ഇംഗ്ലീഷ് കവിയും ശാസ്ത്രജ്ഞനും ഭിഷഗ്വരനുമായിരുന്നു ഇറാസ്മസ് ഡാർവിൻ. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷെയറിൽ (Nottinghamshire) 1731 ഡിസംബർ 12-ന് ജനിച്ചു. കേംബ്രിജ്, എഡിൻബറോ എന്നീ സർവകലാശാലകളിലെ വൈദ്യ പഠനത്തിനുശേഷം ലിച്ച് ഫീൽഡിൽ (Lich field) പ്രാക്ടീസ് ആരംഭിച്ചെങ്കിലും അധികകാലം തുടരാനായില്ല. ഇദ്ദേഹം ഉത്പതിഷ്ണുവും മദ്യനിരോധനവാദിയും സ്വതന്ത്രചിന്തകനുമായിരുന്നു. ഫ്രഞ്ച് വിപ്ലവകാരികൾക്കനുകൂലമായ നിലപാടെടുത്ത ഡാർവിൻ ബ്രിട്ടിഷ് ഭരണാധികാരികളുടെ അപ്രീതിക്കും വിധേയനായി.

ഇറാസ്മസ് ഡാർവിൻ
Erasmus Darwin c.1792-3. Original oil painting by Joseph Wright in Derby Museum and Art Gallery
ജനനം12 December 1731
മരണം18 April 1802 (aged 70)
അന്ത്യ വിശ്രമംAll Saints Church, Breadsall

ശാസ്ത്രവിഷയത്തിൽ തത്പരൻ

തിരുത്തുക

ഇറാസ്മസ് ഡാർവിൻ ശാസ്ത്രത്തിൽ അതീവ തത്പരനും കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കുവാൻ കെല്പുളള വ്യക്തിയും കവിതാരചനയിൽ നിപുണനുമായിരുന്നു. 1791-ൽ പ്രസിദ്ധീകരിച്ച ദ് ബൊട്ടാണിക് ഗാർഡൻ എന്ന ഗ്രന്ഥത്തിൽ ലിനേയസിന്റെ സസ്യവർഗീകരണത്തെ അർഹിക്കുന്ന പ്രാധാന്യത്തോടെ അപഗ്രഥിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സൂനോമിയ ഓർ ദ് ലോസ് ഒഫ് ഓർഗാനിക് ലൈഫ് (Zoonomia or the Laws of Organic Life) എന്ന ഗ്രന്ഥമാണ് കൂടുതൽ ശ്രദ്ധേയമായിത്തീർന്നത്. ഇതിൽ ചാൾസ് ഡാർവിനും ലാമാർക്കും പിൽക്കാലങ്ങളിൽ രൂപം കൊടുത്ത സ്പീഷീസിന്റെ പരിണാമവും വിവിധ സിദ്ധാന്തങ്ങളും മുൻകൂട്ടിത്തന്നെ ഇദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ദ് ലവ്സ് ഒഫ് പ്ലാന്റ്സ്, ദ് ഇക്കണോമി ഒഫ് വെജിറ്റേഷൻ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ എണ്ണപ്പെട്ട ഗ്രന്ഥങ്ങളാണ്.

ചാൾസ് ഡാർവിൻ ഇദ്ദേഹത്തിന്റെ കൊച്ചുമകൻ

തിരുത്തുക

പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ ഇദ്ദേഹത്തിന്റെ മകന്റെ മകനും വർഗസംസ്കാര ശാസ്ത്രത്തിന്റെ (യൂജെനിക്സ്) ഉപജ്ഞാതാവായ സർ ഫ്രാൻസിസ് ഗാൽട്ടൻ ( Sir Francis Galton) ഇദ്ദേഹത്തിന്റെ മകളുടെ മകനുമാണ്. ഇംഗ്ലണ്ടിലെ ബ്രെട്ട്സാൽ പ്രയോറിയിൽ ( Breadsall priory) 1802 ഏപ്രിൽ 18-ന് അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാർവിൻ, ഇറാസ്മസ് (1731 - 1802) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഇറാസ്മസ്_ഡാർവിൻ&oldid=2510737" എന്ന താളിൽനിന്ന് ശേഖരിച്ചത്