അനുഷ്ഠാനനൃത്തങ്ങൾ

മതപരമോ സാമൂഹികമോ ആയ സംഭവങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് ഒരു ചടങ്ങായി നടത്തുന്ന നൃത്തം

മതപരമോ സാമൂഹികമോ ആയ സംഭവങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് അനുപേക്ഷണീയമായ ഒരു ചടങ്ങായി നടത്തുന്ന നൃത്തവിശേഷമാണ് അനുഷ്ഠാനനൃത്തങ്ങൾ. സന്ദർഭങ്ങൾക്കനുയോജ്യമായ വിധത്തിൽ വികാരോത്തേജകങ്ങളായ താളമേളക്രമങ്ങളിൽ നൃത്തം നടത്തുന്ന പതിവ് ചരിത്രാതീതകാലം മുതൽ തന്നെ എല്ലാ ജനതയുടെ ഇടയിലും ഉണ്ടായിരുന്നു. സന്ദർഭങ്ങളുടെ വൈവിധ്യം അനുസരിച്ച് നൃത്തത്തിന്റെ താളക്രമത്തിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്താറുണ്ട്. കാലദേശഭേദങ്ങളും സാംസ്കാരികവും വിശ്വാസപരവും ആയ പ്രത്യേകതകളും ഇവയ്ക്ക് വീണ്ടും വികാസമുണ്ടാക്കി. കാലക്രമേണ ഈ ചടങ്ങുകളും നൃത്തസംവിധാനങ്ങളും അലിഖിത നിയമങ്ങളായി പരിണമിച്ചു. അനുഷ്ഠാനനൃത്തങ്ങളുടെ ഉദ്ഭവം ഏതാണ്ട് ഈ തരത്തിലാണ്.

Indian Ethnic Dance - "Thirayattam"-(kuttychathan) An environmental Theatre

ദൈവവുമായി താദാത്മ്യം പ്രാപിക്കുന്നതിനും അനുഗ്രഹങ്ങൾ നേടുന്നതിനും അനുഷ്ഠിച്ചു വന്നിരുന്ന ആചാരങ്ങളിൽ നൃത്തത്തിന് ഒരു വലിയ പങ്കുണ്ട്. അനുഷ്ഠാനനൃത്തങ്ങൾക്ക് എത്രമാത്രം പ്രാധാന്യം നല്കിയിരുന്നുവെന്ന് പ്രാചീന ചുവർചിത്രങ്ങളും ശില്പങ്ങളും തെളിയിക്കുന്നു. വിളവർധനവിനും യുദ്ധത്തിൽ വിജയം നേടുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും വേണ്ടി ഈശ്വരനെ പ്രാർഥിക്കുന്ന നൃത്തങ്ങളിൽ, നർത്തകർ താളവാദ്യങ്ങളുടെ സഹായത്തോടെ, അവയുടെ ശബ്ദത്തിനൊപ്പിച്ച് നൃത്തം ചെയ്യുന്നു. വാക്കുകളും ചലനങ്ങളും ആവർത്തിച്ചാവർത്തിച്ച് നൃത്തം ചെയ്യുന്ന പതിവ് അനുഷ്ഠാനനൃത്തങ്ങളുടെ ഒരു പ്രത്യേകതയാണ്. പ്രാചീന നൃത്തങ്ങളിലെ സംഗീതവും ആവർത്തനപരമാണെന്നത് മറ്റൊരു സവിശേഷതയാണ്.

നൃത്തവിഭജനം

തിരുത്തുക

ജീവിതത്തിലെ ചില പ്രത്യേക സംഭവങ്ങൾ ആഘോഷിക്കാനാണ് മിക്ക നൃത്തങ്ങളും നടത്തുന്നത്. അനുഷ്ഠാനനൃത്തങ്ങളെ പൊതുവിൽ സാമൂഹികം, മതപരം എന്ന് രണ്ടായി വിഭജിക്കാം. ജനനം, യൗവനാരംഭം, വിവാഹം, ഗുപ്തസമൂഹങ്ങളിലേക്കുള്ള പ്രവേശനം, യുദ്ധം എന്നിവയോടു ബന്ധപ്പെട്ടവയാണ് സാമൂഹിക നൃത്തങ്ങളിൽ പെടുന്നത്. ദേവത, സൂര്യചന്ദ്രമാർ, അഗ്നി, നാഗം, പരേതാത്മാക്കൾ എന്നീ ആരാധനാമൂർത്തികളെ മുൻനിർത്തിക്കൊണ്ടുള്ള ആചാരനൃത്തങ്ങൾ, വേട്ടയാടൽ, മീൻപിടിത്തം, കൃഷി എന്നിങ്ങനെ ആഹാരസമ്പാദനമാർഗങ്ങളെ അധികരിച്ചുള്ള നൃത്തങ്ങൾ, രോഗപ്രതിവിധിക്കായി ഭൂതപ്രേതാദികളെ അകറ്റുന്നതിനുവേണ്ടിയുള്ള നൃത്തങ്ങൾ, മരണനൃത്തം, ശവസംസ്കാരച്ചടങ്ങുകളോടനുബന്ധിച്ചുള്ള നൃത്തങ്ങൾ എന്നിവ മതപരംഎന്ന വിഭാഗത്തിൽ പെടുന്നു.

സാമൂഹികം

തിരുത്തുക

ജനനനൃത്തം

തിരുത്തുക

മിക്കവാറും എല്ലാ അപരിഷ്കൃതജനവിഭാഗങ്ങളുടേയും ഇടയിൽ ജനനനൃത്തം ഒരു വലിയ ആഘോഷമാണ്. ഇന്തോനേഷ്യയിലെ സാരവാക്കിൽ കയാൻവർഗക്കാർ ജനനനൃത്തം നടത്താറുണ്ട്. പ്രസവിക്കാൻ പോകുന്ന സ്ത്രീയുടെ ബന്ധുവോ സുഹൃത്തോ ആയിരിക്കും നർത്തകി. നൃത്തം ചെയ്യുമ്പോൾ തന്നെ ധാരാളം തുണി ഉപയോഗിച്ച് കുട്ടിയുടെ രൂപം നിർമ്മിക്കുന്നു. നൃത്തത്തിനുശേഷം ഈ പാവക്കുട്ടിയെ തൊട്ടിലിൽ കിടത്തുന്നു.[1]

യൗവനാരംഭനൃത്തം

തിരുത്തുക
 
പെൺകുട്ടികളുടെ നൃത്തം

യൗവനാരംഭത്തെ ആഘോഷിക്കാനുള്ള നൃത്തം പല ഗോത്രക്കാരും പലരീതിയിലാണ് അനുഷ്ഠിച്ചുവരുന്നത്. ആസ്ട്രേലിയയിലെ വാർഗയിററ്ജ് വർഗക്കാരുടെ നൃത്തം വളരെ പ്രശസ്തമാണ്. ഇവരുടെ സ്ത്രീകൾ ഋതുമതിയായ പെൺകുട്ടിയുടെ ചുറ്റും വരിവരിയായി നിന്ന് പുനർജന്മത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള നൃത്തം ചെയ്യുന്നു. മധ്യ ആഫ്രിക്കയിലെ യാബാവർഗക്കാർ പെൺകുട്ടിയുടെ ദേഹം മുഴുവൻ എണ്ണതേച്ച്, തലമുടി വടിച്ചുകളഞ്ഞ് മരവുരി ഉടുപ്പിച്ചശേഷം പ്രത്യേകതരത്തിൽ ചെണ്ടമേളം മുഴക്കി വളരെയധികം ആളുകൾ ഒന്നിച്ചുകൂടി അവളുടെ ചുറ്റും നൃത്തം ചെയ്യുന്നതോടെ അവൾ യൌവനത്തിലേക്ക് പ്രവേശിച്ചതായി കണക്കാക്കുന്നു. പുരുഷത്വത്തിലേക്കു കടക്കുന്നതിനു മുന്നോടിയായും ചില നൃത്തങ്ങൾ ആദിവാസികളുടെ (ഉദാ. ആന്റമാനീസ്) ഇടയിലുണ്ട്. തെക്കേ അമേരിന്ത്യർ രാക്ഷസനൃത്തം ചെയ്താണ് ആൺകുട്ടികളെ യൌവനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. പൊയ്മുഖം ധരിപ്പിച്ചാണ് കാലിഫോർണിയയിലെ ആദിവാസികളുടെ ഈ നൃത്തം. വെനീസുലായിലെ മയ്പുരെ, ബാനിബാ ഇന്ത്യരും അപാച്ചി ഇന്ത്യരും ഇങ്ങനെയുള്ള നൃത്തങ്ങൾ നടത്തിവരുന്നു.[2]

വിവാഹനൃത്തം

തിരുത്തുക

ഹവായ്, പോളിനേഷ്യൻ ദ്വീപുകാരുടെ ഇടയിൽ വരനെതെരഞ്ഞെടുക്കൽ,നൃത്തത്തോടനുബന്ധിച്ചാണ് നടത്തുക. ഗോത്രത്തലവന്മാർ അവരുടെ പുത്രിമാരെ അണിയിച്ചൊരുക്കി സദസ്സിന്റെ മുമ്പിൽ നൃത്തം ചെയ്യിക്കുന്നു. ഇവരുടെ സൌന്ദര്യത്തിൽ ആകൃഷ്ടരായ യുവാക്കൾ വിവാഹാഭ്യർഥനയുമായി എത്തുന്നു. വിളവെടുപ്പിനോട് അനുബന്ധിച്ചാണ് ഉഗാണ്ടയിലെ ബഗസുവർഗക്കാർ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള നൃത്തം സംഘടിപ്പിക്കുന്നത്. മിക്കവാറും കറുത്തവാവ് ദിവസങ്ങളിലാണ് ഈ നൃത്തപരിപാടികൾ നടത്തുന്നത്. മദ്യവും പ്രേമവും പകർന്ന് രാത്രി മുഴുവൻ ഇവർ നൃത്തത്തിൽ ഏർപ്പെടും. ഇതിനിടയിൽതന്നെ ഓരോരുത്തരും പങ്കാളിയെ കണ്ടെത്തുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്യുന്നു.[3]

യുദ്ധനൃത്തം

തിരുത്തുക

ആദിവാസികളുടെ ഇടയിലെ ഒരു പ്രത്യേകതയാണ് യുദ്ധനൃത്തങ്ങൾ. ശാരീരികശക്തി വർധിപ്പിക്കുന്നതിനും ആത്മധൈര്യം സമ്പാദിക്കുന്നതിനും യുദ്ധനൃത്തം പ്രയോജനപ്പെടുന്നു. കൂടാതെ യുദ്ധത്തിൽ ഏർപ്പെടുന്നതിനുള്ള ഒരു പരിശീലനം കൂടിയാണിത്. പോളിനേഷ്യ, മെലനേഷ്യ എന്നിവിടങ്ങളിലെ യുദ്ധനൃത്തങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭ്യമാണ്. ചായങ്ങൾ, നിറമുള്ള ഇല എന്നിവകൊണ്ട് ശരീരം അലങ്കരിച്ചാണ് ഇവർ നൃത്തത്തിനൊരുങ്ങുന്നത്. മഡഗാസ്കർ ദ്വീപിലെ ഒരു ചരിത്രരേഖയനുസരിച്ച് പുരുഷൻമാർ യുദ്ധത്തിൽ ഏർപ്പെട്ടാൽ അവർ തിരിച്ചുവരുന്നതുവരെ അവരുടെ സ്ത്രീകളും പെൺകുട്ടികളും നൃത്തം ചെയ്തുകൊണ്ടേയിരിക്കും. നൃത്തം യോദ്ധാക്കളുടെ ശക്തിയും ധൈര്യവും വർധിപ്പിക്കും എന്നവർ വിശ്വസിക്കുന്നു. ആസ്ട്രേലിയയിലെ അരുണ്ടവർഗക്കാർ യുദ്ധാന്തരമാണ് നൃത്തം നടത്തുക. യുദ്ധത്തിൽ വധിച്ചവരുടെ പ്രേതത്തെ ഭയപ്പെടുത്തി ഓടിക്കാനാണ് ഈ നൃത്തം. സാമുദായികൈക്യം നിലനിർത്തുക എന്നതും യുദ്ധനൃത്തങ്ങളുടെ മറ്റൊരു ഉദ്ദേശ്യമാണ്. ജീവിതസഖിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഉപാധിയായും യുദ്ധനൃത്തം നടത്താറുണ്ട്.[4]

ഗുപ്തസമൂഹ പ്രവേശനനൃത്തം

തിരുത്തുക

ഗുപ്തസമൂഹങ്ങളിലേക്കു യുവാക്കൾ പ്രവേശിക്കുന്നതിനു മുൻപ് ഇത്തരം നൃത്തങ്ങളുണ്ട്. യുവാക്കൾ ആ ഗോത്രത്തിന്റെ പ്രത്യേകമായുള്ള ചില പുരാണകഥകൾ അറിഞ്ഞിരിക്കുകയും ചില നൃത്തങ്ങൾ പ്രയോഗിക്കുകയും ചെയ്യണമെന്നത് റ്റോറസ്ട്രെയിറ്റിലെ ആചാരമാണ്. കണ്ണുമൂടി പൊയ്മുഖം ധരിച്ച നർത്തകനെ നിയന്ത്രിക്കുന്നതിനുവേണ്ടി ഒരാൾ ഒരു ചരടുമായി അയാളെ അനുഗമിക്കും. ഒരു വൈദികഗൃഹത്തിൽനിന്നു തുടങ്ങുന്ന ഈ നൃത്തം, കുറേദൂരം പോയതിനുശേഷം തിരിച്ചെത്തുന്നതോടെ പരിസമാപിക്കുന്നു. ഈ ആഘോഷത്തിന് ഇങ്ങനെ രണ്ടു പ്രാവശ്യം നൃത്തം നടത്തണമെന്നുണ്ട്. തിരിച്ചുവരുമ്പോൾ എന്തോ ഒന്നിനെ ആട്ടി അകറ്റുമാറ് നർത്തകർ കാലുകൊണ്ട് തൊഴിക്കാറുണ്ട്.

ദേവതാപ്രീണനമാണ് മുഖ്യ ഇതിവൃത്തം. ഇക്കൂട്ടത്തിൽപെട്ട ചില പ്രധാനനൃത്തങ്ങൾ ഇവയാണ്:

ആചാരനൃത്തം-പാവനനൃത്തം

തിരുത്തുക

ദൈവങ്ങളെ പ്രീണിപ്പിക്കുക, കൃഷിവിഭവങ്ങൾ വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയും ഭൂതപ്രേതങ്ങളെ ആട്ടിയകറ്റുന്നതിനുവേണ്ടിയും അനുഷ്ഠിച്ചുവരുന്ന നൃത്തങ്ങളാണിവ. മതപരമായ നൃത്തങ്ങൾ ഏറ്റവും കൂടുതലായുണ്ടായിരുന്നത് പ്രാചീന ഈജിപ്റ്റിലായിരുന്നു. പ്രപഞ്ചവസ്തുക്കളെ അനുകരിച്ചുകൊണ്ടുള്ളതായിരുന്നു ഈജിപ്റ്റിലെ അനുഷ്ഠാനനൃത്തങ്ങൾ. പ്രപഞ്ചചലനങ്ങളാണ് പ്രധാനവിഷയം. താരാപഥത്തെ അനുകരിച്ചുകൊണ്ട്, ബലിഒട്ടകത്തിനു ചുറ്റും കറങ്ങി നടത്തുന്ന നൃത്തം ഇതിൽ ഏറ്റവും പ്രധാനമായിരുന്നു. ദൈവത്തിന്റെ കോലത്തിനുമുൻപിലായി ആരാധന ചെയ്തും സ്തുതിഗീതങ്ങൾ പാടിയും നടത്തുന്ന നൃത്തങ്ങൾക്ക് നിർദിഷ്ട നിയമങ്ങൾ ഉണ്ടായിരുന്നതായി കാണാം. ക്ഷേത്രങ്ങളോട് അടുത്ത പ്രദേശങ്ങളിൽ നൃത്തം, സംഗീതം, വാദ്യസംഗീതം എന്നിവയിൽ വിദഗ്ദ്ധരായവർ വസിച്ചിരുന്നു. പുരോഹിതന്മാർ, നർത്തകർ, ഗായകർ എന്നിവരുൾപ്പെട്ട ഘോഷയാത്ര തെരുവിലൂടെ നീങ്ങുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. ഉഷസ്സ്, വായു, വസന്തം എന്നിവയുടെ ദേവതകളെക്കുറിച്ചുള്ള കഥകളാണ് നൃത്തത്തിനുവേണ്ടി തിരഞ്ഞെടുക്കുന്നത്.[5]

കാർഷികനൃത്തം

തിരുത്തുക

നൃത്തത്തിന്റെ ദ്രുതചലനങ്ങൾക്ക് പ്രകൃതിയെ സ്വാധീനിക്കുവാൻ കഴിയുമെന്ന വിശ്വാസത്തിലാണ് മിക്ക കാർഷികനൃത്തങ്ങളും അനുഷ്ഠിച്ചുവരുന്നത്. മൊറോക്കോയിലെ പന്തുകളി ഇതിനുദാഹരണമാണ്. അഗ്രം വളഞ്ഞ കമ്പുകൊണ്ട് പന്ത് അതിവേഗം തട്ടിത്തട്ടിമാറ്റിക്കൊണ്ടാണ് നൃത്തം ചെയ്യുന്നത്. ഈ ചലനം മേഘങ്ങളെ സ്വാധീനിക്കുമെന്നും അങ്ങനെ മഴയുണ്ടാകുമെന്നുമാണ് വിശ്വാസം. ആസ്ട്രേലിയയിലെ അരുണ്ട വർഗക്കാർ ശരീരത്തിലെ പേശികൾ അതിവേഗം ചലിപ്പിച്ചുകൊണ്ടുള്ള ഒരു നൃത്തമാണ് മഴ പെയ്യിക്കാൻ അനുഷ്ഠിക്കുന്നത്. നൃത്തം ചെയ്തില്ലെങ്കിൽ വിളവു നശിക്കുമെന്ന് ന്യുഗിനിയിലെ മോട്ടു വർഗക്കാർ കരുതുന്നു. എല്ലാ നൃത്തങ്ങൾക്കും ഭൗതികമായ ചില നേട്ടങ്ങളുണ്ടെന്നാണ് അവരുടെ അഭിപ്രായം. കൃഷിനിലങ്ങൾ അവയുടെ ദൂരെയുള്ള ഭവനത്തിൽനിന്ന് അരിയുടെ ആത്മാവ് കൊണ്ടുവരുന്നതിന് ബോർണിയോയിലെ കയാൻകാർ നൃത്തം ചെയ്യാറുണ്ട്. പസഫിക് ദ്വീപുകളിലെ ആദിവാസികൾ കാലാവസ്ഥയെ സ്വാധീനിക്കുന്നതിനായി നീണ്ടുകൂർത്ത തൊപ്പികൾ ധരിച്ചുള്ള നൃത്തമാണ് നടത്തുന്നത് ഇത് തൊപ്പിനൃത്തം എന്നറിയപ്പെടുന്നു.

വേട്ടനൃത്തം

തിരുത്തുക

മൃഗങ്ങളെ അനുകരിച്ചുകൊണ്ടുള്ള രീതിയാണ് വേട്ടനൃത്തസമ്പ്രദായം. മിക്ക സ്ഥലങ്ങളിലും ഇത്തരം നൃത്തങ്ങളുണ്ട്. തെക്കേ ഐവറികോസ്റ്റിലെ വേട്ടനൃത്തം പ്രശസ്തമായ ഒന്നാണ്.

മാന്ത്രികനൃത്തം

തിരുത്തുക

അപരിഷ്കൃത ജനങ്ങളുടെ ഇടയിൽ മാന്ത്രികർക്കും ജാലവിദ്യക്കാർക്കും വൈദ്യൻമാർക്കും ഉയർന്ന സ്ഥാനമുണ്ട്; ഇവരുടെ നൃത്തങ്ങൾക്കും. ഉദാ. സാരവാക്കിലെ മാന്ത്രികനൃത്തം. രോഗകാരണമെന്ന് വിശ്വസിക്കപ്പെടുന്ന ഭൂതപ്രേതപിശാചുക്കളെ അകറ്റുന്നതിന് ഇവർ രോഗിക്കു ചുറ്റും ഉറഞ്ഞുതുള്ളുന്നു. സംഗീതത്തിനൊപ്പിച്ച് വാളുകൾ എല്ലാവശത്തേക്കും ചലിപ്പിച്ചുകൊണ്ടുള്ള നൃത്തം മൂർധന്യത്തിലെത്തുമ്പോൾ രോഗി ശക്തിയാർജിക്കുകയും നൃത്തത്തിൽ പങ്കുചേരുകയും ചെയ്യുന്നു. ഈ രീതി മിക്ക ഗോത്രക്കാരുടെ ഇടയിലും ഉണ്ട്.

പിശാചുനൃത്തം

തിരുത്തുക

ഗ്രീഷ്മത്തിന്റെ അവസാനം കുറിക്കുന്നതിനായി മംഗോളിയയിൽ നടത്തുന്ന ത്സാം ആഘോഷത്തോടനുബന്ധിച്ച് പിശാചുനൃത്തം നടത്താറുണ്ട്. ബുദ്ധഭിക്ഷുക്കളും ലാമാമാരുമാണ് നർത്തകർ. മരണദേവന്റെ സാന്നിധ്യം അനിഷേധ്യമാണെന്ന് കാണിക്കാനാണ് ഈ നൃത്തങ്ങൾ.

ശവസംസ്കാരനൃത്തം

തിരുത്തുക

ശവസംസ്കാര ചടങ്ങുകളോടനുബന്ധിച്ച് ഉള്ള നൃത്തങ്ങൾ ഇന്നും പല സ്ഥലങ്ങളിലും തുടർന്നുവരുന്നുണ്ട്. സ്പെയിൻ‍, ഫ്രാൻസ്, അയർലണ്ട് എന്നിവിടങ്ങളിലെ ഗ്രാമീണർ, ഈസ്റ്റിന്ത്യൻ ദ്വീപുകാർ, അമേരിക്കക്കാർ‍, ശ്രീലങ്കയിലെ വെഡ്ഢാവർഗക്കാർ, ഇന്ത്യയിലെ തോടർ എന്നിവർ മരണനൃത്തം അനുഷ്ഠിച്ചുവരുന്നു. പരേതാത്മാവിന്റെ സ്വർഗാരോഹണത്തെ ആഘോഷിക്കാൻ വേണ്ടിയാണ് ഇവർ ഈ നൃത്തം നടത്തുന്നത്.

ഭാഗ്യനൃത്തം

തിരുത്തുക

ബൽജിയം കോങ്ഗോയിലെ വതൂസിവർഗക്കാർ എല്ലാ പ്രധാന ചടങ്ങുകൾക്കും മുൻപായി ഭാഗ്യനൃത്തം (Good Luck Dance) നടത്താറുണ്ട്.

ഇന്ത്യയിൽ

തിരുത്തുക

ഇന്ത്യയിലെ മിക്ക നാടോടിനൃത്തങ്ങളും മതപരമായ പശ്ചാത്തലത്തിൽ ഉദയം ചെയ്തവയാണ്. ആധുനിക യൂറോപ്യൻ നൃത്തകലയിൽ മതപരമായ ചടങ്ങുകൾക്കോ ആരാധനയ്ക്കോ സ്ഥാനമില്ല. മറിച്ചാണ് ഇന്ത്യയിലെ സ്ഥിതി. പുരാണങ്ങളിൽനിന്ന് അടർത്തിയെടുത്ത കഥകളാണ് നൃത്തത്തിന് പ്രായേണ ആധാരം. സാമൂഹികമെന്നും മതപരമെന്നും ഒരു വിഭജനം ഇവിടെ സാധ്യവുമല്ല. സാമൂഹിക നൃത്തങ്ങൾ തന്നെ മതാചാരങ്ങളുമായി ബന്ധപ്പെട്ടവയാണ്. കാലാവസ്ഥ, പ്രാദേശിക സ്വഭാവങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ നൃത്തത്തിന്റെ സ്വഭാവത്തിന് വ്യത്യാസം ഉണ്ടെങ്കിലും തത്ത്വങ്ങൾക്ക് വളരെ സാദൃശ്യമുണ്ടെന്നത് ഒരു പ്രത്യേകതയാണ്.

ഇന്ത്യയിലെ അനുഷ്ഠാനനൃത്തങ്ങളെ മൂന്നായി തിരിക്കാം:

  1. ദേവതകളെ ആരാധിച്ചുകൊണ്ടുള്ളവ
  2. ഭൂതപ്രേതപിശാചുക്കളിൽനിന്നും രക്ഷിക്കണമെന്ന് ദേവതകളോട് പ്രാർഥിക്കുന്നവ
  3. പുരാണങ്ങളെ ആസ്പദമാക്കിയുള്ളവ.

നാഗാലാൻഡ്

തിരുത്തുക

ഇന്ത്യൻ നാടോടിനൃത്തങ്ങളിൽവച്ച് സുന്ദരവും ചലനാത്മകവുമായത് നാഗാനൃത്തങ്ങളാണ്. നാഗായുദ്ധനൃത്തമാണ് ഇതിൽ ഏറ്റവും പ്രധാനം. മുഖത്ത് ചായം തേച്ച് കൊമ്പ്, മുത്ത്, എല്ല്, തൂവൽ എന്നിവകൊണ്ടുള്ള ആഭരണങ്ങൾ ധരിച്ചാണ് ഇവർ നൃത്തത്തിനൊരുങ്ങുന്നത്. പൂർവികരെ വന്ദിക്കുന്നതിന് ഇവർക്കു പ്രത്യേക നൃത്തങ്ങളുണ്ട്.

അസം, മണിപ്പൂർ

തിരുത്തുക

ഇവിടങ്ങളിലെ നാടോടിനൃത്തങ്ങളിൽ പലതും ആരാധനാനൃത്തങ്ങളാണ്. ദേവതകളെ പ്രസാദിപ്പിക്കാനുള്ള മാർഗ്ഗമായിട്ടാണ് നൃത്തത്തെ ഇക്കൂട്ടർ പരിഗണിക്കുന്നത്. ശ്രീകൃഷ്ണന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ് മിക്ക നൃത്തങ്ങളും. ഉദാ. കേളീഗോപാൽ എന്ന ആസാം നൃത്തം. ഭക്തിരസപ്രധാനങ്ങളായ ഇതിവൃത്തങ്ങൾക്കു പുറമേ കൊയ്ത്തു നൃത്തം, ഖ്വല്ലം എന്ന അതിഥിനൃത്തം, വേടനൃത്തം എന്നിവയും നടത്തുന്നു. മണിപ്പൂരിലെ ആരാധനാനൃത്തങ്ങളുടെ കൂട്ടത്തിൽ രാസനൃത്തം, ലായ്ഹരോബാ, തബാൽ ചോങ്ബി എന്നിവ എടുത്തുപറയത്തക്കതാണ്. ശിവനേയും പാർവതിയേയും സംബന്ധിച്ചുള്ള കഥകളാണ് ലായ്ഹരോബാ നൃത്തത്തിന്നാധാരം. ഗ്രാമീണദേവതകൾക്ക് അർപ്പിക്കപ്പെട്ട നിലയിലുള്ള ഈ നൃത്തരൂപത്തിന്റെ സംവിധായകർ സന്ന്യാസികളും സന്ന്യാസിനികളുമാണ്. നർത്തകരിൽ ദൈവശക്തി ആവാഹിക്കപ്പെടുമ്പോഴാണ് നൃത്തം തുടങ്ങുക. ലായ്ഹാരോബ നൃത്തത്തോട് സാദൃശ്യമുള്ള ഒന്നാണ് മഹാരാജാ ജയ്സിങ് സംവിധാനം ചെയ്തതെന്നു കരുതപ്പെടുന്ന രാസലീല. പലവിധ ഭജനക്രമങ്ങളെ ആധാരമാക്കി, ദീർഘായുസ്സും സമൃദ്ധിയും നല്കാൻ ദൈവത്തോടും ഭൂമിദേവിയോടും അഭ്യർഥിക്കുന്ന മട്ടിലുള്ളതാണ് മണിപ്പൂർ നാഗാൻമാരുടെ മാവോനൃത്തം. കേദാരനാഥ് ക്ഷേത്രത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വസിക്കുന്ന നെഹ്രി-ഗർവാൾഗോത്രക്കാർ അമ്പലമുറ്റങ്ങളിൽ നടത്തുന്ന പേരുകേട്ട നൃത്തമാണ് ചൌഫാലാകേദർ. സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ദേവതകളേയും ഭൂമീദേവിയേയും പ്രീതിപ്പെടുത്തുന്നതിനാണീ നൃത്തം. ദേവതകൾ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കുന്നതായി സങ്കല്പിച്ചിട്ടുള്ള രംഗത്തിൽ നൃത്തം അതിന്റെ പരമകാഷ്ഠയിൽ എത്തുന്നു.

ഹിമാചൽപ്രദേശ്, പഞ്ചാബ്, ഹരിയാന

തിരുത്തുക

ഹിമാലയത്തിന്റെ പ്രാന്തപ്രദേശത്തുള്ള ജനങ്ങളുടെ ഒരു അപൂർവ നൃത്തമാണ് സാംക്രമികരോഗങ്ങളെയും കഷ്ടതകളെയും അകറ്റാൻ വേണ്ടിയുള്ള ജാഗർ എന്ന പിശാചുനൃത്തം. ഹരിയാനയിലെ ഒരു ആചാരനൃത്തമാണ് വിളവെടുപ്പ് ഉത്സവത്തോടനുബന്ധിച്ചുള്ള നടത്തുന്ന ധാംയാൽ. പരമശിവനെ ധ്യാനിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹത്തിൽ ആനന്ദോൻമത്തരായി നൃത്തം ചെയ്യുകയുമാണ് ഇതിന്റെ സമ്പ്രദായം. പഞ്ചാബിൽ വിളവെടുപ്പിനോടനുബന്ധിച്ച് ഉത്സവത്തിന്റെ ഒരു പ്രധാനഭാഗമായിരുന്നു ഭാംഗ്രാനൃത്തം. ഇപ്പോൾ എല്ലാ ആഘോഷങ്ങളുടെയും ഭാഗമായി ഭാംഗ്രാനൃത്തം നടത്താറുണ്ട്.

ഒറീസയിലെ ഭൂമിയാവർഗക്കാരുടെ ജാദൂർനൃത്തവും ഭൂമിദേവിയെ ആരാധിക്കുന്ന തരത്തിലുള്ളതാണ്. പാച്ചുവാർജ് എന്ന മദ്യം അവർ ഭൂമിയിലൊഴിച്ച് ദേവിക്ക് നിവേദിച്ചശേഷം കുടിക്കുന്നു. മദ്യം ഒഴുകുന്ന പ്രദേശം ഫലഭൂയിഷ്ടഠമാകുമെന്നാണ് വിശ്വാസം.

ഗുജറാത്ത്

തിരുത്തുക

ഗുജറാത്തിൽ ഏറ്റവും പ്രചാരമുള്ള ഒരു അനുഷ്ഠാനനൃത്തമാണ് ഗർബാ. നവരാത്രി ഉത്സവക്കാലത്ത് ഗർബാ എന്നു പേരുള്ള സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമീണ കന്യകമാർ നടത്തുന്നതാണിത്. ആകർഷകമായി അലങ്കരിച്ച് തിരികൊളുത്തിവച്ച പാത്രം തലയിലേറ്റി വീടുതോറും നടന്ന് അവിടെ ഒരുക്കിവച്ചിട്ടുള്ള ഇത്തരം പാത്രത്തിനു ചുറ്റും നൃത്തം വയ്ക്കുന്നു. തിരുവാതിരകളിപോലെ കൈകൊട്ടിയും കുമ്മിയടിച്ചുമാണ് ഗർബാനൃത്തം ചെയ്യുന്നത്. പുരുഷൻമാർ നടത്തുന്ന ഗർബിനൃത്തം ഇതിന്റെ ഒരു വകഭേദമാണ്.

മാഖേ, ബാ, ധ്യോർ, ജൊംനാമാ എന്നീ നൃത്തങ്ങളാണ് പ്രധാനമായവ. മാഖേ നൃത്തം ദേവതാപ്രീതിക്കും ബാ നൃത്തം പ്രേമം, സാഹസികത, വേട്ട, യുദ്ധം എന്നിവയെ ആസ്പദമാക്കിയും ധ്യോർ നൃത്തം കൃഷി, മഴ, കാർമേഘം എന്നിവയെ സംബന്ധിച്ചും ജൊംനാമാനൃത്തം വിളവെടുപ്പ് സമയത്തും നടത്തുന്നു.

ദസ്രാ ഉത്സവത്തോടനുബന്ധിച്ച് ദുർഗാപ്രീതിക്കുവേണ്ടി ബംഗാളിലെ സന്താൾവർഗക്കാർ ദേശായി (ദസ്രാ) നൃത്തം നടത്തുന്നു. വിവാഹാവസരത്തിൽ നടത്തുന്നതാണ് ഗുലാരിയാ നൃത്തം. റായീബേശീ എന്നത് യുദ്ധനൃത്തമാണ്. ആയുധങ്ങൾ ഉപയോഗിക്കാതെ കൈമുദ്രകൾ കൊണ്ടാണ് യുദ്ധമുറകൾ കാണിക്കുന്നത്. വനദേവതമാരുടെ പ്രീതിക്കായി നടത്തുന്നതാണ് കാനനനൃത്തം.

തമിഴ്നാട്

തിരുത്തുക

തമിഴ്നാട്ടിലെ ചില ക്ഷേത്രങ്ങളിൽ നടത്താറുള്ള ഒന്നാണ് സിംഹനടനം. നൃത്തം തുടങ്ങുന്നതിനുമുൻപായി ക്ഷേത്രത്തിന്റെ മുൻപിൽ മൂന്നിഞ്ചുകനത്തിൽ വെള്ളമണൽ നിരത്തി അതിന്റെ മുകളിൽ വെള്ളത്തുണി വിരിക്കുന്നു. നർത്തകി സിംഹനടനതാളത്തിലുള്ള ഗാനത്തിൽ നൃത്തം ചെയ്തു മുൻപോട്ടുവന്ന് കാലുകൊണ്ട് മണ്ണ് മുൻപോട്ടു നീക്കുന്നു. വീണ്ടും വീണ്ടും ഇത് ആവർത്തിച്ച് നൃത്തം അവസാനിപ്പിക്കുന്നു. നൃത്തം കഴിയുമ്പോൾ, ഇരിക്കുന്ന സിംഹത്തിന്റെ ആകൃതി മണ്ണിൽ രൂപംകൊണ്ടിരിക്കുന്നതായി കാണാം. രാമേശ്വരം ക്ഷേത്രത്തിലും ഇതുപോലെയുള്ള നൃത്തം നടത്താറുണ്ട്. സിംഹത്തിനുപകരം പാർവതീപരമേശ്വരൻമാരെ തോളിലേറ്റി നിൽക്കുന്ന ദശമുഖന്റെ രൂപമാണ് ഇവിടെ നൃത്തം ചെയ്യുന്നയാൾ സൃഷ്ടിക്കുന്നത് എന്ന വ്യത്യാസം മാത്രം.

തഞ്ചാവൂർ ജില്ലയിലെ ത്യാഗരാജക്ഷേത്രങ്ങളിൽ (തിരുവാരൂർ, തിരുനല്ലാരു, തിരുനാഗായ, തിരുക്കാരായിൽ, തിരുക്കോലിലി, തിരുവായ്മൂർ, തിരുമരൈക്കാട്) പ്രത്യേകതരം അനുഷ്ഠാനനൃത്തങ്ങൾ നടത്താറുണ്ട്. ത്യാഗരാജപ്രതിമവച്ച് അലങ്കരിച്ച ജീവിത തോളിലേറ്റിക്കൊണ്ടാണ് നൃത്തം ചെയ്യുന്നത്. അജപാനടനം, ഉൻമത്തനടനം, തരംഗനടനം, കുക്കുടനടനം, ഭൃംഗനടനം, കമലനടനം, ഹംസനടനം എന്നീ നൃത്തങ്ങളാണ് ഇവർ ചെയ്യുന്നത്.

നവസന്ധിനൃത്തം തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ധ്വജാരോഹണോത്സവത്തോട് അനുബന്ധിച്ച് നടത്താറുണ്ട്. ബ്രഹ്മാവിനേയും അഷ്ടദിക്പാലൻമാരേയും പ്രീതിപ്പെടുത്തുവാനാണ് ഇത് നടത്താറ്. ബ്രഹ്മാവിനെ പ്രീതിപ്പെടുത്തുന്നതിന് കമലനൃത്തവും അഷ്ടദിക്പാലൻമാരായ ഇന്ദ്രൻ‍, അഗ്നി, യമൻ‍, നിരൃതി, വരുണൻ, വായു, കുബേരൻ‍, ഈശ്വരൻ എന്നിവർക്ക് യഥാക്രമം ഭൂജംഗം, മണ്ഡലം, ദണ്ഡപാദം, ഭുജംഗത്രാസം, കുഞ്ചിതം, സന്ധ്യാനൃത്തം, ഊർധ്വപാദം എന്നീ നൃത്തങ്ങളും നടത്താറുണ്ട്.

കേരളത്തിൽ

തിരുത്തുക

അനുഷ്ഠാനപ്രധാനമായ നൃത്തങ്ങളിൽ ചിലത്:

തിറയാട്ടം

തിരുത്തുക
 
Thirayattam (Karumakan Vallattu)

തെക്കൻമലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകൾ)കാവുകളിലും തറവാട്ട്‌ സ്ഥാനങ്ങങ്ങളിലും വർഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ്തിറയാട്ടം.ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്.തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്ത് മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്ത്തമാക്കുന്നു. എന്നാൽ മലബാറിലെ തെയ്യം, തീയാട്ട്,മദ്ധ്യകേരളത്തിലെ മുടിയേറ്റ്‌, തിരുവിതാംകൂറിലെ പടയണി, തുളുനാട്ടിലെ കോള എന്നീ അനുഷ്ഠാനകലകളുമായി തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്.എന്നാൽ വള്ളുവനാടൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന"പൂതനും തിറയും" എന്ന കലാരുപവുമായി തിറയാട്ടത്തിനു ബന്ധമില്ല.[6] "തിറയാട്ടം" എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്നാണ് പൂർവ്വികർ നൽകീരിക്കുന്ന അർത്ഥം. .നൃത്തവും ,അഭിനയവും ഗീതങ്ങളും, വാദ്യഘോഷങ്ങളും, മുഖത്തെഴുത്തും, മെയ്യെഴുത്തും, ചമയങ്ങളും,ആയോധനകലയും, അനുഷ്ടാനങ്ങളും കോർത്തിണക്കിയ ചടുലമായ കലാരൂപമാണിത്,[7].ചൂട്ടുവെളിച്ചത്തിൽ ചെണ്ടമെളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതുകലാരൂപമാണ്.കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളില് കാവുകളിലാണ് (ദേവതാസങ്കൽപ്പങ്ങളുള്ള മരകൂട്ടങ്ങളാണ് കാവുകൾ ) തിറയാട്ടം അരങ്ങേറുന്നത്.ആദിമ ഗോത്രസംസ്ക്കാരത്തിൻറെ ജീവിതരീതികളും അചാരാനുഷ്ഠാനങ്ങളും തിറയാട്ടത്തിലും അനുബന്ധ കവാചാരങ്ങളിലും പ്രകടമാണ്.നാഗാരാധന, വൃക്ഷാരാധന, മലദൈവ സങ്കൽപ്പങ്ങൾ, വീരാരാധന, അമ്മദൈവ ആരാധന, മുതലായവ ഇവിടുത്തെ കാവാചാരങ്ങളിൽ ഉൽപെടുന്നു. പരുമണ്ണാൻ സമുദായത്തിനാണ് തിറകെട്ടിയാടുന്നതിനുള്ള പരമ്പരാഗത അവകാശമുള്ളത്. എന്നാൽ ചെറുമർ, പാണൻ എനീസമുദായങ്ങളും ചിലയിടങ്ങളിൽ തിറകെട്ടിയാടാറുണ്ട്. കോലധാരികൾ, ചമയക്കാർ, മേളക്കാർ, അനുഷ്ടാന വിദ്വാന്മാർ, കോമരങ്ങൾ, സഹായികൾ എന്നിവരടങ്ങുന്ന തിറയാട്ട സമിതികളാണ് കാവുകളിൽ തിറയാട്ടം നടത്തുന്നത്. തിറയാട്ടത്ത് വെള്ളാട്ട്, തിറ, ചാന്തുതിറ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. പകൽവെളിച്ചത്തിൽ നടത്തുന്നതാണ് വെള്ളാട്ട്. രാത്രിയിൽ ചൂട്ടുവെളിച്ചത്തിലാണ് തിറക്കോലങ്ങൾ നിറഞ്ഞാടുന്നത്. ദേവമൂർത്തികൾക്കും കുടിവെച്ചമൂർത്തികൾക്കും തിറകെട്ടിയാടുന്നു. ഭഗവതി, ഭദ്രകാളി, നീലഭാട്ടരി, കരിംകളി, നാഗകാളി, തീചാമുണ്ഡി, രക്തേശ്വരി തുടങ്ങിയ ദേവീ ഭാവ കോലങ്ങളും കാരിയാത്തൻ, കരുമകൻ,കുലവൻ, മുണ്ട്യൻ, തലച്ചിലവൻ,കരിവില്ലി,തുടങ്ങിയ ദേവഭാവത്തിലുള്ള കോലങ്ങളും പ്രാദേശിക ദൈവസങ്കൽപ്പങ്ങളിലുള്ള കുട്ടിച്ചാതൻ, കളിനീലിയമ്മ, പണ്ടാരമൂർത്തി, തുടങ്ങിയവയും തിറയാട്ടത്തിൽ ദേവമൂർത്തികളാണ്.[8] തെക്കൻമലബാറിലെ കാവുകളിൽ കുടിവെച്ച മൂർത്തികൾക്കും തിറകെട്ടിയാടാറുണ്ട്. തറവാട്ട് കാരണവർ, മന്ത്രം, വൈദ്യം, കലകൾ മുതലായവയിൽ പ്രാവീണൃം നേടിയവർ, ആയോധനമുറകളിൽ കഴിവുള്ളവർ(വീരാരാധന), കാവിന് കാരണഭൂതനായ വ്യക്ത്തിക്കും ഇവരുടെ മരണശേഷം കാവിൽ കുടിയിരുത്തി ആരാധിക്കുകയും തിറകെട്ടിയാടുകയും ചെയ്യുന്നു.ഗുരുമൂർത്തി, ചെട്ടിമൂർത്തി, പെരുവണ്ണാൻ മൂർത്തി,മലയാളം തമ്പുരാൻ, മുത്തപ്പൻ, കളവങ്കേട് മാക്കം, പന്തപ്പുറത്തു പാഞ്ചാലി മുതലായവ കുടിവെച്ചമൂർത്തികളാണ്.ഇതിൽ ഏറ്റവും പ്രാധാന്യമുള്ള വേഷം ഭഗവതിത്തിറ ആകുന്നു.പുരാവൃത്തത്തിലുള്ള ദാരികവധം ഇതിവൃത്തമാക്കിയാണ് ഭഗവതിത്തിറയുടെ അവതരണം.

തിറയാട്ടത്തിൽ ചെണ്ട, ഇലത്താളം, തുടി,പഞ്ചായുധം, കുഴൽ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. ഓരോ തിറക്കും പ്രത്യേകം തോറ്റങ്ങളും അഞ്ചടികളും താളങ്ങളും പ്രയോഗത്തിലുണ്ട്. ചൂട്ടുകളികോപ്പമാണ്‌ തിറകോലങ്ങൾ ഉറഞ്ഞാടുന്നതും നൃത്തം ചെയ്യുന്നതും. ഇരുകൈകളിലും കത്തിച്ച ചൂട്ടുമായി മേളത്തിനൊപ്പം താളാത്മകമായി നൃത്തവും ആയോധന മുറകളും പ്രദർശിപ്പിക്കുന്നതാണ് ചൂട്ടുകളി.വൈവിദ്ധ്യങ്ങളായ അനുഷ്ടാനങ്ങളാൽ സമ്പന്നമാണ് തിറയാട്ടം.ഇരുന്നു പുറപ്പാട്, കാവിൽകയറൽ, വില്ലികളെ കെട്ടൽ,കാവുണർത്തൽ, അരിയും പൂവും എടുക്കൽ, ഒടക്കു കഴിക്കൽ, തിരുനെറ്റി പതിക്കൽ, വെട്ടുവാചകം ചൊല്ലൽ, ഗുരുതി, കനലാട്ടം,ചാന്തുതിറ, കുടികൂട്ടൽ ഇവ പ്രധാനപ്പെട്ട അനുഷ്ഠാനങ്ങളാണ്.വിചിത്രമായ വേഷവിധാനങ്ങളാണ് തിറക്കോലങ്ങൾക്കുള്ളത്.ഓരോ കോലങ്ങൾക്കും പ്രത്യേകം മുഖത്തെഴുത്തും മെയ്യെഴുത്തും മറ്റു ചമയങ്ങളും ഉണ്ടാകും.ചില തിറകൾക്കു വളരെ ഉയരത്തിലുള്ള മുടി കാണുന്നുണ്ട്. ഈ പ്രത്യേകതകളാണ് ഓരോ കോലങ്ങളേയും മറ്റുള്ളവയിൽനിന്നും വ്യത്യസ്തമാക്കുന്നത്.കത്തിച്ച പന്തങ്ങൾ, വാൾ, പരിച, കുന്തം, അമ്പും വില്ലും ഇവ വേഷങ്ങൾക്കനുസരിച്ച് കോലധാരികൾ ആട്ടത്തിനിടയിൽ ഉപയോഗിക്കാറുണ്ട്.ജനുവരിമുതൽ ഏപ്രിൽവരെയാണ് തിറയാട്ടകാലം.

കുംഭകുടം

തിരുത്തുക

കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽ നടത്താറുള്ള ഒരു അനുഷ്ഠാനനൃത്തമാണ് കുംഭകുടം. ഇതിന് മാരിയമ്മൻ തുള്ളൽ, അമ്മൻകുടം എന്നും പേരുകളുണ്ട്. കുംഭഭരണി, മീനഭരണി, പത്താമുദയം (മേടം-10) എന്നീ ദിവസങ്ങളിലെ ഉത്സവത്തിനാണ് ഇത് നടത്താറുള്ളത്. കോട്ടയത്തിനടുത്തുള്ള മണർകാട്, കുറ്റിക്കാട്, പള്ളിപ്പുറം എന്നീ കാവുകളിൽ കുംഭകുടം വളരെ പ്രാധാന്യത്തോടെ ഇന്നും നടത്തിവരുന്നുണ്ട്. മഞ്ഞൾവെള്ളമോ മഞ്ഞളും ചുണ്ണാമ്പുംകൂടി കലക്കിയ നിണവെള്ളമോ കുടങ്ങളിൽ നിറച്ചതിനുശേഷം ആര്യവേപ്പിന്റെ കൊമ്പുകളും തേങ്ങയുംകൊണ്ടു പൂജിച്ച കുടം പൂച്ചെണ്ടുകൾകൊണ്ടലങ്കരിച്ച് നർത്തകർ തലയിൽ വയ്ക്കുന്നു. ഓലകൊണ്ടു കെട്ടിമറച്ച പാട്ടമ്പലത്തിൽനിന്ന് പുറപ്പെട്ട് നർത്തകർ കാവിൽ എത്തുന്നു. വെളിച്ചപ്പാട് കുടത്തിൻമേൽ വാളുതൊട്ട് അനുഗ്രഹിക്കുന്നതോടെ നൃത്തം തുടങ്ങുകയായി. പ്രത്യേക താളങ്ങളിലുള്ള വാദ്യമേളവും ഇതിനുണ്ട്. നൃത്തം ഉച്ചകോടിയിലെത്തി അമ്പലത്തിന്റെ വടക്കേനടയിൽ വരുമ്പോൾ നർത്തകർ ഓരോരുത്തരും കുടത്തിലെ വെള്ളം വെളിച്ചപ്പാടിന്റെ തലയിൽ ഒഴിക്കും. ഭദ്രകാളിക്ഷേത്രത്തിൽ നടത്താറുള്ള മുടിയാട്ടവും ഇതുപോലെ ഒന്നാണ്.

ഗരുഡൻ തൂക്കം

തിരുത്തുക
 
തെയ്യം

ഗരുഡൻ പറവ എന്ന ആചാരനൃത്തവും ഭദ്രകാളിക്ഷേത്രങ്ങളിലാണ് നടത്താറുള്ളത്. കിരീടവും മുടിയും ചിറകുകളും പക്ഷിയുടെ ചുണ്ടും നർത്തകൻ ധരിക്കുന്നു. കവുങ്ങുകൊണ്ടു തീർത്ത തട്ടിൽ നർത്തകനെ ഏറ്റി വാദ്യമേളത്തോടെ ധാരാളം ആളുകൾ പുറപ്പെടുന്നു. പല ഗ്രാമങ്ങളിൽനിന്നും ഇത്തരത്തിലുള്ള ധാരാളം ഗരുഡൻമാർ ക്ഷേത്രത്തിൽ ഒന്നിച്ചുചേരും. വെളിച്ചപ്പാടിന്റെ അനുഗ്രഹത്തോടുകൂടിയാണ് ഗരുഡനൃത്തവും തുടങ്ങുക. ഗരുഡവേഷം കെട്ടിയവരെ ചാടിൻമേൽ നിറുത്തി പുറത്തു ചൂണ്ട കുത്തി, ചൂണ്ടയുടെ അറ്റത്തുള്ള ചരടുകൊണ്ടു നിയന്ത്രിച്ചു നടത്തുന്ന നൃത്തമാണ് ഗരുഡൻതൂക്കം. തിറയാട്ടം,[9] മുടിയേറ്റ്,[10] തെയ്യാട്ടം എന്നിവയും കേരളത്തിലെ ക്ഷേത്രങ്ങളിൽ നടത്താറുള്ള ആചാരനൃത്തങ്ങളാണ്. എരുമേലിയിൽ അയ്യപ്പഭക്തൻമാർ നടത്തുന്ന പേട്ടതുള്ളലും[11] അനുഷ്ഠാനനൃത്തങ്ങളുടെ കൂട്ടത്തിൽ ശ്രദ്ധേയമാണ്.

കാവടിയാട്ടം

തിരുത്തുക
 
കാവടി
പ്രധാന ലേഖനം: കാവടി

കേരളത്തിലെ ക്ഷേത്രങ്ങളിൽ, വിശേഷിച്ച് സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ നടത്താറുള്ള കാവടിയാട്ടം മറ്റൊരിനമാണ്. മകരമാസത്തിലെ തൈപ്പൂയം നാളിലാണ് പ്രധാനമായും ഇതു നടത്തുക. പൂക്കൾ, മാലകൾ, മയിൽപ്പീലികൾ എന്നിവകൊണ്ടലങ്കരിച്ച കാവടി ചുമലിലെടുത്ത് കവിളത്തോ നാവിലോ ദേഹത്തു പല ഭാഗത്തും തന്നെയോ വേൽ കുത്തിയിറക്കിക്കൊണ്ടാണ് ചിലർ നൃത്തത്തിൽ പങ്കെടുക്കുന്നത്. നർത്തകരുടെ മുന്നിലായി നാഗസ്വരം, തകിൽ, ചെട്ടിവാദ്യം, പമ്പമേളം, ഉടുക്ക് എന്നീ വാദ്യോപകരണങ്ങളുമായി മേളക്കാർ പോകുന്നു. സുബ്രഹ്മണ്യസ്വാമിക്ക് നിവേദിക്കാനുള്ള പാലും പനിനീരും ഭസ്മവും മറ്റും കാവടിയുടെ വശങ്ങളിൽ തൂക്കി ഇട്ടിരിക്കും. തമിഴ്നാട്ടിലും കാവടിയാട്ടം പ്രചാരത്തിലുണ്ട്. വൈദികമതം സ്ഥാപിക്കുന്നതിനുവേണ്ടി ബുദ്ധമതാനുയായികളെ നശിപ്പിച്ചതിന്റെ ഓർമയ്ക്കാണ് കാവടിയാട്ടം, അമ്മൻകുടം, ഗരുഡൻതൂക്കം തുടങ്ങിയ ആചാരങ്ങൾ അനുഷ്ഠിക്കപ്പെടുന്നതെന്ന് ചില ചരിത്രകാരൻമാർ കരുതുന്നു.[12]

തിരുവാതിരക്കളി

തിരുത്തുക
 
തിരുവാതിരക്കളി

തിരുവാതിരവ്രതത്തോടനുബന്ധിച്ചുള്ള തിരുവാതിരക്കളി[13] (കൈകൊട്ടിക്കളി) കേരളത്തിന്റെ പ്രത്യേകതയാണ്. തിരുവാതിരദിവസം രാത്രിയിൽ കത്തിച്ചുവച്ച നിലവിളക്കിനു ചുറ്റും നിന്ന് പാട്ടുപാടി ചുവടുവച്ച് സ്ത്രീകൾ നടത്താറുള്ള ഈ നൃത്തം പരമശിവനെ പ്രീതിപ്പെടുത്തുന്നതിനുള്ളതാണ്.

അനുഷ്ഠാനനൃത്തങ്ങളുടെ ഒരു ഭാഗമായി അനുഷ്ഠാന നാടകങ്ങൾ എന്നൊന്ന് കേരളത്തിൽ നിലവിലുണ്ട്. മുടിയേറ്റ്, കാളിത്തിയ്യാട്ട്, അയ്യപ്പൻതിയ്യാട്ട് എന്നിവ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടവയാണ്. വാസ്തവത്തിൽ ഇവ നാടകീയനൃത്തമോ നൃത്തരൂപേണയുള്ള നാടകമോ ആകാം. എന്തായാലും അനുഷ്ഠാനമായി നടത്തിവരുന്നതും താളനിബദ്ധവും ഗാനാത്മകവുമായ ഒരു പശ്ചാത്തലത്തോടുകൂടി നൃത്തം ചവുട്ടിയും അംഗവിക്ഷേപങ്ങൾ ചെയ്തും പ്രത്യേക സന്ദർഭങ്ങളിൽ മാത്രം നടത്തപ്പെടുന്നതും കേരളത്തിന്റേതുമാത്രവുമായ ഇവയെ അനുഷ്ഠാനനൃത്തങ്ങളിൽ തന്നെ ഉൾപ്പെടുത്താവുന്നതാണ്.

മുടിയേറ്റ്

തിരുത്തുക
 
മുടിയേറ്റ്

കാവുകളിലാണ് ഈ ചടങ്ങു നടത്തുക. ധർമദൈവങ്ങളെയോ കാരണവൻമാരെയോ കുടിയിരുത്തിയിട്ടുള്ള കുര്യാലകൾക്കു മുമ്പിലും മുടിയേറ്റു നടത്താറുണ്ട്.[14]കളമെഴുത്ത്, ദീപാരാധന, തിരിയുഴിച്ചിൽ എന്നിവയ്ക്കുശേഷം താലപ്പൊലിയുമായി ദേവിയെ എതിരേൽക്കുന്നു. തായമ്പക, പഞ്ചവാദ്യം തുടങ്ങിയ മേളങ്ങൾ എതിരേൽപിലും പ്രദക്ഷിണത്തിലും ഉണ്ടായിരിക്കും. ദാരികനും കാളിയുമായുള്ള ഏറ്റുമുട്ടലാണ് ഇതിന്റെ ഇതിവൃത്തം. കാളി, ദാരികൻ, ശിവൻ, ദാനവൻ, കോയിമ്പിടാര് (കോയമ്പടനായര്), വേതാളം, കൂളി ഇത്രയുമാണ് കഥാപാത്രങ്ങൾ, അവർക്കു പ്രത്യേകം ചമയങ്ങളുമുണ്ട്.

കാളിത്തിയ്യാട്ട്

തിരുത്തുക

അയ്യപ്പൻകാവിലും അമ്മൻകാവിലുമാണ് തിയ്യാട്ടു നടത്തുക. ചിലപ്പോൾ വീടുകളിലും നടത്താറുണ്ട്. 'ബാധ' ഒഴിക്കാനും സന്താനസമ്പത്തുണ്ടാകാനുമാണ് വീടുകളിൽ തിയ്യാട്ടുനടത്തുന്നത്. ഷഷ്ടിപൂർത്തി തുടങ്ങിയ ചടങ്ങുകളുടെ ഭാഗമായും തീയാട്ടു നടത്താം. തിയ്യാട്ടുണ്ണികൾ എന്നു പറയപ്പെടുന്ന അന്തരാളവർഗക്കാരാണ് ഇതു നടത്താൻ അധികാരമുള്ളവർ.




ഉച്ചപ്പാട്ട്, കളമെഴുത്ത്, സന്ധ്യക്കൊട്ട്, എതിരേൽപ്, ദീപാരാധന തുടങ്ങിയവയാണ് ചടങ്ങുകൾ. അഷ്ടമംഗല്യം, കോൽവിളക്ക്, കുത്തുവിളക്ക്, ചങ്ങലവട്ട തുടങ്ങിയവ എതിരേൽപിനുണ്ടായിരിക്കും. തിരിയുഴിച്ചിലാണ് അവസാനത്തെ ചടങ്ങ്. അതുകൊണ്ടായിരിക്കാം ഇതിന് തിയ്യാട്ട് (തിരികൊണ്ടുള്ള ആട്ട് അഥവാ ഉച്ചാടനം) എന്നു പറഞ്ഞുവരുന്നത്. ഇതിന്റെ കഥയും ദാരികവധം തന്നെയാണ്. വലന്തലച്ചെണ്ട (വീക്കൻ), ഇലത്താളം, ചേങ്കല ഇവയാണ് മേളത്തിനുപയോഗിക്കുക. നൃത്തഭേദങ്ങൾക്കനുസരിച്ച് കൊട്ടുകയാണ് മേളക്കാരുടെ ചുമതല. വേഷവിധാനങ്ങളും അംഗവിക്ഷേപങ്ങളോടുകൂടിയ അഭിനയവുമുണ്ട്.

അയ്യപ്പൻതിയ്യാട്ട്

തിരുത്തുക
 
പുലികളി
 
തെയ്യം

അയ്യപ്പൻ കാവുകളിലാണ് ഇതു നടത്തുക പതിവ്; പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിൽ. പീഠം, വിളക്ക്, വെള്ളരി തുടങ്ങിയവ വച്ച് ഗണപതിപൂജ നടത്തുന്നതോടുകൂടിയാണ് ആരംഭം. ശാന്തിക്കാരൻ പൂജനടത്തുകയും നമ്പ്യാർ പറകൊട്ടി പാടുകയും ചെയ്യും. ആദ്യത്തെ ചടങ്ങിന് ഉച്ചതീയ്യാട്ട് എന്നു പറയും. വൈകിട്ടാണ് മറ്റു ചടങ്ങുകൾ ആരംഭിക്കുക. കളമെഴുതി, പീഠത്തിൽ തിരുവുടയാട ചാർത്തുന്നു. അതോടെ നമ്പ്യാർ പറകൊട്ടി പാട്ടുതുടങ്ങും. പിന്നീട് കൂത്ത് ആരംഭിക്കും. കൂത്തിൽ നന്ദികേശ്വരന്റെ വേഷം കെട്ടുന്നത് നമ്പ്യാരായിരിക്കും. ശാസ്താവിന്റെ ജനനമാണ് ഇതിവൃത്തം. നന്ദികേശ്വരൻ കൈമുദ്രകളിലൂടെ കഥാഖ്യാനം നടത്തുമ്പോൾ ശ്രീ പരമേശ്വരൻ നൃത്തം ചെയ്തുകൊണ്ടിരിക്കും. കഥ ആടിക്കഴിഞ്ഞാൽ പരമ്പിരയം കൈയുകൾ ആടുക എന്ന പതിവുണ്ട്. അതുകഴിഞ്ഞ് തിരിയുഴിച്ചിലാണ്. വെളിച്ചപ്പാടിന്റെ വരവും അതിനെത്തുടർന്ന് കനൽച്ചാട്ടം എന്ന ചടങ്ങും ചില ദിക്കുകളിൽ നടത്താറുണ്ട്.[15]

അയ്യപ്പൻപാട്ട്, പേട്ടതുള്ളൽ, തിറയാട്ടം, വെള്ളാട്ടം, ഗുളികൻതിറ, തെയ്യം, ഗുളികൻ തോറ്റം, ഇളംകോലത്തോറ്റം, കുത്തിയോട്ടം[16] തുടങ്ങി ഈഷൽഭേദങ്ങളോടെ നടത്തിവരുന്ന അനുഷ്ഠാനങ്ങളിൽ നൃത്തത്തിന് നല്കിയിട്ടുള്ള പ്രാധാന്യം ശ്രദ്ധേയമാണ്. ഈശ്വരസ്തുതിപരങ്ങളും നിവേദനപരങ്ങളുമായ ഇത്തരം അനുഷ്ഠാനങ്ങൾക്ക് മതപരമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ മതാനുഷ്ഠാനങ്ങളുടെ ഭാഗമായിട്ടല്ലാതെയുള്ള ഏഴാമത്തുകളി, യാത്രകളി, വേലകളി,[17] പുലികളി, കടുവാകളി, അർബാനമൊട്ടുകളി, പരിചമുട്ടുകളി, മാർഗംകളി തുടങ്ങിയവ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നടത്തിവരുന്ന അനുഷ്ഠാനസ്വഭാവമുള്ള നൃത്തവിശേഷങ്ങളാണ്.[18]

ഇതുംകൂടികാണുക

തിരുത്തുക
  1. http://www.thegoddessdancing.com/dance_of_birth.htm The Dance of Birth
  2. [1] Irish National Youth Ballet Presents DANCE CELEBRATION, Beginning
  3. http://www.seasite.niu.edu/Tagalog/Literature/Short%20Stories/Wedding%20Dance.htm Archived 2011-07-26 at the Wayback Machine. Wedding Dance
  4. http://www.shineglobal.org/index.php/hero-of-the-week/wardancenews/ Archived 2011-06-11 at the Wayback Machine. War Dance
  5. http://www.asianinfo.org/asianinfo/korea/perform/religious_dances.htm Korean Religious Dances
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-22. Retrieved 2017-01-22.
  7. നാട്ടരങ്ങ്, വികാസവും പരിണാമവും, ജി. ഭാർഗ്ഗവൻ പിള്ള
  8. "Thirayattam" (Folklore text- malayalam, moorkkanad Peethambaran) State Institute of language , kerala ISBN 978-81-200-4294-0
  9. http://southindiaculture.com/states/pondi/folk/Thirayattam.html[പ്രവർത്തിക്കാത്ത കണ്ണി] Thirayattam
  10. http://www.malayalamresourcecentre.org/Mrc/culture/artforms/mudiyettu/mudiyettu.html Archived 2011-11-04 at the Wayback Machine. Mudiyettu
  11. http://www.saranamayyappa.org/Traditional_Festivities_at_Erumeli_during_the_Pilgrimage_Season.htm Archived 2011-09-15 at the Wayback Machine. Petta Thullal at Erumeli
  12. http://www.tamilnadu-tourism.com/tamilnadu-festivals/kavadi-festival.html Archived 2007-12-22 at the Wayback Machine. Kavadi Festival
  13. http://www.prokerala.com/kerala/dance-forms/keraladanceforms_thiruvathirakali.htm Thiruvathirakali, also known as Kaikottikkali
  14. http://www.cyberkerala.com/mudiyettu/ MUDIYETTU
  15. http://www.mapsofindia.com/maps/kerala/performing-arts/pallukali.html Pulikali, Pulakali Dance, Onam Folk Dance
  16. http://www.facebook.com/pages/Kuthiyottam/129826157058711 Kuthiyottam
  17. http://www.artkerala.com/art-forms/folk-dances/vela-kali Archived 2010-12-15 at the Wayback Machine. Vela Kali
  18. http://www.onamfestival.org/pulikali-kaduvakali.html Pulikali,Kaduvakali,Pulakali Dance,Onam Folk Dance,Kaduvakali
  • [2] Images for pulikali
  • [3] Images for kavadi

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുഷ്ഠാനനൃത്തങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുഷ്ഠാനനൃത്തങ്ങൾ&oldid=4095915" എന്ന താളിൽനിന്ന് ശേഖരിച്ചത്