തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമിക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2018 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിൽ, കോട്ടയം ജില്ലയിലെ തിരുമണിവെങ്കിടപുരം ഗ്രാമത്തിൽ, വേമ്പനാട്ട് കായലിന്റെ കരയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമിക്ഷേത്രം. മഹാവിഷ്ണുഭഗവാന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമസ്വാമി, ഖരവധത്തിനുശേഷം അത്യുഗ്രഭാവത്തിൽ കുടികൊള്ളുന്ന ക്ഷേത്രമാണിത്. ഉപദേവതകളായി ഗണപതി, ഹനുമാൻ, ശിവൻ, ദുർഗ്ഗാദേവി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും സന്നിധികളുണ്ട്. കേരളത്തിലെ പ്രധാന ശ്രീരാമക്ഷേത്രങ്ങളിലൊന്നായ ഇവിടെയാണ് കേരളത്തിലെ ഏറ്റവും വലിയ പഞ്ചലോഹവിഗ്രഹമുള്ളത്[അവലംബം ആവശ്യമാണ്]. മീനമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസം ഉത്സവം, ശ്രീരാമനവമി, രാമായണ മാസം, കർക്കടകവാവ് എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം മഹാദേവക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളുന്ന ദേവന്മാരിൽ തൃണയംകുടത്തപ്പൻ എന്നറിയപ്പെടുന്ന ഇവിടത്തെ ഭഗവാനുമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള പ്രധാന ശ്രീരാമസ്വാമിക്ഷേത്രങ്ങളിലൊന്നാണിത്.
ഐതിഹ്യം
തിരുത്തുകക്ഷേത്രത്തിലെ മുഖ്യമൂർത്തി, ശ്രീരാമനായാണ് കണക്കാക്കിവരുന്നതെങ്കിലും വാസ്തവത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണ്. മണിവെങ്കിടൻ എന്ന തമിഴ് ബ്രാഹ്മണനാണ് ഈ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. അതാണ് 'തിരുമണിവെങ്കിടപുരം' എന്ന സ്ഥലനാമത്തിനും കാരണം. പിന്നീട് ഇത് ലോപിച്ച് തൃണയംകുടം എന്നും ടി.വി. പുരം എന്നുമായി മാറി[അവലംബം ആവശ്യമാണ്]. തിരുപ്പതി വെങ്കടചാലപതിയുടെ ഭക്തനായിരുന്ന മണിവെങ്കിടനും കുടുംബവും, നാട്ടിലുണ്ടായ വിദേശ ആക്രമണങ്ങളെത്തുടർന്ന് കേരളത്തിൽ അഭയം തേടുകയും വേമ്പനാട്ട് കായൽ വഴി ഈ ഗ്രാമത്തിലെത്തുകയും ചെയ്തു. തന്റെ ജീവന്നും സ്വത്തിനും അഭയം നൽകിയതിന്റെ പ്രത്യുപകാരമായി മണിവെങ്കിടൻ, താൻ നിത്യപൂജ നടത്തിയിരുന്ന വിഷ്ണുവിഗ്രഹം കായലിന്റെ നടുക്കുള്ള തുരുത്തിൽ ഒരു ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചു. പിൽക്കാലത്ത് തിരുമണിവെങ്കിടപുരത്തും വിദേശ ആക്രമണമുണ്ടാകുകയും ക്ഷേത്രം നശിച്ചുപോകുകയും ചെയ്തു. പിന്നീടൊരു കാലത്ത്, കായലിൽ നിന്ന് വിഗ്രഹം വീണ്ടെടുക്കുകയും പ്രതിഷ്ഠ നടത്തുകയുമായിരുന്നു[അവലംബം ആവശ്യമാണ്].
ക്ഷേത്രനിർമ്മിതി
തിരുത്തുകക്ഷേത്രപരിസരവും മതിലകവും
തിരുത്തുകതിരുമണിവെങ്കിടപുരം ഗ്രാമത്തിന്റെ നടുക്ക്, വേമ്പനാട്ടുകായലിന്റെ കിഴക്കേ കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ടി.വി. പുരം പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, ബാങ്കുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ അധികവും ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് തെക്കും പടിഞ്ഞാറും ഭാഗങ്ങളിലായി വേമ്പനാട്ടുകായൽ പരന്നുകിടക്കുന്നു. പടിഞ്ഞാറുഭാഗത്ത് കായലിൽ ഒരു ബലിക്കടവും കാണാം. കർക്കടകവാവ്, തുലാവാവ്, ശിവരാത്രി തുടങ്ങിയ അവസരങ്ങളിൽ നിരവധി ആളുകൾ ഇവിടെ ബലിതർപ്പണം നടത്താൻ വരാറുണ്ട്. കായലിന് നടുവിലെ തുരുത്താണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനം. വൃത്താകൃതിയിൽ തീർത്ത ഈ തുരുത്ത്, ജലഗതാഗതം പതിവായിരുന്ന പഴയകാലത്ത് വലിയൊരു വാണിജ്യകേന്ദ്രമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കപ്പലുകൾ, ഇവിടെയിറക്കി അല്പസമയം വിശ്രമിയ്ക്കുകയും ആവശ്യമായ ചില ചരക്കുകൾ ഇവിടെയിറക്കുകയും ചെയ്യുമായിരുന്നു. ഇവിടെയുണ്ടായിരുന്ന ഒരു വിളക്കുമാടമാണ് പണ്ട് രാത്രികാലങ്ങളിൽ യാത്ര സുഗമമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നത്. ഇപ്പോൾ ഈ തുരുത്ത് കാടുപിടിച്ചുകിടക്കുകയാണ്. നിരവധി പക്ഷികളുടെ വിഹാരകേന്ദ്രമാണ് ഈ സ്ഥലം. കായലിന്റെ മറുകരയിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല ഭാഗങ്ങളാണ്. കേരളത്തിലെ പ്രസിദ്ധ ഭദ്രകാളിക്ഷേത്രങ്ങളിലൊന്നായ വാരനാട് ക്ഷേത്രം ഈ ഭാഗത്താണ്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ചെറിയൊരു കവാടം പണിതിട്ടുണ്ട്. വടക്കുഭാഗത്ത് ക്ഷേത്രക്കുളം പണിതിരിയ്ക്കുന്നു. എലിവിഷം ശമിപ്പിയ്ക്കുന്നതിന് ഉത്തമമാണ് ഈ കുളത്തിലെ സ്നാനമെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇവിടെത്തന്നെയാണ് ഉത്സവാവസാനം ഭഗവാന്റെ ആറാട്ടും.
അകത്തേയ്ക്ക് കടന്നാൽ കിഴക്കേ നടയിൽ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. സാമാന്യം വലുപ്പമുള്ള ഈ ആനക്കൊട്ടിലിൽ വച്ചാണ് ചോറൂൺ, വിവാഹം, തുലാഭാരം, ഭജന തുടങ്ങിയ കർമ്മങ്ങൾ നടത്തുന്നത്. ഏകദേശം നാലാനകളെ വച്ച് ഇവിടെ എഴുന്നള്ളത്ത് നടത്താവുന്നതാണ്. ആനക്കൊട്ടിലിനപ്പുറം ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ചെമ്പുകൊടിമരം കാണാം. സാമാന്യം ഉയരമുള്ള കൊടിമരമാണിത്. 2021-ൽ നടന്ന ദേവപ്രശ്നത്തിൽ ഇതിന് കേടുപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നിലവിൽ ഇത് മാറ്റി സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. കൊടിമരത്തിനപ്പുറമാണ് ക്ഷേത്രത്തിലെ ബലിക്കൽപ്പുര. സാമാന്യത്തിലധികം ഉയരം വരുന്ന ബലിക്കല്ലാണ് ഈ ക്ഷേത്രത്തിലേത്. തന്മൂലം പുറത്തുനിന്ന് നോക്കിയാൽ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. തെക്കുകിഴക്കുഭാഗത്ത് ക്ഷേത്രം വക സ്റ്റേജ് പണിതിട്ടുണ്ട്. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികൾ നടത്താറുണ്ട്.
ഏകദേശം നാലേക്കർ വിസ്തീർണ്ണം വരുന്ന മതിലകമാണ് തിരുമണിവെങ്കിടപുരം ക്ഷേത്രത്തിലുള്ളത്. ഇതിന്റെ പലയിടങ്ങളിലായി നിരവധി മരങ്ങൾ തഴച്ചുവളരുന്നുണ്ട്. അന്തരീക്ഷവായുവിനെ ശുദ്ധീകരിയ്ക്കുന്നതിനൊപ്പം ക്ഷേത്രത്തിന്റെ പ്രശാന്തത വർദ്ധിപ്പിയ്ക്കുന്നതിനും ഇവ വലിയ പങ്കുവഹിയ്ക്കുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനം നൽകി അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ഏകദേശം മൂന്നടി ഉയരം വരുന്ന അയ്യപ്പവിഗ്രഹം ശിലാനിർമ്മിതമാണ്. ശബരിമലയിലെ രൂപത്തിന്റെ ഏതാണ്ട് അതേ രൂപമാണ് ഇതിനും. ശ്രീകോവിലിനുമുന്നിൽ ഒരു മുഖമണ്ഡപം പണിതിട്ടുണ്ട്. ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെവച്ചാണ്. ഇതിന് സമീപം തന്നെയാണ് ക്ഷേത്രത്തിലെ നാഗത്തറയും. നാഗരാജാവായി അനന്തൻ വരുന്ന തറയിൽ, കൂടെ നാഗയക്ഷിയും നാഗചാമുണ്ഡിയും ചിത്രകൂടവുമടങ്ങുന്ന പരിവാരങ്ങളും കാണാം. എല്ലാമാസങ്ങളിലെയും ആയില്യം നാളിൽ ഇവിടെ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പബലിയും പതിവാണ്.
ക്ഷേത്രത്തിന്റെ വടക്കേ നടയിൽ മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ശിവലിംഗരൂപത്തിലുള്ള വിഗ്രഹമാണ് ഇവിടെ ദേവിയ്ക്ക്. മേൽക്കൂരയില്ലാത്ത തറയിലുള്ള പ്രതിഷ്ഠയായതിനാൽ വനദുർഗ്ഗയായാണ് സങ്കല്പം. ദിവസവും ഇവിടെ വിളക്കുവയ്പുണ്ട്. വടക്കുകിഴക്കേമൂലയിലെത്തിയാൽ അവിടെ ദേവസ്വം ഓഫീസ് കാണാം. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള ഒരു 'ബി' ഗ്രേഡ് ദേവസ്വമാണ് തിരുമണിവെങ്കിടപുരം ദേവസ്വം. ദേവസ്വം ബോർഡിനുകീഴിലുള്ള വൈക്കം ഗ്രൂപ്പിന്റെ കീഴിലാണ് ഈ ദേവസ്വം. ഇതിന് സമീപം തന്നെയാണ് ശ്രീരാമദാസനായ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിൽ. ഏകദേശം മൂന്നടി ഉയരം വരുന്ന പഞ്ചലോഹനിർമ്മിതമായ വിഗ്രഹം ഭക്തഹനുമാന്റെ രൂപത്തിലാണ്. ഇരുകൈകളും കൂപ്പിനിൽക്കുന്ന ഹനുമാന്റെ സമീപം ആയുധമായ ഗദ കാണാം. ഇതിനടുത്തുതന്നെയാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. വളരെ ചെറിയൊരു ശ്രീകോവിലിൽ, അരയടി മാത്രം ഉയരം വരുന്ന ശിവലിംഗതുല്യമായ വിഗ്രഹമാണ് ബ്രഹ്മരക്ഷസ്സിന്. ക്ഷേത്രത്തിൽ പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ഉപദേവതകൾ ഇവർ മാത്രമാണ്.
ശ്രീകോവിൽ
തിരുത്തുകചതുരാകൃതിയിൽ തീർത്ത രണ്ടുനിലകളോടുകൂടിയ ഒരു ശ്രീകോവിലാണ് ഇവിടെയുള്ളത്. അതിഗംഭീരമായ ഒരു നിർമ്മിതിയാണ് ഇവിടെയുള്ള ശ്രീകോവിൽ. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ ശ്രീരാമന്റെ ശ്രീകോവിലുമായി പ്രകടമായ രൂപസാദൃശ്യം ഈ ശ്രീകോവിലിനുണ്ട്. ഏകദേശം അതേ ഉയരവുമാണ്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ ഇരുനിലകളും പൂർണ്ണമായും ചെമ്പുമേഞ്ഞിരിയ്ക്കുന്നു. ശ്രീകോവിലിനകത്തേയ്ക്കുള്ള പടികൾ (സോപാനപ്പടികൾ) കരിങ്കല്ലിൽ തന്നെ തീർത്തതാണെങ്കിലും അവ സ്വർണ്ണം പൊതിഞ്ഞിട്ടുണ്ട്. മുകളിലായി ചെറുതും വലുതുമായ നിരവധി മണികൾ തൂക്കിയിട്ടുമുണ്ട്. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ആറടിയിലധികം ഉയരം വരുന്ന, പഞ്ചലോഹനിർമ്മിതമായ മഹാവിഷ്ണുവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനം നൽകി ശ്രീരാമസ്വാമി കുടികൊള്ളുന്നു. രാക്ഷസസഹോദരന്മാരായ ഖര-ദൂഷണ-ത്രിശ്ശിരസ്സുകളെയും അവരുടെ പതിനായിരം വരുന്ന പടയെയും മൂന്നേമുക്കാൽ നാഴികകൊണ്ട് വധിച്ചശേഷം രൗദ്രഭാവമടങ്ങാത്ത ശ്രീരാമനായാണ് പ്രതിഷ്ഠാസങ്കല്പം. എങ്കിലും വിഗ്രഹം പൂർണ്ണമായും മഹാവിഷ്ണുവിന്റേതാണ്. തിരുപ്പതി വെങ്കടാചലപതിയുടെ സങ്കല്പവും പ്രതിഷ്ഠയ്ക്കുണ്ട്. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി എന്ന ഗദയും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്. ക്ഷേത്രസ്ഥാപനവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന് കൂടുതൽ ചരിത്രസാധുത നൽകുന്ന രൂപമാണ് ഇത്. കേരളത്തിലെ ഏറ്റവും വലിയ പഞ്ചലോഹവിഗ്രഹപ്രതിഷ്ഠയാണിത്. ഇതും ഇവിടത്തെ സവിശേഷമായ ഒരു കാര്യമാണ്. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് തൃണയംകുടത്തപ്പൻ ശ്രീകോവിലിൽ വാഴുന്നു.
ശ്രീകോവിൽച്ചുവരുകൾ നിലവിൽ ചുവർച്ചിത്രങ്ങളാൽ അലംകൃതമല്ല. എന്നാൽ, കരിങ്കല്ലിലും തടിയിലും തീർത്ത നിരവധി ശില്പങ്ങൾ ഇതിന്റെ എല്ലാ നിലകളിലും നമുക്ക് കാണാൻ സാധിയ്ക്കും. രാമായണം, മഹാഭാരതം, ശ്രീമദ് ഭാഗവതം, ശിവപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്നെടുത്ത നിരവധി രംഗങ്ങൾക്ക് ഇവിടെ ശില്പരൂപത്തിൽ ഭാഷ്യമൊരുക്കിയിട്ടുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് പ്രത്യേകം തീർത്ത ഒരു അഴിക്കൂട്ടിൽ കിഴക്കോട്ട് ദർശനമായി ശിവന്റെയും ഗണപതിയുടെയും പ്രതിഷ്ഠകൾ കാണാം. കഷ്ടിച്ച് ഒരടി മാത്രം ഉയരം വരുന്ന വിഗ്രഹങ്ങളാണ് രണ്ടുപേർക്കും. ഇവിടെ കയറി പൂജ കഴിയ്ക്കുക അസാധ്യമായതിനാൽ എല്ലാം പുറത്തുവച്ച് നടത്തുകയാണ് പതിവ്. ശിവന് നിത്യവും ധാര അടക്കമുള്ള അഭിഷേകങ്ങളും പിൻവിളക്കും പതിവാണ്. ഗണപതിപ്രീതിയ്ക്ക് നിത്യവും ഗണപതിഹോമവും കർക്കടകമാസത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമവും പതിവാണ്. വടക്കുവശത്ത് വ്യാളീമുഖത്തോടെ ഓവ് പണിതിട്ടുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോകുന്നു.
നാലമ്പലം
തിരുത്തുകശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടെ നാലമ്പലം. നാലുഭാഗത്തുനിന്നും ഇതിന് അകത്തേയ്ക്ക് കടക്കാൻ വഴികളുണ്ട്. അവയിൽ, പ്രധാന ഭാഗമായ കിഴക്കേ നടയിലൂടെയുള്ള പ്രവേശനകവാടത്തിന് ഇരുവശവും രണ്ട് വാതിൽമാടങ്ങൾ കാണാം. ഇവയിൽ തെക്കുഭാഗത്തുള്ള വാതിൽമാടത്തിലാണ് വിശേഷാൽ പൂജകളും നിത്യേനയുള്ള ഗണപതിഹോമം അടക്കമുള്ള ഹോമങ്ങളും നടത്തുന്നത്. വടക്കേ വാതിൽമാടമാണെങ്കിൽ നാമജപത്തിനും വാദ്യമേളങ്ങൾക്കുമാണ് ഉപയോഗിച്ചുവരുന്നത്. പൂജയും ദീപാരാധനയുമൊഴികെയുള്ള സമയങ്ങളിൽ ഇവിടെ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക, മരം, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും.
ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ എന്ന ക്രമത്തിൽ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് പടിഞ്ഞാറ് ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവിടങ്ങളിൽ ബലിതൂകുന്നു.