പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ നെമ്മാറയ്ക്കടുത്ത് അയിലൂർ ഗ്രാമത്തിൽ, ഭാരതപ്പുഴയുടെ ഉപപോഷകനദിയായ അയിലൂർപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് അയിലൂർ മഹാദേവക്ഷേത്രം. പാർവ്വതീസമേതനായ പരമശിവൻ പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഐതിഹ്യമനുസരിച്ച് തൃപ്പല്ലാവൂർ, തൃപ്പാളൂർ എന്നീ ക്ഷേത്രങ്ങളിലെയും ഇവിടത്തെയും പ്രതിഷ്ഠകൾ നടത്തിയത് ഖരൻ എന്ന അസുരനാണ്. ഖരൻ ഈ തന്റെ വലതുകയ്യിലിരുന്ന ശിവലിംഗം തൃപ്പാളൂരും, ഇടതുകയ്യിലിരുന്ന ശിവലിംഗം അയിലൂരും പല്ലുകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം തൃപ്പല്ലാവൂരും കുടിയിരുത്തി എന്നാണ് വിശ്വാസം. തുലാമാസത്തിലെ അമാവാസി ദിവസം ആറാട്ടായി നടക്കുന്ന എട്ടുദിവസത്തെ ഉത്സവം, ധനുമാസത്തിലെ തിരുവാതിര, കുംഭമാസത്തിലെ ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ദീർഘകാലം കൊച്ചി രാജാവിന്റെ കീഴിലായിരുന്ന ഈ ക്ഷേത്രം, ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ്.

ഐതിഹ്യംതിരുത്തുക

കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രങ്ങളായ വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐതിഹ്യവുമായി സാദൃശ്യമുണ്ട് തൃപ്പല്ലാവൂർ, തൃപ്പാളൂർ, അയിലൂർ ക്ഷേത്രങ്ങളുടെ ഐതിഹ്യകഥയ്ക്കും. അതനുസരിച്ച്, ഖരാസുരന് ഗായത്രിപ്പുഴയുടെ കരയിൽ നിന്ന് മൂന്ന് ശിവലിംഗങ്ങൾ കിട്ടുകയും, അവയിൽ രണ്ടെണ്ണം തന്റെ ഇരുകൈകളിലും ഒരെണ്ണം തന്റെ പല്ലുകൊണ്ട് കടിച്ചും പിടിച്ചുകൊണ്ട് യാത്ര തുടരുകയും ചെയ്തു. അവയിൽ, വലതുകയ്യിലുണ്ടായിരുന്ന ശിവലിംഗം തൃപ്പാളൂരും ഇടതുകയ്യിലുണ്ടായിരുന്ന ശിവലിംഗം അയിലൂരും പല്ലുകൊണ്ടുള്ള ശിവലിംഗം തൃപ്പല്ലാവൂരും പ്രതിഷ്ഠിച്ചു എന്നാണ് കഥ. മൂന്നിടത്തും ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=അയിലൂർ_മഹാദേവക്ഷേത്രം&oldid=3318353" എന്ന താളിൽനിന്ന് ശേഖരിച്ചത്