അപ്പോസ്തലിക ഭരണക്രമം
ക്രിസ്തുവിനുശേഷം നാലാം നൂറ്റാണ്ടിൽ സമാഹരിച്ച ക്രൈസ്തവ സഭാനിയമങ്ങളുടെ ഒരു സംഗ്രഹമാണ് അപ്പോസ്തലിക ഭരണക്രമം. ക്ലെമെന്റിന്റെ അപ്പോസ്തലൻമാരുടെ നിയമങ്ങൾ (Clement's Apostolic Constitutions) എന്നാണ് ഇതിന്റെ ശരിയായ പേര്. അപ്പോസ്തലൻമാർ നൽകിയ ഈ നിയമങ്ങൾ അവരുടെ പിൻഗാമിയും റോമിലെ മെത്രാനുമായിരുന്ന ക്ലെമെന്റ് ഒന്നാമനിലൂടെ സഭയ്ക്കു ലഭിച്ചു എന്നാണ് ഇതിൽ നിന്നും അനുമാനിക്കേണ്ടത്. പുരോഹിതന്മാർക്കുള്ള കാനോൻ നിയമങ്ങളും ക്രൈസ്തവ ധാർമികസംഹിതകളും ഇതിൽ വിശദീകരിച്ചിരിക്കുന്നു. തിരുനാളുകൾ, നോമ്പുകൾ, ശീശ്മാപാഷണ്ഡത, അന്ത്യോഖ്യൻ ആരാധനക്രമം, മാമ്മോദീസാ, മൂറോനഭിഷേകം, ക്രൈസ്തവ ശവസംസ്കാരം എന്നിങ്ങനെ പല പ്രധാന വിഷയങ്ങളും ഇതിലുണ്ട് (5-15; 46-49).
എട്ടുപുസ്തകങ്ങളുടെ സമാഹാരം
തിരുത്തുകഎട്ടു പുസ്തകങ്ങളുടെ സമാഹാരമായ ഈ ഗ്രന്ഥത്തെ മൂന്നായി വിഭജിക്കാം
അപ്പോസ്തലന്മാരുടെ പഠനങ്ങൾ
തിരുത്തുകആദ്യത്തെ ആറു പുസ്തകങ്ങൾ കാലാനുസൃതമായ പരിഷ്കാരങ്ങളും ഭേദഗതികളും വരുത്തിയ അപ്പോസ്തലന്മാരുടെ പഠനങ്ങൾ (Didascalia Dpostolorum) ആണ്.
ഡിഡാക്കെയുടെ വിപുലീകരണം
തിരുത്തുകഏഴാമത്തെ പുസ്തകം 'ഡിഡാക്കെ'(ഉശറമരവല)യുടെ വിപുലീകരണമാണ് (അധ്യാ. 1.32). കൂടാതെ 23-38; 47-49 എന്നീ അധ്യായങ്ങളിൽ സ്നാനാർഥികൾക്കുള്ള ഉപദേശങ്ങളും 32-45 അധ്യായങ്ങളിൽ മാമ്മോദീസായുടെ ക്രമവും നൽകുന്നു. അപ്പോസ്തലൻമാർ അഭിഷേകം ചെയ്ത മെത്രാൻമാരുടെ ലിസ്റ്റാണ് 46-ആം അധ്യായത്തിന്റെ ഉള്ളടക്കം
ഹിപ്പോളിറ്റസിന്റെ ആധ്യാത്മിക ദാനങ്ങൾ
തിരുത്തുകഏറ്റവും പ്രധാനപ്പെട്ടതാണ് എട്ടാമത്തെ പുസ്തകം. റോമിലെ ഹിപ്പോളിറ്റസിന്റെ അധ്യാത്മിക ദാനങ്ങളെപ്പറ്റി (Concerning Spiritual Gifts), അപ്പോസ്തലിക പാരമ്പര്യം (Apostolic Tradition) എന്നീ ഗ്രന്ഥങ്ങൾ ഇതിന്റെ നിർമിതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും അധ്യായങ്ങളിൽ വിവിധ വരങ്ങളെപ്പറ്റി (Charismata) പ്രതിപാദിക്കുന്നു. 3 മുതൽ 27 വരെയുള്ള അധ്യായങ്ങൾ അന്ത്യോഖ്യൻ ആരാധനാക്രമമാണ്. 5-15 വരെയുള്ള അധ്യായങ്ങളിൽ ക്ലെമന്റിന്റെ ക്രമം എന്ന് പ്രസിദ്ധമായ മെത്രാഭിഷേക കർമവും 6-15 വരെയുള്ള അധ്യായങ്ങളിൽ അന്ത്യോഖ്യൻ കുർബാനക്രമവും ഉൾക്കൊള്ളിച്ചിരിക്കുന്നു. അവസാനമായി 28 മുതൽ 46 വരെയുള്ള അധ്യായങ്ങളിൽ ക്രൈസ്തവ സമൂഹത്തിന്റെ ജീവിതരീതിക്കുവേണ്ടി വിവിധ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നു. അപ്പോസ്തലിക നിയമങ്ങൾ (Apostolic Canon) എന്നറിയപ്പെടുന്ന 85 കാനോനകളോടെയാണ് ഈ ഭാഗം സമാപിക്കുന്നത് (അധ്യാ. 47). ബൈബിൾ ഗ്രന്ഥങ്ങളുടെ ഒരു ലിസ്റ്റും ഇതോടൊപ്പമുണ്ട്. അതനുസരിച്ച് അപ്പോസ്തലിക ഭരണക്രമവും ക്ലെമെന്റിന്റെ ലേഖനങ്ങളും ബൈബിൾ ഗ്രന്ഥങ്ങളാണ്. വെളിപ്പാടുപുസ്തകം ഈ പട്ടികയിൽ ചേർത്തിട്ടുമില്ല.
ചില വൈരുദ്ധ്യങ്ങളൊക്കെ അവിടവിടെ കാണാമെങ്കിലും ഒരാളിന്റെ പ്രയത്നമാണ് ഈ സമാഹാരത്തിന്റെ പിന്നിലുള്ളതെന്നു നിസ്സംശയം പറയാം. ഈ സമാഹരണം നാലാം നൂറ്റാണ്ടിൽ സിറിയയിൽ വച്ചു നടന്നിരിക്കണം എന്ന് ഊഹിക്കപ്പെടുന്നു; കാരണം അക്കാലത്തെ അന്ത്യോഖ്യൻ ആരാധനാക്രമമാണ് ഇതിൽ ചേർത്തിരിക്കുന്നത്.
അവലംബം
തിരുത്തുക- http://www.newadvent.org/cathen/01636a.htm
- http://www.newadvent.org/fathers/0715.htm
- http://www.piney.com/DocAposConstitu2.html Archived 2008-04-16 at the Wayback Machine.
- http://www.ccel.org/ccel/schaff/anf07.toc.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പോസ്തലിക ഭരണക്രമം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |