കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(കൂറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് (ജനുവരി, 1896[1] - ഓഗസ്റ്റ് 31, 1981) ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനും മാതൃഭൂമി പത്രത്തിന്റെ പിറവിക്ക് വഴിതെളിച്ച പ്രമുഖനുമായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരം, ഉപ്പു സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, സ്വദേശി പ്രസ്ഥാനം തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളിലും നവോത്ഥാന സമരങ്ങളിലും നേതൃത്വം വഹിച്ചിട്ടുള്ള അദ്ദേഹം, കേരളത്തിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനികളിൽ മുഖ്യസ്ഥാനം വഹിക്കുന്നു.

കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
കേരള നിയമസഭ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിജോസഫ് മുണ്ടശ്ശേരി
പിൻഗാമിഐ.എം. വേലായുധൻ
മണ്ഡലംമണലൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1896-01-00)ജനുവരി , 1896
അടാട്ട്
മരണംഓഗസ്റ്റ് 31, 1981(1981-08-31) (പ്രായം 85)
തൃശ്ശൂർ
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളികൊച്ചുകുട്ടിയമ്മ
മാതാപിതാക്കൾ
  • അഷ്ടമൂർത്തി നമ്പൂതിരിപ്പാട് (അച്ഛൻ)
  • ഉമാ അന്തർജനം (അമ്മ)
As of ഒക്ടോബർ 26, 2022
ഉറവിടം: നിയമസഭ

ജീവിതരേഖ

തിരുത്തുക

1896 ഫെബ്രുവരി ആറിന് തൃശ്ശൂരിനടുത്തുള്ള അടാട്ട് ഗ്രാമത്തിലെ ആമ്പലംകാവ് എന്ന പ്രദേശത്തു കുറൂർ മനയ്ക്കൽ അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റെയും ഉമാ അന്തർജനത്തിന്റെയും മകനായി ജനിച്ചു. ഏഴാം വയസ്സിൽ പാരമ്പര്യമനുസരിച്ച് തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽ ഋഗ്വേദ പഠനമാരംഭിച്ചു. വേദപഠനം കഴിഞ്ഞ് 1918-ൽ പാലക്കാട്ടെ നൂറണി ഹൈസ്ക്കൂളിൽ ചേർന്നു. മഹാത്മാഗാന്ധിയിൽ ആകൃഷ്ടനായ കുറൂർ 1920-ൽ നിസ്സഹകരണപ്രസ്ഥാനത്തിൽ ചേർന്നു. തുടർന്നുള്ള അരനൂറ്റാണ്ടുകാലം കുറൂരിന്റെ ജീവിതം രാഷ്ട്രീയവും സാമൂഹികപ്രവർത്തനവും ഒത്തുചേരുന്നതായിരുന്നു. ഗാന്ധിജി, ജവഹർലാൽ നെഹ്റു, സരോജിനി നായിഡു, ബാലഗംഗാധര തിലകൻ എന്നീ ദേശീയ നേതാക്കളുനായി കുറൂരിന് വ്യക്തിബന്ധമുണ്ടായിരുന്നു.

ആദ്യ ജയിൽവാസം

തിരുത്തുക

1921-ലായിരുന്നു കുറൂരിന്റെ ആദ്യ ജയിൽവാസം. ഭാരതീയരിൽ ദേശഭക്തി ഉണർത്താനും സ്വാതന്ത്രത്തിനായുള്ള പോരാട്ടത്തിൽ അവരെ ഭാഗമാക്കാനും , ബോധവത്ക്കരിക്കാനുമായി തൃശ്ശിവപേരൂർ ആസ്ഥാനമായി ലോക മാന്യൻ എന്നപേരിൽ കുറൂരിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ പത്രത്തിലെ ലേഖനങ്ങളിൽ രാജ്യദ്രോഹം കണ്ടെത്തിയപ്പോഴാണ് കുറൂരിനും പത്രത്തിന്റെ പ്രസാധകനായിരുന്ന പൂവ്വത്തിങ്കൽ സെബാസ്റ്റ്യനും ആറുമാസം ശിക്ഷ ലഭിച്ചത്. ഇദ്ദേഹത്തിന് കണ്ണൂർ ജയിലിൽ അടക്കപ്പെട്ട സമയത്ത് ക്രൂരമായ മർദ്ദനത്തിൽ വലത്തെ ചെവിയുടെ കേൾവി നഷ്ടപ്പെട്ടു . ശിക്ഷയ്ക്കുശേഷം തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് സാമുദായ ഭ്രഷ്ടായിരുന്നു. മിശ്രഭോജനം നടത്തിയതിനായിരുന്നു അത്.

മാതൃഭൂമി പത്രം

തിരുത്തുക

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരളത്തിലെ ജിഹ്വയായി മാറിയ മാതൃഭൂമി പത്രത്തിന്റെ പിറവിക്ക് വഴിതെളിച്ചതിൽ പ്രമുഖനായിരുന്നു ഇദ്ദേഹം. 1923-ലാണ് പത്രം തുടങ്ങിയത്. പത്രാധിപർ കെ.പി.കേശവമേനോനും മാനേജിങ് ഡയറക്ടർ കെ.മാധവൻ നായരും കുറൂർ പ്രസാധകനും. മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്ന ശ്രീ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് മാതൃഭൂമിക്കൊപ്പം ചേർന്നു സ്വാതന്ത്ര്യലബ്ധിക്കായി പോരാടി. മാതൃഭൂമിക്ക് വേണ്ടി ത്യാഗങ്ങളും ക്ലേശങ്ങളും സഹിച്ച കുറൂർ, ജീവിതാവസാനം വരെ പത്രത്തിന്റെ പ്രിന്റ് ആന്റ് പബ്ലിഷറായിരുന്നു.

സത്യാഗ്രഹസമരങ്ങൾ

തിരുത്തുക

1924-ലെ വൈക്കം സത്യാഗ്രഹസമരവുമായി ബന്ധപ്പെട്ട് കുറൂർ തടവുശിക്ഷ അനുഭവിക്കുകയുണ്ടായി. 1930-ലെ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത കുറൂരിന് ക്രൂരമായ പോലീസ് മർദ്ദനമേൽക്കേണ്ടിവന്നു. നിയമലംഘന പ്രസ്ഥാനം, ഗൂരുവായൂർ സത്യാഗ്രഹം, ക്വിറ്റിന്ത്യപ്രക്ഷോഭം എന്നിവയിലും പങ്കെടുത്തിട്ടുണ്ട്.

1931 ഏപ്രിൽ രണ്ടിന് തൃശ്ശൂരിലെ നായർ കുടുംബമായ തെക്കേകുറുപ്പത്തെ കൊച്ചുകുട്ടിയമ്മയെ വിവാഹം കഴിച്ചു. കുറൂരിന്റെ സേവനമനോഭാവത്തിന് അദ്ദേഹത്തിന്റെ പത്നി കൊച്ചുകുട്ടിയമ്മ നൽകിയ പിന്തുണ വിസ്മരിക്കാവുന്നതല്ല. സർക്കാർ അധ്യാപികയായിരുന്നെങ്കിലും കുറൂരിന്റെ പ്രവർത്തനങ്ങൾക്ക് അവർ ഉറച്ച പിന്തുണ നല്കി. വിവാഹശേഷം അദ്ദേഹം താമസിച്ച തെക്കേകുറുപ്പത്ത് വീട് തൃശ്ശൂരിലെത്തിയിരുന്ന അഖിലേന്ത്യനേതാക്കളുടെ താവളമായിരുന്നു. നെഹ്റു ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഇവിടം ആതിഥ്യമരുളിയിട്ടുണ്ട്.

ഖാദിപ്രസ്ഥാനം

തിരുത്തുക

ഖാദിപ്രസ്ഥാനത്തിന്റെ ആദ്യദശയിൽ തൃശ്ശൂരിലെ വീടുകളിൽ ചർക്കയും തക്ലിയുമെത്തിച്ച് നൂൽനൂല്പിക്കുവാനും പിന്നീട് അത് ശേഖരിച്ച് നെയ്യിക്കുവാനും കുറൂർ ശ്രമിച്ചു. ഇത്തരം ശ്രമങ്ങളിലൂടെ ഖാദിയെ കേരളത്തിന്റെ പ്രധാന വ്യവസായസംരംഭങ്ങളിലൊന്നാക്കി മാറ്റുവാനും അദ്ദേഹത്തിനായി. പിന്നീട് കേരള ഖാദി-ഗ്രാമ വ്യവസായ അസോസിയേഷന്റെ രൂപത്തിൽ വളർന്നു വന്ന പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനായി 1960 മുതൽ 64 വരെ അദ്ദേഹം പ്രവർത്തിച്ചു.

മറ്റു പ്രവർത്തനങ്ങൾ

തിരുത്തുക

1958-61 കാലഘട്ടത്തിൽ കേരളനിയമസഭാംഗമായി പ്രവർത്തിച്ചു. 1966-ൽ സംസ്ഥാന ഭക്ഷ്യ ഉപദേശസമിതിയിൽ അംഗമായി. തൃശ്ശൂരിലെ നെഹ്റു സ്മാരകനിധിയിലും ശാസ്ത്രി സ്മാരകനിധിയിലും പ്രവർത്തിച്ചു. കുറൂരിന്റെ പ്രവർത്തനഫലമായാണ് തൃശ്ശൂരിൽ ജവഹർ ബാലഭവൻ സംഘടിപ്പിച്ചത്.ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം അതിരുകൾപൊട്ടിച്ചെറിഞ്ഞു സ്വാതന്ത്ര്യത്തിനായും ഹരിജനങ്ങളുടെ ഉന്നമനത്തിനായും പോരാടി. ഗാന്ധിജിയുടെ പാത പിൻതുടർന്ന് ഖാദി ഉത്പന്നങ്ങളുടെ പ്രചാരണവും നിർമ്മാണവും കേരളത്തിൽ നടത്തിയത് ഇദ്ദേഹം ആയിരുന്നു. വിമോചന സമരത്തിന് നേതൃത്വം വഹിച്ചതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ മർദ്ദനത്തിന് ഇരയായിട്ടുണ്ട്.

കേരളത്തിലെ ദേശീയ പ്രവർത്തകർക്ക് ഒരാവേശമായി പ്രവർത്തിച്ച കുറൂർ തന്റെ ഗാന്ധിയൻ നിലപാടുകളിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചില്ല. 1981 ഓഗസ്റ്റ് 31-ാം ൹ 85-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...