ബാല്യകാലസഖി (2014-ലെ ചലച്ചിത്രം)
1942-ൽ പ്രസിദ്ധീകരിച്ച, വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' എന്ന പ്രണയകഥ അവലംബിച്ച് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി പ്രമോദ് പയ്യന്നൂർ തിരക്കഥാരചനയും സംവിധാനവും നിർവ്വഹിച്ച് 2014-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ബാല്യകാലസഖി.
ബാല്യകാലസഖി | |
---|---|
സംവിധാനം | പ്രമോദ് പയ്യന്നൂർ |
നിർമ്മാണം | എം.ബി. മുഹസിൻ, സജീബ് ഹാഷിം |
അഭിനേതാക്കൾ | മമ്മൂട്ടി ഇഷ തൽവാർ മീന സീമ ബിശ്വാസ് കെ.പി.എ.സി. ലളിത ശശികുമാർ ഷെയിൻ നിഗം പ്രിയംദത്ത് സുനിൽ സുഖദ മാമുക്കോയ |
സംഗീതം | കെ. രാഘവൻ മാസ്റ്റർ] ഷഹബാസ് അമൻ വേണു കൊൽക്കത്ത |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് പി. ഭാസ്കരൻ മാസ്റ്റർ കെ.ടി. മുഹമ്മദ് ശ്രീകുമാരൻ തമ്പി കാവാലം നാരായണപ്പണിക്കർ പ്രമോദ് പയ്യന്നൂർ |
ഛായാഗ്രഹണം | ഹരി നായർ |
ചിത്രസംയോജനം | മനോജ് കണ്ണോത്ത് |
സ്റ്റുഡിയോ | പ്രസാദ് സ്റ്റുഡിയോ, ചെന്നൈ |
വിതരണം | റെഡ് സിനിമ, അച്ചാപ്പു ഫിലിംസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹ 7.5 കോടി |
സമയദൈർഘ്യം | 122 മിനിറ്റ് |
കഥാപശ്ചാത്തലം
തിരുത്തുകബഷീറിന്റെ ആത്മാംശമുള്ള കഥയാണ് പതിനെട്ടോളം ലോകഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ട 'ബാല്യകാലസഖി'. മജീദും സുഹ്റയും തമ്മിലുള്ള തീവ്രപ്രണയമാണ് ഈ കഥയിലെ കേന്ദ്രപ്രമേയം. 'ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേട്' എന്ന് പ്രൊഫ. എം.പി. പോൾ ബാല്യകാലസഖിയുടെ അവതാരികയിൽ ഈ രചനയെ വിശേഷിപ്പിക്കുന്നു.
ദൃശ്യാവിഷ്കരണം
തിരുത്തുക'ബാല്യകാലസഖി'യുടെ ജീവിതമുഹൂർത്തങ്ങളും ബഷീർ കഥാപ്രപഞ്ചത്തിലെ നിമിഷങ്ങളും സമന്വയിപ്പിച്ച് ഒരുക്കിയ ചലച്ചിത്രമാണ് ലിവിൻ ആർട്ട് ഫിലിം ഫാക്റ്ററിക്കു വേണ്ടി പ്രമോദ് പയ്യന്നൂർ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച 'ബാല്യകാലസഖി'. കേരളത്തിലെ നാടകവേദിയിലും ദൃശ്യമാധ്യമരംഗത്തും സാഹിത്യ കൃതികളെ അവലംബിച്ച് ദൃശ്യാവിഷാരങ്ങളൊരുക്കി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾക്കർഹനായ പ്രമോദ് പയ്യന്നൂരിന്റെ ആദ്യ ചലച്ചിത്രമാണ് 'ബാല്യകാലസഖി'.
കേരളത്തിലെ മഴക്കാലവും കൽക്കത്ത നഗരത്തിലെ വേനൽക്കാലവുമായി രണ്ട് ഋതുക്കളിലായാണ് ഈ ചലച്ചിത്രം ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളായ മജീദിനെയും മജീദിന്റെ പിതാവിനെയും നടൻ മമ്മൂട്ടി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നാൽപതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, ഇഷ തൽവാർ, മീന, സീമ ബിശ്വാസ്, കെ.പി.എ.സി. ലളിത, ശശികുമാർ, ഷെയിൻ നിഗം, പ്രിയംദത്ത്, സുനിൽ സുഖദ, മാമുക്കോയ, കവിതാ നായർ തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങൾ
തിരുത്തുകആറു ഗാനങ്ങൾ 'ബാല്യകാലസഖി'യിലുണ്ട്. പി. ഭാസ്കരൻ മാസ്റ്റർ, കെ.ടി. മുഹമ്മദ്, ഒ.എൻ.വി, കാവാലം നാരായണപ്പണിക്കർ, ശ്രീകുമാരൻ തമ്പി, പ്രമോദ് പയ്യന്നൂർ എന്നിവരുടെ വരികൾക്ക് കെ. രാഘവൻ മാസ്റ്റർ, ഷഹബാസ് അമൻ, വേണു കൊൽക്കത്ത എന്നിവർ ഈണം നൽകിയിരിക്കുന്നു. സംഗീതസംവിധായകൻ കെ. രാഘവൻ മാസ്റ്റർ തൊണ്ണൂറ്റെട്ടാം വയസ്സിൽ, അവസാനമായി സംഗീതസംവിധാനം നിർവ്വഹിച്ച കെ.ടി. മുഹമ്മദിന്റെയും പ്രമോദ് പയ്യന്നൂരിന്റെയും വരികൾ ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസും വി.ടി. മുരളിയുമാണ്.