സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ

അതിപ്രഗൽഭനായ മുസ്‌ലിം പണ്ഡിതൻ


പതിനാറാം നൂറ്റാണ്ടിൽ കോഴിക്കോട് ജില്ല (ഇന്നത്തെ ഇന്ത്യ രാജ്യത്തെ കേരള സംസ്ഥാനത്തിലെ കോഴിക്കോട് ജില്ല) ജീവിച്ച അതിപ്രഗൽഭനായ[1] ഒരു മുസ്‌ലിം പണ്ഡിതനും, ഖാദിരിയ്യ സരണിയിലെ ആത്മീയജ്ഞാനിയും , സാമൂഹിക പരിഷ്കർത്താവും ഗ്രന്ഥകാരനുമാണ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ എന്ന സൈനുദ്ദീൻ മഖ്ദൂം അൽ സ്വഗീർ . പൂർണനാമം അഹ്മദ് സൈനുദ്ദീനു ബ്നു മുഹമ്മദിൽ ഗസ്സാലി ബ്നു സൈനുദ്ദീനു ബ്നു അലിയ്യു ബ്നു അഹ്മദ്. [2]കേരളത്തിലെ ആദ്യകാല ചരിത്രഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ'[3] (പോരാളികൾക്കുള്ള പാരിതോഷികം) എന്ന ഗ്രന്ഥത്തിന്റെ രചന ഇദ്ദേഹമാണ് നിർവ്വഹിച്ചത്[4][5]. അക്രമികളായ പോർച്ചുഗീസുകാർക്കെതിരെ മുസ്‌ലിങ്ങളെ വിശുദ്ധ സമരത്തിന്‌ (ജിഹാദ്) ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്‌.[6]

ഇസ്ലാമിക പണ്ഡിതൻ സൂഫി വര്യൻ
അഹമ്മദ് സൈനുദ്ദീന് മഖ്ദൂം
ജനനം1530
ചോമ്പാല മാഹി
മരണം1583
ചോമ്പാല
വിഭാഗംഖാദിരിയ്യ, ശാഫിഇ, അശ്അരി
പ്രധാന താല്പര്യങ്ങൾസൂഫിസം
ശ്രദ്ധേയമായ ആശയങ്ങൾശാഫിഈ കർമ്മശാസ്ത്ര ഗവേഷണങ്ങൾ

ആദ്യകാലം

തിരുത്തുക

സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ എന്ന പേരിൽ അറിയപ്പെടുന്ന സൈനുദ്ദീൻ ഇബ്‌നു അലി ഇബ്‌നു അഹമ്മദ് അൽ മഹ്ബരിയുടെ മകനായ ശൈഖ് മുഹമ്മദ്‌ അൽ ഗസ്സാലിയുടെ പുത്രനായി എ.ഡി. 1531ൽ വടക്കേ മലബാറിലെ മാഹിക്കടുത്ത ചോമ്പാലിലാണ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ ജനനം. ചോമ്പാലിലെ വലിയകത്ത് കരകെട്ടി എന്ന തറവാട്ടുകാരിയായിരുന്നു മാതാവ്. വടക്കേ മലബാർ ഖാദിയായിരുന്ന മുഹമ്മദ്‌ അൽ ഗസ്സാലി ആയിരുന്നു പിതാവ്. സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ ജനന മരണത്തെ കുറിച്ചും, മക്കൾ, പത്നി എന്നിവരെ കുറിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.[7]ഖുർആൻ, പ്രാഥമിക അറിവുകൾ എന്നിവ എന്നിവയെ കുറിച്ച് മഖ്ദൂമിനു ആദ്യഅറിവു പകർന്നു നൽകിയത് ഇദ്ദേഹമായിരുന്നു. മുഹമ്മദ് അൽ ഗസ്സാലി മഖ്ദൂമിന്റെ ചെറുപ്പത്തിലെ മരണപ്പെട്ടു. പിതൃ സഹോദരനായ പൊന്നാനി ദർസിലെ മുഖ്യാധ്യാപകൻ മഖ്ദൂം അബ്ദുൽ അസീസിന്റെ സംരക്ഷണയിലാണ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ വളർന്നത്‌. അദ്ദേഹം തന്നെയായിരുന്നു പ്രഥമ ഗുരുനാഥൻ. മൗലാനാ ഇസ്മാഈൽ ബാദുക്കലി (ബട്ക്കൽ) , അസീസ് മഖ്ദൂം എന്നിവരിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം മഖ്ദൂം സ്വഗീർ ഉപരിപഠനത്തിന് മക്കയിലേക്ക് പോയി. മക്കയിലെ ഹറമിൽ , ശൈഖ് മുഹമ്മദ് ഇബ്നു അഹമദ് റംലി, ശൈഖ് അബ്ദു റഊഫുല് മക്കിയ്യി തുടങ്ങിയ പ്രശസ്ത പണ്ഡിതന്മാർക്ക് കീഴിൽ അദ്ദേഹം 10വർഷം പഠനം നടത്തി. ശാഫിഈ മദ്ഹബിലെ പ്രശസ്ത കർമ ശാസ്ത്ര ഗ്രന്ഥമായ തുഹ്ഫയുടെ രചയിതാവ് ഇബിനു ഹജറിൽ ഹൈതമിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥൻ.[8] ആത്മീയ പാതയിൽ സുപ്രസിദ്ധ സൂഫി വര്യൻ ശൈഖ് മുഹമ്മദുല് സിദ്ദീഖി ബകരിയിൽ നിന്നും ഖാദിരിയ്യ സരണിയും ആത്മീയ ബഹുമതിയായ ഖിർക്കയെന്ന സ്ഥാന വസ്ത്രവും പന്ത്രണ്ടോളം തവണ കരസ്ഥമാക്കിയ മഖ്ദൂം സ്വഗീർ അറബി, ഉറുദു, പേര്ഷ്യന് ഭാഷകളിലും വ്യുല്പത്തി നേടിയിരുന്നു. കര്മ്മശാസ്ത്രത്തിലും , നബി ചര്യയിലും അഗാധ ജ്ഞാനം നേടിയിരുന്ന ഇദ്ദേഹത്തെ മുഹദ്ദിസ് ആയിട്ടാണ് മക്കയിലെ പണ്ഡിതന്മാർ കണക്കാക്കിയിരുന്നത്.

പ്രവർത്തനങ്ങൾ

തിരുത്തുക

മക്കയിൽ നിന്നും വിദ്യാഭ്യാസം പൂര്ത്തിയാക്കി പൊന്നാനിയിലേക്ക് തിരിച്ചെത്തിയ മഖ്ദൂം രണ്ടാമൻ പൊന്നാനി വലിയ പള്ളിയിൽ മുദരിസായി അധ്യാപനം ആരംഭിച്ചു. പൊന്നാനി ദർസ് ലോക പ്രശസ്ത കലാലയമായി മാറുന്നത് ഈ കാലയളവിലായിരുന്നു. [9] പ്രസംഗത്തിലും രചനയിലും ഒരു പോലെ വിളങ്ങി നിന്നിരുന്ന മഖ്ദൂം മലബാർ കീഴടക്കാനെത്തിയ പോര്ചുഗീസുകാര്ക്കെതിരെ സാമൂതിരിയെ സഹായിക്കുകയും പറങ്കികൾക്കെതിരെ പ്രാദേശിക മുസ്ലിങ്ങളെയും ,ഇതര മുസ്ലിം രാജാക്കന്മാരുടെയും കൂട്ടായ്മ ഉണ്ടാക്കുവാൻ യത്നിക്കുകയും ചെയ്തു . മുഗൾ ചക്രവര്ത്തി അക്ബർ ഷാ, ബീജാപ്പൂർ സുല്ത്താന് ആദില് ഷാ, തുര്ക്കി സുല്ത്താന് പോര്ച്ചുഗീസുകാര്ക്കെതിരെ ആഗോള കൂട്ടായ്മക്കായ് പരിശ്രമിച്ചു. കുഞ്ഞാലി രണ്ടാമനടക്കമുള്ള പറങ്കി വിരുദ്ധരായ മുരീദന്മാർക്കു മാർഗ്ഗ നിർദ്ദേശങ്ങൾ പകർന്നു നൽകാനും മഖ്ദൂം രണ്ടാമൻ മുൻപന്തിയിലുണ്ടായിരുന്നു. ചാലിയം കോട്ട സാമൂതിരിയുടെ നേതൃത്വത്തിൽ ഉപരോധിച്ച് കീഴടക്കിയ അസുലഭ മുഹൂർത്തത്തിന് സാക്ഷിയായ പ്രമുഖനാണ് സൈനുദ്ദീൻ മഖദൂം രണ്ടാമൻ. വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ദീർഘകാലത്തെ സഞ്ചാരങ്ങൾക്കു ശേഷം കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം തൻറെ സാമൂഹ്യ രംഗപ്രവേശനത്തിൻറെ ആദ്യം ഘട്ടം മുതൽ തന്നെ പറങ്കികൾക്കെതിരെയുള്ള പ്രതിരോധ നീക്കങ്ങൾക്ക് ആദർശ പിൻബലമേകിയിട്ടുണ്ട്. മാത്രമല്ല, സാമൂതിരിക്ക് വേണ്ടി ഇന്ത്യയിലെയും വിദേശത്തെയും മുസ്ലിം ഭരണാധികാരികളുമായി നയതന്ത്ര ബന്ധങ്ങൾ പുലർത്തിയിരുന്നതും അദ്ദേഹമായിരുന്നു.[10]

ഫത്ഹുല് മുഈൻ എന്ന ശാഫിഈ കർമ്മശാസ്ത്ര ഗ്രന്ഥം നിരവധി ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും കൈറോയിലടക്കം നിരവധി ഇസ്ലാമിക യൂണിവേഴ്സിറ്റികളിൽ പഠന വിഷയമാണീ ഗ്രന്ഥം . ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഉര്ദു തുടങ്ങി മിക്ക ലോക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട വിശ്വ പ്രസിദ്ധമായ തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ചരിത്ര ഗ്രന്ഥത്തിന്റെയും രചയിതാവും ഇദ്ദേഹമാണ്. അഹ്കാമുന്നികാഹ്, മന്ഹജുല് വാളിഹ്, ഫതാവല് ഹിന്ദിയ്യ തുടങ്ങി മറ്റ് നിരവധി ഗ്രന്ഥങ്ങള് ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. "സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ കർമ്മശാസ്ത്ര സംഭാവനകൾ" എന്ന വിഷയത്തിൽ 2015ൽ ഈജിപ്തിലെ കെയ്റൊ യൂണിവേഴ്സിറ്റിയിലെ ദാറുൽ ഉലൂം ഫാക്വൽറ്റിയിൽ ഗവേഷണ പ്രബന്ധം സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഡോ: അബ്ദുൽ ബർറ് വാഫി അൽ അസ്ഹരിയാണ് ഗവേഷകൻ, ഈ ഗ്രന്ഥം 'വാഫി ബുക്സ്' പ്രസിദ്ധീകരിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

വിശ്രുത പണ്ഡിതൻ , ധീര രാജ്യസ്നേഹി , മഹാ സാമൂഹ്യ പരിഷ്കർത്താവ്, ചരിത്രകാരൻ എന്നീ നിലകളിൽ പ്രശോഭിച്ചു നിന്ന സൈനുദ്ദീൻ മഖ്ദൂം അൽ സ്വഗീർ 1583 / 84 ഇൽ മാഹിക്കടുത്ത ചോമ്പാലിൽ വെച്ചു നിര്യാതനായി.മഖ്ദൂം സഗീറിൻറെ ജനനം രേഖപ്പെടുത്താത്ത പലരും മരണം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യത്യസ്താഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈജിപ്ഷ്യൻ ചരിത്രകാരനായ ശൈഖ് മുഹമ്മദ് അബ്ദുൽ മനഇം അന്നുമൈരി തൻറെ ത്വരീഖതുൽ ഇസ്ലാം ഫിൽ ഹിന്ദ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞത് മഖ്ദൂം സഗീർ ഹിജ്‌റ 991ൽ മരണപ്പെട്ടു എന്നാണ്. ഓറിയൻറലിസ്റ്റ് ചരിത്രകാരനായ ജോർജ് സൈദാൻ തൻറെ ത്വരീഖു അദബില്ലുഗത്തിൽ അറബിയിൽ രേഖപ്പെടുത്തിയത് മഖ്ദൂം സഗീറിൻറെ മരണം 978ലാണെന്നാണ്. അദേയവസരം സൈനുദ്ദീൻ മഖ്ദൂം അഖീറിൻറെ പുത്രനും പ്രമുഖ പണ്ഡിതനുമായ അല്ലാമാ അഹ്മദ് ബാവാ മഖ്ദൂം മരണ തീയതി കൃത്യമായി ദൈവത്തിനറിയാം എന്നാണ് പറയുന്നത്.[11] മാഹിക്കടുത്തുള്ള ചോമ്പാല കുഞ്ഞിപ്പള്ളി എന്ന ആരാധനാലയ ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ ഖബർ സ്ഥിതിചെയ്യുന്നത്.

ഗ്രന്ഥങ്ങൾ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
  1. http://www.sirajlive.com/2015/04/20/177390.html Archived 2016-03-07 at the Wayback Machine. ശൈഖ് സൈനുദ്ദീന് മഖ്ദൂം: ഇന്ഡോ-അറബ് ബന്ധത്തിന്റെ മുഖ്യ ശില്പി കെ എൻ കുറുപ്പ്
  2. http://www.musliyar.com/frontend/bio_read_more/16 BIOGRAPHY മഖ്ദൂം രണ്ടാമന്(റ)[പ്രവർത്തിക്കാത്ത കണ്ണി]
  3. P Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 3. Archived from the original (PDF) on 2020-07-26. Retrieved 1 ഡിസംബർ 2019.
  4. Encyclopaedia Of Islam-Volume 6. E.J Brill. p. 458. Retrieved 3 ഒക്ടോബർ 2019.
  5. വില്ല്യം ലോഗൻ. മലബാർ മാന്വൽ-1. p. 136. Retrieved 9 സെപ്റ്റംബർ 2019.
  6. കേരള മുസ്ലിംകൾ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രത്യായശാസ്ത്രം - കെ.ടി.ഹുസൈൻ (ഐ.പി.എച്ച് കോഴിക്കോട്‌
  7. മലയാളത്തിലെ മഹാരഥന്മാർ, നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാർ (പേ.22)
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-05. Retrieved 2015-08-10.
  9. http://risalaonline.com/2015/09/11/6117 മഖ്ദൂമുമാരുടെ പണ്ഡിതമാതൃക[പ്രവർത്തിക്കാത്ത കണ്ണി]
  10. മാപ്പിള സമരങ്ങളുടെ മതവും രാഷ്ട്രീയവും, സൈനുദ്ദീൻ മന്ദലാംകുന്ന്(പേ.70)
  11. മലയാളത്തിലെ മഹാരഥന്മാർ, നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാർ (പേ.23)

, ,