ക്രിസ്തുമസ്

ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനം.

ക്രിസ്തുമസ് അഥവാ നത്താൾ ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌.

പുൽക്കുട്
ക്രിസ്തുമസ്സിനെ അനുസ്മരിപ്പിക്കുന്ന ഒരു ചിത്രം.

ഉദ്ഭവം തിരുത്തുക

ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബർ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാർക്ക്‌ അജ്ഞാതമാണ്‌. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടുമുതലാണ്‌ ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ്‌ കരുതപ്പെടുന്നത്‌.

റോമാ സാമ്രാജ്യത്തിന്റെ പിന്തുടർച്ചയായി ക്രിസ്തുമതത്തിലേക്ക്‌ കുടിയേറിയതാണ്‌ ക്രിസ്തുമസ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ ഐക്യമുണ്ട്‌. എന്നു മുതൽ എന്നതിലാണ്‌ തർക്കം. റോമൻ സംസ്കാരത്തിൽ ഡിസംബർ 25 സൂര്യദേവന്റെ ജന്മദിനമായാണ്‌ ആചരിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടുവരെ റോമാക്കാരുടെ ഔദ്യോഗിക മതമായിരുന്ന സോൾ ഇൻവിക്റ്റസ്‌. സോൾ ഇൻവിക്റ്റസ്‌ എന്നാൽ മറഞ്ഞിരിക്കുന്ന സൂര്യൻ. ശൈത്യകാലത്ത്‌ ഇവർ സൂര്യദേവന്റെ പുനർജനനം ആഘോഷിച്ചു. ക്രിസ്തുമത വിശ്വാസം സ്വീകരിക്കുന്നതുവരെ കോൺസ്റ്റ്ന്റൈൻ ചക്രവർത്തിയും സോൾ ഇൻവിക്റ്റസ്‌ ആചാരങ്ങളാണ്‌ പിന്തുടർന്നത്‌. എന്നാൽ അദ്ദേഹത്തിന്റെ മതം മാറ്റത്തോടെ റോമൻ സാമ്രാജ്യത്തിലും അതിന്റെ സ്വാധീന മേഖലകളിലും ക്രിസ്തുമതം വ്യാപകമായി. ക്രിസ്തുമതം സ്വീകരിച്ചെങ്കിലും റോമാക്കാർ തങ്ങളുടെ പഴയ ആചാരങ്ങൾ മിക്കവയും നിലനിർത്തി. റോമൻ ആധിപത്യത്തിൻകീഴിലായ ക്രിസ്തുമതവും ഈ ആഘോഷങ്ങൾ പിന്തുടർന്നു. ഇക്കാരണങ്ങൾകൊണ്ട്‌, റോമാക്കാരുടെ സൂര്യദേവന്റെ ജന്മദിനമായ ഡിസംബർ 25 ക്രിസ്തുവിന്റെയും ജനനദിവസമായി ആചരിക്കപ്പെടാൻ തുടങ്ങി എന്നു കരുതാം.

ഇന്ന് നാം ആചരിക്കുന്ന ഈസ്റ്റർ ദിനം ഏപ്രിൽ മാസം ആയിരുന്നില്ല എന്നും, ഏപ്രിൽ മാസം 25 ആയിരുന്നു യേശു വിൻ്റെ ജന്മദിനം എന്നും എന്നതാണ് സത്യം എന്നും വിശ്വസിക്കുന്നവർ ഉണ്ട്.

പേഗൻ പാരമ്പര്യങ്ങളുടെ പിന്തുടർച്ചയായതിനാൽ 1800 വരെ പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങൾ ഡിസംബർ 25 ക്രിസ്തുവിന്റെ പിറവിത്തിരുന്നാളായി ആചരിച്ചിരുന്നില്ല. ഇന്നും ഇക്കാരണത്താൽ ക്രിസ്തുമസ്‌ ആഘോഷിക്കാത്ത പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങളുണ്ട്‌.

ക്രിസ്തുമസ്സിനു പിന്നിൽ തിരുത്തുക

 

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
  ക്രിസ്തുമതം കവാടം

ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങൾ സുവിശേഷങ്ങൾ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്‌. മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ്‌ മിക്ക കഥകൾക്കും ആധാരം. ലൂക്കായുടെ സുവിശേഷത്തിൽ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്‌: കന്യകയായ മേരി പരിശുദ്ധാത്മാവിനാൽ ഗർഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ്‌ റോമാ ചക്രവർത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ്‌ തുടങ്ങിയത്‌. ഇതുപ്രകാരം സെൻസസിൽ പേരുചേർക്കാൻ നസ്രത്തിൽ നിന്നും ജോസഫ്‌ പൂർണ്ണ ഗർഭിണിയായ മേരിയേയും കൂട്ടി തന്റെ പൂർവ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവിൽ ഒരു പുൽത്തൊട്ടിയിൽ യേശുക്രിസ്തു പിറന്നു. ദാവീദ്‌ രാജാവിന്റെ പിൻതലമുറയിൽപ്പെട്ടവനാണ്‌ ജോസഫ്‌. യൂദയാ രാജ്യത്തെ ബെത്‌ലഹേമിൽ യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്റെ ജനനം പ്രവചനങ്ങളുടെ പൂർത്തീകരണമാണെന്നു തെളിയിക്കാനാണ്‌ സുവിശേഷകൻ ശ്രമിക്കുന്നത്‌.

ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം മത്തായിയുടെ സുവിശേഷത്തിലും കാണാം. ലൂക്കായുടേതിൽ നിന്നും വ്യത്യസ്തമായി ക്രിസ്തുവിന്റെ ജനനം മുൻകൂട്ടിയറിഞ്ഞ്‌ നക്ഷത്രം കാട്ടിയ വഴിയിലൂടെ കിഴക്കുദേശത്തു നിന്നെത്തുന്ന ജ്ഞാനികളെ മത്തായി അവതരിപ്പിക്കുന്നുണ്ട്‌. യേശുവിന്റെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ്‌ ഈ വിവരണങ്ങൾകൊണ്ടുദ്ദേശിക്കുന്നത്‌. ക്രിസ്തുവിന്റെ ജനനമറിഞ്ഞ്‌ ദൂരദേശത്തു നിന്നെത്തിയവർ ചില കഥകളിൽ രാജാക്കന്മാരാണ്‌ (പൂജരാജാക്കന്മാർ). പൊന്ന്, മീറ, കുന്തിരിക്കം എന്നിവ യേശുവിനായി ഇവർ കാഴ്ചവച്ചുവെന്നാണ്‌ വിവരണങ്ങളിലെ സൂചന. ഇതിനെ അടിസ്ഥാനമാക്കി ജ്ഞാനികൾ വന്നത്‌ അറേബ്യയിൽ നിന്നോ, പേർഷ്യയിൽ നിന്നോ ആയിരിക്കാമെന്ന് ഒരു വാദമുണ്ട്‌.

ഏതായാലും ഈ രണ്ടു സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകളാണ്‌ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട്‌ പരമ്പരാഗതമായി നിലനിൽക്കുന്നത്‌. ക്രിസ്തുമസ്‌ നാളുകളിൽ പുൽക്കൂടൊരുക്കുക, നക്ഷത്രവിളക്കിടുക, സമ്മാനങ്ങൾ കൈമാറുക തുടങ്ങി പലദേശങ്ങളിലുമുള്ള ആചാരങ്ങൾ ഈ കഥകളിൽനിന്നും രൂപമെടുത്തവയാണ്‌. പുൽക്കൂട്‌ യേശുവിന്റെ ജനനസ്ഥലത്തെ സൂചിപ്പിക്കുമ്പോൾ നക്ഷത്രവിളക്ക്‌ ജ്ഞാനികൾക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ പ്രതീകമാണ്‌.

ആഘോഷദിനം തിരുത്തുക

കത്തോലിക്കർ, ഗ്രീക്ക്‌ ഓർത്തഡോക്സ്‌ സഭ, റുമേനിയൻ ഓർത്തഡോക്സ്‌ സഭ എന്നിവർ ഡിസംബർ 25നാണ്‌ ക്രിസ്തുമസ്‌ ആഘോഷിക്കുന്നത്‌. എന്നാൽ പൗരസ്ത്യ ക്രിസ്ത്യൻ ഓർത്തഡോക്സ്‌ സഭകളിൽ മിക്കവയും ജനുവരി ഏഴ്‌ യേശുവിന്റെ ജനനദിനമായി ആചരിക്കുന്നു.

ആചാരങ്ങൾ, ആഘോഷ രീതികൾ തിരുത്തുക

ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങൾക്കും കാലഘട്ടങ്ങൾക്കുമനുസരിച്ച്‌ വ്യത്യസ്തമാണ്‌. തികച്ചും മതപരമായ ആഘോഷങ്ങളേക്കാൾ മതേതരമായ രീതികൾക്കാണ്‌ ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്‌. ഏതായാലും ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജർമ്മനിയിൽ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങൾ കൈമാറൽ എന്നിവ ഉദാഹരണം. ജർമ്മനിയിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുൻപ്‌ നിലവിലുണ്ടായിരുന്ന യൂൽ എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങളാണ്‌ പിന്നീട്‌ ക്രിസ്തുമസ്സിലേക്കും അനുരൂപണം ചെയ്തത്‌.

മതപരമായ ആചാരങ്ങൾ തിരുത്തുക

ഒട്ടുമിക്ക ക്രിസ്തുമത വിഭാഗങ്ങളും ഡിസംബർ ആദ്യവാരത്തോടെ ക്രിസ്തുമസ്സിനുള്ള ഒരുക്കം തുടങ്ങും. കത്തോലിക്കാ വിശ്വാസികളുടെ ആരാധനക്രമത്തിൽ 'മംഗളവാർത്താക്കാലം', 'ആഗമനകാലം' എന്നിങ്ങിനെ അറിയപ്പെടുന്നു. യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മംഗളവാർത്തയും പ്രവചനങ്ങളുമൊക്കെയാണ്‌ ഈ കാലഘട്ടത്തിൽ അനുസ്മരിക്കുന്നത്‌. കേരളത്തിലെ സുരിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ്‌ ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്‌.മാംസം‍, മത്സ്യം, മുട്ട എന്നിവയിൽ ചിലതോ എല്ലാമോ വർജ്ജിക്കുകയാണ് പതിവ്‌. ക്രിസ്തുമസ്‌ തലേന്ന് (ഡിസംബർ 24) അർദ്ധരാത്രിയിലാണ്‌ ക്രിസ്തീയ ദേവാലയങ്ങളിൽ യേശുവിന്റെ പിറവി അനുസ്മരണ കർമ്മങ്ങൾ ആരംഭിക്കുന്നത്‌. ചിലയിടങ്ങളിൽ ഇതിനുപകരം ക്രിസ്തുമസ്‌ ദിനത്തിൽ തന്നെയാണ്‌ കർമ്മങ്ങൾ.

മതേതര ആചാരങ്ങൾ തിരുത്തുക

മതേതരമായ ആഘോഷങ്ങൾക്കാണ്‌ ക്രിസ്തുമസ്‌ നാളുകളിൽ പ്രാമുഖ്യം. ക്രിസ്തുമത വിശ്വാസികൾ തുലോം കുറവായ ദേശങ്ങളിൽപ്പോലും ക്രിസ്തുമസ്‌ ആഘോഷങ്ങൾ നടക്കാറുണ്ട്‌.

ക്രിസ്തുമസ് പപ്പ = തിരുത്തുക

ക്രിസ്തുമസ്‌ നാളുകളിൽ സർവ്വദേശീയമായി നിറഞ്ഞു നിൽക്കുന്ന രൂപമാണ്‌ സാന്റാക്ലോസ്‌. നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ്‌ നിക്കോളസ്‌ എന്ന പുണ്യചരിതനാണ്‌ സാന്റാക്ലോസായി മാറിയത്‌. ക്രിസ്തുമസ്‌ ഒരുക്കങ്ങളുടെ നാളുകൾക്കിടയിൽ ഡിസംബർ ആറിനാണ്‌ വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താൽ ഡച്ചുകാർ സെന്റ്‌ നിക്കോളസിനെ ക്രിസ്തുമസ്‌ സമ്മാനങ്ങൾ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാർവദേശീയമാവുകയും ചെയ്തു. സെന്റ്‌ നിക്കോളസ്‌ എന്നത്‌ ലോപിച്ച്‌ സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ്‌ അപ്പൂപ്പൻ, ക്രിസ്തുമസ്‌ പപ്പാ, അങ്കിൾ സാന്റാക്ലോസ്‌ എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു. കേരളത്തിൽ തികച്ചും ഗ്രാമീണമായി പപ്പാഞ്ഞി എന്നും പറയാറുണ്ട്.

ആംഗ്ലോ-അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിൽ സാന്റാക്ലോസിന്റെ വരവ്‌ പ്രത്യേകരീതിയിലാണ്‌. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച്‌ ക്രിസ്തുമസ്‌ തലേന്ന് പാതിരാത്രിയിൽ ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിലാണ്‌ സാന്റാക്ലോസ്‌ എത്തുന്നത്‌. ഒരോവീടുകളുടെയും ചിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങൾ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ്‌ തലമുറകളായി നിലനിൽക്കുന്നത്‌. അതുകൊണ്ടുതന്നെ ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികൾ പ്രചാരത്തിലുണ്ട്‌. സാന്റാക്ലോസ്‌ അപ്പൂപ്പൻ ക്രിസ്തുമസ്‌ തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ്‌ മതാപിതാക്കൾ കുട്ടികൾക്ക്‌ ക്രിസ്തുമസ്‌ സമ്മാനങ്ങൾ നൽകുന്നത്‌.

ക്രിസ്തുമസ്‌ മരം തിരുത്തുക

 
ദീപാലംകൃതമായ ക്രിസ്തുമസ് മരം

ക്രിസ്തുമസ്‌ ആഘോഷത്തിന്‌ ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ്‌ ക്രിസ്തുമസ്‌ മരം. ക്രിസ്തുമസിന്റെ ഈ സാർവദേശീയ പ്രതീകം ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്‌. സ്വർഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ്‌ ജർമ്മൻകാർ ക്രിസ്തുമസ്‌ മരത്തെ കണ്ടിരുന്നത്‌. ക്രിസ്തുമസ്‌ നാളുകളിൽ പിരമിഡ്‌ ആകൃതിയുള്ള മരങ്ങൾ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടർന്നു. മരങ്ങളോ അല്ലെങ്കിൽ തൂപികാഗ്രികളോ ആണ്‌ ക്രിസ്തുമസ്‌ മരമൊരുക്കാൻ സാധാരണ ഉപയോഗിക്കുന്നത്‌. അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ്‌ മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്‌. ക്രിസ്തുമസ് മരത്തിന്റെ ആകൃതിയിൽ മനുഷ്യർ ഒത്തുചേർന്ന് മനുഷ്യ ക്രിസ്തുമസ് മരം രുപീകരിക്കുന്ന രീതി പുതിയതായി കണ്ടുവരുന്നു. 2014 ൽ ഹോണ്ടൂറാസിൽ 2945 [[1]]പേർ അണിനിരന്ന് രൂപം കൊടുത്ത ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്തുമസ് മരം എന്ന ഗിന്നസ് റിക്കോർഡ് 2015 ഡിസംബർ 19 ന് കേരളത്തിലെ ചെങ്ങന്നൂരിൽ 4030 പേർ ചേർന്ന് തിരുത്തുകയുണ്ടായി.

ക്രിസ്തുമസ്‌ നക്ഷത്രം തിരുത്തുക

 
പ്രകാശപൂരിതമായ നക്ഷത്രം

ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിൽ നക്ഷത്ര വിളക്കുകളിടുന്ന രീതി ചില രാജ്യങ്ങളിൽ നിലവിലുണ്ട്‌. കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്‌. യേശുവിന്റെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക്‌ വഴികാട്ടിയായ നക്ഷത്രത്തെയാണ്‌ നക്ഷത്രവിളക്കുകൾ തൂക്കി അനുസ്മരിക്കുന്നത്‌.

 
കൈകൊണ്ടുണ്ടാക്കിയ നക്ഷത്രം- കേരളം

പുൽക്കൂട്‌ തിരുത്തുക

പ്രധാന ലേഖനം: പുൽക്കൂട്‌
 
ഹൗസ്ബോട്ടിന്റെ മാതൃകയിലുള്ള പുൽക്കൂട്

ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിൻപറ്റിയാണ്‌ ക്രിസ്തുമസ്സിന്‌ പുൽക്കൂടൊരുക്കുവാൻ തുടങ്ങിയത്‌. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ 1223ൽ വിശുദ്ധ ഫ്രാൻസിസ്‌ അസീസി ഒരുക്കിയ പുൽക്കൂടാണ്‌ ഈ ആചാരത്തെ സാർവത്രികമാക്കിയത്‌. പ്രകൃതി സ്നേഹിയായിരുന്ന ഫ്രാൻസിസ്‌ ജീവനുള്ള മൃഗങ്ങളുമായി യഥാർഥ കാലിത്തൊഴുത്താണ്‌ അവതരിപ്പിച്ചത്‌. ഏതായാലും പുൽക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുൽക്കൂട്‌ ലോകവ്യാപകമായി. ക്രിസ്തീയ ഭവനങ്ങളിൽ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങൾ അണിനിരത്തി പുൽക്കൂട്‌ ഒരുക്കുന്നു. ഉണ്ണിയേശു, അമ്മ മേരി, ജോസഫ്‌, ജ്ഞാനികൾ, ആട്ടിടയന്മാർ എന്നിവരുടെ രൂപങ്ങളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.

ക്രിസ്തുമസ്‌ കാർഡുകൾ തിരുത്തുക

ക്രിസ്തുമസ്‌ ആശംസാ സന്ദേശങ്ങളടങ്ങിയ ക്രിസ്തുമസ്‌ കാർഡുകളാണ്‌ ഈ ആഘോഷത്തിന്റെ പ്രത്യേകത. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി; ഭൂമിയിൽ സന്മനസുള്ളവർക്ക്‌ സമാധാനം; എന്ന വാക്കാണ്‌ ക്രിസ്തുമസ്‌ കാർഡുകളിലേക്ക്‌ പടരുന്നത്‌. ഈ ആഘോഷരീതി ഇന്ന് തികച്ചും മതേതരമായിട്ടുണ്ട്‌. നൂറ്റാണ്ടുകളോളം യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ്‌ കാർഡുകളിൽ പതിപ്പിച്ചിരുന്നത്‌. എന്നാൽ ക്രിസ്തുമസ്‌ ആഘോഷത്തെ കൂടുതൽ ജനകീയമാക്കുവാൻ ഇന്ന് മതപരമായ ചിത്രങ്ങൾ ഒഴിവാക്കിയാണ്‌ ക്രിസ്തുമസ്‌ കാർഡുകൾ അണിയിക്കുന്നത്‌.1846 -ലാണ് ആദ്യ ക്രിസ്തുമസ്‌ കാർഡ് ഉപയോഗിച്ചിട്ടുള്ളത് [1].

 
ലോകത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ടതായി അറിയപ്പെടുന്ന ക്രിസ്തുമസ് കാർഡ്
തപാൽ സ്റ്റാമ്പുകൾ തിരുത്തുക

ക്രിസ്തുമസ്‌ കാർഡുകൾ ജനകീയമായതോടെ ആശംസാകാർഡുകളയക്കാൻ വേണ്ട തപാൽ സ്റ്റാമ്പുകളിലേക്കും ക്രിസ്തുമസ്‌ ചിഹ്നങ്ങൾ വ്യാപിച്ചു. ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ക്രിസ്തുമസ്‌ ചിത്രങ്ങൾ പതിപ്പിച്ച സ്റ്റാമ്പുകൾ ലഭ്യമാണ്‌.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്രിസ്തുമസ്&oldid=4019399" എന്ന താളിൽനിന്ന് ശേഖരിച്ചത്