മസ്ജിദുന്നബവി

അറേബ്യയിലെ മദീനയിൽ സ്ഥിതിചെയ്യുന്ന മസ്ജിദ്


ഇസ്ലാംമത വിശ്വാസപ്രകാരം പവിത്രമായ രണ്ടാമത്തെ മസ്ജിദാണ് സൗദി അറേബ്യയിലെ മദീനയിൽ സ്ഥിതിചെയ്യുന്ന മസ്ജിദുന്നബവി (അറബി: اَلْمَسْجِد اَلنَّبَوِي [ʔælˈmæsdʒɪd ænnæbæwiː], "മലയാളം: പ്രവാചക പള്ളി"). അന്ത്യപ്രവാചകനായ മുഹമ്മദ് നബി ആദ്യമായി നിർമ്മിച്ച പള്ളിയാണിത്. പിന്നീട് വന്ന ഭരണകർത്താക്കൾ അത് വളരെയധികം വിസ്തൃതമാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്യുകയുണ്ടായി.

മസ്ജിദുന്നബവി
പ്രവാചകപ്പള്ളി
Coordinates: 24°28′06″N 39°36′39″E / 24.468333°N 39.610833°E / 24.468333; 39.610833
സ്ഥലം മദീന, സൗദി അറേബ്യ
സ്ഥാപിതം c. 622
Branch/tradition ഇസ്ലാം
ഭരണം Saudi Arabian government
നേതൃത്വം Imam(s):
Sheikh Hussain Abdul Aziz Aal Sheikh
വാസ്തുവിദ്യ വിവരങ്ങൾ
ശൈലി Classical and contemporary Islamic; Ottoman; Mamluk revivalist
ശേഷി 600,000 (increased to 1,000,000[1] during the hajj period)
മിനാരം(ങ്ങൾ) 10
മിനാരത്തിൻ്റെ ഉയരം 105 meters (344 ft)

വെബ്സൈറ്റ്: Haramain Thread

മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത പ്രാവാചകൻ എ.ഡി 622 ലാണ് ഈ പള്ളി നിർമ്മിച്ചത്. മദീനയിൽ പ്രവാചകൻറെ വീടിനോട് ചേർന്നാണ് പള്ളി സ്ഥാപിച്ചത്. പ്രവാചകന്റെ വീടിന്റെയും പ്രസംഗ പീഠത്തിന്റെയും ഇടയിലുള്ള സ്ഥലമാണ് റൗളാ ശരീഫ് എന്നറിയപ്പെടുന്നത്. മസ്ജിദ് പുതുക്കി പണിതപ്പോൾ ഇത് മസ്ജിദിൻറെ ഏകദേശം മധ്യത്തിലായി. പ്രവാചകൻ മുഹമ്മദ്‍നബിയുടെ ഖബറിടം, ഈ പള്ളിക്കടുത്തുള്ള ആയിശയുടെ വീട്ടിലാണ്. പ്രവാചകന്റെ ഖബർ ആർക്കും കാണാൻ സാധിക്കാത്ത വിധം 3 ഭിത്തികൾക്കുള്ളിലാണ്. പള്ളി വിപുലീകരിച്ചപ്പോൾ വീട് പള്ളിക്കുള്ളിലാവുകയായിരിന്നു. ഖലീഫമാരായ അബൂബക്കർ സിദ്ധീഖ്‌, ഉമർ ബിൻ ഖതാബ്‌ എന്നിവരേയും മറവ് ചെയ്തിരിക്കുന്നത് ഇവിടെയാണ്.

ചരിത്രം

തിരുത്തുക
 

ഏകദേശം സമചതുരാകൃതിയിൽ മേൽകൂരയില്ലാതെയാണ് മുഹമ്മദ്‌ നബി മസ്ജിദ് പണിതത്. ഖുർ ആൻ പാരായണത്തിന് മസ്ജിദിൽ പ്രത്യേകം പ്രതലമൊരുക്കിയിരുന്നു. മസ്ജിദിൻറെ നീളവും വീതിയും യഥാക്രമം 30,35 മീറ്റർ വീതമായിരുന്നു. മുഹമ്മദ്‌ നബി നിർമിച്ച മസ്ജിദിന് 3 വാതിലുകളാണ് ഉണ്ടായിരുന്നത്. തെക്ക് ഭാഗത്ത് ബാബുറഹ്മ, പടിഞ്ഞാറ് ഭാഗത്ത് ബാബുജിബ്രീൽ, കിഴക്ക് ഭാഗത്ത് ബാബുന്നിസാ. ഏഴു വർഷത്തിന് ശേഷം ഏ.ഡി 629 ൽ മസ്ജിദിൻറെ വലിപ്പം ഇരട്ടിയാക്കി. പള്ളിയോട് ചേർന്ന് കോടതി, മതപഠന കേന്ദ്രം, സാമൂഹിക കേന്ദ്രം എന്നിവയും പ്രവർത്തിച്ചു. ഏ.ഡി 707 ൽ ഉമയ്യദ് ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക് പഴയ മസ്ജിദ് മാറ്റി വലുതാക്കി പണിതു.ഒപ്പം പ്രവാചകൻറെ അന്ത്യവിശ്രമ സ്ഥാനത്ത് മഖ്ബറയും(കുടീരം) പണിതു.ഈ ഘട്ടത്തിൽ മസ്ജിദിൻറെ നീളവും വീതിയും 84,100 മീറ്റർ വീതമായിരുന്നു.ഒപ്പം തേക്കിൽ തീർത്ത് മേൽക്കൂരയും പണിതു. ചുമരുകൾ മൊസയ്ക്ക് (വെണ്ണക്കല്ല്) കൊണ്ട് അലങ്കരിച്ചു.അബ്ബാസിയ ഖലീഫ അൽ മഹ്ദി പള്ളിയുടെ വടക്ക് ഭാഗം വീണ്ടും വിപുലമാക്കി. കിഴക്കും പടിഞ്ഞാറും എട്ടു വീതവും വടക്ക് നാലുമായി 20 വാതിലുകളും അദ്ദേഹം പണിതു.

വിപുലീകരണം

തിരുത്തുക
 
ഒട്ടോമാൻ കാലത്തെ മസ്ജിദുന്നബവിയുടെ രൂപം
 
മസ്ജിദുന്നബവിയുടെ ഉൾവശം

വിവിധ ഘട്ടങ്ങളിലെ വിപുലീകരണത്തിലൂടെയാണ് ഇന്നുള്ള രീതിയിൽ മസ്ജിദുന്നബവി വിശാലമായത്. AD 622-ൽ മക്കയിൽ നിന്ന് പലായനം ചെയ്തെത്തിയ മുഹമ്മദ്‌ നബി ശിഷ്യരോടൊപ്പം മണ്ണും മരവും ചുമന്ന് നിർമ്മിച്ചതാണ്‌ മസ്ജിദുന്നബവി. ചളികട്ട കൊണ്ടുള്ള ചുമരുകൾക്കിടയിൽ ഈന്തപ്പനത്തടി തൂണാക്കി ഈന്തപ്പനയോല മേഞ്ഞ 1050 ചതുരശ്ര മീറ്ററിൽ നിർമ്മിക്കപ്പെട്ട ലളിതമായ ഒരു കെട്ടിടംആയിരുന്നു അന്ന്. പിന്നീട്‌ AD 628 -ൽ നബിയുടെ ജീവിതകാലത്ത്‌ തന്നെ 2500 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നവീകരിച്ചു. നബിയുടെ വിയോഗശേഷം AD 638-ൽ രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത്‌ ആദ്യമായി 4200 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ആറ്‌ കവാടങ്ങളുമായി മസ്ജിദ്‌ നവീകരിച്ചു. പിന്നീട്‌ മൂന്നാം ഖലീഫ ഉസ്മാന്റെ കാലത്ത്‌ വീണ്ടും നവീകരിച്ചു. അന്ന് മസ്ജിദിനകത്തെ ഇഷ്ടികകൾ അറബിക്‌ കൈയെഴുത്ത്‌ കൊണ്ട്‌ അലങ്കരിച്ചു. സീലിംഗ്‌ ഇന്ത്യൻ വുഡ്‌ കൊണ്ടും തൂണുകൾ ഇരുമ്പും ഈയവും ഉപയോഗിച്ച്‌ മാറ്റിപ്പണിതു. കൂടാതെ പ്രാർത്ഥനയ്ക്‌ നേതൃത്വം നൽകുന്നവർക്കായി ഒരു മിഅറാബും ഖലീഫ ഉസ്മാന്റെ കാലത്ത്‌ നിർമ്മിക്കപ്പെട്ടു. പിന്നീട്‌ അബ്ബാസിയ ഭരണാധികാരി ഉമറുബ്നു അബ്ദുൽ അസീസിന്റെ നിർദ്ദേശ പ്രകാരം മദീന ഗവർണർ ആയിരുന്ന വലീദ്‌ ബിൻ അബ്ദുൽ മലിക്‌ ആയിരുന്നു പള്ളി നവീകരിച്ചത്‌. അതോടെ മസ്ജിദ്‌ 2369 ചതുരശ്ര മീറ്റർ കൂടി ചേർത്ത്‌ വിശാലമാക്കുകയും നാല്‌ മിനാരങ്ങൾ കൂട്ടിചേർക്കുകയും ചെയ്തു. പിന്നീട്‌ അബ്ബാസിയ ഭരണാധികാരി തന്നെയായ ഖലീഫ മഹ്ദി അൽ അബ്ബാസി 2450 ചതുരശ്ര മീറ്റർ കൂടി വികസിപ്പിച്ചു. AD 1483-ൽ സുൽത്താൻ ഖൈതബിയുടെ നവീകരണത്തിന്‌ ശേഷം ഓട്ടോമൻ തുർക്കി ഖലീഫയായിരുന്ന അബ്ദുൽ മജീദ്‌ മുറാദ്‌ അൽ ഉസ്മാനി AD 1844-1861യുടെ കാലത്താണ്‌ നവീകരിച്ചത്‌. റൌദാശരീഫിന്‌ മുകളിൽ പച്ച ഖുബ്ബ സ്ഥാപിച്ചതും കൂടാതെ മറ്റു 170 ഖുബ്ബകൾ സ്ഥാപിച്ചതും മസ്ജിദിന്റെ വിസ്തീർണ്ണം വീണ്ടും വർദ്ധിപ്പിച്ചതും ഇക്കാലത്തായിരുന്നു. പ്രവാചകരുടെ കാലത്തുണ്ടായിരുന്ന മസ്ജിന്റെ ഭാഗം പ്രത്യേകം അടയാളപ്പെടുത്തുകയും ചെയ്തു. പിന്നീട്‌ സൌദീ രാജവംശത്തിലെ അബ്ദുൽ അസീസ്‌ രാജാവിന്റെ കാലത്ത്‌ മസ്ജിന്റെ വലിപ്പം 16327 ചതുരശ്ര മീറ്റർ ആക്കി വികസിപ്പിച്ചു.

വിപുലീകരണ പദ്ധതികൾ

തിരുത്തുക
 
മസ്ജിദുന്നബവിയുടെ മുറ്റത്ത് വെയിലിൽ നിന്നും മഴയിൽ നിന്നും തീർത്ഥാടകർക്കു സം‌രക്ഷണം നൽകുന്ന കുടകൾ

സന്ദർശകൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി മദീന ഹറം വിപുലീകരണത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. മക്കാ ഹറമിന്റെ വിപുലീകരണത്തിന് അനുസൃതമായി 16 ലക്ഷം സന്ദർശകരെ ഉൾക്കൊള്ളാനാവും വിധം വിശാലമായ വികസനത്തിനാണ് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് നിർദ്ദേശം നൽകിയിട്ടുള്ളത്. ആദ്യഘട്ട വികസനത്തിൽ എട്ടുലക്ഷം പേർക്കാണ് സൗകര്യമൊരുക്കുക. രണ്ടും മൂന്നുംഘട്ടങ്ങളിലായി കിഴക്കും പടിഞ്ഞാറും മുറ്റങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതോടെ വീണ്ടുമൊരു എട്ടു ലക്ഷത്തിനു കൂടി സൗകര്യമൊരുങ്ങും. വർഷം തോറും ഹജ്ജ്, ഉംറ തീർഥാടകരുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമാതീതമായ വർധനവിനെ ഉൾക്കൊള്ളാനാവുന്ന വിധത്തിലുള്ള വിശാലമായ വികസനപ്രവർത്തനങ്ങളാണ് അബ്ദുല്ല രാജാവ് ആരംഭിച്ചിട്ടുള്ളത്. വികസന പ്രവർത്ത്നങ്ങളോടനുബന്ധിച്ചു നിർമ്മാണം നടക്കുന്ന ഹറമൈൻ റെയിൽ നിർമ്മാണവും അന്തിമ ഘട്ടത്തിലാണ്.

മദീനയിലെ മസ്ജിദുന്നബവികാര്യ ഏജൻസി മസ്ജിദുന്നബവിയിൽ നടപ്പാക്കുന്ന പുതിയ സംവിധാനമാണ് ഇ-ഗേറ്റ്. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് വിശ്വാസികൾക്ക് മദീനയിലെ പ്രവാചക പള്ളിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഔദ്യോഗികമായി വെബ്‌സൈറ്റിലൂടെ ലഭ്യമാകും. ഇ-ഗേറ്റ് സംവിധാനത്തിലൂടെ എല്ലാ ഹജ്ജ്-ഉംറ തീർഥാടകർക്കും മദീനയിലെ തങ്ങളുടെ താമസ സൗകര്യം സംബന്ധിച്ച് നാട്ടിൽനിന്ന് പുറപ്പെടുന്നതിന് മുമ്പു തന്നെ വെബ്‌സൈറ്റിൽനിന്ന് കൃത്യമായി അറിയാൻ സാധിക്കും. താമസ സ്ഥലത്തെ കുറിച്ച പ്രാഥമിക വിവരങ്ങൾക്ക് പുറമെ മേൽവിലാസവും ഇതിലുണ്ടാകും. സ്ത്രീകൾക്ക് മദീന പള്ളിയിലെ സന്ദർശന സമയങ്ങൾ, റൗദ ശരീഫിൽ സ്ത്രീകളുടെ പ്രവേശന സമയം തുടങ്ങിയ വിവരങ്ങൾ ലഭിക്കും. ഇരുഹറമുകളുടെ വിശദമായ ചരിത്രം, സൗദി അറേബ്യ സ്ഥാപിതമായത് മുതൽ അബ്ദുല്ല രാജാവിന്റെ ഭരണകാലം വരെ ഇവയുടെ വികസനം തുടങ്ങിയവ വെബ്‌സൈറ്റിൽ പ്രതിപാദിക്കും. പ്രവാചകന്റെ ജീവചരിത്രം വിശദീകരിക്കുന്ന വെബ്‌സൈറ്റ് വ്യത്യസ്ത ഭാഷകളിൽ ലഭ്യമാകും. കൂടാതെ കഅബയുടെ കിസ്‌വ നിർമ്മിക്കുന്ന ഫാക്ടറിയെ കുറിച്ചും ഇതിൽനിന്ന് അറിയാം. മദീന പള്ളിയിൽ സൌദി രാജാവിന്റെ നേതൃതുവത്തിൽ വൻ വികസനം നടക്കുന്നു ഏതാണ്ട് 2013 ഇൽ തുടങ്ങി 2017 ഇൽ അവസാനിക്കുന്ന വിധത്തിൽ ദ്രുത ഗതിയിൽ വികസനം നടക്കുന്നു

പച്ച ഖുബ്ബ

തിരുത്തുക

ഹിജ് റ 600ൽ ഖലാവുദ്ധീൻ രാജാവിന്റെ കാലത്താണ് ആയിശ(റ) വീടിനുമുകളിലായി പച്ച താഴികക്കുടങ്ങൾ നിർമ്മിച്ചത്. ആദ്യം അതിന്റെ നിറം നീലയായിരിന്നു.

ഇവയും കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. "WMN". Retrieved 26 November 2020.
  • ഗൾഫ് മനോരമ ഹജ് സ്പെഷൽ, 2008 ഒക്ടോബർ 31 വെള്ളി.


"https://ml.wikipedia.org/w/index.php?title=മസ്ജിദുന്നബവി&oldid=3479442" എന്ന താളിൽനിന്ന് ശേഖരിച്ചത്