വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രം

കേരളത്തിലെ പ്രസിദ്ധ ഭഗവതിക്ഷേത്രങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിൽ പാലക്കാട് നഗരത്തിനടുത്തുള്ള വടക്കന്തറയിലുള്ള പ്രസിദ്ധമായ ശ്രീ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം. പരാശക്തിയുടെ ഉഗ്രഭാവമായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. എന്നാൽ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയായി സങ്കല്പിച്ചാണ് പൂജ നടത്തിവരുന്നത്. ക്ഷേത്രത്തിൽ മൂന്ന് വർഷത്തിലൊരിയ്ക്കൽ നടത്തിവരുന്ന വലിയവിളക്കുവേല പ്രസിദ്ധമാണ്. നവരാത്രിയും അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:പാലക്കാട്
സ്ഥാനം:വടക്കന്തറ
വാസ്തുശൈലി, സംസ്കാരം
വാസ്തുശൈലി:കേരളീയ ക്ഷേത്രനിർമ്മാണശൈലി
ഭരണം:മലബാർ ദേവസ്വം ബോർഡ്

ഐതിഹ്യം/ചരിത്രം തിരുത്തുക

ചിലപ്പതികാരത്തിലെ നായകനായ കോവലനെ ചെയ്യാത്ത തെറ്റിന് വധിച്ചുകളഞ്ഞ വിവരമറിഞ്ഞ അദ്ദേഹത്തിന്റെ ഭാര്യയായ കണ്ണകി മധുരാനഗരം ചുട്ടെരിച്ച് കേരളത്തിലേയ്ക്ക് യാത്രതിരിച്ചു. പോകുന്ന വഴിയിൽ പാലക്കാട്ടെത്തിയ കണ്ണകി അടുത്തുള്ള മേലാമുറി എന്ന സ്ഥലത്ത് താമസിച്ചു. പാലക്കാട്ട് രാജാവായിരുന്ന ശേഖരിവർമ്മയ്ക്ക് ദർശനം നൽകിയ ഭഗവതി തുടർന്ന് അവിടെ സ്വയംഭൂവായി അവതരിച്ചു. ശേഖരിവർമ്മ അവിടെ ഭഗവതിയ്ക്ക് ഒരു ക്ഷേത്രം നിർമ്മിച്ചു. ഇത് 'നടുപ്പതിമന്ദം ക്ഷേത്രം' എന്ന പേരിൽ അറിയപ്പെട്ടു. ഭഗവതിയോടൊപ്പം രണ്ട് സഹോദരിമാരും വന്നിരുന്നത്രേ. അവരിലൊരാൾ പിരായിരിയിലും മറ്റൊരാൾ തിരുനെല്ലായിയിലും കുടികൊണ്ടു. ഇവർ യഥാക്രമം 'കണ്ണുക്കോട്ട് ഭഗവതി' എന്നും 'കണ്ണാടത്ത് ഭഗവതി' എന്നും അറിയപ്പെട്ടു. ഇന്നും ഈ ക്ഷേത്രങ്ങൾ നിലവിലുണ്ട്.

മധുരയിൽ നിന്ന് രക്ഷപ്പെട്ടുപോന്ന ഒരു ജനവിഭാഗം ഈ യാത്രയിൽ ഭഗവതിമാരെ അനുഗമിച്ചിരുന്നു. മൂത്താൻ എന്നാണ് ഈ ജാതി അറിയപ്പെടുന്നത്. ഇന്നും ഈ ജാതിക്കാർ പാലക്കാട്ട് സ്ഥിരതാമസമാക്കിയിട്ടുണ്ട്. വൈശ്യരായ അവർ ആദ്യം കുടികൊണ്ട സ്ഥലത്തിന് 'മൂത്താന്തറ' എന്നാണ് പേരിട്ടിരിയ്ക്കുന്നത്. തമിഴ് പാരമ്പര്യമുള്ള ജാതിയാണെങ്കിലും മൂത്താന്മാർ മലയാളം തന്നെയാണ് മാതൃഭാഷയാക്കിയിരിയ്ക്കുന്നത്. ഇത് തമിഴ്നാട്ടിൽ നിന്ന് കുടിയേറിവന്ന മറ്റ് ജാതിവിഭാഗങ്ങളിൽ നിന്ന് അവരെ വ്യത്യസ്തരാക്കുന്നു.

ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് നടുപ്പതിമന്ദം ക്ഷേത്രമടക്കം പാലക്കാട്ടെ മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. ഇതേത്തുടർന്ന് നടുപ്പതിമന്ദത്തുണ്ടായിരുന്ന ഭഗവതിവിഗ്രഹം ഭക്തർ വടക്കന്തറയിൽ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു. അവിടത്തെ പ്രശസ്ത നായർ കുടുംബമായ തരവത്ത് തറവാട്ടിലാണ് ആദ്യം ഭഗവതിയുടെ പ്രതിഷ്ഠയുണ്ടായിരുന്നത്. പിന്നീട്, രാമപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിനടുത്തുള്ള അത്തിമരച്ചുവട്ടിൽ ഭഗവതിയെ പ്രതിഷ്ഠിച്ചു. കാലപ്രവാഹത്തിൽ മരം നിലനിർത്തിക്കൊണ്ടുതന്നെ അവിടെയൊരു ശ്രീകോവിലും പണികഴിപ്പിച്ചു. ഉപദേവതാപ്രതിഷ്ഠകളും ഇതിനോടനുബന്ധിച്ചുതന്നെ നടത്തി. അങ്ങനെയാണ് പ്രസിദ്ധമായ വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം നിലവിൽ വന്നത്.

ക്ഷേത്രനിർമ്മിതി തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും തിരുത്തുക

വടക്കന്തറ ദേശത്തിന്റെ ഒത്തനടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന് നേരെമുന്നിൽ അതിവിശാലമായ ക്ഷേത്രമൈതാനവും വാഹന പാർക്കിങ് സൗകര്യവുമുണ്ട്. ഭഗവതിക്ഷേത്രത്തിന്റെ തൊട്ടുതെക്കുഭാഗത്താണ് മഹാവിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇരുക്ഷേത്രങ്ങളും ഒരേ ദേവസ്വത്തിന്റെ കീഴിലാണ്. ഇരുഭാഗങ്ങളിൽ നിന്നും പ്രവേശനകവാടങ്ങളുണ്ട്. വിഷ്ണുക്ഷേത്രത്തിന് നാലമ്പലവും മതിൽക്കെട്ടും കൊടിമരവും ബലിക്കൽപ്പുരയുമെല്ലാമുണ്ട്. എന്നാൽ, ഭഗവതിക്ഷേത്രത്തിന് ശ്രീകോവിലും അത്തിമരത്തറയും മാത്രമേയുള്ളൂ. ക്ഷേത്രക്കുളവും ദേവസ്വം ഓഫീസും ക്ഷേത്രമതിലകത്ത് വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. 'തിരുപുരായ്ക്കൽ ഭഗവതി-രാമപുരം വിഷ്ണു ദേവസ്വം' എന്ന ഒറ്റപ്പേരിൽ അറിയപ്പെടുന്ന ഇവിടത്തെ ദേവസ്വം മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 'എ' ഗ്രേഡ് ദേവസ്വമാണ്. ഇരുനടകൾക്കുനേരെയും പ്രവേശന കവാടങ്ങളുമുണ്ട്. ഭഗവതി ക്ഷേത്രത്തിനടുത്ത് പ്രത്യേക രീതിയിൽ നിർമ്മിച്ച കിണർ കാണാം. വട്ടത്തിൽ ഒരു പാത്രം പോലെ കിടക്കുന്ന ഈ കിണർ ക്ഷേത്രത്തിൽ വരുന്ന ഭക്തരെ ആകർഷിയ്ക്കുന്നു. സ്വർണ്ണം പൂശിയ നിലയിലാണ് ഈ കിണർ.

ഭഗവതിയുടെ ശ്രീകോവിൽ ചതുരാകൃതിയിൽ തീർത്തതും താരതമ്യേന ചെറുതുമാണ്. ഒറ്റനിലയേ ഈ ശ്രീകോവിലിനുള്ളൂ. വനദുർഗ്ഗാസങ്കല്പമുള്ളതിനാൽ മേൽക്കൂര പണിതിട്ടില്ല. ഒരടി ഉയരമുള്ള അപൂർണ്ണരൂപത്തിലുള്ള വിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കണ്ണകിയുടെ ഒരു ഭാഗം മൂത്താന്മാർ അടുത്തുള്ള മൂത്താന്തറയിലേയ്ക്ക് കൊണ്ടുപോയി എന്നാണ് കഥ. അതിനുശേഷമാണത്രേ ഭഗവതി ഇങ്ങനെയായത്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് തിരുപുരായ്ക്കലമ്മ, വടക്കന്തറയിലെ ശ്രീലകത്ത് കുടികൊള്ളുന്നു.