ചാൾസ് ഡാർവിൻ
ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ്[ക] ചാൾസ് റോബർട്ട് ഡാർവിൻ (ഫെബ്രുവരി 12, 1809 - ഏപ്രിൽ 19, 1882). ജീവിവർഗ്ഗങ്ങൾ പരിണാമവിധേയമാണെന്ന വസ്തുത ഡാർവിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930-കളോടെ സ്വീകരിക്കപ്പെട്ട ഡാർവിന്റെ പ്രകൃതിനിർദ്ധാരണവാദം,[1] ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്. ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാർവിന്റെ കണ്ടുപിടിത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു.[2]
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ 16ആം സ്ഥാനം ഡാർവിനാണ്.
ചാൾസ് ഡാർവിൻ | |
---|---|
ജനനം | |
മരണം | 19 ഏപ്രിൽ 1882 | (പ്രായം 73)
ദേശീയത | ബ്രിട്ടീഷ് |
കലാലയം | എഡിൻബർഗ്ഗ് സർവകലാശാല കേംബ്രിഡ്ജ് സർവകലാശാല |
അറിയപ്പെടുന്നത് | ബീഗിളിന്റെ യാത്ര ജീവിവർഗ്ഗങ്ങളുടെ ഉല്പത്തി പ്രകൃതി നിർദ്ധാരണം |
പുരസ്കാരങ്ങൾ | രാജകീയ പുരസ്കാരം (1853) വൊള്ളാസ്റ്റൻ പുരസ്കാരം (1859) കോപ്ലി പുരസ്കാരം (1864) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | പ്രകൃതിശാസ്ത്രജ്ഞൻ |
സ്ഥാപനങ്ങൾ | രാജകീയ ഭൂമിശാസ്ത്ര സംഘം |
അക്കാദമിക് ഉപദേശകർ | ആഡം സെഡ്ജ്വിക്ക് ജോൺ സ്റ്റീവൻസ് ഹെൽസ്ലോ |
സ്വാധീനങ്ങൾ | ചാൾസ് ലിൽ |
സ്വാധീനിച്ചത് | തോമസ് ഹെന്റി ഹക്സ്ലി ജോർജ് ജോൺ റൊമേൻസ് |
ഒപ്പ് | |
കുറിപ്പുകൾ | |
ഇറാസ്മസ് ഡാർവിന്റേയും ജോഷിയാ വെഡ്ജ് വുഡിന്റേയും പേരക്കിടാവ്; ഇറാസ്മസ് ഡാർവിന്റെ മകൾ എമ്മാ വെഡ്ജ് വുഡിനെ വിവാഹം കഴിച്ചു. |
പ്രകൃതിചരിത്രത്തിൽ ഡാർവിന് താത്പര്യം ജനിച്ചത് എഡിൻബറോ സർവകലാശാലയിൽ വൈദ്യശാസ്ത്രവും പിന്നീട് കേംബ്രിഡ്ജിൽ ദൈവശാസ്ത്രവും പഠിക്കുമ്പോഴാണ്. ബീഗിൾ എന്ന കപ്പലിലെ അഞ്ചുവർഷത്തെ യാത്ര ഭൗമശാസ്ത്രജ്ഞനെന്ന നിലയിലുള്ള ഡാർവിന്റെ പ്രാഗല്ഭ്യം തെളിയിച്ചു. പ്രകൃതിപ്രക്രിയകൾ എല്ലാക്കാലത്തും ഒരേ വഴിയാണ് പിന്തുടരുന്നതെന്നും, ഭൂതകാലത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള വഴി വർത്തമാനകാലത്തിന്റെ പഠനമാണെന്നുമുള്ള ചാൾസ് ലില്ലിന്റെ സിദ്ധാന്തത്തെ പിന്തുണക്കുന്നവയായിരുന്നു, ഈ മേഖലയിലെ ഡാർവിന്റെ കണ്ടുപിടിത്തങ്ങൾ. ബീഗിളിലെ യാത്രക്കിടെ എഴുതിയ കുറിപ്പുകളുടെ പ്രസിദ്ധീകരണം ഡാർവിനെ ഒരെഴുത്തുകാരനെന്ന നിലയിൽ ജനസമ്മതനാക്കി. ദീർഘമായ ഈ യാത്രയിൽ കണ്ടുമുട്ടിയ ജീവമാതൃകകളുടേയും ജീവാശ്മങ്ങളുടേയും(fossils) ഭൂമിശാസ്ത്രപരമായ വിതരണം(geographic distribution) ഉണർത്തിയ കൗതുകം, ജീവജാലങ്ങളുടെ വർഗപരിവർത്തനത്തെക്കുറിച്ചന്വേഷിക്കാൻ ഡാർവിനെ പ്രേരിപ്പിച്ചു. ഈ അന്വേഷണമാണ് പ്രകൃതിനിർദ്ധാരണം എന്ന സിദ്ധാന്തത്തിലേക്ക് നയിച്ചത്. തന്റെ ആശയങ്ങൾ അദ്ദേഹം പല പ്രകൃതിശാസ്ത്രജ്ഞന്മാരുമായും ചർച്ച ചെയ്തിരുന്നു. പക്ഷേ, വിശദമായ ഗവേഷണത്തിന് കൂടുതൽ സമയം വേണ്ടിയിരുന്നതിനാലും ഭൗമശാസ്ത്ര പഠനങ്ങൾക്ക് കല്പിച്ച മുൻഗണന മൂലവും, പ്രകൃതിനിർദ്ധാരണസംബന്ധിയായ ഡാർവിന്റെ സിദ്ധാന്തങ്ങളുടെ പ്രസിദ്ധീകരണം വൈകി. എന്നാൽ 1858-ൽ ഡാർവിൻ തന്റെ സിദ്ധാന്തം എഴുതിക്കൊണ്ടിരിക്കുമ്പോൾ, ആൽഫ്രഡ് റസ്സൽ വാലേസ്, അതേ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രബന്ധം അദ്ദേഹത്തിന് അയച്ചുകൊടുത്തത്, ഉടൻ രണ്ടു സിദ്ധാന്തങ്ങളുടെയും ഒരുമിച്ചുള്ള പ്രസിദ്ധീകരണത്തിന് കാരണമായി.[3]
1859-ൽ, ഡാർവിന്റെ ജീവിവർഗ്ഗങ്ങളുടെ ഉല്പത്തിയുടെ പ്രസിദ്ധീകരണത്തോടെ, പൊതുവായ തുടക്കത്തിൽ നിന്നുള്ള പരിണാമം, പ്രകൃതിയിലെ വൈവിദ്ധ്യത്തിന്റെ ഏറ്റവും സ്വീകാര്യമായ ശാസ്ത്രീയ വിശദീകരണമായി അംഗീകരിക്കപ്പെട്ടു. പിന്നീട് പ്രസിദ്ധീകരിച്ച, മനുഷ്യന്റെ ഉത്ഭവവും ലൈംഗികനിർദ്ധാരണവും എന്ന കൃതിയിൽ മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കപ്പെട്ടത്. മനുഷ്യനിലേയും മൃഗങ്ങളിലേയും വികാരപ്രകടനങ്ങൾ എന്ന കൃതിയാണ് തുടർന്നു പ്രസിദ്ധീകരിച്ചത്. സസ്യങ്ങളെ സംബന്ധിച്ച് ഡാർവിൻ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങൾ പുസ്തകപരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടു. ഡാർവിന്റെ അവസാന ഗ്രന്ഥം മണ്ണിരകളെക്കുറിച്ചും മണ്ണിന്റെ രൂപവത്കരണത്തിൽ അവക്കുള്ള പങ്കിനെക്കുറിച്ചുമായിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരിൽ ഔദ്യോഗികശവസംസ്കാരം നൽകി ബഹുമാനിക്കപ്പെട്ട അഞ്ചു പേരിൽ ഒരാളായിരുന്നു ഡാർവിൻ എന്നത് അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്.[4] വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ജോൺ ഹെർഷലിനും ഐസക് ന്യൂട്ടണും സമീപത്തായാണ് അദ്ദേഹത്തെ സംസ്കരിച്ചത്.[5]
ജീവിതരേഖ
തിരുത്തുകആദ്യകാലം
തിരുത്തുകഇംഗ്ലണ്ടിലെ ഷ്രോപ്ഷയറിൽ, ഷ്രൂബറി എന്ന സ്ഥലത്തുള്ള മൗണ്ട് എന്നുപേരായ കുടുംബവീട്ടിൽ 1809 ഫെബ്രുവരി 12-ന് ഡാർവിൻ ജനിച്ചു.[6] സമ്പന്നനായ ഭിഷഗ്വരനും പണമിടപാടുകാരനുമായ റോബർട്ട് ഡാർവിന്റേയും സൂസന്നാ ഡാർവിന്റേയും ആറു മക്കളിൽ അഞ്ചാമനായിരുന്നു ചാൾസ്. വൈദ്യൻ ശാസ്ത്രജ്ഞൻ കവി എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ഇറാസ്മസ് ഡാർവിൻ ആയിരുന്നു മുത്തച്ഛൻ. അമ്മ വ്യവസായപ്രമുഖനായ ജോഷിയാ വെഡ്ജ്‌വുഡിന്റെ മകളായിരുന്നു. രണ്ടു കുടുംബങ്ങളും വ്യവസ്ഥാപിതക്രൈസ്തവസഭകളുടെ ത്രിത്വവിശ്വാസത്തെ അംഗീകരിക്കാതിരുന്ന യൂണിറ്റേറിയൻ വിശ്വാസികളായിരുന്നെങ്കിലും അമ്മയുടെ കുടുംബം ആംഗ്ലിക്കൻ വിശ്വാസത്തോടും ചായ്‌വ് കാട്ടിയിരുന്നു. സ്വകാര്യമായി സ്വതന്ത്രചിന്തകനായിരുന്ന റോബർട്ട് ഡാർവിൻ തന്നെ, നാട്ടുനടപ്പിനെ മാനിക്കാനായി ചാൾസിന് ആംഗ്ലിക്കൻ ജ്ഞാനസ്നാനം നൽകി. എന്നാൽ ചാൾസും സഹോദരങ്ങളും അമ്മയോടൊപ്പം പോയിരുന്നത് യൂണിറ്റേറിയൻ പള്ളിയിലാണ്. 1817-ൽ ചാൾസിനെ ചേർത്തത് യൂണിറ്റേറിയൻ പുരോഹിതൻ നടത്തിയിരുന്ന സ്കൂളിലുമാണ്. അതേവർഷം ജൂലൈ മാസത്തിൽ, ചാൾസിന് എട്ടുവയസ്സുള്ളപ്പോൾ, അമ്മ മരിച്ചു. 1818 സെപ്റ്റംബറിൽ, ചാൾസ്, സഹോദരൻ ഇറാസ്മസ് പഠിച്ചിരുന്ന ഷ്രൂബറിയിലെ ആംഗ്ലിക്കൻ സ്കൂളിൽ താമസിച്ചു പഠനം തുടങ്ങി.
1825-ലെ വേനൽക്കാലത്ത് ഷ്രോപ്പ്‌ഷയറിലെ പാവപ്പെട്ടവരെ ചികിത്സിക്കുന്നതിൽ പിതാവിനെ സഹായിച്ചുകൊണ്ട് ഡാർവിൻ വൈദ്യപരിശീലനം തുടങ്ങി. ആ വർഷം അവസാനം അദ്ദേഹം വൈദ്യം പഠിക്കാനായി സഹോദരൻ ഇറാസ്മസിനൊപ്പം എഡിൻബറ സർവകലാശാലയിൽ ചേർന്നു. എന്നാൽ അവിടെ ശസ്ത്രക്രിയയിൽ കണ്ട പ്രാകൃതത്ത്വം ഉണ്ടാക്കിയ അറപ്പുമൂലമാകാം, അദ്ദേഹം വൈദ്യപഠനത്തിൽ ഉപേക്ഷകാട്ടി. അക്കാലത്ത്, സ്വതന്ത്രനാക്കപ്പെട്ട കറുത്ത അടിമ ജോൺ എഡ്മൺസ്റ്റനിൽ നിന്ന് ഡാർവിൻ പക്ഷിമൃഗാദികളുടെ ചർമ്മം സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്ന 'റ്റാക്സിഡെർമി' എന്ന വിദ്യ പഠിച്ചു. തെക്കേ അമേരിക്കയിലെ മഴക്കാടുകകളെക്കുറിച്ചുള്ള ആവേശകരമായ കഥകളും എഡ്മൺസ്റ്റൻ ഡാർവിനെ പറഞ്ഞുകേൾപ്പിച്ചു. കാഴ്ചയിൽ വ്യത്യസ്തരെങ്കിലും കറുത്തവരും യൂറോപ്യന്മാരും അടുത്തബന്ധമുള്ളവരാണെന്ന് എഡ്മൺസ്റ്റനുമായുള്ള ചങ്ങാത്തം ഡാർവിനെ പഠിപ്പിച്ചു.[7]
ഏഡിൻബറയിലെ രണ്ടാം വർഷം, പ്രകൃതിശാസ്ത്രത്തിൽ താത്പര്യമുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മയായ പ്ലിനിയൻ സംഘത്തിൽ ചേർന്ന ഡാർവിൻ സ്കോട്ട്ലൻഡിലെ ഫിർത്ത് നദീമുഖത്തെ സമുദ്രജീവികളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ പ്രഖ്യാത ജീവശാസ്ത്രജ്ഞൻ ഡോക്ടർ റോബർട്ട് എഡ്മൻഡ് ഗ്രാന്റിനെ സഹായിച്ചു. 1827 മാർച്ചിൽ, ഞവിണിക്കയുടെ പുറംതോടിൽ പറ്റിച്ചേർന്ന് പലപ്പോഴും കാണാറുള്ള കറുത്ത ബീജരേണുക്കൾ(spores), സ്കേറ്റ് ഇനത്തിൽ പെട്ട കന്നട്ടയുടെ മുട്ടയാണെന്ന സ്വന്തം കണ്ടുപിടിത്തം പ്ലീനിയൻ സംഘത്തിനു മുൻപാകെ ഡാർവിൻ അവതരിപ്പിച്ചു. ജീവിതകാലത്ത് ആവിർഭവിക്കുന്ന സ്വഭാവങ്ങളിലൂടെയുള്ള ജൈവപരിണാമത്തെക്കുറിച്ചുള്ള ഷോൺ-ബറ്റീസ്റ്റെ ദെ ലാമാർക്കിന്റെ സിദ്ധാന്തത്തിന്റേയും ഡാർവിന്റെ മുത്തച്ഛനായ ഇറാസ്മസ് ഡാർവിന്റെ പരിണാമസംബന്ധിയായ ആശയങ്ങളുടേയും വക്താവായിരുന്നു ഗ്രാന്റ്. മുത്തച്ഛന്റെ സിദ്ധാന്തങ്ങൾ ഡാർവിൻ ആയിടെ വായിച്ചിരുന്നു. സങ്കീർണ്ണതയിൽ മാത്രം വ്യത്യാസമുള്ള ഒരേതരം അവയവങ്ങൾ പങ്കിടുന്നവയാണ് എല്ലാ ജന്തുക്കളുമെന്നും, അത് പൊതുപൈതൃകത്തിന്റെ സൂചനയാണെന്നും ഗ്രാന്റ് വിശ്വസിച്ചിരുന്നു.
ഇതിനൊപ്പം ഡാർവിൻ, റോബർട്ട് ജെയിംസണ്ണിന്റെ പ്രകൃതിചരിത്രപരിശീലനപരിപാടിയിൽ ചേർന്ന് ഭൗമശാസ്ത്രം പഠിക്കുവാൻ തുടങ്ങി. ഭൂതലത്തിലെ പാറകളുടെ ഉത്ഭവത്തിനുപിന്നിൽ മഹാപ്രളയമോ അഗ്നിപർവതപ്രവർത്തനമോ എന്ന 'നെപ്ട്യൂണിസവും' 'പ്ലൂട്ടോണിസവും' തമ്മിലുള്ള തർക്കവും ആ പരിശീലനത്തിന്റെ പാഠ്യപദ്ധതിയിൽ പെട്ടിരുന്നു. സസ്യജാലങ്ങളുടെ വർഗ്ഗീകരണത്തിലും ഡാർവിന് പരിശീലനം കിട്ടി. എഡിൻബറ സർവകലാശാലയുടെ കാഴ്ചബംഗ്ലാവ് യൂറോപ്പിലെ ഏറ്റവും മികച്ചവയിൽ ഒന്നായിരുന്നു. അവിടേക്ക് വേണ്ട വസ്തുക്കളുടെ ശേഖരണത്തിലും ഡാർവിൻ പങ്കെടുത്തു.[8]
മകൻ പഠനത്തിൽ മോശമാവുന്നതിൽ ഉത്‍കണ്ഠാകുലനായ ഡാർവിന്റെ പിതാവ്, കേംബ്രിഡ്ജിലെ ക്രൈസ്റ്റ് കോളജിൽ ബാച്ചിലർ ഓഫ് ആർട്ട്‌സ് ബിരുദത്തിനുള്ള പരിശീലനത്തിന് ഡാർവിനെ ചേർക്കാൻ സൂത്രത്തിൽ ഏർപ്പാടാക്കി. മകന് ആംഗ്ലിക്കൻ പാതിരിയാകാൻ ഇത് വഴിതെളിക്കുമെന്നും അതുവഴി നല്ല വരുമാനം ഉറപ്പാകുമെന്നുമാണ് അദ്ദേഹം പ്രതീക്ഷിച്ചത്.[9] എന്നാൽ പഠനത്തേക്കാൾ ഡാർവിൻ താല്പര്യം കാട്ടിയത് കുതിരസവാരിയിലും വെടിവെപ്പിലും ആയിരുന്നു.[10] വണ്ടുകളെ മത്സരിച്ച് ശേഖരിക്കുകയെന്നത് അക്കാലത്ത് പലരുടേയും ഒരു ഹരമായിരുന്നു. ബന്ധുവായ വില്യം ഡാർവിൻ ഫോക്സിനൊപ്പം ഡാർവിനും അതിലേർപ്പെട്ടു. ഡാർവിന്റെ ചില കണ്ടെത്തലുകൾ സ്റ്റീവൻസിന്സ് പ്രസിദ്ധീകരിച്ച ബ്രിട്ടണിലെ ഷഡ്പദങ്ങളുടെ ചിത്രശേഖരത്തിൽ ഇടംകണ്ടു. ഡാർവിൻ, സസ്യാശാസ്ത്രാദ്ധ്യാപകനായിരുന്ന ജോൺ സ്റ്റീവൻസ് ഹെൻസ്ലോയുടെ അടുത്ത സുഹൃത്തും അനുയായിയുമായി. ശാസ്ത്രാന്വേഷണത്തെ ധർമ്മോപാസനയായി കണ്ട പല പ്രകൃതിവിജ്ഞാനികളേയും കണ്ടുമുട്ടാൻ ഇത് അദ്ദേഹത്തിന് അവസരം നൽകി. ഹെൻസ്ലോയുടെ സസ്യാശാസ്ത്രപരിശീലന പരിപാടിയിൽ കാട്ടിയ താത്പര്യം, ഡാർവിന് "ഹെൻസ്ലോയുടെ സഹയാത്രി" എന്ന പേര് നേടിക്കൊടുത്തു.[11] പരീക്ഷയുടെ സമയമായപ്പോൾ ഡാർവിൻ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഹെൻസ്ലോയുടെ പ്രത്യേക സഹായം അദ്ദേഹത്തിനു കിട്ടി. ഈ പഠനത്തിനിടയിൽ, "ക്രിസ്തുമതത്തിലെ സത്യത്തിന് തെളിവായി", ജീവപ്രകൃതിയിൽ ദൈവികസംവിധാനമുണ്ടെന്നും [12] ജീവജാലങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾക്ക് പിന്നിൽ ദൈവ നിയമങ്ങളാണെന്നും വാദിച്ച വില്യം പാലിയുടെ രചനകളിലെ ഭാഷയും യുക്തിയും ഡാർവിനെ പ്രത്യേകം ആകർഷിച്ചു. ജനുവരി 1831-ൽ നടന്ന അവസാന പരീക്ഷയിൽ ഡാർവിന് ക്ലാസ്സിക്കുകൾ, ഗണിതം, ഭൗതികശാസ്ത്രം എന്നിവയിൽ കഷ്ടിച്ചു ജയിക്കാനേ കഴിഞ്ഞുള്ളുവെങ്കിലും ദൈവശാസ്ത്രത്തിൽ നല്ല മാർക്കുകിട്ടി. പൊതുവിൽ, ജയിച്ച 178 വിദ്യാർത്ഥികളിൽ പത്താമതായിരുന്നു അദ്ദേഹത്തിന്റെ നില.[13]
കോളജിലെ റെസിഡൻസി സംബന്ധമായ നിയമങ്ങൾ മൂലം ഡാർവിന് കൂറേമാസങ്ങൾ കൂടി കേംബ്രിഡ്ജിൽ താമസിക്കാതെ നിവൃത്തിയില്ലായിരുന്നു. ഹെൻസ്ലോയുടെ മാതൃകയും ഉപദേശവും പിന്തുടർന്ന ഡാർവിൻ പാതിരി സ്ഥാനത്തേക്ക് പ്രവേശിക്കുവാൻ ഒട്ടും തിടുക്കം കാട്ടിയില്ല. ജർമ്മൻ പ്രകൃതിശാസ്ത്രജ്ഞനും സഞ്ചാരിയുമായ അലക്സാണ്ഡർ വോൺ ഹംബോൾട്ടിന്റെ യാത്രാവിവരണത്തിന്റെ ആകർഷണത്തിൽ വന്ന ഡാർവിൻ, പഠനം പൂർത്തിയാക്കിയ ശേഷം, ഉഷ്ണമേഖലയുടെ പ്രകൃതിചരിത്രം മനസ്സിലാക്കാനായി, കുറേ സഹപാഠികളോടൊത്ത് ടെനറിഫ് ദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചു. ഇതിനുള്ള തയ്യാറെടുപ്പിനായി അദ്ദേഹം, പ്രഖ്യാത ഭൗമശാസ്ത്രജ്ഞനായ ആദം സെഡ്ജ്വിക്കിന്റെ പഠനപരിപാടിയിൽ ചേരുകയും വേനൽക്കാലത്ത്, വെയിൽസിലെ പാറകളുടെ വിശദമായ പഠനത്തിൽ അദ്ദേഹത്തിന്റെ സഹായകനാവുകയും ചെയ്തു.
ബീഗിളിന്റെ യാത്ര
തിരുത്തുകആ യാത്ര അഞ്ചുവർഷം നീണ്ടു. കപ്പിത്താൻ ഉദ്ദേശിച്ചതുപോലെ, ആ സമയത്തിലേറെയും ഭൗമശാസ്ത്ര സംബന്ധിയായ അന്വേഷണങ്ങളും, ജീവമാതൃകകളുടെ ശേഖരണവുമായി ഡാർവിൻ കരയിലാണ് കഴിച്ചത്. മറ്റുള്ളവർ, കപ്പലിൽ തീരപ്രദേശത്തിന്റെ പഠനത്തിൽ മുഴുകി.[1][14] തന്റെ നിരീക്ഷണങ്ങളും തത്ത്വവിചാരങ്ങളും ഡാർവിൻ ശ്രദ്ധാപൂർവം കുറിച്ചുവച്ചു. യാത്രയിലെ ഇടവേളകളിൽ, ശേഖരിച്ച മാതൃകകൾ കത്തിനൊപ്പം കേംബ്രിഡ്ജിലേക്കയച്ചിരുന്നു. കുറിപ്പുകളുടെ ഒരു പകർപ്പ് ഡാർവിൻ തന്റെ കുടുംബത്തിനും അയച്ചുകൊടുക്കുമായിരുന്നു.[15] ഭൗമശാസ്ത്രം, വണ്ടുകൾ, നട്ടെല്ലില്ലാത്ത അകശേരുകികൾ എന്നിവയൊഴിച്ചുള്ള വിഷയങ്ങളിൽ ഒരു തുടക്കക്കാരൻ മാത്രമായിരുന്ന ഡാർവിൻ, വിദഗ്ദ്ധന്മാരുടെ വിശകലനത്തിനായി ശ്രദ്ധാപൂർവം മാതൃകകൾ ശേഖരിക്കുകയാണ് ചെയ്തത്.[16] യാത്രക്കിടെ തുടർച്ചയായി കടൽച്ചൊരുക്കനുഭവപ്പെട്ടിരുന്നെങ്കിലും[17] ഡാർവിന്റെ ജന്തുശാസ്ത്രസംബന്ധിയായ കുറിപ്പുകളധികവും അദ്ദേഹം കീറിമുറിച്ച് പരിശോധിച്ച കടൽജന്തുക്കളെക്കുറിച്ചാണ്. അവയുടെ തുടക്കം കടലിലെ പ്രശാന്തതക്കിടെ ശേഖരിച്ച പ്ലവജന്തുക്കളിലാണ്(Planktons).
ആദ്യം കപ്പൽ കരയ്ക്കടുത്ത സെയിന്റ് ജാഗോയിൽ ഒരു കാര്യം ഡാർവിന്റെ ശ്രദ്ധയിൽ പെട്ടു . അവിടെ അഗ്നിപർവതസ്ഫോടനത്തിൽ നിന്നുണ്ടായ കൂറ്റൻ പാറകളുടെ ഉച്ചിയിലെ വെളുപ്പിൽ കടൽചിപ്പികൾ ഉണ്ടായിരുന്നു. ചാൾസ് ലില്ലിന്റെ ഭൗമശാസ്ത്രത്ത്വങ്ങൾ (Principles of Geology)എന്ന പുസ്തകത്തിന്റെ ഒന്നാം വാല്യം ഫിറ്റ്സ്റോയ് ഡാർവിന് കൊടുത്തിരുന്നു. പ്രപഞ്ചത്തിന്റെ ഉല്പത്തിയിലേക്കു നയിച്ച പ്രതിഭാസങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുവെന്ന സിദ്ധാന്തമായിരുന്നു(uniformitarianism) ആ ഗ്രന്ഥം ആവിഷ്കരിച്ച തത്ത്വങ്ങൾക്കു പിന്നിൽ. സെയിന്റ് ജാഗോയിലെ നിരീക്ഷണം, ദീർഘമായ കാലയളവുകളിൽ ഭൂഭാഗങ്ങൾ കടലിനടിയിൽ താഴുകയും വീണ്ടും പൊന്തിവരുകയും ചെയ്തുകൊണ്ടിരിക്കുമെന്ന ലില്ലിന്റെ വാദം മനസ്സിലാക്കാൻ ഡാർവിനെ സഹായിച്ചു.[ഖ] ഭൗമശാസ്ത്രത്തെക്കുറിച്ച് ഒരു ഗ്രന്ഥം എഴുതുന്ന കാര്യവും അദ്ദേഹത്തിന്റെ പരിഗണനയിൽ വന്നു.[18] ബ്രസീലിലെ മഴക്കാടുകൾ ഡാർവിനെ ആഹ്ലാദഭരിതനാക്കി.[19] എന്നാൽ അവിടെ നിലവിലിരുന്ന അടിമവ്യവസ്ഥ അദ്ദേഹത്തിൽ വെറുപ്പുണർത്തി.[20]
തെക്കേ അമേരിക്കയുടെ തെക്കൻ ഭാഗമായ പറ്റഗോണിയയിലെ പണ്ടാ ആൾട്ടയിലെ കുന്നുകളിൽ, ഏറെ കാലപ്പഴക്കമില്ലാത്ത കടൽചിപ്പികളുമായി ചേർന്ന്, സമീപകാലത്ത് വംശനാശം വന്ന കൂറ്റൻ സസ്തനികളുടെ ജീവാശ്മങ്ങളുടെ ഒരു വലിയ ശേഖരം അദ്ദേഹം കണ്ടെത്തി. ആ ജന്തുക്കളുടെ വംശനാശത്തിനുപിന്നിൽ, കാലാവസ്ഥയിലെ വ്യതിയാനങ്ങളോ പ്രകൃതിക്ഷോഭമോ ആയിരുന്നു എന്നതിന് സൂചന കണ്ടതുമില്ല. അവിടങ്ങളിൽ കാണപ്പെട്ടിരുന്ന അർമഡില്ലോയുടെ പുറംചട്ടയുടെ വലിയ പതിപ്പുപോലെ തോന്നിച്ച ഉറച്ച പുറംചട്ടയോടുകുടിയ മെഗാത്തീരിയം എന്ന സസ്തനിയുടെ ജീവാശ്മങ്ങളായിരുന്നു ഡാർവിൻ കണ്ടെത്തിയത്. ആ കണ്ടെത്തൽ ഇംഗ്ലണ്ടിൽ വലിയ കൗതുകമുണർത്തി.[21] ഗൗച്ചോ വർഗ്ഗത്തിൽ പെട്ട നാട്ടുകാരുടെ സഹായത്തോടെ, ഭൗമശാസ്ത്രപര്യവേഷണത്തിനും ജീവാശ്മശേഖരണത്തിനുമായി ഉൾപ്രദേശങ്ങളിലേക്ക് നടത്തിയ യാത്രകൾ, ഡാർവിന് തദ്ദേശീയരും യൂറോപ്യന്മാരുമായ അവിടത്തെ നിവാസികളുടെ സാമൂഹ്യവും, രാഷ്ട്രീയവും, നരവംശശാസ്ത്രപരവുമായ പശ്ചാത്തലത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകി. അവിടെ കാണപ്പെട്ടിരുന്ന കൂറ്റൻ റിയ പക്ഷിയുടെ രണ്ടു ജാതികൾ, ഓരോന്നിനും തനതായ വ്യത്യസ്ത ഭൂപ്രദേശങ്ങളിലാണ് കാണപ്പെടുന്നതെന്ന കണ്ടെത്തൽ ഡാർവിൻ നടത്തിയത് ഇതിനിടെയാണ്. അതിരുകളിൽ പരസ്പരം കടന്നുകയറിനിന്നവയായിരുന്നു ആ മേഖലകൾ എന്നും അദ്ദേഹം മനസ്സിലാക്കി.[15][22] പിന്നെയും തെക്കോട്ടുചെന്നപ്പോൾ കണ്ട, തട്ടുകളായി തിരിഞ്ഞതും ഉരുളൻ കല്ലുകളും ചിപ്പികളും നിറഞ്ഞവയുമായ സമതലങ്ങളെ, സമുദ്രനിരപ്പ് താണതിന്റെ ഫലമായി ഉയർത്തപ്പെട്ട കടൽത്തീരങ്ങളായി(raised beaches) അദ്ദേഹം തിരിച്ചറിഞ്ഞു. ലില്ലിന്റെ ഭൗമശാസ്ത്രതത്ത്വങ്ങളുടെ രണ്ടാം വാല്യവും ഡാർവിൻ വായിച്ചു. ജീവിവർഗ്ഗങ്ങളുടെ 'സൃഷ്ടികേന്ദ്രങ്ങൾ' എന്ന അതിലെ ആശയം അദ്ദേഹത്തിന് സ്വീകാര്യമായി. എന്നാൽ, വർഗ്ഗങ്ങളുടെ നിലനില്പ്പും ഇല്ലാതാകലും അനായാസമായ പ്രക്രിയയാണെന്ന ലില്ലിന്റെ നിലപാടുമായി ചേർന്നുപോകുന്നവയായിരുന്നില്ല ഡാർവിന്റെ കണ്ടുപിടിത്തങ്ങളും സിദ്ധാന്തങ്ങളും.[23][24]
ബീഗിളിലെ പര്യവേഷകർ കപ്പലിന്റെ മുൻയാത്രയിൽ, തെക്കേ അമേരിക്കയുടെ തെക്കേയറ്റത്തുള്ള തിയെരാ ദെൽ ഫ്വേഗോ ദ്വീപിലെ നിവാസികളിൽ മൂന്നുപേരെ പിടികൂടി ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയിരുന്നു. വേദപ്രചാരകന്മാരായി പരിശീലനം നൽകപ്പെട്ട് ഈ യാത്രയിൽ മടക്കി കൊണ്ടുപോയ അവരെ ദ്വീപിൽ തിരികെ ആക്കി. അവർ മൂന്നുപേരും സുഹൃദ്ഭാവവും സംസ്കാരവുമുള്ളവരുമെന്ന് ഡാർവിന് തോന്നി. എന്നാൽ ദ്വീപിൽ കണ്ട അവരുടെ ബന്ധുക്കൾ, അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ, ഹീനവും പരിതാപകരവുമായ അവസ്ഥയിലുള്ള കാടന്മാരായിരുന്നു. രണ്ടുകൂട്ടരും തമ്മിലുള്ള വ്യത്യാസം, വന്യമൃഗങ്ങൾക്കും വളർത്തുമൃഗങ്ങൾക്കുമിടയിലുള്ളതിന് സമാനമായി അദ്ദേഹത്തിന് അനുഭവപ്പെട്ടു.[25] എന്നാൽ ഈ വ്യത്യാസത്തിന്റെ കാരണങ്ങൾ വംശീയമെന്നതിന് പകരം സാംസ്കാരികമാണെന്ന് ഡാർവിൻ മനസ്സിലാക്കി. മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിൽ ചിന്തയിലൊതുങ്ങാത്ത വ്യത്യാസമുണ്ടെന്ന ശാസ്ത്രലോകത്തിലെ തന്റെ സുഹൃത്തുക്കളുടെ നിലപാട് തെറ്റാണെന്ന് ഡാർവിൻ തീരുമാനിച്ചു.[26] ഏതായാലും ഒരുവർഷത്തിനകം വേദപ്രചാരണദൗത്യം ഉപേക്ഷിക്കേണ്ടിവന്നു. ജെമ്മി ബട്ടൻ എന്ന് അവർ പേരിട്ട ഫ്വേഗോക്കാരൻ സ്വജാതിയിൽ നിന്ന് വിവാഹം കഴിച്ച്, അന്നാട്ടുകാരായ മറ്റുള്ളവരെപ്പോലെ ജീവിക്കാൻ തുടങ്ങി. ഇംഗ്ലണ്ടിലേക്ക് മടങ്ങാൻ അയാൾക്ക് ഒട്ടും ആഗ്രഹമില്ലായിരുന്നു.[27]
ചിലിയിൽ ഡാർവിൻ ഒരു ഭൂകമ്പത്തിന് സാക്ഷിയായി. ഭൂകമ്പം അവിടെ ഭൂതലനിരപ്പിനെ ഉയർത്തിയെന്നും കടലിനടിയിലായിരുന്ന ചിപ്പിപ്പുറ്റുകളെ (Mussel beds) വേലിയേറ്റത്തിനും മുകളിലാക്കിയെന്നും ഡാർവിൻ മനസ്സിലാക്കി. ആൻഡീസ് മലനിരകൾക്കുമുകളിൽ അദ്ദേഹം കടൽചിപ്പികളും കടൽത്തീരത്തുവളരുന്നതരം വൃക്ഷങ്ങളുടെ ജീവാശ്മങ്ങളും കണ്ടെത്തി. കര ഉയരുമ്പോൾ ചുറ്റുമുള്ള കടലിലെ ദ്വീപുകൾ താഴുകയും അവക്കുചുറ്റും പവിഴപ്പുറ്റുകൾ ഉയർന്ന് കടല്പ്പൊയ്കകൾ (atolls) രൂപപ്പെടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അനുമാനിച്ചു.[28][29]
തെക്കേ അമേരിക്കയുടെ സമീപത്തുള്ള ഗാലപ്പാഗോസ് ദ്വീപുകൾ ഒരോന്നിലുമുള്ള പരിഹാസിപ്പക്ഷികൾ ഓരോ തരമാണെന്ന്(Mocking bird) ഡാർവിൻ മനസ്സിലാക്കി.[22] അവിടെ താമസിച്ചിരുന്ന സ്പെയിൻ സ്വദേശികൾക്ക്, ആമകളെ കണ്ടാൽ ഓരോന്നും ഏതു ദ്വീപിൽ നിന്നുള്ളവയാണെന്ന് തിരിച്ചറിയാനാകുമായിരുന്നു.[30] ആസ്ത്രേലിയയിലെ സഞ്ചിമൃഗമായ കങ്കാരുവിന്റേയും പ്ലാറ്റിപ്പസിന്റേയും അസാധാരണത്ത്വം കണ്ട ഡാർവിൻ, അവയുടെ രൂപകല്പന മറ്റൊരു സൃഷ്ടികർത്താവാണോ നടത്തിയതെന്ന് അത്ഭുതപ്പെട്ടു.[31] അവിടത്തെ ആദിവാസികൾ സൗഹൃദസമ്പന്നരും ജീവിതപ്രേമികളുമാണെന്ന് അദ്ദേഹത്തിന് തോന്നി. യൂറോപ്യൻ കുടിയേറ്റത്തിന്റെ ഫലമായി അവരുടെ സംഖ്യ കുറയുന്നത് ഡാർവിന്റെ ശ്രദ്ധയില്പെട്ടു.[32] കോക്കോസ് ദ്വീപുകളിലെ കടല്പ്പൊയ്കകളുടെ രൂപവത്കരണത്തെക്കറിച്ചും ബീഗിൾ പഠിച്ചു. ആ പഠനത്തിന്റെ കണ്ടെത്തലുകൾ, കടല്പ്പൊയ്കകളുടെ രൂപവത്കരണത്തെക്കുറിച്ചുള്ള ഡാർവിന്റെ അനുമാനങ്ങളെ പിന്തുണക്കുന്നവയായിരുന്നു.[29] ഡാർവിന്റെ കുറിപ്പുകൾ കണ്ട കപ്പിത്താൻ ഫിറ്റ്സ്റോയ്, ബീഗിളിന്റെ യാത്രയെപ്പറ്റി തനിക്കെഴുതേണ്ടിയിരുന്ന ഔദ്യോഗികവിവരണത്തിൽ അതും ഉൾപ്പെടുത്താമെന്ന് നിർദ്ദേശിച്ചു.[33] ഒടുവിൽ, ആ കുറിപ്പുകൾ, ഔദ്യോഗിക വിവരണത്തിന്റെ പ്രകൃതിശാസ്ത്രസംബന്ധിയായ മൂന്നാം ഭാഗമായി.[34]
ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിൽ ഡാർവിനും ഫിറ്റ്സ്റോയിയും പ്രഖ്യാത ശാസ്ത്രജ്ഞനായ ജോൺ ഹെർഷലിനെ കണ്ടു. അതിനടുത്ത കാലത്ത് ഹെർഷൽ, "രഹസ്യങ്ങളുടെ രഹസ്യമായ" വംശോല്പത്തിയെപ്പറ്റി ലില്ലിന് എഴുതിയിരുന്നു.[35] ഗാലപ്പാഗോസ് ദ്വീപുകളിലെ പരിഹാസിപ്പക്ഷികളേയും ആമകളെയും ഫാക്ക്‌ലാണ്ട് ദ്വീപിലെ കുറുക്കന്മാരെയും പറ്റിയുള്ള തന്റെ വലിയ സന്ദേഹങ്ങൾ അടിസ്ഥാനമുള്ളവയെങ്കിൽ "അവ ജീവിവർഗ്ഗങ്ങളുടെ സ്ഥിരതയെ തുരങ്കം വയ്ക്കും" എന്ന്, കപ്പലിന്റെ മടക്കയാത്രയിൽ തന്റെ കുറിപ്പുകൾ ക്രമീകരിക്കുന്നതിനിടെ ഡാർവിൻ എഴുതി. "തുരങ്കം വക്കും" എന്ന് ആദ്യം എഴുതിയത് പിന്നെ തിരുത്തി "തുരങ്കം വച്ചേക്കാം" എന്നാക്കി.[36] ഈ വസ്തുതകൾ ജീവിവർഗ്ഗങ്ങളുടെ ഉല്പത്തിയിലേക്ക് വെളിച്ചം വീശുന്നതായി എനിക്കു തോന്നുന്നു" എന്നും അദ്ദേഹം തുടർന്ന് എഴുതി.[37]
പരിണാമ സിദ്ധാന്തത്തിന്റെ തുടക്കം
തിരുത്തുകബീഗിൾ യാത്രയിലായിരിക്കെത്തന്നെ, ഡാർവിന്റെ ഗുരു ഹെൻസ്ലോ, ശിഷ്യൻ ശേഖരിച്ചയച്ചിരുന്ന ജീവാശ്മമാതൃകകളും ഭൗമശാസ്ത്രസംബന്ധിയായ നിരീക്ഷണങ്ങളടങ്ങുന്ന കത്തുകളിലെ വിവരങ്ങൾ ചേർത്ത ഒരു ലഘുലേഖയും ഒരു കൂട്ടം പ്രകൃതിശാസ്ത്രജ്ഞന്മാരെ കാണിച്ചത് ശിഷ്യന്റെ പ്രശസ്തി വർദ്ധിപ്പിച്ചു.[38] 1836 ഒക്ടോബർ 2-ന് ബീഗിൾ തിരിച്ചെത്തിയപ്പോൾ ഡാർവിന് ശാസ്ത്രലോകത്ത് താരപരിവേഷം കിട്ടിയിരുന്നു. ഷ്രൂസ്ബറിയിലെ ബന്ധുക്കളെ സന്ദർശിച്ചശേഷം ഡാർവിൻ കേംബ്രിഡ്ജിലെത്തി ഹെൻസ്ലോയെ കണ്ടു. ശേഖരിച്ചുകൊണ്ടുവന്ന മാതൃകകൾ തരംതിരിച്ചെടുക്കാൻ കഴിവുള്ള ജീവശാസ്ത്രം ജീവശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ ഹെൻസ്ലോ ഡാർവിനെ ഉപദേശിച്ചു. സസ്യമാതൃകകളുടെ ചുമതല ഹെൻസ്ലോ സ്വയം ഏറ്റെടുത്തു. ഡാർവിന്റെ പിതാവ്, മകന് സാമ്പത്തിക സുരക്ഷയിൽ ശാസ്ത്രാന്വേഷണം തുടരാൻ വേണ്ട ധനസഹായം ഉറപ്പാക്കി. ഡാർവിൻ, അനുമോദനങ്ങൾ ഏറ്റുവാങ്ങിയും ശേഖരിച്ച മാതൃകകളുടെ വിദഗ്ദ്ധപഠനത്തിന് സഹായം തേടിയും ലണ്ടണിലെ സ്ഥാപനങ്ങൾ കയറിയിറങ്ങി. ജന്തുശാസ്ത്ര മാതൃകകളുടെ പഠനത്തിൽ പുരോഗതി കുറവായിരുന്നു. അവ നിരുപയുക്തമായി നശിച്ചുപോകാൻ പോലും സാധ്യത കണ്ടു.[39]
ഡാർവിനെ കാണാൻ താത്പര്യപ്പെട്ടിരുന്ന ചാൾസ് ലിൽ ആദ്യമായി അദ്ദേഹത്തെ കണ്ടത് 1836 ഒക്ടോബർ 29-നാണ്. പ്രശസ്തിയിലേക്കുയർന്നുകൊണ്ടിരുന്ന ശരീരഘടനാശാസ്ത്രജ്ഞൻ(anatomist) റിച്ചാർഡ് ഓവനെ, ലിൽ ഡാർവിന് പരിചയപ്പെടുത്തി. ഡാർവിന്റെ ശേഖരത്തിലുണ്ടായിരുന്ന ജീവാശ്മ അസ്ഥികളെ വിശകലനം ചെയ്യാനുള്ള സൗകര്യം ഓവന്റെ സ്ഥാപനമായ ശസ്ത്രക്രിയാവിദഗ്ദ്ധന്മാരുടെ രജകീയ കലാലയത്തിൽ (Royal College of Surgeons) ഉണ്ടായിരുന്നു. ഓവന്റെ പഠനങ്ങളുടെ അതിശയകരമായ നിഗമനങ്ങൾ തേവാങ്കുവർഗ്ഗത്തിൽ(sloth) പെട്ട പല ജീവികളിലേക്കും വിരൽചൂണ്ടി. നേരത്തേ കേട്ടിട്ടില്ലായിരുന്ന സ്കെലിഡോത്തീരിയത്തിന്റെ മിക്കവാറും മുഴുവനായ ഒരസ്ഥികൂടം, നീർക്കുതിരയുടെ വലിപ്പവും കരണ്ടുതിന്നുന്ന ജീവികളുടെ സ്വഭാവവുമായി, ഭീമൻ കാപ്പിബരായെപ്പോലുള്ള ടോക്സോഡൺ എന്ന ജന്തുവിന്റെ തലയോട്, ഒരു കൂറ്റൻ ആർമഡില്ലോയുടെ പുറം ചട്ടയുടെ ഭാഗങ്ങൾ തുടങ്ങിയവ ഡാർവിൻ ശേഖരിച്ചുകൊണ്ടുവന്ന ജീവാശ്മമാതൃകകളിൽ ചിലതായിരുന്നു.[40] ഉന്മൂലനാശം സംഭവിച്ചിരുന്ന ഈ ജീവിവർഗ്ഗങ്ങൾ അപ്പോൾ തെക്കേ അമേരിക്കയിലുണ്ടായിരുന്നവയോട് അടുത്തബന്ധമുള്ളവയായിരുന്നു.[41]
ഡിസംബർ മദ്ധ്യത്തോടെ താൻ ശേഖരിച്ചുകൊണ്ടുവന്ന മാതൃകകളുടെ ക്രമീകരണത്തിനും കുറിപ്പുകളുടെ തിരുത്തിയെഴുതലിനുമായി ഡാർവിൻ കേംബ്രിഡ്ജിലേക്ക് പോയി.[42] തന്റെ ആദ്യ പ്രബന്ധത്തിൽ അദ്ദേഹം, തെക്കേ അമേരിക്കൻ ഭൂഖണ്ഡം ക്രമേണ ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് വാദിച്ചു. 1837 ജനുവരി 4-ന്, ലില്ലിന്റെ പൂർണ്ണ പിന്തുണയോടെ അദ്ദേഹം ആ പ്രബന്ധം ലണ്ടൻ ഭൂമിശാസ്ത്രസഭക്കു മുൻപിൽ അവതരിപ്പിച്ചു. അതേ ദിവസം തന്നെ, താൻ ശേഖരിച്ചുകൊണ്ടുവന്ന സസ്തനി, പക്ഷി ജൈവമാതൃകകൾ അദ്ദേഹം ജന്തുശാസ്ത്രസഭക്കു മുൻപാകെയും അവതരിപ്പിച്ചു. ഗാലപ്പാഗോസിലെ കറുത്ത പക്ഷി(black bird) , പെരും ചുണ്ടൻ(gros beak), ഫിഞ്ച് (finch) മുതലായ വ്യത്യസ്ത ജനുസ്സിൽ പെട്ടവയായി ഡാർവിൻ കരുതിയ പക്ഷികളെല്ലാം ഫിഞ്ചിന്റെ തന്നെ ജനുസ്സിലെ പന്ത്രണ്ട് വംശഭേദങ്ങളാണെന്ന് പ്രസിദ്ധ പക്ഷി ശാസ്ത്രജ്ഞനായ ജോൺ ഗൗൾഡ് തിരിച്ചറിഞ്ഞു. 1837 ഫെബ്രുവരി 17-ന് ഡാർവിൻ ഭൂമിശാസ്ത്രസഭയുടെ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അദ്ധ്യക്ഷപ്രസംഗത്തിൽ ഡാർവിന്റെ ശേഖരത്തിലെ ജീവാശ്മങ്ങളെക്കുറിച്ചുള്ള ഓവന്റെ നിഗമനങ്ങൾ സഭക്കു മുൻപാകെ അവതരിപ്പിച്ച ലിൽ, വംശങ്ങളുടെ ഭൂമിശാസ്ത്രപരമായ തുടർച്ച (geographical continuity of species) വ്യക്തമാക്കുന്ന ആ നിഗമനങ്ങൾ, പ്രകൃതിപ്രതിഭാസങ്ങളുടെ നൈരന്തര്യത്തെക്കുറിച്ചുള്ള തന്റെ സിദ്ധാന്തങ്ങളെ (uniformitarinism) പിന്തുണക്കുന്നതായി വാദിച്ചു.[43]
തന്റെ കർമ്മരംഗത്തിനടുത്തായിരിക്കാനായി, ഡാർവിൻ 1837 മാർച്ച് 6-ന് ലണ്ടനിലേക്ക് താമസം മാറ്റി. അവിടെ ചാൾസ് ബാബേജിനേയും മറ്റും പോലുള്ള ശാസ്ത്രജ്ഞന്മാരുടേയും ചിന്തകന്മാരുടേയും സാമൂഹ്യകൂട്ടായ്മയിൽ അദ്ദേഹവും പങ്കാളിയായി. ദൈവം ജീവനെ സംവിധാനം ചെയ്തത് വ്യതിരിക്തമായ അത്ഭുത സൃഷ്ടികളിലൂടെയല്ല പ്രകൃതിനിയമങ്ങളിലൂടെയാണെന്ന് ബാബേജ് വാദിച്ചിരുന്നു. സ്വതന്ത്രചിന്തകനായ തന്റെ സഹോദരൻ ഇറാസ്മസിനടുത്താണ് ഡാർവിൻ താമസിച്ചിരുന്നത്. വിഗ് കക്ഷിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇറാസ്മസിന്റെ ഉറ്റ സുഹൃത്തുക്കളിലൊരാൾ തോമസ് മാൽത്തൂസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുൻകൈയ്യെടുത്തിരുന്ന ഹാരിയറ്റ് മാർട്ടിന്യൂ എന്ന എഴുത്തുകാരനായിരുന്നു. ഭക്ഷണലഭ്യതയെക്കവിഞ്ഞ് ദരിദ്രജനങ്ങൾ പെറ്റുപെരുകുന്നത് തടയാനായി ദരിദ്രജനനിയമങ്ങൾ (Poor Law)പൊളിച്ചെഴുതാനുള്ള വിഗ് കക്‌ഷിയുടെ നിർദ്ദേശത്തിനു പിന്നിൽ മാൽത്തൂസിന്റെ ആശയങ്ങളായിരുന്നു. പുതിയ വംശങ്ങളുടെ ഉല്പത്തി "രഹസ്യങ്ങളുടെ രഹസ്യം" ആണെന്ന ജോൺ ഹെർഷലിന്റെ ആശയം പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വംശങ്ങൾ പുതുതായി കിട്ടിയ സ്വഭാവങ്ങളിലൂടെ ജീവിതകാലത്തുതന്നെ പരിവർത്തിതമാകുന്നുവെന്ന എന്ന ആശയത്തെ വൈദ്യശാസ്ത്രരംഗത്തെ പലരും പിന്തുണച്ചു. എന്നാൽ ഡാർവിന്റെ സുഹൃത്തുക്കളായിരുന്ന ശാസ്ത്രജ്ഞന്മാർ അതിനെ അനുചിതവും സമൂഹസ്ഥിരതയെ അട്ടിമറിച്ചേക്കാവുന്നതുമായ ആശയമായി കരുതി തള്ളി.[44]
ഗാലപ്പാഗോസിലെ വ്യത്യസ്ത ദ്വീപുകളിൽ നിന്നുള്ള പരിഹാസിപ്പക്ഷികൾ ഒരേവംശത്തിന്റെ വകഭേദങ്ങളല്ല, വ്യത്യസ്തവംശങ്ങളിൽ പെടുന്നവയാണെന്നും കുരുവികൾ ഫിഞ്ചുകളുടെ മറ്റൊരു വംശമാണെന്നും ഗൗൾഡ് തിരിച്ചറിഞ്ഞു. തന്റെ ശേഖരത്തിലെ ഫിഞ്ച് മാതൃകകളെ ഡാർവിൻ ദ്വീപുകൾ തിരിച്ച് ലേബൽ ചെയ്തിരുന്നില്ല. എന്നാൽ ഫിറ്റ്സ്റോയ് ഉൾപ്പെടെയുള്ള ബീഗിളിലെ മറ്റു യാത്രക്കാരുടെ കുറിപ്പുകളിൽ നിന്ന് ഓരോ വംശവും വ്യത്യസ്ത ദ്വീപുകളിൽ നിന്നുള്ളവയാണെന്ന് വ്യക്തമായി. ഗാലപ്പാഗോസിൽ കണ്ട ആമകൾ അവിടെ ഉൽഭവിച്ചവയാണെന്ന് ജന്തുശാസ്ത്രജ്ഞനായ തോമസ് ബെൽ തെളിയിച്ചു.[45] മാർച്ച് പകുതിയായപ്പോൾ, ജീവിച്ചിരിക്കുന്നവയും വംശനാശം വന്നവയുമായ ജീവികളുടെ ഭൂമിശാസ്ത്രപരമായ വിതരണത്തെ സംബന്ധിച്ച് തന്റെ ചുവന്ന നോട്ടുപുസ്തകത്തിൽ എഴുതിയ കുറിപ്പുകളിൽ, "ഒരു വംശം മറ്റൊന്നായി മാറുന്നതിനുള്ള സാധ്യത" ഡാർവിൻ പരാമർശിക്കുന്നുണ്ട്.[46] ജൂലൈ പകുതിയോടെ 'ബി' നോട്ടുപുസ്തകത്തിൽ എഴുതിത്തുടങ്ങിയ കുറിപ്പുകളിൽ, വംശങ്ങളുടെ വ്യത്യസ്ത താവഴികൾ സ്വതന്ത്രമായി ഔന്നത്യത്തിലേക്ക് പരിണമിക്കുന്നുവെന്ന ലാമാർക്കിന്റെ നിലപാടിനെ ഡാർവിൻ തള്ളിക്കളയുന്നു. ജീവൻ, ഒരേ പരിണാമ വൃക്ഷത്തിന്റെ ജനുസ്സുകളായുള്ള ശാഖപിരിയലാണെന്നും അതിൽ ഒരു ജീവിയെ മറ്റൊന്നിനുമേലെയുള്ളതായി കാണുന്നത് ശരിയല്ലെന്നും ഡാർവിൻ വാദിച്ചു.[47]
അത്യധ്വാനം, രോഗം, വിവാഹം
തിരുത്തുകവംശവ്യതിയാനത്തെ സംബന്ധിച്ച് ഈ സമഗ്രപഠനത്തിന് തുടക്കമിട്ടതിനൊപ്പം തന്നെ ഡാർവിൻ മറ്റു ജോലികളിലും ചെന്നുപെട്ടു. ബീഗിൾ യാത്രക്കിടെ എഴുതിയ കുറിപ്പുകൾ തിരുത്തിയെഴുതുന്നതിനിടെ, താൻ ശേഖരിച്ച മാതൃകകളെക്കുറിച്ചുള്ള വിദഗ്ദ്ധന്മാരുടെ അഭിപ്രായങ്ങൾക്കും സംശോധനയ്ക്കും പ്രസിദ്ധീകരണത്തിനും അദ്ദേഹം തുനിഞ്ഞു. ഹെൻസ്ലോയുടെ സഹായത്താൽ, "ബീഗിൾ യാത്രയുടെ ജന്തുശാസ്ത്രം" എഴുതാൻ സർക്കാരിൽ നിന്ന് ആയിരം പൗണ്ടിന്റെ ധനസഹായവും ഡാർവിന് കിട്ടി. തെക്കേഅമേരിക്കൻ ഭൗമശാസ്ത്രത്തെക്കുറിച്ചുള്ള, ലില്ലിന്റെ ആശയങ്ങളെ പിന്തുണക്കുന്ന മറ്റൊരു പുസ്തകവും അദ്ദേഹം എഴുതാനൊരുങ്ങി. ഇവയുടെയൊക്കെ പ്രസിദ്ധീകരണത്തിന് അദ്ദേഹം തെരഞ്ഞെടുത്ത സമയരേഖ അപ്രായോഗികമായിരുന്നു. 1837 ജൂൺ 20-ന് വിക്ടോറിയാ രാജ്ഞി അധികാരമേറ്റ ദിവസത്തിനടുത്ത്, ഡാർവിൻ തന്റെ യാത്രക്കുറിപ്പുകളുടെ തിരുത്തിയെഴുതൽ പൂർത്തിയാക്കി. എന്നാൽ, അവയുടെ അച്ചടിയുടെ പ്രൂഫ് പരിശോധന പിന്നെയും ബാക്കി കിടന്നിരുന്നു.[48]
കഠിനാദ്ധ്വാനം ഡാർവിന്റെ ആരോഗ്യത്തെ ബാധിച്ചു. 1837 സെപ്റ്റംബർ 20-ന് അദ്ദേഹത്തിന് കൂടിയ ഹൃദയമിടിപ്പ് അനുഭവപ്പെട്ടു. ആരോഗ്യം വീണ്ടെടുക്കാൻ ഒരു മാസത്തെ വിശ്രമം വേണമെന്ന വൈദ്യോപദേശത്തെ തുടർന്ന് അദ്ദേഹം ഷ്രൂസ്ബറിയിലേക്കും അവിടന്ന് വെഡ്ജ്‌വുഡിലെ ബന്ധുക്കളുടെയടുത്തേക്കും പോയി. എന്നാൽ ബീഗിൾ യാത്രയുടെ കഥകൾ കേൾക്കാനുള്ള ബന്ധുക്കളുടെ തിരക്കുമൂലം, വിശ്രമം അസാദ്ധ്യമായിരുന്നു. സംസ്കാരസമ്പന്നയും ബുദ്ധിമതിയും സുന്ദരിയുമായിരുന്ന അദ്ദേഹത്തിന്റെ കസിൻ എമ്മാ വെഡ്ജ്‌വുഡ്, ശയ്യാവലംബിയായിരുന്ന അവരുടെ അമ്മായിയെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു. ഡാർവിനേക്കാൾ ഒൻപതു മാസം മൂപ്പുണ്ടായിരുന്നു അവർക്ക്. അതിനിടെ ഡാർവിന്റെ അമ്മാവൻ ജോഷിയാ വെഡ്ജ്‌വുഡ്, ഉറച്ച തറ പുതിയതായുണ്ടായ പൊടിമണ്ണ് വന്നുമൂടിയ ഒരു സ്ഥലം ഡാർവിന് കാണിച്ചുകൊടുത്തിട്ട്, അത് മണ്ണിരകളുടെ പ്രവർത്തനഫലമാകാം എന്ന് അഭിപ്രായപ്പെട്ടു. നവംബർ ഒന്നാം തിയതി ഭൗമശാസ്ത്രസഭക്കുമുൻപാകെ ഡാർവിൻ നടത്തിയ പ്രഭാഷണത്തിന് പ്രചോദനമായത് ഇതായിരുന്നു. മണ്ണിന്റെ രൂപവത്കരണത്തിൽ മണ്ണിരകളുടെ പങ്കിനെക്കുറിച്ചുള്ള ആദ്യത്തെ ശാസ്ത്രീയ അന്വേഷണമായിരുന്നു അത്.[49]
അതിനിടെ ശാസ്ത്രജ്ഞനും ചിന്തകനുമായ വില്യം വെവൽ ഭൗമശാസ്ത്രസഭയുടെ കാര്യദർശിസ്ഥാനം ഏറ്റെടുക്കാൻ ഡാർവിനെ നിർബ്ബന്ധിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും 1838 മാർച്ചിൽ ഈ അധിക ഉത്തരവാദിത്തവും ഡാർവിൻ ഏറ്റെടുത്തു.[50] ബീഗിൾയാത്രാവിവരണത്തിന്റെ എഴുത്തിന്റേയും സംശോധനത്തിന്റേയും തിരക്കിനിടയിലും, വംശവ്യതിയാനത്തെക്കുറിച്ചുള്ള പഠനം കാര്യമായി പുരോഗമിച്ചു. തന്റെ പഠനത്തിന് സഹായകമായ വിവരങ്ങൾ കിട്ടാവുന്നിടത്തുനിന്നൊക്കെ സംഭരിക്കാൻ ഡാർവിൻ ശ്രമിച്ചു. ഇതിനുവേണ്ടി അദ്ദേഹം സമീപിച്ചത് വിദഗ്ദ്ധരായ പ്രകൃതിശാസ്ത്രജ്ഞന്മാരെ മാത്രമല്ല. ജീവിവർഗ്ഗങ്ങളുമായി ഇടപെട്ട് പ്രായോഗികപരിചയമുള്ള കർഷകർ, പ്രാവുവളർത്തലുകാർ എന്നിവരുടെ ഉപദേശവും ഡാർവിൻ വിലമതിച്ചു.[1][51] ബന്ധുക്കളും അവരുടെ കുട്ടികളും, വീട്ടിലെ പാചകക്കാരൻ, അയൽക്കാർ, ബ്രിട്ടീഷ് കോളനികളിൽ നിന്ന് തിരികെ വന്നവർ, കപ്പൽജോലിക്കാർ എന്നിവരൊക്കെ ഡാർവിന് അദ്ധ്യാപകരായി.[52] തുടക്കത്തിലേതന്നെ മനുഷ്യജാതിയെ തന്റെ തത്ത്വാന്വേഷണവിഷയത്തിന്റെ പരിധിയിൽ ഡാർവിൻ ഉൾപ്പെടുത്തിയിരുന്നു. 1838 മാർച്ച് 28-ന് മൃഗശാലയിൽ ഒരു കുരങ്ങിനെ കണ്ട ഡാർവിൻ, അതിന്റെ മനുഷ്യശിശുസഹജമായെ പെരുമാറ്റം പ്രത്യേകം ശ്രദ്ധിച്ചു.[53]
തുടർച്ചയായ അദ്ധ്വാനം ഡാർവിന്റെ ആരോഗ്യത്തെ പിന്നെയും ബാധിച്ചു. ജൂൺ മാസമായപ്പോൾ, വയറ്റിലെ അസുഖങ്ങളും, തലവേദനയും, ഹൃദയസംബന്ധമായ പ്രശ്നങ്ങളും മറ്റും ദിവസങ്ങളോളം അദ്ദേഹത്തെ വിഷമിപ്പിച്ചു.[54] അവശേഷിച്ച ജീവിതകാലമത്രയും വയറ്റിൽ വേദനയും, ഛർദ്ദിയും, പരുക്കളും, ഏറിയ ഹൃദയമിടിപ്പും, വിറയലും എല്ലാം ഇടക്കിടെ പ്രശ്നമുണ്ടാക്കി. ജോലിയുടെ സമ്മർദ്ദം വർദ്ധിക്കുമ്പോഴും, സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോഴും, ജീവപരിണാമ സിദ്ധാന്തം സൃഷ്ടിച്ച വിവാദങ്ങളെ നേരിടേണ്ടി വന്നപ്പോഴുമൊക്കെയാണ് ആരോഗ്യം കൂടുതൽ വഷളായത്. ഡാർവിന്റെ രോഗത്തിന്റെ കാരണങ്ങൾ ജീവിതകാലത്ത് അജ്ഞാതമായിരുന്നതിനാൽ ചികിത്സ കാര്യമായ ഫലമൊന്നും ചെയ്തില്ല. തെക്കേഅമേരിക്കയിൽ വച്ച് ഷഡ്പദദംശനത്തിൽ നിന്നുണ്ടായ അണുബാധ മൂലമുള്ള ചാഗാസ് രോഗം, ഉൾച്ചെവിയെ ബാധിക്കുന്ന മെയിൻയറുടെ രോഗം, വിവിധതരം മനോരോഗങ്ങൾ എന്നിവയെല്ലാം ഡാർവിന്റെ അവസ്ഥക്ക് കാരണമായി പിൽക്കാലങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതൊക്കെ ഇപ്പോഴും അഭ്യൂഹങ്ങൾ മാത്രമായിരിക്കുന്നു.[55]
1838 ജൂൺ 23-ന് ഡാർവിൻ ജോലിത്തിരക്കിൽ നിന്ന് മാറിനിൽക്കാനായി സ്കോട്ട്ലൻഡിൽ ഭൗമശാസ്ത്രനിരീക്ഷണത്തിന് പോയി. സുന്ദരമായ കാലാവസ്ഥയിൽ അദ്ദേഹം ഗ്ലെൻറോയ് സന്ദർശിച്ചു. അവിടെ മലയിൽ, വ്യത്യസ്ത ഉയരങ്ങളിൽ സമാന്തരമായി പ്രകൃതി രൂപപ്പെടുത്തിയിരുന്ന മൂന്ന് 'വഴികൾ' കാണുകയായിരുന്നു ലക്‌ഷ്യം. ഉയർത്തപ്പെട്ട കടൽത്തീരങ്ങളാണ് അവയെന്ന് ഡാർവിൻ കരുതി. ഹിമനിർമ്മിതമായ തടാകങ്ങളുടെ തടങ്ങളാണവയെന്ന് പിൽക്കാലത്ത് തെളിയിക്കപ്പെട്ടു.[56]
ആരോഗ്യം വീണ്ടെടുത്ത ഡാർവിൻ ജൂലൈ മാസത്തിൽ ഷ്രൂസ്ബറിയിലേക്ക് മടങ്ങി. മൃഗപാലനത്തെക്കുറിച്ച് ദിവസേന കുറിപ്പുകൾ വയ്ക്കുന്നത് ശീലമാക്കിയിരുന്ന ഡാർവിൻ, തന്റെ ഭാവിയെക്കുറിച്ചുള്ള ചിതറിയ ചിന്തകൾ രണ്ടു കടലാസു പാളികളിൽ കുറിച്ചുവച്ചു. "വിവാഹം കഴിച്ചാൽ", 'വിവാഹം കഴിക്കാതിരുന്നാൽ" എന്നിങ്ങനെ രണ്ടു തലക്കെട്ടുകളിലായിരുന്നു ആ കുറിപ്പുകൾ. വിവാഹത്തിന്റെ പ്രയോജനങ്ങളായി കുറിച്ചത്, സ്ഥിരസഹചാരിത്ത്വം, വാർദ്ധക്യത്തിൽ സൗഹൃദം, നായേക്കാൾ എന്തുകൊണ്ടും ഭേദം എന്നൊക്കെയാണ്. വിവാഹത്തിന്റെ പ്രശ്നങ്ങളായി എഴുതിയത്, പുസ്തകം വാങ്ങാൻ അത്രയും കുറച്ച് പണം, അസഹ്യമായ സമയനഷ്ടം എന്നൊക്കെയും.[57] വിവാഹം കഴിക്കാൻ തീരുമാനിച്ചശേഷം അദ്ദേഹം ഇക്കാര്യം പിതാവുമായി ചർച്ചചെയ്തു. തുടർന്ന് 1838 ജൂലൈ 29-ന് ഡാർവിൻ എമ്മയെ സന്ദർശിച്ചു. വിവാഹാഭ്യർഥന നടത്താൻ ഡാർവിന് കഴിഞ്ഞില്ല. എന്നാൽ പിതാവ് വിലക്കിയിരുന്നിട്ടും വംശവ്യതിയനത്തെ സംബന്ധിച്ച തന്റെ ആശയങ്ങളെക്കുറിച്ച് അദ്ദേഹം എമ്മയോട് പറഞ്ഞു.[58]
ലണ്ടണിൽ ഗവേഷണം തുടരുന്നതിനിടെ ഡാർവിന്റെ പരന്ന വായനയിൽ, തോമസ് മാൽത്തൂസിന്റെ, "ജനസംഖ്യാ തത്ത്വത്തെക്കുറിച്ച് ഒരു പ്രബന്ധം" (An Essay on the Principle of Population) എന്ന പുസ്തകവും ഉൾപ്പെട്ടു.
“ | എന്റെ ചിട്ടയായുള്ള ഗവേഷണം തുടങ്ങി പതിനഞ്ചു മാസം കഴിഞ്ഞ്, 1838 ഒക്ടോബറിൽ, നേരംപോക്കിനായി ഞാൻ ജനസംഖ്യയെക്കുറിച്ചുള്ള മാൽത്തൂസിന്റെ പുസ്തകം വായിക്കാനിടയായി. ദീർഘനാളത്തെ തുടർച്ചയായ നിരീക്ഷണത്തിലെ അനുഭവം, ജീവലോകത്തിലാകെ നിലനില്പ്പിനുവേണ്ടിയുള്ള മത്സരം നടക്കുന്നുവെന്ന് അംഗീകരിക്കാൻ എന്നെ ഒരുക്കിയിരുന്നു. ഈ മത്സരത്തിൽ അനുയോജ്യമായ സ്വഭാവവ്യതിയാനങ്ങൾ നിലനിർത്തപ്പെടുകയും അല്ലാത്തവ നശിച്ചുപോവുകയും ചെയ്യുമെന്ന് എനിക്ക് പെട്ടെന്ന് ബോദ്ധ്യം വന്നു. ഇതിന്റെ ഫലം പുതിയ വംശങ്ങളുടെ രൂപവത്കരണം ആകാതെ വയ്യ. അങ്ങനെ എനിക്ക് ഒടുവിൽ മുന്നോട്ടുള്ള പഠനത്തിന് ആധാരമാക്കാവുന്ന ഒരു തത്ത്വം കിട്ടി.[59] | ” |
മനുഷ്യജാതിയുടെ അംഗസംഖ്യ നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ അത് ക്ഷേത്രഗണിതക്രമത്തിൽ പെരുകി ഭക്‌ഷണലഭ്യതയെ മറികടന്ന് "മാൽത്തൂസിയിൽ സർവനാശത്തിൽ" കലാശിക്കുമെന്നാണ് മാൽത്തൂസ് വാദിച്ചത്.[60] സ്വിസ് സസ്യശാസ്ത്രജ്ഞനായ ഡി കൻഡോൾ, സസ്യങ്ങൾക്കിടയിലെ വംശയുദ്ധത്തെക്കുറിച്ച്(warring of the species) എഴുതിയിരുന്നത് ഡാർവിന് ഓർമ്മ വന്നു. അതും വന്യജീവികൾക്കിടയിലെ നിലനില്പ്പിനുവേണ്ടിയുള്ള സമരവും ജീവിവർഗങ്ങളുടെ അംഗബലം ഏറെക്കുറെ സ്ഥിരമായി നിലനിൽക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നുവെന്ന് ഡാർവിൻ കരുതി. വംശങ്ങൾ എപ്പോഴും പ്രകൃതിയുടെ വിഭവശേഷിക്കപ്പുറം പെറ്റുപെരുകുന്നതുകൊണ്ട്, അനുയോജ്യമായ സ്വഭാവവ്യതിയാനങ്ങളുള്ള ജീവികൾ നിലനിന്ന് ആ വ്യതിയാനങ്ങൾ സന്താനങ്ങൾക്ക് പകർന്നുകിട്ടുകയും പ്രതികൂലമായ സ്വഭാവവ്യതിയാനങ്ങളുള്ളവ നശിച്ച് അവയുടെ വ്യതിയാനങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഇത് കാലക്രമത്തിൽ പുതിയ വംശങ്ങളുടെ ആവിർഭാവത്തിന് കാരണമാകുന്നു.[1][61] 1838 സെപ്റ്റംബർ 28-ന് ഈ ഉൾക്കാഴ്ച ഡാർവിൻ ഡയറിയിൽ രേഖപ്പെടുത്തി. നിലനില്പ്പിനുള്ള മത്സരത്തിൽ, പ്രകൃതിയിലെ ശൂന്യസ്ഥാനങ്ങളിലേക്ക് അവക്കനുയോജ്യമായ സ്വഭാവവ്യതിയാനങ്ങൾ മാത്രം തള്ളിവിടപ്പെടുകയും അല്ലാത്തവ പുറംതള്ളപ്പെടുകയും ചെയ്യുന്നു.[1] തുടർന്നുവന്ന മാസങ്ങളിൽ, കർഷകർ വിളകളിലും വളർത്തുമൃഗങ്ങളിലും നിന്ന് മെച്ചമായവയെ തെരഞ്ഞെടുത്ത് പെരുപ്പിക്കുന്നതിനെ, മാൽത്തൂസിയൻ പ്രകൃതി, ആകസ്മികമായുണ്ടാകുന്ന വ്യതിയാനങ്ങളിൽ നല്ലതിനെ മാത്രം നിലനിൽക്കാൻ അനുവദിക്കുന്നതിനോട് ഡാർവിൻ താരതമ്യപ്പെടുത്തി. തന്റെ സിദ്ധാന്തത്തിന്റെ ഏറ്റവും സുന്ദരമായ ഭാഗമാണ് ഈ താരതമ്യമെന്ന് അദ്ദേഹം കരുതി.[62]
നവംബർ 11-ന് അദ്ദേഹം എമ്മയെ സന്ദർശിച്ച് വിവാഹാഭ്യർഥന നടത്തി. അപ്പോഴും തന്റെ ഗവേഷണവിവരങ്ങൾ അദ്ദേഹം അവളോട് പറഞ്ഞു. ഡാർവിന്റെ വിവാഹാഭ്യർഥന എമ്മ സ്വീകരിച്ചു. തുടർന്ന് കൈമാറിയ കത്തുകളിൽ അദ്ദേഹത്തിന്റെ സത്യസന്ധതയെക്കുറിച്ചുള്ള തന്റെ മതിപ്പ് അവൾ പ്രകടിപ്പിച്ചു. അതേസമയം, മതവിശ്വാസത്തിലുള്ള ഡാർവിന്റെ ചഞ്ചലത മൂലം മരണാനന്തരജീവിതത്തിൽ അവർക്ക് കണ്ടുമുട്ടാനായേക്കില്ല എന്ന ആശങ്കയും, ഉറച്ച ആംഗ്ലിക്കൻ പശ്ചാത്തലത്തിൽ വളർന്ന എമ്മ, ഡാർവിനെ അറിയിച്ചു.[63] ലണ്ടനിൽ വീടന്വേഷിച്ചു നടക്കുമ്പോഴും കടുത്ത അസുഖത്തിന്റെ ഇടവേളകളിലൂടെ അദ്ദേഹം കടന്നുപോയി. "പ്രിയപ്പെട്ട ചാർളി, ശുശ്രൂഷിക്കാൻ ഞാൻ അടുത്തുണ്ടാകുന്നതുവരെ അസുഖമൊന്നും വരുത്തിവക്കരുത്" എന്ന് എമ്മ ഡാർവിന് എഴുതി. ഗോവർ തെരുവിൽ അവർ മാക്കാ കുടിൽ എന്നു പേരിട്ട വീട് കണ്ടെത്തി, ക്രിസ്മസ് സമയത്ത് തന്റെ "കാഴ്ചബംഗ്ലാവ്" മുഴുവനുമായി ഡാർവിൻ അവിടേക്ക് താമസം മാറി.[64]
ജനുവരി 24-ന് വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ആ ദിവസം റോയൽ സൊസൈറ്റി ഡാർവിന് അംഗത്വം നൽകി ബഹുമാനിച്ചു. ഒടുവിൽ വിവാഹം നടന്നത് ജനുവരി 29-നാണ്. യൂണിറ്റേറിയൻ വിശ്വാസികൾക്കുകൂടി സ്വീകാര്യമാകുന്നതരം ആംഗ്ലിക്കൻ അചാരപ്രകാരമായിരുന്നു വിവാഹം.[65] താമസിയാതെ ദമ്പതികൾ റെയിൽമാർഗ്ഗം ലണ്ടണിലെ പുതിയ വീട്ടിലേക്ക് പോയി.
സിദ്ധാന്തം പ്രസിദ്ധീകരണത്തിന്റെ വഴിയിൽ
തിരുത്തുകപരിണാമവാദത്തിന്റെ ചട്ടക്കൂടായി തെരഞ്ഞെടുത്ത [66] പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തെ ചിട്ടപ്പെടുത്തുകയെന്നതായി ഡാർവിന്റെ "പ്രധാന ഹോബി".[67] ജീവജാതികൾ മാറ്റമില്ലാതെ നിലനിൽക്കുന്നവയല്ലെന്ന് തീർച്ചപ്പെടുത്താനും പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തെ മിനുക്കി കുറ്റമറ്റതാക്കാനുമായി ഡാർവിൻ നടത്തിയ ഗവേഷണത്തിൽ, മൃഗപാലനലോകത്തെ അന്വേഷണങ്ങളും ചെടികളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും ഉൾപ്പെട്ടു.[1] പത്തുവർഷത്തിലേറെ, ബീഗിൾ പര്യവേഷണത്തിന്റെ ശാസ്ത്രീയഫലങ്ങൾ പ്രസിദ്ധീകരിക്കുകയെന്ന മുഖ്യജോലിയുടെ പിന്നാമ്പുറത്ത് അദ്ദേഹം ഈ ഗവേഷണത്തിലും ഏർപ്പെട്ടു.[68]
1839-ൽ ഫിറ്റ്സ്റോയിയുടെ യാത്രാപത്രിക പുറത്തുവന്നപ്പോൾ, അതിന്റെ മൂന്നാം ഭാഗമായിരുന്ന ഡാർവിന്റെ "കുറിപ്പുകളും അഭിപ്രായങ്ങളും" വൻവിജയമായതിനാൽ ആ വാല്യം മാത്രമായി വീണ്ടും പ്രസിദ്ധീകരിക്കേണ്ടിവന്നു.[69]
1842 ആദ്യം ഡാർവിൻ തന്റെ ആശയങ്ങൾ വിശദീകരിച്ച് ലില്ലിന് ഒരു കത്തെഴുതി. ജീവിവംശങ്ങൾ ഓരോന്നിനും കൃത്യമായ ഒരു തുടക്കമുണ്ടെന്ന തന്റെ നിലപാടിനോട് ഇപ്പോൾ ഡാർവിന് യോജിപ്പില്ലെന്നറിഞ്ഞപ്പോൾ ലില്ലിന് അത്ഭുതം തോന്നി. മേയ് മാസത്തിൽ, പവിഴപ്പുറ്റുകളെക്കുറിച്ച് ഡാർവിൻ മൂന്നുവർഷം അദ്ധ്വാനിച്ചെഴുതിയ ഗ്രന്ഥം വെളിച്ചം കണ്ടു. പിന്നെ അദ്ദേഹം പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിന്റെ ഒരു രൂപരേഖ പെൻസിലിൽ എഴുതി.[70] ലണ്ടണിലെ സമ്മർദ്ദത്തിൽ നിന്ന് രക്ഷപെടാനായി നവംബർ മാസം, ഡാർവിൻ സകുടുംബം നഗരപ്രാന്തത്തിലുള്ള ഗ്രാമവസതിയിലേക്ക് പോയി.[71] 1844 ജനുവരി 11-ന് ഡാർവിൻ, തന്റെ ആശയങ്ങൾ വിവരിച്ച് പ്രഖ്യാത സസ്യശാസ്ത്രജ്ഞൻ ജോസഫ് ഡാൾട്ടൻ ഹുക്കർക്ക് എഴുതി. "കൊലപാതകം പറഞ്ഞു കുമ്പസാരിക്കുന്നതുപോലെയാണ്" തനിക്കപ്പോൾ തോന്നുന്നതെന്നും നാടകീയഫലിതത്തിൽ അദ്ദേഹം ആ കത്തിൽ എഴുതി.[68][72] ഹുക്കറുടെ മറുപടി ഡാർവിന് ആശ്വാസം പകർന്നു. പലപ്പോഴായി സൃഷ്ടിയുടെ ഒരു പരമ്പരതന്നെയും തുടർന്ന് ഓരോ ജീവിവംശത്തിലും ക്രമാനുഗതമായ മാറ്റവും നടന്നിട്ടുണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും, ഈ മാറ്റത്തിന്റെ വിശദീകരണമായി അപ്പോൾ നിലവിലുണ്ടായിരുന്ന ഒരു സിദ്ധാന്തവും തൃപ്തികരമായി തനിക്ക് തോന്നിയിട്ടില്ലാത്തതിനാൽ, ഇക്കാര്യത്തിൽ ഡാർവിന്റെ നിലപാടറിയാൻ താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.[73]
ജൂലൈ മാസത്തോടെ ഡാർവിൻ പെൻസിലിൽ എഴുതിയ രൂപരേഖ 230 പുറമുള്ള ഒരു പ്രബന്ധമായി വികസിപ്പിച്ചു. താൻ അകാലത്തിൽ മരിച്ചാൽ അതേവരെ നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കി അതിനെ മറ്റാർക്കെങ്കിലും വികസിപ്പിക്കാനാകുമെന്ന് ഡാർവിൻ കരുതി.[74] അതിനിടെ "സൃഷ്ടിയുടെ ജീവശാസ്ത്രപരമായ അവശിഷ്ടങ്ങൾ" (Vestiges of the natural history of creation) എന്ന ശീർഷകത്തിൽ അജ്ഞാതനായ ഒരാൾ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ തന്റെ വാദങ്ങൾ പലതും, വംശപരിവർത്തനത്തിന് ബോദ്ധ്യം തരുമാറുള്ള വിശദീകരണങ്ങളൊന്നും നൽകാതെയാണെങ്കിലും, ആവർത്തിച്ചിരുന്നത് ഡാർവിനെ അത്ഭുതപ്പെടുത്തി. അതൊരു അപക്വരചനയായിരുന്നു. അതിലെ ഭൗമശാസ്ത്രവും ശരീരശാസ്ത്രവും ഡാർവിൻ തള്ളിക്കളയുകയും ചെയ്തു. എന്നാൽ ഏറെ വിറ്റഴിഞ്ഞ ആ പുസ്തകം വംശപരിവർത്തനത്തിൽ മധ്യവർഗ്ഗത്തിനുള്ള താത്പര്യം വർദ്ധിപ്പിച്ച് ഡാർവിന്റെ സിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണത്തിന് വഴിയൊരുക്കുകയും എല്ലാ മറുവാദങ്ങൾക്കും ഉത്തരം കണ്ടെത്തി തന്റെ സിദ്ധാന്തത്തെ കുറ്റമറ്റതാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് ബോദ്ധ്യമാക്കിക്കൊടുക്കുകയും ചെയ്തു.[75] 1846-ൽ ഡാർവിൻ ഭൗമശാസ്ത്രസംബന്ധിയായ തന്റെ മൂന്നാമത്തെ പുസ്തകം പൂർത്തിയാക്കി. ജീവിവർഗ്ഗങ്ങളുടെ പൊതുപൗതൃകത്ത്വത്തെക്കുറിച്ചുള്ള തന്റെ പുതിയ ആശയങ്ങളുടേയും ഗ്രാന്റിൽ നിന്ന് പഠിച്ച ശരീരശാസ്ത്രത്തിന്റേയും ബലത്തിൽ, ബീഗിൾ യാത്രയിൽ ശേഖരിച്ചുകൊണ്ടുവന്ന ബാർണക്കിളുകളെ മുറിച്ചുപരിശോധിച്ച് വർഗ്ഗീകരിക്കാൻ ഇതോടെ അദ്ദേഹത്തിന് സ്വാതന്ത്ര്യം കിട്ടി.[76] 1847-ൽ ഡാർവിന്റെ പ്രബന്ധം വായിച്ച ഹുക്കർ അതിനെ സമചിത്തതയോടെ വിമർശിക്കുന്ന കുറിപ്പുകൾ അയച്ചുകൊടുത്തു. എന്നാൽ ഡാർവിന്റെ സിദ്ധാന്തത്തിന് അനുകൂലമോ പ്രതികൂലമോ ആയ നിലപാടെടുക്കാൻ അദ്ദേഹം തയ്യാറായില്ല. ഇപ്പോഴും സൃഷ്ടിപ്രവർത്തനം തുടരുകയാണെന്ന വാദത്തോടുള്ള ഡാർവിന്റെ എതിർപ്പിനെ ഹുക്കർ ചോദ്യം ചെയ്യുകയും ചെയ്തു.[77]
1849-ൽ, ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനായി ഡാർവിൻ മൽവേൺ മലകളിലുള്ള പ്രകൃതിചികിത്സകനായ ഡോക്ടർ ജെയിംസ് ഗള്ളിയുടെ ആരോഗ്യസദനത്തിൽ(spa) പോയി. അവിടെ ജലചികിത്സയിൽ നിന്ന് കിട്ടിയ ആശ്വാസം ഡാർവിനെ അത്ഭുതപ്പെടുത്തി.[78] എന്നാൽ 1851-ൽ പ്രിയപ്പെട്ട മകൾ ആനി ഗുരുതരമായ രോഗാവസ്ഥയിലായതോടെ, തന്റെ ആരോഗ്യപ്രശ്നങ്ങൾ പാരമ്പര്യസിദ്ധമായിരിക്കാമെന്ന ഡാർവിന്റെ ഭയം വർദ്ധിച്ചു. പ്രതിസന്ധികളുടെ ഒരു ദീർഘപരമ്പരയുടെ അവസാനം ആനി മരിച്ചപ്പോൾ ക്രിസ്തുമതത്തിലുള്ള വിശ്വാസം ഡാർവിന് മിക്കവാറും നഷ്ടമായി.[79]
എട്ടുവർഷക്കാലം സിറിപീഡിയ വർഗത്തിൽ പെട്ട ബാർനക്കിളുകളെക്കുറിച്ച് നടത്തിയ പഠനത്തിൽ നിന്ന്, മാറിയ പരിസ്ഥിതികളിൽ, ചില്ലറമാറ്റങ്ങൾ വന്ന ശരീരാവയവങ്ങൾ വ്യത്യസ്തമായ കാര്യങ്ങൾക്ക് ഉപകരിക്കുമെന്ന തന്റെ സിദ്ധാന്തത്തിന് മതിയായ തെളിവുകൾ ഡാർവിന് കണ്ടെത്താൻ കഴിഞ്ഞു.[80] ഈ പഠനം ഡാർവിന് 1853-ൽ റോയൽ സൊസൈറ്റിയുടെ മെഡൽ നേടിക്കൊടുക്കുകയും ജീവശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കുകയും ചെയ്തു.[81] 1854-ൽ വംശവ്യതിയാനത്തെക്കുറിച്ചുള്ള ഗവേഷണം അദ്ദേഹം പുനരാരംഭിച്ചു. പൂർവികരിൽ നിന്ന് പിൻഗാമികൾക്കുള്ള വ്യത്യാസങ്ങൾക്ക് കാരണം, അവയിൽ ആകസ്മികമായുണ്ടാകുന്ന പരിവർത്തനങ്ങൾ പ്രകൃതിയിലെ പുതിയ സാഹചര്യങ്ങളിൽ പ്രസക്തി കണ്ടെത്തുന്നതുകൊണ്ടാണെന്ന് ആ വർഷം നവംബറിൽ അദ്ദേഹം മനസ്സിലാക്കി.[82]
പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം
തിരുത്തുക1856 ആരംഭമായപ്പോൾ, അണ്ഡങ്ങൾക്കും വിത്തുകൾക്കും മഹാസമുദ്രങ്ങൾ കടക്കാൻ ഉപ്പുവെള്ളത്തിലൊഴുകിയുള്ള ദീർഘയാത്രയെ അതിജീവിക്കാനാകുമോ എന്ന് അന്വേഷിക്കുകയായിരുന്നു ഡാർവിൻ. ജീവിവംശങ്ങൾ മാറ്റമില്ലാതെ നിലനിൽക്കുന്നവയാണെന്ന പരമ്പരാഗതവാദത്ത ഹുക്കർ വർദ്ധിച്ച സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി. എന്നാൽ ഡാർവിന്റെ യുവസുഹൃത്തായിരുന്ന തോമസ് ഹെൻറി ഹക്സ്ലി, പരിണാമവാദത്തോടുള്ള എതിർപ്പ് തുടർന്നു. ഡാർവിന്റെ അന്വേഷണങ്ങളുടെ വ്യാപ്തി മനസ്സിലാക്കാതിരുന്ന ലില്ലിന് അവ ചിന്താക്കുഴപ്പമുണ്ടാക്കി. ജീവിവർഗങ്ങളുടെ തുടക്കത്തെക്കുറിച്ചുള്ള ആഫ്രഡ് റസ്സൽ വാലേസിന്റെ പ്രബന്ധം വായിച്ചപ്പോൾ ഡാർവിന്റെ ചിന്തകളുമായി അതിന് സാമ്യമുണ്ടെന്ന് കണ്ടെത്തിയ ലിൽ, പ്രാഥമകിത ഉറപ്പാക്കാനായി സ്വന്തം സിദ്ധാന്തം ഉടൻ പ്രസിദ്ധീകരിക്കാൻ ഡാർവിനോട് ആവശ്യപ്പെട്ടു. വാലേസിനെ തനിക്ക് വെല്ലുവിളിയായൊന്നും കണ്ടില്ലെങ്കിലും, ഡാർവിൻ വൈകാതെ പ്രസിദ്ധീകരിക്കാൻ സാധിക്കുന്ന ഒരു ലഘുപ്രബന്ധത്തിന്റെ പണിയിൽ മുഴുകി. ബുദ്ധിമുട്ടുള്ള പല പ്രശ്നങ്ങളുടെയും ഉത്തരം കണ്ടെത്തേണ്ടി വന്നത് പ്രബന്ധരചനയുടെ വേഗതയെ ബാധിച്ചു. ചെറിയ പ്രബന്ധത്തിനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും ക്രമേണ അത് വിപുലീകരിക്കപ്പെടുകയാൽ ജീവിവംശങ്ങളെക്കുറിച്ച് പ്രകൃതിനിർദ്ധാരണം എന്ന പേരിലുള്ള ഒരു വലിയ ഗ്രന്ഥത്തിന്റെ രചനയായി ഡാർവിന്റെ ലക്‌ഷ്യം. ഗവേഷണത്തിനുവേണ്ട വിവരങ്ങളും മാതൃകകളും സമാഹരിക്കുന്നതിൽ ഡാർവിൻ ലോകമെമ്പാടുമുള്ള പ്രകൃതിശാസ്ത്രജ്ഞന്മാരുടെ സഹായം തേടി. അപ്പോൾ ബോർണിയോയിലായിരുന്ന വാലേസിന്റെ സഹായവും ഡാർവിന് കിട്ടി. 1857 ഡിസംബറിൽ, ഡാർവിന് വാലേസിന്റെ ഒരു കത്തു കിട്ടി. ഡാർവിൻ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിൽ മനുഷ്യന്റെ ഉല്പത്തി ചരിത്രം പരിഗണിക്കപ്പെടുന്നുണ്ടോയെന്നാണ് വാലേസ് അതിൽ അന്വേഷിച്ചത്. മുൻവിധികൾ കൊണ്ടു മൂടിക്കിടക്കുന്ന ആ വിഷയത്തിൽ നിന്ന് തൽക്കാലം താൻ ഒഴിഞ്ഞുനിൽക്കുമെന്നായിരുന്നു ഡാർവിന്റെ മറുപടി. വാലേസിന്റെ തത്ത്വവിചാരങ്ങളെ പ്രോത്സാഹിപ്പിച്ചതിനൊപ്പം തന്നെ തന്റെ അന്വേഷണത്തിന്റെ മേഖല വാലേസിന്റേതിനേക്കാൽ വിശാലമായതാണെന്നും ഡാർവിൻ എഴുതി.[83]
ഡാർവിന്റെ പുസ്തകം പകുതിയായപ്പോൾ വാലേസ് അദ്ദേഹത്തിന് പ്രകൃതിനിർദ്ധാരണത്തെക്കുറിച്ചുള്ള ഒരു പ്രബന്ധം അയച്ചുകൊടുത്തു. തന്റേതിന് സമാനമായ അതിലെ നിഗമനങ്ങൾ കണ്ടപ്പോൾ താൻ മറികടക്കപ്പെട്ടിരിക്കുന്നുവെന്ന തോന്നൽ ഡാർവിനെ ഞെട്ടിച്ചു. എങ്കിലും ഡാർവിൻ, വാലേസ് അഭ്യർഥിച്ചതുപോലെ പ്രബന്ധം ലില്ലിന് അയച്ചുകൊടുത്തു. വാലേസ് തെരഞ്ഞെടുക്കുന്ന ഏതെങ്കിലുമൊരു പ്രസിദ്ധീകരണത്തിന് പ്രബന്ധം അയച്ചുകൊടുക്കാനുള്ള സന്നദ്ധതയും ഡാർവിൻ വാലേസിനെ അറിയിച്ചു. അപ്പോൾ ഒരു ഗാർഹിക പ്രതിസന്ധിയുടെ നടുവിലായിരുന്നു ഡാർവിൻ. നാട്ടിൻപുറത്തെ വീട്ടിൽ സ്കാർലറ്റ് ജ്വരം പിടിപെട്ട് മക്കൾ മരണവുമായി മല്ലടിക്കുകയായിരുന്നു. അതുകൊണ്ട് അദ്ദേഹം, തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു. ജൂലൈ ഒന്നാം തിയതി ലിന്നേയൻ സഭക്കമുൻപാകെ രണ്ടുപേരുടേയും സിദ്ധാന്തങ്ങൾ ഒന്നിച്ച് അവതരിപ്പിക്കാനാണ് അവർ തീരുമാനിച്ചത്. "ജീവിജാതികളിലെ വ്യതിയാന പ്രവണതയും പ്രകൃതിനിർദ്ധാരണം വഴി പുതിയ ജാതികളുടെ ആവിർഭാവവും" എന്നതായിരുന്നു അവതരണത്തിന് വിഷയമായി തെരഞ്ഞെടുത്തത്. എന്നാൽ ഇതിനിടെ ഇളയ മകൻ സ്കാർലറ്റ് ജ്വരം ബാധിച്ച് മരിച്ചതിനാൽ ദുഃഖാർത്തനായിരുന്ന ഡാർവിന്റെ അസാന്നിദ്ധ്യത്തിലാണ് അവതരണം നടന്നത്.[84]
ഏതായാലും ലിന്നേയൻ സഭയിലെ അവതരണം വലിയ വാർത്തയൊന്നും ആയില്ല. സഭയുടെ പത്രികയുടെ ഓഗസ്റ്റ് പതിപ്പിൽ വന്ന വാർത്തയോടുള്ള പ്രതികരണം ഏതാനും നിരൂപണങ്ങളിലും കത്തുകളിലും ഒതുങ്ങി. പോയ വർഷം ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളൊന്നും ഉണ്ടായില്ലെന്നാണ് 1859 മേയ് മാസം ലിന്നേയൻ സഭയുടെ അദ്ധ്യക്ഷൻ നടത്തിയ നിരീക്ഷണം.[85] ഡബ്ലിലെ പ്രൊഫസർ സാമുവൽ ഹാട്ടന്റെ നിരൂപണം മാത്രമാണ് ഡാർവിന് പിന്നീടും ഓർമ്മ വക്കാൻ മാത്രം പ്രകോപനപരമായിരുന്നത്. സിദ്ധാന്തത്തിൽ "പുതിയതായിട്ടുള്ളതത്രയും നുണയും നുണയല്ലാത്തതത്രയും പഴയതും" ആണെന്നായിരുന്നു ഹാട്ടന്റെ വിലയിരുത്തൽ.[86] താൻ പദ്ധതിയിട്ട "വലിയ പുസ്തകത്തിന്റെ" ഒരു ചെറിയ പതിപ്പ് രൂപപ്പെടുത്താനായി ഡാർവിൻ പതിമൂന്നു മാസം കഷ്ടപ്പെട്ടു. അരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നിരന്തരം അലട്ടിയിരുന്നെങ്കിലും ശാസ്ത്രലോകത്തിലെ സുഹൃത്തുക്കളുടെ നിരന്തരമായ പിന്തുണ അദ്ദേഹത്തിന് ആശ്വാസമായി. ജോൺ മുറേ എന്ന സ്ഥാപനം വഴിയുള്ള അതിന്റെ പ്രസിദ്ധീകരണം ഏർപ്പാടാക്കിയത് ലിൽ ആണ്.[87]
"പ്രകൃതിനിർദ്ധാണം വഴിയുള്ള വംശോല്പത്തി അല്ലെങ്കിൽ ജീവിതസമരത്തിൽ ആനുകൂലിതവർഗ്ഗങ്ങളുടെ അതിജീവനം" എന്നായിരുന്നു ഗ്രന്ഥനാമം. 'വംശോല്പത്തി' എന്ന ചുരുക്കപ്പേരിൽ സാധാരണ അറിയപ്പെടുന്ന ആ പുസ്തകം തുടക്കത്തിൽ തന്നെ വലിയ വിജയമായി. 1859 നവംബർ 22-ന് പുസ്തകശാലകളിൽ എത്തുന്നതിനുമുൻപേ ആദ്യപതിപ്പിലെ 1250 പ്രതികളും വിറ്റഴിഞ്ഞിരുന്നു.[88] വിശദമായ നിരീക്ഷണങ്ങളും നിഗമനങ്ങളും, മുൻകൂട്ടി കണ്ട എതിർപ്പുകളുടെ പരിഗണനയും എല്ലാമായി, ഒരു ദീർഘസംവാദമായിരുന്നു ആ കൃതി.[89] "മനുഷ്യന്റെ ചരിത്രത്തിലേക്കും അത് വെളിച്ചം വീശിയേക്കാം" എന്ന പതിഞ്ഞ നിരീക്ഷണമാണ് നരവംശസംബന്ധിയായി അതിൽ ആകെയുണ്ടായിരുന്നത്.[90] ആമുഖത്തിൽ സിദ്ധാന്തം ചുരുക്കി അവതരിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു:
“ | ഓരോ വംശത്തിലും അതിജീവനം സാധ്യമായതിനേക്കാൾ ഒട്ടുവളരെ അംഗങ്ങൾ പിറന്നുവീഴുന്നുവെന്നത് നിലനില്പ്പിനുവേണ്ടിയുള്ള സമരത്തിന് കാരണമാകുന്നു. ജീവന്റെ സങ്കീർണ്ണവും മാറിക്കൊണ്ടിരിക്കുന്നതുമായ സാഹചര്യങ്ങളിൽ, അല്പമെങ്കിലും അനുയോജ്യതയുള്ള സ്വഭാവവ്യതിയാനങ്ങളുള്ള ജീവികൾക്കാണ് നിലനില്പ്പിന് സാധ്യത കൂടുതൽ. അവയെ പ്രകൃതി തെരഞ്ഞെടുക്കുന്നുവെന്നു പറയാം. പാരമ്പര്യത്തിന്റെ ശക്തമായ തത്ത്വം അനുസരിച്ച്, തെരഞ്ഞെടുക്കപ്പെടുന്ന ഇനം അതിന്റെ പുതിയതും മാറിയതുമായ രൂപത്തെ വരുംതലമുറക്ക് പകർന്നുകൊടുക്കുന്നു.[91] | ” |
ജീവിവർഗ്ഗങ്ങളുടെ പൈതൃകം പൊതുവാണെന്ന് ശക്തമായി വാദിച്ചെങ്കിലും പരിണാമം എന്ന വാക്ക് ഉപയോഗിക്കുന്നതിൽ നിന്ന് ഡാർവിൻ പൊതുവേ ഒഴിഞ്ഞുനിന്നു. പുസ്തകത്തിന്റെ അവസാനഭാഗത്തെ നിരീക്ഷണം ഇതായിരുന്നു:
“ | ജീവന്റെ അനേകമായ ശക്തികൾ ആദിയിൽ ഒന്നോ ഏതാനുമോ ജീവികളിലേക്ക് ഉഛ്വസിച്ച് ആവാഹിക്കപ്പെടുകയാണുണ്ടായതെന്നും, ഗുരുത്വാകർഷണത്തിന്റെ മാറ്റമില്ലാത്ത നിയമമനുസരിച്ച് ഭൂഗോളം അതിന്റെ ഭ്രമണം തുടർന്നുകൊണ്ടിരിക്കെ, ലളിതമായ ആ തുടക്കം സുന്ദരവും അത്ഭുതകരവുമായ രൂപങ്ങളായി അന്തമില്ലാതെ പരിണമിച്ചെന്നും പരിണമിച്ചുകൊണ്ടിരിക്കുന്നുവെന്നുമുള്ള ഈ വീക്ഷണം അതിഗംഭീരമാണ്.[92] | ” |
പ്രസിദ്ധീകരണം ഉണർത്തിയ പ്രതികരണങ്ങൾ
തിരുത്തുകഡാർവിന്റെ ഗ്രന്ഥം ഏറെ രാഷ്ട്രാന്ത്രരതലത്തിൽ ജനശ്രദ്ധയാകർഷിക്കുകയും വലിയ വിവാദത്തിന് വിഷയമാവുകയും ചെയ്തു. എന്നാൽ 'വംശോല്പത്തി', "സൃഷ്ടിയുടെ അവശിഷ്ടങ്ങൾ"(Vestiges of creation) തുടങ്ങിയ ചില മുൻകൃതികളുടെയത്രയും വിവാദപരമായില്ല.[94] 'വംശോല്പത്തി' തുടങ്ങിവച്ച ചർച്ചയേയും തർക്കങ്ങളേയും ഡാർവിൻ ശ്രദ്ധാപൂർവം പിന്തുടർന്നു. പത്രവാർത്തകളും, നിരൂപണങ്ങളും, നർമ്മലേഖനങ്ങളും, ഹാസ്യാനുകരണങ്ങളും, കുസൃതിച്ചിത്രങ്ങളുമെല്ലാം അദ്ദേഹം വെട്ടിയെടുത്ത് സൂക്ഷിച്ചു.[95] 'വംശോല്പത്തി'-യിൽ മനുഷ്യപരിണാമത്തെക്കുറിച്ച് ഏറെയൊന്നും പറയാതിരിക്കാൻ ഡാർവിൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തന്റെ ഉൾക്കാഴ്ചകൾ "മനുഷ്യന്റെ ഉല്പത്തിയിലേക്ക് വെളിച്ചം വീശിയേക്കാം" എന്ന പതിഞ്ഞ പരാമർശം മാത്രമാണ് ആകെയുണ്ടായിരുന്നത്.[96] എന്നിട്ടും, കുരങ്ങിൽ നിന്ന് മനുഷ്യൻ എന്ന ആശയത്തെ വിശ്വാസപ്രമാണമാക്കി മാറ്റുകയാണ് വംശോല്പത്തിയിൽ ഡാർവിൻ ചെയ്തതെന്നാണ് ആദ്യത്തെ നിരൂപണം തന്നെ അഭിപ്രായപ്പെട്ടത്.[97] അനുഭാവപൂർവമായ നിരൂപണങ്ങളിൽ ഹക്സ്ലിയുടേതും ഉൾപ്പെട്ടു. അക്കാലത്തെ ഇംഗ്ലണ്ടിൽ സംസ്ഥാപിത ശാസ്ത്രീയതയുടെ പ്രതിനിധിയായി കണക്കാക്കപ്പെട്ടിരുന്ന റിച്ചാർഡ് ഓവൻ ഉൾപ്പെടെയുള്ളവരെ ഹക്സ്ലിയുടെ നിരൂപണം കണക്കിനു പരിഹസിച്ചു. പ്രതീക്ഷിച്ചതുപോലെ, തന്റെ നിരൂപണത്തിൽ ഓവൻ ഗ്രന്ഥത്തിന്റെ വിമർശകരുടെ പക്ഷം ചേരുകയാണ് ചെയ്തത്.[98]
ആംഗ്ലിക്കൻ സഭയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞന്മാരിൽ, കേംബ്രിഡ്ജിൽ ഡാർവിന്റെ സുഹൃത്തുക്കളായിരുന്ന സെഡ്ജ്വിക്കും ഹെൻസ്ലോയും അടക്കമുള്ളവർ പ്രതികൂലമായാണ് പ്രതികരിച്ചത്. എന്നാൽ പുരോഗമനമനോഭാവികളായ പുരോഹിതന്മാർ പ്രകൃതിനിർദ്ധാരണത്തെ ദൈവികസംവിധാനത്തിന്റെ ഉപകരണങ്ങളിൽ ഒന്നെന്ന് വിശേഷിപ്പിച്ചു. അവരിൽ ഒരാളായ ചാൾസ് കിങ്സ്ലി അതിനെ "ഉന്നതമായ ദൈവസങ്കല്പം" എന്നുപോലും വാഴ്ത്തി.[99] 1860-ൽ പുരോഗമനവാദികളായ ഏഴ് ആംഗ്ലിക്കൻ ദൈവശാസ്ത്രജ്ഞന്മാർ ചേർന്ന് "പ്രബന്ധങ്ങളും നിരൂപണങ്ങളും"(Essays and Reviews) എന്ന കൃതി പ്രസിദ്ധീകരിച്ചതോടെ, വ്യവസ്ഥാപിതസഭയുടെ ശ്രദ്ധ, ഡാർവിന്റെ ഗ്രന്ഥത്തിൽ നിന്ന്, യാഥാസ്ഥിതികർ മതദ്രോഹമായി കരുതി അപലപിച്ചിരുന്ന ബൈബിളിന്റെ ഉന്നതവിമർശനത്തിലേക്ക്(Higher Cricitism of Bible) തിരിഞ്ഞു. അത്ഭുതങ്ങൾ ദൈവനിയമങ്ങലെ ലംഘിക്കുന്നതുകൊണ്ട് അവയിൽ വിശ്വസിക്കുന്നത് ഈശ്വരനിഷേധമാണെന്ന് പേരെടുത്ത ഗണിതശാസ്ത്രജ്ഞനും പുരോഹിതനും ദൈവ ശാസ്ത്രജ്ഞനുമായ ബാഡൻ പൗവ്വൽ ആ കൃതിയിൽ എഴുതിയിരുന്നു. "പ്രകൃതിയുടെ നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ശക്തികളെന്ന മഹത്‌സങ്കല്പത്തെ പിന്തുണക്കുന്ന ഡാർവിന്റെ ഗ്രന്ഥത്തേയും" പൗവ്വൽ അതിൽ പുകഴ്ത്തിയിരുന്നു.[100]
ബ്രിട്ടീഷ് ശാസ്ത്രമുന്നേറ്റസമിതി 1860-ൽ പരിണാമവാദത്തെക്കുറിച്ച് ഓക്സ്ഫോർഡിൽ സംഘടിപ്പിച്ച ചർച്ചയിൽ നടന്ന ഒരേറ്റുമുട്ടൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡാർവിനും സാമൂഹ്യപുരോഗതിയും എന്ന വിഷയത്തിൽ പ്രൊഫ്രസർ വില്യം ഡ്രേപ്പറുടെ ദീർഘപ്രഭാഷണമായിരുന്നു ആദ്യം. തുടർന്ന്, ഓക്സ്ഫോർഡിലെ മെത്രാനായിരുന്ന സാമുവൽ വിൽബർഫോഴ്സ്, ജീവജാലങ്ങളിലെ സ്വഭാവവ്യതിയാനങ്ങളെ നിഷേധിച്ചില്ലെങ്കിലും അവക്ക് ഡാർവിൻ നൽകിയ വിശദീകരണത്തെ എതിർത്തു സംസാരിച്ചു. പിന്നീട് നടന്ന ചർച്ചയിൽ ജോസഫ് ഹുക്കർ ഡാർവിനെ ശക്തിയായി പിന്തുണച്ചു. തോമസ് ഹക്സ്ലി ഡാർവിന്റെ കാവൽപട്ടിയാണ് താനെന്ന് കാണിക്കുകയും ചെയ്തു. വിക്ടോറിയൻ വേദിയിൽ പരിണാമസിദ്ധാന്തത്തിന്റെ ഏറ്റവും ശക്തനായ വക്താവ് അദ്ദേഹമായിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ ഇരുപക്ഷവും വിജയം തങ്ങൾക്കായിരുന്നുവെന്ന് കരുതി. എന്നാൽ, തനിക്ക് കുരങ്ങിന്റെ പൈതൃകം കിട്ടിയത് മുത്തച്ഛൻ വഴിയോ മുത്തശ്ശി വഴിയോ എന്ന് വിൽബർഫോഴ്സ് ചോദിച്ചപ്പോൾ, "കർത്താവ് അയാളെ എന്റെ കരങ്ങളിലേല്പ്പിച്ചിരിക്കുന്നു" (The Lord has delivered me into mine hands) എന്ന് കരുതി താൻ ചുട്ട മറുപടി കൊടുത്തെന്നാണ് ഹക്സ്ലി പിന്നീട് അവകാശപ്പെട്ടത്. "തന്റെ വാക്‌ചാതുരിയും പ്രാഗല്ഭ്യവും മുൻവിധിയുടേയും നുണയുടേയും പ്രചരണത്തിനുപയോഗിക്കുന്ന പരിഷ്കൃതമനുഷ്യനേക്കാൾ അഭികാമ്യനായ പൂർവികൻ കുരങ്ങനാണ്" എന്നായിരുന്നത്രെ ആ മറുപടി.[101] മതത്തിനും ശാസ്ത്രത്തിനുമിടയിൽ ഹക്സ്ലി ഒരു ധ്രുവീകരണം കണ്ടു. വിദ്യാഭ്യാസത്തിന്റെ മേൽ പൗരോഹിത്യത്തിനുള്ള പിടിയെ ചോദ്യം ചെയ്യാൻ ഹക്സ്ലി ഡാർവിനിന്റെ ചിന്തയെ ഉപകരണമാക്കി.[99]
രോഗം ഡാർവിനെ പൊതുചർച്ചകളിൽ നിന്ന് മാറ്റിനിർത്തിയെങ്കിലും ചർച്ചകളെ അദ്ദേഹം പിന്തുടരുകയും എഴുത്തുകുത്തുകളിലൂടെ തന്റെ നിലപാടിന് പിന്തുണ തേടുകയും ചെയ്തു. അമേരിക്കൻ സസ്യശാസ്ത്രജ്ഞനായ ആസാ ഗ്രേയുടെ "പ്രകൃതിനിർദ്ധാരണം സ്വാഭാവികദൈവശാസ്ത്രത്തിന് എതിരല്ല" എന്ന ലഘുലേഖ ഡാർവിൻ ബ്രിട്ടണിൽ വരുത്തി വിതരണം ചെയ്തു.[102] ഓവന്റെ നേതൃത്വത്തിലുള്ള പുരോഹിതന്മാരുടേയും പ്രഭുവർഗ്ഗത്തിലെ അപക്വമതികളുടേയും എതിർപ്പിനെ മറികടക്കാനായി ബ്രിട്ടണിൽ ഹക്സ്ലിയുടെ മേൽനോട്ടത്തിൽ നടന്നിരുന്ന ചർച്ചകളിൽ ഡാർവിന്റെ സുഹൃത്തുക്കളായ ഹുക്കറും [103] ലില്ലുമെല്ലാം[104] പങ്കെടുത്തു. മനുഷ്യന്റേയും കുരങ്ങിന്റേയും മസ്തിഷ്കങ്ങളുടെ ഘടനയിൽ ചില അടിസ്ഥാനവ്യത്യാസങ്ങളുണ്ടെന്ന് തെറ്റായി അവകാശപ്പെട്ട ഓവൻ, ഡാർവിൻ, മനുഷ്യന് വാനരപൈതൃകത്വം കല്പിക്കുന്നതായി ആരോപിച്ചു. ഓവനും മറ്റുമെതിരായുള്ള ഹക്ലിയുടെ പ്രചരണം അസാമാന്യമാം വിധം വിജയകരമായിരുന്നു. രണ്ടുവർഷത്തിനുള്ളിൽ അവരുടെ പ്രാമാണികത ഇല്ലാതാക്കുന്നതിൽ ഹക്സ്ലി വിജയിച്ചു.[105] എക്സ് ക്ലബ്ബ് എന്ന് പേരിൽ സംഘടിച്ചു നിന്ന ഡാർവിന്റെ സുഹൃത്തുക്കൾ, 1864-ൽ അദ്ദേഹത്തിന് രാജകീയ സമിതിയുടെ കോപ്ലി മെഡൽ കിട്ടുന്നതിന് സഹായിച്ചു.
"സൃഷ്ടിയുടെ അവശിഷ്ടങ്ങൾ" എന്ന മുൻകൃതി പരിണാമവാദത്തിൽ നേരത്തേതന്നെ പരക്കെ താത്പര്യം ഉണർത്തിയിരുന്നു. 'വംശോല്പത്തി' പല ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. അനേകം പതിപ്പുകളിലൂടെ കടന്നുപോയ അത്, അത്തരം വായനയിൽ പുതുതായി താത്പര്യം കാട്ടിയ മദ്ധ്യവർഗ്ഗത്തിന്റേയും ഹക്സ്ലിയുടെ പ്രസംഗങ്ങൾ കേൾക്കാനെത്തിയ തൊഴിലാളികളുടേയും ദൈനംദിനവായനയുടെ ഭാഗമായി.[106] അക്കാലത്തെ പല ജനമുന്നേറ്റങ്ങളിലും മാറ്റൊലികൊണ്ട ഡാർവിന്റെ സിദ്ധാന്തം സമകാലീനസംസ്കൃതിയുടെ അവശ്യചേരുവയായി.[ഗ]
മനുഷ്യന്റെ വഴി, ലൈംഗികനിർദ്ധാരണം, സസ്യശാസ്ത്രം
തിരുത്തുകജീവിതത്തിന്റെ അവസാനത്തെ ഇരുപത്തിരണ്ടുവർഷക്കാലത്ത് വിടാതെ പിന്തുടർന്ന അനാരോഗ്യത്തിനിടയിലും, ഡാർവിൻ തന്റെ പരിശ്രമങ്ങൾ തുടർന്നു. 'വംശോല്പത്തി', ആദ്യം പദ്ധതിയിട്ട വലിയപുസ്തകത്തിൽ അവതരിപ്പിക്കാനിരുന്ന സിദ്ധാന്തത്തിന്റെ ഒരു സംഗ്രഹം മാത്രമായിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങളുടെ കൂടുതൽ വിവാദപരമായ വശങ്ങൾ വെളിച്ചം കണ്ടിരുന്നില്ല. പൂർവവംശങ്ങളിൽ നിന്നുള്ള മനുഷ്യന്റെ ഉല്പത്തിക്കുള്ള തെളിവുകളുടെ പഠനവും, മനുഷ്യന്റെ ബൗദ്ധികമായ കഴിവുകളുടേയും സമൂഹവ്യവസ്ഥയുടേയും വികാസം സാധ്യമാക്കിയ സാഹചര്യങ്ങളുടെ വിശകലനവും ബാക്കി നിന്നു. ജീവജാലങ്ങളുടെ സ്വഭാവവിശേഷങ്ങളിൽ, സൗന്ദര്യാത്മകവും ആലങ്കാരികവും ആയ പ്രസക്തി മാത്രമുള്ളവയുടെ വിശദീകരണവും ആവശ്യമായിരുന്നു. ഡാർവിൻ പരീക്ഷണങ്ങളും, ഗവേഷണവും, എഴുത്തും തുടർന്നു.
മകൾ രോഗബാധിതയായപ്പോൾ, സസ്യവിത്തിനങ്ങളേയും വളർത്തുമൃഗങ്ങളേയും ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ മാറ്റി വച്ച് ഡാർവിൻ അവൾക്കൊപ്പം കടലോരത്തുള്ള ഒരു സുഖവാസകേന്ദ്രത്തിൽ പോയി. അവിടെ അദ്ദേഹം ഓർക്കിഡുകളിൽ തല്പരനായി. ഓർക്കിഡുകളുടെ ഭംഗിയുള്ള പൂക്കൾ ഷഡ്പദങ്ങൾ വഴിയുള്ള പരാഗണത്തെ നിയന്ത്രിച്ച് മിശ്ര-ബീജസങ്കലനം സാധ്യമാക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പഠനത്തിലാണ് ഇത് കലാശിച്ചത്. ബാർണക്കിളുകളുടെ കാര്യത്തിലെന്നപോലെ, ഇവയിലും, സമാനതയുള്ള അവയവങ്ങൾ വ്യത്യസ്ത ധർമ്മങ്ങൾക്കാണ് പ്രയോജനപ്പെട്ടിരുന്നത്. വീട്ടിൽ തിരികെ എത്തിയ ഡാർവിൻ രോഗശയ്യയിൽ കിടന്നിരുന്നതുപോലും, പടർന്നുകയറുന്ന സസ്യങ്ങളെ സംബന്ധിച്ച പരീക്ഷണങ്ങൾ ഒരുക്കിയിരുന്ന ഒരു മുറിയിലായിരുന്നു. ജർമ്മനിയിൽ ഡാർവിന്റെ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചിരുന്ന പ്രഖ്യാതജീവശാസ്ത്രജ്ഞൻ ഏണസ്റ്റ് ഹെക്കൽ അപ്പോൾ സന്ദർശകനായെത്തി.[107] അപ്പോഴേക്കും ആത്മീയതയുടെ പാതയിലേക്ക് തിരിഞ്ഞിരുന്ന വാലേസും ഡാർവിനുള്ള പിന്തുണ തുടർന്നു.[108] "വളർത്തുമൃഗങ്ങളിലേയും ചെടികളിലേയും സ്വഭാവവ്യതിയാനങ്ങൾ" എന്ന ഗ്രന്ഥം, വംശോല്പത്തിയിൽ സംഗ്രച്ചെഴുതിയിരുന്ന ആശയങ്ങൾ വികസിപ്പിച്ചതായിരുന്നു. മനുഷ്യപരിണാമത്തേയും ലൈംഗികനിർദ്ധാരണത്തെയും ഒഴിച്ചുനിർത്തിയിട്ടുപോലും അതൊരു ബൃഹദ്‌ഗ്രന്ഥമായി. എന്നാൽ വലിപ്പം വില്പ്പന കുറയാൻ കാരണമായില്ല.[109] അതേ ശൈലിയിൽ, പ്രകൃതിനിർദ്ധാരണത്തിന് കൂടുതൽ തെളിവുകൾ അവതരിപ്പിച്ച മറ്റൊരു ഗ്രന്ഥവും മിക്കവാറും പൂർത്തിയായെങ്കിലും അത് ഡാർവിന്റെ ജീവിതകാലത്ത് അപ്രകാശിതമായിരുന്നു.[110]
വംശോല്പത്തിയുടെ പ്രസിദ്ധീകരണത്തിനു തൊട്ടുപിന്നാലെ തന്നെ മനുഷ്യോല്പത്തിയെ സംബന്ധിച്ച ചോദ്യങ്ങൾ ഡാർവിന്റെ അനുയായികളും എതിരാളികളും ഉന്നയിച്ചിരുന്നെങ്കിലും [111] ഈ വിഷയത്തിൽ ഡാർവിന്റെ സംഭാവനക്ക്, പത്തു വർഷം കഴിഞ്ഞ് 1871-ൽ "മനുഷ്യൻ വന്ന വഴിയും ലൈംഗികനിർദ്ധാരണവും" (Sexual Selection) എന്ന കൃതിയുടെ പ്രസിദ്ധീകരണം വരെ കാത്തിരിക്കേണ്ടി വന്നു. ഇതിൽ, ലൈംഗികനിർദ്ധാരണമെന്ന തന്റെ ആശയത്തെ വികസിപ്പിച്ച്, മനുഷ്യസംസ്കാരത്തിന്റെ പരിണാമം, മനുഷ്യരിലെ ലിംഗവ്യത്യാസം, പക്ഷിത്തൂവലുകളുടെ നിരുദ്ദേശ്യമെന്നു തോന്നിക്കുന്ന നിറപ്പകിട്ട്, എന്നിവയുടെ വിശദീകരണമായി ഡാർവിൻ അവതരിപ്പിച്ചു. അതേസമയം മനുഷ്യജാതി ഒന്നാണെന്ന് ഊന്നിപ്പറയാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.[112] ഒരുവർഷം കഴിഞ്ഞ് ഡാർവിൻ "വികാരപ്രകടനം മനുഷ്യരിലും മൃഗങ്ങളിലും" എന്ന കൃതി പ്രസിദ്ധീകരിച്ചു. ഡാർവിന്റെ പ്രധാനകൃതികളിൽ അവസാനത്തേതായ അത്, ജന്തുജാതിയിലെ പൂർവികരിൽ നിന്നുള്ള തുടർച്ചയിലൂന്നിയുള്ള, മനുഷ്യമനസ്സിന്റെ പരിണാമത്തിന്റെ പഠനമായിരുന്നു. മനുഷ്യമനസ്സിന്റേയും സംസ്കാരത്തിന്റേയും വികാസം പ്രകൃതി-ലൈംഗികനിർദ്ധാരണങ്ങൾ വഴിയാണ് നടന്നതെന്ന് ഡാർവിൻ ഇതിൽ വാദിച്ചു. ഈ കൃതികൾക്ക് ലഭിച്ച സ്വീകരണവും അവ പരക്കെ ചർച്ച ചെയ്യപ്പെട്ടുവെന്നതും ഡാർവിനെ കൃതാർഥനാക്കി. "ഞെട്ടലില്ലാതെ എല്ലാവരും അവ ചർച്ച ചെയ്യുന്നു" എന്ന് അദ്ദേഹം പറഞ്ഞു.[113]"എല്ലാത്തരം ഉന്നതഭാവങ്ങളും, ദീനാനുകമ്പയും, ഹീനജീവികളോടുപോലുമുള്ള ദയയും, ആകാശഗോളങ്ങളുടെവരെ ചലനത്തേയും ഘടനനേയും ചുഴന്നറിയുന്ന ദൈവസമമായ ധിഷണയും ഒക്കെയുണ്ടെങ്കിലും മനുഷ്യൻ അവന്റെ ഉരുവിൽ, തന്റെ ഹീനമായ തുടക്കത്തിന്റെ തുടച്ചാൽ പോകാത്ത മുദ്ര പേറുന്നു" എന്നാണ് "മനുഷ്യൻ വന്ന വഴി"-യിൽ ഡാർവിൻ കണ്ടെത്തിയത്.[114]
പരിണാമസംബന്ധിയായ ഡാർവിന്റെ പരീക്ഷണങ്ങളുടേയും അന്വേഷണങ്ങളുടേയും അന്തിമഫലങ്ങൾ, പടർന്നുകയറുന്ന സസ്യങ്ങൾ, ഷദ്പദഭോജികളായ സസ്യങ്ങൾ, സസ്യങ്ങളിലെ സ്വയം ബീജസങ്കലനനത്തിന്റേയും മിശ്രബീജസങ്കലനത്തിന്റേയും ഫലങ്ങൾ, ഒരേജാതിസസ്യങ്ങളിലെ വ്യത്യസ്തതരം പൂക്കൾ, സസ്യങ്ങളിലെ ചലനശേഷി എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളായിരുന്നു. ഏറ്റവും ഒടുവിലെഴുതിയ പുസ്തകം മണ്ണിന്റെ രൂപവത്കരണത്തിൽ മണ്ണിരയുടെ പങ്കിനെക്കുറിച്ചുള്ള ഡാർവിന്റെ പഴയ പഠനത്തിന്റെ തുടർച്ചയായിരുന്നു.
ഇംഗ്ലണ്ടിൽ കെന്റിലെ ഡൗൺ എന്ന സ്ഥലത്ത് 1882 ഓഗസ്റ്റ് 19-ന് ഡാർവിൻ മരിച്ചു. അവിടെയുള്ള പരിശുദ്ധമറിയത്തിന്റെ ദേവാലയത്തിലെ സംസ്കാരസ്ഥലത്ത് താൻ സംസ്കരിക്കപ്പെടുമെന്നാണ് ഡാർവിൻ കരുതിയിരുന്നത്. എന്നാൽ ഡാർവിന്റെ സുഹൃത്തുക്കളുടെ അഭ്യർഥന മാനിച്ച്, രാജകീയ സഭയുടെ അദ്ധ്യക്ഷനായിരുന്ന വില്യം സ്പോട്ടിങ്ങ്‌വുഡ്, വെസ്റ്റ്മിൻസ്റ്റർ ദേവാലയത്തിൽ ഹെർഷലിന്റേയും ഐസക്ക് ന്യൂട്ടന്റേയും സമീപത്തായി ദേശീയബഹുമതിയോടെ അദ്ദേഹത്തിന്റെ സംസ്കാരം ഏർപ്പാടാക്കി.[115] പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടണിൽ, രാജകുടുബത്തിൽ പെടാത്തവരിൽ ദേശീയബഹുമതികളോടെയുള്ള ഇത്തരം സംസ്കാരം ലഭിച്ചത് കേവലം അഞ്ചു വ്യക്തികൾക്കു മാത്രമായിരുന്നു.[4]
ഡാർവിന്റെ മക്കൾ
തിരുത്തുകവില്യം ഇറാസ്മസ് ഡാർവിൻ | (27 ഡിസംബർ 1839–1914) |
ആനി എലിസബത്ത് ഡാർവിൻ | (2 മാർച്ച് 1841–22 ഏപ്രിൽ 1851) |
മേരി എലിയാനർ ഡാർവിൻ | (23 സെപ്റ്റംബർ 1842–16 ഒക്ടോബർ 1842) |
ഹെന്റിയെറ്റാ എമ്മാ "എറ്റി" ഡാർവിൻ | (25 സെപ്റ്റംബർ 1843–1929) |
ജോർജ് ഹോവാർഡ് ഡാർവിൻ | (9 ജൂലൈ 1845–7 ഡിസംബർ 1912) |
എലിസബത്ത് “ബെസ്സി” ഡാർവിൻ | (8 ജൂലൈ 1847–1926) |
ഫ്രാൻസിസ് ഡാർവിൻ | (16 ഓഗസ്റ്റ് 1848–19 സെപ്റ്റംബർ 1925) |
ലിയോനാർഡ് ഡാർവിൻ | (15 ജനുവരി 1850–26 മാർച്ച് 1943) |
ഹൊറേസ് ഡാർവിൻ | (13 മേയ് 1851–29 സെപ്റ്റംബർ 1928) |
ചാൾസ് വേയറിങ്ങ് ഡാർവിൻ | (6 ഡിസംബർ 1856–28 ജൂൺ 1858) |
ശൈശവത്തിൽ മരിച്ച രണ്ടുപേരടക്കം ഡാർവിന് പത്തുമക്കൾ ജനിച്ചു. പത്താമത്തെ വയസ്സിലെ ആനിയുടെ മരണം ഡാർവിനേയും എമ്മായേയും വല്ലാതെ ബാധിച്ചിരുന്നു. മക്കളെ ഏറെ സ്നേഹിക്കുകയും അവരുടെ കാര്യത്തിൽ ഏറെ താത്പര്യമെടുക്കുകയും ചെയ്ത പിതാവായിരുന്നു ഡാർവിൻ. ഭാര്യ എമ്മ, ഡാർവിന്റെ കസിൻ ആയിരുന്നു. മക്കളുടെ ആരോഗ്യം മോശമായ അവസരങ്ങളിലൊക്കെ, താനും ഭാര്യയും തമ്മിലുള്ള രക്തബന്ധം മൂലം പാരമ്പര്യമായി കിട്ടിയ രോഗങ്ങളാണ് അവരെ അലട്ടുന്നതെന്ന് അദ്ദേഹം ഭയന്നു. മനുഷ്യരുടേയും മറ്റുജീവികളുടേയും കാര്യത്തിൽ ഇത്തരം ബന്ധത്തിന്റെ അനഭികാമ്യതയും ബന്ധുക്കളല്ലാത്തവർക്കിടയിലെ വിവാഹത്തിന്റെ മെച്ചങ്ങളും ഡാർവിന്റെ പിൽക്കാലരചനകളിലെ ഒരു പ്രധാന പ്രമേയമായിരുന്നു.[116] എന്നാൽ ഡാർവിൻ ഭയന്നതിന് വിപരീതമായി, പ്രായപൂർത്തിയോളം ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ മക്കളിൽ മിക്കവരും വിജയകരമായ ജീവിതം നയിക്കുകയും ഡാർവിൻ-വെഡ്ജ്‌വുഡ് കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ ശ്രദ്ധേയരാവുകയും ചെയ്തു.[117]
ഡാർവിന്റെ മക്കളിൽ, ജോർജ്, ഫ്രാൻസീസ്, ഹൊറേസ് എന്നിവർ യഥാക്രമം ജ്യോതിശാസ്ത്രം, സസ്യശാസ്ത്രം, വാസ്തുശില്പശാസ്ത്രം[118] എന്നിവയിൽ പേരെടുത്ത് രാജകീയ സഭയിലെ അംഗങ്ങളായി. മറ്റൊരു മകനായ ലിയൊനാർഡ്, സൈനികൻ, രാഷ്ട്രതന്ത്രജ്ഞൻ, സാമ്പത്തികവിശാരദൻ, യൂജെനിസിസ്റ്റ് എന്നീ നിലകളിൽ പേരെടുക്കുകയും സ്ഥിതിവിവരവിദഗ്ദ്ധനും ജൈവപരിണാമശാസ്ത്രജ്ഞനമ്മായ റൊണാൾഡ് ഫിഷറുടെ മുഖ്യപ്രേരകനാവുകയും ചെയ്തു.[119]
ഡാർവിന്റെ മതവീക്ഷണം
തിരുത്തുകആംഗ്ലിക്കൻ യാഥാസ്ഥിതികരുടെ നിലപാടുകളുമായി ചേർന്നുപോകാത്ത, സന്ധിരഹിത(Non-conformist) പശ്ചാത്തലമായിരുന്നു ഡാർവിന്റെ കുടുംബത്തിന്റേത്. അദ്ദേഹത്തിന്റെ പിതാവും, പിതാമഹനും സഹോദരനും സ്വതന്ത്രചിന്തയുടെ വഴി പിന്തുടർന്നവരുമായിരുന്നു.[120] ഇതൊക്കെയായിട്ടും ആദ്യമൊക്കെ, ഡാർവിൻ ബൈബിളിന്റെ ഉള്ളടക്കത്തെ വാച്യാർഥത്തിൽ തന്നെ സത്യമായെടുത്തു.[121] അദ്ദേഹം ഇംഗ്ലീഷ് സഭയുടെ കീഴിലുള്ള വിദ്യാലയത്തിൽ ചേരുകയും പിന്നീട് കേംബ്രിഡ്ജിൽ പൗരോഹിത്യത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ആംഗ്ലിക്കൻ ദൈവശാസ്ത്രം പഠിക്കുകയും ചെയ്തു.[122] പ്രകൃതിയിൽ പ്രകടമാകുന്ന ക്രമം ദൈവാസ്ഥിത്വം തെളിയിക്കുന്നതായി വാദിച്ച വില്യം പാലിയുടെ സംവിധാനവാദം(Teleological Argument) ഡാർവിന് ബോദ്ധ്യമായി.[123] എന്നാൽ ബീഗിൾ യാത്രക്കിടെ, ആരും ആസ്വദിക്കാനില്ലാത്ത സമുദ്രത്തിന്റെ അത്യഗാധതയിൽ കാണപ്പെടുന്ന പ്ലവജീവികൾക്ക്(Planktons) ഇത്രയേറെ സൗന്ദര്യം നൽകിയിരിക്കുന്നത് എന്തുദ്ദേശ്യത്തിലാണെന്ന ചോദ്യം അദ്ദേഹത്തെ അലട്ടി.[124] ഇച്ച്‌ന്യൂമോൻ കടന്നലുകൾ ചിത്രശലഭങ്ങളുടെ ലാർവകളെ നിഷ്ചേതമാക്കി, തങ്ങളുടെ മുട്ടകൾക്ക് വളരാനുള്ള ആഹാരമാക്കുന്നുവെന്നതിനെ, വില്യം പാലി പറഞ്ഞ ദൈവികസംവിധാനവുമായി പൊരുത്തപ്പെടുത്തുന്നതെങ്ങനെയെന്നും അദ്ദേഹം ആരാഞ്ഞു.[125] ഇതൊക്കെയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നിലപാട് പൊതുവേ യാഥാസ്ഥിതികമായിരുന്നു. സന്മാർഗശാസ്ത്ര-സംബന്ധമായ കാര്യങ്ങളിൽ ആധികാരികതയോടെ അദ്ദേഹം ബൈബിൾ ഉദ്ധരിക്കുമായിരുന്നു. എന്നാൽ പഴയനിയമത്തിന്റെ ചരിത്രത്തെ അദ്ദേഹം വിമർശനദൃഷ്ടിയോടെയാണ് കണ്ടത്.[126]
സാമൂഹ്യവ്യവസ്ഥയുടെ നീതീകരണമായി അംഗീകരിക്കപ്പെട്ടിരുന്ന അതിഭൗതികന്യായങ്ങളെ അട്ടിമറിക്കാൻപോന്ന മൃഗീയമായ മതദ്രോഹമായാണ്(bestial heresy) ജീവശാസ്ത്രജ്ഞന്മാർക്കിടയിലെ തന്റെ സുഹൃത്തുക്കൾ വംശപരിവർത്തനവാദത്തെ കണക്കാക്കിയിരുന്നതെന്ന്, അതേക്കുറിച്ചുള്ള അന്വേഷണങ്ങളിൽ മുഴുകിയിരിക്കുമ്പോൾ തന്നെ ഡാർവിന് അറിയാമായിരുന്നു. വ്യവസ്ഥാപിതസഭയെന്ന നിലയിൽ ആംഗ്ലിക്കൻ സഭക്കുള്ള പ്രത്യേക സ്ഥാനത്തെ ചോദ്യം ചെയ്യാൻ ദൈവനിഷേധികളും വിശ്വാസികൾക്കിടയിലെ വിമതന്മാരും ഉന്നയിച്ചിരുന്ന വാദങ്ങളിൽ ചിലതിനെയാണ് അത് അനുസ്മരിപ്പിച്ചത്.[127] തന്റെ രചനകളിൽ മതത്തെ, ഗോത്രങ്ങളുടെ അതിജീവനതന്ത്രം (tribal survival strategy) എന്ന് വിശേഷിപ്പിച്ചെങ്കിലും ദൈവത്തെ അന്തിമനിയമദാതാവായി അദ്ദേഹം അപ്പോഴും കണക്കാക്കി.[128] ആ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കെ, 1851-ൽ നടന്ന മകൾ ആനിയുടെ മരണം ഡാർവിന്റെ സംശയത്തെ ശക്തിപ്പെടുത്തി.[79] ഇടവകയിലെ വിവിധപ്രവർത്തനങ്ങളിൽ സഹകരിക്കുന്നത് തുടർന്നെങ്കിലും, ഞായറാഴ്ചകളിൽ കുടുംബാംഗങ്ങൾ പള്ളിയിൽ പോകുമ്പോൾ ഡാർവിൻ നടത്തത്തിന് പോവുകയാണ് ചെയ്തിരുന്നത്.[129] വേദനയുടേയും സഹനത്തിന്റേയും കാരണം ദൈവത്തിന്റെ ഇടപെടൽ അല്ല പ്രകൃതിനിയമങ്ങളാണ് എന്നായി അദ്ദേഹത്തിന്റെ പുതിയ മതം.[130] തന്റെ മതവീക്ഷണത്തെപ്പറ്റി അന്വേഷിച്ചവരോട്, ദൈവാസ്ഥിത്വത്തെ നിഷേധിക്കുന്നവൻ എന്ന അർത്ഥത്തിൽ താൻ ഒരിക്കലും നിരീശ്വരവാദി ആയിരുന്നില്ലെന്നും, 'അജ്ഞേയവാദം'(agnosticism) എന്ന വിശേഷണമാണ് തന്റെ മനോഭാവത്തിന് കൂടുതൽ ചേരുന്നത് എന്നുമാണ്.
1915-ൽ പ്രസിദ്ധീകരിച്ചതും ബ്രിട്ടീഷ് സുവിശേഷപ്രചാരക ലേഡി ഹോപ്പിന്റേതായി കരുതപ്പെടുന്നതുമായ ഒരു കഥ, അവസാനകാലത്ത് രോഗശയ്യയിലായിരിക്കെ ഡാർവിൻ പരിണാമവാദത്തെ തള്ളിപ്പറയുകയും ക്രിസ്തുമതവിശ്വാസത്തെ പുനരവലംബിക്കുകയും ചെയ്തതായി അവകാശപ്പെടുന്നുണ്ട്. ഈ അവകാശവാദം ഡാർവിന്റെ മക്കൾ നിഷേധിച്ചിട്ടുണ്ട്. മിക്ക ചരിത്രകാരന്മാരും അതിനെ നുണയായി കരുതി തള്ളിക്കളയുന്നു.[131] ഡാർവിന്റെ രോഗശയ്യക്കരുകിലുണ്ടായിരുന്ന മകൾ ഹെന്റിയേറ്റ, ഡാർവിൻ ക്രിസ്തുമതത്തിലേക്ക് മടങ്ങിയില്ലെന്ന് തറപ്പിച്ചുപറയുന്നു.[132] ഡാർവിന്റെ അവസാനവാക്കുകൾ ഭാര്യ എമ്മായെ ഉദ്ദേശിച്ചായിരുന്നു: "നീ എത്ര നല്ല ഭാര്യയായിരുന്നുവെന്നത് മറക്കരുത്" എന്ന് അദ്ദേഹം അവരോട് പറഞ്ഞു.[133]
രാഷ്ട്രീയവ്യാഖ്യാനങ്ങൾ
തിരുത്തുകഡാർവിന്റെ സിദ്ധാന്തങ്ങളും രചനകളും ഗ്രിഗർ മെൻഡലിന്റെ പാരമ്പര്യസംബന്ധമായ സിദ്ധാന്തങ്ങളുമായി ചേർന്നുണ്ടായ "നവ സംശ്ലേഷണം"(Modern synthesis) ആധുനിക ജീവശാസ്ത്രത്തിന്റെയാകെ അടിസ്ഥാനമായിരിക്കുന്നു.[134] എന്നാൽ ഡാർവിന്റെ പ്രശസ്തിയും ജനസമ്മതിയും, അദ്ദേഹത്തിന്റെ ആശയങ്ങളുമായി വിദൂരബന്ധം മാത്രമുള്ളവയും ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ വ്യക്തമായ നിലപാടുകൾക്ക് കടകവിരുദ്ധമായവയുമായ ആശയങ്ങൾ ഡാർവിന്റെ പേരിൽ അവതരിപ്പിക്കപ്പെടുന്നതിനിടയാക്കി.
സുജനനവിജ്ഞാനീയം (യൂജെനിക്‌സ്)
തിരുത്തുക'വംശോല്പത്തി'-യുടെ പ്രസിദ്ധീകരണത്തെ തുടർന്ന്, മനുഷ്യരിലെ സ്വഭാവമേന്മകളും മാനസികമായ കഴിവുകളും പാരമ്പര്യസിദ്ധമാണെന്ന് തലമുറകൾ പങ്കിടുന്ന സ്വഭാവങ്ങളുടെ സ്ഥിതിവിവരക്കണക്കുകളുടെ പഠനം വെളിവാക്കുന്നതായി 1865-ൽ ഡാർവിന്റെ കസിൻ ഫ്രാൻസിസ് ഗാൽട്ടൻ ചൂണ്ടിക്കാണിച്ചു. തുടർന്ന്, ജന്തുജാതികളുടെ ഗുണമേന്മ കൂട്ടാനായി മൃഗപാലകർ പിന്തുടരുന്ന പ്രജനന തത്ത്വങ്ങൾ മനുഷ്യർക്കും ബാധകമാക്കാവുന്നതാണെന്ന് അദ്ദേഹം വാദിച്ചു. ദുർബ്ബലവ്യക്തികളെ നിലനിൽക്കാനും പ്രത്യുല്പാദിപ്പിക്കാനും സഹായിക്കുന്നത് പ്രകൃതിനിർദ്ധാരണത്തിൽ നിന്നുളവാകാവുന്ന പ്രയോജനത്തിന് അവസരമില്ലാതാക്കുമെന്ന് "മനുഷ്യൻ വന്ന വഴി" എന്ന കൃതിയിൽ ഡാർവിനും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, അത്തരം സഹായത്തിന്റെ നിഷേധം മനുഷ്യസഭാവത്തിലെ ഏറ്റവും ഉന്നതമായ ദയാഭാവത്തെ ഇല്ലാതാക്കുമെന്നതിനാൽ അഭികാമ്യമല്ലെന്നും വിദ്യാഭ്യാസവും മറ്റും വഴി ദുർബ്ബലരുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാരമ്പര്യത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന ഗവേഷണത്തിന്റെ ഫലങ്ങൾ പരസ്യപ്പെടുത്തുകയും ഗുണത്തികവുള്ളവരെ, അവരുടെ 'ജാതി'യിൽ നിന്നു തന്നെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്നായിരുന്നു ഗാൾട്ടന്റെ അഭിപ്രായം. എന്നാൽ മനുഷ്യവർഗ്ഗത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനുദ്ദേശിച്ചുള്ള ആ പദ്ധതി പ്രയോഗസാദ്ധ്യതയില്ലാത്തതാണെന്ന് ഡാർവിൻ കരുതി. പാരമ്പര്യത്തിന്റെ പ്രസക്തിയെ വെളിവാക്കിയിട്ട്, അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വ്യക്തികൾക്ക് വിട്ടുകൊടുക്കുന്നതിനോടായിരുന്നു ഡാർവിന് യോജിപ്പ്.[135]
ഡാർവിന്റെ മരണശേഷം 1883-ൽ, ഈ പുതിയ പഠനവിഭാഗത്തിന് ഗാൾട്ടൻ സുജനനവിജ്ഞാനീയം (eugenics) എന്നു പേരിടുകയും ജീവജാതികളുടെ ഗുണമേന്മ അളക്കുന്ന ബയോമെട്രിക്സ് എന്ന മാർഗ്ഗം വികസിപ്പിച്ചെടുക്കുകയും ചെയ്തു. പാരമ്പര്യസിദ്ധമായ സ്വഭാവങ്ങളെക്കുറിച്ചുള്ള ഗ്രിഗർ മെൻഡലിന്റെ സിദ്ധാന്തങ്ങളുടെ പ്രചരണത്തെ തുടർന്ന് പ്രകൃതിനിർദ്ധാരണവാദത്തിന്റെ പ്രാമാണികത കുറഞ്ഞ സമയത്താണ് സുജനനവിജ്ഞാന പ്രസ്ഥാനങ്ങൾ ശക്തമായത്. അവയുടെ പ്രഭാവത്തിൽ, അമേരിക്കൻ ഐക്യനാടുകളടക്കം പലയിടങ്ങളിലും നിർബ്ബന്ധിത വന്ധ്യംകരണനിയമങ്ങൾ പോലും നടപ്പായി. എന്നാൽ ഈ ആശയങ്ങളുടെ പിൻബലത്തിൽ ഹിറ്റ്ലറുടെ ജർമ്മനിയിൽ പ്രയോക്തമായ നാത്സി യൂജെനിക്സിന്റെ ക്രൂരതകൾ സുജനനവിജ്ഞാനം എന്ന ആശയത്തെതന്നെ തീർത്തും അസ്വീകാര്യമാക്കി.[ഘ]
സാമൂഹ്യഡാർവിനിസം
തിരുത്തുകവസ്തുസ്ഥിതികളുടെ വിശദീകരണമായ സിദ്ധാന്തങ്ങളെ ധാർമ്മികവും സാമൂഹ്യവുമായ നിലപാടുകളുടെ നീതീകരണങ്ങളായെടുക്കുന്നത് സന്മാർഗസംബന്ധിയായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മാൽത്തൂസിയൻ സർവനാശം പ്രൊട്ടസ്റ്റന്റ് കർമ്മപ്രതിബദ്ധതയിലേക്കും നിയന്ത്രിതപ്രജനനത്തിലേക്കും മനുഷ്യരെ നയിക്കാനായി ദൈവം കണ്ടെത്തിയ വഴിയാണെന്ന തോമസ് മാൽത്തൂസിന്റെ വാദം, 1830-കളിൽ നിരാലംബരെ നിർബ്ബന്ധിതമായി കൂട്ടത്തോടെ താമസിപ്പിക്കുന്ന വേലവീടുകളുടേയും (Work Houses)കമ്പോളനിയമങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയുടേയും നീതീകരണമായി കണക്കാക്കപ്പെട്ടു.[136] പൊതുവേ, ജൈവപരിണാമം സാമൂഹ്യമാനങ്ങളുള്ള ഒരാശയമായി പരിഗണിക്കപ്പെട്ടു. ഹെർബർട്ട് സ്പെൻസറുടെ സാമൂഹ്യയാഥാർഥ്യങ്ങൾ(1851) എന്ന കൃതിയിലെ മനുഷ്യാവകാശങ്ങളേയും വ്യക്തിസ്വാതന്ത്ര്യത്തേയും സംബന്ധിച്ച ആശയങ്ങൾക്ക്, സ്പെൻസർ പിന്തുടർന്നിരുന്ന ലാമാർക്കിന്റെ പരിണാമ സിദ്ധാന്തമായിരുന്നു അടിസ്ഥാനം.[137]
ഡാർവിന്റെ സിദ്ധാന്തം ജീവലോകത്തിലെ വൈവിദ്ധ്യത്തിന്റെ വസ്തുനിഷ്ഠവിശദീകരണം മാത്രമായിരുന്നു. പരിണാമം ലക്‌ഷ്യോന്മുഖമായ മുന്നേറ്റമല്ലെന്നും ഒരു ജീവിയെ മറ്റൊന്നിന് മേലായി കണക്കാക്കുന്നത് അസംബന്ധമാണെന്നും ഡാർവിൻ കരുതി. എന്നാൽ 1859-ൽ വംശോല്പത്തിയുടെ പ്രസിദ്ധീകരണം കഴിഞ്ഞയുടനേ, "നിലനില്പ്പിനുവേണ്ടിയുള്ള സമരം" എന്ന ആശയത്തിലൂടെ വ്യവസായമുതലാളിത്തത്തിന് മാൽത്തൂസിയൻ നീതീകരണം കണ്ടെത്തുകയാണ് ഡാർവിൻ ചെയ്തതെന്ന് വിമർശകർ പരിഹസിച്ചു. സ്വതന്ത്രകമ്പോളത്തിന്റെ മാർഗ്ഗത്തെ അർഹതയുള്ളവരുടെ അതിജീവനമായി കണ്ട സ്പെൻസറുടേയും , മനുഷ്യപുരോഗതിയെ കുറിച്ച് വംശീയമുൻവിധികൾ നിറഞ്ഞ ആശയങ്ങൾ അവതരിപ്പിച്ച ഏണസ്റ്റ് ഹെക്കലിന്റേയും ഒക്കെ നിലപാടുകൾ ഡാർവിനിസമായി തെറ്റിദ്ധരിക്കപ്പെട്ടു. അക്കാലത്തെ വംശീയമുൻവിധികളിൽ ഡാർവിനെ ബാധിച്ചിരുന്നില്ല. അടിമത്തത്തിനും, മനുഷ്യജാതിയിലെ വ്യത്യസ്തജനതകളെ വ്യത്യസ്ത വംശങ്ങളായി കണക്കാക്കുന്നതിനും, ആദിമജനതകളുടെ ചൂഷണത്തിനും എല്ലാം ഡാർവിൻ എതിരായിരുന്നു.[138][ങ]
നിയന്ത്രണങ്ങളൊന്നുമില്ലാത്ത കഴുത്തറപ്പൻ മുതലാളിത്തം, വംശീയമായ മുൻവിധികൾ, യുദ്ധം, കോളനിവാഴ്ച, നവസാമ്രാജ്യവാദം തുടങ്ങിയ ആശയങ്ങളുടെ പ്രോക്താക്കാൾ, വ്യത്യസ്തങ്ങളും പലപ്പോഴും പരസ്പരവിരുദ്ധങ്ങളുമായ തങ്ങളുടെ നിലപാടുകളുടെ സ്ഥാപനത്തിന് പ്രകൃതിനിർദ്ധാരണവാദത്തെ കരുവാക്കി. എന്നാൽ പ്രകൃതിയെ സംബന്ധിച്ച ഡാർവിന്റെ ആശയ സമുച്ചയത്തിൽ ജീവികൾക്കിടയിൽ ഒന്നിനൊന്നോടുള്ള സഹകരണവും ഉൾപ്പെട്ടിരുന്നു. അതിനാൽ സമാധാനവാദികളും(pacifists), സമാജവാദികളും(socialists), സ്വതന്ത്രതാവാദികളും(liberals), സാമൂഹ്യനവോത്ഥാനവാദികളും, പീറ്റർ ക്രോപ്പോട്ട്‌കിനെപ്പോലുള്ള അരാജകത്വവാദികളും മറ്റും ജീവികൾക്കിടയിലെ സഹകരണത്തിന്റെ വക്താവായി ഡാർവിനെ ചിത്രീകരിച്ചു.[139] പ്രകൃതിയിലെ നിലനില്പ്പിനു വേണ്ടിയുള്ള സമരവും നിർദ്ധാരണവും സാമൂഹ്യസൃഷ്ടിയുമായി ബന്ധപ്പെട്ട നയങ്ങളുടെ രൂപവത്കരണത്തിന് ചേരുന്ന മാതൃകകളല്ല എന്നായിരുന്നു ഡാർവിന്റെ തന്നെ നിലപാട്.[140]
സാമൂഹ്യഡാർവിനിസമെന്നത് 1890-കൾ മുതൽ,പരിമിതമായാണെങ്കിലും പ്രചരിച്ചിരുന്ന ഒരു പ്രയോഗമാണ്. എന്നാൽ സമാജവാദത്തേയും സാമൂഹ്യപരിഷ്കരണത്തേയും എതിർത്ത വില്യം ഗ്രഹാം സംനറെപ്പോലുള്ളവരുടെ അനിയന്ത്രിത കമ്പോളവാദത്തെ വിമർശിക്കാൻ റിച്ചാർഡ് ഹോഫ്സ്റ്റാൻഡർ ഉപയോഗിച്ചതോടെയാണ്, 1940-കളിൽ അതൊരു ശകാരപദമായി മാറിയത്.[141][136]
അനുസ്മരണം
തിരുത്തുകഡാർവിന്റെ ജീവിതകാലത്തുതന്നെ, ചില ജീവിവർഗ്ഗങ്ങൾക്കും ഭൗമശാസ്ത്രത്തിലെ നാഴികക്കല്ലുകൾ എന്നുപറയാവുന്ന സ്ഥലങ്ങൾക്കും, അദ്ദേഹത്തിന്റെ പേരിട്ടിരുന്നു. ഒരു ഹിമക്കട്ടയുടെ ആഘാതം സൃഷ്ടിച്ച വൻതിരയിൽ വള്ളങ്ങൾ ഒഴുകിപ്പോയി ബീഗിൾ യാത്രികർ അടുത്തുള്ള കരയിൽ ഒറ്റപ്പെട്ടുപോയേക്കുമായിരുന്ന അവസ്ഥയിൽ, സമയോചിതമായ ഇടപെടൽ വഴി ഡാർവിൻ അവരെ രക്ഷപെടുത്തിയതിനെ തുടർന്ന്, തെക്കേ അമേരിക്കയുടെ തെക്കേയറ്റത്ത്, തിയെരാ ദെൽ ഫ്വേഗോയിലെ ദ്വീപുകൾക്കിടയിലെ ബീഗിൾ കടല്പ്പാതയോട് ചേർന്നുകിടക്കുന്ന ഒരു ജലപ്പരപ്പിന്, കാപ്റ്റൻ ഫിറ്റ്സ്റോയ്, ഡാർവിൻ സൗണ്ട് എന്നു പേരിട്ടിരുന്നു.[142] അടുത്ത്, ആൻഡീസ് പർവതനിരയിലുള്ള ഒരു കൊടുമുടിക്ക് ഡാർവിന്റെ ഇരുപത്തിയഞ്ചാം ജന്മദിനത്തിൽ ഡാർവിൻ കൊടുമുടി എന്നും പേരിട്ടു.[143]
1839-ൽ ബീഗിൾ ആസ്ത്രേലിയയെ സംബന്ധിച്ച അന്വേഷണങ്ങളിലായിരുന്നപ്പോൾ, ഡാർവിന്റെ സുഹൃത്ത് ലോട്ട് സ്ട്രോക്ക് കണ്ടെത്തിയ സ്വാഭാവികതുറമുഖത്തിനും ഡാർവിൻ തുറമുഖം എന്നാണ് പേരിട്ടത്.[144] അവിടെ 1869-ൽ പാമേസ്റ്റൺ സ്ഥാപിച്ച അധിവാസമേഖലയെ 1911-ൽ പുനർനാമകരണം ചെയ്തപ്പോൾ കൊടുത്തപേരും ഡാർവിൻ എന്നായിരുന്നു. പിന്നീടത് ആസ്ത്രേലിയയുടെ വടക്കൻപ്രവിശ്യയുടെ തലസ്ഥാന മായി.[144] ചാൾസ് ഡാർവിൻ സർവകലാശാലയും,[145] ചാൾസ് ഡാർവിൻ ദേശീയോദ്യാനവും [146] അവിടെത്തന്നെയാണ്. കേംബ്രിഡ്ജിൽ 1964-ൽ സ്ഥാപിച്ച ഡാർവിൻ കോളജിന് ആ പേരിട്ടത്, അതിരുന്ന ഭൂമിയിൽ ഒരുഭാഗത്തിന്റെ ഉടമസ്ഥരായിരുന്ന ഡാർവിൻ കുടുംബത്തിന്റെ ബഹുമാനാർഥമായിക്കൂടിയാണ്.[147]
ഗാലപ്പാഗോസിൽ ഡാർവിൻ കണ്ടെത്തിയ പതിനാലു ജാതി ഫിഞ്ച് പക്ഷികൾ അദ്ദേഹത്തിന്റെ പൈതൃകത്തിന്റെ സ്മരണക്കായി ഡാർവിന്റെ ഫിഞ്ചുകൾ എന്നു വിളിക്കപ്പെടുന്നു.[148] 1992-ൽ മൈക്കേൾ എച്ച് ഹാർട്ട് ഉണ്ടാക്കിയ ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളുടെ പട്ടികയിൽ ഡാർവിന് പതിനാറാം സ്ഥാനമായിരുന്നു.[149] ബി.ബി.സി. ജനകീയ വോട്ടെടുപ്പിലൂടെ രൂപവത്കരിച്ച, ഇന്നേവരെ ജീവിച്ചിരുന്നവരിൽ ഏറ്റവും മഹാന്മാരായ നൂറു ബ്രിട്ടീഷുകാരുടെ പട്ടികയിൽ ഡാർവിന് നാലാം സ്ഥാനം കിട്ടി.[150] രണ്ടായിരാമാണ്ടിൽ ബ്രിട്ടണ്ടെ രണ്ടു പൗണ്ട് നോട്ടിൽ നേരത്തേയുണ്ടായിരുന്ന ചാൾസ് ഡിക്കൻസിന്റെ ചിത്രത്തിനുപകരം ഡാർവിന്റെ ചിത്രമാക്കി. ഡാർവിന്റെ ആകർഷകമായ താടിമീശയുടെ സമൃദ്ധി, ബാങ്കിന്റെ തീരുമാനത്തെ സ്വാധീനിച്ച ഘടകങ്ങളിലൊന്നായിരുന്നു എന്ന് പറയപ്പെടുന്നു.[151]
പരിണാമവാദത്തിന്റെ ഫലിതം കലർന്ന ഒരാഘോഷമെന്ന നിലയിൽ "തങ്ങളെത്തന്നെ അതിൽ നിന്ന് മാറ്റിക്കൊണ്ട് മനുഷ്യവർഗ്ഗത്തിന്റെ ജനിതകച്ചേരുവയെ (Gene Pool) മെച്ചപ്പെടുത്തുന്നവർക്ക്" ആണ്ടിലൊരിക്കൽ, ഡാർവിൻ അവാർഡും സമ്മാനിക്കാറുണ്ട്.[152]
ഡാർവിന്റെ അനേകം ജീവചരിത്രങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. ഇർവിങ്ങ് സ്റ്റോൺ 1980-ൽ എഴുതിയ ഉല്പത്തി എന്ന നോവൽ ഇരുപത്തിരണ്ടാമത്തെ വയസ്സുമുതലുള്ള ഡാർവിന്റെ ജീവിതത്തിന്റെ സാങ്കല്പികചിത്രീകരണമാണ്.
ഡാർവിൻ ദിനം
തിരുത്തുകഅദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 12 ഡാർവിൻ ദിനമായി ലോകമെങ്ങും ആചരിക്കുന്നു. ശാസ്ത്രത്തിന് ഡാർവിൻ നൽകിയ സംഭാവനകളെയും ശാസ്ത്രത്തെയും ഉയർത്തിക്കാട്ടുന്നതിനാണ് ഈ ദിവസംആചരിക്കുന്നത്.[153]
2009-ലെ ഡാർവിൻ വാർഷികാഘോഷങ്ങൾ
തിരുത്തുകഡാർവിന്റെ ഇരുനൂറാം ജന്മവാർഷികവും വംശോല്പത്തിയുടെ പ്രസിദ്ധീകരണത്തിന്റെ 150-ആം വാർഷികവും ലോകമെങ്ങും വൻതോതിൽ ആഘോഷിക്കപ്പെടുന്നുണ്ട്.[154] അതിന്റെ ഭാഗമായി, 2006-ൽ ന്യൂയോർക്ക് പട്ടണത്തിലെ പ്രകൃതിശാസ്ത്ര കാഴ്ചബംഗ്ലാവിൽ അനാവൃതമായ ഡാർവിൻ പ്രദർശനത്തിന് പിന്നീട് ചിക്കാഗോയിലെ ഫീൽഡ് മ്യൂസിയവും തുടർന്ന് ടൊറോണ്ടോയിലെ റോയൽ ഒണ്ടാറിയോ മ്യൂസിയവും വേദികളായി. 2009 അവസാനം അത് ലണ്ടണിൽ പ്രദർശിപ്പിക്കപ്പെടും.[155] ജൂലൈ 2009-ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നടക്കാനിരിക്കുന്ന ഉത്സവവും, ലണ്ടണിലെ പ്രകൃതിചരിത്രസംഗ്രഹാലയത്തിന്റെ കുടക്കീഴിൽ കുറേ ബ്രിട്ടീഷ് സംഘടനകൾ പദ്ധതിയിട്ടിരിക്കുന്ന ഡാർവിൻ-200 എന്ന ആഘോഷപരമ്പരയും ആണ് ഈ അവസരത്തിലെ മറ്റ് ആഘോഷങ്ങൾ.[156] 2009 ജൂലൈയിൽ കേംബ്രിഡ്ജ് സർവകലാശാലയും ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.[157]
ബ്രിട്ടീഷ് സർക്കാർ ഈ വാർഷികങ്ങളോടനുബന്ധിച്ച് ഇറക്കിയ രണ്ടു പൗണ്ടിന്റെ വിശിഷ്ട നാണയത്തിൽ ഡാർവിൻ ഒരു വലിയ ആൾക്കുരങ്ങിനു നേർക്കുനേർ നിൽക്കുന്നതായി ചിത്രീകരിച്ചിട്ട് അതിനു താഴെ 1809 ഡാർവിൻ 2009 എന്നും, വിളുമ്പിൽ വംശോല്പത്തി - 1859 എന്നും രേഖപ്പെടുത്തിയിരിക്കുന്നു. നാണയശേഖകർക്ക് കൂടിയ വിലക്ക് മുൻകൂർ ലഭ്യമാകുന്ന ഈ നാണയം 2009-ൽ, ബാങ്കുകളിൽ നിന്നും തപാൽ ഓഫീസുകളിൽ നിന്നും മുഖവിലക്ക് ലഭിക്കും.[158]
2008 സെപ്തംബറിൽ ഇറക്കിയ ഒരു പ്രമാണരേഖയിൽ ആംഗ്ലിക്കൻ സഭ, ഡാർവിനെ തെറ്റിദ്ധരിക്കുകയും മറ്റുള്ളവർ ഇപ്പോഴും തെറ്റിദ്ധരിക്കാൻ അവസരമുണ്ടാക്കുകയും ചെയ്തതിനും, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളോടുള്ള ആദ്യപ്രതികരണം അബദ്ധമായിപ്പോയതിനും മാപ്പുചോദിക്കാൻ പറ്റിയ അവസരമാണ് 200-ആം ജന്മവാർഷികമെന്ന് പറഞ്ഞു.[159]
രചനകൾ
തിരുത്തുകരചനാസിദ്ധിക്ക് പേരുകേട്ട ശാസ്ത്രജ്ഞനായിരുന്നു ഡാർവിൻ. പരിണാമസിദ്ധാന്തത്തെക്കുറിച്ചുള്ള കൃതികൾ എഴുതിയിരുന്നില്ലെങ്കിലും ബീഗിൾ യാത്രയുടെ കഥ, തെക്കേ അമേരിക്കയുടെ ഭൗമശാസ്ത്രത്തെ സംബന്ധിച്ച കൃതികൾ, പവിഴപ്പുറ്റുപൊയ്കകളുടെ(Coral Atolls) രൂപവത്കരണത്തിന്റെ രഹസ്യം അനാവരണം ചെയ്യുന്ന രചനകൾ, ബാർണക്കിളുകളെ സംബന്ധിച്ച പഠനങ്ങൾ എന്നിവ, ഗ്രന്ഥകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തി ഉറപ്പാക്കുമായിരുന്നു. ഡാർവിൻ വംശോല്പത്തിയുടെ പേരിലാണ് ഏറെയും അറിയപ്പെടുന്നതെങ്കിലും, മനുഷ്യൻ വന്ന വഴിയും ലൈംഗികനിർദ്ധാരണവും, വികാരപ്രകടനം മനുഷ്യരിലും മൃഗങ്ങളിലും തുടങ്ങിയവയും പ്രധാനമാണ്. സസ്യങ്ങളെ സംബന്ധിച്ച് എഴുതിയ, സസ്യങ്ങളിലെ ചലനശേഷി പോലുള്ള കൃതികളും ഏറെ പ്രാധാന്യമുള്ള രചനകളാണ്.[160]
കുറിപ്പുകൾ
തിരുത്തുകക. ^ ഡാർവിൻ പ്രകൃതിശാസ്ത്രം, ഭൗമശാസ്ത്രം, ജീവശാസ്ത്രം എന്നീ മേഖലകളിലും എഴുത്തുകാരനെന്ന നിലയിലും പ്രാഗല്ഭ്യം തെളിയിച്ചു. ഡോക്ടറുടെ സഹായിയായി പ്രവൃത്തിപരിചയം നേടിയുള്ള തുടക്കത്തിനുശേഷം അദ്ദേഹം രണ്ടുവർഷം വൈദ്യവിദ്യാർത്ഥിയായിരുന്നു. പിന്നീട് പുരോഹിതവൃത്തിക്ക് പരിശീലനം നേടി. മൃഗചർമ്മങ്ങളെ സ്റ്റഫ് ചെയ്തു സൂക്ഷിക്കുന്ന റ്റാക്സിഡെർമി എന്ന വിദ്യയിലും ഡാർവിന് പരിശീലനം ലഭിച്ചിട്ടുണ്ട്.
ഖ. ^ ബീഗിൾ യാത്രയിൽ നിന്ന് മടങ്ങിവന്നശേഷം റോബർട്ട് ഫിറ്റ്സ്റോയ് ബൈബിളിന്റെ അക്ഷരാർഥത്തിലുള്ള വ്യാഖ്യാനത്തിൽ വിശ്വസിക്കാൻ തുടങ്ങി. എന്നാൽ യാത്രയുടെ സമയത്ത് അദ്ദേഹത്തിന് ലില്ലിന്റെ ആശയങ്ങളിൽ കാര്യമായ താത്പര്യമുണ്ടായിരുന്നു. യാത്രതുടങ്ങുന്നതിനുമുൻപ് ലിൽ ഫിറ്റ്സ്റൊയിയെ കാണുകയും തെക്കേ അമേരിക്കയെക്കുറിച്ച് നിരീക്ഷണങ്ങൾ നടത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പറ്റഗോണിയയിലെ സാന്താക്രൂസ് നദിയിലൂടെ യാത്രചെയ്യുമ്പോൾ എഴുതിയ കുറിപ്പുകളിൽ അവിടത്തെ സമതലങ്ങൾ ഉയർത്തപ്പെട്ട സമുദ്രതടങ്ങൾ ആണെന്ന് ഫിറ്റ്സ്റോയ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ തിരികെ വന്ന് ഏറെ മതതീക്ഷ്ണതയുള്ള ഒരു വനിതയെ വിവാഹം കഴിച്ച അദ്ദേഹം, പഴയ വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞു. (Browne 1995, പുറങ്ങൾ. 186, 414)
ഗ. ^ ഗിൽബർട്ട് ആൻഡ് സള്ളിവൻ പ്രസിദ്ധീകരിച്ച ഇഡാ രാജകുമാരി എന്ന പുസ്തകത്തിലുള്ള ഉന്നതകുലജാതയായ വനിത എന്ന പാട്ട്, ഡാർവിന്റെ സിദ്ധാന്തങ്ങൾ ജനകീയ സംസ്കാരത്തിൽ മാറ്റൊലിക്കൊണ്ടതിന് ഉദാഹരണമാണ്. ആ പാട്ടിലെ വിവരണം അനുസരിച്ച് നാരിയല്ല, നരൻ മാത്രമാണ് വാനരനിൽ നിന്നുണ്ടായത്.
ഘ. ^ പാരമ്പര്യശാസ്ത്രജ്ഞന്മാർ മെൻഡലിന്റെ മാതൃകയിൽ പൈതൃകത്വത്തെ പഠിച്ചപ്പോൾ, സുജനനവൈജ്ഞാനികർ (Eugenist) സാമൂഹ്യവർഗ്ഗങ്ങളേയും വംശീയതയേയും അടിസ്ഥാനമാക്കി സമൂഹത്തെ പുനർസൃഷ്ടിക്കാൻ ശ്രമിച്ചു. മുൻനിരയിലെ പാരമ്പര്യശാസ്ത്രജ്ഞന്മാർ ഇതിനെ അപ്രായോഗികമായ കപടശാസ്ത്രമായാണ് കണ്ടത്. പാരമ്പര്യത്തിന്റെ കാര്യത്തിൽ സ്വമേധയായുള്ള മുൻകരുതലുകളുടെ സ്ഥാനം നിഷേധാത്മകമായ സുജനനവിജ്ഞാനീയം കൈയ്യടക്കിയപ്പോൾ, അമേരിക്കൻ ഐക്യനാടുകളിൽ നിർബ്ബന്ധിത വന്ധ്യംകരണം നടപ്പായി. നാത്സികൾ ഇതിനെ കടംകൊണ്ട്, അവരുടെ കടുത്ത വംശീയതയുടേയും വംശശുദ്ധി വാദത്തിന്റേയും അടിസ്ഥാനമാക്കി.
(Thurtle, Phillip (Updated December 17, 1996), "the creation of genetic identity", SEHR, vol. 5, no. Supplement: Cultural and Technological Incubations of Fascism {{citation}}
: Check date values in: |date=
(help)
ങ. ^ മറ്റ് ജനതകൾ തരംതാണവരാണെന്ന് അക്കാലത്ത് പലരും വിശ്വസിച്ചിരുന്നു. എന്നാൽ ഡാർവിൻ ഈ വിശ്വാസം പങ്കുപറ്റിയിരുന്നില്ല. മൃഗചർമ്മങ്ങളെ സ്റ്റഫ് ചെയ്ത് ജീവാകാരം നൽകി സൂക്ഷിക്കുന്ന റ്റാക്സിഡെർമി എന്ന വിദ്യയിൽ ഡാർവിന്റെ ഗുരുവായിരുന്നത്, മുൻപ് അടിമയായിരുന്ന ജോൺ എഡ്മൺസ്റ്റൺ എന്ന കറുത്ത വർഗ്ഗക്കാരനായിരുന്നു. അദ്ദേഹത്തെ ഡാർവിൻ ബുദ്ധിമാനും ഉല്ലാസപ്രകൃതിയും എന്നാണ് വിശേഷിപ്പിച്ചത്.
ബീഗിൾ യാത്രയുടെ തുടക്കത്തിൽ അടിമവ്യവസ്ഥയെ ന്യായീകരിച്ച ഫിറ്റ്സ്റോയിയെ വിമർശിച്ചതിന്റെ പേരിൽ ഡാർവിന് കപ്പലിലെ സ്ഥാനം തന്നെ മിക്കവാറും നഷ്ടമായതാണ്. (Darwin, പുറം. 74) യാത്രക്കിടെ, വീട്ടിലേക്ക് അദ്ദേഹം ഇങ്ങനെ എഴുതി: "തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യക്തമാകുന്നതുപോലെ അടിമത്തത്തിനെതിരായി ജനവികാരം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് വ്യക്തം. അതിനെ തീർത്തും നിർമ്മാർജ്ജനം ചെയ്യുന്ന ആദ്യത്തെ രാഷ്ട്രം ഇംഗ്ലണ്ടാണെങ്കിൽ എത്ര അഭിമാനകരമാകുമായിരുന്നു! ഇംഗ്ലണ്ടിൽ നിന്ന് പോരുന്നതിന് മുൻപ്, അടിമരാജ്യങ്ങളിൽ ജീവിച്ചുകഴിയുമ്പോൾ എന്റെ അഭിപ്രായം മാറുമെന്ന് ചിലർ എന്നോടുപറഞ്ഞു; എന്റെ അഭിപ്രായത്തിൽ വന്ന ഒരേയൊരു വ്യത്യാസം നീഗ്രോയുടെ സ്വഭാവത്തെക്കുറിച്ചുള്ള മതിപ്പിന്റെ വർദ്ധനയാണ്." (Darwin 1887, പുറം. 246) തിയെരാ ഡെൽ ഫ്വേഗോയിലെ മനുഷ്യരെ കണ്ടപ്പോൾ, "പരിഷ്കൃതമനുഷ്യരും കാട്ടാളരും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന്" അദ്ദേഹം അത്ഭുതപ്പെട്ടു. എന്നാൽ കാട്ടുമൃഗങ്ങളും വളർത്തുമൃഗങ്ങളും തമ്മിലുള്ളതിനേക്കാൾ വലിയ അന്തരം പരിഷ്കൃത മനുഷ്യരും അവരും തമ്മിലുള്ളത്, "മനുഷ്യർക്ക് പുരോഗതിക്കുള്ള കഴിവ് കൂടുതലുള്ളതുകൊണ്ടാണെന്ന്" അദ്ദേഹം കരുതി. ജെമ്മി ബട്ടണെപ്പോലുള്ള പരിഷ്കൃത ഫ്വേഗുവന്മാരെ അദ്ദേഹം അറിയുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. "അയാളിലുള്ള അനേകം ഗുണങ്ങൾ കണ്ടപ്പോൾ, ഇവിടെ കണ്ട അപരിഷ്കൃതരുടെ നിലയിൽ കഴിഞ്ഞ്, അവരുടെ രീതികൾ പങ്കിട്ട് അയാൾ കഴിഞ്ഞേക്കുമായിരുന്ന കാര്യമോർത്ത് എനിക്കത്ഭുതം തോന്നി" എന്നദ്ദേഹം പറഞ്ഞു.(Darwin 1845, പുറങ്ങൾ. 205, 207–208)
മനുഷ്യൻ വന്ന വഴി എന്ന പുസ്തകത്തിൽ മനുഷ്യർക്കിടയിലെ വ്യത്യസ്തജനതകളെ വ്യത്യസ്ത ജന്തുജാതികളായി കണക്കാക്കുന്നതിനെതിരായി വാദിക്കുമ്പോൾ ഡാർവിൻ ഫ്വേഗുവന്മാരുടേയും എഡ്മൺസ്റ്റന്റേയും കാര്യം പറയുന്നുണ്ട്.[161]
ആദിമജനതകളോടു കാട്ടുന്ന ക്രൂരതയെ ഡാർവിൻ എതിർത്തു. ഉദാഹരണത്തിന് പറ്റഗോണിയയിലെ ജനങ്ങളെ ആബാലവൃദ്ധം കൂട്ടക്കൊല ചെയ്യുന്നതുകണ്ട് അദ്ദേഹം ഇങ്ങനെ എഴുതി: "ഈ യുദ്ധം ആദിമജനജാതികൾക്കുനേരേയുള്ളതാകയാൽ തികച്ചും ന്യായീകരിക്കാവുന്നതാണെന്നാണ് ഇവിടെ എല്ലാവരുടേയും ബോദ്ധ്യം. ഒരു പരിഷ്കൃത ക്രൈസ്തവ രാജ്യത്ത് ഇത്തരം കൊടും കൊലകൾ ഇക്കാലത്ത് നടത്താനാകുമെന്ന് അരെങ്കിലും വിശ്വസിക്കുമോ?" (Darwin 1845)
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 van Wyhe 2008 .
- ↑ The Complete Works of Darwin Online - Biography. darwin-online.org.uk. Retrieved on 2006-12-15.
Dobzhansky 1973 - ↑ Darwin - At last. American Museum of Natural History. Retrieved on 2007-03-21.
- ↑ 4.0 4.1 "BBC NEWS : Politics : Thatcher state funeral undecided".
- ↑ "AboutDarwin.com - Darwin's Burial". Archived from the original on 2008-12-09. Retrieved 2008-10-28.
- ↑ The Mount House, Shrewsbury, England (Charles Darwin) Archived 2008-12-06 at the Wayback Machine., Baruch College - Darwin and Darwinism. Retrieved on 2006-12-15.
- ↑ The Descent of Man - http://darwin-online.org.uk/content/frameset?itemID=F937.1&viewtype=side&pageseq=1 - പുറം 232
- ↑ Desmond & Moore 1991, പുറം. 42–43 .
- ↑ Desmond & Moore 1991, പുറം. 47–48
- ↑ Darwin 1887, പുറം. 60 .
- ↑ Darwin 1887, പുറങ്ങൾ. 62–67
- ↑ Darwin 1887, പുറം. 59.
- ↑ Browne 1995, പുറം. 97
- ↑ keynes 2000, പുറങ്ങൾ. ix–xi.
- ↑ 15.0 15.1 Desmond & Moore 1991, പുറം. 189–192, 198 .
- ↑ Gordon Chancellor (October 2006). "Darwin's field notes on the Galapagos: 'A little world within itself'". Darwin Online.
{{cite web}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Browne 1995, പുറങ്ങൾ. 177–178.
- ↑ Browne 1995, പുറങ്ങൾ. 183–190
- ↑ Keynes 2001, പുറങ്ങൾ. 41–42.
- ↑ Darwin 1958, പുറങ്ങൾ. 73–74.
- ↑ Browne 1995, പുറം. 223–235
Darwin 1835, പുറം. 7
Desmond & Moore 1991, പുറം. 210 - ↑ 22.0 22.1 Eldredge 2006
- ↑ Desmond & Moore 1991, പുറം. 131, 159
Herbert 1991, പുറങ്ങൾ. 174–179. - ↑ "Darwin Online: 'Hurrah Chiloe': an introduction to the Port Desire Notebook". Retrieved 2008-10-24.
- ↑ Darwin 1845, പുറങ്ങൾ. 205–208.
- ↑ Browne 1995, പുറം. 244–250
- ↑ Keynes 2001, പുറം. 226–227.
- ↑ Desmond & Moore 1991, പുറം. 160–168, 182 .
Darwin 1887, പുറം. 260 . - ↑ 29.0 29.1 Darwin 1958, p 98–99
- ↑ Desmond & Moore 1991, പുറം. 145, 170–172 .
- ↑ Darwin 1839, പുറം. 526.
- ↑ Keynes 2001, പുറങ്ങൾ. 398–399.
- ↑ "Darwin Correspondence Project - Letter 301 — Darwin, C. R. to Darwin, C. S., 29 Apr 1836".
- ↑ Browne 1995, പുറം. 336
- ↑ "Darwin Online: 'Runaway Rascals': an introduction to the Despoblado Notebook". Retrieved 2008-10-24.
- ↑ Keynes 2000
Eldredge 2006 - ↑ Darwin 1859, p. 1
- ↑ Darwin 1835, editorial introduction.
- ↑ Desmond & Moore 1991, പുറം. 195–198 .
- ↑ Owen 1840, No. 1 p 16 No.3 p 73 No. 4 p 106
Eldredge 2006 . - ↑ Desmond & Moore 1991, പുറം. 201–205 .
Browne 1995, പുറം. 349–350. - ↑ Browne 1995, പുറം. 345–347.
- ↑ Desmond & Moore 1991, പുറം. 207–210 .
Sulloway 1982, പുറം. 57 - ↑ Desmond & Moore 1991, പുറം. 196–201, 212–221 .
- ↑ Desmond & Moore 1991, പുറം. 220–221 .
- ↑ Herbert 1980, പുറം. 7–9.
- ↑ Desmond & Moore 1991, പുറം. 229–232 .
van Wyhe 2008 .
Eldredge 2006 . - ↑ Browne 1995, പുറങ്ങൾ. 367–369.
- ↑ Desmond & Moore 1991, പുറം. 233–234 .
Arrhenius 1921, പുറങ്ങൾ. 255–257 - ↑ Desmond & Moore 1991, പുറം. 233–236 .
- ↑ Desmond & Moore 1991, പുറം. 241–244, 426 .
- ↑ Browne 1995, പുറം. xii
- ↑ Desmond & Moore 1991, പുറം. 241–244 .
- ↑ Desmond & Moore 1991, പുറം. 252 .
- ↑ Gordon 1999 .
- ↑ Desmond & Moore 1991, പുറം. 254 .
Browne 1995, പുറങ്ങൾ. 377–378.
Darwin 1887, പുറം. 26 - ↑ Darwin 1958, പുറങ്ങൾ. 232–233
- ↑ Desmond & Moore 1991, പുറം. 256–259 .
- ↑ Darwin 1958, പുറം. 120.
- ↑ Malthus 1826, പുറം. I.I.16
Desmond & Moore 1991, പുറം. 264–265 .
Huxley 1897, പുറങ്ങൾ. 162–3 - ↑ Desmond & Moore 1991, പുറം. 264–265 .
Browne 1995, പുറം. 385–388
Darwin 1842, പുറം. 7
Darwin 1887, p. 34 - ↑ Desmond & Moore 1991, പുറം. 273–274 .
- ↑ Browne 1995, പുറം. 391–398.
Desmond & Moore 1991, പുറം. 269–271 . - ↑ Desmond & Moore 1991, പുറം. 272–279 .
- ↑ Desmond & Moore 1991, പുറം. 279 .
- ↑ Darwin 1958, പുറം. 120 .
- ↑ "Darwin Correspondence Project - Letter 419 — Darwin, C. R. to Fox, W. D., [15 June 1838]". Retrieved 2008-02-08.
- ↑ 68.0 68.1 van Wyhe 2007, പുറം. 186–187.
- ↑ Darwin 1887, p. 32.
- ↑ Desmond & Moore 1991, പുറം. 292 .
- ↑ Darwin 1887, പുറം. 31 .
- ↑ "Darwin Correspondence Project - Letter 729 — Darwin, C. R. to Hooker, J. D., [11 January 1844]". Retrieved 2008-02-08.
- ↑ "Darwin Correspondence Project - Letter 734 — Hooker, J. D. to Darwin, C. R., 29 January 1844". Retrieved 2008-02-08.
- ↑ van Wyhe 2007, പുറം. 188.
- ↑ Browne 1995, പുറം. 461-465.
- ↑ van Wyhe 2007, പുറം. 190.
- ↑ Desmond & Moore 1991, പുറം. 320–323, 339–348 .
- ↑ Darwin 1887, പുറം. 32
- ↑ 79.0 79.1 Browne 1995, പുറം. 503.
- ↑ Darwin 1887, പുറങ്ങൾ. 32, 33 .
- ↑ Desmond & Moore 1991, പുറം. 383–387 .
- ↑ Darwin 1887, പുറങ്ങൾ. 33, 34
Desmond & Moore 1991, പുറം. 419–420 . - ↑ Desmond & Moore 1991, പുറം. 412–441, 462–463 .
- ↑ Desmond & Moore 1991, പുറം. 466–470 .
- ↑ Browne 2002, പുറം. 40–42, 48–49
- ↑ Darwin 1958, പുറം. 122 .
- ↑ Desmond & Moore 1991, പുറം. 374–474 .
- ↑ Desmond & Moore 1991, പുറം. 477 .
- ↑ Darwin 1859, p 459
- ↑ Darwin 1859, p 490
- ↑ Darwin 1859, p 5
- ↑ Darwin 1859, p 492
- ↑ Browne 2002, പുറം. 376-379
- ↑ van Wyhe 2008b, പുറം. 48
- ↑ Browne 2002, പുറം. 103–104, 379
- ↑ Darwin 1859, പുറം. 488.
- ↑ Browne 2002, പുറം. 87,
Leifchild 1859 - ↑ Desmond & Moore 1991, പുറം. 477–491 .
- ↑ 99.0 99.1 "Darwin and design: historical essay". Darwin Correspondence Project. 2007. Archived from the original on 2009-06-15. Retrieved 2008-09-17.
- ↑ Desmond & Moore 1991, പുറം. 487–488, 500 .
- ↑ Lucas 1979 .
Desmond & Moore 1991, പുറം. 493–499 . - ↑ Desmond & Moore 1991, പുറം. 492, 502 .
Miles 2001 . - ↑ Scott 2006 .
- ↑ Bartholomew 1976
- ↑ Desmond & Moore 1991, പുറം. 503–505 .
- ↑ Huxley 1863
- ↑ Darwin Correspondence Project: Introduction to the Correspondence of Charles Darwin, Volume 14. Archived 2008-12-07 at the Wayback Machine. Cambridge University Press.
- ↑ Smith 1999 .
- ↑ Desmond & Moore 1991, പുറം. 550 .
- ↑ Freeman 1977, പുറം. 122.
- ↑ Browne 2002, പുറങ്ങൾ. 217–223
- ↑ Darwin 1871, പുറങ്ങൾ. 385–405.
Browne 2002, പുറങ്ങൾ. 339–343 - ↑ Browne 2002, പുറങ്ങൾ. 359–369
Darwin 1887, പുറം. 133. - ↑ Darwin 1871, പുറം. 405
- ↑ Browne 2002, പുറങ്ങൾ. 495–497.
- ↑ Desmond & Moore 1991, പുറം. 447 .
- ↑ The Children of Charles & Emma Darwin. Archived 2006-12-07 at the Wayback Machine. AboutDarwin.com. Retrieved on 2006-12-15.
- ↑ "Royal Society Fellows' Directory". Archived from the original (PDF) on 2007-02-10. Retrieved 2006-12-15.
- ↑ Edwards, A. W. F. 2004. Darwin, Leonard (1850–1943). In: Oxford Dictionary of National Biography, Oxford University Press.
- ↑ Desmond & Moore 1991, പുറം. 9, 12 .
- ↑ Darwin 1887, പുറം. 15
- ↑ Desmond & Moore 1991, പുറം. 12–15, 80–81 .
- ↑ Darwin 1887, പുറം. 16 .
- ↑ Keynes 2001, പുറം. 21-22
- ↑ Desmond 2004
Lamoureux 2004, പുറം. 5
Darwin 1887, പുറം. 312 . - ↑ Darwin 1958, പുറം. 87 .
- ↑ Desmond & Moore 1991, പുറം. 217–219, 221
- ↑ Moore 2006
- ↑ Desmond & Moore 1991, പുറം. 387, 402
- ↑ Darwin 1887, പുറം. 64.
- ↑ Moore 1995 .
- ↑ Yates 2003
- ↑ Browne 2002, പുറം. 495.
- ↑ Bowler 1989
Dobzhansky 1973 - ↑ Desmond & Moore 1991, പുറങ്ങൾ. 556–557, 572, 598
Darwin 1871, പുറങ്ങൾ. 167–173, 402–403
"Corespondence between Francis Galton and Charles Darwin". Retrieved 2008-11-08. - ↑ 136.0 136.1 Wilkins 1997
Moore 2006 - ↑ Sweet 2004
- ↑ Wilkins 2008, പുറങ്ങൾ. 408–413
- ↑ Paul 2003, പുറങ്ങൾ. 223–225
- ↑ Bannister 1989
- ↑ Paul 2003
Kotzin 2004 - ↑ FitzRoy 1839, പുറങ്ങൾ. 216–8
- ↑ “Darwin’s Timeline” Archived 2019-02-21 at the Wayback Machine.. AboutDarwin.com Retrieved on 2006-12-15.
- ↑ 144.0 144.1 "Territory origins". Northern Territory Department of Planning and Infrastructure, Australia. Archived from the original on 2006-09-18. Retrieved 2006-12-15.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Charles Darwin University Homepage". Retrieved 2006-12-15.
- ↑ Charles Darwin National Park. Northern Territory, Australia Government
- ↑ Darwin College:About Darwin. Archived 2009-10-28 at the Wayback Machine. Darwin College, Cambridge University website.
- ↑ Rothman 2000 .
- ↑ Hart 2000, പുറങ്ങൾ. 82ff
- ↑ What’s on? BBC Great Britons. Archived 2008-10-12 at the Wayback Machine. National Portrait Gallery. Retrieved on 2006-12-15.
- ↑ “How to join the noteworthy”. BBC News(7 November 2000).
- ↑ Darwin Awards. DarwinAwards.com. Retrieved on 2007-12-11.
- ↑ "Darwin Day".
- ↑ "Darwin Online: Darwin 2009 commemorations around the world". Darwin Online. Retrieved 2008-11-23.
- ↑ "Darwin | American Museum of Natural History". Meet the curator. Retrieved 2008-11-28.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Darwin 200: Celebrating Charles Darwin's bicentenary". Natural History Museum. Archived from the original on 2009-12-23. Retrieved 2008-11-23.
- ↑ "Darwin 2009 - The Festival". University of Cambridge. Archived from the original on 2012-02-20. Retrieved 2008-11-23.
- ↑ "House of Commons Hansard Ministerial Statements for 12 July 2007". Retrieved 2008-11-23.
- ↑ Good religion needs good science Archived 2010-02-02 at the Wayback Machine. Rev Dr Malcolm Brown, Director of Mission and Public Affairs, Church of England. Retrieved 17 September 2008.
- ↑ Balfour 1882
van Wyhe 2008
Anonymous 1882 - ↑ Darwin 1871, പുറങ്ങൾ. 214, 232.
ഗ്രന്ഥസൂചി
തിരുത്തുക- Anonymous (1882), "Obituary: Death Of Chas. Darwin", The New York Times, no. 21 April 1882, retrieved 2008-10-30
- Arrhenius, O. (October 1921), "Influence of Soil Reaction on Earthworms", Ecology, no. Vol. 2, No. 4, pp. 255–257, retrieved 2006-12-15
{{citation}}
: CS1 maint: date and year (link) - Balfour, J. B. (11 May 1882),
{{citation}}
:|access-date=
requires|url=
(help)CS1 maint: date and year (link)
, Transactions & Proceedings of the Botanical Society of Edinburgh, no. 14, pp. 284–298 - Bannister, Robert C. (1989), Social Darwinism: Science and Myth in Anglo-American Social Thought., Philadelphia: Temple University Press, ISBN 0-87722-566-4
- Bartholomew, M. J. (1976), "The Award of the Copley Medal to Charles Darwin", Notes and Records of the Royal Society of London (published January 1976), vol. 30, no. No. 2, pp. 209–218, retrieved 2008-10-30
{{citation}}
:|issue=
has extra text (help) (Includes Lyell’s speech at the award ceremony which was his first public affiliation with Darwin’s theory.) - Bowler, Peter J. (1989), The Mendelian Revolution: The Emergence of Hereditarian Concepts in Modern Science and Society, Baltimore: Johns Hopkins University Press, ISBN 0-485-11375-9
- Browne, E. Janet (1995), Charles Darwin: vol. 1 Voyaging, London: Jonathan Cape, ISBN 1-84413-314-1
- Browne, E. Janet (2002), Charles Darwin: vol. 2 The Power of Place, London: Jonathan Cape, ISBN 0-7126-6837-3
- Darwin, Charles (1835), Extracts from letters to Professor Henslow, Cambridge: [privately printed], retrieved 2008-11-01
- Darwin, Charles (1839), Narrative of the surveying voyages of His Majesty's Ships Adventure and Beagle between the years 1826 and 1836, describing their examination of the southern shores of South America, and the Beagle's circumnavigation of the globe. [[The Voyage of the Beagle|Journal and remarks]]. 1832-1836., vol. III, London: Henry Colburn, retrieved 2008-10-24
{{citation}}
: URL–wikilink conflict (help) - Darwin, Charles (1842), "Pencil Sketch of 1842", in Darwin, Francis (ed.), The foundations of The origin of species: Two essays written in 1842 and 1844., Cambridge University Press (published 1909)
- Darwin, Charles (1845), [[The Voyage of the Beagle|Journal of researches]] into the natural history and geology of the countries visited during the voyage of H.M.S. Beagle round the world, under the Command of Capt. Fitz Roy, R.N. 2d edition, London: John Murray, retrieved 2008-10-24
{{citation}}
: URL–wikilink conflict (help) - Darwin, Charles; Wallace, Alfred Russel (1858), On the Tendency of Species to form Varieties; and on the Perpetuation of Varieties and Species by Natural Means of Selection, Zoology 3, Journal of the Proceedings of the Linnean Society of London, pp. 46–50
{{citation}}
:|access-date=
requires|url=
(help) - Darwin, Charles (1859), [[On the Origin of Species]] by Means of Natural Selection, or the Preservation of Favoured Races in the Struggle for Life (1st ed.), London: John Murray, retrieved 2008-10-24
{{citation}}
: URL–wikilink conflict (help) - Darwin, Charles (1868), The variation of animals and plants under domestication, London: John Murray, retrieved 2008-11-01
- Darwin, Charles (1871), [[The Descent of Man, and Selection in Relation to Sex]] (1st ed.), London: John Murray, retrieved 2008-10-24
{{citation}}
: URL–wikilink conflict (help) - Darwin, Charles (1872), The Expression of the Emotions in Man and Animals, London: John Murray, <http://darwin-online.org.uk/content/frameset?itemID=F1142&viewtype=text&pageseq=1> Retrieved on 2006-12-15
- Darwin, Charles (1887), Darwin, F, ed., The life and letters of Charles Darwin, including an autobiographical chapter., London: John Murray, <http://www.gutenberg.org/catalog/world/readfile?fk_files=39003&pageno=1> (The Autobiography of Charles Darwin) Retrieved on 2006-12-15
- Darwin, Charles (1958), Barlow, N, ed., The autobiography of Charles Darwin 1809–1882. With the original omissions restored. Edited and with appendix and notes by his granddaughter Nora Barlow., London: Collins, <http://darwin-online.org.uk/content/frameset?itemID=F1497&viewtype=text&pageseq=1> (The Autobiography of Charles Darwin) Retrieved on 2006-12-15
- Desmond, Adrian J. (2004), "Darwin", Encyclopaedia Britannica 2004 DVD
- Desmond, Adrian & James Moore (1991), Darwin, London: Michael Joseph, Penguin Group, ISBN 0-7181-3430-3
- Dobzhansky, Theodosius (March 1973), "Nothing in Biology Makes Sense Except in the Light of Evolution", The American Biology Teacher 35: 125–129, <http://www.2think.org/dobzhansky.shtml> Retrieved on 2006-12-15
- Eldredge, Niles (2006), "Confessions of a Darwinist", The Virginia Quarterly Review (no. Spring 2006): 32–53, <http://www.vqronline.org/articles/2006/spring/eldredge-confessions-darwinist/> Retrieved on 2006-12-15
- FitzRoy, Robert (1839), Voyages of the Adventure and Beagle, Volume II, Henry Colburn, <http://darwin-online.org.uk/content/frameset?itemID=F10.2&viewtype=text&pageseq=1> Retrieved on 2006-12-15
- Freeman, R. B. (1977), The Works of Charles Darwin: An Annotated Bibliographical Handlist (Second ed.), Wm Dawson & Sons Ltd, <http://darwin-online.org.uk/content/frameset?itemID=A1&viewtype=text&pageseq=1> Retrieved on 2006-12-15
- Galton, Francis (1865), "Hereditary talent and character", Macmillan’s Magazine (no. 12): 157–166 and 318–327, <http://www.mugu.com/galton/essays/1860-1869/galton-1865-hereditary-talent.pdf> Retrieved on 2006-12-15
- Galton, Francis (1869), Hereditary genius: an inquiry into its laws and consequences, Macmillan, <http://www.mugu.com/galton/books/hereditary-genius/> Retrieved on 2006-12-15
- Galton, Francis (1883), Inquiries into human faculty and its development, Macmillan, <http://www.mugu.com/galton/books/human-faculty/> Retrieved on 2006-12-15
- Ghiselin, Michael T. (1973), "Darwin and Evolutionary Psychology", Science 179: 964–968, <http://www.sciencemag.org/cgi/reprint/179/4077/964> Access required.
- Gordon, Robert & Deborah Thomas (20 March 1999 – 21 March 1999), "Circumnavigating Darwin", Darwin Undisciplined Conference, Sydney., <http://www.robertgordon.net/papers/four.html> Retrieved on 2006-12-15
- Hart, Michael (2000), The 100: A Ranking of the Most Influential Persons in History, Citadel
- Herbert, Sandra (1991), "Charles Darwin as a prospective geological author", British Journal for the History of Science, no. 24, pp. 159–192, retrieved 2008-10-24
- Huxley, Thomas (1863), Six Lectures to Working Men “On Our Knowledge of the Causes of the Phenomena of Organic Nature” (Republished in Volume II of his Collected Essays, Darwiniana), <http://aleph0.clarku.edu/huxley/CE2/Phen.html> Retrieved on 2006-12-15
- Huxley, Thomas (1897), Evolution and Ethics and Other Essays, New York, D. Appleton and Company, <http://aleph0.clarku.edu/huxley/CE9/index.html> Retrieved on 2006-12-15
- Keynes, Richard (ed.) (2000), "June – August 1836", Charles Darwin’s zoology notes & specimen lists from H.M.S. Beagle., Cambridge University Press Retrieved on 2006-12-15
- Keynes, Richard (2001), Charles Darwin's Beagle Diary, Cambridge: Cambridge University Press, retrieved 2008-10-24
{{citation}}
: Text "author-link Richard Keynes" ignored (help) - Kotzin, Daniel (2004), Point-Counterpoint: Social Darwinism, Columbia American History Online, <http://caho-test.cc.columbia.edu/pcp/14008.html>
- Lamoureux, Denis O. (March 2004), "Theological Insights from Charles Darwin", Perspectives on Science and Christian Faith 56 (1): 2–12, <http://users.ox.ac.uk/~jrlucas/legend.html> Retrieved on 2006-12-15
- Leff, David (2000), About Charles Darwin, <http://www.aboutdarwin.com/darwin/WhoWas.html> Retrieved on 2006-12-15
- Leifchild (1859), "Review of `Origin'", Athenaeum (no. 1673, 19 November 1859), <http://darwin-online.org.uk/content/frameset?viewtype=image&itemID=CUL-DAR226.1.8&pageseq=1> Retrieved on 2008-06-15
- Lucas, J. R. (1979), "Wilberforce and Huxley: A Legendary Encounter", The Historical Journal 22 (2): 313–330, <http://users.ox.ac.uk/~jrlucas/legend.html> Retrieved on 2006-12-15
- Malthus, Thomas Robert (1826), An Essay on the Principle of Population: A View of its Past and Present Effects on Human Happiness; with an Inquiry into Our Prospects Respecting the Future Removal or Mitigation of the Evils which It Occasions (Sixth ed.), John Murray, <http://www.econlib.org/library/Malthus/malPlong.html> Retrieved on 2006-12-15
- Miles, Sara Joan (2001), "Charles Darwin and Asa Gray Discuss Teleology and Design", Perspectives on Science and Christian Faith 53: 196–201, <http://www.asa3.org/ASA/PSCF/2001/PSCF9-01Miles.html> Retrieved on 2006-12-15
- Moore, James & Adrian Desmond (2004), “Introduction”, in Darwin’s The Descent of Man and Selection in Relation to Sex, London: Penguin Classics
- Moore, James (2006), "Evolution and Wonder - Understanding Charles Darwin", Speaking of Faith (Radio Program), American Public Media, <http://speakingoffaith.publicradio.org/programs/darwin/transcript.shtml> Retrieved on 2006-12-15
- Moore, James (2006), Darwin — A 'Devil’s Chaplain'?, American Public Media, <http://speakingoffaith.publicradio.org/programs/darwin/moore-devilschaplain.pdf> Retrieved on 2007-11-08
- Owen, Richard (1840), Darwin, C. R., ed., The zoology of the voyage of H.M.S. Beagle., Fossil Mammalia Part 1, Smith Elder and Co
- Padian, Kevin (n.d.), The Darwin Legend, National Center for Science Education, <http://web.archive.org/web/19980119234102/natcenscied.org/PADREV.HTM> Retrieved on 2006-12-15
- Paul, Diane B. (2003), "Darwin, social Darwinism and eugenics", in Hodge, Jonathan and Radick, Gregory, The Cambridge Companion to Darwin, Cambridge University Press, 214–239, ISBN 0-521-77730-5
- Reilly, Philip (1991), The surgical solution: a history of involuntary sterilization in the United States, Johns Hopkins University Press
- Rothman, Robert (2000), Darwin’s finches, <http://www.rit.edu/~rhrsbi/GalapagosPages/DarwinFinch.html> Retrieved on 2006-12-15
- Scott, Michon (2006), Joseph Hooker, <http://www.strangescience.net/jhooker.htm> Retrieved on 2006-12-15
- Smith, Charles H. (1999), Alfred Russel Wallace on Spiritualism, Man, and Evolution: An Analytical Essay, <http://www.wku.edu/~smithch/essays/ARWPAMPH.htm> Retrieved on 2006-12-15
- Sulloway, Frank J. (1982), "The Beagle collections of Darwin’s finches (Geospizinae)", Bulletin of the British Museum (Natural History) Historical Series 43, No. 2: pp 49–94, The British Museum, <http://darwin-online.org.uk/content/frameset?itemID=A86&viewtype=image&pageseq=1> Retrieved on 2006-12-15
- Sweet, William (2004), Herbert Spencer, Internet Encyclopedia of Philosophy, <http://www.iep.utm.edu/s/spencer.htm> Retrieved on 2006-12-15
- Wilkins, John S. (1997), Evolution and Philosophy: Does evolution make might right?, TalkOrigins, <http://www.talkorigins.org/faqs/evolphil/social.html> Retrieved on 2006-12-15
- van Wyhe, John (2008), Charles Darwin: gentleman naturalist: A biographical sketch, <http://darwin-online.org.uk/darwin.html> Retrieved on 2008-10-23
- van Wyhe, John (27 March 2007), "Mind the gap: Did Darwin avoid publishing his theory for many years?" (PDF), Notes and Records of the Royal Society, 61: 177–205, doi:10.1098/rsnr.2006.0171, retrieved 2008-02-07
{{citation}}
: CS1 maint: date and year (link). - von Sydow, Momme (2005), "Darwin – A Christian Undermining Christianity? On Self-Undermining Dynamics of Ideas Between Belief and Science (pp. 141-156)", in David M. Knight, Matthew D. Eddy, Science and Beliefs: From Natural Philosophy to Natural Science, 1700–1900, Ashgate, 141–156, ISBN 0-7546-3996-7 Retrieved on 2007-09-10
- Yates, Simon (2003), The Lady Hope Story: A Widespread Falsehood, TalkOrigins, <http://www.talkorigins.org/faqs/hope.html> Retrieved on 2006-12-15
പുറം കണ്ണികൾ
തിരുത്തുക- ഡാർവിന്റെ സമ്പൂർണ്ണകൃതികൾ – Darwin Online; Darwin's publications, private papers and bibliography, supplementary works including biographies, obituaries and reviews. Free to use, includes items not in public domain.
- Charles Darwin എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്; public domain
- Darwin Correspondence Project Text and notes for most of his letters
- A Pictorial Biography of Charles Darwin Archived 2014-07-05 at the Wayback Machine.
- The Darwin Digital Library of Evolution
- Institut Charles Darwin International
- Twelve different portraits of Charles Darwin, National Portrait Gallery, U.K. Archived 2006-04-27 at the Wayback Machine.
- Mis-portrayal of Darwin as a Racist
- Listing of the significant places in Shrewsbury relevant to Darwin’s early life.
- ചാൾസ് ഡാർവിൻ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Free LibriVox Audiobook: On the Origin of Species by Means of Natural Selection
- Darwin Today - a joint initiative of Research Councils UK aimed at educating the public about evolution Archived 2008-09-23 at the Wayback Machine.