ഭൂമിയിലെ വൈവിധ്യമായതും മനോഹരവുമായ ഒരു ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകൾ. തീരത്തോട് ചേർന്ന് ആഴം കുറഞ്ഞ കടലിൽ ഇവ കാണപ്പെടുന്നു. ഏകദേശം നൂറോളം ഇനങ്ങളിലുള്ള‍ ഒച്ചുകൾ, നൂറു കണക്കിന് വിവിധ തരത്തിലുള്ള മൽസ്യങ്ങൾ, ചെറിയ സസ്യങ്ങൾ, വിവിധ തരത്തിലുള്ള കടൽക്കുതിരകൾ തുടങ്ങിയ ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസകേന്ദ്രമാണ്‌ പവിഴപ്പുറ്റുകൾ.

അനേകം കോടി, ജീവിക്കുന്നതും മരിച്ചതുമായ കോറലുകളുടെ (Corals ) കൂട്ടങ്ങൾ, ഉഷ്ണ മേഖല കടലുകളിൽ യുഗങ്ങൾ കൊണ്ട് അടിഞ്ഞു കൂടി ഉണ്ടായിട്ടുള്ള പവിഴ ദ്വീപുകളുടെ (Coral islands) ചുറ്റുമുള്ള തടയണകൾ ആണ് പവിഴപ്പാറകൾ (Coral reef). പവിഴ ദ്വീപുകളും അവയെ സംരക്ഷിക്കുന്ന പവിഴപ്പാറ ഉൾപ്പെടെ ഉള്ള ഭൂഭാഗത്തെ അറ്റോൾ (Atoll) എന്ന പേരിൽ അറിയപ്പെടുന്നു. അറബിക്കടലിലെ ലക്ഷ ദ്വീപുകളും മാലദ്വീപുകളും ഇത്തരം പവിഴപ്പാറകളാൽ ചുറ്റപ്പെട്ടിരിക്കിന്നു . കോറലുകൾ സ്രവിക്കുന്ന കാത്സിയം കാർബോനെറ്റ്‌ ആണ് ഇതിന്റെ മൂല വസ്തു. സമുദ്രത്തിൽ കോളനികളായി ജീവിക്കുന്ന ഫയലം നൈടാറിയ (Phylum :Cnidaria ) പോളിപ് (Polyp ) സമൂഹമാണ് ഇവ. ഒന്നോ രണ്ടോ മി. മീറ്റർ മാത്രം വലിപ്പമുള്ള ഈ കോറലുകളുടെ ബാഹ്യ കവചങ്ങൾ ഒന്നിച്ചു ചേർന്ന് പവിഴപ്പുറ്റ് ഉണ്ടാകുന്നു.

കടലിലെ മഴക്കാടുകൾ

തിരുത്തുക

ഭൂമിയിലെ ഏറ്റവും വൈവിധ്യമുള്ള ആവാസ വ്യവസ്ഥ ഉൾക്കൊള്ളുന്ന പവിഴപ്പാറകളെ, കടലിലെ മഴക്കാടുകൾ എന്നാണ് പൊതുവേ വിളിക്കുന്നത്‌. കടൽ പരപ്പിന്റെ ഒരു ശതമാനം മാത്രം വരുന്ന പവിഴപ്പാറകളിൽ, സമുദ്രത്തിലെ 25 ശതമാനം ജീവജാലങ്ങളും പാർക്കുന്നു,[1]

രൂപം കൊള്ളുന്ന വിധം

തിരുത്തുക

കടൽ അനിമോണുകളുടെയും ജെല്ലി മൽസ്യങ്ങളുടേയും അടുത്ത ബന്ധുക്കളായ പവിഴപ്പൊളിപ്പുകൾ എന്ന പുഷ്പസദൃശ്യമായ ജീവികളുടെ വിസർജ്ജ്യവസ്തുക്കളും മൃതാവശിഷ്ടങ്ങളും ചേർന്ന് വർഷങ്ങളുടെ പ്രവർത്തനഫലമായി പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്നു. പവിഴപ്പുറ്റുകളെ കടലിലെ പൂന്തോട്ടം എന്നാണ് വിളിക്കുന്നത്. ഹൃദയമോ, തലച്ചോറോ, കാഴ്ചശക്തിയോ ഇല്ലത്ത പവിഴപ്പൊളിപ്പുകൾക്ക്, കടൽവെള്ളത്തിൽ ആടങ്ങിയിരിക്കുന്ന കാൽസ്യം, ലവണങ്ങൾ എന്നിവയെ സ്വാംശീകരിച്ച് കട്ടി കൂടിയ കാൽസ്യം കാർബണേറ്റാക്കി മാറ്റാൻ കഴിവുണ്ട്.

പുറ്റിന്റെ ആവിർഭാവം

തിരുത്തുക
 

പവിഴപ്പുറ്റുകൾക്കു വളരാൻ ചില അനുകൂല സാഹചര്യങ്ങൾ ആവശ്യമുണ്ട്. താപനില (180 മുതൽ 300 വരെ), തെളിഞ്ഞ ജലം, ഉപ്പിന്റെ അളവിലുള്ള സ്ഥിരത എന്നിവയാണവ. 50 മീറ്റർ ആഴത്തിൽ ഇവ വളരുകയുമില്ല. ജലോപരിതലത്തിൽ എത്തുന്നതോടെ വളർച്ച നിൽക്കുകയും ചെയ്യും.[2]

ഭൂമദ്ധ്യരേഖയുടെ 300 വരെയുള്ള പ്രദേശത്തു മാത്രമേ സാധാരണയായി പവിഴപ്പുറ്റുകൾ വളരുന്നുള്ളു. ഇതിനപ്പുറത്ത് കടൽജലത്തിന്റെ താപനില 180ലും താഴെയാകും എന്നതാണ് ഇതിനു കാരണം..[2]

പ്ലവകാവസ്ഥയിൽ കഴിയുന്ന ലാർ‌വ തീരത്തോട് ചേർന്ന് അധികം ആഴമില്ലാത്ത അടിത്തട്ടിൽ സ്ഥാനം ഉറപ്പിക്കുന്നു. അതിനു ശേഷം കടൽവെള്ളത്തിൽ നിന്നും കാൽസ്യം ശേഖരിച്ച് പുറ്റ് നിർമ്മാണം ആരംഭിക്കുന്നു. പവിഴപ്പുറ്റ് നിരയുടെ നിർമ്മാണത്തിൽ പങ്ക് ചേരുന്ന ഓരോ പവിഴപ്പൊളിപ്പിനും കാൽസ്യം കാർബണേറ്റ് കൊണ്ടുള്ള ഒരു ആവരണം ഉണ്ടായിരിക്കും. ഈ ആവരണങ്ങളുടെ ആകൃതിക്കനുസരിച്ചിരിക്കും അവയ്ക്ക് പേര് ലഭിക്കുന്നത്. സൂസാന്തല്ലെ എന്ന വളരെ ചെറിയ പായലുകൾ പവിഴപ്പുറ്റുകളിൽ വളരുന്നുണ്ട്. ഇവയിൽ നിന്നും പവിഴപ്പുറ്റുകൾക്കവശ്യമായ ഓക്സിജൻ ലഭിക്കുന്നു. അതിനു പകരമായി പായലുകളുടെ വളർച്ചക്ക് ആവശ്യമായ കാർബൺ ഡൈ ഓക്സൈഡ്, മറ്റ് മൂലകങ്ങൾ തുടങ്ങിയവ പവിഴപ്പുറ്റുകൾ നൽകുന്നു. ശക്തിയായി അടിക്കുന്ന തിരമാല, ലവണാംശം കുറഞ്ഞ ജലം, ജലത്തിന്റെ താപനിലയിലുള്ള വ്യത്യാസം, ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് , തുടങ്ങിയവ മൂലം പവിഴപ്പുറ്റുകളുടെ നിർമ്മാണപ്രക്രിയ തടയപ്പെടാറുണ്ട്. ചിലപ്പോൾ ഒരു നിശ്ചിത കാലയളവിലെ വളർച്ചക്ക് ശേഷം അവ താനെ നശിച്ച് പോകാറുമുണ്ട്. അതിലെ ജീവനുള്ള ഭാഗം മാത്രമെ നശിച്ചു പോകാറുള്ളൂ. കാൽസ്യമയമായ അസ്തികൂടം നശിക്കാതെ നിലനിൽക്കും. നിർജ്ജീവമായ പുറ്റുകളിൽ പുതിയ ലാർ‌വകൾ സ്ഥാനമുറപ്പിച്ചു വീണ്ടും പുറ്റുനിർമ്മാണം തുടരുന്നു. ഇങ്ങനെ അനേകായിരം പുറ്റുകൾ ചേർന്നാണ് പവിഴപ്പുറ്റ് നിരകൾ രൂപം കൊള്ളുന്നത്.

വിവിധയിനം പവിഴപ്പുറ്റുകൾ

തിരുത്തുക
 

വിവിധ ആകൃതികളിൽ പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്നു. ഉഷ്ണമേഖലയിലുള്ള കടലുകളിൽ കൂടുതലായും കാണപ്പെടുന്ന പവിഴപ്പുറ്റുകൾക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. അവയെ ബ്രയിൻ പവിഴപ്പുറ്റുകൾ എന്ന് പറയുന്നു. അവിടെ കാണപ്പെടുന്ന മറ്റൊരുതരമാണ് കാബേജ് പവിഴപ്പുറ്റുകൾ. ഇവയ്ക്ക് പച്ചക്കറിയായ കാബേജിൻറെ ആകൃതിയാണ്. ഇന്ത്യോനേഷ്യയുടെ സമീപത്ത് കാണപ്പെടുന്ന പവിഴപ്പുറ്റിനമാണ് ആങ്കർ പവിഴപ്പുറ്റുകൾ. ഇത്തരം പവിഴപ്പുറ്റുകൾക്ക് നങ്കൂരത്തിൻറെ ആകൃതിയായിരിക്കും. കലമാൻ കൊമ്പ് പോലെയുള്ള പവിഴപ്പുറ്റുകളെ സ്റ്റാഗ് ഹോൺ പവിഴപ്പുറ്റുകൾ എന്ന് പറയുന്നു. കൂടാതെ കൂണിൻറെ ആകൃതിയിലുള്ള മഷ്റൂം, നക്ഷത്രത്തിൻറെ ആകൃതിയിലുള്ള സ്റ്റാർ, ടേബിൾ, ഡേയ്സി, ബ്രാക്കോളി, സോഫ്റ്റ്, ഫയർ, ഓർഗൻ പൈപ്പ് മുതലായ ആകൃതിയിലും പവിഴപ്പുറ്റുകൾ കാണപ്പെടുന്നു.

വിവിധ പവിഴപ്പുറ്റ് നിരകൾ

തിരുത്തുക

മൂന്ന് തരം പവിഴപ്പുറ്റുകളാണ് നിലവിലുള്ളത്.

തീരപ്പുറ്റ്

തിരുത്തുക
പ്രധാന ലേഖനം: തീരപ്പുറ്റ്

കടൽ തീരങ്ങളിൽ കടലിനോട് ചേർന്ന് ആഴം കുറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്ന പവിഴപ്പുറ്റ് നിരയെ തീരപ്പുറ്റ് (ഫിജിങ് റീഫ്)എന്ന് പറയുന്നു. ഇവ കിലോമീറ്ററുകളോളം നീളത്തിൽ കാണാം. തീരത്തു നിന്നും ഏതാനും മീറ്ററുകൾ മുതൽ ഒന്നര കിലോമീറ്റർ വരെ കടലിലേക്ക് തള്ളിനിൽക്കുന്ന തീരപ്പുറ്റുകളുണ്ട്. ഇങ്ങനെ വീതിയേറിയ പവിഴപ്പുറ്റുകളിൽ കരയോട് ചേർന്ന ഭാഗം മണ്ണും ചെളിയുമടിഞ്ഞ് ചതുപ്പുപോലെയാകും. ഇവിടെ കണ്ടൽ ചെടികൾ വളർന്ന് കാടു പോലെയാകുന്നതും പതിവാണ്. ചത്തൊടുങ്ങിയ കോറലുകൾ കൊണ്ട് രൂപപ്പെട്ടിട്ടുള്ള താരതമ്യേന ഉറച്ച് പരന്ന ആഴം കുറഞ്ഞ ഈ ഭാഗത്തെ റീഫ് ഫ്ലാറ്റ് എന്ന് വിളിക്കുന്നു. ഇതിന്റെ മുന്നറ്റത്തായി കാണപ്പെടുന്ന വരമ്പുപോലുള്ള ഭാഗമാണ് ജീവനുള്ള കോറലുകൾ കാണപ്പെടുന്ന റീഫ് ക്രെസ്റ്റ്. ഇതിന്റെ ചില ഭാഗങ്ങൾ മുന്നോട്ട് നീളത്തിൽ വളർന്ന് മുനമ്പായി രൂപപ്പെടുന്നു. ഇതിനെ സ്പർ എന്നു വിളിക്കുന്നു. അടുത്ത രണ്ട് മുനമ്പുകൾക്കിടയിൽ പത്തോ പതിഞ്ചോമീറ്റർ വരെ ആഴമുള്ള കിടങ്ങുകളും രൂപപ്പെടാറുണ്ട്. വലിയ മത്സ്യങ്ങളടക്കമുള്ള കടൽജീവികളുടെ ഇഷ്ട താവളമാണ് ഇത്തരം കിടങ്ങുകൾ.

പവിഴരോധിക

തിരുത്തുക

കരയിൽ നിന്നും അകലെ സ്ഥിതിചെയ്യുന്ന പവിഴപ്പുറ്റ് നിരയാണ് പവിഴരോധിക (Barrier Reef) എന്നു പറയുന്നത്. കരക്കും പവിഴപ്പുറ്റ് നിരക്കും ഇടയിൽ ജലാശയമുണ്ടായിരിക്കും.

പവിഴദ്വീപ് വലയം

തിരുത്തുക

നടുക്കടലിൽ പവിഴപ്പുറ്റ് നിരകൾക്ക് നടുക്ക് നീലനിറത്തിൽ ജലാശയം ഉണ്ടായാൽ, അത്തരം പവിഴപ്പുറ്റുകളെപവിഴദ്വീപ് വലയം (Attol) എന്നും പറയുന്നു.

 
അറ്റോൾ മാലിദ്വീപുസമൂഹത്തിൽ നിന്നും

പ്രധാന പവിഴപ്പുറ്റുകൾ

തിരുത്തുക

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശെഖരമാണ് ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ്. ഈ പവിഴപ്പുറ്റ് സമൂഹം ഓസ്ട്രേലിയായുടെ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ക്യൂൻസ്‌ലാൻറിൻറെ തീരത്തുള്ള കോറൽ സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു. ഇവിടെ 3,000 ൽ അധികം പവിഴപ്പുറ്റുനിരകൾ, 900 ദ്വീപുകൾ എന്നിവ ചേർന്ന് 2600 കിലോമീറ്ററിൽ കൂടുതൽ സ്ഥലത്തായി ഏകദേശം 3,44,400 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്നു. ഗ്രേറ്റ് ബാരിയർ റീഫ് മറൈൻ പാർക്ക് അതോറിറ്റി എന്ന സംഘടന ഈ പവിഴപ്പുറ്റിനെ സംരക്ഷിച്ചുവരുന്നു. 1981-ൽ യുനെസ്കോ ലോകപൈതൃകകേന്ദ്രമായി ഗ്രേറ്റ് ബാരിയർ റീഫിനെ പ്രഖ്യാപിച്ചു. ഇതിന്റെ വലിയൊരു ഭാഗം നാഷണൽ പാർക്ക് ആയി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 20,000 വർഷത്തെ പഴക്കം ഈ പവിഴപ്പുറ്റിനുണ്ട് എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം..[2]

സുനാമി മൂലമുണ്ടാകുന്ന വലിയ തിരമാലകളുടെ ശക്തമായ പ്രഹരം മൂലം പവിഴപ്പുറ്റുകൾക്ക് നാശം വരാറുണ്ട്. കൂടാതെ നക്ഷത്രമത്സ്യങ്ങൾ ആഹാരമാക്കുന്നതിലൂടെയും പവിഴപ്പുറ്റുകൾക്ക് നാശം സംഭവിക്കുന്നു. ഇവയ്ക്ക് പുറമെ മനുഷ്യർ കടലിൽ തള്ളുന്ന പ്ലാസ്റ്റിക്, കപ്പലുകളിൽ നിന്നും പുറത്തേക്കൊഴുകുന്ന എണ്ണ‍, കൗതുകത്തിനായി അക്വേറിയങ്ങളിൽ സൂക്ഷിക്കാനായ് പവിഴപ്പുറ്റുകൾ ശേഖരിക്കൽ എന്നിവ വഴി പവിഴപ്പുറ്റുകൾക്ക് നാശം സംഭവിക്കറുണ്ട്.

താപനിലയിലുണ്ടാവുന്ന വ്യതിയാനം, കടൽജലത്തിൽ കാർബ്ബൺ ഡയോക്സൈഡിന്റെ അളവു കൂടുക, എണ്ണ തുടങ്ങിയ മാലിന്യങ്ങൾ കലരുക എന്നിവയും പവിഴപ്പുറ്റുകളുടെ നാശത്തിനു കാരണമാകുന്നു..[2]

പവിഴപ്പുറ്റുകൾക്കുണ്ടാകുന്ന രണ്ട് രോഗങ്ങളാണ് വൈറ്റ് ബാൻഡ് രോഗവും ബ്ലാക്ക് ബാൻഡ് രോഗവും. ബാക്ടീരിയകളാണ് ഈ രോഗത്തിന് കാരണം. ബ്ലാക്ക് ബാൻഡ് രോഗത്തിൽ രോഗബാധയേറ്റ ഭാഗങ്ങളിലെ പവിഴജീവികൾ നശിച്ച് ആ ഭാഗം കറുത്ത പട്ടപോലെയായി തീരുന്നു. വൈറ്റ് ബാൻഡ് രോഗബാധയേറ്റ ഭാഗം വെളുത്ത പട്ടപോലെയായി തീരും.

ഡാർവിന്റെ കണ്ടെത്തൽ

തിരുത്തുക

ലോകത്തിലെ ആദ്യ പവിഴപ്പുറ്റുകൾ ഉടലെടുത്തത് 5000 ലക്ഷം വർഷങ്ങൾക്കു മുൻപാണന്ന് കരുതപ്പെടുന്നു. പക്ഷേ, ഇന്നു നാം കാണുന്ന പവിഴപ്പുറ്റിന് എണ്ണായിരത്തിലധികം വർഷങ്ങൾ പഴക്കമില്ല. ഭൂമിയിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ഈ ജീവി വ്യവസ്ഥയുടെ രൂപവത്കരണവും വർഗീകരണവും സംബന്ധിച്ച സിദ്ധാന്തങ്ങൾ ആദ്യമായി മുൻപോട്ടുവച്ചതു ചാൾസ് ഡാർവിനാണ്. 1842 - ൽ ഇതുസംബന്ധിച്ച് അദ്ദേഹം രചിച്ച പുസ്തകമാണ് ദി സ്ട്രക്ചർ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഓഫ് കോറൽ റീഫ് (The Structure and Distribution of Coral Reefs).

ഉപയോഗങ്ങൾ

തിരുത്തുക

ജൈവവൈവിധ്യത്തിൻറെ കലവറയായ പവിഴപ്പുറ്റുകൾ കൊണ്ട് ധാരാളം ഉപയോഗങ്ങൾ ഉണ്ട്. ഇവ തീരം സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ ലക്ഷദ്വീപു പോലെ ലോകത്തിലെ ഒട്ടനവധി ദ്വീപുകൾ രൂപം കൊണ്ടിരിക്കുന്നത് നിസ്സാരങ്ങളായ പവിഴജീവികളുടെ ദശലക്ഷക്കണക്കിന് വർഷത്തെ അധ്വാനം കൊണ്ടാണ്. കാത്സ്യം കാർബണേറ്റിൻറെ നല്ല ഉറവിടമായ പവിഴപ്പുറ്റുകൾ കുമ്മായനിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. കൌതുകവസ്തുക്കളായും ഇവ വിറ്റഴിക്കുന്നു.

  1. Mulhall M (2007) Saving rainforests of the sea: An analysis of international efforts to conserve coral reefs Archived 2010-01-06 at the Wayback Machine. Duke Environmental Law and Policy Forum 19:321–351.
  2. 2.0 2.1 2.2 2.3 പവിഴങ്ങളും പവിഴപ്പുറ്റുകളും - ബാലകൃഷ്ണൻ ചെറൂപ്പ (യുറീക്ക-2014 ഏപ്രിൽ 16)

മുൻപോട്ടുള്ള വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
റിപ്പോർട്ടുകൾ
സംഘടനകൾ
"https://ml.wikipedia.org/w/index.php?title=പവിഴപ്പുറ്റ്&oldid=4110594" എന്ന താളിൽനിന്ന് ശേഖരിച്ചത്