അഗ്നിയെ മുൻനിർത്തിയുള്ള അനുഷ്ഠാനനൃത്തെ അഗ്നിനൃത്തം എന്നുപറയുന്നു. ആദിമ ജനവർഗങ്ങളുടെയിടയിലെല്ലാംതന്നെ അഗ്നി നൃത്തം ഒരാചാരമാണ്. ഇന്ത്യയിലും ആഫ്രിക്കയിലും ബൾഗേറിയ, ജപ്പാൻ, താഹിതി, ഫീജിദ്വീപുകൾ എന്നിവിടങ്ങളിലും അഗ്നിനൃത്തം ഇന്നും നിലനിന്നുവരുന്നു.

ആഫ്രിക്കൻ കറുത്തവർഗക്കാരുടെ ഇടയിലുള്ള വൂഡു (Voodoo) എന്ന പിശാചാരാധനയിൽ[അവലംബം ആവശ്യമാണ്] അഗ്നിനൃത്തം പ്രാധാന്യമേറിയ ഒരു ചടങ്ങാണ്. പിശാചിന്റെ നൃത്തം (Dance of the Old Master) എന്നും ഇതിനെ പറയാറുണ്ട്. ശിശിരമധ്യത്തിലും മധ്യവേനൽക്കാലത്തും ആണ് അഗ്നിനൃത്തം നടത്തുക. വെളിമ്പ്രദേശത്ത് ആഴികൂട്ടി അതിനുചുറ്റും നൃത്തം ചെയ്യുന്നു. ഓരോ നർത്തകനും ജ്വലിക്കുന്ന തീക്കൊള്ളികൾ കൈയിലേന്തി ഒറ്റക്കാലിൽ നൃത്തംവയ്ക്കുകയും ചക്രംതിരിയുകയും അലറിവിളിക്കുകയും ചെയ്യുന്നു. പുതുതായി സ്ഥാനാരോഹണം ചെയ്യുന്ന ഗോത്രത്തലവനാണ് നൃത്തത്തിന് നേതൃത്വം നല്കുക.

രാജസ്ഥാനിലെ ഥാർ മരുഭൂമിയിലും അഗ്നിനൃത്തത്തിനു പ്രചാരമുണ്ട്. യോഗാഭ്യാസവിദഗ്ദ്ധരായ സിദ്ധജാതവർഗക്കാർ അവരുടെ കുലഗുരുവായ ഗോരഖ് നാഥിന്റെ സ്മാരകോത്സവത്തോടനുബന്ധിച്ച് മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഈ നൃത്തം നടത്തുന്നത്. വലിയ അഗ്നികുണ്ഡം ജ്വലിപ്പിച്ച് ഭേരിമുഴക്കി വായ്പ്പാട്ടിന്റെ താളത്തിനൊപ്പിച്ച് നർത്തകർ നൃത്തംവയ്ക്കുന്നു. താളത്തിന്റെ മുറുക്കം അനുസരിച്ച് നൃത്തം ദ്രുതതരമാകുന്നതോടെ നർത്തകർ ആഴിയിൽ ചാടുകയും കനൽ വാരി എറിയുകയും ചെയ്യുന്നു.

കേരളത്തിൽ വൃശ്ചികം, ധനു മാസങ്ങളിൽ അയ്യപ്പഭക്തൻമാർ ആഴിക്കുചുറ്റും ശരണംവിളിച്ചുകൊണ്ട് താളത്തിന് ചുവടുവച്ച് കൈകൊട്ടി നൃത്തംവയ്ക്കുകയും ആഴിയിൽ ചാടി കനൽ വാരി എറിയുകയും ചെയ്യുന്നു. ആദിവാസികൾ സന്തോഷസൂചകമായി അഗ്നിക്കു ചുറ്റും നൃത്തം വയ്ക്കാറുണ്ട്. വേട്ടയാടിപ്പിടിച്ച മൃഗങ്ങളുമായി തിരിച്ചെത്തുന്ന വനവാസികൾ വലിയ ആഴികൂട്ടി അതിൽ ആ മൃഗങ്ങളെ ചുട്ടെടുക്കുന്നതിനിടയിൽ ആഴിക്കുചുറ്റും നൃത്തംവയ്ക്കുന്ന പതിവുണ്ട്. അപരിഷ്കൃതവർഗങ്ങളുടെ ഇടയിൽ ഇന്നും അഗ്നിനൃത്തം സർവസാധാരണമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്നിനൃത്തം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്നിനൃത്തം&oldid=2279781" എന്ന താളിൽനിന്ന് ശേഖരിച്ചത്