തിരിയുഴിച്ചിൽ
ഒരു അനുഷ്ഠാനമാണ് തിരിയുഴിച്ചിൽ. സർപ്പപ്രീതിക്കുവേണ്ടി പുള്ളുവർ നടത്തുന്ന തിരിയുഴിച്ചിലാണ് ഉത്തരകേരളത്തിൽ നിലവിലുള്ളത്. പത്തോ പന്ത്രണ്ടോ വലിയ തിരികൾ ഒന്നിച്ചുചേർത്ത് വെളിച്ചെണ്ണയിൽ മുക്കി കത്തുന്ന ഭാഗമൊഴിച്ചുള്ള ഭാഗങ്ങൾ വാഴപ്പോളകൊണ്ട് പൊതിഞ്ഞിട്ട്, അത് സ്വന്തം ശരീരത്തിൽ മുഴുവൻ ഉഴിഞ്ഞ്, കാർമികൻ നൃത്തം ചെയ്യും. തിരി കത്തിത്തീരുന്നതിനനുസരിച്ച് വാഴപ്പോളയും മുറിച്ചുകളഞ്ഞുകൊണ്ടിരിക്കും. സാഹസികമായ ഒരനുഷ്ഠാനമാണ് ഇത്. പുള്ളുവക്കുടവും വീണയും ഇതിന് വാദ്യമേളമൊരുക്കും. നാഗയക്ഷി പ്രീതിക്കും സന്താനലാഭത്തിനും കണ്ണേറൊഴിയുന്നതിനുമാണ് തിരിയുഴിച്ചിൽ നടത്താറുള്ളത്.
പാമ്പുകളുടെ പേടി മാറാനും, പാമ്പുകളെ സന്തോഷിപ്പിക്കാനും, സന്താനസൌഭാഗ്യത്തിനുമായി കേരളത്തിലെ പുല്ലവ സമുദായത്തിൽപ്പെട്ടവർ നടത്തുന്ന ആചാര നൃത്തമാണ് തിരിയുഴിച്ചിൽ. തൃശൂർ, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ പ്രസിദ്ധമായ ഈ നൃത്തരൂപം ഹിന്ദു ക്ഷേത്രങ്ങളിലും പാമ്പുകളുടെ കാവുകളിലുമാണ് അവതരിപ്പിക്കപ്പെടാറുള്ളത്. ഈ നൃത്തം ചെയ്യുന്നത് വഴി പാമ്പുകളുടെ രാജ്ഞി പ്രീതിപ്പെടും. വിവിധ തരം സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചുള്ള നൃത്തത്തിൽ കയ്യിൽ ചൂട്ടുമായാണ് നർത്തകർ നൃത്തം ചവിട്ടുന്നത്. [1]
കേരളത്തിൽ നാഗാരാധനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിപ്പോന്നിരുന്ന ഒരു ജനവിഭാഗമാണ് പുള്ളുവർ. ഇവർ ദ്രാവിഡന്മാരാണ്. നാഗമ്പാടികൾ പ്രേതമ്പാടികൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഇവർക്കിടയിൽ ഉണ്ട്. പുള്ളുവൻ പാട്ട് പ്രസിദ്ധമാണ്.
കേരളത്തിലെ ഫ്യൂഡൽ ജീവിതരീതികളിലേക്ക് സാംസ്കാരികതലത്തിൽ വളരെയേറെ ഇഴുകിച്ചേർന്നു നിൽക്കുന്ന ഒരു പ്രാദേശിക ജനവിഭാഗമാണ് ഇവർ. കേരളത്തിൽ നിലനിന്നുപോരുന്ന നാഗാരധനയുടെ അവിഭാജ്യമായ ഒരു ഘടകമാണ് ഇവർ. ധനികകുടുംബങ്ങളിലും മറ്റും നടത്തിപ്പോരുന്ന കളം പാട്ടുകളിൽ ഗായകരുടെ സ്ഥാനം ഇവർക്കാണ്. സർപ്പങ്ങളുടെ ഉത്പത്തിയേക്കുറിച്ച് ഹൈന്ദവപുരാണങ്ങളിൽ പറയുന്ന കദ്രുവിന്റേയും വിനതയുടേയും കഥകളെ ഉപജീവിച്ചുള്ളതാണ് ഇവരുടെ പാട്ടുകൾ. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പാടാനുണ്ടാകും. സ്ത്രീകൾ പുള്ളുവക്കുടവും പുരുഷന്മാർ വീണയും വാദ്യമായി ഉപയോഗിക്കുന്നു. സാധാരണദിവസങ്ങളിൽ വീടുകൾതോറും ചെന്ന് പാട്ടുകൾ പാടിയാണ് ഇവർ നിത്യവൃത്തി നേടിയിരുന്നത്. ചെറിയ കുട്ടികൾക്ക് ദൃഷ്ടിദോഷം പറ്റാതിരിക്കാൻ ഇവരെക്കൊണ്ട് "നാവേർ" പാടിക്കുന്ന പതിവുമുണ്ട്.
അനുഷ്ഠാനപരമല്ലാത്ത സംഗീതവും ഇവർ കൈകാര്യം ചെയ്യാറുണ്ട്. ഇക്കൂട്ടത്തിൽ രസകരമായ ഒന്നാണ് മഞ്ചലിൻറെ യാത്രകളെ അനുകരിക്കുന്ന ഒന്ന്. പുള്ളുവൻ വീണ ഉപയോഗിച്ച് മഞ്ചൽക്കാരുടെ മൂളലും അവർ തമ്മിലുള്ള സംഭാഷണങ്ങളും മറ്റും അനുകരിക്കുന്നു. വീണയുമായി അയാൾ ഒരു സംവാദത്തിലേർപ്പെടുന്ന മട്ടിലാണ് ഇതു ചെയ്യുക. വീണയോടുള്ള അയാളടെ ഭാഷണങ്ങൾക്ക് വീണ അതിൻറെ പ്രതിഭാഷണങ്ങൾ സംഗീതാത്മകമായി നൽകുന്നു. വളരെ അടുപ്പവും അനുസരണയും വിധേയത്വവും കാണിക്കുന്ന ഒരു സുഹൃത്തിനേപ്പോലെ ഈ സമയത്ത് വീണ ഭാവം മാറ്റുന്നത് വളരെ ഹൃദ്യമായ അനുഭവമാക്കാൻ പുള്ളുവന്മാർക്ക് സാധിക്കാറുണ്ട്. അയ്യപ്പൻ വിളക്ക് ഉത്സവത്തിൻറെ ഭാഗമായും തിരിയുഴിച്ചിൽ അവതരിപ്പിക്കപ്പെടാറുണ്ട്. ആയപ്പ ജനനം ആചാരത്തിനു ശേഷം അതിരാവിലെ 3 മണിക്കാണ് ഇത് അവതരിപ്പിക്കപ്പെടാറുള്ളത്, കൂടാതെ പാൽ കിണ്ടി എഴുന്നള്ളിപ്പും.[2]
അയ്യപ്പൻ വിളക്ക് ഉത്സവത്തിൻറെ ഭാഗമായുള്ള തിരിയുഴിച്ചിൽ അവതരണത്തിനു കൂട്ടായി ഇലത്താളവും ചെണ്ടയും ഉണ്ടാകും.ഉറഞ്ഞുതുള്ളലിനു ശേഷം വെളിച്ചപ്പാട് ഒരു തിരി വെച്ച് ആരംഭിക്കും, പിന്നെ രണ്ട്, മൂന്ന്, അങ്ങനെ അഞ്ച് തിരി വരെ പോകാം. ഓലകൊണ്ട് പഞ്ഞിക്കെട്ട് കൂട്ടിക്കെട്ടി ഉണ്ടാക്കിയതാണ് തിരി അഥവാ പന്തം. നിത്യ പൂജയായി ചെയ്യുന്ന നൃത്തം അമ്പലത്തിൻറെ എട്ട് ഭാഗത്തും നടത്തും. അയ്യപ്പ വിളക്കിൻറെ അമ്പലം പൂർണമായി വാഴത്തണ്ട് കൊണ്ട് ഉണ്ടാക്കിയതാണ്. വെളിച്ചപ്പാട് സാധാരണായി വെള്ള മുണ്ടും, കറുപ്പും ചുവപ്പുമായുള്ള കച്ചയും അരമണിയും തൂക്കിയാണ് അവതരിപ്പിക്കാറ്.
പാന മുതലായ ചില അനുഷ്ഠാനങ്ങളിലും തിരിയുഴിച്ചിൽ ഉണ്ട്.
അവലംബം
തിരുത്തുക- ↑ "About Kerala Culture". keralacultural.com. Archived from the original on 2017-01-09. Retrieved Jan 16, 2017.
- ↑ "Thiriyuzhichil from kovalam". .facebook.com. Retrieved Jan 16, 2017.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിരിയുഴിച്ചിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |