ജഗതി ശ്രീകൃഷ്ണസ്വാമിക്ഷേത്രം

കേരളസംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശമായ ജഗതിയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ജഗതി ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ധന്വന്തരിഭാവത്തിലുള്ള ശ്രീകൃഷ്ണൻ മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ, ഉപദേവതകളായി ഗണപതി, ശിവൻ, ദുർഗ്ഗ, ശാസ്താവ്, ഹനുമാൻ, നവഗ്രഹങ്ങൾ,നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. പ്രധാന റോഡിൽ നിന്ന് അല്പം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം, തന്മൂലം ആരുടെയും ശ്രദ്ധയാകർഷിയ്ക്കുന്നതാണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും മേടമാസത്തിലെ വിഷുവുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ തുലാമാസത്തിലെ ധന്വന്തരി ജയന്തിയും (ധന ത്രയോദശി) ഇവിടെ പ്രധാനമാണ്. ഭക്തജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം

തിരുത്തുക

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

ജഗതി ദേശത്തിന്റെ വടക്കുഭാഗത്ത്, കൊച്ചാർ റോഡിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. റോഡിൽ നിന്ന് ഏകദേശം ഇരുപതടി ഉയരെയായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെത്താൻ, തന്മൂലം ധാരാളം പടിക്കെട്ടുകൾ കാണാം. ഇവ കയറിവേണം ക്ഷേത്രത്തിലെത്താൻ. പ്രവേശനകവാടത്തിന് മുകളിലായി ദശാവതാരരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഇതിന് തെക്കുഭാഗത്തായാണ് ക്ഷേത്രം വക ഓഡിറ്റോറിയം പണിതിരിയ്ക്കുന്നത്. ഇവിടെ ഒരു ഭാഗത്ത് ശ്രീകൃഷ്ണന്റെ പന്ത്രണ്ട് പ്രധാന നാമങ്ങൾ എഴുതിവച്ചിട്ടുണ്ട്. ഇവയൊക്കെ തൊഴുതശേഷമാണ് മതിലകത്തേയ്ക്ക് കടക്കുക.

കിഴക്കേ നടയിലെ പ്രവേശനകവാടത്തിലൂടെ അകത്തേയ്ക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലുപ്പമുള്ള ഈ ആനക്കൊട്ടിലിൽ ഏകദേശം അഞ്ച് ആനകളെ ഒരുസമയം എഴുന്നള്ളിയ്ക്കാവുന്നതാണ്. ക്ഷേത്രത്തിൽ കൊടികയറി ഉത്സവമില്ലാത്തതിനാൽ കൊടിമരം പ്രതിഷ്ഠിച്ചിട്ടില്ല. എന്നാൽ ബലിക്കൽപ്പുര പണിതിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ലിന് വലുപ്പം വളരെ കുറവായതിനാൽ പുറത്തുനിന്ന് നോക്കിയാൽത്തന്നെ വിഗ്രഹം കാണാം. ബലിക്കൽപ്പുരയുടെ മുകളിൽ 'ഓം നമോ നാരായണായ' എന്നെഴുതിയ ഫലകം കാണാം. ഇതിന് അധികം പഴക്കമില്ല. നാലമ്പലത്തിനകത്ത് കടക്കാൻ പറ്റാത്ത ഭക്തർക്കായി അകത്തെ ഉപപ്രതിഷ്ഠകളായ ഗണപതിയുടെയും ദുർഗ്ഗാദേവിയുടെയും നടകൾക്കുനേരെ വേറെയും രണ്ട് വാതിലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്.

ക്ഷേത്രമതിലകത്ത് തെക്കുകിഴക്കേമൂലയിൽ പടിഞ്ഞാറോട്ട് ദർശനമായി ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠയോടുകൂടിയ ശ്രീകോവിൽ കാണാം. സാധാരണയായി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഹനുമദ്പ്രതിഷ്ഠയുണ്ടാകാറില്ല. ഭക്തഹനുമാന്റെ രൂപത്തിലാണ് ഇവിടെ വിഗ്രഹം. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഇരുകൈകളും കൂപ്പിനിൽക്കുന്ന ഹനുമാൻ, ആയുധമായ ഗദ താഴെ വച്ചിരിയ്ക്കുകയാണ്. വടമാല, വെറ്റിലമാല, അവിൽ നിവേദ്യം തുടങ്ങിയവയാണ് ഹനുമാന്നുള്ള പ്രധാന വഴിപാടുകൾ. ധനുമാസത്തിലെ അമാവാസി ദിവസം നടക്കുന്ന ഹനുമാൻ ജയന്തിയാണ് ഇവിടെ ഏറ്റവും പ്രധാന ആണ്ടുവിശേഷം. അന്നേദിവസം ഇവിടെ വിശേഷാൽ പൂജകളും അഭിഷേകവുമുണ്ടാകാറുണ്ട്.

തുടർന്ന് പ്രദക്ഷിണമായി വരുമ്പോൾ തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി അയ്യപ്പന്റെ ശ്രീകോവിൽ കാണാം. ശബരിമലയിലെ വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുള്ള വിഗ്രഹമാണിവിടെയുള്ളത്. വലതുകൈ ചിന്മുദ്രാങ്കിതമാക്കി ഇടതുകൈ കീഴേയ്ക്ക് നീട്ടിപ്പിടിച്ചിരിയ്ക്കുന്ന രൂപത്തിൽ കാണപ്പെടുന്ന വിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. ശബരിമലയിലെപ്പോലെ നെയ്യഭിഷേകം തന്നെയാണ് ഇവിടെയും പ്രധാനം. കൂടാതെ നീരാജനം, എള്ളുപായസം, നീലപ്പട്ടുചാർത്തൽ തുടങ്ങിയവയും പ്രധാനമാണ്. മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ വിശേഷാൽ പൂജകളും കർപ്പൂരാഴിയുമുണ്ടാകും. ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ നടയിൽ വച്ചാണ്. ഇതിന് സമീപം ഒരു പ്രത്യേക ഫലകത്തിൽ ഹരിവരാസനം മുഴുവൻ എഴുതിവച്ചിരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. അയ്യപ്പന്റെ ശ്രീകോവിലിനടുത്തുതന്നെയാണ് നാഗദൈവങ്ങളുടെയും ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകൾ. ചെറിയൊരു അരയാലിന്റെ കീഴിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠകളുള്ളത്. വൈഷ്ണവദേവാലയമായതിനാൽ ഇവിടെ നാഗരാജാവായി വാഴുന്നത് അനന്തനാണ്. കൂടെ നാഗയക്ഷിയടക്കമുള്ള പരിവാരങ്ങളുമുണ്ട്. എല്ലാമാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പബലിയുമുണ്ടാകും. ഇതിന് പുറകിൽ മറ്റൊരു ആലിന്റെ ചുവട്ടിലാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. ഏകദേശം അരയടി ഉയരം വരുന്ന ചെറിയൊരു വിഗ്രഹമാണിവിടെയുള്ളത്. ബ്രഹ്മരക്ഷസ്സിന് രണ്ട് സന്ധ്യയ്ക്കും വിളക്കുവയ്പുണ്ടെന്നല്ലാതെ വിശേഷദിവസങ്ങളൊന്നുമില്ല.

ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് നവഗ്രഹങ്ങളുടെ പ്രതിഷ്ഠ. സാധാരണയായി കേരളീയക്ഷേത്രങ്ങളിൽ നവഗ്രഹപ്രതിഷ്ഠ കാണാറില്ല എന്നതിനാൽ ഈ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്. ഭാരതീയ ജ്യോതിശാസ്ത്രപ്രകാരമുള്ള നവഗ്രഹങ്ങളായ സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം (ഗുരു), ശുക്രൻ, ശനി, രാഹു, കേതു എന്നിവരെ ഒറ്റക്കല്ലിൽ വ്യത്യസ്ത ദിക്കുകളിലേയ്ക്ക് ദർശനം വരുന്ന വിധത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ഗ്രഹനായകനായ സൂര്യൻ നടുക്കും, മറ്റുള്ളവർ ചുറ്റും നിൽക്കുന്ന രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠ. സൂര്യന്റെ കിഴക്ക് ശുക്രനും, തെക്കുകിഴക്ക് ചന്ദ്രനും, തെക്ക് ചൊവ്വയും, തെക്കുപടിഞ്ഞാറ് രാഹുവും, പടിഞ്ഞാറ് ശനിയും, വടക്കുപടിഞ്ഞാറ് കേതുവും, വടക്ക് വ്യാഴവും, വടക്കുകിഴക്ക് ബുധനും നിൽക്കുന്നു. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവർ കിഴക്കോട്ടും ചൊവ്വ, രാഹു, കേതു എന്നിവർ തെക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും വ്യാഴം മാത്രം വടക്കോട്ടും ദർശനം നൽകുന്ന രീതിയിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. എല്ലാ ദിവസവും ഇവർക്ക് അതാതിന്റെ പ്രാധാന്യമനുസരിച്ച് വിശേഷാൽ പൂജകളുണ്ടാകാറുണ്ട്. നവധാന്യങ്ങൾ സമർപ്പിയ്ക്കുന്നതും അതാതിന്റെ ഇഷ്ടനിറത്തിലുള്ള പട്ട് ചാർത്തുന്നതും നവഗ്രഹങ്ങളിൽ ഈശ്വരനായ ശനിയ്ക്ക് എള്ളുതിരി കത്തിയ്ക്കുന്നതും അതിവിശേഷമാണ്. നിരവധി ആളുകളാണ് ഇതിനായി ഇങ്ങോട്ട് വരാറുള്ളത്.

ശ്രീകോവിൽ

തിരുത്തുക

തമിഴ്നാട് ശൈലിയിൽ തീർത്ത ഒറ്റനിലയോടുകൂടിയ ചതുരശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഏകദേശം നൂറടി ചുറ്റളവുണ്ട്. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അതിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം നാലടി ഉയരം വരുന്ന, ഇരിയ്ക്കുന്ന രൂപത്തിലുള്ള ധന്വന്തരിസങ്കല്പത്തിലുള്ള കൃഷ്ണവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അത്യപൂർവ്വമാണ് ഇത്തരത്തിലുള്ള വിഗ്രഹം. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ ഇടതുകയ്യിൽ അമൃതകുംഭവും മുന്നിലെ വലതുകയ്യിൽ അട്ടയും കാണാം. ധന്വന്തരിമൂർത്തിയുടെ പൂർണ്ണസ്വരൂപത്തിലുള്ള വിഗ്രഹമാണിത്. ഏതുകാലത്താണ് ഭഗവാനെ കൃഷ്ണനായി കാണാൻ തുടങ്ങിയതെന്നത് സംശയമാണ്. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീകൃഷ്ണസ്വാമി, ധന്വന്തരീരൂപത്തിൽ ജഗതി ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിലിന്റെ പുറംചുവരുകൾ അതിമനോഹരമായ നിരവധി ശില്പരൂപങ്ങളാൽ അലംകൃതമാണ്. രാമായണം, മഹാഭാരതം, ശ്രീമദ് ഭാഗവതം തുടങ്ങിയ കൃതികളിലെ നിരവധി സംഭവങ്ങൾ ഇവിടെ ശില്പരൂപത്തിൽ പുനർജനിച്ചിട്ടുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ നമസ്കാരമണ്ഡപം ശ്രീകോവിലിനോടുചേർന്നാണ് കാണപ്പെടുന്നത്. ഇത് ശാന്തിക്കാർക്ക് നമസ്കരിയ്ക്കാൻ വളരെയധികം സൗകര്യം ചെയ്യുന്നുണ്ട്. നാലുതൂണുകളോടുകൂടിയ ഈ മണ്ഡപത്തിലെ ഓരോ തൂണിലും വിവിധ ദേവീ-ദേവരൂപങ്ങൾ കാണാം. വടക്കുവശത്ത് പതിവുപോലെ ഓവ് പണിതിട്ടുണ്ട്. ഭഗവാന് അഭിഷേകം ചെയ്യുന്ന തീർത്ഥം ഇതിലൂടെ ഒഴുകിപ്പോകുന്നു.

നാലമ്പലം

തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമായ നാലമ്പലമാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമാണ്. ഇതിന്റെ മേൽക്കൂര പൂർണ്ണമായും ചെമ്പുമേഞ്ഞിട്ടുണ്ട്. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവുമായി പതിവുപോലെ വിളക്കുമാടങ്ങൾ കാണാം. ഇവയിൽ തെക്കുഭാഗത്തെ വാതിൽമാടത്തിൽ വച്ചാണ് വിശേഷാൽ പൂജകളും നിത്യേനയുള്ള ഗണപതിഹോമം അടക്കമുള്ള ഹോമങ്ങളും നടക്കുന്നത്; വടക്കുഭാഗത്തെ വാതിൽമാടത്തിൽ വാദ്യമേളങ്ങളും നാമജപവും. പൂജാസമയമൊഴികെയുള്ളപ്പോൾ വടക്കേ വാതിൽമാടത്തിലാണ് ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക, കൊമ്പ്, കുറുംകുഴൽ, ശംഖ്, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ സൂക്ഷിയ്ക്കുന്നത്. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും.

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത മുറിയിൽ കിഴക്കോട്ട് ദർശനമായി ഗണപതിയുടെയും ശിവന്റെയും പ്രതിഷ്ഠകൾ കാണാം.