ അത്യുഗ്രഭാവമായിരിയ്ക്കും ഉണ്ടാകുക. ഇവിടെ ശിവലിംഗം രുദ്രാക്ഷശിലയിൽ നിർമ്മിച്ചതാണ്. അതിനാൽ ജലാഭിഷേകം മാത്രമേ നടത്താൻ കഴിയൂ. മറ്റ് അഭിഷേകങ്ങൾക്കായി ഒരു പ്രത്യേക ശിവലിംഗം അടുത്തുതന്നെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ശംഖാഭിഷേകം, ധാര, പിൻവിളക്ക്, കൂവളമാല തുടങ്ങിയവയാണ് തൃപ്പല്ലാവൂരപ്പന്റെ പ്രധാന വഴിപാടുകൾ.
ശ്രീപാർവ്വതീദേവി
തിരുത്തുകതൃപ്പല്ലാവൂർ ക്ഷേത്രത്തിലെ രണ്ടാമത്തെ മുഖ്യപ്രതിഷ്ഠ. ഉഗ്രമൂർത്തിയായ ശിവന്റെ കോപം കാരണം സമീപപ്രദേശങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായപ്പോൾ പരിഹാരവിധിയായി നടത്തിയതാകണം ഈ പ്രതിഷ്ഠ. ഇതിനുശേഷം കോപം കുറഞ്ഞ് ഭഗവാൻ ശാന്തസ്വരൂപിയായി. മൂന്നടിയോളം ഉയരം വരുന്ന ശിലാവിഗ്രഹത്തിൽ ദേവി കിഴക്കോട്ട് ദർശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ശിവനും പാർവ്വതിയും അനഭിമുഖമായി കുടികൊള്ളുന്നതിനാൽ ഇവിടെ അർദ്ധനാരീശ്വരസങ്കല്പം വരുന്നു. ദേവി ശിവസാന്നിദ്ധ്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടെ സർവ്വമംഗളകാരിണിയായ കല്ല്യാണരൂപിണിയാണ്. പട്ടും താലിയും ചാർത്തുന്നതാണ് ദേവിയ്ക്ക് പ്രധാന വഴിപാട്.
ശ്രീകൃഷ്ണഭഗവാൻ
തിരുത്തുകതൃപ്പല്ലാവൂർ ക്ഷേത്രത്തിന്റെ ഉപക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശ്രീകൃഷ്ണസങ്കല്പമാണെങ്കിലും പ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്ണുവാണ്. പണ്ട് ഗ്രാമത്തിന്റെ തെക്കേയറ്റത്ത് ഗായത്രിപ്പുഴയുടെ കരയിലുണ്ടായിരുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠയായിരുന്നു ഈ ശ്രീകൃഷ്ണൻ. ഗായത്രിപ്പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ക്ഷേത്രം തകർന്നപ്പോൾ അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളെയെല്ലാം പല്ലാവൂരിൽ കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ഇന്നിവിടെ നിത്യപൂജയും വഴിപാടുമൊക്കെയുണ്ട്. കിഴക്കോട്ട് ദർശനമായി നാലടി ഉയരം വരുന്ന വിഗ്രഹമാണ് ഇവിടെ ഭഗവാന്. പാൽപ്പായസം, വെണ്ണ, തുളസിമാല, ചന്ദനം ചാർത്ത് തുടങ്ങിയവയാണ് ശ്രീകൃഷ്ണഭഗവാന് പ്രധാന വഴിപാടുകൾ.
ഉപദേവതകൾ
തിരുത്തുകഗണപതി
തിരുത്തുകനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേ മൂലയിലാണ് ശിവപാർവ്വതീപുത്രനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ഗണപതിയുടെ വിഗ്രഹത്തിന് ഒന്നരയടി ഉയരം കാണും. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും ധരിച്ച ഭഗവാൻ മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. വിഘ്നേശ്വരപ്രീതിയ്ക്കായി നിത്യേന ക്ഷേത്രത്തിൽ ഗണപതിഹോമം നടന്നുവരുന്നു. ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിയവയാണ് ഭഗവാന് മറ്റ് പ്രധാന വഴിപാടുകൾ.
സുബ്രഹ്മണ്യൻ
തിരുത്തുകനാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേ മൂലയിലാണ് ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന സുബ്രഹ്മണ്യന്റെ വിഗ്രഹത്തിന് മൂന്നടി ഉയരം കാണും. രണ്ടുകൈകളുള്ള ബാലസുബ്രഹ്മണ്യസ്വാമിയാണിവിടെ. വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന ഭഗവാൻ ഇടതുകൈ അരയിൽ കുത്തിനിൽക്കുന്നു. ഭഗവാന്റെ വലത്തെ ചുമലിലാണ് ആയുധമായ വേൽ. പഞ്ചാമൃതം, പാലഭിഷേകം, ഭസ്മാഭിഷേകം തുടങ്ങിയവയാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രധാന വഴിപാടുകൾ.
ശാസ്താവ്
തിരുത്തുകസുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിന്റെ വടക്കുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് പൂർണാപുഷ്കലാസമേതനായ ധർമ്മശാസ്താവിന്റെ പ്രതിഷ്ഠ. ശിവലിംഗരൂപത്തിലുള്ള മൂന്ന് വിഗ്രഹങ്ങളാണ് ശാസ്താവിനെയും പത്നിമാരായ പൂർണയെയും പുഷ്കലയെയും പ്രതിനിധീകരിയ്ക്കുന്നത്. ഏതാണ്ട് അരയടി ഉയരം വരും. വനശാസ്താവാണ് പ്രതിഷ്ഠാസങ്കല്പം. അതിനാൽ മേൽക്കൂരയിട്ടിട്ടില്ല. എന്നാൽ, വിളക്കുകൾ കെടാതിരിയ്ക്കാൻ ഒരു ആസ്ബസ്റ്റോസ് ഷീറ്റ് ഇട്ടിട്ടുണ്ട്. നീരാജനം, നെയ്യഭിഷേകം, അഷ്ടാഭിഷേകം തുടങ്ങിയവാണ് ശാസ്താവിന്റെ പ്രധാന വഴിപാടുകൾ.
നാഗദൈവങ്ങൾ
തിരുത്തുകനാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത തറയിൽ കിഴക്കോട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ സ്ഥാനം. പണ്ട് കിഴക്കേ നടയിലെ ആൽത്തറയിലുണ്ടായിരുന്ന നാഗദൈവങ്ങളെ 1984-ലാണ് ഇന്നത്തെ സ്ഥാനത്തേയ്ക്ക് മാറ്റിയത്. നാഗരാജാവായി വാസുകിയും കൂടെ നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവും ഉത്തമമദ്ധ്യമാധമസർപ്പങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, ആയില്യപൂജ, പാൽപ്പായസം തുടങ്ങിയവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ.
വേട്ടയ്ക്കൊരുമകൻ
തിരുത്തുകനാഗദൈവങ്ങൾക്കടുത്തുതന്നെയാണ് വേട്ടയ്ക്കൊരുമകന്റെയും സ്ഥാനം. കിഴക്കോട്ട് ദർശനമായ വേട്ടയ്ക്കൊരുമകന് ലിംഗരൂപത്തിലുള്ള വിഗ്രഹമാണ്. ഒന്നരയടി ഉയരം വരും. ശിവപാർവ്വതീപുത്രനായ വേട്ടയ്ക്കൊരുമകന് നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്.
ഭദ്രകാളി
തിരുത്തുകനാലമ്പലത്തിന് പുറത്ത് വടക്കുകിഴക്കുഭാഗത്താണ് ഭദ്രകാളിയുടെ പ്രതിഷ്ഠ. അത്യുഗ്രദേവതയായ ഈ ഭദ്രകാളി പല്ലാവൂരിലുണ്ടായിരുന്ന കനകശ്ശേരി ക്ഷേത്രത്തിലെ പ്രതിഷ്ഠയായിരുന്നു. അതിനാൽ, 'കനകശ്ശേരി അമ്മ' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നു. നാലടി ഉയരമുള്ള ചതുർബാഹു വിഗ്രഹമാണ് ഇവിടെ ദേവിയ്ക്ക്. രക്തപുഷ്പാഞ്ജലി, കടുംപായസം, കൂട്ടുപായസം തുടങ്ങിയവയാണ് ഭദ്രകാളിയ്ക്ക് പ്രധാന വഴിപാടുകൾ.
സീതാദേവി
തിരുത്തുകഭദ്രകാളിക്ഷേത്രത്തിന് തൊട്ടടുത്താണ് ശ്രീരാമപത്നിയായ സീതാദേവിയുടെ പ്രതിഷ്ഠ. താരതമ്യേന വളരെ പുതിയൊരു പ്രതിഷ്ഠയാണിത്.
തൃപ്പാത്തറ ശിവൻ
തിരുത്തുകനാലമ്പലത്തിന് പുറത്ത് തെക്കുകിഴക്കേമൂലയിലാണ് തൃപ്പാത്തറ ശിവന്റെ പ്രതിഷ്ഠ. പണ്ട് ഗായത്രിപ്പുഴയുടെ കരയിലുണ്ടായിരുന്ന ഒരു ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയായിരുന്നു ഇത്. ഗായത്രിപ്പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ക്ഷേത്രം നശിച്ചപ്പോൾ ശിവനെ ഇവിടെക്കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. അത്യുഗ്രമൂർത്തിയാണ് തൃപ്പാത്തറ ശിവൻ. ത്രിപുരാന്തകനാണ് പ്രതിഷ്ഠാസങ്കല്പം. വട്ടശ്രീകോവിലിലാണ് ഭഗവാനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഇത് മറ്റ് ഉപദേവതകളിൽ നിന്ന് അല്പം ഉയർന്ന സ്ഥാനം ഈ പ്രതിഷ്ഠയ്ക്ക് നൽകുന്നു. ശിവപ്രീതികരമായ വഴിപാടുകൾ തന്നെയാണ് ഇവിടെയും നടത്തിവരുന്നത്.
തൃപ്പാത്തറ വിഷ്ണു
തിരുത്തുകതൃപ്പല്ലാവൂർ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉപദേവതാപ്രതിഷ്ഠയാണ് തൃപ്പാത്തറ വിഷ്ണു. ശ്രീകൃഷ്ണശ്രീകോവിലിന്റെ വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായാണ് പ്രതിഷ്ഠ. പണ്ട് ഗായത്രിപ്പുഴയുടെ കരയിലുണ്ടായിരുന്ന ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠയായിരുന്ന ഈ വിഷ്ണുവിനെ വെള്ളപ്പൊക്കത്തിൽ ക്ഷേത്രം നശിച്ചപ്പോൾ ഇന്നത്തെ ക്ഷേത്രത്തിൽ കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. വിഷ്ണുപ്രീതികരമായ എല്ലാ വഴിപാടുകളും ഇവിടെ നടത്താം.
ആറ്റായ ശിവൻ
തിരുത്തുകശ്രീകൃഷ്ണക്ഷേത്രത്തിലെ മറ്റൊരു ഉപപ്രതിഷ്ഠയാണ് ആറ്റായ ശിവൻ. പണ്ട് ഗായത്രിപ്പുഴയുടെ കരയിലുണ്ടായിരുന്ന ഒരു ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായിരുന്ന ഈ ശിവനെ പിന്നീട് വെള്ളപ്പൊക്കത്തിൽ ക്ഷേത്രം നശിച്ചുപോയപ്പോൾ ഇവിടെക്കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ശ്രീകൃഷ്ണശ്രീകോവിലിന്റെ വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായാണ് ഈ പ്രതിഷ്ഠ. ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ഇവിടെ നടത്താവുന്നതാണ്.
ആറ്റായ വിഷ്ണു
തിരുത്തുകശ്രീകൃഷ്ണക്ഷേത്രത്തിലെ മറ്റൊരു ഉപപ്രതിഷ്ഠയാണ് ആറ്റായ വിഷ്ണു. പ്രധാന ശ്രീകോവിലിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് ആറ്റായ വിഷ്ണു കുടികൊള്ളുന്നത്. പണ്ട് ഗായത്രിപ്പുഴയുടെ കരയിലുണ്ടായിരുന്ന ക്ഷേത്രം വെള്ളപ്പൊക്കത്തിൽ നശിച്ചുപോയപ്പോൾ ഇവിടെക്കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. വിഷ്ണുപ്രീതികരമായ എല്ലാ വഴിപാടുകളും ഇവിടെ നടത്താവുന്നതാണ്.
നിത്യപൂജകളും തന്ത്രവും
തിരുത്തുകനിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തൃപ്പല്ലാവൂർ ശിവക്ഷേത്രം. പുലർച്ചെ നാലുമണിയോടെ നടതുറന്നാൽ ആദ്യം നിർമ്മാല്യദർശനമാണ്. തുടർന്ന് ശംഖാഭിഷേകം നടത്തുന്നു. ഇതുകഴിഞ്ഞാൽ വിഗ്രഹം അലങ്കരിയ്ക്കുകയും തുടർന്ന് നടയടച്ച് ഉഷഃപൂജ നടത്തുകയും ചെയ്യുന്നു. സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. ഏഴുമണിയോടെ ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിൽ നാലമ്പലത്തിനകത്ത് ഒന്നും പുറത്ത് രണ്ടും എന്ന ക്രമത്തിൽ മൂന്നുതവണ പ്രദക്ഷിണം വയ്ക്കുന്നു. ജലഗന്ധപുഷ്പങ്ങളുമായി മേൽശാന്തിയും വിഗ്രഹവുമായി കീഴ്ശാന്തിയും അകത്തെയും പുറത്തെയും ബലിക്കല്ലുകളിൽ ബലിതൂകി ഒടുവിൽ വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ശീവേലി അവസാനിയ്ക്കുന്നു. എട്ടുമണിയോടെ പന്തീരടിപൂജയും അതിനോടനുബന്ധിച്ച് ധാരയും നവകാഭിഷേകവും നടത്തുന്നു. പതിനൊന്നുമണിയോടെ ഉച്ചപ്പൂജയും പതിനൊന്നരയോടെ ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ദീപാരാധനാസമയത്ത് വേദജ്ഞരായ ബ്രാഹ്മണർ ഒന്നിച്ചിരുന്ന് സന്ധ്യാവേല നടത്തുന്നത് വിശേഷപ്പെട്ട ഒരു ചടങ്ങാണ്. ദീപാരാധനയ്ക്കുശേഷം രാത്രി ഏഴുമണിയോടെ അത്താഴപ്പൂജയും ഏഴരയോടെ അത്താഴശീവേലിയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് നേരത്തേ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: തിരുവുത്സവം, നവരാത്രി, ശിവരാത്രി) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും മേൽപ്പറഞ്ഞ പൂജാവിധികളിൽ വ്യത്യാസമുണ്ടാകും.
ക്ഷേത്രത്തിലെ താന്ത്രികാവകാശം ലക്കിടിയിലുള്ള പനാവൂർ മനയ്ക്കാണ്. ഇവിടെ പൂജാദികാര്യങ്ങൾ നടത്തുന്നത് എമ്പ്രാന്തിരിമാരാണ്.
വിശേഷദിവസങ്ങൾ
തിരുത്തുകതിരുവുത്സവം
തിരുത്തുകമീനമാസത്തിൽ ഉത്രട്ടാതിയ്ക്ക് കൊടികയറി തിരുവാതിരനാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന വിധത്തിലാണ് ക്ഷേത്രത്തിലെ തിരുവുത്സവം. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും താന്ത്രികച്ചടങ്ങുകളുമുണ്ടാകും. ഉത്രട്ടാതിനാളിൽ രാത്രിയാണ് കൊടിയേറ്റം. ഉത്സവദിനങ്ങളിൽ നിത്യേന ശ്രീഭൂതബലിയും എഴുന്നള്ളിപ്പുകളുമുണ്ടാകും. ഈ നാളുകളിൽ തൃപ്പല്ലാവൂരപ്പൻ ഗ്രാമത്തിലെ വീടുകളിലേയ്ക്ക് എഴുന്നള്ളുമ്പോൾ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നത് പ്രധാനമാണ്. ആറാം ദിവസമാണ് വിശേഷദിനമായ ഉത്സവബലി. നിത്യശീവേലിയുടെ വിശദീകരിച്ച രൂപമാണ് ഉത്സവബലി. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് അന്നവസ്ത്രാദിദാനമുണ്ടാകും. തുടർന്ന് ഹവിസ്സ് മൂന്നായി പകുത്ത് ഉണക്കലരി, എള്ള്, മഞ്ഞൾ എന്നിവയുടെ പൊടി ചേർത്തശേഷം ഹവിസ്സുപൂജ നടത്തുന്നു. ഇതിനോടനുബന്ധിച്ച് ദേവതകളെ ഉണർത്താൻ മരപ്പാണി കൊട്ടുന്നു. തുടർന്ന് നാലമ്പലത്തിനകത്ത് രണ്ട് പ്രദക്ഷിണം നടത്തുന്നു. ആദ്യ പ്രദക്ഷിണത്തിൽ ദ്വാസ്ഥന്മാർ (ദ്വാരപാലകർ), മണ്ഡപത്തിലുള്ള നന്ദി, അഷ്ടദിക്പാലകർ, സപ്തമാതൃക്കൾ, വീരഭദ്രൻ, ഗണപതി, അനന്തൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും രണ്ടാമത്തെ പ്രദക്ഷിണത്തിൽ സപ്തമാതൃക്കൾക്ക് മാത്രമായും ബലിതൂകുന്നു. സപ്തമാതൃക്കളുടെ ബലിസമയത്ത് മാത്രമാണ് നാലമ്പലത്തിനകത്ത് ദർശനസൗകര്യമുള്ളത്. മൂന്നാമത്തെ പ്രദക്ഷിണം പുറത്തെ ബലിക്കല്ലുകളിലാണ് നടത്തുന്നത്. അവയിൽ വടക്കുകിഴക്കേമൂലയിലെ ക്ഷേത്രപാലന് സമീപമെത്തുമ്പോൾ നടത്തുന്നത് വളരെ പ്രധാനപ്പെട്ട ചടങ്ങാണ്. ഇവയെല്ലാം കഴിഞ്ഞാൽ വലിയ ബലിക്കല്ലിലും ബലി തൂകി ഉത്സവബലി തീരുന്നു.
ഏഴാം ദിവസമാണ് ക്ഷേത്രത്തിലെ പള്ളിവേട്ട. ഭഗവാൻ ക്ഷേത്രത്തിനടുത്തുള്ള പറമ്പിലേയ്ക്ക് എഴുന്നള്ളി അവിടെ സ്ഥാപിച്ചിട്ടുള്ള തേങ്ങാക്കുലകൾ അമ്പെയ്ത് തീർക്കുന്നതാണ് ചടങ്ങ്. ക്ഷേത്രം പരിചാരകനാണ് ഭഗവദ്പ്രതിനിധിയായി നിൽക്കുന്നത്. വാദ്യഘോഷങ്ങളൊന്നുമില്ലാതെ എഴുന്നള്ളി എല്ലാ വാദ്യഘോഷങ്ങളോടെയുമാണ് തിരിച്ചെഴുന്നള്ളുന്നത്. തുടർന്ന് മണ്ഡപത്തിൽ പള്ളിയുറങ്ങുന്ന ഭഗവാൻ പിറ്റേന്ന് രാവിലെ വൈകി ഉണരുന്നു. അന്നാണ് അവസാന ചടങ്ങായ ആറാട്ട്. യാത്രാഹോമം മുതൽ ഭഗവാന്റെ തിടമ്പ് ആനപ്പുറത്തേറ്റി ക്ഷേത്രത്തെ മൂന്ന് വലം വച്ച് കുളത്തിന്റെ സമീപമെത്തുന്നു. തുടർന്ന് കുളക്കരയിൽ വച്ച് സർവ്വതീർത്ഥങ്ങളെയും ആവാഹിച്ചശേഷം തന്ത്രിയും ശാന്തിക്കാരും കുളത്തിലിറങ്ങി വിഗ്രഹവുമായി മൂന്നുതവണ മുങ്ങിനിവരുന്നു. തുടർന്ന് ഇളനീരും മഞ്ഞളും അഭിഷേകം ചെയ്ത് വീണ്ടും മൂന്നുതവണ മുങ്ങിനിവരുന്നു. ഭഗവദ്ചൈതന്യം കൊണ്ട് ധന്യമായ തീർത്ഥത്തിൽ ഭക്തരും ഭഗവാനോടൊപ്പം മുങ്ങിനിവരുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളത്തിന് പുറപ്പെടുന്നു. ആറാട്ട് കഴിഞ്ഞ് തിരിച്ചെത്തുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. തുടർന്ന് പ്രദക്ഷിണം നടത്തി കൊടിയിറക്കുന്നതോടെ ഉത്സവത്തിന് തിരശ്ശീല വീഴുന്നു.
അത്യപൂർവ്വമായ ഒരു ചടങ്ങും ആറാട്ടിനോടനുബന്ധിച്ചുണ്ട്. പന്ത്രണ്ട് വർഷത്തിലൊരിയ്ക്കൽ നടക്കുന്ന 'വലിയ ആറാട്ട്' എന്ന ചടങ്ങാണത്. സമീപഗ്രാമമായ കുനിശ്ശേരിയിലെ പൂക്കുളങ്ങര ഭഗവതിയോടൊപ്പമുള്ള ചടങ്ങാണിത്. പൂക്കുളങ്ങരയമ്മ തൃപ്പല്ലാവൂരപ്പന്റെ മക്കളാണെന്നാണ് വിശ്വാസം. അതിനാൽ ഈ ചടങ്ങ് പിതൃപുത്രീബന്ധത്തിന്റെ പ്രതീകമായി കണ്ടുവരുന്നു. കുനിശ്ശേരി ഗ്രാമവാസികളും അവരുടെ തട്ടകത്തമ്മയോടൊപ്പം പല്ലാവൂരിലെത്തി ആറാട്ടിൽ പങ്കെടുത്ത് ഭഗവാനെ തൊഴുതുമടങ്ങുന്നു. ആറാട്ട് കഴിഞ്ഞ് തിരിച്ചുചെല്ലുമ്പോൾ മകൾക്ക് പന്ത്രണ്ടുവർഷത്തേയ്ക്കുള്ള സാധനങ്ങളെല്ലാം നൽകിക്കൊണ്ട് മടക്കിയയയ്ക്കുന്നു. തട്ടകവാസികൾക്ക് ഇതിനോടനുബന്ധിച്ച് സദ്യയുമുണ്ടാകും. 2023-ലാണ് ഇത് അവസാനമായി നടന്നത്. ഇനി 2035-ലായിരിയ്ക്കും നടക്കുക.
നവരാത്രി
തിരുത്തുകക്ഷേത്രത്തിലെ രണ്ടാമത്തെ പ്രധാന ആചരണമാണ് കന്നിമാസത്തിൽ കറുത്തവാവ് കഴിഞ്ഞുള്ള ഒമ്പതുദിവസങ്ങളിലായി ആഘോഷിച്ചുവരുന്ന നവരാത്രി. ശ്രീപാർവ്വതീദേവിയുടെ മഹോത്സവമായാണ് ഇത് ആഘോഷിച്ചുവരുന്നത്. പല്ലാവൂർ ഗ്രാമത്തിന്റെ മുഴുവൻ ഉത്സവമായി ഇത് കണ്ടുവരുന്നു. ഒമ്പതുദിവസവും ദേവിയ്ക്ക് വിശേഷാൽ പൂജകളും വിളക്കാചരണവുമുണ്ടാകും. ഇതിനോടനുബന്ധിച്ച് കലാപരിപാടികളും ഉണ്ടാകാറുണ്ട്. വെളുത്തപക്ഷത്തിലെ പ്രഥമനാളിൽ പല്ലാവൂരിലെ പ്രസിദ്ധ നായർ തറവാടായ ഉള്ളാട്ടിൽ വീട്ടുകാരുടെ വിളക്കോടെയാണ് നവരാത്രി തുടങ്ങുന്നത്. തുടർന്നുള്ള എട്ടുദിവസങ്ങളിൽ യഥാക്രമം നാരായണസ്വാമി അയ്യർ എന്ന ഭക്തന്റെ കുടുംബം, ചിന്മയ മിഷൻ, കണ്ടേത്ത് വീട്, സാമ്പമൂർത്തി അയ്യർ എന്ന ഭക്തന്റെ കുടുംബം, പെരിഞ്ചേരി വീട്, ഏഴാം വിളക്ക്, ദേശവിളക്ക്, ജനവിളക്ക് എന്നിങ്ങനെ വിളക്കുകൾ നടത്തിവരുന്നു. ചില വർഷങ്ങളിൽ നാഴിക കൂടിക്കൂടി 60 നാഴികയും പിറ്റേന്നത്തെ ഏതാനും നാഴികയും ഒരു തിഥിയായാൽ നവരാത്രി 'ദശരാത്രി'യാകാറുണ്ട്. അത്തരം അവസരങ്ങളിൽ പത്താം ദിവസം ദേവസ്വം വക പ്രത്യേകം വിളക്കുമുണ്ടാകും. വാദ്യകുലപതിമാരുടെ ജന്മനാടായ പല്ലാവൂരിൽ ഇവയോടനുബന്ധിച്ച് പഞ്ചവാദ്യത്തോടുകൂടിയ എഴുന്നള്ളിപ്പുമുണ്ടാകും. പല്ലാവൂരിലെ തമിഴ് ബ്രാഹ്മണർ നടത്തുന്ന ഏഴാം വിളക്കാണ് ഏറ്റവും പ്രധാനം. അന്നേ ദിവസം മൂന്നാനകളുടെ അകമ്പടിയോടെ പാർവ്വതീദേവി എഴുന്നള്ളുന്നു. ഇതോടനുബന്ധിച്ച് വിശേഷാൽ പഞ്ചവാദ്യമുണ്ടാകും. ദുർഗ്ഗാഷ്ടമി നാളിൽ സന്ധ്യയ്ക്ക് പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പൂജയ്ക്ക് വയ്ക്കുന്നു. മഹാനവമി നാളിൽ അടച്ചുപൂജയാണ്. വിജയദശമിനാളിൽ രാവിലെ പൂജ കഴിഞ്ഞ് മേൽപ്പറഞ്ഞ വസ്തുക്കൾ അവയുടെ ഉടമസ്ഥർക്ക് തിരിച്ചുകൊടുക്കുന്നു. ആയിരക്കണക്കിന് കുരുന്നുകൾ അന്നേ ദിവസം ആദ്യാക്ഷരം കുറിയ്ക്കുന്നു.
ശിവരാത്രി
തിരുത്തുകകുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമാണ് ശിവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമൊട്ടുക്കും നിരവധി വിശ്വാസികൾ അന്നേദിവസം വ്രതമനുഷ്ഠിയ്ക്കുന്നു. തൃപ്പല്ലാവൂർ ക്ഷേത്രത്തിൽ ശിവരാത്രി വളരെ മികച്ച രീതിയിൽ ആചരിച്ചുവരുന്നുണ്ട്. അന്നേ ദിവസം വിശേഷാൽ പൂജകളും കലാപരിപാടികളും ക്ഷേത്രത്തിലുണ്ടാകും. ശിവരാത്രിയോടനുബന്ധിച്ചുതന്നെയാണ് ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാദിനം (കൊടിമരം പ്രതിഷ്ഠിച്ചതിന്റെ വാർഷികം) വരാറുള്ളതും (കുംഭമാസത്തിൽ ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നക്ഷത്രങ്ങളിലാണ് സാധാരണ ശിവരാത്രി വരാറുള്ളത്. കുംഭമാസത്തിലെ ഉത്രാടം നാളിലാണ് ധ്വജപ്രതിഷ്ഠാദിനം). അതിനാൽ അതിന്റെ വക വേറെയും പരിപാടികളുണ്ടാകും. പഞ്ചവാദ്യത്തോടെയും ചെണ്ടമേളത്തോടെയുമുള്ള എഴുന്നള്ളിപ്പുകൾ അന്നുണ്ടാകും. ശിവരാത്രിദിവസം രാത്രി ക്ഷേത്രത്തിൽ നടയടയ്ക്കില്ല. പകരം രാത്രിയിലെ ഓരോ യാമത്തിലും പൂജയും അതിനോടനുബന്ധിച്ച് കലശാഭിഷേകവുമുണ്ടാകും. നിരവധി ഭക്തർ ഇവ കണ്ടുതൊഴാനായി ക്ഷേത്രത്തിലിരിയ്ക്കാറുണ്ട്.
മണ്ഡലകാലം
തിരുത്തുകവൃശ്ചികമാസത്തിൽ ഒന്നാം തീയതി മുതൽ ധനുമാസത്തിൽ പതിനൊന്നാം തീയതി വരെയുള്ള 41 ദിവസങ്ങളാണ് മണ്ഡലകാലമായി ആചരിച്ചുവരുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം ഉത്സവപ്രതീതിയാണ് ഈ ദിവസങ്ങളിലുണ്ടാകുക. ശബരിമല തീർത്ഥാടകരെക്കൊണ്ട് ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങൾ നിറയും. തൃപ്പല്ലാവൂർ ക്ഷേത്രത്തിലും ഈ ദിവസങ്ങളിൽ സാധാരണയിലധികം തിരക്കുണ്ടാകും. ക്ഷേത്രത്തിലെ ഉപദേവനായ ശാസ്താവിന് ഈ ദിവസങ്ങളിൽ വിശേഷാൽ പൂജകളുണ്ടാകും. ശബരിമല തീർത്ഥാടകർ ഈ ശാസ്താവിന്റെ തിരുനടയിലാണ് മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം.
മേടവിഷു
തിരുത്തുകമേടമാസത്തിൽ ഒന്നാം തീയതിയാണ് കേരളത്തിൽ വിഷു ആഘോഷിച്ചുവരുന്നത്. യഥാർത്ഥ മലയാള പുതുവർഷമായി ആചരിച്ചുവരുന്നത് വിഷുവാണ്. കേരളത്തിലെ ഹിന്ദുഭവനങ്ങളിലും ക്ഷേത്രങ്ങളിലെല്ലാം ആ ദിവസം വിശേഷപ്പെട്ടതാണ്. തൃപ്പല്ലാവൂർ ക്ഷേത്രത്തിലും വിഷു ആഘോഷിച്ചുവരുന്നുണ്ട്. തലേദിവസം രാത്രി തന്നെ ശാന്തിക്കാർ നമസ്കാരമണ്ഡപത്തിൽ കണിയൊരുക്കിവച്ചിട്ടുണ്ടാകും. വിഷുദിവസം രാവിലെ പതിവിലും ഒരു മണിക്കൂർ നേരത്തേ നടതുറക്കും. ആദ്യം ഭഗവാനുതന്നെയാണ് കണി കാണിച്ചുകൊടുക്കുന്നത്. തുടർന്ന് നിരവധി ഭക്തർ കണികാണാനെത്തുന്നു. കണിക്കൊന്നകൾക്കും അഷ്ടമംഗല്യത്തിനുമൊപ്പം ശിവലിംഗവും കണ്ട് ഭക്തർ സായൂജ്യമടയുന്നു. തുടർന്ന് ശ്രീപാർവ്വതീദേവിയെയും ഉപദേവതകളെയും തൊഴുത് പുറത്തിറങ്ങുന്ന ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകും. ഉപക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രത്തിലും വിഷുക്കണിദർശനവും കൈനീട്ടസമർപ്പണവുമുണ്ടാകും.
രാമായണമാസം, ഇല്ലംനിറ, തൃപ്പുത്തരി, ഗണപതിഹോമം
തിരുത്തുകകൊല്ലവർഷത്തിലെ അവസാനമാസമായ കർക്കടകം രാമായണമാസമായി ആചരിച്ചുവരുന്നു. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തിൽ ഭക്തരുടെ വക രാമായണപാരായണമുണ്ടാകും. രാമായണമാസത്തോടനുബന്ധിച്ചുള്ള മറ്റൊരു പരിപാടി രാമായണവുമായി ബന്ധപ്പെട്ട ചർച്ചകളാണ്. എല്ലാ ദിവസവും അതുണ്ടാകും. കർക്കടകത്തിലെല്ലാ ദിവസവും ക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമമുണ്ടാകും.
കർക്കടകവാവ് കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ചയാണ് ഗതകാല കാർഷികസംസ്കൃതിയുടെ പ്രതീകമായ ഇല്ലംനിറ നടത്തുന്നത്. ക്ഷേത്രത്തിൽ ഭക്തർ സമർപ്പിയ്ക്കുന്ന കതിർക്കറ്റകൾ മേൽശാന്തി പൂജിച്ച് എഴുന്നള്ളിയ്ക്കുന്നു. മുഖ്യദേവതയുടെയും ഉപദേവതകളുടെയുമെല്ലാം ശ്രീകോവിലുകളിൽ ഇവ സ്ഥാപിയ്ക്കുന്നുണ്ട്. ഇതിലൊരു ഭാഗം ഭക്തർക്കും സമർപ്പിയ്ക്കുന്നു. ഇതിന് കൊയ്തുകണ്ടുവരുന്ന അരി ഉപയോഗിച്ചാണ് തൃപ്പുത്തരി നടത്തുന്നത്.
അഷ്ടമിരോഹിണി
തിരുത്തുകശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി. ശ്രീകൃഷ്ണഭഗവാന്റെ ജന്മദിനമായി ഈ ദിവസം ആചരിച്ചുവരുന്നു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും വഴിപാടുകളുമുണ്ടാകും. അന്നേദിവസം ശ്രീകൃഷ്ണക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് പ്രസാദ ഊട്ടിന് പിറന്നാൾ സദ്യയാണ് നൽകുന്നത്. ശ്രീകൃഷ്ണന്റെ വേഷം കെട്ടിയ കുട്ടികളെ വച്ചുകൊണ്ട് ബാലഗോകുലം അടക്കമുള്ള സംഘടനകൾ നടത്തുന്ന ശോഭായാത്രയും വളരെ ശ്രദ്ധേയമായ കാഴ്ചയാണ്. അന്ന് ശ്രീകൃഷ്ണക്ഷേത്രം രാത്രി വരെ തുറന്നിരിയ്ക്കും.