അറ്റ്‌ലാന്റിക് മഹാസമുദ്രം

സമുദ്രം
(അറ്റ്ലാന്റിക്ക് സമുദ്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാസമുദ്രങ്ങളിൽ വിസ്തൃതിയിൽ രണ്ടാംസ്ഥാനത്തുള്ള സമുദ്രമാണ് athlantic . 10,64,00,000 ച.കി.മീ. വിസ്തീർണ്ണമുള്ള ഈ സമുദ്രം ഭൂമിയുടെ മൊത്തം ഉപരിതലത്തിന്റെ ഇരുപത് ശതമാനവും, മൊത്തം ജലവ്യാപ്ത ഉപരിതലത്തിന്റെ ഇരുപത്തി ആറു ശതമാനവും ആണ്[1][2]. വടക്കേയറ്റം ആർട്ടിക് സമുദ്രവും, കിഴക്കുഭാഗത്ത് യൂറോപ്പ്, ആഫ്രിക്ക വൻ കരകളും, പടിഞ്ഞാറുഭാഗത്ത് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക വൻ കരകളും, തെക്കു ഭാഗത്ത് അന്റാർട്ടിക്കയും സ്ഥിതിചെയ്യുന്നു. 330 മീറ്റർ ശരാശരി ആഴമുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പരമാവധി ആഴം 8,380 മീറ്ററാണ്. ഗ്രീക്ക് പുരാണത്തിലെ അറ്റ്‌ലസ് എന്ന ദേവനിൽ നിന്നാണ് സമുദ്രത്തിന് ആ നാമം ലഭിച്ചത്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഭൂമധ്യരേഖക്ക് വടക്കുള്ള ഭാഗത്തെ വടക്കേ അറ്റ്‌ലാന്റിക് മഹാസമുദ്രമെന്നും തെക്കുഭാഗത്തെ തെക്കെ അറ്റ്‌ലാന്റിക് സമുദ്രമെന്നും പരാമർശിക്കാറുണ്ട്.

അറ്റ്‌ലാന്റിക് മഹാസമുദ്രം
അറ്റ്‌ലാന്റിക് മഹാസമുദ്രം


ഭൂമിയിലെ സമുദ്രങ്ങൾ

വ്യാപ്തിയും അതിരുകളും

തിരുത്തുക

രണ്ടു ധ്രുവങ്ങൾക്കുമിടയിലായി വ്യാപിച്ചിരിക്കുന്ന അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന് ആകൃതിയാണ് ഉള്ളത്. മധ്യഭാഗം വീതി കുറഞ്ഞ (1,488 കി.മീ.) ഈ സമുദ്രത്തിന്റെ പരമാവധി വീതി 6,640 കി.മീ. ആണ്.

അറ്റ്‌ലാന്റിക്കിന്റെ ഇരുവശങ്ങളിലെയും അതിരുകൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്; പടിഞ്ഞാറ് അമേരിക്കയും, കിഴക്ക് യൂറോപ്പ്, ആഫ്രിക്ക വൻകരകളും. കിഴക്കൻ തീരത്തിന് 51,200 കി.മീറ്ററും പടിഞ്ഞാറൻ തീരത്തിന് 88,000 കി.മീറ്ററും നീളമുണ്ട്.

വിസ്തീർണം കൊണ്ട് ഒന്നാം സ്ഥാനത്തല്ലെങ്കിലും ലോകത്തിലെ ഏറ്റവും കൂടുതൽ പ്രവാഹജലത്തെ ഏറ്റുവാങ്ങുന്ന സമുദ്രമാണ് അറ്റ്‌ലാന്റിക്. ലോകത്തിലെ വൻനദികളിൽ ഏറിയ കൂറും ഈ സമുദ്രത്തിലാണ് നിപതിക്കുന്നത്. ഭൂമുഖത്തെ വൻനദികളിൽ കോംഗോ, നൈജർ, ല്വാർ എന്നിവ പടിഞ്ഞാറോട്ടൊഴുകിയും ആമസോൺ, റയോദെലാപ്ളാറ്റ, സെയ്ന്റ് ലാറൻസ് എന്നിവ കിഴക്കോട്ടൊഴുകിയും അറ്റ്‌ലാന്റിക്കിൽ പതിക്കുന്നു. ഈ സമുദ്രത്തിന്റെ അനുബന്ധകടലുകളായ മെഡിറ്ററേനിയൻ കടൽ‍, കരിങ്കടൽ, നോർത്ത് സീ, ബാൾട്ടിക് കടൽ, മെക്സിക്കോ ഉൾക്കടൽ എന്നിവയിലേക്കൊഴുകുന്ന നൈൽ‍, ഡാന്യൂബ്, റൈൻ, എൽബ്, മിസ്സൌറി-മിസ്സിസിപ്പി, റയോദെ ഗ്രാൻഡോ തുടങ്ങിയവയിലെ ജലവും ഫലത്തിൽ അറ്റ്‌ലാന്റിക്കിനെയാണ് പോഷിപ്പിക്കുന്നത്.

ഇന്ത്യാ-പസഫിക് സമുദ്ര മേഖലകളിൽനിന്ന് പലവിധത്തിലും വ്യത്യസ്തമാണ് അറ്റ്‌ലാന്റിക് സമുദ്രമേഖല. ഇവിടെ പവിഴദ്വീപുകളും അറ്റോളുകളും ഇല്ല. കടൽക്കുന്നുകളും ഗയോതുകളും (guyot)[3] കുറവാണുതാനും. ഊഷ്മാവ്, ലവണത, പോഷകങ്ങൾ എന്നിവയുടെ തോത് പവിഴജന്തുക്കളുടെ വളർച്ചയ്ക്ക് ഉതകിയതാണെങ്കിലും ഇവിടെ ശീതജല പവിഴത്തടങ്ങൾ മാത്രമേ കാണപ്പെടുന്നുള്ളു.

ഉത്തര അറ്റ്‌ലാന്റിക്കിനോട് ബന്ധപ്പെട്ടു കിടക്കുന്ന കടലുകളിൽ ഏറ്റവും പ്രധാനമായവ മെഡിറ്ററേനിയൻ കടലും കരീബിയൻ-മെക്സിക്കൻ ഉൾക്കടലുകളുമാണ്; ബന്ധപ്പെട്ട മറ്റു കടലുകൾ നോർത്ത് സീ, ബാൾടിക് കടൽ‍, ഇംഗ്ലീഷ് ചാനൽ, ഐറിഷ് കടൽ, സെൽട്രിക് കടൽ, നോർവീജിയൻ കടൽ, ഗ്രീൻലൻഡ് കടൽ, ലാബ്രഡോർ കടൽ, ഹഡ്സൻ ഉൾക്കടൽ, ബാഫിൻ ഉൾക്കടൽ എന്നിവയും. വെഡൽ കടൽ ആണ് ദക്ഷിണ അറ്റ്‌ലാന്റിക്കിനോട് ബന്ധപ്പെട്ട ഏക കടൽ.

അറ്റ്‌ലാന്റിക്കിന്റെ തെക്കും വടക്കും അതിരുകൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. ആർട്ടിക്-അന്റാർട്ടിക് സമുദ്രങ്ങളെ സ്വതന്ത്ര സമുദ്രങ്ങളായി അംഗീകരിക്കാത്ത ത്രിസമുദ്രവാദമനുസരിച്ച് അറ്റ്‌ലാന്റിക് സമുദ്രം അന്റാർട്ടിക് വൻകരയിൽനിന്ന് ബെറിങ് കടലിടുക്കു വരെ നീണ്ടുകിടക്കുന്നു. അറ്റ്‌ലാന്റിക്കിനെ ശാന്തസമുദ്രത്തിൽനിന്നു വേർതിരിക്കുന്നതു ബെറിങ് കടലിടുക്കാണ്. ദക്ഷിണ അമേരിക്കയ്ക്കും അന്റാർട്ടിക്കയ്ക്കും ഇടയ്ക്കുള്ള ഏറ്റവും നീളം കുറഞ്ഞ പ്രദേശമാണ് തെക്കേ അതിർത്തി. ഇത് കേപ്ഹോണിനും അന്റാർട്ടിക്കയ്ക്കും ഇടയ്ക്ക് പശ്ചിമ രേഖാ. 68o04'-ൽ സ്ഥിതിചെയ്യുന്നു. കിഴക്ക് ഇന്ത്യാ സമുദ്രത്തിൽനിന്ന് അറ്റ്‌ലാന്റിക് സമുദ്രം വേർതിരിയുന്നതു പൂർവരേഖാ. 20o യിലാണ്.

അറ്റ്‌ലാന്റിക്കിലെ മൊത്തം ജലവ്യാപ്തം സുമാർ 3180 ലക്ഷം ഘ.കി.മീ. ആണ്. ഇതിലെ ജലത്തിൽ കലർന്നിരിക്കുന്ന ധാതുക്കളുടെ അളവ് താഴെക്കാണും പ്രകാരം അനുമാനിക്കപ്പെട്ടിരിക്കുന്നു:

  • കറിയുപ്പ് 1200 ലക്ഷം ടൺ,
  • നൈട്രേറ്റ് 750ടൺ,
  • മഗ്നീഷ്യം 60 ലക്ഷം ടൺ,
  • ബ്രോമിൻ 2200 ടൺ,
  • ചെമ്പ് 400 ടൺ,
  • ബോറേറ്റ് 2 ലക്ഷം ടൺ,
  • വെള്ളി 15 ടൺ,
  • സ്വർണം 25 ടൺ,
  • യുറേനിയം 70 ടൺ.

ധ്രുവങ്ങളിലെ സമുദ്രജലം ഹേമന്തത്തിൽ ഏതാണ്ട് പൂർണമായും ഹിമാവൃതമാകുന്നു. ഗ്രീഷ്മത്തിൽ (ജൂൺ-ആഗസ്റ്റ്) ഹിമാനികൾ പിളരുന്നു. കാറ്റിന്റെ ഗതിക്കനുസൃതമായി ഈ ഹിമാനികൾ പ്രദക്ഷിണദിശയിൽ ഒഴുകി നീങ്ങുന്നു. ഇവ കാറ്റുമൂലം തകർന്നു ചുഴികൾ ഉണ്ടാകുന്നതും സാധാരണമാണ്. ഗ്രീൻലൻഡിന്റെ തെക്കേ തീരത്തുകൂടി ഒഴുകുന്ന ഇവ ഉത്തര അറ്റ്‌ലാന്റിക്കിൽ പ്രവേശിക്കുന്നു. വടക്കേ അക്ഷാംശം 42o;-43o വരെ എത്താറുള്ളവ പലപ്പോഴും കപ്പൽ ഗതാഗതത്തിനു തടസ്സമുണ്ടാക്കാറുണ്ട്.

അന്റാർട്ടിക്കിൽ നിന്നുള്ള ഹിമാനികൾ ദക്ഷിണാർധ ഗോളത്തിലെ ഹേമന്തത്തിൽ (ഓഗസ്റ്റ്) തെക്കേ അക്ഷാംശം 55o വരെ എത്തുന്നു. ദക്ഷിണ ഗ്രീഷ്മത്തിന്റെ അവസാനത്തിൽ (മാർച്ച്) വെഡൽ കടലിന്റെ കിഴക്കും പടിഞ്ഞാറും തീരങ്ങൾ ഹിമരഹിതങ്ങളാണെങ്കിലും മറ്റു ഭാഗങ്ങൾ മുഴുവനും ഹിമാവൃതമാണ്. അന്റാർട്ടിക്കിൽനിന്നു വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു. ഇവയ്ക്ക് 96 കി.മീ. വരെ നീളവും 25 മുതൽ 32 വരെ കി.മീ. വീതിയും 30 മീറ്ററോളം ഉയരവുമുണ്ടാകാറുണ്ട്. ഈ ഹിമാനികളുടെ വടക്കെ അതിർത്തി ഏതാണ്ട് തെക്കേ അക്ഷാംശം 42o; യിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഭൂവിജ്ഞാനീയം

തിരുത്തുക
 
അറ്റ്‌ലാന്റിക് മഹാസമുദ്രം

ലോകസമുദ്രങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞതാണ് അറ്റ്‌ലാന്റിക് എന്ന് ഭൂവിവർത്തനിക പഠനങ്ങൾ (tectolics)[4] സൂചിപ്പിക്കുന്നു. അറ്റ്‌ലാന്റിക്കിന്റെ ഇരുതീരങ്ങളും തമ്മിലുള്ള രൂപസാദൃശ്യവും, ജീവാശ്മീയപഠനങ്ങളും, പ്രാചീനകാലങ്ങളിലെ കാന്തികവും കാലാവസ്ഥാപരവുമായ അവസ്ഥകളെക്കുറിച്ചുള്ള അറിവും ഈ സമുദ്രത്തിന്റെ ഉദ്ഭവത്തിൽ വൻകരാ വിസ്ഥാപനം (continental drift)[5] ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ടെന്ന വാദത്തെ ന്യായീകരിക്കുന്നു. ഇതു വിശദീകരിക്കാൻ പല ശ്രമങ്ങളും നടന്നിട്ടുണ്ട്. എന്നാൽ ഇതേവരെ രൂപം കൊണ്ടിട്ടുള്ള പരികല്പനകളൊന്നും തന്നെ പൂർണമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അറ്റ്‌ലാന്റിക്കിന്റെ ഉദ്ഭവത്തെക്കുറിച്ച് ഭൂവിജ്ഞാനികൾ ഭിന്നാഭിപ്രായക്കാരാണെങ്കിലും ഈ സമുദ്രം പ്രായേണ പ്രായം കുറഞ്ഞതാണെന്ന കാര്യത്തിൽ അവരെല്ലാവരും യോജിക്കുന്നു.

ലോകത്തിലെ മൂന്നു സമുദ്രങ്ങളിൽ ഏറ്റവും പ്രായംകുറഞ്ഞതാണ് അറ്റ്‌ലാന്റിക്. ഫലകസിദ്ധാന്ത(Plate Tectonics)വും[6] വൻകരാവിസ്ഥാപന പരികല്പനയുമായി ബന്ധപ്പെടുത്തിയാണ് അറ്റ്‌ലാന്റിക്കിന്റെ ഉദ്ഭവം വിശദീകരിച്ചുകാണുന്നത്. ഭൂമുഖത്തെ വൻകരകളുടെ ഏകോപിത രൂപമായിരുന്ന പാൻജിയ (pangia)[7] എന്ന ബൃഹദ് ഭൂഖണ്ഡം 180 ദശലക്ഷം വർഷം മുൻപ് പൊട്ടിപ്പിളർന്ന് ചിതറി മാറുകയും, ഈ വിഘടനത്തിന്റെ ഫലമായി കിഴക്കേ അർധഗോളത്തിലും പശ്ചിമാർധഗോളത്തിലുമായി വൻകരകൾ വേർതിരിയുകയും ചെയ്തപ്പോൾ അവയ്ക്കിടയിലുണ്ടായ വിള്ളലാണ് അറ്റ്‌ലാന്റിക് സമുദ്രമായി പരിണമിച്ചത്. യൂറോപ്പ്, ആഫ്രിക്ക എന്നീ വൻകരകളുടെ പടിഞ്ഞാറരികുകൾക്ക് അമേരിക്കകളുടെ കിഴക്കൻ അരികുമായുള്ള ഈർച്ചവാൾ-ചേർച്ച (juxta-position) ഈ അനുമാനത്തിന് പിൻബലമേകുന്നു. വൻകരാവേദികകളുടെ അരികുകൾ പരിഗണിച്ചാൽ പടിഞ്ഞാറും കിഴക്കുമുള്ള വൻകരകളെ ഒരു ജോഡി ഈർച്ചവാളുകളുടെ പല്ലുകളെയെന്നോണം ഏതാണ്ട് കൃത്യമായി യോജിപ്പിക്കാനാവും. അറ്റ്‌ലാന്റിക്കിന്റെ ഇരുപുറങ്ങളിലുമുള്ള വൻകരഭാഗങ്ങളിൽനിന്നു ലഭ്യമായിട്ടുള്ള ഭൂവിജ്ഞാനീയപരവും ജീവാശ്മവിജ്ഞാനീയപരവുമായ തെളിവുകൾ ഫലകസിദ്ധാന്തത്തിന് ശാസ്ത്രീയസാധുത നല്കുന്നു; അതോടൊപ്പം അറ്റ്‌ലാന്റിക്കിന്റെ ഉദ്ഭവം സംബന്ധിച്ച വ്യക്തമായ വിശദീകരണവും.

 
ഫലകസിദ്ധാന്തം

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഉദ്ഗമരഹസ്യം വെളിവാക്കുന്നതിന്റെ പ്രധാനസാക്ഷ്യം മധ്യ-അറ്റ്‌ലാന്റിക് വരമ്പാണ്. ഒരു ഭ്രംശമേഖലയിൽ ഉണ്ടായ പർവതനിരകളും അഗ്നിപർവതങ്ങളും ഭ്രംശഖണ്ഡങ്ങ(fault block)ളും[8] ചേർന്നാണ് മധ്യ-അറ്റ്‌ലാന്റിക് വരമ്പിന് രൂപം നല്കിയിട്ടുള്ളത്. ഇവിടത്തെ ഭ്രംശ-രേഖ ഇപ്പോഴും സജീവമാണ്; ഇവിടെ അനുസ്യൂതമായി മാഗ്മാ ഉദ്ഗാരം ഉണ്ടാവുന്നതിലൂടെ വിന്യസിക്കപ്പെടുന്ന ലാവ അന്തിമമായി കടൽത്തറയുടെ മറുദിശകളിലേക്കുള്ള വിസ്ഥാപനത്തിനു വഴിയൊരുക്കുന്നു. ഈ പ്രതിഭാസത്തെ കടൽത്തറ-വ്യാപനം (Sea floor spreading)[9] എന്നു വിശേഷിപ്പിക്കുന്നു: ഇതിനോടൊപ്പം പിളർപ്പിന്റെ മേഖലയിൽ അനല്പമായ തോതിൽ താപവിസരണവും സംഭവിക്കാറുണ്ട്. ഭ്രംശമേഖലയുടെ ഇരുപുറവുമുള്ള ശിലാസ്തരങ്ങൾ നന്നെ പ്രായം കുറഞ്ഞവയാണ്. ബന്ധപ്പെട്ട ഫലകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തീർത്തും നവജാതങ്ങളാണിവ. മധ്യ അറ്റ്‌ലാന്റിക് തടത്തിന്റെ ഏതാണ്ട് നടുവിലായി നീളുന്ന ഭ്രംശമേഖലയുടെ ഇരുപുറവും ഭൂമിയുടെ ഉള്ളറയിൽനിന്നുള്ള ഉരുകിയ മാഗ്മ അട്ടിയിട്ടുയർന്നിട്ടുള്ളതിന്റെ സൂചനകളും ലഭ്യമായിട്ടുണ്ട്. നവജാതശിലാക്രമങ്ങളിൽ ഗാബ്രോ, ബസാൾട്ട്, സർപന്റൈൻ തുടങ്ങിയ ശിലകൾക്കാണു പ്രാമുഖ്യം. മാന്റിലി(mantle)നുള്ളിൽവച്ചുതന്നെ[10] അത്യധികമായ ഊഷ്മാവിനും മർദത്തിനും വിധേയമായി പരുക്കൻ പരലുകളായി രൂപം കൊള്ളുന്ന ആഗ്നേയശിലയാണ് ഗാബ്രോ. കടൽത്തറകളിൽ ഏറ്റവുമധികം അടങ്ങിയിട്ടുള്ള ശിലാപദാർഥം ബസാൾട്ടാണ്. ഭൌമോപരിതലത്തിൽ ദ്രവരൂപത്തിൽ നിക്ഷിപ്തമാവുന്ന മാഗ്മ (ലാവ) തണുത്തുറഞ്ഞുണ്ടാവുന്ന സൂക്ഷ്മക്രിസ്റ്റലീയ ശിലയാണ് ബസാൾട്ട്; സർപന്റൈനാവട്ടെ സാധാരണമായി കാണപ്പെടുന്ന ശിലാകാരക ധാതുവും. വൻകരകളെ വഹിക്കുന്ന ഫലകങ്ങൾ കടൽത്തറ - വ്യാപനത്തിന്റെ ഫലമായി വിപരീത ദിശകളിലേക്കു തെന്നിമാറുന്നതുമൂലം അറ്റ്‌ലാന്റിക് സമുദ്രാടിത്തട്ടിന്റെ വീതി വർഷത്തിൽ 1-10 സെ.മീ. വീതം വർധിക്കുന്നതായി വ്യക്തമായിട്ടുണ്ട്. അറ്റ്‌ലാന്റിക് തടത്തിന്റെ മന്ദഗതിയിലെ വിസ്ഥാപനം, ഭ്രംശരേഖയുടെ ഇരുപാർശ്വങ്ങളിലും ലാവ കുന്നുകൂടി ചെങ്കുത്തായ മലനിരകൾ സൃഷ്ടിക്കുന്നതിനു നിദാനമായിരിക്കുന്നു. അറ്റ്‌ലാന്റിക് സമുദ്രാടിത്തട്ടിന്റെ ഭൂപ്രകൃതി, ഉച്ചാവചം, ഭൂവിജ്ഞാനീയം, പരിസ്ഥിതി തുടങ്ങിയവയെ സംബന്ധിച്ച സൂക്ഷ്മപഠനങ്ങൾ നടന്നിട്ടുണ്ട്. ഈ പഠനങ്ങളിൽ മധ്യ-അറ്റ്‌ലാന്റിക് വരമ്പിനെ സംബന്ധിച്ച ഗവേഷണങ്ങൾക്കാണ് കൂടുതൽ പ്രാമുഖ്യം. ഫലകസിദ്ധാന്തവുമായി നേർബന്ധമുള്ള മേഖലയെന്നനിലയിലാണ് അറ്റ്‌ലാന്റിക് വരമ്പിനെ ഭൂവിജ്ഞാനികൾ പരിഗണിക്കുന്നത്. ഭൌമോപരിതലത്തെ ആവരണം ചെയ്തിരിക്കുന്ന ഭൂവല്ക ഫലകങ്ങൾ, അവയുടെ ഗതിവിഗതികൾ, ഗതികസ്വഭാവങ്ങൾ, വിസ്ഥാപനത്തിലെ ആവർത്തനം, കടൽത്തറ-വ്യാപനം, മാഗ്മാ ഉദ്ഗാരത്തിലൂടെയുണ്ടാകുന്ന താപനഷ്ടത്തിന്റെ അനന്തരഫലങ്ങൾ തുടങ്ങി ഒട്ടനവധി ഭൌമപ്രതിഭാസങ്ങളെ സംബന്ധിച്ച സുവ്യക്തമായ അറിവുനേടുവാൻ മധ്യ-അറ്റ്‌ലാന്റിക് വരമ്പുകളെ അവലംബിച്ചുള്ള ഗവേഷണങ്ങൾ മുഖേന കഴിഞ്ഞിട്ടുണ്ട്.

ദ്വീപുകൾ

തിരുത്തുക

ഭൂഖണ്ഡസമീപസ്ഥങ്ങൾ, സമുദ്രീയങ്ങൾ എന്നിങ്ങനെ രണ്ടിനം ദ്വീപുകളാണ് അത്ലാന്തിക് സമുദ്രത്തിലുള്ളത്. സ്പിറ്റ്സ് ബർഗൻ, ബ്രിട്ടിഷ് ദ്വീപുകൾ, ന്യൂഫൌണ്ട്ലൻഡ്, ഗ്രേറ്റ് അന്റീലിസ്, ഫാക്ലൻഡ് ദ്വീപുകൾ എന്നിവ ആദ്യ വിഭാഗത്തിന് ഉദാഹരണങ്ങളാകുന്നത്. ഗ്രീൻലൻഡിനെ വടക്കേ അമേരിക്കയുടെ ഒരു ഭാഗമായാണ് കണക്കാക്കുന്നത്. ബർമ്യൂഡ ദ്വീപസമൂഹങ്ങൾ ലോകത്തിലെതന്നെ ഏറ്റവും ഉത്തരസ്ഥിതങ്ങളായ പവിഴ ദ്വീപുകളാണ്; രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന ഐസ്ലൻഡ്, സെന്റ് ഹെലീന എന്നീ ദ്വീപുകൾ ശിലകളുടെ ആധാരതലങ്ങൾ ഇല്ലാത്ത അഗ്നിപർവതജന്യങ്ങളും. എന്നാൽ അസോർസ്, കേപ്വെർദെ എന്നിവ ശിലകളുടെ അടിത്തറയോടുകൂടിയ അഗ്നിപർവതജന്യ ദ്വീപുകളുമാണ്.

അഗ്നിപർവതജന്യ ദ്വീപുകളെ രണ്ടുവിഭാഗങ്ങളിൽപ്പെടുത്താം:

  1. മധ്യ-അറ്റ്‌ലാന്റിക് വരമ്പിന്റെ ഭാഗമായവ.
  2. വൻകരയോരങ്ങളിൽ രൂപീകൃതമായിട്ടുള്ളവ.

ഐസ്ലൻഡ്, അസോർസ്, അസെൻഷൻ, സെന്റ് ഹെലീന, ട്രിസ്റ്റൻ ദ കൂന, ഗൌഫ്, ബൂവേ എന്നിവ ആദ്യത്തെ വിഭാഗത്തിലും കാനറി ദ്വീപുകൾ, മദീര, കേപ് വെർദെ ദ്വീപുകൾ, ഫർത്താണ്ടോ ദെ നൊറോണാ എന്നിവ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു. മറ്റൊരിനം അഗ്നിപർവത ദ്വീപുകളെയാണ് ചാപാകാരങ്ങളായ ലിറ്റിൽ അന്റീലസ്, സൌത്ത് സാൻഡ്വിച്ച് ദ്വീപസമൂഹങ്ങൾ ഉൾക്കൊള്ളുന്നത്. വൻകരാശിലാക്രമങ്ങളും ലാവാപടലങ്ങളും ഇടകലർന്ന സംരചന പ്രദർശിപ്പിക്കുന്ന ദ്വീപുകളാണ് ഗ്രേറ്റർ അന്റീലിസ് (കരീബിയൻ കടൽ) സൌത്ത് ജോർജിയ, സൌത്ത് ഓർക്നീ (സ്കോഷ്യാ ഉൾക്കടൽ), എന്നീ ദ്വീപസമൂഹങ്ങൾ. വൻകരാശിലകളെമാത്രം ഉൾക്കൊള്ളുന്ന ദ്വീപുകളും അറ്റ്‌ലാന്റിക്കിലുണ്ട്; ബ്രിട്ടിഷ് ദ്വീപുകൾ, ന്യൂഫൌണ്ട് ലൻഡ്, ഫാക്ലൻഡ് ദ്വീപുകൾ തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു.

കാലാവസ്ഥ

തിരുത്തുക

ഉത്തര അറ്റ്‌ലാന്റിക്

തിരുത്തുക
 
പശ്ചിമവാതങ്ങളും വാണിജ്യവാതങ്ങളും

ഉത്തര അറ്റ്‌ലാന്റിക്കിലെ അന്തരീക്ഷപ്രക്രിയകളുടെ ദിനംരാത്ര വ്യതിയാനം ഏറെക്കുറെ നിർണയിക്കുന്നത് വടക്കേ അമേരിക്കയിൽ നിന്നു നിർഗമിച്ചെത്തുന്ന വായു പിണ്ഡങ്ങളും കാറ്റുകളുമാണ്. ശൈത്യകാലത്ത് പ്രാബല്യം നേടുന്ന പശ്ചിമവാതങ്ങൾ (westerlies)[11] വൻകരയ്ക്കുള്ളിലെ അന്തരീക്ഷത്തിൽ 3,000 മുതൽ 12,500 മീറ്റർ വരെ ഉയരത്തിലാണ് ശക്തിപ്രാപിക്കുന്നത്. ഇതിന്റെ ഫലമായി വൻകരയുടെ കിഴക്കേപ്പകുതിയിൽ ഒരു നിമ്നമർദമേഖല സൃഷ്ടിക്കപ്പെടുന്നു. ഭൂപ്രകൃതിപരമായ സവിശേഷതകൾമൂലം കാനഡയുടെ ഉത്തരഭാഗങ്ങളിലും അലാസ്കയിലുമായി തളംകെട്ടുന്ന ശീത വായുപിണ്ഡം അറ്റ്‌ലാന്റിക് തീരത്തേക്കു നീങ്ങുന്നു; ഇവിടെ ഉഷ്ണജല പ്രവാഹമായ ഗൾഫ് സ്ട്രീമിന്റെ പ്രഭാവത്തിൽ മെക്സിക്കോ ഉൾക്കടലിൽ നിന്നെത്തുന്ന ഊഷ്മള വായുവുമായി മിശ്രണത്തിനു വഴിപ്പെടുന്നതോടെ ശക്തമായ മറ്റൊരു വാതമുഖം രൂപംകൊള്ളുന്നു. തുടർന്ന് ചക്രവാതങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കപ്പെടുന്നു. തത്ഫലമായി ന്യൂഫൌണ്ട്ലൻഡും ഐസ്ലൻഡും ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഭവകേന്ദ്രങ്ങളായിത്തീരുന്നു. ശീതള-ഊഷ്മള വായൂപിണ്ഡങ്ങൾക്കിടയിലെ താപാന്തരം വർധിക്കുന്നതനുസരിച്ച് ചക്രവാതങ്ങളുടെ ശക്തിയും തുടർജനനത്തിനുള്ള സാധ്യതകളും വർധിക്കുന്നു. ശൈത്യകാലത്തെ കാറ്റുകൾ ഗ്രീഷ്മകാലത്തേതിനെ അപേക്ഷിച്ച് തുലോം ശക്തമാണ്. ഈ ചക്രവാതങ്ങൾ താപോർജം, അന്തരീക്ഷത്തിലെ നീരാവി, കാറ്റിന്റെ ഗതികബലം എന്നിവയെ ഉഷ്ണമേഖലയിൽനിന്ന് ശൈത്യമേഖലയിലേക്കു വിസരിപ്പിക്കുന്നു. ഭൂമുഖത്തെ താപസന്തുലനം പാലിക്കുന്നതിൽ ഈ കാറ്റുകൾക്ക് ഗണ്യമായ പങ്കുണ്ട്. മധ്യഅക്ഷാംശീയ മേഖലകളിലെ ശക്തമായ പ്രവാഹത്തിന് പശ്ചിമവാതങ്ങൾക്ക് ആവശ്യമായ ഊർജ്ജം പകരുന്നതും ഈ ചക്രവാതങ്ങളാണ്. ഉഷ്ണകാലത്ത് പശ്ചിമവാതങ്ങളുടെ ശക്തി നേർപകുതിയായി ക്ഷയിക്കുന്നതും 10o അക്ഷാംശത്തോളം വടക്കോട്ട് ഒതുങ്ങിപ്പോകുന്നതും പ്രസക്തവാതമുഖം ദുർബലമാവുന്നതുമൂലമാണ്.

വടക്കേ അമേരിക്കയുടെ കിഴക്കൻ തീരത്ത് മെക്സിക്കോ ഉൾക്കടലിൽ നിന്നെത്തുന്ന കാറ്റുകളുടെ താപനിലയിൽ വാരാവാരം വ്യതിയാനം ഉണ്ടാകുന്നത് ന്യൂഫൌണ്ട്ലൻഡ് തീരത്തുരൂപം കൊള്ളുന്ന വാതമുഖത്തിന്റെ സ്വഭാവത്തിലും പ്രതിഫലിക്കുന്നു. ശൈത്യകാലത്തും ഈ പ്രഭാവം നിലനില്ക്കാം. ഇതുമൂലം ചക്രവാതങ്ങളുടെ എണ്ണത്തിലും ശക്തിപ്രാപിക്കലിലും സഞ്ചാരപഥത്തിലും വ്യതിയാനങ്ങൾ അനുഭവപ്പെടാം. ശൈത്യകാലാവസ്ഥ എല്ലാവർഷവും ഒരേപോലെയായിരിക്കണമെന്നുമില്ല. സാധാരണയായി നിമ്നമർദമേഖലയായി വർത്തിക്കുന്ന ഐസ്ലൻഡ് ഒരു ഉച്ചമർദമേഖലയായിമാറിയ ശൈത്യകാലങ്ങളും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ വടക്കേ അമേരിക്കൻ തീരത്ത് നിന്നെത്തുന്ന ചക്രവാതങ്ങൾ ഗതിമാറി ഡേവിസ് ജലസന്ധിയിലൂടെ അസോർസ് ദ്വീപുകളുടെ ദിശയിൽ നിഷ്ക്രമിക്കുന്നു. സാധാരണ ഗതിയിൽ യൂറോപ്പിലേക്കു നീങ്ങേണ്ട നീരാവിഭരിതമായ ഊഷ്മള വായുപിണ്ഡങ്ങൾക്കുപകരം ആർട്ടിക്കിൽ നിന്നെത്തുന്ന ശൈത്യവാതങ്ങൾ ആഞ്ഞടിക്കുന്നു; ഉന്മേഷകരമായ കാലാവസ്ഥയ്ക്കുപകരം അതിശൈത്യം അനുഭവപ്പെടുകയും ചെയ്യും.

ശൈത്യകാലത്ത് ഉത്തര അറ്റ്‌ലാന്റിക്കിന്റെ പടിഞ്ഞാറുഭാഗം തരണം ചെയ്യുന്ന ശീതള-വായുപിണ്ഡം സമുദ്രത്തിൽ നിന്ന് ഗണ്യമായ അളവ് താപോർജം വലിച്ചെടുക്കുന്നു. സാധാരണയുള്ളതിന്റെ മൂന്നിരട്ടി താപോർജം തണുത്തതും നീരാവിരഹിതവുമായ വായുപിണ്ഡത്തിലേക്ക് വർധിച്ച തോതിലുള്ള ബാഷ്പീകരണംമൂലം നഷ്ടമാവുന്നു. ഈ നഷ്ടം നികരുന്നത് താണ അക്ഷാംശങ്ങളിൽ നിന്ന് ഉഷ്ണജല പ്രവാഹ(ഗൾഫ് സ്ട്രീം)ത്തിലൂടെ ഉള്ള താപവിസരണംമൂലമാണ്.

എന്നാൽ വടക്കേ അക്ഷാംശം 15o മുതൽ 30o വരെയുള്ള ഭാഗത്ത് പ്രബലമായി നിലകൊള്ളുന്ന ഉച്ചമർദ്ദാവസ്ഥ കനത്ത കാറ്റുകൾക്കുള്ള സാധ്യത ഒഴിവാക്കി സൌമ്യമായ കാലാവസ്ഥ നിലനിറുത്തുന്നു. മിക്ക ദിവസങ്ങളിലും നിർമ്മലമായ അന്തരീക്ഷമാണ് ആ മേഖലയിൽ ദൃശ്യമാവുന്നത്. ഈ മേഖലയിൽ അപൂർവമായി മാത്രമെ മഴ ഉണ്ടാകാറുള്ളൂ. ഉച്ചമർദമേഖലയ്ക്കു തെക്കു രൂപംകൊള്ളുന്ന വാണിജ്യവാതങ്ങൾ വടക്കു കിഴക്കൻ കാറ്റുകളായി വീശുകയും ചെയ്യുന്നു. ഇവ സ്ഥിരവാതങ്ങളാണെങ്കിലും സൂര്യന്റെ ദക്ഷിണായനകാലത്താണ് കൂടുതൽ ശക്തിപ്രാപിക്കുന്നത്.

ഉത്തര അത്ലാന്തിക്കിലെ മധ്യരേഖയോടടുത്ത ഭാഗങ്ങൾ പൊതുവേ ശാന്തവും, ശക്തമായ അന്തരീക്ഷവിക്ഷോഭങ്ങളിൽ നിന്നു വിമുക്തവുമാണ്. എന്നാൽ ഉഷ്ണകാലാന്ത്യത്തിലും തുടർന്നുള്ള മാസത്തിലും ഇവിടം ഉഷ്ണമേഖലാ ചക്രവാതങ്ങളുടെ പ്രഭവകേന്ദ്രമായിമാറാം. അറ്റ്‌ലാന്റിക്കിന്റെ കിഴക്കു നിന്നുള്ള കാറ്റുകൾ സമുദ്രോപരിതല പ്രതിഭാസങ്ങളുമായി പ്രതികരിച്ചുണ്ടാകുന്ന ചുഴികളാണ് ഹരിക്കേൻസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈയിനം ചക്രവാതങ്ങളുടെ രൂപീകരണത്തിനു നിദാനമാകുന്നത്. സമുദ്രോപരിതല ബാഷ്പീകരണത്തിലൂടെ ഉയർന്നു പൊങ്ങുന്ന നീരാവി മഴയായി ഘനീഭവിക്കുന്നതിലൂടെ വിസരിപ്പിക്കുന്ന ലീനതാപം ചുഴലിക്കൊടുങ്കാറ്റുകളുടെ ശക്തിവർധിപ്പിക്കുന്നു. ഉപര്യന്തരീക്ഷ പ്രവാഹങ്ങളിൽനിന്നു പകർന്നുകിട്ടുന്ന ഊർജവും ഇവയുടെ വിനാശശേഷി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. പലപ്പോഴും വടക്കേ അമേരിക്കയുടെ തീരത്തുകൂടി ഘടികാരദിശയിൽ നീങ്ങി പശ്ചിമവാതങ്ങളുടെ പഥത്തോളം വടക്കോട്ട് സഞ്ചരിക്കുവാനും ഇവയ്ക്കു കഴിയുന്നു. യു. എസ്സിന്റെ തെക്കു കിഴക്കൻ തീരത്തേക്ക് ആഞ്ഞടിക്കുന്ന ഹരിക്കേനുകൾ വൻതോതിലുള്ള നാശനഷ്ടങ്ങൾക്കു കാരണമാവാറുണ്ട്.

ദക്ഷിണ അറ്റ്‌ലാന്റിക്

തിരുത്തുക

ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ തെക്കേ അക്ഷാംശം 40o മുതൽ തെക്കോട്ട് അന്റാർട്ടിക്ക വരെയുള്ള ഭാഗങ്ങളിൽ പശ്ചിമവാതങ്ങൾ (Westerlies) പ്രബലമാണ്. ദക്ഷിണ അറ്റ്‌ലാന്റിക്കിലെ ഉച്ചമർദമേഖല 30oതെക്കേ അക്ഷാംശത്തിന് ഇരുപുറവുമായി നിലകൊള്ളുന്നു. ഈ പ്രതിചക്രവാത (canticyclone) മേഖല തെക്കു കിഴക്കൻ വാണിജ്യവാതങ്ങളുടെ പ്രഭവകേന്ദ്രമായി വർത്തിക്കുന്നു. ഇവ മധ്യരേഖയുടെ നേർക്ക് വീശുന്ന സ്ഥിരവാതങ്ങളാണ്. ഭൂഭ്രമണത്തിന്റെ പ്രഭാവംമൂലം ഉണ്ടാവുന്ന കോരിയോലിസ് ബലം (Coriolis force)[12] മധ്യരേഖയ്ക്കു വടക്കും തെക്കും വീശുന്ന വാണിജ്യ വാതങ്ങളെ പരസ്പരം അഭിമുഖമാക്കിയിരിക്കുന്നു. ഇക്കാരണത്താൽ മധ്യരേഖയോടടുത്ത ഒരു മേഖലയിൽവച്ച് വടക്കുകിഴക്കൻ വാണിജ്യവാതങ്ങളും തെക്കുപടിഞ്ഞാറൻ വാണിജ്യ വാതങ്ങളും ഏറ്റുമുട്ടുന്നു. താപീയമധ്യരേഖയ്ക്കൊപ്പം സ്ഥാനചലനം സംഭവിക്കുന്ന ഈ മേഖലയെ ഉഷ്ണമേഖലാ മധ്യ അഭിസരണം (Inter Tropical Conver-gence Zone-ITCZ)[13] എന്നു വിശേഷിപ്പിക്കുന്നു. ഈ മേഖലയിൽ നീരാവി സമ്പൂരിതമായ വായു ഉയർന്നു പൊങ്ങുന്നതിനാൽ കനത്ത മഴയുണ്ടാകുന്നത് സാധാരണമാണ്. ഉത്തര അറ്റ്‌ലാന്റിക്കിലെപ്പോലെ ദക്ഷിണ സമുദ്രത്തിലും ഉച്ചമർദമേഖല(30o)യ്ക്കു ചുറ്റും തെളിഞ്ഞ അന്തരീക്ഷവും സൌമ്യമായ കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്. എന്നാൽ പശ്ചിമ വാതങ്ങൾക്കു പ്രഭാവമുള്ള തെക്കു ഭാഗങ്ങളിൽ പ്രക്ഷുബ്ധമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അന്റാർട്ടിക്ക പരിസരത്തുനിന്നുള്ള അതിശൈത്യം പശ്ചിമവാതങ്ങളിലേർപ്പെടുത്തുന്ന ഭാവമാറ്റം പ്രചണ്ഡമായ കൊടുങ്കാറ്റുകൾക്ക് ഹേതുവാകുന്നു. മുൻകാലത്ത് ദക്ഷിണ അക്ഷാ. 40o ക്ക് അലറുന്ന നാല്പതുകൾ (Roaring Forties)[14] എന്നാണ് വിശേഷണം നല്കിയിരുന്നത്. ഉത്തര അറ്റ്‌ലാന്റിക്കിന്റെ പടിഞ്ഞാറും കിഴക്കും പകുതിയിൽ ദൃശ്യമാവുന്ന കാലാവസ്ഥാഭേദങ്ങൾ ദക്ഷിണ അറ്റ്‌ലാന്റിക്കിൽ ഇല്ല; പകരം പരക്കെ പ്രക്ഷുബ്ധാവസ്ഥയായിരിക്കുന്നു.

പൊതുവേ അറ്റ്‌ലാന്റിക് സമുദ്രത്തിലെ മിക്കയിടങ്ങളിലും അന്തരീക്ഷാവസ്ഥയിൽ മേഖലാപരമായ സവിശേഷതകളും തന്നിമിത്തമുള്ള വ്യതിയാനങ്ങളും ദൃശ്യമാണ്. ഇവയിൽ എടുത്തുപറയാവുന്നത് യു.എസ്സിന്റെ കിക്കൻ തീരത്ത് ഗ്രാൻഡ് ബാങ്ക് മേഖലയിൽ അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞ് ആണ്. ഉഷ്ണകാലത്താണ് ഈ പ്രതിഭാസമുണ്ടാവുന്നത്. വൻകരയിൽനിന്നുള്ള ചൂടുകാറ്റ് അതിശീതളമായ ലാബ്രഡോർ പ്രവാഹത്തിനു മുകളിലൂടെ വീശൂന്നതാണ് മൂടൽമഞ്ഞിനു കാരണമാവുന്നത്.

പ്രതല ജലപ്രവാഹങ്ങൾ

തിരുത്തുക

സ്ഥിരവാതങ്ങളുടെ പ്രഭാവത്തിലൂടെ ഉരുത്തിരിയുന്നവയാണ്; അറ്റ്‌ലാന്റിക്കിലെ പ്രതലജലപ്രവാഹങ്ങൾ. കരഭാഗങ്ങളുടെ അവസ്ഥിതി ഇവയുടെ ഗതിയിലും സ്വഭാവത്തിലും സ്വാധീനം ചെലുത്തുന്നു. ബാഷ്പീകരണം, വർഷണം എന്നിവയിലെ മേഖലാടിസ്ഥാനത്തിലുള്ള ഏറ്റക്കുറച്ചിലുകൾ, തണുക്കലിലും തപിക്കലിലും സ്ഥാനീയമായുണ്ടാവുന്ന വ്യതിയാനങ്ങൾ, ഘർഷണം, ഭൂഭ്രമണം എന്നിവയും പ്രതല ജലപ്രവാഹങ്ങളെ നിർണയമാംവിധം സ്വാധീനിക്കുന്നുണ്ട്.

ഉത്തര അറ്റ്‌ലാന്റിക്കിൽ സ്ഥിരമായി വീശുന്ന വാണിജ്യവാതങ്ങൾ, കാറ്റിന്റെ ഗതിക്കനുസരിച്ച് ഉഷ്ണജല പ്രവാഹത്തിനു ജന്മം നല്കുന്നു. ഇത് കരീബിയൻ കടലിലെത്തി യൂക്കട്ടാൻ ജലസന്ധിയിലൂടെ മെക്സിക്കോ ഉൾക്കടലിൽ പ്രവേശിക്കുന്നു. ഫ്ലോറിഡാ ജലസന്ധി വഴി ഉൾക്കടലിൽ നിന്നു പുറത്തേക്കൊഴുകുന്ന ഈ പ്രവാഹം തെക്കുകിഴക്കു നിന്നുള്ള അന്റീലിസ് പ്രവാഹത്താൽ പോഷിപ്പിക്കപ്പെട്ട് ഗൾഫ് സ്ട്രീം ആയി മാറുന്നു. വൻകരയെ സ്പർശിച്ചു വടക്കോട്ടു നീങ്ങുന്ന ഈ ഉഷ്ണജലപ്രവാഹം ഹറ്ററസ്മുനമ്പ് തരണം ചെയ്യുന്നതോടെ തീരം വിട്ടകലുകയും; ന്യൂ ഫൌണ്ട് ലൻഡിനടുത്ത് വച്ച് ഗ്രാൻഡ് ബാങ്കി(40oവടക്ക്)ലേക്ക് തിരിയുകയും ചെയ്യുന്നു. ഇതേത്തുടർന്നാണ് ഗൾഫ് സ്ട്രീമിന്റെ വ്യതിരേകതയ്ക്കു ഭംഗം നേരിടുന്നത്. ഈ ഉഷ്ണജലപ്രവാഹത്തിന്റെ ഒരു ശാഖ വലത്തോട്ടു പിരിഞ്ഞ് തെക്കുഭാഗത്തു രൂപം കൊണ്ടിട്ടുള്ള പ്രതിചക്രവാതച്ചുഴി (anticyclonic eddy)യുമായി[15] സന്ധിക്കുന്നു. വെസ്റ്റിൻഡീസ്, അസോർസ് എന്നീ ദ്വീപുകൾക്കിടയ്ക്കുള്ള സർഗാസോ കടലിനെ വലയം ചെയ്യുന്ന രീതിയിലാണ് തുടർന്നുള്ള ഇതിന്റെ ഗതി. സർഗാസോ കടൽ പ്രായേണ നിശ്ചലമായ സമുദ്രമേഖലയാണ്. ഗൾഫ് സ്ട്രീമിന്റെ ഇടത്തോട്ടുള്ള ശാഖ ശീതള ജലവുമായുള്ള മിശ്രണം മൂലം താപനിലയിൽ കുറച്ചിലേർപ്പെട്ട്, യൂറോപ്പ് തീരത്തേക്ക് പ്രയാണം തുടരുന്നു. തനതായ സ്വഭാവവിശേഷങ്ങൾ സാമാന്യമായി നഷ്ടപ്പെട്ട ഈ ഗൾഫ്സ്ട്രീം ശാഖയെ നോർത്ത് അറ്റ്‌ലാന്റിക് പ്രവാഹം എന്നാണു വിശേഷിപ്പിക്കുന്നത്. സ്പിറ്റ്സ് ബെർഗൻ വരെ ഗൾഫ്സ്ട്രീമിലെ ഉഷ്ണജലം പ്രഭാവിതമായി നീങ്ങുന്നു. തുടർന്ന് ആർട്ടിക്കിൽ നിന്നുളള ലവണത കുറഞ്ഞ ശീതജലവുമായി കലരുന്നതോടെ തികച്ചും മറ്റൊരു പ്രവാഹമായി മാറുന്നു. ആർട്ടിക് ജലം ഗ്രീൻലൻഡിന്റെ കിഴക്കു തീരത്തു കൂടിയാണു തെക്കോട്ടൊഴുകുന്നത് (ഈസ്റ്റ് ഗ്രീൻലൻഡ് പ്രവാഹം). ഇത് ക്രമേണ ഉയർന്ന താപനിലയിലുള്ള അറ്റ്‌ലാന്റിക് ജലവുമായി കലരുന്നു. ഗ്രീൻലൻഡിന്റെ ദക്ഷിണാഗ്രമായ ഫാർവെൽ മുനമ്പിനെ വലയം ചെയ്ത്, ദ്വീപിന്റെ പടിഞ്ഞാറേ തീരത്തുകൂടി വടക്കോട്ടൊഴുകുന്ന ഈ പ്രവാഹം വീണ്ടും തെക്കോട്ട് തിരിയുന്നതോടെ ബാഫിൻ കടലിൽ നിന്നെത്തുന്ന അതിശീതള ജലത്താൽ പരിപോഷിപ്പിക്കപ്പെടുന്നു. തുടർന്ന് തെക്കോട്ടുതന്നെ ഒഴുകുന്ന ഈ ശീതജലപ്രവാഹം (ലാബ്രഡോർ പ്രവാഹം) ഗ്രാൻഡ് ബാങ്കിൽവച്ച് ഗൾഫ് സ്ട്രീമുമായി സന്ധിക്കുന്നു. ഇതുമൂലം കിഴക്കോട്ടുതിരിഞ്ഞ് അന്റാർട്ടിക് ജലവുമായി കലരാനിടവരുന്നു. ശൈത്യകാലത്ത് താപനില 3o ആയി താഴുന്നതോടെ സാന്ദ്രതയിൽ ഏറ്റമുണ്ടായി അധതലങ്ങളിലേക്ക് ഊളിയിടുന്ന ഈ ജലം തെക്കോട്ട് വ്യാപിക്കുന്നു. -1o ലുള്ള ഈ അധജലം (deep water) നോർവീജിയൻ കടലിന്റെ അടിത്തട്ടിലേക്കാണു നീങ്ങുന്നത്. ഇതിന്റെ അറ്റ്‌ലാന്റിക്കിലേക്കുള്ള വ്യാപനം ഐസ്ലൻഡ്-ഫാരോത്തിട്ടുമൂലം തടസ്സപ്പെട്ടിരിക്കുന്നു.

ഉത്തര അറ്റ്‌ലാന്റിക്കിന്റെ തെക്കുകിഴക്കു ഭാഗത്ത്, അറ്റ്‌ലാന്റിക് പ്രതല ജലം ജിബ്രാൾട്ടർ ജലസന്ധിയിലൂടെ മെഡിറ്ററേനിയൻ കടലിലേക്കാണ് ഒഴുകുന്നത്. ഇതിനുപകരം ജലസന്ധിയുടെ അടിത്തട്ടിലൂടെ ഉയർന്ന ലവണതയുള്ള മെഡിറ്ററേനിയൻ അധജലം അത്ലാന്തിക്കിലേക്കു കടക്കുന്നു. ഈ ജലം ഉത്പതന വിധേയമായി പ്രതലത്തിലെത്തി കാനറീസ് പ്രവാഹത്തിനു പോഷകമാവുന്നു. നോർത്ത് അറ്റ്‌ലാന്റിക് പ്രവാഹത്തിന്റെ തെക്കുപടിഞ്ഞാറു ശാഖയായ കാനറീസ് പ്രവാഹം ഇതുമൂലം ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറൻ ആഫ്രിക്കയുടെ തീരത്തേക്ക് ഒഴുകുന്നു. തുടർന്ന് പടിഞ്ഞാറോട്ടു ഗതിമാറി നോർത്ത് ഇക്വറ്റോറിയൽ പ്രവാഹത്തിൽ ലയിക്കുകയും അന്തിമമായി ഉഷ്ണജല പ്രവാഹ(അന്റീലിസ് പ്രവാഹം)മാവുന്നതോടെ വടക്കുപടിഞ്ഞാറൻ ദിശയിൽ ഗതിമാറുകയും ചെയ്യുന്നു.

 
പരിധ്രുവീയ പ്രവാഹം (circum polar current)

ദക്ഷിണ അറ്റ്‌ലാന്റിക്കിലെ പ്രതല പ്രവാഹ വ്യവസ്ഥയും ഏതാണ്ട് ഉത്തര അറ്റ്‌ലാന്റിക്കിന് സമാനമാണ്. തെക്കുകിഴക്കൻ വാണിജ്യ വാതങ്ങളുടെ സൃഷ്ടിയായ സൌത്ത് ഇക്വറ്റോറിയൽ പ്രവാഹം പടിഞ്ഞാറോട്ടൊഴുകി രണ്ടു ശാഖകളായി പിരിയുന്നു. ഇവയിൽ വലത്തേ പിരിവ് ഭൂമധ്യരേഖ താണ്ടി കരീബിയൻ കടലിലെത്തുന്നു; നോർത്ത് ഇക്വറ്റോറിയൽ പ്രവാഹത്തിന്റെ ഒരു ഭാഗത്തെ കൂടി ലയിപ്പിച്ച് നീങ്ങുന്ന ഈ പ്രവാഹം (ഗയാനാപ്രവാഹം) ഗൾഫ് സ്ട്രീമുമായി സന്ധിക്കുന്നു. സൌത്ത് ഇക്വറ്റോറിയൽ പ്രവാഹത്തിന്റെ ഇടത്തേപിരിവ് ബ്രസീൽ പ്രവാഹം എന്ന പേരിൽ തെക്കോട്ടൊഴുകുന്നു. ഗൾഫ്സ്ട്രീമിന്റെ ദക്ഷിണാർധ ഗോളത്തിലെ പ്രതിരൂപമായി വിശേഷിപ്പിക്കാവുന്ന ബ്രസീൽ പ്രവാഹത്തിന് തുലോം കുറഞ്ഞ പ്രഭാവമേ ചെലുത്താനാവുന്നുള്ളൂ. ദക്ഷിണ അറ്റ്‌ലാന്റിക്കിലെ ഉച്ചമർദമേഖലയ്ക്കു (30o) തെക്കു വച്ച് കിഴക്കോട്ടു ഗതിമാറുന്ന ബ്രസീൽ പ്രവാഹം സൌത്ത് അറ്റ്‌ലാന്റിക് പ്രവാഹം എന്ന പേരിൽ ഒഴുകി ആഫ്രിക്കയുടെ തീരത്തെത്തുന്നു. തുടർന്ന് വൻകരയോരത്തുകൂടി ബെൻഗ്വെലാ പ്രവാഹമെന്ന പേരിൽ മധ്യരേഖയെ ലക്ഷ്യമാക്കി ഒഴുകുന്നു. കാനറീസ് പ്രവാഹത്തിന്റെ പ്രതിരൂപമായ ബെൻഗ്വെലാ പ്രവാഹം കൂടുതൽ ശക്തവും അധജലത്തിന്റെ ഉത്പതനംമൂലം താരതമ്യേന താണ ഊഷ്മാവിലുമാണ്. വടക്കും തെക്കുമുള്ള ഇക്വറ്റോറിയൽ പ്രവാഹങ്ങൾക്കു പ്രതിമുഖമായി അവയ്ക്കിടയിലൂടെ കിഴക്കോട്ടു നീങ്ങുന്ന പ്രതല ജലപ്രവാഹമാണ് ഇക്വറ്റോറിയൽ പ്രതിപ്രവാഹം (Equatorial Counter Current).[16] ഇത് ഘാനയ്ക്കു പടിഞ്ഞാറു വച്ച് കാനറീസ് പ്രവാഹത്തിന്റെ തെക്കോട്ടുള്ള ശാഖയുമായി സന്ധിച്ച് ശക്തിയാർജിക്കുന്നതോടെ ഗിനിപ്രവാഹമായി മാറി തെക്കോട്ടൊഴുകി ബെൻഗ്വെലാ പ്രവാഹവുമായി സന്ധിക്കുന്നു. ദക്ഷിണ അറ്റ്‌ലാന്റിക്കിന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് പരിധ്രുവീയ പ്രവാഹം (circum polar current)[17] ഡ്രേക്ജലസന്ധിയിലൂടെ പ്രവേശിക്കുന്നു. തുടർന്ന് രണ്ടായി പിരിയുകയും ചെയ്യുന്നു. ഇവയിൽ ഇടത്തേ ശാഖയായ ഫാക്ലൻഡ് പ്രവാഹം ആർജന്റീനയുടെ കി. തീരത്തുകൂടി വടക്കോട്ടൊഴുകുന്നു. ഇതിനെ ഉത്തര അറ്റ്‌ലാന്റിക്കിലെ ലാബ്രഡോർ പ്രവാഹത്തിന്റെ പ്രതിരൂപമായി വിവക്ഷിക്കാം. പരിധ്രുവീയ പ്രവാഹത്തിന്റെ താരതമ്യേന ശക്തമായ വലത്തേ ശാഖ കിഴക്കോട്ട് ഇന്ത്യാസമുദ്രം ലക്ഷ്യമാക്കി നീങ്ങുന്നു. അറ്റ്‌ലാന്റിക്കിന്റെ കിഴക്കരികിൽ വച്ച് ഇതിൽനിന്നു പിരിഞ്ഞൊഴുകുന്ന മറ്റൊരു ജലപ്രവാഹം വടക്കുകിഴക്കൻ ദിശയിലൊഴുകി ബെൻഗ്വെലാ പ്രവാഹത്തിൽ ലയിക്കുന്നുണ്ട്.

താപ വിതരണം

തിരുത്തുക

ലോകസമുദ്രങ്ങളിൽ ഏറ്റവും ഊഷ്മളമാണ് അറ്റ്‌ലാന്റിക് സമുദ്രം. പ്രതലതാപം നിർണയിക്കുന്നതിൽ അക്ഷാംശം, ജലപ്രവാഹങ്ങള്‍, കാലാവസ്ഥ എന്നീ ഘടകങ്ങൾ സ്വാധീനം ചെലുത്തുന്നു. എന്നാൽ ഉപോഷ്ണമേഖലകളിൽ പ്രവാഹങ്ങളാണ് പ്രധാന ഘടകം. അറ്റ്‌ലാന്റിക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, കിഴക്കൻ ഭാഗങ്ങളേക്കാൾ ഊഷ്മളമാണ്. ഉഷ്ണമേഖലയിൽ കാലാവസ്ഥ താപവിതരണത്തെ നിയന്ത്രിക്കുമ്പോൾ ഭൂമധ്യരേഖയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ഭൂമധ്യരേഖീയ പ്രതിപ്രവാഹമാണ് താപക്കുറവിനു കാരണമാകുന്നുത്.

പ്രതല ജലപ്രവാഹങ്ങളുടെ സ്വഭാവഭേദത്തിനിണങ്ങുന്ന താപവിന്യാസമാണ് അറ്റ്‌ലാന്റിക്കിലേത്. ഉഷ്ണജലവാഹകങ്ങളായ നോർത്ത് ഇക്വറ്റോറിയൽ, സൌത്ത് ഇക്വറ്റോറിയൽ പ്രവാഹങ്ങളുടെ താപവിന്യാസത്തിന് സമാനമായി അമേരിക്കകളുടെ തീരത്തോടടുത്ത അറ്റ്‌ലാന്റിക് ഭാഗങ്ങളിലും താപനില താരതമ്യേന കൂടുതലാണ്. എന്നാൽ അറ്റ്‌ലാന്റിക്കിന്റെ കിഴക്കൻ തീരത്തോടടുത്ത് സ്ഥിതി വ്യത്യസ്തമാണ്. അമേരിക്കൻ തീരങ്ങളോടടുത്ത സമുദ്രഭാഗങ്ങളിൽ ചൂടുകൂടിയ പ്രതലജലം വിസ്തൃതമായി വ്യാപിച്ചിരിക്കുമ്പോൾ ആഫ്രിക്കൻ തീരത്ത് നന്നെ ഇടുങ്ങിയ മേഖലയിൽ മാത്രമാണ് പ്രതല ജലത്തിന് കൂടിയ താപനിലയുള്ളത്. ആഫ്രിക്കൻ തീരത്ത് ബെൻഗ്വെലാ, കാനറീസ് പ്രവാഹങ്ങൾ മധ്യരേഖയുടെ ദിശയിൽ തണുത്ത ജലം പ്രധാനം ചെയ്യുന്നതിനാൽ അറ്റ്‌ലാന്റിക്കിന്റെ കിഴക്കൻ മേഖല, പടിഞ്ഞാറൻ മേഖലയെ അപേക്ഷിച്ച് കുറഞ്ഞ താപനിലയിൽ വർത്തിക്കുന്നു. ലാബ്രഡോർ പ്രവാഹം വഹിച്ചെത്തിക്കുന്ന ശീതളജലം വടക്കേ അക്ഷാംശം 40o വരെ വ്യാപിക്കുന്നു. എന്നാൽ ഗൾഫ് സ്ട്രീമിലെ ഉഷ്ണജലം ഭാഗികമായിട്ടാണെങ്കിലും നോർവെ തീരംവരെ എത്തുന്നതിനാൽ വടക്കേഅക്ഷാംശം 71o യിൽപ്പോലും തീരക്കടലിൽ മഞ്ഞടിയുന്നില്ല. തത്ഫലമായി നോർവെ തീരത്തെ തുറമുഖങ്ങൾ ഹിമബാധയിൽനിന്നു മുക്തമായിരിക്കുന്നു. പടിഞ്ഞാറൻ തീരത്ത് ലാബ്രഡോർ പ്രവാഹം ഗൾഫ് സ്ട്രീമുമായും ബ്രസീൽ പ്രവാഹം ഫാക്ലൻഡ് പ്രവാഹവുമായും സന്ധിക്കുന്ന പ്രദേശങ്ങളിൽ പ്രതലതാപനില അടുത്തടുത്തുള്ള സ്ഥാനങ്ങളിൽപ്പോലും സാരമായി വ്യത്യാസപ്പെടുന്നു. നന്നെ ഇടുങ്ങിയ ഒരു മേഖലയിൽ മാത്രമാണ് ഈ പ്രതിഭാസം ദൃശ്യമാവുന്നത്. ഈ പ്രത്യേക മേഖലകളെ ശീതഭിത്തി (cold wall) എന്നു വിശേഷിപ്പിക്കാറുണ്ട്. പ്രതല ജലത്തിലെ താപമാറ്റം വ്യക്തമായും ദൃശ്യമാവുന്നത് ഗൾഫ്സ്ട്രീം ലാബ്രഡോർ പ്രവാഹവുമായി സന്ധിക്കുന്നിടത്താണ്.


അറ്റ്‌ലാന്റിക്കിലെ ഉഷ്ണമേഖലാഭാഗങ്ങളിൽ പ്രതല ജല താപനിലയിൽ പ്രവാഹങ്ങൾക്ക് കാര്യമായ സ്വാധീനത ചെലുത്താനാവുന്നില്ല; മറിച്ച് കാലാവസ്ഥയുടെ പ്രഭാവം ഏകതാനമായി കാണുന്നുമുണ്ട്. പടിഞ്ഞാറോട്ടൊഴുകുന്ന ഇക്വറ്റോറിയൽ പ്രവാഹങ്ങളിൽ നിന്നുള്ള താപംകൂടിയ ജലം ഉത്തരാർധഗോളത്തിൽ വലതുഭാഗത്തേയ്ക്കും ദക്ഷിണാർധഗോളത്തിൽ ഇടതുഭാഗത്തേയ്ക്കും വ്യാപിക്കുന്നു. ആഴക്കടലിലെ താപനിലയിൽ പ്രവാഹങ്ങളുടെ സ്വാധീനത പ്രകടമാണ്; 200 മീ. താഴ്ചയിൽ, വടക്കേ അക്ഷാംശം 7o യിൽ താപനില 10o ആയിരിക്കുമ്പോൾ 20o യിൽ 20oC ആണ് ഉണ്ടാവുക. ഉത്തര അറ്റ്‌ലാന്റിക്കിൽ ആഴംകൂടുന്നതിനനുസരിച്ച് താപനിലയും ക്രമേണ കുറഞ്ഞുവരുന്നു. 900 മീറ്റർ ആഴത്തിൽ താപനില 5oC ആവുമ്പോൾ അധസ്തലത്തിലേത് 2.5oC ആയിരിക്കും. എന്നാൽ ദക്ഷിണ അറ്റ്‌ലാന്റിക്കിലെ സ്ഥിതി ഇതിൽനിന്നും തുലോം വിഭിന്നമാണ്. ദക്ഷിണ അക്ഷാംശം 40o യിൽ നേർകീഴ്ക്കായുള്ള താപനില 900-1200 മീറ്റർ ആഴത്തിൽ ന്യൂനതമ മൂല്യമായ 0.6oC ലെത്തുന്നു; തുടർന്ന് ക്രമേണ വർധിച്ച് 2,000 മീറ്ററിൽ താഴ്ചയിലെത്തുമ്പോഴേക്കും 2-4oC ആവുന്നു. ഉത്തര അറ്റ്‌ലാന്റിക്ക് അധജലത്തിന്റെ സാന്നിധ്യംമൂലമാണ് താപനിലയിൽ ഏറ്റമുണ്ടാവുന്നത്. വീണ്ടും കുറയുന്ന താപനില സമുദ്രത്തിന്റെ അടിത്തട്ടിലെത്തുമ്പോൾ 1oC ഓ അതിലും താഴെയോ ആയി പരിണമിക്കുന്നു. അന്റാർട്ടിക് നിതല ജലമാണ് താപനിലയിൽ കുറവുവരുത്തുന്നതിനു നിദാനം. എന്നാൽ തെക്കേ അക്ഷാംശം 40o ക്കു തെക്കുള്ള ഭാഗങ്ങളിൽ അറ്റ്‌ലാന്റിക് ജലം നന്നെ താണ ഊഷ്മാവിലാണു വർത്തിക്കുന്നത്.

ലവണത ഏറ്റവും കൂടിയ സമുദ്രമാണ് അറ്റ്‌ലാന്റിക്ക്. ദക്ഷിണ അറ്റ്‌ലാന്റിക്കിനെ അപേക്ഷിച്ച് ഉത്തര അറ്റ്‌ലാന്റിക്കിലാണ് ലവണത ഏറ്റവും കൂടുതൽ. വടക്കേഅക്ഷാംശം 20o മുതൽ 30o 0o വരെയുള്ള മേഖലയിൽ അറ്റ്‌ലാന്റിക് പ്രതലജലത്തിന് 37o/00 ലവണത വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകസമുദ്രങ്ങളിലെ ഏതു ഭാഗത്തിലേതിനെക്കാളും ഉയർന്ന ലവണതയാണിത്. ലവണതയിലെ ഏറ്റക്കുറച്ചിൽ പ്രധാനമായും ബാഷ്പീകരണം, വർഷണം എന്നിവയുടെ തോതിനെ ആശ്രയിച്ചിരിക്കും; ജലപ്രവാഹങ്ങളുടെ പങ്കും നിസ്സാരമല്ല. വിവിധ ഭാഗങ്ങളിലെ ലവണതയുടെ അടിസ്ഥാനമൂല്യം പരിഗണിക്കുമ്പോൾ, ലവണത ഏറ്റവും കൂടുതൽ (35.5o/00) ഉത്തര അറ്റ്‌ലാന്റിക്കിലും നന്നെക്കുറവ് (34.4o/00) ദക്ഷിണ അറ്റ്‌ലാന്റിക്കിലുമാണ്. വർധിച്ച ബാഷ്പീകരണംമൂലം ഉയർന്ന ലവണത പ്രദർശിപ്പിക്കുന്ന മെഡിറ്ററേനിയൻ കടൽ ജലം ഉത്തര അറ്റ്‌ലാന്റിക്കിൽ പ്രവേശിക്കുന്നതിനാലാണ് ലവണതയിൽ വർധനവ് ഉണ്ടാകുന്നത്. വ്യത്യസ്ത അക്ഷാംശീയ മേഖലകളിൽ, അവയിലെ വർഷണവും ബാഷ്പീകരണവും തമ്മിലുള്ള വ്യത്യാസത്തിന്റെ അനുപാതത്തിൽ, ലവണതയുടെ അടിസ്ഥാനമൂല്യത്തിൽ ഏറ്റക്കുറച്ചിലേർപ്പെടുന്നു. മധ്യരേഖയ്ക്ക് ഇരുപുറവുമുള്ള മേഖലകളിൽ വർഷപാതം ബാഷ്പീകരണത്തിന്റെ പതിന്മടങ്ങായിരിക്കയാൽ ഈ ഭാഗത്തെ ലവണത 35o/00 ആയിരിക്കുന്നു. വടക്കേ അക്ഷാംശം 20o മുതൽ 25o വരെയും തെക്കേ അക്ഷാംശം 25o ക്ക് ഇരുപുറവുമായുമുള്ള സമുദ്രഭാഗങ്ങളിൽ പെയ്യുന്ന മഴയെക്കാൾ ബാഷ്പീകരണത്തിലൂടെ ജലനഷ്ടം സംഭവിക്കുന്നതിനാൽ ലവണത 37o/00 നെക്കാൾ ഉയർന്നു കാണുന്നു. ഉയർന്ന അക്ഷാംശങ്ങളിലേക്കു നീങ്ങുമ്പോൾ ബാഷ്പീകരണത്തിന്റെ തോത് കുറഞ്ഞും വർഷപാതത്തിന്റെ അളവ് കൂടിയും വരുന്നതിനാൽ ലവണതയിലും കുറവ് ഉണ്ടാകുന്നു. 34o/00 ലും കുറഞ്ഞ ലവണത പ്രദർശിപ്പിക്കുന്ന ഭാഗങ്ങളും ഉണ്ട്. അക്ഷാംശീയ പ്രഭാവത്തെ കടത്തിവെട്ടുന്ന രീതിയിലാണ് ഉത്തര അറ്റ്‌ലാന്റിക്കിൽ ജലപ്രവാഹങ്ങൾ ലവണതാ വിന്യാസത്തിൽ സ്വാധീനത ചെലുത്തുന്നത്. 35o/00 ത്തിലേറെ ലവണതയുള്ള ഉഷ്ണമേഖലാ-അറ്റ്‌ലാന്റിക് ജലം പ്രവാഹങ്ങളിലൂടെ സ്പിറ്റ്സ് ബെർഗൻ (78o വ.) പരിസരത്തേക്കു നയിക്കപ്പെടുന്നു. അറ്റ്‌ലാന്റിക്കിലെ സമലവണരേഖാ (isohalines)[18] വിന്യാസവും ശ്രദ്ധേയമാണ്. വടക്കേ അക്ഷാംശം 40o ക്കു വടക്കേ സമലവണരേഖകൾ ഏതാണ്ട് തെക്കുവടക്കു ദിശയിലാണ് നീളുന്നത്; മറിച്ച് ദക്ഷിണ അക്ഷാംശം 45o ക്കു തെക്ക് ഇവ കൃത്യമായും കിഴക്കുപടിഞ്ഞാറു ദിശയെ അവലംബിക്കുന്നു. അറ്റ്‌ലാന്റിക്കിന്റെ അനുബന്ധ കടലുകളിൽ നദികളിലൂടെ ഒഴുകിയെത്തുന്ന ജലം ലവണതയെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി വർത്തിക്കുന്നുണ്ട്. മെഡിറ്ററേനിയനിൽ ഒഴുകിയെത്തുന്ന ജലം നന്നെ പരിമിതവും ബാഷ്പീകരണം വളരെ കൂടുതലുമാകയാൽ ലവണതയും കൂടുതലായിരിക്കുന്നു. സമീപസ്ഥമായ കരിങ്കടലിൽ ശക്തമായ പ്രവാഹമുള്ള വൻനദികൾ പതിക്കുന്നത് ലവണതയിൽ കുറവ് വരുത്തുന്നു. ബാൾട്ടിക് കടലിന്റെ സ്ഥിതിയും വിഭിന്നമല്ല. സ്വീഡനും, ഫിൻലൻഡിനും മധ്യേ സ്ഥിതിചെയ്യുന്ന ബോഥ്നിയാ ഉൾക്കടലിന്റെ ഉൾഭാഗത്ത് ശുദ്ധജലമെന്നു വിശേഷിപ്പിക്കുവാൻ പോന്നത്ര കുറഞ്ഞ ലവണതയാണുള്ളത്.

ജലപിണ്ഡങ്ങൾ

തിരുത്തുക

(Water masses).

 
ജലപിണ്ഡങ്ങൾ

ജലപിണ്ഡങ്ങളാൽ സമൃദ്ധമാണ് അറ്റ്‌ലാന്റിക് സമുദ്രം. ഉത്തര അറ്റ്‌ലാന്റിക് മധ്യജലം, മെഡിറ്ററേനിയൻ ജലം, ഉത്തര അറ്റ്‌ലാന്റിക് അഗാധജലം, ഉത്തര അറ്റ്‌ലാന്റിക് വിതലജലം എന്നിവയാണ് ഉത്തര അറ്റ്‌ലാന്റിക്കിലെ പ്രധാന ജല പിണ്ഡങ്ങൾ; ദക്ഷിണ അറ്റ്‌ലാന്റിക്കിലേത് ദക്ഷിണ അറ്റ്‌ലാന്റിക്ക് മധ്യജലം, ഉപ-അന്റാർട്ടിക് ജലം, ഉപ-അന്റാർട്ടിക് മാധ്യമികജലം, അന്റാർട്ടിക് പരിധ്രുവീയജലം, അന്റാർട്ടിക് വിതലജലം എന്നിവയും.

35-40o അക്ഷാംശങ്ങൾക്കിടയ്ക്കുള്ള ഉപോഷ്ണമേഖലാഭിസരണത്തിലെ ജലനിമജ്ജനത്തിൽനിന്നാണ് മധ്യജലപിണ്ഡങ്ങൾ രൂപംകൊള്ളുന്നത്. താപത്തിനും ലവണതയ്ക്കും തമ്മിലുള്ള രേഖീയഖണ്ഡംമൂലം, ഇവയെ വേർതിരിച്ചറിയാൻ കഴിയുന്നു. ബാഷ്പീകരണത്തിന്റെ ആധിക്യംമൂലം സാന്ദ്രത വർധിച്ചു താഴ്ന്ന്, ജിബ്രാൾട്ടർ കടലിടുക്കുകളിലൂടെ ഒഴുകിപ്പോകുന്നതാണ് മെഡിറ്ററേനിയൻ ജലമായിത്തീരുന്നത്. ഉത്തര അത്ലാന്തിക് വിതലജലവും ഉത്തര അത്ലാന്തിക് അഗാധജലവും ലാബ്രഡോർ കടലിൽ വച്ച് രൂപം പ്രാപിച്ചു താഴ്ന്നു താഴോട്ടൊഴുകുന്നു. അന്റാർട്ടിക് അഭിസരണത്തിലുണ്ടാകുന്ന നിമജ്ജനത്തിൽ നിന്നാണ് അന്റാർട്ടിക് മാധ്യമികജലം രൂപം പ്രാപിക്കുന്നത്. വർഷണം അധികമുള്ള ഭാഗങ്ങളിലാണ് ഇതുദ്ഭവിക്കുന്നത്. വെഡൽ കടലിൽ പ്രതലജലം നിമജ്ജനം ചെയ്യുന്നതിന്റെ ഫലമായാണ് അന്റാർട്ടിക് വിതലജലം ഉണ്ടാകുന്നത്. എല്ലാ ജലപിണ്ഡങ്ങളിലുംവച്ച് കനംകൂടിയതാണ് ഈ ജലം. ഏറ്റവും കുറഞ്ഞ ലവണതയും ഊഷ്മാവും ആണ് ഇതിന്റെ പ്രത്യേകതകൾ.[19]

അഗാധജല പരിസഞ്ചരണം

തിരുത്തുക

അറ്റ്‌ലാന്റിക്കിലെ അഗാധജലത്തിന്റെ പ്രധാന പ്രഭവസ്ഥാനങ്ങൾ രണ്ടും അറ്റ്‌ലാന്റിക് സമുദ്രത്തിൽ തന്നെയാണ്. ഇവയെ ലോകസമുദ്രങ്ങളുടെ ജലഗതിക നിമജ്ജനസ്ഥാനങ്ങൾ എന്നു വിളിക്കുന്നു. ഉത്തര അറ്റ്‌ലാന്റിക്കിൽ ഗ്രീൻലൻഡിനു തൊട്ടു തെക്കായി ലാബ്രഡോർ-ഇർമിംഗർ കടലുകളിൽ സ്ഥിതിചെയ്യുന്ന ആദ്യത്തേത് ഉത്തര അറ്റ്‌ലാന്റിക് വിതലജലത്തിനു രൂപം നല്കുന്നു. ഈ ജലത്തിന്റെ നിമജ്ജനം ഒരു ഇടുങ്ങിയ അഗാധജലപ്രവാഹത്തിനു രൂപം കൊടുക്കുകയും അത് അമേരിക്കയുടെ കിഴക്കൻ തീരത്തുകൂടി ഒഴുകുകയും ചെയ്യുന്നു. ദക്ഷിണാർധഗോളത്തിലെ ഉപോഷ്ണമേഖലാഭിസരണത്തിലെത്തുമ്പോൾ ഇതു കിഴക്കോട്ടു തിരിഞ്ഞു മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു എന്നാണ് കരുതപ്പെടുന്നത്. ഉത്തര അറ്റ്‌ലാന്റിക്കിലെ അഗാധജലപരിസഞ്ചരണം അപ്രദക്ഷിണമാണ്. ഇതിനുമീതെ പ്രദക്ഷിണദിശയിൽ ഒരു ഉപോഷ്ണമേഖലാ പരിസഞ്ചരണവുമുണ്ട്.

രണ്ടാമത്തെ ജലഗതിക നിമജ്ജനസ്ഥാനം വെഡൽ കടലിലാണ് നിർണയിച്ചിട്ടുള്ളത്. ഇതാണ് അന്റാർട്ടിക് വിതലജലം ഉത്പാദിപ്പിക്കുന്നത്. വെഡൽ കടലിലെ പ്രതലജലം നിമജ്ജനം ചെയ്തു വടക്കോട്ടൊഴുകി കിഴക്കേ അക്ഷാംശം 40o യിലെ ഉപോഷ്ണമേഖലാ അഭിസരണത്തിൽ വച്ചു തെക്കോട്ടൊഴുകുന്ന ജലത്തോടു ചേരുന്നു. അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്‌ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു.

വേലിയേറ്റവും ഇറക്കവും

തിരുത്തുക

അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഉടനീളം അനുഭവപ്പെടുന്ന വേലാതരംഗങ്ങൾ ഒരു ഏകതാന പ്രതിഭാസമായാണ് വർത്തിക്കുന്നത്. വേലാപ്രവാഹത്തിന്റെ ഗതിവേഗം, പഥം, പരിമാണം, വ്യാപനം തുടങ്ങിയ സ്വഭാവവിശേഷങ്ങൾ അനേകം ഘടകങ്ങളുടെ സങ്കീർണമായ അന്യോന്യപ്രക്രിയകളുടെ പരിണതഫലങ്ങളാണ്. ഈ ഘടകങ്ങളിൽ തടരേഖകളുടെ പ്രത്യേകതകൾ, അധസ്തല പ്രകൃതി (Sea floor topography),[20] കാറ്റിന്റേയും തിരമാലകളുടേയും വിന്യാസക്രമം എന്നിവയും ഉൾപ്പെട്ടിരിക്കുന്നു. 24 മണിക്കൂർ 50 മിനിറ്റ് ദൈർഘ്യമുളള ഒരു വേലാ ദിവസ(ശേറമഹ റമ്യ)ത്തിനുള്ളിൽ രണ്ടുപ്രാവശ്യം വീതം വേലിയേറ്റവും ഇറക്കവുമുണ്ടാകുന്നതാണ് സാധാരണക്രമം. അറ്റ്‌ലാന്റിക്ക്കിന്റെ പൂർവതീരങ്ങളിൽ ഈ ആവൃത്തി കൃത്യമായും പാലിക്കപ്പെട്ടു കാണുന്നു. വടക്കും തെക്കും അമേരിക്കകളുടെ തീരങ്ങളിൽ മിക്കയിടത്തും ഈ രീതിയിലുള്ള വേലാതരംഗങ്ങൾ തന്നെയാണ് അനുഭവപ്പെടുന്നത്. ദിവസത്തിൽ ഒരു പ്രാവശ്യംമാത്രം വേലിയേറ്റയിറക്കങ്ങൾ ഉണ്ടാവുന്ന മേഖലകളാണ് മെക്സിക്കോ ഉൾക്കടൽ, കരീബിയൻ കടൽ, ബ്രസീലിന്റെ തെക്കുകിഴക്കേ തീരം, ടയറാ ദെൽഫൂഗോ, ലാബ്രഡോർ തീരം എന്നിവ.

വേലാതരംഗങ്ങൾ ഏറ്റവും കൂടുതൽ ഉയരം (12 മീ.) പ്രാപിക്കുന്നത് കാനഡാതീരത്തെ ഫണ്ടി ഉൾക്കടലിലാണ്. ഫ്രാൻസിലെ ബ്രിട്ടനിതീരത്ത് ഇവ 5 മീറ്റർ ഉയരത്തിലെത്തുന്നത് സാധാരണമാണ്. ഏറ്റവും കുറഞ്ഞ ഉയര 1 മീറ്ററിൽ താഴെ വേലാതരംഗങ്ങളുണ്ടാവുന്ന യിടങ്ങളാണ് മെക്സിക്കോ ഉൾക്കടൽ, കരീബിയൻ കടൽ, മെഡിറ്ററേനിയൻ കടൽ എന്നിവ.

അഭിസരണങ്ങളും അപസരണങ്ങളും

തിരുത്തുക

ജലപ്രവാഹങ്ങളുടെ സംയോജനകേന്ദ്രങ്ങളായ അഭിസരണരേഖകളിൽ ജലനിമജ്ജനം സ്വാഭാവികമാണ്. അറ്റ്‌ലാന്റിക് അഭിസരണം ഇതിന് നല്ല ഒരു ഉദാഹരണമാണ്. ഉപോഷ്ണമേഖലകളിലെ അഭിസരണങ്ങൾ താരതമ്യേന ദുർബലങ്ങളാണ്. ഭൂമധ്യരേഖീയ പ്രതിപ്രവാഹത്തിന്റെ സമീപത്തും ഒരു അഭിസരണമുണ്ട്.

പ്രവാഹങ്ങൾ തമ്മിൽ അകലുന്ന ഭാഗങ്ങളായ അപസരണങ്ങളിൽ ജലോത്ഥാനമാണ് സംഭവിക്കുന്നത്. അന്റാർട്ടിക് അപസരണം, ബൻഗ്വേലപ്രവാഹം, ഭൂമധ്യരേഖാപസരണം, കാനറി പ്രവാഹം എന്നിവ ഉദാഹരണങ്ങളാണ്.

അധസ്തല പ്രകൃതി

തിരുത്തുക

സമുദ്രാന്തര വരമ്പുകൾ

തിരുത്തുക
 
മധ്യ-അറ്റ്‌ലാന്റിക് വരമ്പ് (Mid- Atlantic Ridge)

അറ്റ്‌ലാന്റിക് കടൽത്തറയിലെ സവിശേഷ ഭൂരൂപമാണ് മധ്യ-അറ്റ്‌ലാന്റിക് വരമ്പ് (Mid- Atlantic Ridge).[21] തെക്കുവടക്കു ദിശയിലായി അറ്റ്‌ലാന്റിക്കിന്റെ മധ്യത്തിൽ ഉടനീളം എഴുന്നു നില്ക്കുന്ന ജലമഗ്നമലനിരകളാണ് സമുദ്രാന്തര വരമ്പുകൾ. സമുദ്രമധ്യത്ത് കടൽത്തറയുടെ മൂന്നിലൊന്നോളം വ്യാപിച്ച് അവസ്ഥിതമായിരിക്കുന്ന ഈ മലനിരകൾ ചിലയിടങ്ങളിൽ 1,600 കി.മീറ്ററോളം വീതിയിൽ കാണപ്പെടുന്നു. സൂക്ഷ്മപരിശോധനയിൽ ഇത് ഭൂഗോളം ചുറ്റി രൂപംകൊണ്ടിട്ടുള്ള ജലാന്തരമലനിരകളുടെ അറ്റ്‌ലാന്റിക്-ഘടകമാണെന്ന് വ്യക്തമായിട്ടുണ്ട്.

ചിലയിടങ്ങളിൽ മധ്യ-അറ്റ്‌ലാന്റിക് വരമ്പ് ജലനിരപ്പിനു മുകളിലേക്ക് എഴുന്നിട്ടുണ്ട്. അസോർസ്, അസെൻഷൻ, സെയിന്റ് ഹെലീന, ട്രിസ്റ്റൻ ദ കൂന, ഗൌഫ്, ബൂവേ എന്നീ അഗ്നിപർവതജന്യ ദ്വീപുകൾ ഇത്തരത്തിൽ രൂപപ്പെട്ടിട്ടുള്ളവയാണ്. മധ്യ അറ്റ്‌ലാന്റിക് വരമ്പിന്റെ നടുവിലായി ഏതാണ്ട് ഉടനീളം ഭ്രംശരേഖ നിർണയിക്കപ്പെട്ടിട്ടുണ്ട്. അറ്റ്‌ലാന്റിക് വരമ്പിന്റെ ഇരുപുറങ്ങളിലുമുള്ള കടൽത്തറയിൽ നിരപ്പായ തടങ്ങൾ രൂപംകൊണ്ടിരിക്കുന്നു. 3,650 മീ. മുതൽ 5,500 മീ. വരെ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഇവയുടെ ചിലഭാഗത്ത് അറ്റ്‌ലാന്റിക് വരമ്പിലേതിനോടു സാദൃശ്യമുളള കുന്നിൻ നിരകൾ എഴുന്നു കാണാം. എന്നാൽ മറ്റു ഭാഗങ്ങൾ തീർത്തും സമതലങ്ങളാണ്. അഗാധതലങ്ങളിൽ രൂപംകൊണ്ടിട്ടുള്ള ഈ തടങ്ങളിൽ അങ്ങിങ്ങായി നിർജീവ (extinct) അഗ്നിപർവതങ്ങൾ ഒറ്റപ്പെട്ടനിലയിലോ, നിരകളായോ കാണപ്പെടുന്നു; ഇവ ജലമഗ്നതടങ്ങളോ അഗ്നിപർവത ദ്വീപുകളോ ആയി പരിണമിച്ചിട്ടുണ്ട്. വൻകരച്ചരിവു(continental slope)കളോളം[22] വ്യാപിച്ചു കാണുന്ന അഗാധതടങ്ങളുടെ സീമാമേഖലകൾ വൻകരത്തിട്ടു(continental rise)കളായി മാറിയിരിക്കുന്നു.[23]

വൻകരകളുടെ അടിവാരത്ത് 2,450 - 4,575 മീ. ആഴത്തിൽ രൂപംകൊണ്ടുകാണുന്ന തിട്ടു(rise)കൾക്ക് വടക്കുപടിഞ്ഞാറെ ആഫ്രിക്ക, അൻഗോള, അർജന്റീന, എന്നിവയുടെ തീരങ്ങളിലും യു.എസ്സിന്റെ കിഴക്കൻ സമുദ്രാതിർത്തി പ്രദേശങ്ങളിലും 500 കി.മീറ്ററോളം വിസ്തൃതിയുണ്ട്. മറ്റിടങ്ങളിൽ ഈ തിട്ടുകൾ നന്നെ ഇടുങ്ങിയവയാണ്. ലക്ഷക്കണക്കിനു വർഷങ്ങളായി തിരമാലകളുടെ അപരദന പ്രവർത്തനത്തിലൂടെയും നദികൾ നിക്ഷേപിക്കുന്ന ശിലാപദാർഥങ്ങൾ അടിഞ്ഞുകൂടുന്നതിന്റെയും ഫലമായി ഉണ്ടാകുന്ന ഈ തിട്ടുകൾക്ക് 3,050 - 15,250 മീ. കനമുണ്ട്. ഇവയ്ക്കടിയിലാണ് ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ പെട്രോളിയ-പ്രകൃതിവാതക-കൽക്കരി നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

ചാപാകാരങ്ങളായ കരീബിയൻ സൌത്ത് സാൻഡ്വിച്ച് ദ്വീപസമൂഹങ്ങളുടെ അരികിലുള്ള സമുദ്രതടങ്ങളിൽ 3,050 മീ. താഴ്ചയിൽ കുത്തിറക്കമുള്ള കിടങ്ങുകൾ രൂപം കൊണ്ടിരിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് 7,600 മീ.ലേറെ താഴ്ചയുള്ളവയാണ് ഇവ. കരീബിയൻ കടലിലും മെഡിറ്ററേനിയൻ കടലിലും അടിത്തട്ടിലെ ചിലയിടങ്ങൾക്ക് 7,000 മീ.ലേറെ ആഴമുണ്ട്. കരീബിയൻ കടലിലെ അഗാധതടങ്ങൾക്ക് അറ്റ്‌ലാന്റിക്കിന്റെ മറ്റു നിതല(abyssal) തടങ്ങളുമായി നേരിട്ടുബന്ധം പുലർത്താനാവും. മറിച്ച് മെഡിറ്ററേനിയനിലെ ജലവിനിമയം പൂർണമായും ജിബ്രാൾട്ടർ ജലസന്ധിയിലൂടെ മാത്രമാണ് സാധ്യമാകുന്നത്.

കടൽക്കുന്നുകളും സമപ്രതലശൃംഖങ്ങളും

തിരുത്തുക
 
സമുദ്രാന്തര കിടങ്ങുകൾ

അറ്റ്‌ലാന്റിക്കിൽ പലതരം കടൽക്കുന്നുകൾ ഉണ്ടെങ്കിലും അവ ശാന്തസമുദ്രത്തിലുള്ളവയോളം വിസ്തൃതങ്ങളല്ല. ഇത്തരം കുന്നുകളുടെ ഒരു ശൃംഖല ന്യൂ ഇംഗ്ളണ്ടിന്റെ തീരത്തെ ജോർജസ് ബാങ്കിൽനിന്ന് ബെർമ്യുഡവരെ നീണ്ടുകിടക്കുന്നു. മറ്റു ചിലത് മധ്യ അറ്റ്‌ലാന്റിക് വരമ്പിൽ സ്ഥിതിചെയ്യുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിൽ സമപ്രതലശൃംഖങ്ങൾ കുറവാണ്.

സമുദ്രാന്തരതടങ്ങൾ

തിരുത്തുക

ലാബ്രഡോർ തടം, ന്യൂഫൌണ്ട്ലൻഡ് തടം, ഉത്തര-അമേരിക്കൻ തടം, അറ്റ്‌ലാന്റിക്-അന്റാർട്ടിക് തടം, പശ്ചിമ യൂറോപ്യൻ തടം, കാനറീസ് തടം, ആഗുലാസ് തടം മുതലായവയാണ് അറ്റ്‌ലാന്റിക്കിലെ സമുദ്രാന്തര തടങ്ങൾ.

സമുദ്രാന്തര കിടങ്ങുകൾ

തിരുത്തുക

പ്വെർട്ടറീക്കോ ദ്വീപുകൾക്കു വടക്കു മാറി സ്ഥിതിചെയ്യുന്ന 9199 മീ. ആഴമുള്ള പിർട്ടോറിക്കാകിടങ്ങാണ് അറ്റ്‌ലാന്റിക്കിലെ ഏറ്റവും ആഴം കൂടിയ ഭാഗം. ദക്ഷിണ സാൻഡ്വിച്ച് ദ്വീപുകളുടെ ചാപാകാരത്തെ പ്രതിബിംബിപ്പിക്കുന്ന ദക്ഷിണ സാൻഡ്വിച്ച് കിടങ്ങ് തെക്കേ അറ്റ്‌ലാന്റിക്കിൽ സ്ഥിതിചെയ്യുന്നു. മധ്യ-അറ്റ്‌ലാന്റിക് വരമ്പിന്റെ കിഴക്കുവശത്തായി ഭൂമധ്യരേഖയ്ക്കടുത്താണ് റൊമാഞ്ചെ കിടങ്ങ് സ്ഥിതി ചെയ്യുന്നത്.

സമുദ്രാന്തര ചാലുകൾ

തിരുത്തുക

ഉത്തര അറ്റ്‌ലാന്റിക്കിന്റെ കിഴക്കും പടിഞ്ഞാറുമുള്ള വൻകരാചരിവുകളിൽ വിള്ളലുണ്ടാക്കുന്ന ചാലുകൾക്ക് കീഴ്ക്കാംതൂക്കായ ഭിത്തികളും കടൽത്തട്ടിന്റെ പൊതുനിരപ്പിൽ നിന്ന് 180 മീ. വരെ ആഴത്തിൽ സ്ഥിതിചെയ്യുന്ന സമനിരപ്പായ സ്ഥലങ്ങളുമുണ്ട്. ഇവയുടെ താഴ്വരകൾക്ക് 5 മുതൽ 8 വരെ കി.മീ. നീളമുണ്ട്. ബാഫിൻ ഉൾക്കടലിൽ ആരംഭിച്ച് ന്യൂ ഫൌണ്ട്ലൻഡിനെ ചുറ്റി അറ്റ്‌ലാന്റിക് തടത്തിലൂടെ നേറസ്ഡീപ്പ് വരെ നീണ്ടുകിടക്കുന്ന മധ്യ അറ്റ്‌ലാന്റിക് കന്ദരമാണ് ഇവയിലേറ്റവും പഠനവിഷയമായിട്ടുള്ളത്. വിക്ഷോഭപ്രവാഹങ്ങൾ രൂപപ്പെടുത്തിയവയാണ് ഈ ചാലുകൾ എന്നാണ് ഭൌമശാസ്ത്രജ്ഞനായ മോറിസ് എവിംഗിന്റെ അഭിപ്രായം.

അവസാദങ്ങൾ

തിരുത്തുക
 
കാൽസിയമയ ഊസ് (calcareous)

അറ്റ്‌ലാന്റിക്കിന്റെ അധസ്തലത്തിലെ ഭൂരിഭാഗത്തും കാൽസിയമയ ഊസ് (calcareous)[24] എന്ന സവിശേഷയിനം അടിവാണുള്ളത്. 5,000 മീറ്ററോളം താഴ്ചയിലെത്തുമ്പോഴേക്കും ഈയിനം ഊസിലെ കാൽസിയംകാർബൊണേറ്റ് അംശം ക്രമേണ ക്ഷയിച്ച് ചെങ്കളിമണ്ണ് (Red mud) ആയി പരിവർത്തിതമാവുന്നു. ജലമഗ്ന തടങ്ങളിൽ കാൽസിയമയ ഊസിലെ സൂക്ഷ്മരൂപത്തിലുള്ള ധൂളികൾക്കുപകരം റ്റെറോപോഡു(Pteropod)[25]കളുടെ പുറന്തോടുകളും അവശിഷ്ടങ്ങളുമാണ് ബഹുലമായുള്ളത്. ഒച്ചുകൾ ഉൾപ്പെടെ സാവധാനം നീങ്ങുന്ന ജീവികളുടെ സമൂഹമാണ് റ്റെറോപോഡ് വിഭാഗത്തിൽപെട്ട ഗാസ്ട്രോപോഡുകൾ; ഇവയുടെ പുറന്തോടുകളുടെ ധാരാളിതയെ ആസ്പദമാക്കി ഈയിനം അടിവുകളെ റ്റെറോപോഡ് ഊസ് (Pteropod ooze)[26] എന്നു വിശേഷിപ്പിക്കുന്നു. സിലികാസദൃശ കോശഭിത്തിയുളള ഏകകോശക സസ്യങ്ങളാണ് ഡയറ്റം. ദക്ഷിണാർധഗോളത്തിലെ ഉയർന്ന അക്ഷാംശീയ മേഖലകളിൽപെടുന്ന സമുദ്രാടിത്തട്ടിലാണ് ഡയറ്റം നിക്ഷേപങ്ങളുള്ളത്. ഉത്തര അറ്റ്‌ലാന്റിക്കിൽ ഡയറ്റം ഊസ് തീരെ ഇല്ല; എന്നാൽ പസിഫിക്കിന്റെ ഉത്തരാർധഗോള ഭാഗങ്ങളിൽ വ്യാപകമായി കാണപ്പെടുന്നുമുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ നിതലതട(abyssal plane)ങ്ങളിൽ അഞ്ചിൽ മൂന്നു ഭാഗവും ചെളിമൂടിയതാണ്; ഊസുകൾ, ഗ്ളോബിജെറീന (Globigerina) തുടങ്ങിയവയെ ഉൾക്കൊള്ളുന്ന വിശേഷയിനം ചെളിയാണ് അടിഞ്ഞിട്ടുള്ളത്. നാലിലൊരു ഭാഗത്തോളം മണൽ അടിഞ്ഞുകാണുന്നു. ശേഷം ഭാഗം ചരൽ, സമുദ്രജീവികളുടെ അവശിഷ്ടങ്ങളും പുറന്തോടുകളും തുടങ്ങിയവയാൽ മൂടിയും അപൂർവമായി നഗ്ന ബസാൾട്ട് തലങ്ങളായും അവസ്ഥിതമായിരിക്കുന്നു. ഈ ഭാഗങ്ങളിൽ ചെങ്കളിമണ്ണിന്റെ നേരിയ ആവരണം കാണപ്പെടുന്നതും വിരളമല്ല. ആഫ്രിക്കയുടെ പറ്റിഞ്ഞാറേ തീരത്തോടടുത്ത ഭാഗങ്ങളിലെ കടൽത്തറയിൽ വായൂഢ (airbone) നിക്ഷേപങ്ങൾ വൻതോതിൽ അടിഞ്ഞു കാണുന്നു. ശക്തമായ കാറ്റിൽപ്പെട്ട് മരുഭൂമിയിൽ നിന്ന് എത്തിപ്പെടുന്നവയാണിവ. അതുപോലെ ഉത്തരാർധഗോളത്തിലെ ഉയർന്ന അക്ഷാംശീയ ഭാഗങ്ങളിൽ ഹിമാനികളാൽ കരണ്ടെടുത്തു നീക്കപ്പെടുന്ന ശിലാപദാർഥങ്ങളും വൻതോതിൽ അടിഞ്ഞിട്ടുണ്ട്.


രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ദശകങ്ങളിൽ അറ്റ്‌ലാന്റിക്കിൽ നിന്ന് ആയിരക്കണക്കിന് അവസാദമാതൃകകൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ 20 മീ. നീളമുള്ളവവരെ ഉൾപ്പെടുന്നു. അറ്റ്‌ലാന്റിക്മുദ്രത്തിലെ അഗാധതലങ്ങളിൽ അടിവുകളെ ഇളക്കിമറിക്കുവാൻ പോന്ന വിക്ഷുബ്ധ-പ്രവാഹങ്ങൾ (turbidity currents) സാധാരണമാണെന്ന സൂചനയാണ് ഈ അവസാദ നാളി (sediment core)കളിൽ നിന്നു ലഭ്യമായത്. 10,000 വർഷം മുൻപ് പ്ളീസ്റ്റോസീൻ യുഗത്തിന്റെ ആരംഭത്തിലും ഇത്തരം അധതല വിക്ഷോഭങ്ങൾ സജീവമായിരുന്നു. അടിവുകളിൽ ഏതുഭാഗത്തും സമുദ്രീയ (pelagic) നിക്ഷേപങ്ങൾ കലർന്നിട്ടുണ്ടാവാമെന്നാണ് ഇതിൽനിന്നു വ്യക്തമാവുന്നത്. വിക്ഷോഭ (turbidity) ഫലമായി നിക്ഷേപിക്കപ്പെടുന്ന അവസാദസഞ്ചയങ്ങളുടെ ഉപരിഭാഗത്ത് സമുദ്രീയനിക്ഷേപങ്ങളുടെ (pelagic deposits) നേരിയ[27] ആവരണമുണ്ടായിരിക്കുന്നത് സാധാരണമാണ്. ഈയിനം അവസാദ സാമ്പിളുകളുടെ പഠനത്തിൽനിന്ന് കഴിഞ്ഞ രണ്ടു ദശലക്ഷം വർഷത്തിനിടയ്ക്കുണ്ടായ കാലാവസ്ഥാവ്യതിയാനങ്ങൾ, ഹിമയുഗങ്ങൾ, തപിത ഘട്ടങ്ങൾ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നേടാനായിട്ടുണ്ട്. അവസാദ സാമ്പിളുകളിൽ അടങ്ങിയിരുന്ന ഫൊറാമിനിഫെറാ (foraminefora) ഇനത്തിലെ പ്ളവകങ്ങളുടെ പുറന്തോടുകൾ പരിശോധിച്ചും, അവയിൽ അതിശീതള ജലത്തിലും, സാമാന്യം ഉയർന്ന താപനിലയിലുളള വെള്ളത്തിലും വളർന്നുപെരുകുന്നവയെ വെവ്വേറെ തരംതിരിച്ചുമാണ് കാലഗണന ഉൾപ്പെടെയുളള പഠനങ്ങൾ നിർവഹിച്ചത്. 1960-കളിൽ അറ്റ്‌ലാന്റിക്കിലെ അടിവുകളുടെ സാമ്പിളുകൾ ശേഖരിച്ച് സൂക്ഷ്മ പഠനങ്ങൾക്കു വിധേയമാക്കുകയും ഏറ്റവും പ്രായംകൂടിയ അവസാദങ്ങൾ മിസോസോയിക് കല്പത്തിലേതാണെന്ന് കണ്ടെത്തുകയും ചെയ്തു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അടിവുകളിൽ സമുദ്രനിക്ഷേപങ്ങളുടെ പെരുപ്പത്തോത് ആയിരം വർഷത്തിൽ 1-2 സെ.മീ. ആണെന്ന് നിർണയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകയിടങ്ങളിൽ ഇതിൽ എത്രയോ മടങ്ങ് അധികമായി നിക്ഷേപണമുണ്ടായെന്നും വരാം; വിക്ഷോഭങ്ങളിലൂടെയാണ് ഇത്തരത്തിലുള്ള വ്യതിയാനം ഉണ്ടാവുന്നത്.

സമ്പദ്ഘടകങ്ങൾ

തിരുത്തുക

വ്യാപ്തി, വിസ്തൃതങ്ങളായ വൻകരാവേദികകൾ, താരതമ്യേന കനത്ത പ്രവാഹ ജലപോഷണം, ജലചംക്രമണ വ്യവസ്ഥ എന്നിവയെല്ലാം അറ്റ്‌ലാന്റിക്കിൽ ജീവജാലങ്ങളുടെ പ്രജനന വൃദ്ധിക്കും ബാഹുല്യത്തിനും കളമൊരുക്കുന്ന ഘടകങ്ങളാണ്. ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ പസഫിക്കിനു തൊട്ടുപിന്നിലാണ് അറ്റ്‌ലാന്റിക് സമുദ്രം. വൻകരയുടെ അരികുകളിൽ, പ്രത്യേകിച്ച് തീരതടങ്ങളിൽ, വൈവിധ്യമാർന്ന കളച്ചെടികൾ (weeds) ധാരാളമായി വളരുന്നുണ്ട്. ഇവയിൽ അപൂർവമായി, ഉത്തര അറ്റ്‌ലാന്റിക്കിലെ കെൽപ് (kelp) ഇനങ്ങളെപ്പോലെ സാമ്പത്തിക പ്രാധാന്യമുള്ളവയുമുണ്ട്.

അധജലത്തിന്റെ ഉത്പതനത്തിലൂടെ പോഷകസമ്പന്നമാക്കപ്പെടുന്ന ധാരാളം കരയോരമേഖലകൾ അറ്റ്‌ലാന്റിക്കിലുണ്ട്. ന്യൂഫൌണ്ട്ലൻഡിനടുത്തുള്ള ഗ്രാന്റ്ബാങ്ക്സ്, ഐസ്ലൻഡിന്റെ കരയോരമേഖല, ദക്ഷിണ അമേരിക്കയുടെ തെക്കുകിഴക്കേ തീരക്കടൽ, പശ്ചിമാഫ്രിക്ക, ദക്ഷിണ ആഫ്രിക്ക എന്നിവയുടെ തീരങ്ങൾ തുടങ്ങിയ പ്ലവക-കലവറ (plankton boom)കൾ[28] ഇക്കൂട്ടത്തിൽപെടുന്നു; ഇവയൊക്കെ വിവിധയിനം മത്സ്യങ്ങളുടെ സമൃദ്ധിമൂലം സമ്പന്നങ്ങളുമാണ്. സസ്യപ്ലവകങ്ങളുടെ ഏറ്റവും കൂടിയ സാന്നിധ്യമുളളത് ഉത്തര അറ്റ്‌ലാന്റിക്കിലാണ്. ഉഷ്ണമേഖലയിലെ പ്ലവക ലഭ്യത സ്ഥായിത്വം പുലർത്തുന്നു. എന്നാൽ ഉയർന്ന അക്ഷാംശങ്ങളിലേക്കു നീങ്ങുന്തോറും സൂര്യപ്രകാശത്തിന്റേയും സൂര്യാതാപത്തിന്റേയും കുറവേർപ്പെടുന്നതുമൂലം പ്ലവക-കേന്ദ്രങ്ങൾ ചിതറിയമട്ടിൽ കാണപ്പെടുന്നു; ഹ്രസ്വകാലത്തേക്കുമാത്രം പൊടുന്നനെ ബഹുലമാവുന്നയിടങ്ങളും വിരളമല്ല.

 
ഹാഡോക് (had dock)

വൈവിധ്യമാർന്ന മത്സ്യസമ്പത്തിനു പുറമേ, സ്പോഞ്ചുകൾ ഞണ്ടുവർഗങ്ങൾ, മൊളസ്ക (mollusks), കടലാമകൾ തുടങ്ങിയവയും അറ്റ്‌ലാന്റിക്കിൽ സമൃദ്ധമായുണ്ട്; കരീബിയൻ കടലിൽ മാത്രമാണ് പവിഴപ്പുറ്റുകൾ കാണപ്പെടുന്നത്. ഇവയ്ക്ക് പസിഫിക്കിലേതിനോട് സാമ്യമില്ല. അറ്റ്‌ലാന്റിക്കിൽ സീ അനിമോൺ (sea anemone) വ്യാപകമായി കാണപ്പെടുന്നുണ്ട്. സമുദ്ര സസ്തനികളിൽ ഡോൾഫിനുകൾ, മനാത്തീ (Triche-chno manati), നീർനായ (harp seal) തുടങ്ങിയവ ഉൾപ്പെട്ടിരിക്കുന്നു. മനാത്തീകൾ ഉഷ്ണമേഖലാഭാഗങ്ങളിലും, നീർനായകൾ വടക്കുപടിഞ്ഞാറൻ തടങ്ങളിലും കാണപ്പെടുന്നു. ദക്ഷിണ അറ്റ്‌ലാന്റിക്കിലെ സമശീതോഷ്ണ-അന്റാർട്ടിക് മേഖലകളാണ് തിമിംഗിലങ്ങളുടെ കേന്ദ്രം; ഇവ ഇടയ്ക്കിടെ ആഹാരസമ്പാദനത്തിന് ഉഷ്ണമേഖലാ ഭാഗങ്ങളിലേക്കു നീങ്ങാറുമുണ്ട്. കടൽ ജീവികളൊക്കെത്തന്നെ വ്യാപകമായവേട്ടയാടലിനിരയായി വംശനാശത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് അറ്റ്‌ലാന്റിക്കിലുള്ളത്.

 
കോഡ്

1950-നുമുമ്പ് ആഗോളതലത്തിൽ പിടിക്കപ്പെടുന്ന മത്സ്യത്തിന്റെ പകുതിയിലേറെയും ലഭ്യമാക്കിയിരുന്നത് അറ്റ്‌ലാന്റിക്കിലെ മത്സ്യക്കലവറകളായ ഗ്രാന്റ് ബാങ്ക്സിലും ഐസ്ലൻഡിലും മറ്റും നിന്നായിരുന്നു. അറ്റ്‌ലാന്റിക്കിലെ പ്രധാന മത്സ്യങ്ങളൊക്കെ ഇപ്പോൾ വംശനാശം നേരിടുന്നു. ലോകത്തിലെ മറ്റു കേന്ദ്രങ്ങളിൽ ആഴക്കടൽ മീൻപിടുത്തം വികസിച്ചതായിരുന്നു മറ്റൊരു കാരണം. പ്രതിവർഷം ദശലക്ഷക്കണക്കിനു ടൺ മത്സ്യം അറ്റ്‌ലാന്റിക്കിൽനിന്നു ലഭിക്കുന്നു. വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പ്രിയമുള്ളത് ഹാഡോക് (had dock)[29], കോഡ് (cod)[30] എന്നിവയ്ക്കാണ്. റാൾ (lobster),[31] അയില (mackerel),[32] മെനാഡെൻ (Brevoortia tyrannus)[33] എന്നിവയും വലിയ സാമ്പത്തിക പ്രാധാന്യം നേടിയിരിക്കുന്നു. മെക്സിക്കോ ഉൾക്കടലിൽ നിന്നുള്ള മത്സ്യക്കൊയ്ത്തിൽ കൂടുതൽ ലഭ്യമാവുന്നത് വാള (eel), ചിപ്പിമത്സ്യം (shellfish), ചെമ്മീൻ (shrimp) തുടങ്ങിയവയാണ്. ദക്ഷിണ അറ്റ്‌ലാന്റിക്കിൽ വാണിജ്യാടിസ്ഥാനത്തിലുളള ആഴക്കടൽ മീൻപിടുത്തം വ്യാപകമായി നടക്കുന്നു. ചൂര, ഹാക്, പിൽച്ചർഡ് (Sardinia pilchardus) എന്നിവയാണ് ഇതിൽ മുഖ്യം. അറ്റ്‌ലാന്റിക് തീരത്തെ മിക്ക രാജ്യങ്ങളും തങ്ങളുടെ സമുദ്രാതിർത്തി (തടരേഖയിൽനിന്ന് 370 കി.മീ. വരെ)യിലുള്ള മേഖലയിൽ മത്സ്യബന്ധനത്തിനും ഇതര മാനവികവ്യാപാരങ്ങൾക്കും യുക്തമായ നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

 
റാൾ

അറ്റ്‌ലാന്റിക് സമുദ്രത്തിലെ വൻകരാ വേദികകൾ, വൻകരച്ചെരിവുകൾ എന്നിവയ്ക്കടിയിലും, സമുദ്രമധ്യത്തിലെ വരമ്പുകൾ, പീഠഭൂമികൾ എന്നിവയോടനുബന്ധിച്ചും അനുബന്ധ കടലുകളിലെ തടങ്ങളിലും പെട്രോളിയം, പ്രകൃതി വാതകം എന്നീ ധാതുക്കളുടെ വൻനിക്ഷേപങ്ങൾ അവസ്ഥിതമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഖനനസാധ്യമായ പെട്രോളിയം ധാതുക്കളുടെ വ്യാപ്തം ഭൂമുഖത്തെ മൊത്തം നിക്ഷേപങ്ങളുടെ സു. ആണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. യു.എസ്., യു.കെ., നോർവെ എന്നീ രാജ്യങ്ങൾ 1970 മുതല്ക്കുതന്നെ സമുദ്രതട ഖനനത്തിലൂടെ പെട്രോളിയവും പ്രകൃതി വാതകവും ലാഭകരമായി ഉത്പാദിപ്പിച്ചുവരുന്നു.

 
അയില

അറ്റ്‌ലാന്റിക് തടത്തിൽ ഹൈഡ്രോകാർബൺ ഉത്പന്നങ്ങൾ ആദ്യം ഖനനം ചെയ്തു തുടങ്ങിയത് വെനെസ്വേല ആണ്. ഒന്നാംലോകയുദ്ധകാലത്ത് കരീബിയൻ കടലിന്റെ പിരിവെന്നു വിശേഷിപ്പിക്കാവുന്ന മാരക്കൈബോതടാകത്തിൽ പെട്രോളിയം ഖനനം ആരംഭിച്ചു. മെക്സിക്കോ ഉൾക്കടലിൽ 1940-കളോടെ തീരക്കടൽ ഖനനം വികസിപ്പിച്ചു. 1960-കളിൽ അമേരിക്കാതീരത്തൊട്ടാകെ പെട്രോളിയം നിക്ഷേപങ്ങൾ കണ്ടെത്തുവാനുള്ള ഭൂഭൌതികപര്യവേക്ഷണങ്ങൾ നടന്നു. ലുയീസിയാന, ടെക്സാസ് എന്നീ സ്റ്റേറ്റുകളിലെ സമുദ്രതടങ്ങൾ, കമ്പീച്ചീ ഉൾക്കടൽ, ന്യൂഫൌണ്ട്ലൻഡിന്റെ കി. തീരം, നോവാസ്കോഷ എന്നിവിടങ്ങളിൽ പര്യവേക്ഷണങ്ങൾ വിജയകരമായിരുന്നു. ആഫ്രിക്കയുടെ മധ്യ. പടിഞ്ഞാറൻ തീരത്തെ തീരക്കടലുകളും പഠനവിധേയമായി. നൈജർ നദിയുടെ ഡെൽറ്റാ പ്രദേശം, ഗാബൺ, കബിൻഡാ എന്നിവയുടെ സമുദ്രതടങ്ങൾ തുടങ്ങിയവയെ കേന്ദ്രീകരിച്ചുളള അന്വേഷണവും ഫലസിദ്ധിയുള്ളതായി. നോർത്ത് സീയിലും വ്യാപകമായ തിരച്ചിലിലൂടെ എണ്ണനിക്ഷേപങ്ങൾ കണ്ടെത്തി. ഇവിടെ ലാഭകരമായ ഉത്പാദനം സാധ്യമായിട്ടുണ്ട്. വൻകരാവേദികകളിൽ കനത്ത കല്ക്കരി നിക്ഷേപങ്ങൾ കണ്ടെത്താനായെങ്കിലും അവ ഖനനവിധേയമാക്കുന്നത് ദുഷ്കരമാണ്.

 
മെനാഡെൻ

വൻകരാവേദികയിൽ അടിഞ്ഞിട്ടുള്ള മണൽ, ചരൽ, കക്ക തുടങ്ങിയവ വൻതോതിൽ വാരിമാറ്റുന്നത് അറ്റ്‌ലാന്റിക് തീരങ്ങളിൽ സാധാരണമാണ്. യു.എസ്സിലും ബ്രിട്ടനിലുമാണ് ഈ രീതിയിലുള്ള ഖനനം ഏറ്റവും കൂടുതൽ നടക്കുന്നത്. നിലംനികഴ്ത്തുന്നതിനും വാസ്തുനിർമ്മാണത്തിനും, കോൺക്രീറ്റുണ്ടാക്കുന്നതിനും മറ്റുപയോഗങ്ങൾക്കുമാണ് മണലും ചരലും പ്രയോജനപ്പെടുത്തുന്നത്. ഐസ്ലൻഡിന്റെ തീരക്കടലിലും ബഹാമാ തടത്തിലും നിന്ന് കനത്തതോതിൽ കക്കയും, മറ്റു കാൽസിയമയ ജൈവാവശിഷ്ടങ്ങളും സംഭരിക്കുന്നു; ഇവ സിമന്റ് നിർമ്മാണത്തിനും മണ്ണിന്റെ ഗുണസംവർധനത്തിനുമാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. യു.എസ്സിന്റെ തെ.കി. തീരം തുടങ്ങി പലയിടത്തും തീരത്തോടടുത്ത അവസാദശിലാ പടലങ്ങൾക്കിടയിൽ രത്നക്കല്ലുകളും അമൂല്യലോഹങ്ങളും പ്ളേസർനിക്ഷേപങ്ങളാ(placer deposit)യി അവസ്ഥിതമായിക്കാണുന്നു. ഇതേശിലാസ്തരങ്ങളോടനുബന്ധിച്ച് ഇരുമ്പ്, തകരം, ടൈറ്റാനിയം, ക്രോമിയം എന്നീ ലോഹങ്ങളുടെ അയിർനിക്ഷേപ(Ore deposits)ങ്ങൾ സാമാന്യമായ തോതിൽ കണ്ടെത്തിയിട്ടുണ്ട്. പ്ളേസർ നിക്ഷേപങ്ങൾ നിർണയിക്കപ്പെട്ടിട്ടുള്ളത് തെക്കുകിഴക്കു യു.എസ്., വെയിൽസ് (യു.കെ.), മാരിറ്റാനിയ, നമീബിയ എന്നിവയുടെ തീരത്തോടടുത്തുള്ള സമുദ്രാന്തരതടങ്ങളിലാണ്. നമീബിയായിൽ ഓറഞ്ച് നദിമുഖത്തിനു സമീപമുളള ആഴംകുറഞ്ഞ ഭാഗങ്ങളിൽ നിന്ന് സാമാന്യമായ തോതിൽ വജ്രം കുഴിച്ചെടുക്കുന്നുണ്ട്; മെക്സിക്കോ ഉൾക്കടലിന്റെ അടിത്തട്ടിൽനിന്ന് ഗന്ധകവും; ലൂയീസിയാനായുടെ തീരത്തോടടുത്താണ് ഈ ധാതുവിന്റെ അവസ്ഥിതി. യു.എസ്., ദക്ഷിണാഫ്രിക്കയുടെ തെക്കേ അറ്റം, തെക്കേ അമേരിക്കയിൽ പാറ്റഗോണിയയ്ക്കും ഫാൾക്കൻ ദ്വീപിനുമിടയ്ക്കുള്ള ഭാഗം എന്നിവിടങ്ങളിൽ തീരത്തോട് അല്പം അകന്നുമാറിയുള്ള ആഴംകുറഞ്ഞതടങ്ങളിൽ ഫോസ്ഫേറ്റ് സഞ്ചിതമായിട്ടുണ്ട്; ഇക്കൂട്ടത്തിൽ ഏറ്റവും കനത്ത നിക്ഷേപങ്ങൾ യു.എസ്. തീരത്താണുള്ളത്.

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തറയിലെ ചില മേഖലകളിൽ ചെങ്കളിമണ്ണ്, സിലികാമയ ഊസ് എന്നിവയാൽ പൊതിയപ്പെട്ട ധാതുഗോളകങ്ങൾ (metallic nodules) നിരനിരയായി അവസ്ഥിതമായിരിക്കുന്നു. ഏതാണ്ട് ഒരേ വലിപ്പത്തിലുള്ള ഗോളകങ്ങളിലെ പ്രധാനഘടകങ്ങൾ മാംഗനീസ്, ഇരുമ്പ് എന്നീ ലോഹങ്ങളാണ്; താരതമ്യേന കുറഞ്ഞയളവിൽ ചെമ്പ്, നിക്കൽ, കോബാൾട്ട് എന്നിവയുടെ സാന്നിധ്യവും ഉണ്ടാവും. ബെർമൂഡായ്ക്കുകിഴക്കുള്ള സോഹം, ഈസ്റ്റ് ബ്രസീൽ, ദക്ഷിണ ആഫ്രിക്കയ്ക്കു തെക്കുളള ആഗുല്ലാസ് എന്നീ ജലമഗ്ന തടങ്ങളിലാണ് ധാതുഗോളകങ്ങൾ കേന്ദ്രീകൃതമായി കാണപ്പെട്ടിട്ടുള്ളത്. ഫെറോമാംഗനീസ് ഗോളകങ്ങൾ 19-ം ശതകത്തിന്റെ മധ്യത്തോടെ അറ്റ്‌ലാന്റിക് തറയിൽനിന്നു ശേഖരിക്കപ്പെട്ടു. എന്നാൽ ധാതുഅയിരെന്ന നിലയ്ക്ക് ഗോളകങ്ങളുടെ ഉപഭോഗവും തന്നിമിത്തം ഖനനവും നാളിതുവരെ പ്രായോഗികമായിട്ടില്ല.

 
തിമിംഗിലം

അറ്റ്‌ലാന്റിക്കിന്റേയും അനുബന്ധകടലുകളുടേയും തീരങ്ങളിൽ കറിയുപ്പ് ഉത്പാദിപ്പിക്കുന്നത് സഹസ്രാബ്ദങ്ങൾ പഴക്കമുള്ള വ്യവസായമാണ്; പതിനായിരം കൊല്ലത്തിലേറെ പ്രവർത്തന പാരമ്പര്യമുളള ഉപ്പളങ്ങളാണ് യൂറോപ്യൻ-മെഡിറ്ററേനിയൻ തീരങ്ങളിലുള്ളവ. മെഡിറ്ററേനിയന്റെ വടക്കുപടിഞ്ഞാറേ തീരത്തെ കടൽത്തറയിൽനിന്ന് ബ്രോമിൻ ഖനനം ചെയ്തെടുക്കുന്നുണ്ട്. മെക്സിക്കോ ഉൾക്കടലിൽ യു.എസ്. തീരത്തും നോർവെയുടെ തീരക്കടലിലും നിന്ന് മെഗ്നീഷ്യം കുഴിച്ചെടുക്കുന്നു.

അറ്റ്‌ലാന്റിക് തീരങ്ങളിൽ ജനവാസം നന്നെ കൂടുതലാണ്. പ്രയുത നഗരങ്ങളുൾപ്പെടെ നിരവധി തുറമുഖങ്ങളും പട്ടണങ്ങളും വികസിച്ചിരിക്കുന്നു. വിനോദോപാധി എന്ന നിലയിൽ സമുദ്രസഞ്ചാരം, മീൻപിടിക്കൽ, സർഫിങ്, തിമിംഗില നിരീക്ഷണം, സമുദ്രസ്നാനം തുടങ്ങിയവയ്ക്ക് ലക്ഷക്കണക്കിനാളുകളാണ് അറ്റ്‌ലാന്റിക്കിനെ ദിവസേന ആശ്രയിക്കുന്നത്. വിനോദത്തിനായി ചൂണ്ടയിടുന്നത് ചില മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമായിരിക്കുന്നു. കരീബിയൻ തടം, ബെർമൂഡ; ഫ്ളോറിഡാ കീസ് (Florida Keys - ഫ്ളോറിഡായ്ക്കു തെക്കുള്ള ചെറുദ്വീപുകളും പവിഴപ്പുറ്റുകളും ചേർന്നുള്ള മേഖല), റിവെയറാ (French Riviera- മെഡിറ്ററേനിയൻ തീരത്ത് മാർസെയിൽസ് മുതൽ ലാ സ്പീഡിയ വരെ നീളുന്ന സുഖവാസകേന്ദ്രം) തുടങ്ങിയയിടങ്ങളിലെ ജീവനോപാധിയും സാമ്പത്തികാടിത്തറയും പ്രദാനം ചെയ്യുന്നത് ജലക്രീഡാ സൌകര്യങ്ങളാണ്.

ബ്രിട്ടനിലെ സെവന്റിവർ, ഫണ്ടി ഉൾക്കടൽ (കാനഡ), ബ്രിട്ടനി (ഫ്രാൻസ്) എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് തിരമാലകളിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബൃഹദ്പദ്ധതികൾ പ്രാവർത്തികമാക്കിയിരിക്കുന്നു. ഇവയെ പിന്തുടർന്ന് അറ്റ്‌ലാന്റിക് തീരത്തെ വിവിധയിടങ്ങളിൽ വ്യത്യസ്ത രാജ്യങ്ങളുടെ ഉടമസ്ഥതയിൽ വൈദ്യുതോത്പാദനം വികസിച്ചുവരുന്നു. കടൽ ജലം ലവണവിമുക്തമാക്കി ശുദ്ധീകരിച്ച് വ്യവസായാവശ്യങ്ങൾക്കായും കുടിവെള്ളമായും ഉപയോഗിക്കുന്ന പദ്ധതികളും അറ്റ്‌ലാന്റിക് തീരങ്ങളിൽ പ്രയോഗക്ഷമമായിട്ടുണ്ട്. സമുദ്രത്തിന്റെ ഉഷ്ണമേഖലാ ഭാഗങ്ങളിൽ പ്രതലജലത്തിന്റേയും അധഃജലത്തിന്റേയും ഊഷ്മാക്കളിലുള്ള വലുതായ അന്തരത്തെ അവലംബിച്ച്, താപോർജത്തെ വൈദ്യുതോർജമാക്കി മാറ്റുവാനുള്ള പദ്ധതി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.

ചരിത്രാതീതകാലം മുതല്ക്കേ അറ്റ്‌ലാന്റിക്കും അനുബന്ധകടലുകളും ജലപാതകളായി ഉപയോഗത്തിലുണ്ടായിരുന്നു. പാശ്ചാത്യസംസ്കാരത്തിന്റെ വളർച്ച, പ്രത്യേകിച്ച് 18-ഉം 19-ഉം ശതകങ്ങളിലെ പുരോഗതി, അറ്റ്‌ലാന്റിക് സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ഈ സമുദ്രം തരണം ചെയ്ത് അമേരിക്കൻ വൻകരകളിലേക്കു കുടിയേറിയതോടെ കോളനി വാഴ്ച, അടിമക്കച്ചവടം, രാജ്യാന്തരപ്രവാസം, സ്വാതന്ത്ര്യസമരങ്ങൾ തുടങ്ങിയ ചരിത്രസംഭവങ്ങളിൽ പുതിയ അധ്യായങ്ങൾ രചിക്കപ്പെട്ടു. അമേരിക്കാവൻകരകളിലെ ഉത്പന്നങ്ങളിലും ഉപഭോഗാവശ്യങ്ങളിലുമുള്ള പ്രവൃദ്ധി അറ്റ്‌ലാന്റിക്കിന്റെ ഇരുകരകൾക്കുമിടയ്ക്കുള്ള ചരക്കുവിനിമയത്തിന്റെ തോത് ശതഗുണീഭവിപ്പിച്ചു.

രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യംവരെ ഉത്തര അറ്റ്‌ലാന്റിക് ഭൂമുഖത്തെ ഏറ്റവും കൂടുതൽ കപ്പൽ സഞ്ചാരമുള്ള മേഖലയായിരുന്നു. സൂയസ്, പനാമാ എന്നീ തോടുകൾ വൻകപ്പലുകൾക്കുപോലും സഞ്ചരിക്കാവുന്ന പാതകളായി മാറിയതും പേർഷ്യൻ ഉൾക്കടൽ പെട്രോളിയം ഉത്പാദനമേഖലയായി വികസിച്ചതും പസഫിക് തീരത്തെ രാജ്യങ്ങൾ സ്വതന്ത്ര വ്യാപാരകേന്ദ്രങ്ങളായി വളർന്നതുംമൂലം ഉത്തര അറ്റ്‌ലാന്റിക്കിന്റെ മേൽക്കോയ്മയ്ക്ക് ഉടവുണ്ടായി. ബ്രസീൽ, വെനെസ്വേല, ആർജന്റീന, ജമേക്ക തുടങ്ങിയ ഉത്പാദന-സംസ്കരണ കേന്ദ്രങ്ങളിൽ നിന്ന് ഇരുമ്പയിര്, കൽക്കരി, ബോക്സൈററ്, ഭക്ഷ്യവസ്തുക്കൾ, അസംസ്കൃത പെട്രോളിയം തുടങ്ങിയ ഉത്പന്നങ്ങൾ കപ്പൽമാർഗ്ഗം യു.എസ്., കാനഡ, പശ്ചിമയൂറോപ്പ് എന്നിവിടങ്ങളിലേക്ക് അറ്റ്‌ലാന്റിക്കിലൂടെയാണ് കൊണ്ടുപോവുന്നത്.

മലിനീകരണം

തിരുത്തുക

അറ്റ്‌ലാന്റിക്കിന്റെ തീരക്കടലുകൾ വിസർജ്യങ്ങൾ കലർന്നും അടിഞ്ഞും മലിനമായിത്തീർന്നിരിക്കുന്നു. തുറമുഖങ്ങൾ, വ്യവസായ-നഗരങ്ങൾ, നദീമുഖങ്ങൾ എന്നിവയോടനുബന്ധിച്ചുള്ള ജലമേഖലകളിലാണ് കൂടുതൽ മാലിന്യങ്ങൾ കലർന്നുകാണുന്നത്. ബാൾട്ടിക് കടൽ, നോർത്ത് സീയുടെ ദക്ഷിണ ഭാഗം, ഇംഗ്ളീഷ് ചാനൽ, മെഡിറ്ററേനിയന്റെ വടക്കും കിഴക്കും അരികുകൾ, യു.എസ്സിന്റെ വടക്കു കിഴക്കേ ഓരം, റയോ ദെ ലാ പ്ളാറ്റാ നദിയുടെ പതനമേഖല, ബ്രസീലിന്റെ തെക്കു കിഴക്കു തീരം, ഗിനി ഉൾക്കടലിന്റെ വടക്കേതീരം എന്നിവിടങ്ങളാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഏറ്റവും മലിനീകൃതമായ ഭാഗങ്ങൾ. തീരക്കടൽ എണ്ണഖനനവും, ക്രൂഡ് ഓയിൽ തുടങ്ങിയവയുടെ കയറ്റിയിറക്കലും, കരയിൽനിന്ന് മലിനവസ്തുക്കൾ ഒഴുകിയെത്തുന്നതുമാണ് ജലമലിനീകരണത്തിനു കാരണമാവുന്നത്. മാലിന്യസംസ്കരണത്തിനു ഭാഗികമായിപ്പോലും വിധേയമാകാതെ വന്നുചേരുന്ന അഴുക്കുവെള്ളം, കാഡ്മിയം, കറുത്തീയം തുടങ്ങിയ ലോഹാംശങ്ങളേയും ഹാനികരമായ രാസദ്രവ്യങ്ങളേയും മാരകമായ അളവിൽ ഉൾക്കൊള്ളുന്ന വ്യാവസായിക വിസർജ്യങ്ങൾ, കൃഷിയിടങ്ങളിൽ നിന്ന് കവിഞ്ഞൊഴുകിയെത്തുന്ന രാസവളങ്ങളും കീടനാശിനികളും കലർന്ന വെള്ളം എന്നിവ സമുദ്രജലത്തെ കൂടുതൽ മലിനീകരിക്കുന്നു. നൈട്രജൻ, ഫോസ്ഫേറ്റ് തുടങ്ങിയ പോഷകങ്ങൾ പായൽവർഗത്തിൽപ്പെട്ട സസ്യങ്ങൾ സമൃദ്ധമായി വളരുന്നതിനു കാരണമാവുന്നുണ്ട്. ഇവ ജലത്തിലടങ്ങിയിരിക്കുന്ന ഓക്സിജന്റെ അളവിൽ സാരമായ കുറവുണ്ടാക്കുകയും സമുദ്രജീവികളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കീടനാശിനികളിലൂടെ വന്നെത്തുന്നവയും എളുപ്പം രാസമാറ്റങ്ങൾക്കു വിധേയമാകാത്തവയുമായ ഡി.ഡി.ടി. (DDT), പോളിക്ളോറിനേറ്റഡ് ബൈഫനൈൽ (PCB) എന്നീ മാലിന്യങ്ങൾ വിതലങ്ങളിൽ വസിക്കുന്ന ജീവികളിൽപോലും കടന്നുകയറിയിരിക്കുന്നു. ഇത്തരം മാലിന്യങ്ങൾ സമുദ്രജലത്തിൽ എത്താതിരിക്കാനുളള മുൻകരുതലുകൾ മിക്കരാജ്യങ്ങളും കൈക്കൊണ്ടിട്ടുണ്ട്.

ഗവേഷണ - പര്യവേക്ഷണങ്ങൾ

തിരുത്തുക

ബി.സി. 600-നുമുമ്പു തന്നെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ സാഹസികപര്യടനങ്ങൾ നടന്നിരുന്നു. 8-ഉം 9-ഉം ശതകങ്ങളിലാണ് സ്കാൻഡിനേവിയൻ കടൽക്കൊള്ളക്കാരായ വൈക്കിങ്ങുകൾ അറ്റ്‌ലാന്റിക് പ്രയാണങ്ങളിലേർപ്പെട്ടിരുന്നത്. ഇക്കാലത്ത് (9-ം ശതകം) നോർവേയിലെ തദ്ദേശീയരായ നോർജുകൾ ഐസ്ലൻഡിൽ ചെന്നെത്തുകയും അധിവാസമുറപ്പിക്കുകയും ചെയ്തു. എ.ഡി. 982-ൽ ഇവർ ഗ്രീൻലൻഡ് കണ്ടെത്തി; ന്യൂഫൌണ്ട്ലൻഡ്, ലാബ്രഡോർ, മെയ്ൻ എന്നിവിടങ്ങളോളം നോർജ് വംശജർ എത്തിയിരുന്നുവെന്നതിനു രേഖകളുണ്ട്.

നൂതന ഭൂഖണ്ഡങ്ങളായി വിശേഷിപ്പിക്കപ്പെട്ട അമേരിക്കകളിൽ യൂറോപ്യർ പര്യവേക്ഷണങ്ങൾക്കുമുതിർന്നതും തുടർന്ന് അധിവാസമുറപ്പിച്ചതും 15-ം ശ.-ത്തിന്റെ അന്ത്യപാദം മുതല്ക്കുള്ള 200 വർഷത്തിനിടയിലായിരുന്നു. തുടക്കത്തിൽ വടക്കുകിഴക്കു വാണിജ്യവാതങ്ങളുടെ ആനുകൂല്യത്തോടെ നേർപടിഞ്ഞാറോട്ട് യാത്രചെയ്ത് അമേരിക്കാതീരത്തെത്തുകയും ഗൾഫ് സ്ട്രീമിന്റേയും പടിഞ്ഞാറൻകാറ്റുകളുടേയും പിന്തുണയോടെ മടക്കയാത്ര തരപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ആദ്യകാല പര്യവേക്ഷകരുടെ പതിവ്.

1492-ൽ ഇറ്റാലിയൻ നാവികനായ ക്രിസ്റ്റഫർ കൊളംബസ് സ്പെയിനിന്റെ പിന്തുണയിൽ അറ്റ്‌ലാന്റിക് തരണം ചെയ്ത് ബഹാമാദ്വീപുകളിലെത്തി. വിദൂരപൂർവദേശത്തേക്കുള്ള പുതിയ കപ്പൽപ്പാത കണ്ടെത്തുവാനുള്ള ശ്രമത്തിനിടയിലാണ് കൊളംബസ് അപ്രതീക്ഷിതമായി അമേരിക്കാ തീരത്തെത്തിയത്. 1493-96 കാലത്ത് കൊളംബസ് രണ്ടാമതും പര്യടനം നടത്തി ക്യൂബ, ഹിസ്പനിയോള എന്നീ ദ്വീപുകളും 1498-1500 കാലത്തു നടത്തിയ മൂന്നാം പര്യടനത്തിൽ ട്രിനിഡാഡ് ദ്വീപും കണ്ടെത്തി. നൂതനഭൂഖണ്ഡങ്ങളെ സംബന്ധിച്ചും സങ്കീർണതകളെക്കുറിച്ചും കൂടുതൽ അറിവുപകർന്നത്, കൊളംബസ്സിനെ തുടർന്ന് അറ്റ്‌ലാന്റിക്കിനു കുറുകെ സഞ്ചരിച്ച ജോൺകാബട്ട്, ഫെർഡിനൻഡ് മഗെല്ലന്‍, ജിയോവന്നിദാ വെരസ്സാനോ എന്നീ പര്യവേക്ഷകരായിരുന്നു. പോർത്തുഗീസ് നാവികനായ ബാർതുല്യമ്യുഡീയസ് ഗുഡ്ഹോപ് മുനമ്പുവരെയുള്ള ആഫ്രിക്കൻ തീരത്തിന്റെ മാനചിത്രണം പൂർത്തിയാക്കി; ഗുഡ്ഹോപ്മുനമ്പു ചുറ്റി ഇന്ത്യയിലേക്ക് പോകാവുന്നതാണെന്ന സൂചനയും നല്കി. 1520-ൽ ഫെർഡിനൻഡ് മഗെല്ലൻ അറ്റ്‌ലാന്റിക്കിനെ പസഫിക്കുമായി ബന്ധിപ്പിക്കുന്ന ജലസന്ധി(മഗെല്ലൻ ജലസന്ധി)യും ബ്രിട്ടിഷ് നാവികനായ ഫ്രാൻസിസ് ഡ്രേക് തെക്കേ അമേരിക്കയുടെ ദക്ഷിണാഗ്രമായ ഹോൺ മുനമ്പും കണ്ടെത്തി. വൻകരകളിൽ യൂറോപ്യൻ അധിവാസങ്ങൾ വികസിച്ചതോടെ അറ്റ്‌ലാന്റിക്കിനു കുറുകേയുള്ള ജലപാതകൾ തിരക്കുള്ളവയായിമാറി.

1800-കളിൽ അറ്റ്‌ലാന്റിക്കിന്റെ ഭൌതികവും ജൈവപരവുമായ സവിശേഷതകളെ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കുവാനുള്ള യത്നങ്ങൾക്ക് പര്യവേക്ഷണ പരിപാടികളിൽ മുൻഗണന നല്കിത്തുടങ്ങി.

ബെഞ്ചമിൻ ഫ്രാങ്ക്ളിൻ (യു.എസ്.) 1770-ൽ തയ്യാറാക്കിയ മെക്സിക്കോ ഉൾക്കടലിന്റെ മാനചിത്രം ആധുനികസമുദ്രവിജ്ഞാനീയത്തിലേക്കുള്ള കാൽവയ്പായിത്തീർന്നു. അമേരിക്കൻ നാവികോദ്യോഗസ്ഥനായിരുന്ന മാത്യു ഫോണ്ടേൻ മൌറി അറ്റ്‌ലാന്റിക്കിലെ കാറ്റുകളേയും പ്രവാഹങ്ങളേയും സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ സഞ്ചയിക്കുകയും അവയുടെ അന്യോന്യപ്രക്രിയകളേയും പരസ്പരബന്ധത്തേയും കുറിച്ച് പഠനം നടത്തി അടിസ്ഥാനപരമായ വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു. അപാകതകൾ നിറഞ്ഞതെങ്കിലും അറ്റ്‌ലാന്റിക്കിന്റെ അധസ്തലപ്രകൃതി വിശദമാക്കുന്ന മാനചിത്രങ്ങൾ പ്രകാശിപ്പിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

ടെലിഗ്രാഫി പ്രാവർത്തികമായതോടെ അറ്റ്‌ലാന്റിക്കിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന വാർത്താവിനിമയ കേബിൾ ഏർപ്പെടുത്തുന്നത് വികസിത രാജ്യങ്ങളുടെ മുൻഗണനയ്ക്കു വിഷയമായി. അറ്റ്‌ലാന്റിക്കിനടിയിലൂടെ കേബിൾ വലിക്കുന്നതിനായി സമുദ്രമാപന പര്യവേക്ഷണങ്ങളിൽ (hydrographic expedition) ആദ്യം ഏർപ്പെട്ടത് ബ്രിട്ടൻ, യു.എസ്. എന്നീ രാജ്യങ്ങളിലെ നാവിക സേനാക്കപ്പലുകളായിരുന്നു. 1866-ൽ അറ്റ്‌ലാന്റിക്കിനുകുറുകെ കേബിൾ ബന്ധം സ്ഥാപിക്കുന്നതിന് ഈ യത്നങ്ങൾ സഹായകമായി. ഇതിന്റെ തുടർച്ചയെന്നോണം അറ്റ്‌ലാന്റിക്കിന്റേയും ഇതര സമുദ്രങ്ങളുടേയും അധസ്തലമാപനത്തിനായി, 1872-76 കാലത്ത്, എച്ച്.എം.എസ്. ചലഞ്ചർ എന്ന കപ്പലിൽ ഒരു പര്യവേക്ഷണ സംഘം നിയോഗിക്കപ്പെട്ടു. ഈ സംരംഭത്തിലൂടെ അറ്റ്‌ലാന്റിക് ഉൾപ്പെടെയുള്ള ലോകസമുദ്രങ്ങളിൽ ആയിരക്കണക്കിനു നിരീക്ഷണങ്ങളും നിർണയനങ്ങളും നടത്തുവാനും സമുദ്രജലപ്രവാഹങ്ങൾ, അഗാധത, താപനില, ആഴക്കടലിലെ അടിവുകൾ, ജീവജാലങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാനും കഴിഞ്ഞു. ബ്യേൺ ഹെല്ലൻഡ് ഹാൻസൺ, വാൽഫ്രിഡ് എക്മാൻ തുടങ്ങിയ സ്കാൻഡിനേവിയൻ പര്യവേക്ഷകരും സമുദ്രവിജ്ഞാനീയപരമായ ധാരാളം അറിവുകൾ സമ്പാദിച്ചു നല്കി.

1912-ലെ ടൈറ്റാനിക് ദുരന്തം ഉത്തര അറ്റ്‌ലാന്റിക്കിലെ പ്രവാഹങ്ങളെയും മഞ്ഞുമലകളെയും കുറിച്ചുള്ള വ്യാപകമായ അന്വേഷണപഠനങ്ങൾക്കു വഴിതെളിച്ചു. വയർലസ് റേഡിയോ, സൊണാർ (sonar) തുടങ്ങിയ വാർത്താവിനിമയ ഉപാധികളുടെ വരവോടെ സമുദ്രഗവേഷണത്തിന് മറ്റൊരുമാനം കൈവന്നു. ഗവേഷണക്കപ്പലായ മീറ്റിയർ ഉപയോഗിച്ച് 1925-27 വർഷങ്ങളിൽ ദക്ഷിണ അറ്റ്‌ലാന്റിക്ക് കേന്ദ്രീകരിച്ച് ജർമനി നടത്തിയ അന്വേഷണ പഠനങ്ങൾ. ദക്ഷിണ അറ്റ്‌ലാന്റിക്ക് അധസ്തലപ്രകൃതി ഏറെക്കുറെ കൃത്യമായി നിർണയിക്കുവാനും ലവണതയുടേയും താപനിലയുടേയും വിന്യാസം മനസ്സിലാക്കുവാനും സാധിച്ചു.

രണ്ടാം ലോകയുദ്ധത്തെത്തുടർന്നുള്ള വർഷങ്ങളിൽ ആഴക്കടലിന്റെ ഭൌതികസവിശേഷതകളെ സംബന്ധിച്ച പഠനങ്ങൾക്കാണ് മുന്തിയ പരിഗണന ലഭിച്ചത്. അറ്റ്‌ലാന്റിക് തടത്തിൽ ഭൂഭൌതിക(geophysical)പരവും[34] ധ്വാനിക(soundings)വുമായ[35] നിരവധി പഠനങ്ങൾ നടന്നു. ഇവയിലൂടെ മധ്യ-അറ്റ്‌ലാന്റിക് വരമ്പിന്റെ അവസ്ഥിതിയും സവിശേഷതകളും വ്യക്തമായി. ഇതിനെത്തുടർന്നാണ് കടൽത്തറ-വ്യാപനം (Sea floor spreading)[36] എന്ന പ്രതിഭാസം കണ്ടെത്തിയത്. ഭൂവിജ്ഞാനീയത്തിലെ ഫലക-വിവർത്തനിക സിദ്ധാന്തം (plate tectonics)[37] വിശദീകരിക്കാനായത് ഹാരി ഹെസ്സ് (1962) കടൽത്തറ വ്യാപനം കണ്ടെത്തി സ്ഥിരീകരിച്ചതോടെയാണ്. അറ്റ്‌ലാന്റിക് വരമ്പിന്റെ സമീപസ്ഥമേഖലകളിൽ അവസ്ഥിതമായിട്ടുള്ള ശിലാപടലങ്ങൾ ഒന്നിടവിട്ട് വിപരീതമായ കാന്തികദിശകളിൽ വർത്തിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടതാണ് പുരാകാന്തിക പഠനത്തിന്റെ വളർച്ചയ്ക്കും ഫലകസിദ്ധാന്തത്തിന്റെ അംഗീകാരത്തിനും വഴിയൊരുക്കിയത്. അഗാധതലങ്ങളിൽ തുരപ്പുകളുണ്ടാക്കി, അവസാദങ്ങളുടെയും ആധാരശിലകളുടേയും സാമ്പിളുകൾ ശേഖരിക്കുവാനുളള യാന്ത്രികസൌകര്യങ്ങൾ ഘടിപ്പിച്ചിരുന്ന ഗ്ളോമർ ചലഞ്ചർ എന്ന കപ്പലുപയോഗിച്ച് 1970-കളിൽ അറ്റ്‌ലാന്റിക് പര്യവേക്ഷണം പുനസംഘടിപ്പിക്കപ്പെട്ടു. ഇതിലൂടെ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഉത്പത്തിയേയും പരിണാമദശകളേയും സംബന്ധിച്ച് വ്യക്തമായ അറിവുകൾ നേടാനായി. ഇവ ഫലകസിദ്ധാന്തത്തെ കൂടുതൽ ശക്തമാക്കി. . അറ്റ്‌ലാന്റിക് സമുദ്രത്തിലെ മൊത്തത്തിലുള്ള ഗതിക ചംക്രമണം (dynamic circulation),[38] അന്തരീക്ഷ-സമുദ്രബന്ധവും അന്യോന പ്രക്രിയകളും, ആവാസ വ്യവസ്ഥ (ecosystem)[39] എന്നിവയെ സംബന്ധിച്ച ഗവേഷണങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നല്കപ്പെട്ടിരിക്കുന്നത്.

കടലുകളും ഉൾക്കടലുകളും

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-03. Retrieved 2008-03-06.
  2. http://www.waterencyclopedia.com/Mi-Oc/Ocean-Basins.html
  3. GUYOTS AND SEAMOUNTS
  4. ഭൂവിവർത്തനിക പഠനങ്ങൾ
  5. വൻകരാ വിസ്ഥാപനം
  6. ഫലകസിദ്ധാന്തം (Plate Tectonics)
  7. "പാൻജിയ". Archived from the original on 2011-04-19. Retrieved 2010-11-13.
  8. "ഭ്രംശഖണ്ഡങ്ങൾ (fault block)". Archived from the original on 2009-10-04. Retrieved 2009-10-04.
  9. "കടൽത്തറ-വ്യാപനം (Sea floor spreading)". Archived from the original on 2010-12-06. Retrieved 2010-11-13.
  10. "മാന്റിൽ (mantle)". Archived from the original on 2011-01-12. Retrieved 2010-11-13.
  11. "പശ്ചിമവാതങ്ങൾ (westerlies)". Archived from the original on 2010-11-01. Retrieved 2010-11-13.
  12. കോരിയോലിസ് ബലം (Coriolis force)
  13. "ഉഷ്ണമേഖലാ മധ്യ അഭിസരണം (Inter Tropical Conver-gence Zone-ITCZ". Archived from the original on 2011-01-06. Retrieved 2010-11-13.
  14. അലറുന്ന നാല്പതുകൾ (Roaring Forties)
  15. പ്രതിചക്രവാതച്ചുഴി (anticyclonic eddy)[പ്രവർത്തിക്കാത്ത കണ്ണി]
  16. ഇക്വറ്റോറിയൽ പ്രതിപ്രവാഹം (Equatorial Counter Current)
  17. പരിധ്രുവീയ പ്രവാഹം (circum polar current)
  18. "സമലവണരേഖാ (isohalines)" (PDF). Archived from the original (PDF) on 2010-07-09. Retrieved 2010-11-14.
  19. ജലപിണ്ഡങ്ങൾ (Water masses).
  20. "അധസ്തല പ്രകൃതി (Sea floor topography)" (PDF). Archived from the original (PDF) on 2010-08-20. Retrieved 2010-11-14.
  21. "മധ്യ-അറ്റ്‌ലാന്റിക് വരമ്പ്". Archived from the original on 2010-11-26. Retrieved 2010-11-14.
  22. വൻകരച്ചരിവു(continental slope)
  23. വൻകരത്തിട്ടു (continental rise)
  24. കാൽസിയമയ ഊസ് (calcareous)
  25. റ്റെറോപോഡു(Pteropod)
  26. റ്റെറോപോഡ് ഊസ് (Pteropod ooze)
  27. സമുദ്രീയനിക്ഷേപങ്ങളുൾ (pelagic deposits)
  28. പ്ലവക-കലവറ (plankton boom)
  29. "ഹാഡോക്". Archived from the original on 2010-11-10. Retrieved 2010-11-15.
  30. കോഡ്
  31. റാൾ (lobster)
  32. അയില (mackerel)
  33. മെനാഡെൻ (Brevoortia tyrannus)
  34. ഭൂഭൌതികം(geophysical)
  35. ധ്വാനികം (soundings)
  36. "കടൽത്തറ-വ്യാപനം (Sea floor spreading)". Archived from the original on 2011-10-16. Retrieved 2010-11-15.
  37. ഫലക-വിവർത്തനിക സിദ്ധാന്തം (plate tectonics)
  38. "ഗതിക ചംക്രമണം (dynamic circulation)". Archived from the original on 2011-01-14. Retrieved 2010-11-15.
  39. ആവാസ വ്യവസ്ഥ (ecosystem)

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറ്റ്‌ലാന്റിക് മഹാസമുദ്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.