ഇസ്‌ലാം മതം കേരളത്തിൽ
കേരളത്തിൽ ഏറ്റവും കൂടുതൽ അനുയായികളുള്ള രണ്ടാമത്തെ വലിയ മതമാണ് ഇസ്‌ലാം. 2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ 26.6% പേർ ഇസ്‌ലാം മതവിശ്വാസികളാണ്.[1] കേരളവും, അറേബിയായും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾക്ക് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഇസ്‌ലാം മതത്തിന്റെ ഉദയത്തിനു മുൻപേ, അതായത് പ്രവാചകൻ മുഹമ്മദ് നബിയുടെ ജനനത്തിനും മുൻപേ മിഡിൽ ഈസ്റ്റിൽ നിന്നും വ്യാപാരികൾ കേരളത്തിൽ എത്തിയിരുന്നു എന്ന് കാണാം. ഉത്തരേന്ത്യയിൽ മദ്ധ്യേഷ്യൻ ഗോത്രങ്ങളിലൂടെ ഈ മതം എത്തിപ്പെടുന്നതിനു മുൻപുതന്നെ കേരളത്തിന്റെ തീരങ്ങളിൽ അറബ് വ്യാപാരികളിലൂടെ ഇസ്‌ലാം എത്തിപ്പെട്ടിരുന്നു.
പ്രവാചകൻ മുഹമ്മദിന്റെ കാലത്തിനു മുൻപുതന്നെ അറേബ്യയും കേരളവും തമ്മിൽ വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. എ.ഡി. ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ അറബ് വ്യാപാരികൾ ഈ പ്രദേശത്ത് ഇസ്‌ലാം മതം എത്തിച്ചിട്ടുണ്ടാവാം.കൊടുങ്ങലൂരിൽ പണിത ചേരമാൻ പെരുമാൾ മസ്ജിദ് ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളിയാണ്.പ്രവാചകനായ മുഹമ്മദ് നബിയുടെ കീർത്തി അറബ് വ്യാപാരികളിൽ നിന്നുമറിഞ്ഞു ആകൃഷ്ടനായ അവസാനത്തെ പെരുമാൾ രാജ്യഭരണം അനന്തരവന്മാർക്കും, സാമന്തന്മാർക്കും വീതിച്ചു നൽകി ഇസ്‌ലാം മതം ആശ്ലേഷിക്കാനായി സൗദി അറേബിയയിലേക്ക് പുറപ്പെട്ടുവെന്നും വഴി മദ്ധ്യേ സലാലയിൽ വെച്ചു മരണമടഞ്ഞു എന്നും കരുതപ്പെടുന്നു. ജൂതന്മാരെയും ക്രിസ്ത്യാനികളെയും പോലെ അറബികളും കൊടുങ്ങല്ലൂരിൽ താമസമുറപ്പിക്കുകയും പട്ടണത്തിന്റെ ഒരു ഭാഗത്ത് തങ്ങളുടെ കോളനി സ്ഥാപിക്കുകയും ചെയ്തു. പാരമ്പര്യവിശ്വാസമനുസരിച്ച് ചേര രാജാക്കന്മാരിൽ അവസാനത്തെയാളായിരുന്ന ചേരമാൻ പെരുമാൾ ഇസ്‌ലാം മതം സ്വീകരിക്കുകയും ഹജ്ജ് കർമ്മം അനുഷ്ടിക്കുകയും ചെയ്തത് ഇസ്‌ലാം മതത്തിന്റെ പ്രചാരത്തിന് കാരണമായി.[2]
കേരളത്തിൽ മുസ്ലിം മതം ഏറ്റവുമധികം വളർച്ച പ്രാപിച്ചത് കോഴിക്കോടായിരുന്നു. കോഴിക്കോട് സാമൂതിരിമാരുടെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു ഇസ്‌ലാം മതത്തിന്റെ വളർച്ച എന്ന് ചരിത്രം പറയുന്നു. അറബികളായ മുസ്ലിം വ്യാപാരികൾക്ക് സാമൂതിരിമാരുമായുണ്ടായിരുന്നത് വളരെ ഊഷ്മളമായ സൗഹൃദമായിരുന്നു.സാമൂതിരി-അറബ് വ്യാപാരി ബന്ധം പരസ്പരാശ്രിതമായിരുന്നു. അറബികളുമായുള്ള വ്യാപാര ബന്ധങ്ങൾ സാമൂതിരിയുടെ രാജ്യത്തെ സമ്പൽ സമൃദ്ധമാക്കിയിരുന്നു. കോഴിക്കോട് രാജാക്കന്മാരായിരുന്ന പോളാർതിരിമാരെ അട്ടിമറിച്ചു ഭരണം നേടിയെടുക്കാൻ സാമന്തന്മാരായിരുന്ന സാമൂതിരിമാരെ സഹായിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് മുസ്ലിങ്ങളായിരുന്നുവെന്നതും സാമൂതിരിക്ക് മുസ്ലിങ്ങളോടുള്ള വാല്സല്യത്തിന് കരണമായിരുന്നിരിക്കണം. കോഴിക്കോട് സാമൂതിരിമാരുടെ സംരക്ഷണവും കേരളത്തിൽ ഇസ്‌ലാം മതത്തിന് പ്രചാരം ലഭിക്കുന്നതിന് കാരണമായി.[2] മുസ്ലീങ്ങൾക്ക് രാജ്യത്തിൽ പ്രബലമായ ശക്തിയുണ്ടായിരുന്നു. സാമൂതിരിയുടെ സഭയിലും അവർക്ക് വലിയ സ്ഥാനമാണുണ്ടായിരുന്നത്.ഷാ ബന്ദർ കോയയെ പോലുള്ള മുസ്ലിങ്ങൾ സാമൂതിരിയുടെ ഭരണത്തിൻ കീഴിൽ മന്ത്രിപദം അലങ്കരിച്ചിരുന്നു.ഉന്നത കുലജാതരും, ധനാഢ്യരുമായിരുന്ന അറബ് വ്യാപാരികൾക്ക് സാമൂതിരിമാർ സ്വന്തം നാട്ടിലെ നായർ യുവതിയുമായുള്ള വിവാഹ ബന്ധങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നു.ഇതിൽ പിറക്കുന്ന ആൺകുട്ടികൾ പിതാവിന്റെ മതം പിന്തുടരണം എന്ന രാജശാസനവുമുണ്ടായിരുന്നു.ഇതല്ലാതെ അറബ് വ്യാപാരികളുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരിൽ പലരും മതത്തിൽ ആകൃഷ്ടരായതോടെ ഇസ്‌ലാം മതം പതിയെ കേരളത്തിൽ വികാസം പ്രാപിച്ചു. അവർക്ക് വേണ്ട സഹായങ്ങൾ സാമൂതിരിമാരുടെ കരങ്ങളാൽ നൽകപ്പെട്ടു.അടുത്ത ഘട്ടത്തിൽ മുസ്ലിം മതത്തിലേക്ക് ഒരുമിച്ചുള്ള പരിവർത്തനങ്ങൾ നടക്കുന്നത് പോർച്ചുഗീസുകാരുടെ ആക്രമണങ്ങൾ പതിവായപ്പോഴാണ്. സമുദ്രയാത്ര മതപരമായ കാരണങ്ങളാൽ നിഷിദ്ധമാക്കപ്പെട്ടിരുന്ന സാമൂതിരിയുടെ നായർ പടയാളികളിൽ പലരും സാമൂതിരിയുടെ ആഹ്വാന പ്രകാരം മുസ്ലിമാവുകയും, കുഞ്ഞാലിയുടെ നാവിക സേനയിൽ അംഗങ്ങളാവുകയും ചെയ്യ്തു. നിരവധി മുക്കുവരും ഇത് പോലെ മാർക്കം കൂടി ഇസ്ലാമിലേക്ക് ചേർന്നു. 1498-ൽ പോർച്ചുഗീസുകാരുടെ വരവ് മുസ്ലീം സമുദായത്തിന്റെ സ്വാധീനം കുറയാൻ കാരണമായി. പിന്നീടുള്ള കോളനിഭരണകാലത്ത് അയിത്തം, തീണ്ടിക്കൂടായ്മ പോലുള്ള സാമൂഹിക ദുരാചാരങ്ങളിൽ നിന്നും മോചനമാഗ്രഹിച്ച അവർണർ "കീഴ്ജാതി" ഹിന്ദു വിഭാഗങ്ങൾ ഇസ്‌ലാം മതത്തിൽ ചേർന്നത് ഇസ്ലാമിന്റെ വളർച്ചയ്ക്ക് കാരണമായി. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ കേരളത്തിലെ മുസ്ലീങ്ങളിൽ ഭൂരിപക്ഷവും ഭൂരഹിതരായ കൃഷിക്കാരും,ചെറുകിട കച്ചവടക്കാരുമായിരുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടായത് പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ രാജ്യം നടത്തിയ ആക്രമണങ്ങളോടെയാണ്. 1766-നു ശേഷം കാൽ നൂറ്റാണ്ടോളം മുസ്ലീങ്ങളായിരുന്നു മലബാർ പ്രദേശത്തെ പ്രബല വിഭാഗം. ബ്രിട്ടീഷുകാരുടെയും ഹിന്ദു രാജാക്കന്മാരുടെയും സഖ്യം 1792-ൽ വിജയം നേടിയത് മുസ്ലീങ്ങൾ ഒരിക്കൽക്കൂടി സാമൂഹികമായി കീഴ്പ്പെടുന്നതിന് കാരണമായി.[3]
ഈ സാഹചര്യങ്ങൾ മാപ്പിള കലാപങ്ങൾ (1836-1919), മാപ്പിള ലഹള (1921-2) എന്നിങ്ങനെയുള്ള കലാപങ്ങൾക്ക് കാരണമായി.[3] കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ മുസ്ലീം സമുദായത്തിൽ കാര്യമായ സാമൂഹിക മാറ്റങ്ങളുണ്ടായിട്ടുണ്ട്.[4]
1930-കളിൽ അറേബ്യൻ മുനമ്പിൽ എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയതും 1950-കളുടെ ആദ്യം മുതൽ വൻതോതിൽ ഇത് കുഴിച്ചെടുക്കപ്പെടാൻ തുടങ്ങിയതും ഈ പ്രദേശത്തിന്റെ സാമ്പത്തികാവസ്ഥയ്ക്ക് വൻ മാറ്റങ്ങളുണ്ടാക്കി. 1972-1983 കാലഘട്ടത്തിൽ കേരള മുസ്ലീങ്ങളും മറ്റു മതവിഭാഗത്തിൽ പെട്ടവരും വൻതോതിൽ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് തൊഴിൽ തേടി പോകാൻ തുടങ്ങി. ഈ കുടിയേറ്റം ഇപ്പോഴും തുടരുന്നുണ്ട്. ഇവർ തൊഴിലാളികളായും, വീട്ടുപണിക്കാരായും, അവിദഗ്ദ്ധജോലിക്കാരായും മറ്റുമാണ് അധികവും ജോലി ചെയ്യുന്നത്. 2008-ൽ ഗൾഫ് രാജ്യങ്ങളിൽ 25 ലക്ഷത്തിലധികം മലയാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. വർഷം തോറും 6.81 ബില്യൺ ഡോളറാണ് ഇവർ നാട്ടിലേയ്ക്കയക്കുന്നത്. 2008-ൽ ഇന്ത്യയ്ക്ക് ഇത്തരത്തിൽ ലഭിച്ച വിദേശനാണ്യത്തിന്റെ 15% വരും ഇത്.
അവലംബം
തിരുത്തുക- ↑ "Population by religious community - 2011". 2011 Census of India. Office of the Registrar General & Census Commissioner. Archived from the original on 25 August 2015. Retrieved 25 August 2015.
- ↑ 2.0 2.1 The Legacy of Kerla - A. Sreedhara Menon - Google Books. Books.google.co.in. Retrieved 2012-11-16.
- ↑ 3.0 3.1 Communism in Kerala: A Study in Political Adaptation - Thomas Johnson Nossiter - Google Books. Books.google.co.in. Retrieved 2012-11-15.
- ↑ Cultural heritage of Kerala - A Sreedhara Menon - Google Books. Books.google.co.in. Retrieved 2012-11-16.
- ഡോ. എസ്. ഷറഫുദ്ദീൻ, മതം: ഇസ്‌ലാം, മലയാള മനോരമ ഇയർബുക്ക് 2006, കോട്ടയം (ഇന്ത്യ), 2006 ISSN 0970-9096