തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ വെള്ളാരപ്പള്ളി ഗ്രാമത്തിൽ പെരിയാറിന്റെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. മൃത്യുഞ്ജയനായ ശിവനും ആദിപരാശക്തിയായ പാർവ്വതിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. ശിവനെ കിഴക്കുഭാഗത്തേയ്ക്കും ശ്രീപാർവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ശിവൻ മുഖ്യപ്രതിഷ്ഠകളിലൊരാൾ ആണെങ്കിലും ഇവിടുത്തെ പാർവ്വതീദേവിക്കാണ് കൂടുതൽ പ്രസിദ്ധി. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, മഹാവിഷ്ണു (കൂടുതൽ പ്രാധാന്യം), സതീദേവി, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രമേ ശ്രീപാർവ്വതിയുടെ നട തുറക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ ഭക്തജനത്തിരക്ക് കൂടുതലാണ്. ഭക്തജനങ്ങളിൽ നല്ലൊരുഭാഗവും സ്ത്രീകളാണ്. തന്മൂലം, ഈ ക്ഷേത്രത്തിന് സ്ത്രീകളുടെ ശബരിമല എന്നൊരു അപരനാമവുമുണ്ട്.[1] ശിവന് കുംഭമാസത്തിൽ തിരുവാതിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവമുണ്ട്. ഇവ കൂടാതെ ശിവരാത്രി, നവരാത്രി, മണ്ഡലകാലം തുടങ്ങിയവയും ഇവിടെ വിശേഷമാണ്. അകവൂർ, വെടിയൂർ, വെണ്മണി എന്നീ മൂന്ന് ഇല്ലക്കാർ ചേർന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. ട്രസ്റ്റിനുകീഴിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

ഐതിഹ്യം

തിരുത്തുക

ക്ഷേത്രോത്പത്തി

തിരുത്തുക

തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഉദ്ഭവം ക്ഷേത്രം ഊരാളകുടുംബങ്ങളിലൊന്നായ അകവൂർ മനയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടുനിൽക്കുന്നു. മുമ്പ് തൃശ്ശൂർ ജില്ലയിൽ മാളയ്ക്കടുത്ത് ഐരാണിക്കുളത്തായിരുന്നു അകവൂർ മന സ്ഥിതിചെയ്തിരുന്നത്. അകവൂർ മനയിലെ നമ്പൂതിരിമാരാണ് ആ നാടുമുഴുവൻ അടക്കിഭരിച്ചിരുന്നത്. ഐരാണിക്കുളത്തെ പ്രസിദ്ധമായ മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന അവർ നിത്യേന അവിടെ ദർശനം നടത്തിപ്പോന്നു. കാലാന്തരത്തിൽ, കുടുംബത്തിലുണ്ടായ ചില പ്രശ്നങ്ങൾ നിമിത്തം അകവൂർ മനയിലെ ഒരു ശാഖ പിരിഞ്ഞുപോകുകയും അവർ വെള്ളാരപ്പള്ളിയിൽ പെരിയാറിന്റെ കരയിലായി പുതിയ ഇല്ലം പണികഴിപ്പിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇക്കാലത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ അകവൂർ ചാത്തൻ മനയിലെ ആശ്രിതനായി കടന്നുവരുന്നത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ചാത്തൻ മനയിലെ അംഗങ്ങൾക്ക് പ്രിയങ്കരനായി.

വെള്ളാരപ്പള്ളിയിൽ താമസമാക്കിയശേഷവും അകവൂർ മനയിലെ വലിയ നമ്പൂതിരിയ്ക്ക് ഐരാണിക്കുളം ക്ഷേത്രത്തോട് വലിയ അടുപ്പമായിരുന്നു. പക്ഷേ, അവിടം ദൂരെയായതിനാൽ അങ്ങോട്ട് പോയിവരാൻ സുഗമമായ വഴിയുണ്ടായിരുന്നില്ല. ദുഃഖിതനായ നമ്പൂതിരി തന്റെ ആഗ്രഹം ചാത്തനോട് പറഞ്ഞു. നമ്പൂതിരിയുടെ ദുഃഖം മനസ്സിലാക്കിയ ചാത്തൻ, കരിങ്കല്ലുകൊണ്ട് ഒരു തോണിയുണ്ടാക്കി. തുടർന്ന് ദർശനം നടത്തുന്ന വേളകളിലെല്ലാം ആ തോണിയിലേറിയും നടന്നുമാണ് നമ്പൂതിരി പോയിവന്നിരുന്നത്. എന്നാൽ, പ്രായമായപ്പോൾ നമ്പൂതിരിയ്ക്ക് ദൂരയാത്ര സാധിയ്ക്കാത്ത ഒരു ഘട്ടം വന്നു. അവസാനമായി ഐരാണിക്കുളത്തപ്പനെ തൊഴുതുവരുമ്പോൾ നടയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നമ്പൂതിരി തനിയ്ക്കിനി ഐരാണിക്കുളത്ത് വന്നുതൊഴാൻ കഴിയാത്ത ദുഃഖം അറിയിച്ചു. കാരുണ്യമൂർത്തിയായ ഐരാണിക്കുളത്തപ്പൻ, തന്റെ ഭക്തന്റെ ആഗ്രഹമനുസരിച്ച് കുടികൊള്ളാമെന്ന് സമ്മതിച്ചു.

മനയിലേയ്ക്കുള്ള മടക്കയാത്രയ്ക്കായി നമ്പൂതിരി തന്റെ ഓലക്കുടയെടുത്തപ്പോൾ അതിന് പതിവില്ലാത്ത ഭാരം തോന്നി. എന്താണ് കാരണമെന്ന് അപ്പോൾ അദ്ദേഹത്തിന് മനസ്സിലായില്ല. ഈ സംഭവം അദ്ദേഹം ചാത്തനോട് പറഞ്ഞെങ്കിലും അതൊന്നും സാരമില്ലെന്നായിരുന്നു ചാത്തന്റെ മറുപടി. മടക്കയാത്രയിൽ മനപ്പറമ്പിൽ നിന്ന് അല്പം ദൂരെയെത്തിയപ്പോൾ നമ്പൂതിരിയ്ക്ക് കലശലായ മൂത്രശങ്കയുണ്ടായി. അടുത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ട അദ്ദേഹം ചാത്തനോട് തോണി കരയ്ക്കടുപ്പിയ്ക്കാൻ പറയുകയും ചാത്തൻ അപ്രകാരം ചെയ്യുകയും ചെയ്തു. തന്റെ ഓലക്കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചശേഷം നമ്പൂതിരി മൂത്രശങ്ക തീർത്തു. തുടർന്ന് കൈകൾ കഴുകി കുടയെടുത്തപ്പോൾ അതിന്റെ ഭാരം കുറഞ്ഞിട്ടുണ്ടായിരുന്നു! ഇതെന്തു മറിമായം എന്നറിയാതെ നമ്പൂതിരി അന്തം വിട്ടുനിന്നു. ഇക്കാര്യം അദ്ദേഹം ചാത്തനോട് പറഞ്ഞപ്പോൾ എല്ലാറ്റിനും സമാധാനമുണ്ടാകുമെന്നായിരുന്നു മറുപടി. അകവൂർ മനക്കടവിൽ തോണിയെത്തിയപ്പോൾ നമ്പൂതിരിയും ചാത്തനും അവിടെനിന്ന് ഇറങ്ങുകയും ചാത്തൻ തോണി മറിച്ചിടുകയും ചെയ്തു. ഇതുകണ്ട നമ്പൂതിരി കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ഇനി തോണിയുടെ ആവശ്യമില്ലെന്ന് ചാത്തൻ പറഞ്ഞു. ചാത്തൻ മറിച്ചിട്ട തോണി ഒരു കല്ലായി മാറി. ഇന്നും പെരിയാറ്റിലെ അകവൂർ മനക്കടവിൽ ആ കല്ല് പൊന്തിക്കിടക്കുന്നത് കാണാം.

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം അന്ന് കൊടുംകാടായിരുന്നു. വന്യമൃഗങ്ങൾ അവിടെ സ്വൈരവിഹാരം നടത്തിപ്പോന്നു. നമ്പൂതിരി ഐരാണിക്കുളം ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ദിവസം തന്നെ അവിടെയൊരു സംഭവമുണ്ടായി. മേല്പറഞ്ഞ സ്ഥലത്ത് കാടുവെട്ടാൻ വന്ന ഒരു പുലയസ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന് മൂർച്ച കൂട്ടാൻ അടുത്തുകണ്ട ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെനിന്ന് രക്തപ്രവാഹമുണ്ടായി. സമനില തെറ്റിയ ആ സ്ത്രീ, ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം കിഴക്കോട്ടോടി ഒഴിഞ്ഞ ഒരു പറമ്പിലെത്തുകയും അവിടെവച്ച് മുക്തിയടയുകയും ചെയ്തു. ഈ വിവരം കാട്ടുതീ പോലെ പടർന്നു. വിവരമറിഞ്ഞ നമ്പൂതിരി പരിവാരങ്ങളോടും ചാത്തനടക്കമുള്ള പരിചാരകരോടും കൂടി സംഭവസ്ഥലത്തെത്തി നോക്കിയപ്പോൾ സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് മനസ്സിലാക്കി. തൊട്ടടുത്ത് ഒരു കിണറും പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷാധിക്യം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി, ശിവലിംഗത്തിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. ഐരാണിക്കുളത്തുനിന്നുള്ള മടങ്ങുന്ന സമയത്ത് ഐരാണിക്കുളത്തപ്പൻ നമ്പൂതിരിയുടെ കുടയിൽ കുടികൊണ്ടതുകൊണ്ടാണ് അതിന് അത്യധികം ഭാരം തോന്നിയതെന്നും നമ്പൂതിരി മൂത്രമൊഴിയ്ക്കുന്നതിനുമുമ്പായി കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചപ്പോൾ ഐരാണിക്കുളത്തപ്പൻ കുടയിൽ നിന്നിറങ്ങുകയും ഭൂമിയ്ക്കടിയിലൂടെ സഞ്ചരിച്ച് ആദ്യം കിണറ്റിൽ കുടികൊണ്ടശേഷം സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയുമായിരുന്നുവെന്നും ചാത്തൻ നമ്പൂതിരിയെ അറിയിച്ചു. ഇത്രയുമായപ്പോൾ നമ്പൂതിരി ക്ഷേത്രനിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പ്രഗല്ഭരായ ക്ഷേത്രശില്പിരുടെ നേതൃത്വത്തിൽ എല്ലാവിധ വാസ്തുനിയമങ്ങളുമനുസരിച്ചാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഐരാണിക്കുളത്തപ്പൻ പാർവ്വതീസമേതഭാവത്തിലുള്ള പ്രതിഷ്ഠയായതിനാൽ പുതിയ ക്ഷേത്രത്തിലും പാർവ്വതീപ്രതിഷ്ഠ നടത്തി. ഐരാണിക്കുളത്തപ്പൻ കുടികൊള്ളുന്ന സന്നിധി, അന്നുമുതൽ തിരുവൈരാണിക്കുളം എന്ന പേരിൽ പ്രസിദ്ധമായി. അകവൂർ നമ്പൂതിരി തന്നെ ക്ഷേത്രത്തിന്റെ ഊരാളനുമായി.[2]

നടതുറപ്പു മഹോത്സവം

തിരുത്തുക

ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീപാർവ്വതീദേവിയുടെ നടതുറപ്പു മഹോത്സവം. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വിശേഷച്ചടങ്ങ് ഇവിടെ തുടങ്ങാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:

പണ്ടുകാലത്ത്, ക്ഷേത്രത്തിൽ ദേവീനട എല്ലാ ദിവസവും തുറന്നിരുന്നു. അക്കാലത്ത്, ക്ഷേത്രത്തിൽ ഭഗവാന്റെ നിവേദ്യം തയ്യാറാക്കുന്നതുപോലും ഭഗവതി ആയിരുന്നത്രെ. ഈ സങ്കല്പത്തിൽ, നിവേദ്യത്തിനായുള്ള വസ്തുക്കൾ തിടപ്പള്ളിയിലെത്തിച്ചാൽ പിന്നീട് അത് അടച്ചിടുന്ന പതിവുണ്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് തുറന്നുനോക്കുമ്പോഴേയ്ക്കും നിവേദ്യം തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും! ഇതുമൂലമാണ് ദേവിതന്നെയാണ് ഉണ്ടാക്കുന്നതെന്ന വിശ്വാസം പരന്നത്. ഇതിനെക്കുറിച്ച് അന്വേഷിയ്ക്കുന്നതിനായി ക്ഷേത്രം ഊരാളന്മാർ ഒരു ദിവസം ക്ഷേത്രത്തിലെത്തി. നിവേദ്യം തയ്യാറാക്കുന്നതിനായി സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റി വാതിലടച്ചശേഷമാണ് അവർ ദർശനത്തിനെത്തിയത്. നിശ്ചിതസമയത്തിനുമുമ്പ് വാതിൽ തുറന്നുനോക്കിയ അവർ കണ്ടത് സർവ്വാഭരണവിഭൂഷിതയായ പാർവ്വതീദേവി ഭക്ഷണം പാചകം ചെയ്യുന്നതാണ്! ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയ ഊരാളന്മാർ അമ്മേ ദേവീ ജഗദംബികേ എന്ന് ഉറക്കെ വിളിച്ചു. തന്റെ രഹസ്യം പുറത്തായതിൽ ദുഃഖിതയായ ഭഗവതി, താൻ ക്ഷേത്രം വിട്ടിറങ്ങാൻ പോകുകയാണെന്ന് ഊരാളന്മാരോട് പറഞ്ഞു. ഇതിൽ ദുഃഖിതരായ മൂവരും ദേവിയുടെ പാദങ്ങളിൽ വീണ് മാപ്പപേക്ഷിച്ചപ്പോൾ എല്ലാ വർഷവും തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നും ആ സമയത്തുവന്ന് ദർശനം നടത്തുന്നത് പുണ്യമായിരിയ്ക്കുമെന്നും ഭഗവതി അരുൾചെയ്തു. ഇതിനെത്തുടർന്നാണ് നടതുറപ്പ് മഹോത്സവം ആരംഭിച്ചത്.[3]

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക
ക്ഷേത്രപരിസരം
തിരുത്തുക

തിരുവൈരാണിക്കുളം ഗ്രാമത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാർ, ക്ഷേത്രത്തിൽ നിന്ന് അഞ്ഞൂറുമീറ്റർ തെക്കുമാറി ഒഴുകുന്നു. പെരിയാറ്റിൽ കുളിയ്ക്കാനായി പ്രത്യേകം കടവുകൾ കെട്ടിപ്പൊക്കിയിട്ടുണ്ട്. തിരക്കുള്ള അവസരങ്ങളിൽ ഇവിടെ നിന്നുതന്നെ ഭക്തരുടെ വരികൾ തുടങ്ങുന്നത് പതിവാണ്. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് വലിയ ഗോപുരം പണിതിട്ടുണ്ട്. യോഗക്ഷേമ സഭ കാര്യാലയം, പോസ്റ്റ് ഓഫീസ്, അക്ഷയ സെന്റർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. അടുത്തുതന്നെ ചെരുപ്പ് കൗണ്ടറും കാണാം. വടക്കുകിഴക്കുഭാഗത്ത് ചെറിയൊരു ക്ഷേത്രക്കുളവും പണിതിട്ടുണ്ട്. അതിനടുത്തായി ദേവസ്വം വക ഓഡിറ്റോറിയവും. ക്ഷേത്രത്തിൽ നിന്ന് നേരെ കിഴക്കുമാറി മറ്റൊരു ക്ഷേത്രം കാണാം. ഇരവിപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനം പൂർത്തിയാകാൻ മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തണെന്നതുപോലെ തിരുവൈരാണിക്കുളം ദർശനം പൂർത്തിയാകാൻ ഇരവിപുരത്തും ദർശനം നടത്തണമെന്നാണ് ചിട്ട. അതിനാൽ ഇവിടെയും വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ഗുരുവായൂരിലേതുപോലെ ഇരവിപുരത്തും ചതുർബാഹുവായ മഹാവിഷ്ണുവിനെയാണ് ശ്രീകൃഷ്ണസങ്കല്പത്തിൽ ആരാധിയ്ക്കുന്നത്. പടിഞ്ഞാറോട്ട് ദർശനം. കുരുക്ഷേത്ര യുദ്ധത്തിനിടയിൽ തന്റെ ഭക്തനായ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന ഭഗവാനായാണ് സങ്കല്പം. ഈ ക്ഷേത്രവും അകവൂർ മനയുടെ വകയാണ്. ശിവനും പാർവ്വതിയും ശ്രീകൃഷ്ണനും നേർരേഖയിൽ കുടികൊള്ളുന്ന ലോകത്തിലെ ഏക സ്ഥലം, ഒരുപക്ഷേ തിരുവൈരാണിക്കുളമായിരിയ്ക്കും.

ഇരവിപുരം ക്ഷേത്രത്തിൽ നിന്ന് നേരെ തെക്കുമാറിയാണ് അകവൂർ മന സ്ഥിതിചെയ്യുന്നത്. മുമ്പ് ഇവിടെയുണ്ടായിരുന്ന നാലുകെട്ട് 1980-ൽ പൊളിച്ചുമാറ്റുകയുണ്ടായി. ഇപ്പോൾ അവിടെയുള്ളത് പഴയ പത്തായപ്പുരയും ഏതാനും മഠങ്ങളും രണ്ട് ബംഗ്ലാവുകളും നാല് കുളങ്ങളും മാത്രമാണ്. മനയിലെ നാലുകെട്ടിലെ പടിഞ്ഞാറ്റിയിൽ കുടിവച്ച് ആരാധിച്ചിരുന്ന പരദേവതകളെ പ്രത്യേകം തീർത്ത ഒരു ക്ഷേത്രത്തിലേയ്ക്ക് മാറ്റി. ശ്രീരാമനാണ് അകവൂർ മനയിലെ പരദേവത. അകവൂർ മനയിലെ ഒരു അപ്ഫൻ (ഇളയ) നമ്പൂതിരി, തൃപ്രയാർ ക്ഷേത്രത്തിൽ പോയി ഭജിച്ചുകൊണ്ടുവന്നതാണ് ഇവിടെയുള്ള ശ്രീരാമനെ എന്നാണ് സങ്കല്പം. മനയുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുവകളുടെയും രേഖകളുടെയും ഉടമസ്ഥൻ ശ്രീരാമനാണ് എന്നതിനാൽ അവയിലെല്ലാം ശ്രീരാമമൂർത്തി വക എന്ന ഒപ്പുണ്ടാകും. ശ്രീരാമനെക്കൂടാതെ വേട്ടേയ്ക്കരൻ, മണ്ണടി ഭഗവതി, ഹനുമാൻ, ശ്രീചക്രം എന്നീ പ്രതിഷ്ഠകളും ഇവിടെ ആരാധിയ്ക്കപ്പെടുന്നുണ്ട്.

മറ്റുള്ള ക്ഷേത്രങ്ങൾ
തിരുത്തുക
തിരുവൈരാണിക്കുളം ദക്ഷിണാമൂർത്തിക്ഷേത്രം
തിരുത്തുക

തിരുവൈരാണിക്കുളത്തുതന്നെ വേറെയും നിരവധി ക്ഷേത്രങ്ങളുണ്ട്. അവയിൽ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത്, പെരിയാറിന്റെ കരയോടുചേർന്ന് സ്ഥിതിചെയ്യുന്ന ദക്ഷിണാമൂർത്തിക്ഷേത്രം സവിശേഷപ്രാധാന്യം അർഹിയ്ക്കുന്നു. തിരുവൈരാണിക്കുളത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം ഇതാണെന്ന് പറയപ്പെടുന്നു. അകവൂർ നമ്പൂതിരി തിരുവൈരാണിക്കുളത്ത് വരുമ്പോൾത്തന്നെ ഈ ക്ഷേത്രമുണ്ടായിരുന്നെന്നാണ് കേട്ടുകേൾവി. ഇവിടെയുണ്ടായിരുന്ന രാജാക്കന്മാരുടെ വകയായിരുന്ന ഈ ക്ഷേത്രം, പിന്നീട് തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഊരാളകുടുംബങ്ങളിലൊന്നായ വെണ്മണി മന വകയാകുകയായിരുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ തകർന്നുപോയ ക്ഷേത്രം, പിന്നീട് ഏറെക്കാലം ജീർണാവസ്ഥയിലായിരുന്നു. ഭൂപരിഷ്കരണ നിയമം നിലവിൽ വന്നതിനെത്തുടർന്ന് സാമ്പത്തികപ്രതിസന്ധിയുണ്ടായപ്പോൾ വെണ്മണി മനക്കാർ ക്ഷേത്രം നാട്ടുകാർക്ക് വിട്ടുകൊടുത്തു. പിന്നീട് അവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെ പുനരുദ്ധാരണം കഴിഞ്ഞത്. ക്ഷേത്രപുനരുദ്ധാരണം നാടിന്റെ അഭിവൃദ്ധിയ്ക്ക് അനിവാര്യമാണെന്ന് ദേവപ്രശ്നത്തിൽ കണ്ടതുമൂലമായിരുന്നു നവീകരണം. തിരുവൈരാണിക്കുളം ട്രസ്റ്റിന്റെ വകയായി മാത്രം 25 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. 2013 മുതലുള്ള ആറുവർഷക്കാലം നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ഇതിനായി മാത്രം കൗണ്ടർ തുറക്കുന്ന പതിവുണ്ടായിരുന്നു. 2018 അവസാനത്തോടെ ക്ഷേത്രപുനരുദ്ധാരണം പൂർത്തിയാകുകയും 2019 ജൂൺ ആറിന്, ഇടവമാസത്തിലെ പുണർതം നാളിൽ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ നടക്കുകയും ചെയ്തു. ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നതെങ്കിലും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദക്ഷിണാമൂർത്തിക്ഷേത്രമായ ശുകപുരം ക്ഷേത്രത്തിലെപ്പോലെ ഇവിടെയും പ്രധാനപ്രതിഷ്ഠ ശിവനാണ്. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ശിവന്റെ അതേ ശ്രീകോവിലിൽ തെക്കോട്ട് ദർശനമായാണ് ദക്ഷിണാമൂർത്തിപ്രതിഷ്ഠ. കേരളത്തിൽ, സ്വരൂപവിഗ്രഹത്തോടുകൂടിയ ഏക ദക്ഷിണാമൂർത്തിപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ദക്ഷിണാമൂർത്തിയ്ക്കൊപ്പം അതേ നടയിൽ ഉപദേവനായി ഗണപതിയുടെ പ്രതിഷ്ഠയുമുണ്ട്. വിദ്യയുടെ അധിദേവനായ ദക്ഷിണാമൂർത്തിയുടെ മുന്നിൽ, തന്മൂലം നിത്യേന വിദ്യാരംഭം നടക്കാറുണ്ട്. കദളിപ്പഴവും നെയ്വിളക്കുമാണ് ഇവിടേ പ്രധാന വഴിപാടുകൾ. ശിവരാത്രി, ഗുരുപൂർണിമ, നവരാത്രി എന്നിവയാണ് പ്രധാന ആഘോഷങ്ങൾ.

പരമേശ്വരത്തുകാവ് ഭദ്രകാളിക്ഷേത്രം
തിരുത്തുക

ദക്ഷിണാമൂർത്തിക്ഷേത്രത്തിനടുത്തുതന്നെയായി മറ്റൊരു ക്ഷേത്രവും കാണാം. പരമേശ്വരത്തുകാവ് എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ഭദ്രകാളിയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലും മുന്നിൽ ഒരു പാട്ടമ്പലവും മാത്രമടങ്ങുന്ന ചെറിയൊരു ക്ഷേത്രമാണിത്. പ്രധാനദേവതയായ ഭദ്രകാളി കിഴക്കോട്ട് ദർശനം നൽകുന്നു. ഉപദേവതകളായി നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നീ മൂർത്തികൾക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ നടക്കുന്ന കളമെഴുത്തും പാട്ടുമാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം. നവരാത്രിയും വിശേഷമായി ആചരിച്ചുവരുന്നുണ്ട്.

തിരുനാഥപുരം മഹാവിഷ്ണുക്ഷേത്രം
തിരുത്തുക

തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുനാഥപുരം മഹാവിഷ്ണുക്ഷേത്രം. ഏറെക്കാലമായി ജീർണ്ണിച്ചുകിടക്കുന്ന ഈ ക്ഷേത്രത്തിൽ, നിലവിൽ ഓടുമേഞ്ഞ ഒരു ചതുരശ്രീകോവിലും മുന്നിലൊരു മണ്ഡപവും മാത്രമേയുള്ളൂ. പ്രധാന ദേവനായ മഹാവിഷ്ണു, ശ്രീകൃഷ്ണസങ്കല്പത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അഷ്ടമിരോഹിണിയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം. ക്ഷേത്രം ഊരാളകുടുംബങ്ങളിലൊന്നായ വെടിയൂർ മനയുടെ വകയാണ് ഈ ക്ഷേത്രം.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. സാമാന്യം വലിപ്പമുള്ള ഈ ആനക്കൊട്ടിലിന് പക്ഷേ അധികം പഴക്കമില്ല. ക്ഷേത്രത്തിന്റെ പ്രസിദ്ധി വർദ്ധിച്ചതിനുശേഷമാണ് ആനക്കൊട്ടിലടക്കം പല സൗകര്യങ്ങളും ക്ഷേത്രത്തിലുണ്ടായത്. ഉത്സവക്കാലത്ത് അഞ്ചിലധികം ആനകളെ എഴുന്നള്ളിച്ചുനിർത്താനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന ചെമ്പുകൊടിമരം സ്ഥിതിചെയ്യുന്നത്. ഏകദേശം എഴുപതടി ഉയരം വരുന്ന ഈ കൊടിമരത്തിനും പഴക്കം കുറവാണ്. തെക്കുകിഴക്കേമൂലയിൽ അടുത്തടുത്തായി സതീദേവിയുടെയും ഭദ്രകാളിയുടെയും പ്രതിഷ്ഠകൾ കാണാം. ശിവഭഗവാന്റെ ആദ്യപത്നിയായ സതീദേവിയുടെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിന്റെ വിശേഷാൽ പ്രത്യേകതകളിലൊന്നാണ്. അപൂർവ്വമായി മാത്രമേ സതീപ്രതിഷ്ഠകളുണ്ടാകാറുള്ളൂ. ദക്ഷപ്രജാപതിയുടെ പുത്രിയായിരുന്ന സതി, പിതാവിന്റെ അന്ധമായ ശിവകോപം താങ്ങാനാകാതെ പിതാവിന്റെ യാഗാഗ്നിയിൽ ചാടി ആത്മാഹൂതി ചെയ്യുകയും തുടർന്ന് ഹിമവാന്റെ പുത്രിയായ പാർവ്വതിയായി പുനർജ്ജനിയ്ക്കുകയും ചെയ്തു എന്നാണ് പുരാണം. യാഗാഗ്നിയിൽ പൂർണ്ണമായി ദഹിയ്ക്കാതിരുന്ന ദേവിയുടെ ശരീരമെടുത്ത് ഭഗവാൻ സംഹാരതാണ്ഡവം തുടങ്ങുകയും അപ്പോൾ മഹാവിഷ്ണുഭഗവാൻ സുദർശനചക്രം പ്രയോഗിച്ച് ദേവിയുടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കുകയും അവ ഓരോ സ്ഥലത്തായി ചെന്നുവീഴുകയും അവിടെയെല്ലാം ശക്തിപീഠങ്ങളുണ്ടാകുകയും ചെയ്തു എന്നും കഥയുണ്ട്. ഇതനുസരിച്ച് ദേവിയുടെ താലി വീണ സ്ഥലമാണത്രേ തിരുവൈരാണിക്കുളം. പാർവ്വതീനട പന്ത്രണ്ടുദിവസമേ തുറക്കാറുള്ളൂവെങ്കിലും സതീനട എല്ലാദിവസവും തുറന്നിരിയ്ക്കും. അടുത്ത് മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് ഭദ്രകാളിപ്രതിഷ്ഠ. ശിലയിൽ തീർത്ത ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ.

പ്രദക്ഷിണവഴിയുടെ പുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഹരിഹരപുത്രനായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുള്ള ഒരു ശ്രീകോവിലുണ്ട്. ഒന്നരയടി ഉയരമുള്ള ഇവിടത്തെ അയ്യപ്പവിഗ്രഹത്തിന് ശബരിമലയിലെ വിഗ്രഹവുമായി നല്ല രൂപസാദൃശ്യമുണ്ട്. മണ്ഡല-മകരവിളക്കുകാലത്ത് ശബരിമല തീർത്ഥാടകർ ധാരാളമായി തിരുവൈരാണിക്കുളത്ത് ദർശനത്തിനെത്താറുണ്ട്. ശബരിമല യാത്രയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് തിരുവൈരാണിക്കുളം ക്ഷേത്രം. ശബരിമല തീർത്ഥാടകർക്ക് വിരിവയ്ക്കാനും വിശ്രമിയ്ക്കാനുമെല്ലാമുള്ള സൗകര്യങ്ങൾ തിരുവൈരാണിക്കുളം ദേവസ്വം ഒരുക്കാറുണ്ട്. തിരുവൈരാണിക്കുളം ഭാഗത്തുള്ളവർ ഇവിടെവച്ച് കെട്ടുനിറച്ചാണ് ശബരിമലയ്ക്ക് പോകുന്നത്. പടിഞ്ഞാറുഭാഗത്ത് തിരുവൈരാണിക്കുളം ട്രസ്റ്റിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ സ്വത്തുക്കളുള്ള ക്ഷേത്രം ട്രസ്റ്റുകളിലൊന്നാണ് തിരുവൈരാണിക്കുളം ട്രസ്റ്റ്. കോടികളുടെ വാർഷികവരുമാനമാണ് ട്രസ്റ്റിനുള്ളത്. ഇതുപയോഗിച്ച് നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തിപ്പോരുന്നുണ്ട്. സമൂഹവിവാഹം, അശരണർക്കുള്ള അന്നദാനം, ഓണക്കോടി വിതരണം, ഗൃഹനിർമ്മാണം തുടങ്ങിയവ അവയിൽ പ്രധാനമാണ്. ഇതുകൂടാതെ പരിസ്ഥിതി സംരക്ഷണത്തിനും ട്രസ്റ്റ് ഊന്നൽ കൊടുക്കുന്നുണ്ട്. പെരിയാർ വൃത്തിയാക്കുന്നതിനും അടുത്തുള്ള പാടത്ത് കൃഷിയിറക്കുന്നതിനും ട്രസ്റ്റ് നടത്തിയ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ട്രസ്റ്റ് നടത്തിക്കൊടുക്കുന്നുണ്ട്.

വടക്കുഭാഗത്ത് ക്ഷേത്രം വക ഊട്ടുപുരയുണ്ട്. സാമാന്യം വലിപ്പമുള്ള ഈ ഊട്ടുപുരയിൽ ഇവിടെ നിത്യേന അന്നദാനമുണ്ടാകാറുണ്ട്. മുപ്പെട്ട് തിങ്കളാഴ്ച, തിരുവാതിര, പ്രദോഷം തുടങ്ങിയ അവസരങ്ങളിലുള്ള പ്രസാദ ഊട്ടാണ് പ്രധാനം. വടക്കുഭാഗത്തെ പ്രദക്ഷിണവഴിയ്ക്കകത്ത് കിഴക്കോട്ടുതന്നെ ദർശനമായി മഹാവിഷ്ണുഭഗവാന്റെ പ്രതിഷ്ഠയുള്ള ശ്രീകോവിലുണ്ട്. മറ്റുള്ള ഉപദേവതകളെക്കാൾ പ്രാധാന്യം ഇവിടെ മഹാവിഷ്ണുവിന് നൽകിവരുന്നു. പ്രധാന പ്രതിഷ്ഠയോളം തന്നെ പഴക്കം ഈ മഹാവിഷ്ണുവിനുണ്ടെന്നാണ് പറയപ്പെടുന്നത്. മഹാവിഷ്ണുശ്രീകോവിലിനുമുന്നിൽ പ്രത്യേകം മുഖപ്പ് പണിതിട്ടുള്ളത് ക്ഷേത്രത്തിന്റെ പ്രാധാന്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. വടക്കുകിഴക്കുഭാഗത്ത് ദേവസ്വം ഓഫീസും വഴിപാട് കൗണ്ടറുകളും സ്ഥിതിചെയ്യുന്നു. ജലധാര, കൂവളമാല, ഉമാമഹേശ്വരപൂജ തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. ക്ഷേത്രം വക ഓഡിറ്റോറിയമായ തിരുവാതിര ഓഡിറ്റോറിയം ക്ഷേത്രക്കുളത്തിനപ്പുറം സ്ഥിതിചെയ്യുന്നു. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികളുണ്ടാകാറുണ്ട്. കിഴക്കേ ഗോപുരത്തോടുചേർന്ന് വടക്കുഭാഗത്ത് നാഗപ്രതിഷ്ഠ കാണാം. പരിവാരസമേതരായ നാഗങ്ങളുടെ അപൂർവ്വപ്രതിഷ്ഠയാണിത്. നാഗരാജാവായ വാസുകിയ്ക്ക് പ്രധാന്യം നൽകുന്ന ഇവിടെ, കൂടാതെ നാഗയക്ഷിയും നാഗചാമുണ്ഡിയുമടക്കമുള്ള എല്ലാ നാഗങ്ങൾക്കും സ്ഥാനമുണ്ട്. എല്ലാമാസവും ആയില്യം നാളിൽ ഇവർക്ക് പ്രത്യേകപൂജകൾ നടത്താറുണ്ട്.

ശ്രീകോവിൽ

തിരുത്തുക

വൃത്താകൃതിയിൽ തീർത്ത, സാമാന്യം വലിപ്പമുള്ള ശ്രീകോവിലാണ് ഈ ക്ഷേത്രത്തിലേത്. ഏകദേശം നൂറടി ചുറ്റളവുള്ള ഈ ശ്രീകോവിൽ കരിങ്കല്ലിൽ തീർത്തതാണ്. ഒറ്റനിലയേ ഇതിനുള്ളൂ. അത് ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഇത് രണ്ടായി പകുത്തിട്ടുണ്ട്. ഇതിൽ ഒരുവശത്ത് കിഴക്കോട്ട് ദർശനമായി സ്വയംഭൂവായ ശിവലിംഗവും, മറുവശത്ത് പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതീവിഗ്രഹവും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഏകദേശം രണ്ടരയടി ഉയരം വരും ഇവിടത്തെ ശിവലിംഗത്തിന്. സ്വയംഭൂലിംഗമായതിനാൽ ഒരുപാട് ചെത്തിമിനുക്കലുകളൊന്നും നടത്തിയിട്ടില്ല. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവ കൊണ്ട് ശിവലിംഗത്തിന്റെ നല്ലൊരു ഭാഗവും അധികസമയവും മൂടപ്പെട്ടിട്ടുണ്ടാകും. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിലേതുപോലെ ഇവിടെയും ദാരുവിഗ്രഹമാണ് ദേവിയ്ക്കുള്ളത്. ഏകദേശം മൂന്നടി ഉയരം വരും. ചതുർബാഹുരൂപമാണ് ദേവിയ്ക്കുള്ളത്. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും ധരിച്ച ദേവി താഴെയുള്ള ഇരുകൈകളിലും വരദാഭയമുദ്രകൾ ധരിച്ചിട്ടുണ്ട്. ദാരുവിഗ്രഹമായതിനാൽ ജലാഭിഷേകം ദേവിയ്ക്കില്ല. മഞ്ഞൾപ്പൊടി കൊണ്ടേ അഭിഷേകമുള്ളൂ. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശിവപാർവ്വതിമാർ ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽ താരതമ്യേന നിരാർഭാടമായ നിർമ്മിതിയാണ്. ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും ഇതിനെ അലങ്കരിയ്ക്കുന്നില്ല. ശ്രീകോവിലിനോട് ചേർന്നുതന്നെ തെക്കുഭാഗത്ത് പ്രത്യേകമായി തീർത്ത ഒരു കൊച്ചുമുറിയിൽ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. വളരെ ചെറിയൊരു വിഗ്രഹമാണ് ഇവിടെ ഗണപതിയ്ക്ക്. ഒരടി ഉയരമേ കാണൂ. ഒക്കത്ത് ഗണപതി എന്ന സങ്കല്പത്തിലാണ് ഈ പ്രതിഷ്ഠ. ഇത്തരത്തിൽ ഗണപതിപ്രതിഷ്ഠകൾ താരതമ്യേന കുറവാണ്. കറുകമാലയും നാരങ്ങാമാലയും മറ്റും കാരണം ഗണപതിവിഗ്രഹം കാണുക അതീവ ദുഷ്കരമാണ്. എങ്കിലും, ശിവപാർവ്വതീസാന്നിദ്ധ്യത്തിലുള്ളതിനാൽ അതീവശക്തിയുള്ള ദേവനാണെന്നും പറയപ്പെടുന്നു. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവുണ്ട്. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.

നാലമ്പലം

തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന ചെറുതാണ് നാലമ്പലമെങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. ചെമ്പുമേഞ്ഞ നാലമ്പലത്തിന് നാലുവശത്തും പ്രവേശനകവാടങ്ങൾ കാണാം. കിഴക്കുഭാഗത്തുനിന്ന് നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന്റെ ഇരുവശവും വാതിൽമാടങ്ങൾ കാണാം. ഇവയിൽ തെക്കേ വാതിൽമാടം ഹോമപൂജാദികൾക്കും വടക്കേ വാതിൽമാടം നാമജപത്തിനും വാദ്യമേളങ്ങൾക്കും ഉപയോഗിച്ചുവരുന്നു. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും. ഇവിടെയുള്ള കിണറിന് സവിശേഷ പ്രാധാന്യമുണ്ട്. കാരണം, ഐതിഹ്യമനുസരിച്ച് ആദ്യം ഭഗവദ്സാന്നിദ്ധ്യം അനുഭവപ്പെട്ടത് അവിടെയാണ്. ശ്രീകോവിലിന് നേരെമുന്നിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. ഇതിൽ ഭഗവദ്വാഹനമായ നന്ദിയുടെ ഒരു ശില്പം കാണാം. വിശേഷാൽ അലങ്കാരങ്ങളൊന്നും തന്നെ ഈ മണ്ഡപത്തിലില്ല. മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ക്ഷേത്രപരിസരം വൃത്തിയാക്കുന്നത് പൂജാരിമാർ തന്നെയാണ്. അവർ തന്നെ ചെയ്യണമെന്നാണ് നിയമം അനുശാസിയ്ക്കുന്നതും.

ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം കാണാം. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം, കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം, പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ - ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ മേൽ വിവരിച്ച സ്ഥാനങ്ങളിൽ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്ന് വിശ്വസിച്ചുവരുന്നു. തന്മൂലം, അവയിൽ ചവിട്ടുന്നതും തൊട്ടുതലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

വിശേഷദിവസങ്ങൾ

തിരുത്തുക

തിരുവാതിരയും നടതുറപ്പ് മഹോത്സവവും

തിരുത്തുക

ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആണ്ടുവിശേഷമാണ് ധനുമാസത്തിലെ തിരുവാതിര നാളിൽ തുടങ്ങി പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന പാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം. മറ്റൊരു ക്ഷേത്രത്തിലും ഈ വിശേഷമില്ല എന്നതിനാൽ വളരെയധികം പ്രാധാന്യം ഈ ചടങ്ങിന് കല്പിച്ചുവരുന്നു. ഈ പന്ത്രണ്ടു ദിവസങ്ങളിൽ ദേവിയെ വന്ദിച്ചാൽ മംഗല്യലബ്ധിയും ദീർഘമാംഗല്യവും കുടുംബസൗഖ്യവുമുണ്ടാകുമെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് ഈ ചടങ്ങിന് ഇവിടെ എത്തിച്ചേരുന്നത്. അവർക്ക് എത്തിച്ചേരാൻ സൗകര്യത്തിനായി ആലുവ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി.യുടെ വക പ്രത്യേകം ബസ് സർവീസുകളും ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകളിൽ തീവണ്ടികൾക്ക് പ്രത്യേകം സ്റ്റോപ്പും അനുവദിയ്ക്കാറുണ്ട്.

തിരുവാതിര നക്ഷത്രം സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് ക്ഷേത്രത്തിൽ ദേവിയുടെ നടതുറക്കുന്നത്. ഇതിനോടനുബന്ധിച്ച് അന്നേദിവസം വൈകീട്ട് നാലുമണിയ്ക്ക്, ശിവപാർവ്വതിമാർക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, മൂന്ന് ഊരാളകുടുംബങ്ങളിൽ പ്രധാനപ്പെട്ടതായ അകവൂർ മനയിൽ നിന്ന് പുറപ്പെടുന്നു. അകവൂർ മനയുടെ കുലദൈവമായ ശ്രീരാമസ്വാമിയുടെ നടയിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷം അകവൂർ മനയിലെ കാരണവർ, ക്ഷേത്രം ഭാരവാഹികൾക്ക് തിരുവാഭരണങ്ങൾ കൈമാറുന്നതോടെയാണ് ഘോഷയാത്ര പുറപ്പെടുന്നത്. പ്രത്യേകം തീർത്ത രഥത്തിൽ തിരുവാഭരണങ്ങൾ പ്രതിഷ്ഠിച്ചശേഷം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് വഴിയിൽ എല്ലായിടത്തുനിന്നും സ്വീകരണം ലഭിയ്ക്കുന്നു. ഇതിനിടയിൽ, മറ്റ് രണ്ട് ഊരാള കുടുംബക്കാരും ഇവിടെയെത്തിയിട്ടുണ്ടാകും. എട്ടുമണിയാകും ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരാൻ. ആ സമയത്ത്, ദേവിയുടെ തോഴിയായ പുഷ്പിണി എന്ന സ്ഥാനം വഹിയ്ക്കുന്ന ഒരു മുതിർന്ന സ്ത്രീയും ഇവിടെ എത്തിച്ചേർന്നിട്ടുണ്ടാകും. മൂന്ന് മനക്കാരും ക്ഷേത്രത്തിൽ എത്തിച്ചേർന്നോ എന്ന് പുഷ്പിണി മൂന്നുപ്രാവശ്യം ചോദിയ്ക്കുന്നു. എല്ലാവരും എത്തിച്ചേർന്നിട്ടുണ്ടെന്ന് അറിഞ്ഞാൽ, ക്ഷേത്രം മേൽശാന്തിയോട് ദേവിയുടെ നട തുറക്കാൻ പുഷ്പിണി ആവശ്യപ്പെടുകയും അതനുസരിച്ച് നട തുറക്കുകയും ചെയ്യുന്നു. ആ സമയം, ക്ഷേത്രത്തിൽ പലയിടത്തുനിന്ന് ഉയർന്നുകേൾക്കുന്ന നാമജപവും സ്ത്രീ ഭക്തജനങ്ങളുടെ വായ്ക്കുരവയിടലും തുടരെത്തുടരെയുള്ള കതിനവെടികളും മുഴങ്ങിക്കേൾക്കുന്നു. അതോടെ നടതുറപ്പ് മഹോത്സവത്തിന് തുടക്കമായി. അന്നേ ദിവസം രാത്രി, ക്ഷേത്രത്തിൽ തിരുവാതിരക്കളിയുമുണ്ടാകും.

തുടർന്നുള്ള പന്ത്രണ്ടുദിവസം, ദേവിയെ കാണാൻ ഭക്തജനപ്രവാഹമുണ്ടാകുന്നു. അവർക്കായി നിരവധി സൗകര്യങ്ങൾ ക്ഷേത്രം ട്രസ്റ്റ് വക നടത്തിക്കൊടുക്കാറുണ്ട്. കുടിവെള്ളം, ഭക്ഷണം, വൈദ്യസഹായം തുടങ്ങിയ അവയിൽ പ്രധാനപ്പെട്ടതാണ്. ട്രസ്റ്റിനെക്കൂടാതെ നിരവധി സർക്കാരേതര സംഘടനകളും ഈ സമയത്ത് മുന്നോട്ട് വരാറുണ്ട്. മഞ്ഞൾ, കുങ്കുമം തുടങ്ങി നിരവധി വസ്തുക്കൾ കൊണ്ട് ദേവിയ്ക്ക് പറനിറയ്ക്കുന്നത് ഈ സമയത്ത് അതിവിശേഷമാണ്. ഇവിടെ വന്ന് ഈ ദിവസങ്ങളിൽ ദേവിയെ തൊഴുതാൽ അഭീഷ്ടസിദ്ധിയുണ്ടായതായി പലരും അനുഭവസാക്ഷ്യമായി പറയാറുണ്ട്. തെക്കുഭാഗത്തുകൂടെ ഒഴുകുന്ന പെരിയാറിന്റെ തീരത്തുനിന്നുവരെ ഈ ദിവസങ്ങളിൽ ഭക്തജനപ്രവാഹം തുടങ്ങാറുണ്ട്. തിരുവൈരാണിക്കുളം കൂടാതെ സമീപത്തുള്ള ഇരവിപുരം ക്ഷേത്രത്തിലും ഇതേ സമയം വിശേഷാൽ പൂജകൾ നടക്കാറുണ്ട്.

പന്ത്രണ്ടാം ദിവസം രാത്രി, പൂജകൾ കഴിയുന്നതോടെ ദേവീനട അടയ്ക്കുന്നു. നട തുറക്കുന്ന അവസരത്തിലേതുപോലെത്തന്നെയാണ് ഇവിടെയും ചടങ്ങുകൾ. മൂന്ന് മനക്കാരും എത്തിച്ചേർന്നുകഴിഞ്ഞാൽ പുഷ്പിണി വീണ്ടും രംഗത്തേയ്ക്ക് കടന്നുവരും. എല്ലാവരും ദർശനം നടത്തിക്കഴിഞ്ഞോ എന്ന് പുഷ്പിണി മൂന്നുപ്രാവശ്യം ചോദിയ്ക്കുന്നു. ദർശനം നടത്തിക്കഴിഞ്ഞെന്ന് മറുപടി കിട്ടിയാൽ അവർ മേൽശാന്തിയോട് നടയടയ്ക്കാൻ ആവശ്യപ്പെടുകയും തുടർന്ന് നടയടയ്ക്കുകയും ചെയ്യുന്നു. അതോടെ പന്ത്രണ്ടുദിവസത്തെ മഹാത്സവത്തിന് പരിസമാപ്തിയാകുന്നു. പിന്നീട് ഒരു വർഷത്തെ കാത്തിരിപ്പ്.

കൊടിയേറ്റുത്സവം

തിരുത്തുക

കുംഭമാസത്തിലെ തിരുവാതിര നാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. ശിവന്റെ നടയിലെ പ്രധാന ആണ്ടുവിശേഷമാണിത്. ധ്വജാദിമുറയനുസരിച്ച് നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് ദ്രവ്യകലശവും ശുദ്ധിക്രിയകളും നടത്തപ്പെടുന്നു. ഒന്നാം ദിവസം സന്ധ്യയ്ക്കുശേഷമുള്ള ശുഭമുഹൂർത്തത്തിൽ വിശേഷാൽ പൂജകൾക്കുശേഷം വാദ്യമേളങ്ങൾക്കും നാമജപങ്ങൾക്കുമിടയിൽ കൊടിയേറ്റം നടക്കുന്നു. തുടർന്നുള്ള എട്ടുദിവസം തിരുവൈരാണിക്കുളം ഉത്സവലഹരിയിലമരും. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികക്രിയകളും കലാപരിപാടികളും അരങ്ങേറും. ആറാട്ടുദിവസമൊഴികെ എല്ലാദിവസവും ഉത്സവബലി നടത്തപ്പെടുന്നു. സാധാരണ നടക്കുന്ന ശീവേലിയുടെ കുറച്ചുകൂടി വിശദമായ രൂപമാണ് ഉത്സവബലി. ഇത് ഉത്സവക്കാലത്തെ പ്രധാന വഴിപാടാണ്. നിരവധി ഭക്തരാണ് ഇത് ഏർപ്പാടാക്കാറുള്ളത്. ഏഴാം ദിവസം പള്ളിവേട്ട. ആറാട്ടുദിവസം ഉച്ചയ്ക്ക് കഞ്ഞിവീഴ്ത്ത് (അന്നദാനം) നടത്തപ്പെടുന്നു. അന്ന് സന്ധ്യയ്ക്ക് പെരിയാറ്റിൽ പ്രത്യേകം തയ്യാറാക്കിയ കടവിലാണ് ആറാട്ട്.

ശിവരാത്രി

തിരുത്തുക

കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശി ദിവസമാണ് മഹാശിവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശിവക്ഷേത്രങ്ങളിലെ പ്രധാന ആഘോഷമാണിത്. തിരുവൈരാണിക്കുളം ക്ഷേത്രത്തിലും ശിവരാത്രി അതിവിശേഷമായി ആചരിച്ചുവരുന്നു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പും കലാപരിപാടികളും പതിവാണ്. പതിനെട്ട് പൂജകളാണ് അന്ന് ശിവന്നുള്ളത്. അന്ന് രാത്രി നടയടയ്ക്കില്ല. പകരം രാത്രിയിലെ ഓരോ യാമത്തിലും യാമപൂജയും കലശാഭിഷേകവുമുണ്ടാകും. നിരവധി ഭക്തരാണ് ഇതുതൊഴാൻ ക്ഷേത്രത്തിലുണ്ടാകുക.

നവരാത്രി

തിരുത്തുക

കന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ പ്രഥമ (അമാവാസിയുടെ പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസങ്ങളാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടും പല രൂപങ്ങളിൽ ഇത് ആചരിച്ചുവരുന്നുണ്ട്. തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ നവരാത്രിയുടെ ഒമ്പതുദിവസവും വിശേഷമാണ്. നടയടഞ്ഞുകിടക്കുകയാണെങ്കിലും പാർവ്വതീദേവിയ്ക്ക് അതിപ്രധാനമായി പൂജകൾ നടക്കുന്ന സമയമാണിത്. കൂടാതെ സതി, ഭദ്രകാളി നടകളിലും വിശേഷാൽ പൂജകളുണ്ടാകും. എട്ടാം ദിവസമായ ദുർഗ്ഗാഷ്ടമിനാളിൽ സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പ്രത്യേകം അലങ്കരിച്ച മണ്ഡപത്തിൽ ഗണപതി, സരസ്വതി, ശിവപാർവ്വതിമാർ, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ എന്നിവരുടെ ചിത്രങ്ങൾ മാലയിട്ടുവച്ച് അവയ്ക്കുമുന്നിൽ പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയ വസ്തുക്കൾ പൂജയ്ക്കുവയ്ക്കുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജയാണ്. വിജയദശമിനാളിൽ രാവിലെ പൂജകൾക്കുശേഷം മേൽപ്പറഞ്ഞ വസ്തുക്കൾ ഉടമസ്ഥർക്ക് തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ക്ഷേത്രത്തിൽ ആയിരക്കണക്കിന് കുട്ടികൾ വിദ്യാരംഭം കുറിയ്ക്കുന്നു.

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

എറണാകുളം ജില്ലയിലെ ആലുവയിൽ നിന്ന് മാറം പള്ളി വഴി ശ്രീമൂലം പാലം കടന്നു ക്ഷേത്രത്തിൽ എത്താം. ദൂരം 10 കിമി. ആലുവയിൽ നിന്ന് കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുന്നുണ്ട്.

അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ- ആലുവ. ധാരാളം ട്രെയിനുകൾ ഇവിടെ നിർത്താറുണ്ട്.

അടുത്തുള്ള വിമാനത്താവളം- നെടുമ്പാശേരി

  1. സിഫി.കോം തിരുവൈരാണിക്കുളം സ്ത്രീകളുടെ ശബരിമല
  2. സിഫി.കോം തിരുവൈരാണിക്കുളം ഐതിഹ്യം
  3. സിഫി.കോം തിരുവൈരാണിക്കുളം നടതുറപ്പിന്റെ ഐതിഹ്യം