കോട്ടക്കൽ വിശ്വംഭരക്ഷേത്രം

മലപ്പുറം ജില്ലയിൽ കോട്ടക്കൽ നഗരത്തിൽ ആര്യവൈദ്യശാല വളപ്പിൽ സ്ഥിതിചെയ്യുന്ന ചെറിയൊരു ക്ഷേത്രമാണ് ശ്രീ വിശ്വംഭരക്ഷേത്രം. മഹാവിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ആര്യവൈദ്യശാല സ്ഥാപകനായിരുന്ന പി.എസ്. വാര്യർ പണികഴിപ്പിച്ച ക്ഷേത്രമാണിത്. ചുറ്റുവിളക്കുകളോടുകൂടിയ ചെറിയൊരു ശ്രീകോവിലും അതിനകത്ത് ഒരു തേവാരപ്പുരയും മാത്രം അടങ്ങുന്നതാണ് ഈ ക്ഷേത്രമെങ്കിലും കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കെത്തുന്ന ഭക്തരെയെല്ലാം ആകർഷിയ്ക്കുന്ന ഒരു സ്ഥലമായി ഇത് മാറിയിട്ടുണ്ട്. മീനമാസത്തിൽ നടക്കുന്ന കോട്ടക്കൽ പൂരമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കോട്ടക്കൽ ദേശത്തിന്റെ മുഴുവൻ ഉത്സവമായ ഇതിന് ജാതിമതഭേദങ്ങളൊന്നുമില്ല എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. കൂടാതെ, അഷ്ടമിരോഹിണി, വിഷു, സ്വർഗ്ഗവാതിൽ ഏകാദശി തുടങ്ങിയവയും ഇവിടെ പ്രധാന ആഘോഷങ്ങളാണ്. ആര്യവൈദ്യശാല വകയാണ് ക്ഷേത്രഭരണം നടത്തുന്നത്.