കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

കൊല്ലങ്കോട് കേരളത്തിലെ ഒരു ഹിന്ദു ക്ഷേത്രം

പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട്‌ ടൗണിൽനിന്നും 4 കി.മി. അകലെയാണ്‌ അതിപുരാതനവും പ്രസിദ്ധവുമായ തിരുകാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം. ലക്ഷ്മീദേവീ, ഭൂമീദേവീ സമേതനായ മഹാവിഷ്ണുവാണ് മുഖ്യപ്രതിഷ്ഠ. അതേസമയം, മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമസ്വാമിയായും ഇവിടെ സങ്കല്പമുണ്ട്. തിരുക്കാച്ചാംകുറിശ്ശി പെരുമാൾ എന്നാണ് ഇവിടത്തെ ചക്രവർത്തിസ്വരൂപനായ മഹാവിഷ്ണു അറിയപ്പെടുന്നത്. ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ (നാഗരൂപത്തിൽ), ശാസ്താവ്, ഹനുമാൻ (സങ്കല്പം), നാഗദൈവങ്ങൾ എന്നിവരും ഇവിടെ കുടികൊള്ളുന്നു. ഈ ക്ഷേത്രവുമായും ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി നിരവധി ഐതിഹ്യങ്ങൾ ഉണ്ട്‌. പുരാണപ്രസിദ്ധങ്ങളായ ഇക്ഷുമതിനദിയുടെയും ഗായത്രിനദിയുടെയും ഇടയിലാണ്‌ ഈ പുണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. അതിനാൽ, ക്ഷേത്രം തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ശ്രീരംഗം ക്ഷേത്രത്തിന് തുല്യമായി കണക്കാക്കപ്പെടുന്നു.

കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:പാലക്കാട്
സ്ഥാനം:കൊല്ലങ്കോട്
കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

കേരളത്തിൽ എവിടെ യാഗം നടന്നാലും യാഗത്തിന്‌ ആവശ്യമായ സോമലത, മാൻതോൽ എന്നിവ നൽകുവാനുള്ള അവകാശം സൂര്യവംശജരാണെന്ന്‌ വിശ്വസിച്ചുപോരുന്ന കൊല്ലങ്കോട്‌ രാജപരമ്പരയിലുള്ളവർക്കാണ്‌ കൽപ്പിച്ചു നൽകിയിരിക്കുന്നത്‌. യാഗസാധനങ്ങൾ യാഗം ചെയ്യാൻ ആഗ്രഹിക്കുന്ന ബ്രാഹ്മണർക്ക്‌ ഈ കശ്യപക്ഷേത്രസന്നിധിയിൽ വെച്ചു മാത്രമേ നൽകുവാൻ പാടുള്ളൂ. യജ്ഞഫലത്തിന്റെ (ഹവിർഭാഗം) ആറിലൊരു ഭാഗം ഈ രാജപരമ്പരക്ക്‌ ലഭിക്കും. ഇതിന്റെ പുറകിലും ഒരു ഐതിഹ്യമുണ്ട്‌. ഇന്നോളം കേരളത്തിൽ എവിടെ യാഗം നടക്കുകയാണെങ്കിലും സോമലത വെങ്കനാട്‌ രാജാവിന്റെ പരമ്പരയിലുള്ളവർ കാച്ചാംകുറിശ്ശി ക്ഷേത്രസന്നിധിയിൽവെച്ചാണ്‌ കൈമാറുന്നത്‌. ഇടവമാസത്തിൽ തിരുവോണം നാളിൽ ആറാട്ട് വരത്തക്ക വിധത്തിലുള്ള പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ, കർക്കടകം, തുലാം എന്നീ മാസങ്ങളിലെ അമാവാസി, മീനമാസത്തിൽ ശ്രീരാമനവമി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മകരമാസത്തിലെ തൈപ്പൂയം എന്നിവയും അതിവിശേഷമായി ആചരിച്ചുവരുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

തിരുത്തുക

സപ്തർഷികളിലൊരാളും ദേവന്മാർ, അസുരന്മാർ, മനുഷ്യർ, നാഗങ്ങൾ, ഗരുഡൻ തുടങ്ങി പലരുടെയും പിതാവുമായ കശ്യപമഹർഷി തികഞ്ഞ വിഷ്ണുഭക്തനായിരുന്നു. ഒരിയ്ക്കൽ വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായി തപസ്സനുഷ്ഠിയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിന് ഉചിതമായ ഒരു സ്ഥലം അന്വേഷിച്ചുനടക്കുമ്പോൾ അദ്ദേഹം അതിമനോഹരമായ ഈ പ്രദേശം കണ്ടു. ഇവിടം തന്നെ ഉചിതമായ സ്ഥലമെന്ന് വിചാരിച്ച് അദ്ദേഹം അടുത്തുകണ്ട ഒരു മലയിൽ തപസ്സിരുന്നു. ഏറെനാളത്തെ കഠിനതപസ്സിനൊടുവിൽ മഹാവിഷ്ണുഭഗവാൻ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. എന്താണ് ആഗ്രഹമെന്ന് ഭഗവാൻ ചോദിച്ചപ്പോൾ ഭൂലോകവാസികളുടെ നന്മയ്ക്കായി ഭഗവാൻ എന്നും അവിടെ വാഴണമെന്ന് മഹർഷി പറഞ്ഞു. ആ ആഗ്രഹം ഭഗവാൻ സ്വീകരിച്ചു. മാത്രവുമല്ല, കശ്യപൻ തപസ്സിരുന്ന മല പിന്നീട് 'ഗോവിന്ദമല' എന്നറിയപ്പെടാൻ തുടങ്ങുകയും ചെയ്തു (ഗോവിന്ദൻ ഭഗവാന്റെ പല പേരുകളിലൊന്നാണ്). തുടർന്ന് ദേവശില്പിയായ വിശ്വകർമ്മാവിനെ അദ്ദേഹം വിളിച്ചു. വിശ്വകർമ്മാവ് ഉടനെ അനന്താസനരൂപത്തിൽ ശ്രീദേവീഭൂദേവീസമേതനായിരിയ്ക്കുന്ന മഹാവിഷ്ണുഭഗവാന്റെ വിഗ്രഹം തടിയിൽ നിർമ്മിച്ചുകൊടുത്തു. ഗണപതി, ശാസ്താവ്, ശിവൻ തുടങ്ങിയ ദേവന്മാരുടെ രൂപങ്ങളും അദ്ദേഹം നിർമ്മിച്ചു. തുടർന്ന് ഒരു ക്ഷേത്രവും അദ്ദേഹം നിർമ്മിച്ചു. ആ ക്ഷേത്രത്തിൽ കശ്യപമഹർഷി ഈ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഭക്തർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന് 'കശ്യപകുറിശ്ശി' എന്ന് പേരിട്ടു. പിന്നീട് അത് ലോപിച്ച് കാച്ചാംകുറിശ്ശിയായി.

കശ്യപമഹർഷിയുടെ സ്മരണയ്ക്കായി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലുള്ള വഴിയിൽ ചെറിയൊരു പേരാൽത്തറ പണിതിട്ടുണ്ട്. കശ്യപത്തറ എന്നാണ് ഇതിന് ഭക്തർ നൽകുന്ന പേര്. നിത്യവും സന്ധ്യാസമയത്ത് ഇവിടെ വിളക്കുവയ്പുണ്ട്. ഇവിടെ വന്ദിച്ചശേഷമേ ഭഗവാനെ വന്ദിയ്ക്കാൻ പോകാവൂ എന്നാണ് ക്ഷേത്രാചാരം. കശ്യപമഹർഷി തപസ്സിരുന്ന സ്ഥലമായ ഗോവിന്ദമല, ക്ഷേത്രത്തിൽ നിന്ന് മൂന്നുകിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്നു. ഇവിടെയുള്ള ഒരു പ്രത്യേകം കല്ലിൽ 'ഗോവിന്ദാ ഗോവിന്ദാ' എന്നുചൊല്ലി പ്രാർത്ഥിച്ചാൽ ഇവിടെനിന്ന് ജലപ്രവാഹമുണ്ടാകുമെന്നാണ് വിശ്വാസം. തൈപ്പൂയദിവസം ഈ മല കയറുന്നത് അതിവിശേഷമാണ്. അതിദുർഘടം പിടിച്ച വഴികളിലൂടെയാണ് ഇങ്ങോട്ടുള്ള യാത്ര. എങ്കിലും അതൊന്നും ആളുകളെ പിന്തിരിപ്പിയ്ക്കുന്നില്ല. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നാണ് ഈ ചടങ്ങിന് കൂടുതൽ ഭക്തരും എത്തിച്ചേരുന്നത്. ശബരിമലയ്ക്കും മറ്റും നടത്തുന്നപോലെയുള്ള കഠിനമായ വ്രതാനുഷ്ഠങ്ങളോടെയാണ് അവർ വരുന്നത്. തലേദിവസം (പുണർതം) വൈകീട്ട് ഇവിടെയെത്തുന്ന ഭക്തർ, ഇവിടെ ഒരു ദിവസം ചെലവഴിച്ച്, വഴിപാടുകൾ കഴിച്ചശേഷം പിറ്റേന്ന് പുലർച്ചെയാണ് പുറപ്പെടുന്നത്. കഷ്ടിച്ച് മൂന്നുകിലോമീറ്റർ മാത്രമേ ഈ യാത്രയ്ക്കുള്ളൂവെങ്കിലും ഏകദേശം ഏഴുമണിക്കൂർ ഇങ്ങോട്ടെടുക്കും. അത്ര കഠിനമാണ് ഈ യാത്ര.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

പയ്യല്ലൂർ കാച്ചാംകുറിശ്ശി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ആരുടെയും മനം മയക്കുന്ന ഗ്രാമീണസൗന്ദര്യമാണ് ക്ഷേത്രത്തിന്റെ നാലുഭാഗത്തും കാണാൻ കഴിയുന്നത്. നാലുഭാഗത്തും അംബരചുംബികളായ മലനിരകളുണ്ട്. കണ്ണെത്താദൂരത്തോളം അവ വ്യാപിച്ചുകിടക്കുന്ന കാഴ്ച അത്യാകർഷകമാണ്. അവയിൽ നിന്നൊഴുകിവരുന്ന നീർച്ചോലകളും, താഴ്വരകളിലുള്ള നെൽപ്പാടങ്ങളും, തെങ്ങ്, കവുങ്ങ്, മാവ്, കരിമ്പന തുടങ്ങിയ ഫലവൃക്ഷങ്ങൾ വിളയുന്ന തോട്ടങ്ങളും ഭൂപ്രകൃതിയ്ക്ക് മാറ്റുകൂട്ടുന്നു. ക്ഷേത്രത്തിന്റെ നേരെമുന്നിൽ അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. സാമാന്യത്തിലധികം വലിപ്പമുള്ള ഈ കുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ക്ഷേത്രത്തിലെത്തുന്നത്. ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നതും ഈ കുളത്തിലാണ്. കുളത്തിൽ നിന്ന് ക്ഷേത്രത്തിലേയ്ക്കുള്ള വഴിയുടെ ക്ഷേത്രത്തിന്റെ തൊട്ടുമുന്നിലുള്ള ഭാഗങ്ങൾ ടൈൽസ് പാകിയതാണ്. അടുത്തുതന്നെ, വാഹനപാർക്കിങ് സൗകര്യവുമുണ്ട്. ക്ഷേത്രത്തിന് ഒരു ഭാഗത്തും ഗോപുരങ്ങളില്ലെങ്കിലും കിഴക്കുഭാഗത്ത് പേരെഴുതിയ പ്രവേശനകവാടം കാണാം. അതിനടുത്ത് ചെരുപ്പ് കൗണ്ടറുമുണ്ട്. ക്ഷേത്രത്തിന്റെ തെക്കുകിഴക്കുഭാഗത്ത് പ്രത്യേകം തീർത്ത ഒരു ആൽമരത്തിന് ചുവട്ടിൽ കശ്യപമഹർഷിയ്ക്ക് സ്ഥാനം നൽകിയിരിയ്ക്കുന്നു. കശ്യപത്തറയിൽ തൊഴുതുവേണം ഭഗവാനെ തൊഴാൻ പോകാൻ എന്നാണ് സങ്കല്പം.

കിഴക്കേ നടയിലൂടെ അകത്തുകടക്കുന്ന ഭക്തർ ആദ്യമെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലിപ്പമുള്ള ഈ ആനക്കൊട്ടിലിനകത്തുതന്നെയാണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന പഞ്ചലോഹക്കൊടിമരമുള്ളത്. 2016-ലാണ് ഈ കൊടിമരം പ്രതിഷ്ഠിച്ചത്. അതിനുമുമ്പ് ചെമ്പുകൊടിമരമായിരുന്നു. ആനക്കൊട്ടിലിലെ തൂണുകളിൽ നിരവധി ശില്പങ്ങൾ കാണാം. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. സാമാന്യത്തിലധികം വലിപ്പമുള്ള ബലിക്കല്ലായതിനാൽ, പുറത്തുനിന്നുനോക്കിയാൽ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. ബലിക്കൽപ്പുരയുടെ മച്ചിലായി ധാരാളം ദാരുശില്പങ്ങൾ കാണാം. നേരെമുകളിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കാണാം. കൂടാതെ, പുരാണകഥകളിൽ നിന്നുള്ള നിരവധി സംഭവങ്ങൾ ഇവിടെ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ആനക്കൊട്ടിലിനടുത്തുതന്നെയാണ് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും. എണ്ണയഭിഷേകമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഭഗവാന് അഭിഷേകം ചെയ്ത എണ്ണ, രോഗശാന്തിയ്ക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. കൂടാതെ, പാൽപ്പായസം, വെണ്ണ, അപ്പം, അട, തുളസിമാല, സഹസ്രനാമാർച്ചന തുടങ്ങിയവയും പ്രധാനമാണ്.

തുടർന്ന് പ്രദക്ഷിണമായി വരുമ്പോൾ തെക്കുപടിഞ്ഞാറുഭാഗത്ത് നാഗക്കാവ് കാണാം. നാഗരാജാവായി അനന്തൻ വാഴുന്ന ഈ കാവിൽ കൂട്ടിന് നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും തുലാമാസത്തിലെ അവസാന ഞായറാഴ്ച സർപ്പബലിയും പതിവാണ്. ചെർപ്പുളശ്ശേരിയ്ക്കടുത്തുള്ള പ്രസിദ്ധമായ പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിമാർക്കാണ് സർപ്പബലിയ്ക്കുള്ള അധികാരം. പടിഞ്ഞാറേ നടയ്ക്ക് പുറത്ത് വലിയ വാഴത്തോപ്പും അതുവഴി ഇറങ്ങിച്ചെല്ലുമ്പോൾ മറ്റൊരു കുളവും കാണാം. കുഷ്ഠംകുഴി എന്നറിയപ്പെടുന്ന ഈ കുളം, പക്ഷേ ഇപ്പോൾ ജീർണ്ണാവസ്ഥയിലാണ്. ഇത് നന്നാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. വടക്കുഭാഗത്ത് നെടുനീളത്തിൽ ഊട്ടുപുര പണിതിരിയ്ക്കുന്നു. വിശേഷദിവസങ്ങളിൽ ഇവിടെ ഊട്ടുണ്ടാകാറുണ്ട്. ഇതിനപ്പുറം വലിയൊരു കിണർ കാണാം. കൊക്കർണിക്കിണർ എന്നാണ് ഇത് അറിയപ്പെടുന്നത്. ദേവനിർമ്മിതമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പടുന്നു. ഇതിലെ ജലം ഉപയോഗിച്ചാണ് ക്ഷേത്രത്തിൽ അഭിഷേകവും നിവേദ്യവും നടക്കുന്നത്. ക്ഷേത്രക്കുളവും കൊക്കർണിക്കിണറും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതായി ഐതിഹ്യങ്ങളുണ്ട്.

ശ്രീകോവിൽ

തിരുത്തുക

രണ്ടുനിലകളോടുകൂടിയ അതിഗംഭീരമായ വട്ടശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിലും വെട്ടുകല്ലിലുമായി തീർത്ത ശ്രീകോവിലിന് ഇരുന്നൂറടിയോളം ചുറ്റളവുണ്ട്. ഇതിന്റെ രണ്ടുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം കാണാം. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ആറടി ഉയരം വരുന്ന ദാരുനിർമ്മിതമായ മഹാവിഷ്ണുവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അനന്തന്റെ പുറത്ത് ഇരിയ്ക്കുന്ന രൂപത്തിലുള്ള മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ശ്രീരാമനായും സങ്കല്പമുണ്ട്. തിരുക്കാച്ചാംകുറിശ്ശി പെരുമാൾ എന്നറിയപ്പെടുന്ന ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദയും മുന്നിലെ വലതുകയ്യിൽ ഒരു താമരപ്പൂവും കാണാം. തൃപ്പൂണിത്തുറയിലെ പ്രസിദ്ധമായ പൂർണത്രയീശക്ഷേത്രത്തിലെ വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യം ഈ വിഗ്രഹത്തിനുണ്ട്. എന്നാൽ, ഇവിടെയുള്ള വിഗ്രഹത്തിന് ഉയരം കൂടുതലാണ്. മാത്രവുമല്ല, വരിക്കപ്ലാവിന്റെ തടികൊണ്ട് നിർമ്മിച്ച വിഗ്രഹമാണ് ഇവിടെയുള്ളത്. ദാരുവിഗ്രഹപ്രതിഷ്ഠയുള്ള ഏക വിഷ്ണുക്ഷേത്രമാണ് ഇത്. അതിനാൽ ഇവിടെ എണ്ണകൊണ്ടുമാത്രമേ അഭിഷേകമുള്ളൂ. മറ്റ് അഭിഷേകങ്ങൾക്കായി പഞ്ചലോഹത്തിൽ ഒരു അർച്ചനാബിംബമുണ്ട്. മൂലബിംബത്തിന്റെ അതേ രൂപമാണ് ഇതിന്. ഭഗവാന്റെ അതേ പീഠത്തിൽ ലക്ഷ്മീദേവിയുടെയും ഭൂമീദേവിയുടെയും പ്രതിഷ്ഠകളുമുണ്ട്. എന്നാൽ ഇരുവരെയും കണ്ണാടിയിലൂടെ മാത്രമേ കാണാനാകൂ. രണ്ടും ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹങ്ങളാണ്. രണ്ടുകൈകളേയുള്ളൂ. അവയിൽ താമരപ്പൂ കാണാം. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് തിരുക്കാച്ചാംകുറിശ്ശി പെരുമാൾ, ലക്ഷ്മീ-ഭൂമീദേവിമാരുടെ ആലിംഗനമേറ്റ്, പൂജകളിൽ തൃപ്തനായി ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽ, അതിമനോഹരമായ ചുവർചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നപോലെയുള്ള ചുവർചിത്രങ്ങളല്ല ഈ ക്ഷേത്രത്തിലുള്ളത്. ആധുനിക രീതിയിൽ വരച്ചുചേർത്തവയാണ് എല്ലാം. രാമായണത്തിലെ ശ്രീരാമാവതാരം മുതൽ പട്ടാഭിഷേകം വരെയുള്ള ഓരോ സംഭവവും ഇവിടെ അതിമനോഹരമായി വരച്ചുചേർത്തിട്ടുണ്ട്. പ്രധാനപ്രതിഷ്ഠ ശ്രീരാമസങ്കല്പത്തിലുള്ളതുകൊണ്ടാണ് ഇവിടെ രാമായണകഥ വരച്ചുവച്ചിരിയ്ക്കുന്നത്. മുകളിലെ നിലയിലാണെങ്കിൽ മഹാഭാരതത്തിലെ രംഗങ്ങൾ തടിയിൽ കൊത്തിവച്ചിട്ടുണ്ട്. അങ്ങനെ, രണ്ട് ഇതിഹാസകാവ്യങ്ങൾക്കും ഇവിടെ സവിശേഷമായ സ്ഥാനം ലഭിച്ചിരിയ്ക്കുന്നു. വടക്കുവശത്ത് പതിവുപോലെ ഓവ് നിർമ്മിച്ചിട്ടുണ്ട്. ഭഗവാന് അഭിഷേകം ചെയ്യുന്ന ദ്രവ്യങ്ങൾ ഇതിലൂടെ ഒഴുകിപ്പോകുന്നു.

നാലമ്പലം

തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. സാമാന്യം വലുപ്പമുള്ള നാലമ്പലമാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ പുറംചുമരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമായിരിയ്ക്കുന്നു. ഇതിന്റെ മേൽക്കൂര പൂർണമായും ഓടുമേഞ്ഞിട്ടുണ്ട്. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവുമായി വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിലാണ് ഹോമങ്ങളും പൂജകളും നടക്കുന്നത്; വടക്കേ വാതിൽമാടത്തിൽ വാദ്യമേളങ്ങളും നാമജപവും. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിരിയ്ക്കുന്നു. വടക്കുകിഴക്കേമൂലയിൽ കിണറും കാണാം. നാലമ്പലത്തിനകത്തുതന്നെയാണ് ക്ഷേത്രത്തിലെ അഞ്ച് ഉപദേവതകളിൽ നാലുപേരുടെയും പ്രതിഷ്ഠകളും സ്ഥിതിചെയ്യുന്നത്. അവയെല്ലാം തെക്കുഭാഗത്താണെന്ന് പ്രത്യേകതയുമുണ്ട്. തെക്കുപടിഞ്ഞാറുഭാഗത്ത് അല്പം കിഴക്കോട്ടുമാറി പണിതിരിയ്ക്കുന്ന ഒറ്റശ്രീകോവിലിൽ ഗണപതിയും സുബ്രഹ്മണ്യനും കുടികൊള്ളുന്നു. ഗണപതിവിഗ്രഹം സാധാരണപോലെ ചതുർബാഹുവായ ശിലാവിഗ്രഹമാണ്. ഏകദേശം മൂന്നടി ഉയരം വരും. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയർ, താമര എന്നിവയും മുന്നിലെ ഇടതുകയ്യിൽ മോദകവും ധരിച്ച ഗണപതി, മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ഈ ക്ഷേത്രത്തിലെ സുബ്രഹ്മണ്യപ്രതിഷ്ഠ അതിവിശേഷമാണ്. നാഗരൂപത്തിലുള്ള സുബ്രഹ്മണ്യനാണ് ഈ ക്ഷേത്രത്തിലുള്ളത്. അഞ്ചുതലകളോടുകൂടിയ നാഗസുബ്രഹ്മണ്യന്റെ വിഗ്രഹത്തിന് ഏകദേശം രണ്ടരയടി ഉയരം കാണും. കർണാടകയിൽ മംഗലാപുരത്തിനടുത്തുള്ള പ്രസിദ്ധമായ കുക്കെ സുബ്രഹ്മണ്യക്ഷേത്രം പോലെ ഇവിടെയും നാഗാരാധനയ്ക്ക് വിശേഷമാണ്. ഗണപതിസുബ്രഹ്മണ്യന്മാർ കുടികൊള്ളുന്ന ശ്രീകോവിലിന് തൊട്ടടുത്തുള്ള മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് ധർമ്മശാസ്താവിന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരം വരുന്ന ആൾരൂപമില്ലാത്ത ചെറിയൊരു വിഗ്രഹമാണ് ശാസ്താവിന്റേതാണ്. ഇവിടെ വച്ചുതന്നെയാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഇവിടെ നിന്ന് അല്പം പടിഞ്ഞാറുമാറിയാണ് ശിവന്റെ ശ്രീകോവിൽ. പടിഞ്ഞാറേ നാലമ്പലത്തോടുചേർന്നാണ് ശിവന്റെ ശ്രീകോവിൽ പണിതിരിയ്ക്കുന്നത്. രണ്ടടി ഉയരം വരുന്ന ചെറിയൊരു ശിവലിംഗമാണ് ഇവിടെ. ഇവരെല്ലാം കിഴക്കോട്ടാണ് ദർശനം നൽകുന്നത്.

ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് -ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് - കിഴക്കുനിന്ന് പടിഞ്ഞാറ് ബ്രാഹ്മി/ബ്രഹ്മാണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം കിഴക്കുഭാഗം), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം പടിഞ്ഞാറുഭാഗം), ശാസ്താവ് (തെക്കുപടിഞ്ഞാറ് കിഴക്കുമാറി), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറ് കിഴക്കോട്ട് മാറി), ദുർഗ്ഗാദേവി (വടക്കുപടിഞ്ഞാറ് തെക്കുമാറി), ബ്രഹ്മാവ് (വടക്കുകിഴക്ക് തെക്കുമാറി), അനന്തൻ (തെക്കുപടിഞ്ഞാറ് വടക്കുമാറി), ചന്ദ്രൻ (വടക്ക് കുബേരന്നൊപ്പം), നിർമ്മാല്യധാരി (വടക്കുകിഴക്ക് പടിഞ്ഞാറുമാറി ഇവിടെ വിഷ്വക്സേനൻ) തുടങ്ങിയവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവിടങ്ങളിൽ ബലിതൂകുന്നു. വിഷ്ണുക്ഷേത്രമായതിനാൽ ഇവിടെ ഉത്തരമാതൃക്കൾ എന്ന പേരിൽ പ്രത്യേകമായി മറ്റൊരു സങ്കല്പം കൂടിയുണ്ട്. വടക്കുഭാഗത്താണ് ഇവരുടെ സ്ഥാനം. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നിവരാണ് ഉത്തരമാതൃക്കൾ. സപ്തമാതൃക്കൾക്കൊപ്പം വീരഭദ്രന്നും ഗണപതിയ്ക്കും സ്ഥാനമുള്ള പോലെ ഉത്തരമാതൃക്കൾക്കൊപ്പം ശ്രീധരൻ, അശ്വമുഖൻ എന്നീ പേരുകളിൽ രണ്ടുദേവന്മാർക്കും സ്ഥാനം കൊടുത്തിരിയ്ക്കുന്നു. ഇവരെ ബലിക്കല്ലുകളുടെ രൂപത്തിൽ പ്രതിനിധീകരിയ്ക്കാറില്ല. എന്നാൽ ശീവേലിസമയത്ത് ഇവിടങ്ങളിലും ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം, ഇവയിൽ ചവിട്ടുന്നതും തൊട്ടുതലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

നമസ്കാരമണ്ഡപം

തിരുത്തുക

ശ്രീകോവിലിനുമുന്നിൽ ദീർഘചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. ഇരുപതുകാലുകളോടുകൂടിയ അതിവിശാലമായ ഒരു മണ്ഡപമാണ് ഇവിടെയുള്ളത്. പൂജകൾക്കുശേഷം ശാന്തിക്കാർക്ക് നമസ്കരിയ്ക്കാനും നാമജപം നടത്താനും അവകാശമുള്ള സ്ഥലമായതുകൊണ്ടാണ് ഇതിന് നമസ്കാരമണ്ഡപം എന്ന പേരുവന്നത്. ഉത്സവക്കാലത്ത് കലശപൂജ, കർക്കടകമാസത്തിൽ ഇല്ലം നിറയ്ക്കുള്ള കതിർപൂജ തുടങ്ങിയവ നടക്കുന്നതും ഇവിടെത്തന്നെയാണ്. മണ്ഡപത്തിന്റെ ഇരുപതുകാലുകളും അതിമനോഹരമായ ശില്പങ്ങൾ കൊണ്ട് അലംകൃതമാണ്. നിരവധി പുരാണകഥകൾ, അതിന്റെ തനിമ ചോരാതെ ഇവിടെ ആവിഷ്കരിയ്ക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, വന്ദിച്ചുനിൽക്കുന്ന ദേവന്മാരുടെയും മഹർഷിമാരുടെയും രൂപങ്ങളും ഇവിടെ കാണാം. ഇതിന്റെ മുകളിൽ ബ്രഹ്മാവും അഷ്ടദിക്പാലകരും കുടികൊള്ളുന്നു. കരിങ്കല്ലിൽ തീർത്ത മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടവും കാണാം. ഇതേ മണ്ഡപത്തിൽ തന്നെയാണ് ഹനുമദ്സാന്നിദ്ധ്യവും സങ്കല്പിച്ചുവരുന്നത്. മുഖ്യപ്രതിഷ്ഠയ്ക്ക് ശ്രീരാമഭാവവും സങ്കല്പിയ്ക്കുന്നതുകൊണ്ടാണ് ഇവിടെ ഹനുമാൻ സ്വാമിയ്ക്ക് സാന്നിദ്ധ്യം അനുവദിച്ചിരിയ്ക്കുന്നത്. ഇവിടെ ഹനുമാന്ന് വിഗ്രഹമില്ല. പകരം ഒരു വിളക്ക് തെളിയിച്ചുവച്ചിട്ടുണ്ട്. ഇവിടെയാണ് ഭക്തർ വന്ദിയ്ക്കുന്നത്. ഹനുമദ്പ്രീതിയ്ക്ക് അവിൽ നിവേദ്യം അതിവിശേഷമായി കണക്കാക്കപ്പെടുന്നു.

പ്രധാന പ്രതിഷ്ഠ

തിരുത്തുക

കാച്ചാംകുറിശ്ശി പെരുമാൾ (ലക്ഷ്മി ഭൂമി സമേതനായ മഹാവിഷ്ണു)

തിരുത്തുക

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ലക്ഷ്മീദേവിയ്ക്കും ഭൂമീദേവിയ്ക്കും ഒപ്പം അനന്തന്റെ പത്തിയ്ക്കുമുകളിൽ ഇരിയ്ക്കുന്ന രൂപത്തിലുള്ള മഹാവിഷ്ണുവാണ് കാച്ചാംകുറിശ്ശി പെരുമാൾ. അതേസമയം, ശ്രീരാമനായും പ്രതിഷ്ഠയെ സങ്കല്പിച്ചുവരുന്നു. ആറടി ഉയരം വരുന്ന ദാരുവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് പെരുമാളുടെ പ്രതിഷ്ഠ. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി എന്ന ഗദയും മുന്നിലെ വലതുകയ്യിൽ താമരയും കാണാം. കേരളത്തിൽ ദാരുവിഗ്രഹപ്രതിഷ്ഠയുള്ള ഏക മഹാവിഷ്ണുക്ഷേത്രമാണ് കാച്ചാംകുറിശ്ശി ക്ഷേത്രം. ദാരുവിഗ്രഹമായതിനാൽ ഇതിൽ എണ്ണയഭിഷേകം മാത്രമേ നടത്താറുള്ളൂ; അതും വർഷത്തിലൊരിയ്ക്കൽ മാത്രം. അല്ലാത്ത അവസരങ്ങളിൽ പൂജയ്ക്കുശേഷം മയിൽപ്പീലി കൊണ്ട് വിഗ്രഹത്തിൽ തലോടുകയാണ് പതിവ്. കുളിയ്ക്കാതെ നടക്കുന്നവരെ കളിയാക്കാൻ കാച്ചാംകുറിശ്ശി പെരുമാൾ എന്ന പേര് ഉപയോഗിയ്ക്കുന്ന പതിവ് പഴയകാലത്ത് പാലക്കാട് ഭാഗങ്ങളിലുണ്ടായിരുന്നു. അതിന് കാരണം ഇതാണ്. മറ്റുള്ള അഭിഷേകാദികർമ്മങ്ങൾക്കായി പഞ്ചലോഹത്തിൽ മറ്റൊരു വിഗ്രഹം കൂടി പണിതിട്ടുണ്ട്. പൂജാസമയത്ത് മൂലവിഗ്രഹത്തിൽ നിന്ന് ഇങ്ങോട്ട് ചൈതന്യം ആവാഹിച്ചശേഷമാണ് അഭിഷേകം നടത്തുക. എണ്ണയഭിഷേകം കൂടാതെ പാൽപ്പായസം, തുളസിമാല, തിരുമുടിമാല, ഉണ്ടമാല, അപ്പം, അട, വെണ്ണ, കദളിപ്പഴം, പഞ്ചസാര, ത്രിമധുരം, തുടങ്ങിയവയും പെരുമാൾക്ക് വിശേഷമാണ്. എല്ലാ വ്യാഴാഴ്ചകളും, എല്ലാ മാസത്തിലെയും തിരുവോണം നാളും, എല്ലാ ഏകാദശിനാളും ഭഗവാന് പ്രധാനമാണ്.

ലക്ഷ്മീദേവിയും ഭൂമീദേവിയും

തിരുത്തുക

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ മഹാവിഷ്ണുഭഗവാന്റെ ഇരുവശങ്ങളിലും പത്നിമാരായ ലക്ഷ്മീ-ഭൂമീദേവിമാരുടെ സാന്നിദ്ധ്യവുമുണ്ട്. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ഭഗവതിയായ ലക്ഷ്മി ഭഗവാന്റെ ഇടതുവശത്താണ് കുടികൊള്ളുന്നതെങ്കിൽ ക്ഷമയുടെ സ്വരൂപമായ ഭൂമീദേവി ഭഗവാന്റെ വലതുവശത്താണ്. നാലടി ഉയരം വരുന്ന ദാരുവിഗ്രഹങ്ങളാണ് ഇരുവർക്കും. ലക്ഷ്മീദേവി വലതുകയ്യിലും ഭൂമീദേവി ഇടതുകയ്യിലും ഓരോ താമരപ്പൂ പിടിച്ചിട്ടുണ്ട്. മറുകൈകൾ അരയിൽ കുത്തിനിൽക്കുകയാണ്. ഭഗവാന് ദേവിമാർ പൂജ നടത്തുന്നു എന്നാണ് സങ്കല്പം. എന്നാൽ, നടയിൽ നിന്ന് നേരെ നോക്കിയാൽ ഇവരെ കാണാൻ സാധിയ്ക്കില്ല. ഇരുവശത്തും സ്ഥാപിച്ചിട്ടുള്ള കണ്ണാടികളിലൂടെ മാത്രമേ ഇവരെ കാണാൻ സാധിയ്ക്കൂ. പട്ടും താലിയും ചാർത്തൽ, കൂട്ടുപായസം, ത്രിമധുരം, സഹസ്രനാമാർച്ചന തുടങ്ങിയവയാണ് ദേവിമാർക്ക് പ്രധാനം. വെള്ളി, പൗർണമി ദിവസങ്ങളും നവരാത്രിക്കാലവും ദീപാവലിയും ദേവിമാർക്ക് അതിവിശേഷം.

ഉപദേവതകൾ

തിരുത്തുക

നാലമ്പലത്തിനകത്ത് പടിഞ്ഞാറുഭാഗത്ത് തെക്കോട്ട് നീങ്ങി നിർമ്മിച്ച പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശിവന്റെ പ്രതിഷ്ഠ. ഏകദേശം രണ്ടടി മാത്രം ഉയരം വരുന്ന ചെറിയൊരു ശിവലിംഗമാണ് ഈ ക്ഷേത്രത്തിലുള്ളത്. ശിവൻ ഉപദേവനായി വരുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് കാച്ചാംകുറിശ്ശി ക്ഷേത്രം. അതേ സമയം, സാധാരണ ശിവക്ഷേത്രങ്ങളിൽ നടത്തിവരുന്ന എല്ലാ പൂജകളും ഇവിടെയും ശിവന് നടത്താറുണ്ട്. ധാര, ശംഖാഭിഷേകം, പിൻവിളക്ക്, കൂവളമാല, ശർക്കരപ്പായസം, മൃത്യുഞ്ജയഹോമം തുടങ്ങിയവയാണ് ശിവന്നുള്ള പ്രധാന വഴിപാടുകൾ. ഞായറാഴ്ച, തിങ്കളാഴ്ച, പ്രദോഷശനി, ശിവരാത്രി, തിരുവാതിര തുടങ്ങിയവ ഇവിടെ പ്രധാന വിശേഷദിവസങ്ങളാണ്. പ്രദോഷനാളിൽ സന്ധ്യയ്ക്ക് വിശേഷാൽ അഭിഷേകം പതിവാണ്.

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പണിതിരിയ്ക്കുന്ന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ഗണപതിപ്രതിഷ്ഠ. വലത്തോട്ട് തുമ്പിക്കൈ നീട്ടിയിരിയ്ക്കുന്ന ചതുർബാഹുവായ ഗണപതിയാണ് ക്ഷേത്രത്തിലുള്ളത്. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹത്തിന്റെ പുറകിലെ വലതുകയ്യിൽ മഴു, പുറകിലെ ഇടതുകയ്യിൽ കയർ, മുന്നിലെ ഇടതുകയ്യിൽ മോദകം എന്നിവ കാണാം. മുന്നിലെ വലതുകൈ വരദമുദ്രാങ്കിതമാണ്. ഗണപതിഹോമം, ഒറ്റയപ്പം, കറുകമാല, നാരങ്ങാമാല എന്നിവയാണ് ഗണപതിയ്ക്കുള്ള പ്രധാന വഴിപാടുകൾ. ബുധൻ, വെള്ളി ദിവസങ്ങളും ചതുർത്ഥി ദിവസങ്ങളും (ഏറ്റവും പ്രധാനം വിനായക ചതുർത്ഥി) വിശേഷദിവസങ്ങൾ.

സുബ്രഹ്മണ്യൻ

തിരുത്തുക

ഗണപതിയോടുചേർന്നുതന്നെയാണ് സഹോദരനായ സുബ്രഹ്മണ്യന്റെയും പ്രതിഷ്ഠ. നാഗരൂപത്തിലുള്ള സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. അഞ്ചുതലകളോടുകൂടിയ നാഗത്തിന്റെ രൂപത്തിലുള്ള വിഗ്രഹത്തിന് ഏകദേശം രണ്ടരയടി ഉയരം കാണും. പാലഭിഷേകം, പഞ്ചാമൃതം, പാനകം, ഭസ്മാഭിഷേകം, നാരങ്ങാമാല തുടങ്ങിയവയാണ് സുബ്രഹ്മണ്യന്നുള്ള പ്രധാന വഴിപാടുകൾ. നാഗരൂപത്തിലുള്ള പ്രതിഷ്ഠയായതിനാൽ നാഗപ്രീതിയ്ക്കായുള്ള വഴിപാടുകളും ഇവിടെ ചെയ്യാവുന്നതാണ്. ചൊവ്വാഴ്ച, വെളുത്തപക്ഷത്തിലെ ഷഷ്ഠി (ഏറ്റവും പ്രധാനം സ്കന്ദഷഷ്ഠി), പൂയം നക്ഷത്രം (ഏറ്റവും പ്രധാനം തൈപ്പൂയം) എന്നിവ ഇവിടെ വിശേഷദിവസങ്ങളായി ആചരിച്ചുവരുന്നു.

ശാസ്താവ്

തിരുത്തുക

ഗണപതി-സുബ്രഹ്മണ്യപ്രതിഷ്ഠകളുള്ള ശ്രീകോവിലിന് തൊട്ടുവടക്കായി പണിതിരിയ്ക്കുന്ന മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലിലാണ് ധർമ്മശാസ്താവിന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരം വരുന്ന ശിവലിംഗതുല്യമായ വിഗ്രഹത്തിലാണ് ശാസ്താവിനെ സങ്കല്പിച്ചുവച്ചിരിയ്ക്കുന്നത്. അമ്പും വില്ലും ധരിച്ചുനിൽക്കുന്ന ശാസ്താവിന്റെ ഒരു ഗോളക ഇതിൽ ചാർത്തിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെവച്ചാണ്. നീരാജനം, നെയ്യഭിഷേകം, പുഷ്പാഭിഷേകം, എള്ളുപായസം എന്നിവയാണ് ശാസ്താവിന് പ്രധാന വഴിപാടുകൾ. ശനിയാഴ്ച, മണ്ഡലകാലം, ഉത്രം നാൾ എന്നിവ ഇവിടെ വിശേഷദിവസങ്ങളായി ആചരിച്ചുവരുന്നു.

നാഗദൈവങ്ങൾ

തിരുത്തുക

നാലമ്പലത്തിനുപുറത്തും മതിൽക്കെട്ടിനകത്തുമായി തെക്കുപടിഞ്ഞാറേമൂലയിൽ ആൽമരച്ചുവട്ടിൽ കിഴക്കോട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി അനന്തനും കൂടെ നാഗയക്ഷിയും ചിത്രകൂടവും ഉൾപ്പെടുന്ന പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിലെ ഉപദേവതകളിൽ നാലമ്പലത്തിനുപുറത്തുള്ള ഏക പ്രതിഷ്ഠ നാഗദൈവങ്ങളുടെതാണ്. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം, ആയില്യപൂജ എന്നിവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാമാസവും ആയില്യം നാൾ, പഞ്ചമി തിഥി, മണ്ഡലകാലത്തെ ഞായറാഴ്ചകൾ തുടങ്ങിയവ പ്രധാനദിവസങ്ങൾ.

ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലാത്ത ഒരു സങ്കല്പമാണ് ഹനുമാൻ സ്വാമിയുടേത്. ക്ഷേത്രത്തിലെ നമസ്കാരമണ്ഡപത്തിലാണ് ഹനുമദ്സാന്നിദ്ധ്യം സങ്കല്പിച്ചുവരുന്നത്. മുഖ്യപ്രതിഷ്ഠയായ കാച്ചാംകുറിശ്ശി പെരുമാൾക്ക് ശ്രീരാമസങ്കല്പം കൂടിയുള്ളതുകൊണ്ടാണ് ക്ഷേത്രത്തിൽ ഹനുമാനെയും സങ്കല്പിയ്ക്കുന്നത്. അവിൽ നിവേദ്യമാണ് ഹനുമാന്നുള്ള പ്രധാന വഴിപാട്. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളും മേടമാസത്തിൽ ഹനുമാൻ ജയന്തിയും വിശേഷദിവസങ്ങൾ.

നിത്യപൂജകൾ

തിരുത്തുക

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് കാച്ചാംകുറിശ്ശി മഹാവിഷ്ണുക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് ഏഴുതവണയുള്ള ശംഖുവിളിയോടെയും തവിൽ, നാദസ്വരം തുടങ്ങിയ വാദ്യങ്ങളോടെയും ഭഗവാനെ പള്ളിയുണർത്തിയശേഷം അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തലേദിവസത്തെ അലങ്കാരങ്ങളോടുകൂടിയുള്ള ഭഗവദ്വിഗ്രഹം ദർശിച്ച് ഭക്തർ മുക്തിയടയുന്നു. അതിനുശേഷം എണ്ണ, ജലം, വാകപ്പൊടി തുടങ്ങിയ ദ്രവ്യങ്ങൾ കൊണ്ട് ഭഗവാന് അഭിഷേകം നടത്തുന്നു. അതിനുശേഷം മലർ, ശർക്കര, കദളിപ്പഴം എന്നിവ ഭഗവാന് നേദിയ്ക്കുന്നു. രാവിലെ ആറുമണിയോടെ ഉഷഃപൂജയും അതിനുശേഷം എതിരേറ്റുപൂജയും നടത്തുന്നു. ഈ സമയത്ത് ക്ഷേത്രത്തിൽ ഗണപതിഹോമവും നടത്തപ്പെടുന്നു. ഇവയ്ക്കുശേഷം ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാൻ നേരിൽ കാണുന്നു എന്ന സങ്കല്പമാണ് ശീവേലിയ്ക്ക്. നാലമ്പലത്തിനകത്തും പുറത്തുമുള്ള സകല ബലിക്കല്ലുകളിലും ബലിതൂകി അവസാനം പ്രധാന ബലിക്കല്ലിലും തൂകി ശീവേലി പൂർത്തിയാക്കുന്നു. എട്ടുമണിയ്ക്ക് പന്തീരടി പൂജ. തുടർന്ന് ഒമ്പതരയോടെ ഉച്ചപ്പൂജയും പത്തുമണിയ്ക്ക് ഉച്ചശീവേലിയും നടത്തി പത്തരമണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടക്കുന്നു. നാലമ്പലത്തിനകത്തും പുറത്തുമുള്ള എല്ലാ ദീപങ്ങളും കത്തിനിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. അതിനുശേഷം രാത്രി ഏഴുമണിയോടെ അത്താഴപ്പൂജയും തുടർന്ന് അത്താഴശീവേലിയും നടക്കുന്നു. അത്താഴശീവേലി കഴിഞ്ഞാൽ 'തൃപ്പുക' എന്ന ചടങ്ങാണ്. ഭഗവാനെ പള്ളിയുറക്കുന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് തൃപ്പുക. ചന്ദനം, രാമച്ചം, കസ്തൂരി തുടങ്ങിയ ദ്രവ്യങ്ങൾ കൊണ്ടുണ്ടാക്കുന്ന സുഗന്ധപൂരിതമായ പുക ശ്രീകോവിലിനകത്തും പുറത്തും മുഴുവൻ പരക്കുന്നു. തൃപ്പുകയ്ക്കുശേഷം രാത്രി ഏട്ടുമണിയോടെ ക്ഷേത്രനട വീണ്ടും അടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഇവയിൽ മാറ്റം വരും. ക്ഷേത്രത്തിൽ രണ്ട് കുടുംബക്കാർക്ക് തന്ത്രാധികാരമുണ്ട്. പട്ടാമ്പിയ്ക്കടുത്തുള്ള അണ്ടലാടി, കരിയന്നൂർ മനകളാണ് അവ. ഇവർ ഒന്നിടവിട്ട വർഷങ്ങളിൽ പ്രവർത്തിച്ചുവരുന്നു. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ ദേവസ്വം ബോർഡിന് കീഴിലാണ്.

വിശേഷദിവസങ്ങൾ

തിരുത്തുക

കൊടിയേറ്റുത്സവം

തിരുത്തുക

തുലാവാവ്

തിരുത്തുക

തൈപ്പൂയം

തിരുത്തുക

തിരുവോണം

തിരുത്തുക

ശ്രീകൃഷ്ണ ജയന്തി

തിരുത്തുക

ദീപാവലി

തിരുത്തുക

വൈകുണ്ട ഏകാദശി (സ്വർഗ്ഗവാതിൽ ഏകാദശി)

തിരുത്തുക

നവരാത്രി

തിരുത്തുക

രാമായണ മാസാചരണം

തിരുത്തുക

വൈശാഖ പുണ്യകാലം

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക