യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്
ക്രൂശിൽ മരിച്ച് കല്ലറയിൽ അടക്കപ്പെട്ട യേശുക്രിസ്തുവിന്റെ ശരീരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതായി ക്രൈസ്തവർ വിശ്വസിക്കുന്നു. ബൈബിൾ പുതിയനിയമത്തിൽ ഉയിർത്തെഴുന്നേൽപ്പിനെപ്പറ്റി വ്യക്തമായി സൂചിപ്പിക്കുന്നു.[1] ഉയിർത്തെഴുന്നേൽപ്പ്, പുനരുത്ഥാനം എന്നീ പദങ്ങളാണ് ഇക്കാര്യത്തെ സൂചിപ്പിക്കുവാൻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും അസ്ഥിവാരമാണ് യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ്. ഉയിർത്തെഴുന്നേൽപ്പും അതിനു നാൽപത് ദിവസങ്ങൾക്കുശേഷം നടന്ന സ്വർഗ്ഗാരോഹണവും രണ്ട് വ്യത്യസ്ത സംഭവങ്ങൾ ആണ്.
ബൈബിൾ പുതിയനിയമ വിവരണം
തിരുത്തുകഉയിർത്തെഴുന്നേറ്റ യേശു പ്രത്യക്ഷനായ വ്യക്തികൾ/അവസരങ്ങൾ
തിരുത്തുകഅവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു. അപ്പൊ. പ്രവൃത്തി 1:2,3
- മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും/ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ. യോഹന്നാൻ 20:1118, മാർക്കോസ് 16:9, മത്തായി 28:110
- പത്രോസിന് പ്രത്യക്ഷനായി. ലൂക്കോസ് 24:34; 1 കൊരിന്ത്യർ 15:5
- രണ്ട് ശിഷ്യൻമാർക്ക് /എമ്മവുസിലേക്കുള്ള വഴി യാത്രയിൽ. ലൂക്കോസ് 24:1335; മർക്കോസ് 16:12
- പത്ത് ശിഷ്യൻമാർക്ക് (തോമസ് ഒഴികെ)/ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ, നേരംവൈകിയപ്പോൾ. ലൂക്കോസ് 24:36 43; യോഹന്നാൻ 20:1923
- തോമസ് ഉൾപ്പെടെയുള്ള പതിനൊന്ന് ശിഷ്യൻമാർക്ക് / എട്ടു ദിവസം കഴിഞ്ഞപ്പോൾ , തോമസ്സ് അപ്പോസ്തലൻ യേശുവിന്റെ ആണിപ്പഴുതിൽ കൈയ്യിടുന്നു. യോഹന്നാൻ 20:26-29
- ഏഴ് ശിഷ്യൻമാർക്ക് /തിബെർയ്യാസ് കടൽക്കരയിൽ. യോഹന്നാൻ 21:123
- പതിനൊന്ന് ശിഷ്യൻമാർക്ക്, യേശുവിന്റെ സ്വർഗ്ഗാരോഹണ സമയത്ത് /ഒലീവ് മലയിൽ. അപ്പൊ. പ്രവൃത്തി 1:312
- അഞ്ഞൂറിൽ അധികം പേർക്ക് ഒരുമിച്ച് പ്രത്യക്ഷനായി. അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. 1 കൊരിന്ത്യർ 15:6
- യേശുവിന്റെ സഹോദരനായ യാക്കോബിന് / ഉയിർത്തെഴുന്നേല്പിന് ശേഷം മാത്രം യേശുവിന്റെ അനുയായി ആയി മാറി. 1 കൊരിന്ത്യർ 15:7
- ക്രിസ്ത്യാനികളെ കൊന്നൊടുക്കുവാൻ നേത്യത്വം നൽകിയ ശൌലിന്, അതിനുവേണ്ടി ദമാസ്കസിലേക്കുള്ള യാത്രാമദ്ധ്യത്തിൽ/ പിന്നീട് പൌലോസ് എന്ന പേരിൽ അറിയപ്പെട്ടു, ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായി മരിച്ചു. അപ്പൊ. പ്രവൃത്തി 9; 1 കൊരിന്ത്യർ 15:8
ബൈബിൾ പഴയനിയമ പ്രവചനങ്ങൾ
തിരുത്തുകയേശുക്രിസ്തുവിന്റെ ജനനവും ശുശ്രൂഷകളും മുൻകൂട്ടി പ്രവചിച്ചിരുന്നതുപോലെ തന്റെ കഷ്ടാനുഭവങ്ങളെയും ക്രൂശുമരണത്തെയും ഉയിർത്തെഴുന്നേല്പിനെയും പഴയനിയമ പ്രവാചകൻമാർ ദീർഘദർശനം നടത്തിയിരുന്നെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.
ചരിത്രപരമായ തെളിവുകൾ
തിരുത്തുകആദ്യനൂറ്റാണ്ടുകളിൽ തന്നെ അക്രൈസ്തവരായ ചരിത്രകാരൻമാരാൽ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങളിലും യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പിനെ പരാമർശിക്കുന്ന എഴുത്തുകൾ ഉണ്ട്. യെഹൂദ ചരിത്രകാരൻമാരിൽ ഏറ്റവും പ്രധാനി ഫ്ലാവിയോസ് ജൊസീഫസ് ആയിരുന്നു. തന്റെ "Antiquities" എന്ന യെഹൂദ ചരിത്രത്തിൽ യാക്കോബിനേപ്പറ്റി പരാമർശിക്കുമ്പോൾ, യാക്കോബ് "ക്രിസ്തു എന്ന് വിളിക്കപ്പെട്ടിരുന്ന യേശുവിന്റ് സഹോദരൻ" എന്നാണ് എഴുതിയിരിക്കുന്നത്. ആ പുസ്തകത്തിലെ 18 ന്റെ മൂന്നാം വാക്യം വിവാദകരമാണ്. അതിപ്രകാരമാണ്. "ഇക്കാലത്ത്, മനുഷ്യൻ എന്നവനെ വിശേഷിപ്പിക്കുന്നത് ന്യായമെങ്കിൽ, യേശു എന്ന ബുദ്ധിമാനായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു. അവൻ അത്ഭുതങ്ങൾ ചെയ്തിരുന്നു... താൻ ക്രിസ്തുവായിരുന്നു... പ്രവാചകൻമാർ പറഞ്ഞിരുന്നതുപോലെ അവൻ മരണശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ് പലർക്കും പ്രത്യക്ഷപ്പെട്ടു; അവനെപ്പറ്റി മറ്റു പതിനായിരം അത്ഭുതങ്ങൾ വേറേയും പറയാനുണ്ട്"[2]. കൂടാതെ ആദ്യനൂറ്റാണ്ടിലെ സഭാപിതാക്കൻമാരുടെ എഴുത്തുകളിലും ഉയിർത്തെഴുന്നേല്പിനെ പരാമർശിക്കുന്നു.
ദൈവശാസ്ത്ര പ്രാധാന്യം
തിരുത്തുകപഴയനിയമപ്രകാരം പാപപരിഹാരത്തിന് മൃഗയാഗമായിരുന്നു ദൈവം വ്യവസ്ഥ ചെയ്തിരുന്നത്, ഓരോ പ്രാവശ്യം പാപം ചെയ്യുമ്പോഴും യാഗം അർപ്പിക്കേണ്ടതായുണ്ടായിരുന്നു. എന്നാൽ യേശുക്രിസ്തുവിലൂടെ സ്ഥാപിതമായ പുതിയനിയമം (ഉടമ്പടി) പ്രകാരം പാപരഹിതനായ യേശു മാനവരാശിക്കുവേണ്ടി നിത്യമായ യാഗമായി അർപ്പിക്കപ്പെട്ടു. അത് നിത്യയാഗമായിരിക്കുവാൻ കാരണം, മരണത്തെ ജയിച്ച യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നതാണ്. ക്രൈസ്തവ വീക്ഷണ പ്രകാരം, പാപക്ഷമ പ്രാപിക്കുന്നതിന്റെ അടിസ്ഥാനം എന്നുള്ളതും ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നതാണ്. "യേശുവിനെ കർത്താവ് എന്ന് വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും (പാപമോചനം നേടി രക്ഷപ്രാപിക്കും)" റോമർ 10:9 യേശുക്രിസ്തു മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതുപോലെ തന്നിൽ വിശ്വസിക്കുന്നവരും ഉയിർത്തെഴുന്നേറ്റ് നിത്യജീവൻ പ്രാപിക്കും എന്നതും ദൈവശാസ്ത്രത്തിന്റെ അടിസ്ഥാന ഉപദേശമാണ്. യേശുക്രിസ്തു ഉയിർത്തഴുന്നേറ്റിട്ടില്ലെങ്കിൽ തന്റെ പ്രസംഗം വ്യർത്ഥമത്രേ എന്ന് പൌലോസ് അപ്പോസ്തലൻ വാദിക്കുന്നു. 1 കൊരിന്ത്യർ 15:12-24
യഹൂദ വീക്ഷണം
തിരുത്തുകയേശുക്രിസ്തു ഒരു യഹൂദനായിരുന്നു, എന്നാൽ ഒന്നാം നൂറ്റാണ്ടിൽ തന്നെ യഹൂദവിശ്വാസവും ക്രിസ്തീയ വിശ്വാസവും തമ്മിൽ വേർപിരിഞ്ഞു. ഒരു യഹൂദ വീക്ഷണപ്രകാരം യേശുവിന്റെ ശരീരം അടക്കപ്പെട്ട രാത്രിയിൽ തന്നെ കല്ലറയിൽ നിന്നും മാറ്റപ്പെട്ടു എന്നാണ്. ചില ക്രൈസ്തവ തർക്കശാസ്ത്രജ്ഞർ ഈ അഭിപ്രായം യേശുവിനെ ക്രൂശിച്ച കല്ലറ ശൂന്യമായിരുന്നു എന്നതിന്റെ പരോക്ഷമായ സമ്മതമാണെന്ന് വാദിക്കുന്നു.
ഇസ് ലാം വീക്ഷണം
തിരുത്തുകയേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിനും ഏകശേഷം 700 വർഷങ്ങൾക്കുശേഷം രേഖപ്പെടുത്തപ്പെട്ട ഖുർആനിലെ പരാമർശപ്രകാരം യേശുക്രിസ്തു ക്രൂശിൽ മരിച്ചിട്ടില്ലെന്നും, യേശു മരിച്ചതായി അവിടെയുണ്ടായിരുന്നവർക്ക് തോന്നിയതാണെന്നും അല്ലാഹു യേശുവിനെ വിടുവിച്ചു എന്നുമുള്ള ആശയമാണ് ലഭിക്കുന്നത്. മോശെയെ ചെങ്കടലിൽ നിന്നും വിടുവിച്ചതു പോലെ.
[3] യേശുവിന് പകരം തന്റെ ശിക്ഷ്യൻമാരിൽ ഒരാളാണ് ക്രൂശിൽ കൊല്ലപ്പെട്ടത് എന്ന് ചില പണ്ഡിതൻമാർ ബൈബിളിന്റെ അടിസ്ഥാനത്തിൽ തന്നെ വാദിക്കുന്നുണ്ട്.; ബർണബാസിന്റെ സുവിശേഷ പ്രകാരം അത് യേശുവിനെ ഒറ്റിക്കൊടുത്ത ഇസ്ക്കരിയാത്ത് യൂദയാണെന്നും അവർ വാദിക്കുന്നു. എന്നാൽ മറ്റൊരു വീക്ഷണം അനുസരിച്ച് യേശുക്രിസ്തു ക്രൂശിൽവെച്ച് മരിച്ചിരുന്നില്ലെന്നും കല്ലറയിൽ നിന്നും താൻ രക്ഷപ്പെട്ടെന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്. കൂടാതെ, യേശുക്രിസ്തു പിന്നീട് ഇന്ത്യയിൽ എത്തിയെന്നും, കാശ്മീരിൽ വെച്ച് മരണമടഞ്ഞെന്നും മറ്റൊരു ന്യൂനപക്ഷ വിഭാഗമായ അഹമ്മദീയർ വിശ്വസിക്കുന്നു.[4]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകയേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നു പറയുന്നത് സത്യമാണോ? (മുഖ്യധാരാ ക്രൈസ്തവ വീക്ഷണം)
അവലംബം
തിരുത്തുക- ↑ പി.ഒ.സി ബൈബിൾ. മത്തായി എഴുതിയ സുവിശേഷം
- ↑ http://www.gotquestions.org/Malayalam/Malayalam-did-Jesus-exist.html
- ↑ ഖുർ ആൻ 4:157, 158
- ↑ Ahmad, M. M. "The Lost Tribes of Israel: The Travels of Jesus", Ahmadiyya Muslim Community.