ശേഖരപുരം ധന്വന്തരി ക്ഷേത്രം

കേരളീയ ചുമർച്ചിത്രങ്ങൾക്കു[1] പ്രസിദ്ധമാണ് ശേഖരപുരം ധന്വന്തരി ക്ഷേത്രം. ഇത് പാലക്കാട്‌ ജില്ലയിലെ ഏക ധന്വന്തരിക്ഷേത്രമാണ്. രോഗ നിവാരണമൂർത്തിയും ആദിവൈദ്യനും വിഷ്ണു സ്വരൂപനുമായ ഭഗവാൻ ധന്വന്തരിയാണ് പ്രധാന പ്രതിഷ്ഠ. കൂടാതെ തുല്യപ്രാധാന്യത്തിൽ പത്നീസമേതനായ ഗണപതിയുമുണ്ട്. വല്ലഭ ഗണപതി എന്നാണ് ഈ പ്രതിഷ്ഠയുടെ പേര്. കൂടാതെ, പ്രഭാസത്യകസമേതനായ ധർമ്മശാസ്താവ്, ശ്രീചക്രരൂപത്തിലുള്ള ദുർഗ്ഗാദേവി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. രോഗദുരിതങ്ങൾ കൊണ്ടു ബുദ്ധിമുട്ടുന്നവർ ഇവിടെ ദർശനം നടത്തുന്നത് ആശ്വാസകരമാണ് എന്നാണ് വിശ്വാസം. അതിനാൽ തീരാ രോഗങ്ങൾ കൊണ്ടു ബുദ്ധിമുട്ടുന്ന ഭക്തർ ഇവിടെ ദർശനത്തിനായി എത്തിച്ചേരാറുണ്ട്. മലബാറിൽ[2] മൂത്തേടത്തു മാടമ്പ് അംശം അടക്കാപുത്തുർ ദേശം. ഇത് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.

അടക്കാപുത്തൂർ ശേഖരപുരം ധന്വന്തരി ക്ഷേത്രം

ചരിത്രം തിരുത്തുക

കോഴിക്കോട്ട് സാമൂതിരിമാരുടെ [3] കളരി ഗുരുനാഥനായ തമ്മെ മൂത്ത പണിക്കരുടെ ഒരു താവഴി ഏതാണ്ട് ഇരുന്നൂറിയമ്പത് കൊല്ലം മുമ്പ് രായിരനെല്ലൂർ തെക്കുംമല നിന്നും അടക്കാപുത്തൂരിലേക്ക് കുടിയേറുകയുണ്ടായി.[4] അതിനും മുൻപ്, എ.ഡി.1487 മുതൽക്കെങ്കിലും ഇവർക്ക് നെടുങ്ങനാട്ടിൽ[5] ഭൂമിയുണ്ട്. ഇങ്ങനെ കരിമ്പുഴ, നെല്ലൂർ, കുലുക്കിലിയാട് തുടങ്ങിയ പ്രദേശങ്ങളിലെ അനേകം ഭൂമിയും ചില ക്ഷേത്രങ്ങളും തമ്മെ പണിക്കർക്ക് സ്വന്തമായുണ്ട്. അതിലൊന്നാണ് ശേഖരപുരം ക്ഷേത്രം. ക്ഷേത്രം നടത്തിപ്പ് അടക്കാപുത്തുർ പുത്തൻമഠം വകയായിരുന്നു.

ക്ഷേത്രം തിരുത്തുക

എ.ഡി. പതിനഞ്ചാം നൂററാണ്ടിലെ വാസ്തുവോടു കൂടിയതാണ് ഈ ക്ഷേത്രം. ചതുരാകൃതിയിലുള്ള ശ്രീകോവിലിനു മാത്രമേ ഈ പഴക്കമുള്ളൂ. ചുറ്റമ്പലം നൂറു കൊല്ലം മുൻപ് നിർമ്മിച്ചതാണെന്ന് വാതിൽമാടത്തിൽ ഗ്രന്ഥാക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്. ക്ഷേത്രം പരിയാനമ്പററക്കാവ് തട്ടകത്തിലാണ് സ്ഥിതിചെയ്യുന്നത്.

പ്രതിഷ്ഠകൾ തിരുത്തുക

ശ്രീ ധന്വന്തരി തിരുത്തുക

ധന്വന്തരി ഭാവത്തിലുള്ള ചതുർബാഹുവായ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. സർവ രോഗ നിവാരകനും ഐശ്വര്യ ദായകനുമാണ് ഭഗവാൻ എന്നാണ് വിശ്വാസം. സുമാർ എഴുപത് കൊല്ലം മുൻപ് ഉത്സവം നടന്ന ശേഷം സമീപകാലത്തായി വീണ്ടും തുടങ്ങി. ഈക്കാടാണ് തന്ത്രി.

വല്ലഭ ഗണപതി തിരുത്തുക

ക്ഷേത്രത്തിൽ പത്‌നീസമേതനായ വിഘ്നേശ്വരൻറെ സവിശേഷമായ പ്രതിഷ്ഠയുണ്ട്. ദാമ്പത്യസൗഖ്യത്തിനും സുഖസമ്പത്തിനും വല്ലഭ ഗണപതിയുടെ ആരാധന ഉത്തമമാകുന്നു. അതിനാൽ ക്ഷേത്രത്തിൽ വിവാഹങ്ങൾ പതിവായി നടന്നു വരുന്നു. വല്ലഭ ഗണപതിയുടെ അനുഗ്രഹത്തോടെ ഏതൊരു കാര്യവും ആരംഭിക്കുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം.

പ്രഭാസത്യകസമേതനായ ശാസ്താവ് തിരുത്തുക

ക്ഷേത്രത്തിൽ പ്രഭാ എന്ന ഭാര്യയോടും സത്യകൻ എന്ന മകനോടും കൂടിയ ഗ്രഹസ്ഥാശ്രമിയായ ധർമ്മ ശാസ്താ പ്രതിഷ്ഠയുണ്ട്. മണ്ഡല കാലത്തു ശബരിമലക്ക് അനേകം അയ്യപ്പന്മാർ ഇവിടെ മാലയിട്ടു വരുന്നു.

 
ദേവപ്രശ്‍നം (2008)

ധർമ്മോത്ത് മൂത്ത പണിക്കരുടെ നിത്യാരാധനാ ശ്രീചക്രം തിരുത്തുക

1980 കാലം മുതൽ ക്ഷേത്രത്തിലെ ഒരു മുറിയിൽ സൂക്ഷിച്ചിരുന്ന തമ്മെ മൂത്ത പണിക്കർ സ്ഥാനിയുടെ ആരാധനാ മൂർത്തികളെ സമീപ കാലത്തായി മതിൽക്കെട്ടിനുള്ളിൽ ഒരു മണ്ഡപപ്പുര കെട്ടി അതിൽ വെച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ശ്രീചക്രത്തിൽ ആദിപരാശക്തിയായ ഭഗവതിയെ ആരാധിച്ചു വരുന്നു. പരിവാര മൂർത്തികൾക്കുള്ള ആരാധന നടത്തിവരുന്നുണ്ട്. സർവ ഐശ്വര്യദായിനിയാണ് ഈ ഭഗവതി.

നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സും തിരുത്തുക

ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നാഗദൈവങ്ങളുടെയും ബ്രഹ്മരക്ഷസ്സിൻറെയും കുടിവെപ്പുണ്ട്.

വിശ്വാസം തിരുത്തുക

പാലാഴി മഥനവേളയിൽ അമൃതകുംഭവുമായി മഹാവിഷ്ണു ധന്വന്തരി ഭാവത്തിൽ അവതരിച്ചു എന്ന് ഭാഗവതം പറയുന്നു. രോഗികളും എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകരും ഒരുപോലെ ആരാധിക്കുന്ന ഭഗവാനാണ് ധന്വന്തരി. വിശ്വാസികൾ ചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ പ്രാർഥിക്കുന്നതും ക്ഷേത്രങ്ങളിൽ ധന്വന്തരി പൂജയും നടത്തുന്നതും കാണാം. ദേവന്മാർ ജരാനരകൾ അകന്നു ആരോഗ്യവും അമരത്വവും പ്രാപിച്ചത് അമൃതപാനം കൊണ്ടാണെന്നു പുരാണങ്ങൾ വർണ്ണിക്കുന്നു. ധന്വന്തരിയെ പൊതുവേ ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ധന്വന്തരിയെ ആരാധിച്ചാൽ രോഗങ്ങൾ അകന്ന് ആരോഗ്യവും ആയുസും സിദ്ധിക്കും എന്നാണ് ഹൈന്ദവ വിശ്വാസം.

ധന്വന്തരീ സ്തുതി തിരുത്തുക

ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരേ

അമൃതകലശഹസ്തായ സർവാമയ വിനാശനായ

ത്രൈലോക്യനാഥായ മഹാവിഷ്ണവേ നമഃ


ധന്വന്തരീ ധ്യാനം

ഓം നമാമി ധന്വന്തരിം ആദിദേവം

സുരാസുരൈഃ വന്ദിത പാദപത്മം

ലോകേ ജരാരുഗ്ഭയ മൃത്യുനാശം

ദാതാരമീശം വിവിധൗഷധീനാം


മറ്റൊരു സ്തുതി ഇപ്രകാരമാണ്.


"ധന്വന്തരീമഹം വന്ദേ

വിഷ്ണുരൂപം ജനാർദ്ദനം

യസ്യ കാരുണ്യ ഭാവേന

രോഗമുക്താ ഭവേഞ്ജനാ"


ധന്വന്തരീ ഗായത്രി

ഓം ആദിവൈദ്യായ വിദ്മഹേ

ആരോഗ്യ അനുഗ്രഹ ധീമഹീ

തന്നോ ധന്വന്തരി പ്രചോദയാത്

അവലംബം തിരുത്തുക

  1. എം.ജി. ശശിഭൂഷൺ. കേരളത്തിലെ ചുവർച്ചിത്രങ്ങൾ.
  2. Logan (1887). Malabar (2 vols). Madras.
  3. K.V. Krishna Ayyar (1938). The Zamorins of Calicut. Calicut.
  4. പ്രൊഫ. പി. കൊച്ചുണ്ണി പണിക്കർ (1984). നമ്മുടെ തറവാട്. തിരുവനന്തപുരം.
  5. എസ് രാജേന്ദു (2012). നെടുങ്ങനാട് ചരിത്രം, പ്രാചീന കാലം മുതൽ എ.ഡി. 1860 വരെ. പെരിന്തൽമണ്ണ.

പുറംകണ്ണികൾ തിരുത്തുക