ഹിപ്പോയിലെ അഗസ്തീനോസ്

(അഗസ്തിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തരാഫ്രിക്കയിൽ നിന്നുള്ള ലത്തീൻ ക്രിസ്തീയചിന്തകനും, ദൈവശാസ്ത്രജ്ഞനും മെത്രാനുമായിരുന്നു ഹിപ്പോയിലെ അഗസ്തീനോസ് (ജനനം നവംബർ 13, 354 – മരണം ഓഗസ്റ്റ് 28, 430). വിശുദ്ധ അഗസ്റ്റിൻ (സെയ്ന്റ് അഗസ്റ്റിൻ), വിശുദ്ധ ഓസ്റ്റിൻ, ഔറേലിയുസ് അഗസ്തീനോസ് എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു.[1] മിലാനിലെ മെത്രാനായിരുന്ന അബ്രോസ്, വിശുദ്ധ ജെറോം, വിശുദ്ധ ഗ്രിഗോരിയോസ് എന്നിവർക്കൊപ്പം പാശ്ചാത്യക്രിസ്തീയതയിലെ നാലു മുഖ്യസഭാപിതാക്കന്മാരിൽ ഒരാളാണ് അദ്ദേഹം. അവരിൽ സ്വാധീനത്തിലും പ്രസിദ്ധിയിലും മുമ്പൻ അഗസ്തീനോസാണ്.[2]

ഹിപ്പോയിലെ അഗസ്തീനോസ്
ഫിലിപ്പെ ഡെ കമ്പാനെ 17-ആം നൂറ്റാണ്ടിൽ വരച്ച ചിത്രം.
മെത്രാൻ, വിശ്വാസപ്രഘോഷകൻ, വേദപാരംഗതൻ
ജനനം(354-11-13)നവംബർ 13, 354

ഇന്നത്തെ അൽജീറിയയിൽ പെട്ട നുമീഡിയയിലുള്ള താഗാസ്തെ
മരണംഓഗസ്റ്റ് 28, 430(430-08-28) (പ്രായം 75)

ഹിപ്പോ റീജിയസ്, നുമീഡിയ (ഇന്നത്തെ അൽജീറിയയിലെ അന്നാബായിൽ)
വണങ്ങുന്നത്കത്തോലിക്കാ സഭ
പൗരസ്ത്യ ഓർത്തഡോക്സ് സഭ
ഓറിയന്റൽ ഓർത്തഡോക്സ് സഭ
ആംഗ്ലിക്കൻ സഭ
ലൂഥറൻ സഭ
പ്രധാന തീർത്ഥാടനകേന്ദ്രംപാവിയ, ഇറ്റലി
ഓർമ്മത്തിരുന്നാൾഓഗസ്റ്റ് 28 (പാശ്ചാത്യ സഭ)
ജൂൺ 15 (പൗരസ്ത്യസഭ)
പ്രതീകം/ചിഹ്നംകുഞ്ഞ്; പ്രാവ്; പേന; ചിപ്പി, തുളയ്ക്കപ്പെട്ട ഹൃദയം
മദ്ധ്യസ്ഥംവാറ്റുകാർ; അച്ചടിക്കാർ; ദൈവശാസ്ത്രജ്ഞർ

റോമൻ കത്തോലിക്കാ സഭയും ആംഗ്ലിക്കൻ കൂട്ടായ്മയും അഗസ്തീനോസിനെ വിശുദ്ധനും വേദപാരംഗതന്മാരിൽ മുമ്പനും ആയി മാനിക്കുന്നു. അഗസ്തീനിയൻ സന്യാസസമൂഹം ആഗസ്തീനോസിന്റെ സന്യാസാദർശങ്ങൾ പിന്തുടരുന്നു. ദൈവകൃപവഴിയുള്ള രക്ഷയിൽ ഊന്നൽ കൊടുക്കുന്ന കാൽ‌വിൻ‌വാദികളെപ്പോലുള്ള പ്രൊട്ടസ്റ്റന്റു വിഭാഗക്കാർ, പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ മുഖ്യ പ്രേരകശക്തിയായ സഭാപിതാവായി ആഗസ്തീനോസിനെ കരുതുന്നു. പാശ്ചാത്യസഭയിൽ ആഗസ്റ്റ് മാസം 28-ആം തീയതി അദ്ദേഹത്തിന്റെ സ്മരണദിനമാണ്‌. പൗരസ്ത്യ ഓർത്തഡൊക്സ് സഭ അഗസ്തീനോസിനെ വാഴ്ത്തപ്പെട്ടവനായി കണക്കാക്കി ജൂൺ 15-ന്‌ അദ്ദേഹത്തിന്റെ സ്മരണ കൊണ്ടാടുന്നു. ഓർത്തഡോക്സ് വിഭാഗം അദ്ദേഹത്തെ വാഴ്ത്തപ്പെട്ട അഗസ്തീനോസ്, വാഴ്ത്തപ്പെട്ട വിശുദ്ധ അഗസ്തീനോസ് എന്നൊക്കെ വിളിക്കുന്നു.[3]

"പുരാതനമായ വിശ്വാസത്തെ പുതുക്കി സ്ഥാപിച്ചവൻ" എന്ന് സമകാലീനനായിരുന്ന ജെറോം അഗസ്തീനോസിനെ വിശേഷിപ്പിച്ചിട്ടുണ്ട്.[4] തുടക്കത്തിൽ മനിക്കേയിസവും തുടർന്ന് പ്ലോട്ടിനസിന്റെ നവപ്ലേറ്റോണിസവും അദ്ദേഹത്തെ സ്വാധീനിച്ചെങ്കിലും[5] ക്രി.വ. 387-ലെ ക്രിസ്തുമതത്തിലേയ്ക്കുള്ള പരിവർത്തനത്തിനും ജ്ഞാനസ്നാനത്തിനും ശേഷം, തത്ത്വചിന്തയിലും ദൈവശാസ്ത്രത്തിലും ഒട്ടേറെ വീക്ഷണകോണുകൾ ഉൾക്കൊള്ളുന്ന സ്വന്തമായൊരു നിലപാട് അദ്ദേഹം രൂപപ്പെടുത്തി.[6] മനുഷ്യസ്വാതന്ത്ര്യത്തിന്‌ ദൈവത്തിന്റെ കൃപ ഒഴിച്ചുകൂടാത്തതാണെന്ന് അദ്ദേഹം വിശ്വസിച്ചു. "ജന്മപാപം", "ധർമ്മയുദ്ധം"(Just war) തുടങ്ങിയ മത, രാഷ്ട്രീയ സങ്കല്പങ്ങൾ ക്രൈസ്തവലോകത്തിന്‌ സമ്മാനിച്ചത് അഗസ്തീനോസാണ്‌. പാശ്ചാത്യ റോമാസാമ്രാജ്യം തകർച്ചയിലേയ്ക്ക് നീങ്ങിയപ്പോൾ രചിച്ച "ദൈവനഗരം" എന്ന കൃതിയിൽ, ജഡികമായ ഭൗതികനഗരത്തിൽ നിന്ന് വ്യതിരിക്തമായ ദൈവനഗരമായി അദ്ദേഹം ക്രിസ്തീയസഭയെ ചിത്രീകരിച്ചു.[7] അഗസ്തീനോസിന്റെ ചിന്ത, മദ്ധ്യകാല ലോകവീക്ഷണത്തെ അടിസ്ഥാനപരമായി സ്വാധീനിച്ചു. ക്രിസ്തുമതവും, ത്രിത്വൈകദൈവത്തെ ആരാധിക്കുന്ന വിശ്വാസികളുടെ സമൂഹവും അഗസ്തീനോസ് വരച്ചുകാട്ടിയ "ദൈവനഗരം" തന്നെയായി അക്കാലത്ത് കണക്കാക്കപ്പെട്ടു.[8]

ഇന്നത്തെ അൽജീറിയയിലെ സൂക്ക് അഹ്രാസിൽപ്പെടുന്ന താഗാസ്തെ നഗരത്തിൽ പേഗൻ മതാനുയായി പട്രീഷ്യസിന്റേയും ക്രിസ്ത്യാനിയായിരുന്ന മോനിക്കയുടേയും മകനായി അഗസ്തീനോസ് ജനിച്ചു. ഉത്തരാഫ്രിക്കയിൽ തന്നെ വിദ്യാഭ്യാസം നടത്തിയ അദ്ദേഹം ക്രിസ്തീയവിശ്വാസം ആശ്ലേഷിക്കാനുള്ള മാതാവിൻറെ നിർബ്ബന്ധത്തെ ഏറെക്കാലം ചെറുത്തുനിന്നു. പേഗൻ ബുദ്ധിജീവിയായി ജീവിച്ച അക്കാലത്ത് ഒരു സ്ത്രീയെ വെപ്പാട്ടിയാക്കിയ അഗസ്തീനോസിന്‌ അവളിൽ അദയോദാത്തസ് എന്ന മകൻ പിറന്നു. ഇതിനിടെ മനിക്കേയൻ വിശ്വാസത്തിന്റെ പ്രഭാവത്തിൽ വന്ന അദ്ദേഹം മിലാനിലെ മെത്രാൻ അംബ്രോസിന്റെ പ്രഭാഷണങ്ങൾ കേട്ടതിനെ തുടർന്ന് പിന്നീട് ക്രിസ്തുമതം സ്വീകരിച്ച ശേഷം ജന്മനാടായ ഉത്തരാഫ്രിക്കയിലേയ്ക്കു മടങ്ങി. അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരിരുന്നു. അക്കാലത്ത്, തന്നെ നേരത്തെ ആകർഷിച്ച മനിക്കേയമതക്കാർ, ക്രിസ്തീയ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചുപോയവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റി വ്യത്യസ്തമായ വീക്ഷണം പുലർത്തിയ ഡൊണാറ്റിസ്റ്റുകൾ, ദൈവകൃപകൂടാതെ സ്വാതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ നന്മ തെരഞ്ഞെടുത്ത് രക്ഷയ്ക്ക് അർഹരാകാനുള്ള കഴിവ് മനുഷ്യനുണ്ടെന്ന് കരുതിയ പെലേജിയന്മാർ എന്നിവരുമായി അദ്ദേഹം ഏറ്റുമുട്ടി.[9]

ആഫ്രിക്കയിലെ തുടക്കം

തിരുത്തുക
 
അഗസ്തീനോസിന്റെ ലഭ്യമായതിൽ ഏറ്റവും പഴയ ചിത്രം, റോമിലെ ലാറ്ററൻ കൊട്ടാരത്തിലുള്ളത്

ഉത്തരാഫ്രിക്കയിൽ ഇന്നത്തെ അൽജീരിയയിലെ ഉൾനാടൻ പട്ടണമായ തഗാസ്തെയിൽ ക്രി.വ. 354-ൽ ക്രൈസ്തവേതരനായ പട്രീഷ്യസിന്റേയും ക്രിസ്ത്യാനിയായ മോനിക്കയുടേയും മകനായി അഗസ്തീനോസ് ജനിച്ചു. 75 വയസ്സു വരെ ജീവിച്ച അദ്ദേഹം അതിൽ 71 വർഷവും ജന്മനാടായ ഉത്തരാഫ്രിക്കയിലാണ്‌ കഴിച്ചത്.[10] അദ്ദേഹത്തിന്റെ പിതാവ് "ഞെരുക്കമുള്ള സാമ്പത്തികനിലയും അയഞ്ഞ ബോദ്ധ്യങ്ങളും" ഉള്ളയാളായിരുന്നു. പട്രീഷ്യസിന്റെ അവിശ്വസ്തതകളെ, അവയ്ക്ക് എന്നെങ്കിലും അറുതിവരുമെന്ന വിശ്വാസത്തിൽ മോനിക്കാ സഹിച്ചു.[11] പട്രീഷ്യസിനെക്കുറിച്ച് വളരെക്കുറച്ചു പരാമർശങ്ങൾ മാത്രമേ അഗസ്തീനോസ് കൺഫെഷൻസ് എന്നു പേരുള്ള തന്റെ ജീവചരിത്രത്തിൽ നടത്തുന്നുള്ളു. അമ്മയും മകനുമായുള്ള ബന്ധത്തിന്റെ തീവ്രത ആ കൃതിയെ ഗ്രസിച്ചു നിൽക്കുന്നു.[12] തഗാസ്തെയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അഗസ്തീനോസ് പതിനൊന്നാമത്തെ വയസ്സിൽ തുടർന്നുള്ള പഠനത്തിനായി പത്തൊൻപതു മൈൽ തെക്കുള്ള മദോരയിലേയ്ക്ക് പോയി. അവിടെ അദ്ദേഹം പതിനഞ്ചാമത്തെ വയസ്സുവരെ പഠിച്ചു. വീട്ടുകാർ തുടർന്നുള്ള വിദ്യാഭ്യാസത്തിന്‌ ധനം സമാഹരിക്കാനെടുത്ത സമയം ക്രി.വ. 369-70 കാലത്ത് അഗസ്തീനോസ് വീട്ടിൽ കഴിഞ്ഞു.[13]

കൺഫെഷൻസിൽ അഗസ്തീനോസ് ബാല്യത്തിലെ ഒട്ടേറെ അനുഭവങ്ങൾ നിരത്തുന്നുണ്ട്. മാതൃഭാഷയായ ലത്തീനിൽ അനായാസം പ്രാവീണ്യം നേടിയ അദ്ദേഹത്തിന്‌, അദ്ധ്യാപകന്മാർ അടികൊടുത്തു പഠിപ്പിച്ച ഗ്രീക്ക് ഭാഷ ഒരിക്കലും പൂർണ്ണമായി വഴങ്ങിയില്ല. നിർബ്ബന്ധത്തേയും ശിക്ഷയോടുള്ള ഭയത്തേയുംകാൾ സ്വന്തവും സ്വതന്ത്രവുമായ ജിജ്ഞാസയാണ്‌ വിദ്യാഭ്യാസത്തിനു പറ്റിയ ഉപാധിയെന്ന് ഇതിനെ അടിസ്ഥാനമാക്കി അഗസ്തീനോസ് നിരീക്ഷിക്കുന്നുണ്ടെങ്കിലും ശിക്ഷയ്ക്ക് വിദ്യാഭ്യാസത്തിലുള്ള സ്ഥാനത്തെ അദ്ദേഹം തള്ളിപ്പറയുന്നില്ല. സ്വാതന്ത്ര്യം വഴിതെറ്റിപ്പോകാതിരിക്കാൻ ശിക്ഷണം ആവശ്യമാണെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്.[14] രാത്രി നഗരത്തിൽ ചുറ്റിക്കറങ്ങിയിരുന്ന താനും കൂട്ടുകാരും ഒരിക്കൽ വീടിനടുത്തുള്ളൊരു തോട്ടത്തിലെ പേരമരത്തിലെ കായ്കൾ മുഴുവൻ മോഷ്ടിച്ചകാര്യം ഏറെ കുറ്റബോധത്തോടെ ആഗസ്തീനോസ് എഴുതുന്നുണ്ട്. വിശന്നിട്ടോ അതിലും നല്ല പഴം വീട്ടിൽ തന്നെ ഇല്ലാതിരുന്നിട്ടോ അല്ലാതെ, വെറുതേ ഒരു രസത്തിനു വേണ്ടി നടത്തിയ ആ മോഷണത്തെ തിന്മയിലേയ്ക്കുള്ള തന്റെ ചായ്‌വിന്റെ തെളിവായാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്. വിവരിക്കാനാവത്ത ദുഷ്ടതയായി ആ പ്രവൃത്തിയെ ചിത്രീകരിച്ച് അതിനെപ്പറ്റി പരിതപിക്കാനായി അദ്ദേഹം ആത്മകഥയിൽ ഏഴദ്ധ്യായങ്ങൾ മാറ്റിവച്ചിരിക്കുന്നു.[15][൧] മദോരയിലെ പഠനം പൂർത്തിയാക്കിയതിനുശേഷം കാർത്തേജിൽ ഉന്നതപഠനത്തിനു പോകുന്നതിനു മുൻപ് വീട്ടിൽ കഴിഞ്ഞ നാളുകളിൽ, മകൻ നഗരത്തിലെ റോമൻ സ്നാനസങ്കേതങ്ങൾ സന്ദർശിക്കുന്നതറിഞ്ഞ അച്ഛൻ, തനിക്കു പേരക്കിടാങ്ങളുണ്ടാകാൻ പോകുന്നുവെന്നതിന്റെ സൂചനയായി അതിനെ സന്തോഷപൂർ‌വം അമ്മയെ അറിയിച്ച കാര്യവും അദ്ദേഹം എഴുതുന്നു. അമ്മയാകട്ടെ മകന്റെ ഈ "സദാചാരഭ്രംശത്തിൽ" ദുഖിച്ചു.[16]

ക്രി.വ. 370 അവസാനത്തോടടുത്ത് പതിനേഴാമത്തെ വയസ്സിൽ കുടുംബസുഹൃത്തായിരുന്ന റൊമാനിയാനൂസ് എന്ന റോമൻ പൗരന്റെ സാമ്പത്തിക സഹായം കൊണ്ട് ആഗസ്തീനോസ് ഉപരിപഠനാർത്ഥം ഉത്തരാഫ്രിക്കയിലെ പ്രാചീനനഗരമായ കാർത്തേജിലെത്തി. വ്യഭിചരിക്കരുതെന്നും വിവാഹിതരായ സ്ത്രീകളെയെങ്കിലും വഴിപിഴപ്പിക്കരുതെന്നുമുള്ള ഉപദേശം നൽകിയാമണ്‌ മോനിക്ക മകനെ അയച്ചത്. അവിടെ പഠനവും സുഖഭോഗങ്ങളുടെ പിന്നാലെയുള്ള പരക്കം പാച്ചിലുമായി അദ്ദേഹം സമയം കഴിച്ചു. അക്കാലത്താണ്‌ പതിനഞ്ചു വർഷക്കാലം തന്റെ ജീവിതസഖിയായിരിക്കുകയും ഒരു മകനു ജന്മം നൽകുകയും ചെയ്ത സ്ത്രീയുമായുള്ള ബന്ധം ആഗസ്തീനോസ് തുടങ്ങുന്നത്. മകൻ ജനിക്കുമ്പോൾ അദ്ദേഹത്തിനു പതിനെട്ടു വയാസ്സായിരുന്നു പ്രായം. തന്റെ പാപത്തിന്റെ പുത്രൻ എന്നു വിശേഷിപ്പിച്ച ആ മകനെ അദ്ദേഹം ദൈവത്തിന്റെ സമ്മാനം എന്നർത്ഥം വരുന്ന അദയോദാത്തസ് എന്നു വിളിച്ചു. അതിനടുത്തെങ്ങോ അഗസ്തീനോസിന്റെ പിതാവ് മരിച്ചു. റോമൻ ചിന്തകൻ സിസറോയുടെ ഇന്നു നഷ്ടമായിരിക്കുന്ന "ഹോർട്ടൻഷിയസ്"(Hortensius) എന്ന കൃതി വായിച്ച അദ്ദേഹം തത്ത്വചിന്തയുടെ ആകർഷണത്തിൽ വന്നതാണ്‌ കാർത്തേജിലെ പഠനകാലത്തെ മറ്റൊരു പ്രധാന സംഭവം.[17][18] ലത്തീൻ ഇതിഹാസങ്ങൾക്കൊപ്പം ബൈബിളും വായിക്കാൻ ശ്രമിച്ചെങ്കിലും, സിസറോയുടെ ഗാംഭീര്യവുമായുള്ള താരതമ്യത്തിൽ പഴയനിയമവും മറ്റും അദ്ദേഹത്തിന്‌ പരുക്കൻ രചനകളായാണ്‌ അന്ന് അനുഭവപ്പെട്ടത്.[19] തത്ത്വചിന്തയിൽ, പ്രത്യേകിച്ച് ലോകത്തിലെ തിന്മയുടെ ഉത്ഭവത്തിൽ പ്രത്യേക താത്പര്യം കാട്ടിയ അഗസ്തീനോസ് ക്രമേണ ദ്വൈതചിന്തയിലടിയുറച്ച മനിക്കേയമതവുമായി അടുത്തു.[18][20][21]

കാർത്തേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അഗസ്തീനോസ് ആദ്യം സ്വന്തം നഗരമായ തഗാസ്തെയിൽ വ്യാകരണവും തുടർന്ന് കാർത്തേജിൽ പ്രസംഗകലയും പഠിപ്പിച്ചു. ഇക്കാലത്തും മനിക്കേയമതവുമായുള്ള ബന്ധം അദ്ദേഹം തുടർന്നു. എന്നാൽ മനിക്കേയൻ വിശ്വാസങ്ങളെപ്പറ്റി കൂടുതൽ അറിയാനുള്ള ശ്രമം കൂടുതൽ സംശയങ്ങളിലാണ്‌ ചെന്നെത്തിയത്. ആ മതത്തിന്റെ വിശ്വാസസംഹിതകളെപ്പറ്റിയുള്ള അഗസ്തീനോസിന്റെ സംശയങ്ങൾക്ക് ലഭിച്ചിരുന്ന മറുപടി, മനിക്കേയൻ മെത്രാനും മഹാജ്ഞാനിയുമായ ഫാസ്റ്റസ് എല്ലാ സംശയങ്ങൾക്കും നിവാരണം വരുത്തും എന്നായിരുന്നു. ഒടുവിൽ കാർത്തേജിൽ അദ്ദേഹം ഫാസ്റ്റസിനെ കണ്ടുമുട്ടി. ആ കൂടിക്കാഴ്ചയിലെ അനുഭവം നിരാശയായിരുന്നു. ശാസ്ത്രീയസംസ്കൃതിയുമായി വിദൂരബന്ധം പോലുമില്ലത്ത മൂന്നാംകിട താർക്കികൻ മാത്രമാണ്‌ ഫാസ്റ്റസെന്ന് മനസ്സിലായതോടെ മനിക്കേയമതത്തിലുള്ള അഗസ്തീനോസിന്റെ വിശ്വാസത്തിന്‌ ഇളക്കം തട്ടി. എങ്കിലും അതുമായുള്ള ബന്ധം അദ്ദേഹം തീർത്തും ഉപേക്ഷിച്ചില്ല.[9] മനിക്കേയരുമായുള്ള അഗസ്തീനോസിന്റെ ബന്ധം ഒൻപതു വർഷം നീണ്ടുനിന്നെങ്കിലും, അവർക്കിടയിൽ താഴേക്കിടയിലുള്ള ശ്രോതാവിന്റെ(hearer) പദവിയ്ക്കപ്പുറം അദ്ദേഹം ഉയർന്നില്ല.

ഇറ്റലിയിലെ ഇടവേള

തിരുത്തുക

റോം, മിലാൻ, അംബ്രോസ്

തിരുത്തുക

ഇതിനിടെ അദ്ധ്യാപകനെന്ന നിലയിൽ കാർത്തേജിലെ അനുഭവവും നന്നായിരുന്നില്ല. പഠനത്തിൽ താത്പര്യം പ്രകടിപ്പിക്കാത്ത ഉഴപ്പന്മാരായ വിദ്യാർത്ഥികളാണ്‌ അവിടെയുണ്ടായിരുന്നത്. അതിനാൽ, കൂടുതൽ സംതൃപ്തി ലഭിക്കുന്ന അദ്ധ്യാപകജോലിക്കായി അഗസ്തീനോസ് ക്രി.വ. 383-ൽ 29-ആമത്തെ വയസ്സിൽ റോമിലേയ്ക്ക് പോകാനൊരുങ്ങി. മകനെ അതിൽ നിന്നു തടയാനോ അതിനായില്ലെങ്കിൽ കൂടെപ്പോകാനോ ഒരുങ്ങി ഒപ്പമെത്തിയ അമ്മയുടെ കണ്ണുവെട്ടിച്ച് രാത്രിയിലാണ്‌ അദ്ദേഹം കപ്പൽ കയറിയത്. റോമിൽ അഗസ്തീനോസ് പ്രസംഗകല പഠിപ്പിക്കുന്ന ഒരു വിദ്യാലയം തുറന്നെങ്കിലും അവിടേയും അനുഭവം നന്നായിരുന്നില്ല. പുതിയ ശിഷ്യന്മാർ പഠനത്തിൽ തത്പരരായിരുന്നെങ്കിലും വിദ്യാഭ്യാസത്തിനൊടുവിൽ ഗുരുവിന്‌ നൽകേണ്ട പ്രതിഫലം കൊടുക്കാതെ സ്ഥലം വിടുന്നവരായിരുന്നു. ഇതിനിടെ ഇറ്റലിയിലെ മിലാനിൽ ഒഴിവുവന്ന ഒരു പ്രൊഫസറുടെ സ്ഥാനത്തേയ്ക്ക് അപേക്ഷിച്ച അഗസ്തീനോസിന്‌ ആ പദവി ലഭിച്ചു. മിലാനിൽ അദ്ദേഹം അവിടത്തെ മെത്രാനും പ്രമുഖ പ്രഭാഷകനുമായിരുന്ന അംബ്രോസിന്റെ പ്രഭാവത്തിൽ പെട്ടു. ഒരു സന്ദർശനത്തെ തുടർന്ന് അംബ്രോസിന്റെ പെരുമാറ്റത്തിൽ മതിപ്പു തോന്നിയ അഗസ്തീനോസ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ പതിവുശ്രോതാവായി. ക്രൈസ്തവാശയങ്ങളെ ബൗദ്ധിക പരിവേഷം നൽകി അവതരിപ്പിച്ച ആ പ്രഭാഷണങ്ങൾ ക്രിസ്തുമതം ഒരു പ്രതിബൗദ്ധികപ്രസ്ഥാനം (anti-intellectual movement) ആണെന്ന അഗസ്തീനോസിന്റെ തോന്നലിൽ അയവു വരുത്തി.[22] ഇക്കാലത്ത് അദ്ദേഹം പലതരം വിശ്വാസസംഹിതകളുമായി മല്ലടിക്കുകയായിരുന്നു. സംശയഭാവത്തിലുറച്ച അക്കാദമികദർശനവും നവപ്ലേറ്റോണികതയും എല്ലാം അദ്ദേഹത്തിന്റെ പരിഗണനയിൽ വന്നു. പ്ലേറ്റോയുടേയും അതിലുപരി നവപ്ലേറ്റോണികനായ പ്ലോട്ടിനസിന്റേയും രചനകളുടെ വായന, സ്ഥാനമാനങ്ങളും സമ്പത്തും സുഖഭോഗങ്ങളും ത്യജിച്ചുള്ള വൈരാഗിയുടെ ജീവിതത്തിൽ അദ്ദേഹത്തിനു താത്പര്യമുണ്ടാക്കി. ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനായ ശേഷവും അഗസ്തീനോസിന്റെ ചിന്തയിൽ പ്ലോട്ടിനസിലും മറ്റും നിന്നു കിട്ടിയ നവപ്ലേറ്റോണികതയുടെ സ്വാധീനം നിലനിന്നു. പ്ലേറ്റോയെ ക്രൈസ്തവീകരിച്ച അഗസ്തീനൊസിനെ ക്രിസ്തീയ പ്ലോട്ടിനസ് എന്ന് സർ‌വപ്പള്ളി രാധാകൃഷ്ണൻ വിശേഷിപ്പിച്ചിട്ടുണ്ട്.[23]

പരിവർത്തനം

തിരുത്തുക
 
അഗസ്തീനോസ്

ഇതിനിടെ മകനെ പിന്തുടർന്ന് മിലാനിൽ എത്തിച്ചേർന്നിരുന്ന മോനിക്ക, അദയോദാത്തസിന്റെ അമ്മയെ ഉപേക്ഷിക്കാനും 'മാന്യമായ' ഒരു വിവാഹം കഴിക്കാനും അഗസ്തീനോസിനെ സമ്മതിപ്പിച്ചു. ദീർഘകാലം തന്റെ പങ്കാളിയായിരുന്ന സ്ത്രീയുമായുള്ള വേർപിരിയൽ അദ്ദേഹത്തിന്‌ വേദനനിറഞ്ഞതായിരുന്നു. കണ്ണീരോടെ അദ്ദേഹത്തെ വിട്ടുപോയ അവർ ശിഷ്ടജീവിതം ആഫ്രിക്കയിലെ ഒരു കന്യാസ്ത്രിമഠത്തിൽ കഴിച്ചു. അഗസ്തീനോസിന്‌ അമ്മ കണ്ടെത്തിയ പ്രതിശ്രുതവധുവിന്‌ പത്തു വയസ്സു മാത്രമായിരുന്നതിനാൽ വിവാഹത്തിന്‌ രണ്ടു വർഷം കാത്തിരിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് വിവാഹം വരെയുള്ള കാലത്തേയ്ക്കായി അദ്ദേഹം മറ്റൊരു വെപ്പാട്ടിയെ കണ്ടെത്തി. ദൈവമേ, എനിക്ക് വിരക്തിയും ഇന്ദ്രിയനിഗ്രഹവും നൽകുക; പക്ഷേ ഇപ്പോൾ വേണ്ട (Da mihi castitatem et continentiam, sed noli modo) എന്നായിരുന്നു അക്കാലത്തെ തന്റെ പ്രാർത്ഥനയെന്ന് അഗസ്തീനോസ് ഏറ്റുപറയുന്നു.[24]

ക്രി.വ. 386-ലെ വേനൽക്കാലത്ത്, അഗസ്തീനോസിനെ സന്ദർശിച്ച പൊന്തീഷിയാനൂസ് എന്ന ആഫ്രിക്കൻ സുഹൃത്ത്, അത്തനാസിയൂസ് രചിച്ച മരുഭൂമിയിലെ അന്തോനീസിന്റെ ജീവചരിത്രം വായിച്ച അനുഭവം വിവരിച്ചു. ക്രിസ്തുമതത്തിലേയ്ക്കുള്ള അഗസ്തീനോസിന്റെ പരിവർത്തനത്തിനു വഴിതുറന്ന "കൃപയുടെ ആഘാതത്തിലേയ്ക്കു" (stroke of Grace) നയിച്ച അത്മീയപ്രതിസന്ധി ഉണ്ടായതങ്ങനെയാണ്‌. 33 വയസ്സുള്ളപ്പോൾ നടന്ന ഈ പരിവർത്തനാനുഭവത്തിന്റെ അന്ത്യവും മുഖ്യ സംഭവവുമായത്, പാട്ടുപാടുന്ന സ്വരത്തിൽ "എടുത്തു വായിക്കുക" (tolle, lege) എന്ന് ആവർത്തിച്ചു പറയുന്ന ഒരു കുട്ടിയുടേതുപോലുള്ള ശബ്ദത്തിന്റെ കേൾ‌വി ആയിരുന്നു. തുടർന്ന് അദ്ദേഹം ആദ്യം കണ്ട ഗ്രന്ഥം പൗലോസ് അപ്പസ്തോലന്റെ ലേഖനങ്ങളുടെ സമാഹാരമായിരുന്നു. അതു തുറന്നപ്പോൾ വായിക്കാൻ കിട്ടിയത് റോമാക്കാർക്കെഴുതിയ ലേഖനം പതിമൂന്നാം അദ്ധ്യായത്തിന്റെ ഒടുവിലുള്ള ഈ വാക്യങ്ങളായിരുന്നു:

അതോടെ അഗസ്തീനോസ് പ്രസംഗകലവഴിയുള്ള ഉപജീവനവും മിലാനിലെ അദ്ധ്യാപകസ്ഥാനവും വിവാഹം കഴിക്കാനുള്ള പദ്ധതിയും ഉപേക്ഷിക്കാനും ബ്രഹ്മചര്യനിഷ്ടയിൽ ജീവിക്കാനും തീരുമാനിച്ചു.[25]

കസ്സീഷ്യക്കം, ജ്ഞാനസ്നാനം

തിരുത്തുക

ഇക്കാലത്ത്, ക്ഷയിച്ചിരുന്ന ആരോഗ്യം വീണ്ടെടുക്കാനായി അദ്ദേഹം, മകൻ അദയോദാത്തസ്, അമ്മ മോനിക്ക, സുഹൃത്ത് അലിപ്പിയസ് എന്നിവർക്കൊപ്പം മിലാന്‌ നാല്പത്തേഴു മൈൽ വടക്കുപടിഞ്ഞാറുള്ള കസ്സീഷ്യക്കം എന്ന സ്ഥലത്തെ ഗ്രാമവസതിയിലേയ്ക്കു പോയി. വിരക്കന്ദസ് എന്ന സുഹൃത്തിന്റേതായിരുന്നു ആ വസതി. അവിടെ ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകി വിശ്രമജീവിതം നയിച്ചു. കസ്സീഷ്യക്കത്തിൽ അഗസ്തീനോസ് നയിച്ച ചർച്ചകൾ ഒരു കേട്ടെഴുത്തുകാരൻ രേഖപ്പെടുത്തി വച്ചത് സം‌വാദങ്ങൾ (dialogues) എന്ന പേരിൽ ലഭ്യമാണ്‌. മിക്കവാറും, സാധാരണജീവിതത്തിലെ നിസ്സാരസംഭവങ്ങളിൽ തുടങ്ങുന്ന ചർച്ചകളെ അഗസ്തീനോസിന്റെ ധിഷണ, ആഹ്ലാദകരമായ ദാർശനികപ്രാഭാതങ്ങളും സായഹ്നങ്ങളുമാക്കി ("most delightful philosophical mornings and evenings"[9]) മാറ്റുന്നത് അവയിൽ കാണാം. അഗസ്തീനോസിന്റെ ലഭ്യമായതിൽ ഏറ്റവും ആദ്യത്തെ രചനകൾ ഈ വിശ്രമഗൃഹത്തിൽ എഴുതിയവയാണ്‌‌.[10] ക്രി.വ. 387-ലെ വലിയനോയമ്പിന്റെ ആരംഭത്തിൽ മിലാനിലേയ്ക്കു പോയ അഗസ്തീനോസ് ഉയിർപ്പുതിരുനാൾ ദിവസം അദയോദാത്തസിനും[൨] സുഹൃത്ത് അലിപ്പിയസിനുമൊപ്പം അംബ്രോസ് മെത്രാനിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചു.[26]

അമ്മയുടെ മരണം

തിരുത്തുക
 
അഗസ്തീനോസും അമ്മ മോനിക്കയും

കുറേക്കാലം കൂടി ഇറ്റലിയിൽ തങ്ങിയ അഗസ്തീനോസ് ഒടുവിൽ ആഫ്രിക്കയിലേയ്ക്കു മടങ്ങാൻ തീരുമാനിച്ചു. മടക്കയാത്രയിൽ ഇറ്റലിയിലെ ഓസ്തിയയിൽ വച്ച് മോനിക്ക രോഗബാധിതയായി. അക്കാലത്തൊരിക്കൽ ഓസ്തിയയിൽ ടൈബർ നദീതീരത്തെ വസതിയുടെ ജനാലയിലൂടെ ഉദ്യാനത്തിലേയ്ക്ക് നോക്കിയിരുന്ന് അഗസ്തീനോസും അമ്മയും ആത്മീയസല്ലാപത്തിൽ ഏർപ്പെട്ടു. മരണാനന്തരമുള്ള സ്വർഗ്ഗസമ്മാനം എങ്ങനെയായിരിക്കുമെന്ന് കൗതുകപൂർ‌വം അന്വേഷിച്ച താനും അമ്മയും നിമിഷനേരത്തേയ്ക്ക് ഒരുമിച്ച് സ്വർഗ്ഗീയാനുഭൂതിയിൽ എത്തിച്ചേർന്നതായി അഗസ്തീനോസ് പറയുന്നു. ആ വർണ്ണനയുടെ അവസാനം ഇങ്ങനെയാണ്‌:[27]

താമസിയാതെ ഓസ്തിയയിൽ മരിച്ച മോനിക്കയെ അവിടെത്തന്നെ സംസ്കരിച്ചു. അഗസ്തീനോസിന്റെ ജീവിതഗതിയേയും വിശ്വാസങ്ങളേയും ആഴത്തിൽ സ്വാധീനിച്ച അവരെ കത്തോലിക്കാ സഭ വിശുദ്ധയായി വണങ്ങുന്നു.[28]

ആഫ്രിക്കയിൽ തിരികെ

തിരുത്തുക

മെത്രാൻ സ്ഥാനത്തേയ്ക്ക്

തിരുത്തുക

താമസിയാതെ കാർത്തേജു വഴി ജന്മനഗരമായ താഗാസ്തെയിൽ മടങ്ങിയെത്തിയ അഗസ്തീനോസ്, ബ്രഹ്മചര്യത്തിലും ദാരിദ്ര്യത്തിലും പ്രാർത്ഥനയിലും ഉറച്ച സം‌യമജീവിതത്തിന്‌ തയ്യാറെടുപ്പു തുടങ്ങി. അതിന്റെ ഭാഗമായി, തന്റെ പൈതൃകസ്വത്തിൽ, തഗാസ്തെയിലെ വീടൊഴിച്ചുള്ളതെല്ലാം വിറ്റുകിട്ടിയ പണം അദ്ദേഹം ദരിദ്രർക്ക് ദാനം ചെയ്തു. പിന്നെ അദ്ദേഹവും അലിപ്പിയസും സമാനമനസ്കരായ മറ്റു ചിലരും ചേർന്ന് തഗാസ്തെയിലെ വീട്ടിൽ ഒരു സന്യാസസമൂഹമായി ജീവിക്കാൻ തുടങ്ങി. പാശ്ചാത്യലോകത്തിലെ ഏറ്റവും പുരാതന സന്യാസസാഹോദര്യമായ അഗസ്തീനിയൻ സഭയുടെ പിറവി അങ്ങനെയായിരുന്നു.[11] ക്രി.വ. 389-ൽ അദയോദാത്തസിന്റെ മരണം അഗസ്തീനോസിനെ ഏറെ ദുഃഖിപ്പിച്ചു. എഴുത്തിലും മറ്റു ജോലികളിലുമാണ്‌ അദ്ദേഹം ആശ്വാസം കണ്ടെത്തിയത്. രണ്ടു വർഷം കഴിഞ്ഞ് തഗാസ്തെയ്ക്ക് അടുത്തുള്ള തുറമുഖപട്ടണമായ ഹിപ്പോയിലെ മെത്രാൻ വലേരിയസിന്‌ ഒരു സഹായിയെ ആവശ്യമായി വന്നപ്പോൾ അഗസ്തീനോസിനെ പൗരോഹിത്യത്തിലേയ്ക്കുയർത്തി.

ക്രി.വ. 396-ൽ വൃദ്ധനായ മെത്രാൻ വലേരിയസ്, തന്റെ പിൻ‌ഗാമിയെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ വിശ്വാസികളുടെ സമൂഹം പൊതുസമ്മതിയോടെ അഗസ്തീനോസിനെ, അദ്ദേഹത്തിന്റെ എതിർപ്പ് വകവയ്ക്കാതെ, ഹിപ്പോയിലെ മെത്രാൻ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തു. തന്റെ സന്യാസമൂഹത്തിൽ നിന്നുള്ള ചിലരെ സഹായികളായി തെരഞ്ഞെടുത്ത് [൩] ഭരണം തുടങ്ങിയ അദ്ദേഹം അപ്പോഴും സന്യാസിയുടെ ജീവിതമാണ്‌ നയിച്ചത്.[29]

ഡോണറ്റിസത്തിനെതിരെ

തിരുത്തുക
 
ഡോണറ്റിസ്റ്റുകളുമായി സം‌വാദത്തിലേർപ്പെട്ടിരിക്കുന്ന അഗസ്തീനോസ് - ചിത്രകാരൻ:ചാൾസ് ആന്ദ്രേ വാൻ ലൂ(1705(1705)–1765)

അക്കാലത്ത് ഉത്തരാഫ്രിക്കയിൽ പൊതുവേയും ഹിപ്പോയിൽ പ്രത്യേകിച്ചും, യഥാസ്ഥിതികവിഭാഗത്തിനേക്കാൾ അംഗബലമുണ്ടായിരുന്നത് "ഡോണറ്റിസ്റ്റുകൾ" എന്ന ക്രിസ്തീയ വിഭാഗത്തിനായിരുന്നു.[30] യാഥാസ്ഥിതികക്രിസ്ത്യാനികൾക്കും ഡൊണാറ്റിസ്റ്റുകൾക്കും പുറമേ മനിക്കേയമതം പിന്തുടരുന്നവരുടെ ഒരു സമൂഹവും അവിടെ ഉണ്ടായിരുന്നു. അഗസ്തീനോസുമായുള്ള ഒരു പരസ്യസം‌വാദത്തിൽ തോറ്റ മനിക്കേയരുടെ മെത്രാൻ ഫോർച്ചുനാറ്റസ് എന്നേക്കുമായി ഹിപ്പോ വിട്ടുപോയി.[31]

ക്രി.വ. 303-305 കാലത്ത് ഡയോക്ലിഷ്യൻ ചക്രവർത്തിയുടെ റോമൻ ഭരണകൂടത്തിന്റെ പീഡനത്തെ ഭയന്ന് വിശ്വാസത്തിൽ നിന്ന് താത്കാലികമായി വ്യതിചലിച്ച മെത്രാന്മാരേയും പുരോഹിതന്മാരേയും മറ്റും കൂദാശകൾ നടത്താൻ അനുവദിക്കുന്നത് ക്രിസ്തീയവിശുദ്ധിയിൽ വിട്ടുവീഴ്ചചെയ്യുന്നതിനു തുല്യമാകുമെന്നും വിശ്വാസത്തിൽ ചാഞ്ചല്യം കാട്ടിയവരോ അവരിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചവരോ നൽകുന്ന കൂദാശകൾ സാധുവല്ലെന്നുമുള്ള നിലപാടെടുത്തവരായിരുന്നു ഡോണറ്റിസ്റ്റുകൾ. സഭ, പുരോഹിതന്മാരെ ഉപകരണമാക്കി നൽകുന്ന കൂദാശകളെ അവരുടെ വ്യക്തിപരമായ പാപം ബാധിക്കയില്ലെന്ന ഔദ്യോഗികസഭയുടെ നിലപാടിനെയാണ്‌ അഗസ്തീനോസ് പിന്തുണച്ചത്. സഭ വിശുദ്ധിയുടെ കൂടാരമാണെന്ന് ഡൊണാറ്റിസ്റ്റുകളും, ഈ ലോകത്തിലെ സഭ പാപികളുടേയും വിശുദ്ധരുടേയും സമ്മിശ്ര കൂട്ടായ്മയാണെന്ന് യാഥാസ്ഥിതികരും വാദിച്ചു.[32] ഡോണറ്റിസ്റ്റുകളെ സൗഹൃദസംവാദങ്ങളും അനുനയവും വഴി രഞ്ജിപ്പിക്കാനുള്ള അഗസ്തീനോസിന്റെ ശ്രമങ്ങൾ വിജയിച്ചില്ല. അവർക്കെതിരായുള്ള പോരാട്ടത്തിൽ ഒടുവിൽ അദ്ദേഹം റോമൻ ഭരണകൂടത്തിന്റെ സഹായം തേടുകയും, ഒരളവുവരെ വധശിക്ഷയോളമെത്താത്ത ബലപ്രയോഗത്തെപ്പോലും പിന്തുണയ്ക്കുകയും ചെയ്തു. ഡൊണാറ്റിസ്റ്റായിരിക്കുന്നത് നിയമവിരുദ്ധമായി ഭരണകൂടം പ്രഖ്യാപിക്കുകയും അവരുടെ ദേവാലയങ്ങൾ ബലം പ്രയോഗിച്ച് യാഥാസ്ഥിതിക വിഭാഗത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുകയും ചെയ്തതോടെ ക്രമേണ ആ ക്രിസ്തീയ വിഭാഗം ക്ഷയിച്ച് അപ്രത്യക്ഷമായി.[33]

'കൺഫെഷൻസ്'

തിരുത്തുക
 
ബോട്ടിച്ചെല്ലിയുടെ അഗസ്തീനോസ്

വിവാദങ്ങളിലും മെത്രാൻ സ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങളിലും മുഴുകിയിരിക്കുമ്പോഴും അഗസ്തീനോസ് മുഖ്യമായും ജീവിച്ചത് "മനസ്സിന്റെ ദേശത്ത്"[11][൪] ആയിരുന്നു. മെത്രാൻ സ്ഥാനത്തിരുന്ന ആദ്യവർഷങ്ങളിലാണ്‌ ജീവചരിത്രത്തിലേയും തത്ത്വചിന്തയിലേയും അസാമാന്യരചനകളിലൊന്നായ കൺഫഷൻസ് എന്ന കൃതി അദ്ദേഹം പൂർത്തിയാക്കിയത്. ദീർഘമായ ഒരന്വേഷണത്തിനൊടുവിൽ ക്രിസ്തീയ വിശ്വാസത്തിലേയ്ക്കു പരിവർത്തിതനായ അദ്ദേഹം തന്റെ മുൻ‌കാലജീവിതത്തിന്റെ "അധമാവസ്ഥയെ" പശ്ചാത്താപപൂർ‌വം ദൈവത്തോട് ഏറ്റുപറയുകയാണ്‌ ഈ കൃതിയിൽ. ആദ്യവസാനം ദൈവത്തെ സംബോധന ചെയ്ത് എഴുതിരിക്കുന്ന ഈ ഏറ്റുപറച്ചിൽ, ഒരു ലക്ഷം വാക്കുകൾ നീളുന്ന "മനസ്താപപ്രകരണം"[൫] എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അഗസ്തീനോസിന്റെ കൃതികളിൽ ഏറ്റവും അറിയപ്പെടുന്നത് ഈ രചനയാണ്‌.

തന്റെ സമകാലീനർക്ക് തന്റെ ഈ രചന ഏറെ ഇഷ്ടപ്പെട്ടെന്ന് അഗസ്തീനോസിന്‌ മനസ്സിലായി. ക്രി.വ. 427-ൽ എഴുതിയ "പ്രത്യവലോകനത്തിൽ" അദ്ദേഹം കൺഫെഷൻസിനെക്കുറിച്ച് ഇങ്ങനെ എഴുതി: "ഏതായാലും ഒരു കാര്യം എനിക്കറിയാം - എന്റെ സഹോദരന്മാരിൽ പലർക്കും ഇതു വളരെയിഷ്ടപ്പെട്ടു. ഇന്നും അവർ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യുന്നു."[34]

ത്രിത്വം, മനുഷ്യസ്വാതന്ത്ര്യം

തിരുത്തുക

ക്രിസ്തീയവിശ്വാസത്തിലെ സങ്കീർണ്ണസമസ്യകളിലൊന്നായ ത്രിത്വസങ്കല്പത്തെ വിശദീകരിക്കാൻ ശ്രമിച്ചെഴുതിയ ത്രിത്ത്വത്തെക്കുറിച്ച് (De Trinitate) എന്ന കൃതി ക്രി.വ. 400 മുതലുള്ള പതിനാറു വർഷക്കാലം കൊണ്ട് എഴുതിയതാണ്‌. മൂന്നാളുകളുള്ള ഏകദൈവം എന്ന സങ്കല്പത്തെ മനുഷ്യാനുഭവങ്ങളിൽ നിന്നുള്ള താരതമ്യങ്ങളെ ആശ്രയിച്ചു വിശദീകരിക്കാനാണ്‌ ഈ രചനയിൽ അഗസ്തീനോസ് ശ്രമിച്ചത്.[35]

ഈ ലോകത്തിലെ തിന്മകൾക്ക് വിശദീകരണം തേടിയിരുന്ന അഗസ്തീനോസ്, നന്മതിന്മകളെ വിവേചന ഉപയോഗിച്ച് തെരഞ്ഞെടുക്കാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ദൈവത്തിന്റെ സർ‌വജ്ഞാനവുമായി പൊരുത്തപ്പെടുത്തുകയെന്നത് പ്രധാനമായി കരുതി. ദൈവത്തിന്റെ സർ‌വജ്ഞാനം മനുഷ്യന്റെ ദുഷ്ടതയടക്കം എല്ലാം മുന്നേ കണ്ടറിയുന്നുവെന്നിരിക്കേ, നന്മ-തിന്മകളുടെ തെരഞ്ഞെടുപ്പിൽ മനുഷ്യൻ യഥാർത്ഥത്തിൽ സ്വതന്ത്രനാണോ എന്നതായിരുന്നു സമസ്യ. ഈ അന്വേഷണത്തിനൊടുവിൽ അഗസ്തീനോസ് ചെന്നെത്തിയത്, പൗലോസ് അപ്പസ്തോലന്റെ ലേഖങ്ങളുടെ ആശ്രയത്തിൽ, ജന്മപാപം എന്ന സങ്കല്പത്തിലാണ്‌. തെർത്തുല്യനേയും അംബ്രോസിനേയും പോലുള്ള ക്രിസ്തീയ ചിന്തകന്മാരും ആശ്രയിച്ചിരുന്ന ജന്മപാപസങ്കല്പത്തെ ക്രിസ്തീയ വിശ്വാസത്തിന്റെ മുഖ്യ ആശയങ്ങളിലൊന്നാക്കിയത് അഗസ്തീനോസാണ്‌. ദൈവകല്പന ധിക്കരിച്ച് അറിവിന്റെ കനി തിന്ന ആദിമാതാപിതാക്കളുടെ പാപത്തിന്റെ കറ ജന്മാവകാശമായി ഏറ്റുവാങ്ങിയാണ്‌ ഓരോ മനുഷ്യശിശുവും ജനിക്കുന്നതെന്നാണ്‌ ഈ സങ്കല്പം. അങ്ങനെ ഹീനാവസ്ഥയിൽ ജനിക്കുന്ന മനുഷ്യവ്യക്തികൾക്ക് ദൈവത്തിന്റെ കൃപയിലൂടെയല്ലാതെ സ്വന്തം കർമ്മങ്ങളുടെ മേന്മകൊണ്ട് രക്ഷപെടുക സാധ്യമല്ലെന്ന് അഗസ്തീനോസ് പഠിപ്പിച്ചു.[36]

പെലേജിയന്മാർക്കെതിരെ

തിരുത്തുക

മനുഷ്യന്റെ ഹീനാവസ്ഥയെക്കുറിച്ചുള്ള അഗസ്തീനോസിന്റെ ആശയങ്ങളെ എതിർത്ത വെയിൽസ് സ്വദേശിയായ ഒരു പുരോഹിതനായിരുന്നു പെലേജിയൂസ്. ക്രി.വ. 410-ൽ അലാറിക്കിന്റെ നേതൃത്വത്തിലുള്ള വിസിഗോത്തുകൾ റോം കീഴടക്കിയപ്പോൾ അവിടെയായിരുന്ന അദ്ദേഹം ആഫ്രിക്കയിലേയ്ക്കു പലായനം ചെയ്തു. മനുഷ്യന്റെ അധമാവസ്ഥയെക്കുറിച്ചുള്ള അഗസ്തീനോസിന്റെ നിലപാട്, വ്യക്തികളെ അവരുടെ കർമ്മങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് മുക്തരാക്കി സമൂഹത്തിൽ അധാർമ്മിക വളർത്താനേ ഉപകരിക്കൂ എന്ന് പെലേജിയൂസ് കരുതി. ഓരോരുത്തരും ഉത്തരവാദികളായിരിക്കുന്നത് സ്വന്തം കർമ്മങ്ങൾക്കു മാത്രമാണെന്ന് കരുതിയ അദ്ദേഹം, അഗസ്തീനോസിന്റെ ജന്മപാപസങ്കല്പത്തെ നിഷേധിച്ചു. മനുഷ്യരുടെ രക്ഷ ഓരോരുത്തരുടേയും ധാർമ്മിക പരിശ്രമത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും സൽക്കർമ്മികളായിരിക്കുന്നവർക്ക് അതു നൽകുന്ന യോഗ്യതയിൽ സ്വർഗ്ഗം അവകാശമാക്കാമെന്നും അദ്ദേഹം പഠിപ്പിച്ചു. പെലേജിയസ് ആഫ്രിക്ക വിട്ടുപോയെങ്കിലും അവിടെ കലിസ്റ്റസ് എന്നൊരാൾ അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നു. പെലേജിയൂസിന്റേയും അദ്ദേഹത്തിന്റെ അനുയായികളുടേയും ആശയങ്ങൾക്കെതിരെ അഗസ്തീനോസ് നിരന്തരം പൊരുതി. എന്നാൽ പെലേജിയസ് ഉയർത്തിയ ഭീഷണി പരിഗണിക്കാൻ യെരുശലേമിൽ ചേർന്ന ഒരു സഭാ സമ്മേളനം, അഗസ്തീനോസിനെ പിന്തുണച്ചിരുന്ന ജെറോമിനെ ധിക്കരിച്ച്, പെലേജിയൂസിനെ കുറ്റവിമുക്തനാക്കി.[37] തുടർന്ന് അഗസ്തീനോസ് മുൻ‌കൈയ്യെടുത്ത് വിളിച്ചികൂട്ടിയ കാർത്തേജിലെ സൂനഹദോസ്, പെലേജിയൂസിനെ ശപിച്ചു തള്ളി. അഗസ്തീനോസിന്റെ സ്വാധീനത്തിൽ ഹൊണോറിയസ് ചക്രവർത്തിയും തുടർന്ന് സോസിമസ് മാർപ്പാപ്പയും പെലേജിയന്മാരെ വിലക്കി. എന്നിട്ടും ഇറ്റലിയിൽ എക്ലാനമിലെ യുവാവായ ജൂലിയൻ മെത്രാൻ (Julian of Eclanum) പെലാജിയസിനെ പിന്തുണയ്ക്കുന്നത് തുടർന്നു.[38] അതിനാൽ, പെലേജിയസിന്റെ സിദ്ധാന്തത്തിനെതിരായി ക്രി.വ. 411-ൽ ആരംഭിച്ച പോരാട്ടം അഗസ്തീനോസിന്‌ ക്രി.വ. 430-ലെ മരണം വരെ തുടരേണ്ടിവന്നു.[10]

റോമിന്റെ പതനം

തിരുത്തുക

പാശ്ചാത്യക്രൈസ്തവലോകത്തിന്റെ കേന്ദ്രമായി കണക്കാക്കെപ്പെട്ടിരുന്ന റോമാ നഗരം ക്രി.വ. 410 ആഗസ്റ്റ് മാസം അലാറിക്കിന്റെ വിസിഗോത്ത് സേനയുടെ കൊള്ളയ്ക്കിരയായപ്പോൾ റോമിന്റെ ആ ദുരവസ്ഥയ്ക്കു കാരണം ക്രിസ്തുമതം തന്നെയാണെന്ന് പലരും ചൂണ്ടിക്കാട്ടി. റോം അതിന്റെ പരമ്പാരാഗതവിശ്വാസത്തിന്റെ സ്ഥാനത്ത് ക്രിസ്തുമതത്തെ പ്രതിഷ്ഠിച്ചതു മൂലമുണ്ടായ ദൈവങ്ങളുടെ കോപമാണ്‌ നഗരത്തിന്റെ ദുരിതത്തിന്‌ കാരണമായി വിമർശകർ ചൂണ്ടിക്കാട്ടിയത്. ഈ ആരോപണത്തിനു മറുപടി പറയാനാണ്‌ ആഗസ്തീനോസ് ദൈവനഗരം (De Civitate Dei) എന്ന പ്രഖ്യാതകൃതി എഴുതിയത്. ക്രി.വ. 412 മുതൽ 426 വരെയുള്ള വർഷങ്ങളാണ്‌ അതിന്റെ രചനാകാലം. അദ്ദേഹത്തിന്റെ ഏറ്റവും ദീർഘമായ രചന ഇതാണ്‌. റോമിന്റെ ദുരവസ്ഥ ജെറോമിനെപ്പോലുള്ള മറ്റു ക്രിസ്തീയ ചിന്തകന്മാരേയും അതിയായി ദുഖിപ്പിച്ചിരുന്നു. "ലോകത്തെ ബന്ധനത്തിലാക്കിയിരുന്ന റോം സ്വയം ബന്ധനത്തിലായി" എന്നാണ്‌ ജെറോം പരിതപിച്ചത്. പേഗന്മാരുടെ വിമർശനത്തിനു മറുപടി പറയുകയും ക്രിസ്ത്യാനികളെ ആശ്വസിപ്പിക്കുകയും ആണ്‌ തന്റെ കൃതിയിൽ അഗസ്തീനോസ് ലക്ഷ്യം വച്ചത്. നശ്വരമായ ഈ ലോകത്തിലെ നഗരത്തിലെന്നതിനു പകരം സ്വർഗ്ഗത്തിലെ നാശമില്ലാത്ത ദൈവനഗരത്തിൽ പ്രതീക്ഷ വച്ച് ജീവിക്കുകയാണ്‌ ക്രിസ്ത്യാനിയുടെ കടമയെന്ന് ഈ കൃതിയിൽ അദ്ദേഹം വാദിച്ചു.[39]

 
ഇറ്റലിയിൽ പാവിയായിലെ "സുവർണ്ണാകാശത്തിലെ പത്രോസിന്റെ ഭദ്രാസനപ്പള്ളിയിൽ" അഗസ്തീനോസിന്റേതായി പറയപ്പെടുന്ന ശവകുടീരം

അഗസ്തീനോസിന്റെ മരണത്തിന്‌ കുറേക്കാലം മുൻപ് ആരിയൻ ക്രിസ്തുമത വിശ്വാസികളായ വാൻഡലുകളുടെ സൈന്യം ഉത്തരാഫ്രിക്ക ആക്രമിച്ചു. അവിടത്തെ റോമൻ പ്രവിശ്യാധികാരി, ഒരെതിരാളിയോടുള്ള കലഹത്തിൽ തന്നെ സഹായിക്കാനായി അവരെ ക്ഷണിച്ചു വരുത്തുകയായിരുന്നു. എന്നാൽ ക്രമേണ അവർ നിയമം കയ്യിലെടുക്കാനും സ്വകാര്യസ്വത്തുക്കളും പള്ളികളും മറ്റും കോള്ളയടിക്കാനും തുടങ്ങിയതായി സമകാലീനനായ കലാമയിലെ മെത്രാൻ പൊസീഡിയസ് എഴുതിയ അഗസ്തീനോസിന്റെ ജീവചരിത്രത്തിൽ പറയുന്നു.[40] ക്രി.വ. 430-ലെ വസന്തകാലത്ത് ഹിപ്പോയിലെത്തിയ വാൻഡലുകൾ നഗരം ഉപരോധിക്കാൻ തുടങ്ങി. അക്കാലത്ത് അഗസ്തീനോസ് തീർത്തും രോഗിയായി. ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച ഒരാൾക്ക് അദ്ദേഹം കൊടുത്ത മറുപടി ഇതായിരുന്നു: "ആത്മാവിൽ എനിക്കു സുഖമാണ്‌... എന്നാൽ ശരീരം ശയ്യയെ ഏകാവലംബമാക്കിയിരിക്കുന്നു. അർശസിന്റെ വീർത്ത കുരുക്കൾ മൂലം എനിക്കു നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യ. എന്നാൽ ഇതൊക്കെ ദൈവത്തിന്റെ തിരുവിഷ്ടം ആണെന്നിരിക്കെ, എനിക്കു സുഖമാണെന്നല്ലാതെ മറ്റെന്താണ്‌ ഞാൻ പറയേണ്ടത്?"[11] ക്രി.വ. 426 സെപ്തംബറിൽ, എരാക്ലിയസ് എന്ന പുരോഹിതനെ അദ്ദേഹം ഹിപ്പോയിലെ മെത്രാൻ പദവിയിൽ തന്റെ പിൻ‌ഗാമിയായി നിയമിച്ചിരുന്നു.[41][42]

ഹിപ്പോ ഉപരോധത്തിലായിരിക്കെ നടന്ന അഗസ്തീനോസിന്റെ മരണം പൊസീഡിയസ് വിവരിക്കുന്നുണ്ട്. പ്രാർത്ഥനയിലും പശ്ചാത്താപത്തിലും അവസാനനാളുകൾ കഴിച്ച അദ്ദേഹം, പഴയനിയത്തിലെ ദാവീദിന്റെ മനസ്താപസങ്കീർത്തനങ്ങൾ തനിക്ക് കാണത്തക്കവണ്ണം എഴുതി ഭിത്തിയിൽ തൂക്കിയിടാൻ ആവശ്യപ്പെട്ടു. ഹിപ്പോയിലെ ദേവാലയത്തോടു ചേർന്നുണ്ടായിരുന്ന ഗ്രന്ഥാലയവും അതിലെ മുഴുവൻ ഗ്രന്ഥങ്ങളും സം‌രക്ഷിക്കാൻ ഏർപ്പാടു ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.[40] സ്വന്തമായി സ്വത്തൊന്നും ഇല്ലാതിരുന്നതിനാൽ അദ്ദേഹം വില്പത്രം എഴുതിയില്ല. എന്നാൽ തന്റെ കുടീരലിഖിതം (epitaph) അദ്ദേഹം സ്വയം ഇങ്ങനെ എഴുതി: "ക്രിസ്ത്യാനിയുടെ ഹൃദയം ദുഖഭരിതമാകുന്നതെങ്ങനെ? തീർത്ഥാടകനായ അവൻ സ്വദേശത്തെക്കുറിച്ചോർക്കുന്നതുകൊണ്ട്".[11] അഗസ്തീനോസിന്റെ മരണം കഴിഞ്ഞ് താമസിയാതെ വാൻഡലുകൾ ഹിപ്പോയുടെ മേലുള്ള ഉപരോധം ഉപേക്ഷിച്ചെങ്കിലും അവർ താമസിയാതെ വീണ്ടും വരുകയും നഗരം അഗ്നിക്കിരയാക്കുകയും ചെയ്തു. ഹിപ്പോ നശിച്ചെങ്കിലും അഗസ്തീനോസിന്റെ ഭദ്രാസനപ്പള്ളിയും ഗ്രന്ഥശേഖരവും അവർ നശിപ്പിച്ചില്ല.

അഗസ്തീനോസിന്റെ ഭൗതികശരീരം പിന്നീട് ആദ്യം ഇറ്റലിയിലെ സാർദീനിയയിലേക്കും തുടർന്ന് ഇറ്റലിയിൽ തന്നെയുള്ള പാവിയായിലേയ്ക്ക് മാറ്റിയതായും അവിടെ അത് ഇപ്പോഴും സംസ്കരിക്കപ്പെട്ടിരിക്കുന്നതായും ഒരു പാരമ്പര്യം പറയുന്നു.[43][44] എങ്കിലും പാവിയയിൽ അഗസ്റ്റിന്റെ സംസ്കാരസ്ഥാനത്തെപ്പറ്റി അവ്യക്തതയുണ്ട്.[45]

തുടക്കത്തിൽ യവനദർശനത്തിന്റെ പ്രസാദഭാവം പിന്തുടർന്നിരുന്ന അഗസ്തീനോസിന്റെ ചിന്ത പിൽക്കാലത്ത് മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ക്രിസ്തീയവീക്ഷണത്തിന്റെ സ്വാധീനത്തിൽ വിഷാദഭാവം കൈക്കൊണ്ടു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ദാർശനികവും ധാർമ്മികവുമായ പരീക്ഷകളിലൂടെ കടന്നുപോയ അദ്ദേഹം, സംഘർഷങ്ങളും പൊരുത്തക്കേടുകളും നഷ്ടങ്ങളും നിറഞ്ഞതായി കാണപ്പെട്ട ഈ ലോകത്തിൽ അർത്ഥം കണ്ടെത്താനുള്ള ശ്രമത്തിൽ ഒട്ടേറെ വിഷയങ്ങളേയും നിലപാടുകളേയും ഉൾക്കൊള്ളുകയും സമന്വയിപ്പിക്കുകയും ചെയ്തു. യവനചിന്തയുടെ ലോകായത, വൈരാഗ, സന്ദേഹ, പ്ലേറ്റോണിക സരണികളെ (Epicurean, Stoic, Sceptic, Platonic Schools) ക്രിസ്തീയസിദ്ധാന്തങ്ങളുമായി കൂട്ടിയിണക്കാനുള്ള ശ്രമമാണ് ആഗസ്തീനോസിന്റെ ചിന്ത.[46]

ആദ്യകാല സഭാപിതാക്കന്മാരിൽ രചനാബാഹുല്യത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് അഗസ്റ്റിനാണ്. അദ്ദേഹത്തിന്റെ രചനകൾ മൊത്തമെടുത്താൽ അൻപത് ലക്ഷം വാക്കുകളുണ്ട് എന്ന് പറയപ്പെടുന്നു. ഏതാണ്ട് നാല്പത് വർഷക്കാലം തുടർച്ചയായി, പ്രതിവർഷം ശരാശരി 300 പുറമുള്ള ഒരു പുസ്തകം വീതം അദ്ദേഹം എഴുതിക്കാണുമത്രെ. അഗസ്റ്റിൻ എഴുതിയതൊക്കെ വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നയാൾ നുണയനായിരിക്കുമെന്ന് സെവിലിലെ ഇസിദോർ (Isidore or Seville ക്രി പി.560-636) പറഞ്ഞിട്ടുണ്ട്.‍[47] ഈ രചനകളിലും ഒട്ടേറെ പ്രഭാഷണങ്ങളിലും കത്തുകളിലുമായി തെളിഞ്ഞുകാണുന്ന അദ്ദേഹത്തിന്റെ ചിന്തയിൽ കാലത്തിന്റെ ആപേക്ഷികതയെക്കുറിച്ച് മൗലികസ്വഭാവമുള്ളൊരു സിദ്ധന്തം കാണം. അതിനൊപ്പം, വ്യതിരിക്തമായൊരു ചരിത്രവീക്ഷണവും, ദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു. മനുഷ്യന്റെ രക്ഷയേയും വിധിയേയും മനുഷ്യാവസ്ഥയെക്കുറിച്ചു (human condition) തന്നേയുമുള്ള അഗസ്തീനോസിന്റെ ആശയങ്ങൾ പിൽക്കാലചിന്തയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളോളം ലത്തീൻ ക്രിസ്തീയചിന്തയുടെ മുഖ്യശ്രോതസ്സുകളിലൊന്ന് അഗസ്തീനോസിന്റെ രചനാസമുച്ചയമായിരുന്നു. 16-ആം നൂറ്റാണ്ടിലെ നവീകർത്താക്കൾ അവരുടെ മുഖ്യവാദമുഖങ്ങൾ ചികഞ്ഞെടുത്തത് അഗസ്തീനോസിന്റെ രചനകളിൽ നിന്നാണ്.[29]

ആപേക്ഷികമായ കാലം

തിരുത്തുക

പൊതുവേ ആത്മകഥയും കുമ്പസാരവും ആയി കണക്കാക്കപ്പെടുന്ന അഗസ്തീനോസിന്റെ മുഖ്യരചനയായ കൺഫെഷൻസ് സാഹിത്യത്തിലേയും ദർശനത്തിലേയും ഒരു ക്ലാസിക് കൂടിയാണ്‌. പതിമൂന്നു ഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ അവസാനത്തെ മൂന്നു ഭാഗങ്ങൾ ആഴമുള്ള തത്ത്വചിന്തയാണ്. അഗസ്തീനോസിന്റെ രചനകളിൽ ഏറ്റവും ശുദ്ധമായ തത്ത്വചിന്തയുള്ളത് കൺഫെഷൻസിന്റെ "കാലവും നിത്യതയും" (Time and Eternity) എന്നു പേരുള്ള പതിനൊന്നാം ഭാഗത്താണ്‌.[൬] ബൈബിളിൽ ഉത്പത്തി പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായത്തിൽ തന്നെ പ്രപഞ്ചസൃഷ്ടി നടക്കുന്നതു ചൂണ്ടിക്കാണിക്കുന്ന അഗസ്തീനോസ് അതിനു മുൻപുള്ള അവസ്ഥയെന്തായിരുന്നു എന്ന ചോദ്യം ഉന്നയിച്ച് സൃഷ്ടിക്കു "മുൻപുള്ള" അവസ്ഥ എന്ന സങ്കല്പം തന്നെ അപ്രസക്തമാണെന്നു മറുപടി പറയുന്നു. സമയത്തെക്കുറിച്ചുള്ള ഒരു ആപേക്ഷിക സിദ്ധാന്തത്തിലാണ്‌ ഇതുവഴി അദ്ദേഹം ചെന്നെത്തുന്നത്. സൃഷ്ടിയുടെ ഭാഗമാണ്‌ സമയമെന്നതു കൊണ്ട്, സൃഷ്ടിയ്ക്ക് ഒരു "മുൻപ്" ഉണ്ടാവുക സാധ്യമല്ലെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. ദൈവം ഒരു സമയരേഖയിൽ സൃഷ്ടിയ്ക്ക് മുൻപുള്ളവനല്ല, സമയത്തിന്റെ ആപേക്ഷികതയ്ക്കു പുറത്തുള്ള നിത്യതയാണ്‌. ദൈവത്തിൽ എല്ലാ കാലവും എപ്പോഴും ഉണ്ടായിരിക്കുന്നു. കാലത്തെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോൾ മാത്രം അളക്കാനാവുന്നതു കൊണ്ട് എല്ലാ കാലവും വർത്തമാനമാണെന്നും അഗസ്തീനോസ് വാദിക്കുന്നു. ഭൂതവും ഭാവിയും പോലും വർത്തമാനമാണ്‌. ഭൂതം വർത്തമാനത്തിലെ സ്മരണയും ഭാവി വർത്തമാനത്തിലെ പ്രതീക്ഷയുമാണ്‌.[48]

സമയത്തെപ്പറ്റിയുള്ള അഗസ്തീനോസിന്റെ ആശയങ്ങളോടു കിടനിൽക്കുന്നതായി യവനദർശനത്തിൽ ഒന്നും ഉണ്ടായിരുന്നില്ലെന്നും, സമയത്തിന്റെ വ്യക്തിനിഷ്ടസ്വഭാവത്തെപ്പറ്റി പതിനെട്ടാം നൂറ്റാണ്ടിൽ ഇമ്മാനുവേൽ കാന്റ് അവതരിപ്പിച്ച സിദ്ധാന്തത്തേക്കാൾ മുന്തിയതും വ്യക്തതയുള്ളതുമായിരുന്നു അഗസ്തീനോസിന്റെ ആശയങ്ങളെന്നും ബെർട്രാൻഡ് റസ്സൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.[49] കൺഫെഷൻസിൽ സമയത്തെപ്പറ്റി അഗസ്തീനോസ് നടത്തുന്ന നിരീക്ഷണങ്ങൾ ആധുനിക ശാസ്ത്രത്തിന്റെ ഉൾകാഴ്ചകൾക്കൊപ്പം വയ്ക്കാവുന്നവയാണ് എന്നു കരുതുന്നവരുണ്ട്. പ്രഖ്യാത ഊർജ്ജതന്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ്, സമയത്തിന്റെ ഒരു ലഘു ചരിത്രം (A Brief History of Time) എന്ന കൃതിയിൽ അഗസ്തീനോസിന്റെ കണ്ടെത്തലുകളെ സഹമതിയോടെ ഉദ്ധരിക്കുന്നുണ്ട്.[50]

ചരിത്രദർശനം

തിരുത്തുക
 
അഗസ്തീനോസിന്റെ ദൈവനഗരം, 1470-ൽ സൃഷ്ടിച്ച ഒരു പ്രതിയുടെ ഒന്നാം പുറം

സ്വന്തം പുസ്തകങ്ങളിൽ അഗസ്റ്റിന് ഏറ്റവും പ്രിയം ദൈവനഗരം എന്ന ബൃഹത്കൃതിയായിരുന്നു. പടിഞ്ഞാറൻ റോമാ സാമ്രാജ്യം, വടക്കുനിന്നു വന്ന 'പ്രാകൃതഗോത്രങ്ങളുടെ' ആക്രമണത്തിൽ തകരുന്നത് കണ്ട അഗസ്തീനോസിന്റെ പ്രതികരണമാണ് ആ കൃതി. റോമാനഗരത്തെ കേന്ദ്രീകരിച്ചുള്ള മനുഷ്യനിർമ്മിത സാമ്രാജ്യത്തിന്റെ തകർച്ച ചൂണ്ടിക്കാട്ടി, സ്വർഗ്ഗത്തിലെ ദൈവനഗരം മാത്രമേ ശാശ്വതമായുള്ളു എന്ന് പറയുകയാണ് അഗസ്തീനോസ് ആ കൃതിയിൽ. നിരന്തരം ആവർത്തിക്കുന്ന കാലചക്രങ്ങളെ അടിസ്ഥനമാക്കിയുള്ള യവന, പൗരസ്ത്യ ചരിത്രസങ്കല്പങ്ങളിൽ നിന്നു ഭിന്നമായി, കൃത്യമായ തുടക്കത്തിൽ നിന്ന് നിശ്ചിതമായ പരിസമാപ്തിയിലേയ്ക്കു ദൈവികപദ്ധതിയനുസരിച്ച് മുന്നേറുന്നതാണ്‌ അഗസ്തീനോസിന്റെ ചരിത്രം. ഏദേൻ തോട്ടത്തിൽ മനുഷ്യസൃഷ്ടിയോടെ ആരംഭിച്ച ഈ ചരിത്രത്തിന്റെ പ്രയാണം യേശുക്രിസ്തുവിൽ മദ്ധ്യബിന്ദു കടന്നു മുന്നേറി അന്ത്യവിധിയിൽ സമാപിക്കുന്നു.[51]

വിനാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന മനുഷ്യനഗരവും, ദൈവപ്രതീക്ഷയിൽ ജീവിക്കുന്നവരുടെ ദൈവനഗരവും ഇടകലർന്നതാണ്‌ ഈ ലോകമെന്നും ഇരുനഗരങ്ങളുടേയും വേർതിരിവും അന്തിമഭാഗധേയങ്ങളിലേയ്ക്കുള്ള മടക്കമില്ലാത്ത യാത്രയും ലോകാവസാനത്തിൽ നടക്കാനിരിക്കുന്നെന്നും ഈ കൃതിയിൽ അഗസ്തീനോസ് വാദിച്ചു. ക്രിസ്തുമതം തീരെ പൗരാണികതയില്ലാത്ത പുതുവിശ്വാസമാണെന്ന 'പേഗൻ' വിമർശനത്തിന്‌ അഗസ്തീനോസ് പറയുന്ന മറുപടി ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ കായേൻ ആബേൽ-മാരുടെ കഥ പരാമർശിച്ചാണ്‌. വിനാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന മനുഷ്യനഗരത്തിന്റെ പിതാവ് ദുഷ്ടനായ കായേനും സ്നേഹത്തിലും പ്രതീക്ഷയിലും ഉറച്ച ദൈവനഗരത്തിലെ ആദ്യപൗരൻ നീതിമാനായ ആബേലും ആണ്‌. ദൈവനഗരത്തിലെ പൗരന്മാരായ യഥാർത്ഥ ക്രിസ്ത്യാനികൾ ഈ ലോകത്തിൽ തീർത്ഥാടകരും പരദേശികളുമായി സ്വയം കണ്ട് സ്വർഗ്ഗപ്രതീക്ഷയിൽ ജീവിക്കുന്നു. 22 വാല്യങ്ങളുള്ള ഈ ബൃഹദ്‌കൃതിയ്ക്ക് അഞ്ചു ഭാഗങ്ങൾ ചേർന്ന ഘടനയാണുള്ളത്. ഈ വിഭജനം താഴെപ്പറയുന്ന പ്രമേയങ്ങളെ ആധാരമാക്കിയാണ്‌:

  • 1 മുതൽ 5 വരെ വാല്യങ്ങൾ: ഈ ലോകത്തിലെ ശാന്തിയ്ക്കായുള്ള പേഗൻ ആരാധന
  • 6 മുതൽ 10 വരെ വാല്യങ്ങൾ: നിത്യശാന്തി മോഹിച്ചുള്ള പേഗൻ ആരാധന
  • 11 മുതൽ 14 വരെ വാല്യങ്ങൾ: മനുഷ്യഗരത്തിന്റേയും ദൈവനഗരത്തിന്റേയും ഉല്പത്തി.
  • 15 മുതൽ 18 വരെ വാല്യങ്ങൾ: ഇരു നഗരങ്ങളുടേയും ചരിത്രം
  • 19 മുതൽ 22 വരെ വാല്യങ്ങൾ: ഇരുനഗരങ്ങളുടേയും അന്തിമവിധി

റോമാനഗരത്തിന്റെ ദുരവസ്ഥയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതെങ്കിലും റോമിന്റെ പതനത്തോടുള്ള പ്രതികരണം മാത്രമല്ല ഈ രചന. ആ സംഭവം ഈ കൃതിയുടെ വായനയ്ക്കുള്ള പശ്ചത്താലം ഒരുക്കിയെന്നേയുള്ളു. പേഗൻ സംസ്കൃതിയെ നേർക്കുനേർ വെല്ലുവിളിച്ചുകൊണ്ട്, പിൽക്കാലനൂറ്റാണ്ടുകളിൽ പാശ്ചാത്യക്രൈസ്തവലോകത്തിനു മാർഗ്ഗദർശകമായിത്തീർന്ന ചരിത്രവീക്ഷണവും ലോകവീക്ഷണവും രൂപപ്പെടുത്തുകയാണ്‌ ദൈവനഗരത്തിൽ അഗസ്തീനൊസ് ചെയ്തത്.[52] ഈ കൃതിയിൽ അദ്ദേഹം പിന്തുടർന്ന ചരിത്രദർശനം, മദ്ധ്യകാലമനുഷ്യന്റെ ലോകവീക്ഷണത്തെ ആഴത്തിൽ സ്വാധീനിച്ചു. തിന്മയിലേയ്ക്ക് ചാഞ്ഞ മനുഷ്യനഗരത്തിന്റേയും ദൈവമക്കളുടെ നഗരമായ സഭടേയും ചിത്രം, രാഷ്ടീയാധികാരങ്ങളുമായുള്ള മുഖാമുഖങ്ങളിൽ മദ്ധ്യകാലപൗരോഹിത്യം അതിന്റെ മേൽക്കോയ്മയുടെ സ്ഥാപനത്തിന്‌ ഫലപ്രദമായി ഉപയോഗിച്ചു. രാഷ്ടീയാധികാരത്തെ മനുഷ്യനഗരവും മതത്തെ ദൈവനഗരവും ആയി വ്യാഖ്യാനിക്കുകയായിരുന്നു പതിവ്.[53]

ദൈവസങ്കല്പം

തിരുത്തുക

ക്രിസ്തുമതത്തിന്റെ വളർച്ചയുടെ ആദ്യനൂറ്റാണ്ടുകളിലെ തർക്കങ്ങളിൽ പലതും ദൈവികത്രിത്വത്തിന്റെ യാഥാർത്ഥ്യത്തേയും വിശദാംശങ്ങളേയും പറ്റിയായിരുന്നു. ഈ തർക്കങ്ങൾക്ക് അറുതിവരുത്താൻ ക്രി.വ. 381-ലെ കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് ശ്രമിച്ചു. ആ സൂനഹദോസിനു ശേഷവും തുടർന്ന ത്രിത്വസിദ്ധാന്തത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ ഏറ്റവും പ്രധാന സംഭാവന അഗസ്തീനോസിന്റേതായിരുന്നു.[54] അഗസ്റ്റിന്റെ മുഖ്യഗ്രന്ഥങ്ങളിലൊന്ന് ത്രിത്വത്തെക്കുറിച്ചായിരുന്നു (De Trinitate).[55] ക്രി.പി 399 മുതൽ 419 വരെയുള്ള ഇരുപത് വർഷം കൊണ്ട് എഴുതിയ ഈ കൃതി വഴി അഗസ്തീനോസ് ത്രിത്വസിദ്ധാന്തത്തിന് സമഗ്രമായ ഒരു ദൈവശാസ്ത്രം രൂപപ്പെടുത്തി. ത്രിത്വത്തിലെ മൂന്നാളുകൾക്കുമിടയിൽ ഒരുതരത്തിലുമുള്ള വലിപ്പച്ചെറുപ്പം അഗസ്റ്റിന് സ്വീകാര്യമല്ലായിരുന്നു. ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിനെ പിതാവിൽ നിന്നു മാത്രം പുറപ്പെടുന്നവനെന്നതിന് പകരം പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നവനായാണ് അഗസ്റ്റിൻ കണ്ടത്. അഗസ്തീനോസിൽ നിന്ന് പാശ്ചാത്യസഭ സ്വീകരിച്ച് ഈ നിലപാട്, പിന്നീട് പൗരസ്ത്യ-പാശ്ചാത്യസഭകൾ തമ്മിൽ ഭിന്നതക്കുള്ള കാരണങ്ങളിലൊന്നായി.[൭]

ത്രിത്വസിദ്ധാന്തത്തിന് മനശാസ്ത്രപരമായ ഒരു മാനം കൊടുക്കാനും അഗസ്തീനോസ് ശ്രമിച്ചു. ത്രിയേകദൈവത്തിന്റെ സൃഷ്ടിയായ പ്രപഞ്ചത്തിൽ ത്രിത്വം പ്രതിബിംബിക്കുന്നുണ്ടെന്നും ദൈവഛായയിൽ ഉരുവാക്കപ്പെട്ടിരിക്കയാൽ മനുഷ്യരിലും ത്രിത്വത്തിന്റെ അംശം ഉൾച്ചേർന്നിട്ടുണ്ടെന്നും ബുദ്ധിയും സ്മരണയും ഇച്ഛയും ചേർന്ന ഒരു ത്രിത്വമാണ് മനുഷ്യമനസ്സ് എന്നും അദ്ദേഹം വാദിച്ചു.[56]

മനുഷ്യാവസ്ഥ

തിരുത്തുക

ലോകത്തിലെ തിന്മയുടെ ഉത്ഭവത്തിന്റേയും മനുഷ്യസ്വാതന്ത്ര്യത്തിന്റേയും രഹസ്യങ്ങളിൽ എന്നും പുലർത്തിയിരുന്ന താത്പര്യമാണ്‌ അഗസ്തീനോസിനെ ഇടക്കാലത്ത് മനിക്കേയൻ വിശ്വാസത്തിൽ എത്തിച്ചത്. ഇക്കാര്യങ്ങളിൽ, ക്രിസ്തുമതത്തിലേയ്ക്കുള്ള പരിവർത്തനത്തിനു ശേഷവും പരിണമിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ നിലപാട്, വികസിതരൂപത്തിൽ അവതരിപ്പിക്കപ്പെട്ടത് പെലേജിയൻ വിശ്വാസവുമായുള്ള ഏറ്റുമുട്ടലിനിടെയാണ്‌. ആദിമാതാപിതാക്കളുടെ പാപത്തിന്റെ കറ പൈതൃകമായി ലഭിക്കുന്നതു വഴിയുള്ള ജന്മപാപത്തോടെയാണ്‌ ഓരോ മനുഷ്യനും പിറന്നുവീഴുന്നതെന്ന അഗസ്തീനോസിന്റെ നിലപാടിനെ പെലാജിയസ് എതിർത്തു. ഓരോ മനുഷ്യനും സ്വന്തം കർമ്മങ്ങൾക്കു മാത്രം ഉത്തരവാദിയാകുന്നതു കൊണ്ട് ജന്മപാപസങ്കല്പം അടിസ്ഥാനരഹിതമാണെന്നും നന്മതിന്മകളിൽ ഒന്നിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ടെന്നും പെലാജിയസ് പഠിപ്പിച്ചു. ആ സ്വാതന്ത്ര്യം വിനിയോഗിച്ചുള്ള ചെയ്തികളുടെ അടിസ്ഥാനത്തിൽ ഓരോരുത്തർക്കും ജീവിതാന്ത്യത്തിൽ നിത്യസമ്മാനമോ നിത്യശിക്ഷയോ ലഭിക്കുന്നു. ജന്മപാപസങ്കല്പം, നിഷ്ക്രിയതക്കും ധാർമ്മികമായ പരിശ്രമങ്ങളിൽ നിന്നു വിട്ടുനിൽക്കന്നതിനുമുള്ള ഒഴികഴിവായി മനുഷ്യർ ഉപയോഗിക്കുമെന്ന് പെലാജിയസ് ഭയപ്പെട്ടു.[57]

ദൈവകല്പന ലംഘിച്ച് പാപം ചെയ്യുന്നതിനു മുൻപ് സ്വതന്ത്രമനസ്സുണ്ടായിരുന്ന ആദത്തിന്‌ നന്മയോ തിന്മയോ തെരഞ്ഞെടുക്കാമായിരുന്നെന്നും പാപം ചെയ്യാനുള്ള തെരഞ്ഞെടുപ്പിനുശേഷം തിന്മയുടെ ജീർണ്ണതയിൽ പെട്ടുപോയ അയാൾക്കും സന്തതികൾക്കും ദൈവകൃപകൂടാതെ സ്വന്തം കഴിവു കൊണ്ട് പാപത്തിൽ നിന്ന് അകന്നു നിൽക്കാൻ കഴിവില്ലെന്നും അഗസ്തീനോസ് കരുതി. ആദത്തിന്റെ പാപം ജന്മാവകാശമായി വാങ്ങി, എല്ലാ മനുഷ്യരും നിത്യശിക്ഷയ്ക്കുള്ള അർഹതയോടെ ജനിക്കുന്നു. അതിനാൽ ജ്ഞാനസ്നാനം നേടാതെ മരിക്കുന്നവരെല്ലാം നരകത്തിലെ അവസാനമില്ലാത്ത ദുരിതത്തിൽ ചെന്നെത്തുന്നു. എല്ലാവരും ദുഷ്ടരാണെന്നിരിക്കെ ആർക്കും ഇതേക്കുറിച്ച് പരാതിപ്പെടാൻ അവകാശമില്ല. എങ്കിലും ദൈവം സൗജന്യമായി നൽകുന്ന കൃപ, ജ്ഞാനസ്നാനം ലഭിച്ചവരിൽ ഒരു ന്യൂനപക്ഷത്തെ സ്വർഗ്ഗഭാഗ്യത്തിൽ എത്തിയ്ക്കുന്നു. ആ ഭാഗ്യത്തിന്റെ അടിസ്ഥാനം അത് ലഭിക്കുന്നവരുടെ അർഹതയെന്നതിനു പകരം ദൈവത്തിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന കൃപയാണ്‌. എല്ലാവരും ഒരുപോലെ ശിക്ഷ അർഹിക്കുന്നുവെന്നിരിക്കെ, ചിലർ മാത്രം തെരഞ്ഞെടുക്കപ്പെടുന്നതിൽ മറ്റുള്ളവർക്ക് പരാതിപറയാനാവില്ല. ശിക്ഷ ദൈവത്തിന്റെ നീതിയേയും സമ്മാനം ദൈവത്തിന്റെ കാരുണ്യത്തേയും രണ്ടും ഒരുപോലെ ദൈവത്തിന്റെ നന്മയേയും പ്രകടിപ്പിക്കുന്നു. ആ തെരഞ്ഞെടുപ്പിനു പുറത്തായിരിക്കുന്നവരെല്ലാം നിത്യനാശത്തിൽ പെടുന്നു.[49]

വിലയിരുത്തൽ

തിരുത്തുക

പ്രാധാന്യം

തിരുത്തുക
 
അഗസ്തീനോസ്, ബോട്ടിച്ചെല്ലിയുടെ മറ്റൊരു ചിത്രം

ഗ്രെക്കോ-റോമൻ പൗരാണികതക്കും ക്രിസ്തീയസംസ്കാരത്തിനുമിടയിൽ മദ്ധ്യവർത്തിയുടെ നില കൈക്കൊണ്ട അഗസ്തീനോസ് നവപ്ലേറ്റോണികതയെ ക്രിസ്തുമതവുമായി സമന്വയിപ്പിച്ചു.[58] ഗ്രീക്ക് തത്ത്വചിന്തയുടേയും ജൂത-ക്രിസ്തീയ വേദപാരമ്പര്യങ്ങളുടേയും സം‌യോജനം മനുഷ്യസംസ്കാരത്തിന്റെ ചരിത്രത്തിലെ മഹാസംഭവങ്ങളിൽ ഒന്നായിരുന്നു. പാശ്ചാത്യ സംസ്കൃതിയ്ക്കു തന്നെ അടിത്തറപാകിയ ഈ സം‌യോജനത്തിനു പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികളിൽ ഒരാൾ അഗസ്തീനോസാണ്‌. അദ്ദേഹം ഒരേസമയം പാശ്ചാത്യ പാരമ്പര്യത്തിലെ അവസാനത്തെ ക്ലാസിക്കൽ ചിന്തകനും ആദ്യത്തെ മദ്ധ്യകാലചിന്തകനും ആയിരുന്നു. മദ്ധ്യകാല ക്രിസ്തീയതയുടെ ലോകവീക്ഷണം വലിയൊരളവു വരെ അഗസ്തീനോസിൽ നിന്ന് കൈപ്പറ്റിയതാണ്‌.[10][53]

വിശ്വാസത്തെ യുക്തി ഉപയോഗിച്ച് വിശകലനം ചെയ്യാൻ ശ്രമിച്ച അഗസ്തീനോസ്, യുക്തിയേക്കാൾ പ്രാധാന്യം കല്പിച്ചത് വിശ്വാസത്തിനാണ്. അറിവിന്റെ പിന്നിലുള്ള പ്രക്രിയ, വിശ്വാസത്തിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം കരുതി. "സംശയിക്കുകയെന്നതിൽ തന്നെ വിശ്വാസം സൂചിതമാണ്‌" എന്നും അദ്ദേഹം പറഞ്ഞു. "ഞാൻ ചിന്തിക്കുന്നു; അതിനാൽ ഞാൻ ഉണ്ട്" (I think, therefore I am - Cognito, ergo sum) എന്ന ദെക്കാർത്തിന്റെ കണ്ടെത്തലിന്റെ ഈ പൂർ‌വരൂപത്തിൽ അഗസ്തീനോസ് എത്തിച്ചേർന്നത് ദെക്കാർത്തിന്‌ ഒരു സഹസ്രാബ്ദം മുൻപാണ്‌.[53] സമയത്തിന്റെ ആപേക്ഷികതയെക്കുറിച്ചുള്ള അഗസ്തീനോസിന്റെ നിരീക്ഷണങ്ങളും ദാർശനികനെന്ന നിലയിൽ അദ്ദേഹത്തിന്റെ മൗലികത വ്യക്തമാക്കുന്നു.[49]

ക്രിസ്തുമതത്തിലെ പല താത്ത്വിക സമസ്യകൾക്കും അഗസ്തീനോസ് കല്പിച്ച തീർപ്പുകൾ സഭയുടെ ഔദ്യോഗിക നിലപാടുകളായി മാറി. ഇക്കാര്യത്തിൽ അദ്ദേഹത്തിന് മുന്നിൽ നിൽക്കാനായി വിശുദ്ധ പൗലോസ് മാത്രമേയുള്ളു. [57][59] ഡോണറ്റിസം, പെലേജിയനിസം മുതലായ 'വേദവ്യതിചലനങ്ങളോടുള്ള' പ്രതികരണത്തിൽ വ്യവസ്ഥാപിതസഭ പിന്തുടർന്നത് അഗസ്തീനോസിനെയാണ്. ക്രൈസ്തവ സിദ്ധാന്തങ്ങളെ തത്ത്വചിന്തയുടെ കണ്ടെത്തലുകളുമായി സമരസപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ സംഭാവന നൽകി. ദൈവശാസ്ത്രത്തിൽ അഗസ്തീനോസ് പണിത തത്ത്വചിന്തയുടെ ചട്ടക്കൂടിന് സമാനമായി നൂറ്റാണ്ടുകളോളം മറ്റൊന്നില്ലായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ തോമസ് അക്വീനാസിന്റെ രംഗപ്രവേശനത്തോടുകൂടിയാണ് ഈ സ്ഥിതി മാറിയത്. എങ്കിലും ക്രൈസ്തവ വിഭാഗങ്ങൾ‍ക്കിടയിൽ അഗസ്റ്റിനുള്ള സാർവത്രിക സ്വീകാര്യത അക്വീനാസിനില്ല. ലൂഥർ ‍തുടങ്ങിയ പ്രൊട്ടസ്റ്റന്റ് നേതാക്കൾ തങ്ങളുടെ വാദങ്ങൾ സമർ‍ത്ഥിക്കാൻ ആശ്രയിച്ചത് വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളെയും അഗസ്തീനോസിന്റെ കൃതികളെയും ആണ്. ലൂഥർ ഒരു അഗസ്റ്റീനിയൻ സന്യാസി ആയിരുന്നു.[60] പാപത്തിന്റെ ഫലം, ദൈവകൃപയുടേയും മനുഷ്യന്റെ വിധിയുടേയും സ്വഭാവം എന്നിവയെപ്പറ്റിയുള്ള അഗസ്തീനോസിന്റെ ആശയങ്ങളെ ആവേശപൂർ‌വം സ്വീകരിച്ച നവീകൃത പ്രൊട്ടസ്റ്റന്റു വിഭാഗങ്ങൾ, സഭയുടെ അധികാരത്തേയും പ്രാമുഖ്യത്തേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെ അവഗണിച്ചു. കത്തോലിക്കാ സഭയാകട്ടെ ഇക്കാര്യത്തിൽ നേരേ വിപരീതമായ വഴി പിന്തുടർന്നു. കൃപയേയും വിധിയേയും കുറിച്ചുള്ള അഗസ്തീനോസിന്റെ നിലപാടുകളെ മയപ്പെടുത്തിയ അവർ സഭയുടെ അധികാരത്തേയും പ്രാമുഖ്യത്തേയും സംബന്ധിച്ച അദ്ദേഹത്തിന്റെ ആശയങ്ങൾ അപ്പാടെ സ്വീകരിച്ചു.[53]

വിമർശനം

തിരുത്തുക

മനുഷ്യന്റെ ഹീനാവസ്ഥക്ക് ഊന്നൽ നൽകിയ തത്ത്വചിന്തയായിരുന്നു അഗസ്തീനോസിന്റേത്. മനുഷ്യപ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ സമീപനം നിഷേധാത്മകമായിരുന്നു എന്ന വിമർശനത്തിന് ഇതു വഴിതെളിച്ചു. ലൈംഗികതയുമായി ബന്ധപ്പെട്ട കുറ്റബോധം (Sexual Guilt) അദ്ദേഹത്തിന്റെ ചിന്തയേയും വ്യക്തിത്വത്തേയും ഒഴിയാബാധ പോലെ പിന്തുടർന്നു. എല്ലാ മനുഷ്യരും, വിലക്കപ്പെട്ട കനി തിന്ന് ദൈവകോപത്തിനിരയായ ആദിമാതാപിതാക്കളുടെ പാപത്തിന്റെ ഉത്തരവാദിത്തം പേറിയാണ് ജനിക്കുന്നത് എന്ന സങ്കല്പത്തെ ആധാര‍മാക്കിയുള്ള ജന്മപാപസിദ്ധാന്തത്തെ ക്രിസ്തീയ വിശ്വാസത്തിന്റെ മധ്യസ്ഥാനത്ത് പ്രതിഷ്ഠിച്ചത് അഗസ്റ്റിനാണ്. ലൈംഗികതയോടുള്ള വ്യവസ്ഥാപിതസഭകളുടെ മുൻകാലങ്ങളിലെ നിഷേധാത്മക നിലപാട് ഏറെയും അഗസ്തീനോസിൽ നിന്നു കൈപ്പറ്റിയതാണ് എന്നു പറയാം. അഗസ്തീനോസിന്റെ ആത്മീയ പുരോഗതിയിൽ അമ്മ മോനിക്ക വലിയ പങ്കു വഹിച്ചുവെങ്കിലും സ്ത്രീ-പുരുഷ ബന്ധത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം ആരോഗ്യകരമായിരുന്നില്ല. കൺഫെഷൻസിൽ അമ്മ കൂടാതെ വേറെ മൂന്നു സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നുണ്ട് - 15 വർഷം ഒപ്പം ജീവിച്ച് ഒരു മകനു ജന്മം നൽകിയവളടക്കം രണ്ടു വെപ്പാട്ടിമാരും, പിന്നെ അഗസ്റ്റിൻ ഒടുവിൽ വിവാഹം കഴിക്കാതിരുന്ന പ്രതിശ്രുധ വധുവും. എന്നാൽ ഇവരിൽ ഒരാളുടെ പോലും പേര് അഗസ്തീനോസ് പറയുന്നില്ല[57]

ഡോണറ്റിസ്റ്റുകളെപ്പോലുള്ള കത്തോലിക്കേതര ക്രിസ്തീയ വിഭാഗങ്ങളുടെ നേരെ അഗസ്തീനോസ് കൈക്കൊണ്ട മനോഭാവവും വിമർശിക്കപ്പെട്ടിട്ടുണ്ട്. ഉത്തരാഫ്രിക്കയിലെ ഭൂരിപക്ഷദേശീയസഭയായിരുന്ന ഡോണറ്റിസ്റ്റുകളെ അമർത്താൻ അദ്ദേഹം റോമൻ ഭരണകൂടത്തിന്റെ സഹായം തേടി. തുടർന്നുണ്ടായ പീഡനങ്ങളിൽ വഴങ്ങാതെ നിന്ന ഡോണറ്റിസ്റ്റുകളിൽ ചിലർ കൂട്ട ആത്മഹത്യയുടെ വഴി പോലും പരിഗണിച്ചു. ഇങ്ങനെയൊക്കെ ആഫ്രിക്കയിലെ പഴയ ദേശീയ സഭയെ തകർത്ത അഗസ്തീനോസ്, അറിയാതെയാണെങ്കിലും ആ ഭൂഖണ്ഡത്തിൽ ക്രിസ്തുമതത്തിന്റെ തന്നെ തിരോധാനത്തിനു വഴിതുറക്കുകയാണ്‌ ചെയ്തതെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. അഗസ്തീനോസിന്റെ ജീവിതാവസാനത്തോടടുത്തു തന്നെ നടന്ന വാൻ‌ഡൽ ആക്രമണത്തേയും പിൽക്കാലത്തെ ഇസ്ലാമിക മുന്നേറ്റത്തേയും ചെറുക്കാൻ ആഫ്രിക്കൻ സഭയ്ക്ക് കഴിയാതെ പോയത് ദേശീയ ക്രിസ്തീയതയുടെ നാശം മൂലമാണെന്നാണ്‌ വാദം.[61][൮]

നുറുങ്ങുകൾ

തിരുത്തുക
 
അഗസ്തീനോസിന്റെ ചിത്രമുള്ള നിറസ്പടികജാലകം, ഫ്ലോറിഡായിലെ ലൈറ്റ്‌നർ മ്യൂസിയത്തിൽ
  • വാൻഡലുകളുടെ ഉപരോധത്തിലിരുന്ന ഹിപ്പോ നഗരത്തിനുള്ളിൽ കഠിനരോഗം പിടിപെട്ട് ആസന്നമരണനായിക്കിടന്ന അഗസ്തീനോസിന്റെയടുത്ത് ആരോ ഒരു രോഗിയെ സുഖപ്രാപ്തിക്കായി കൊണ്ടുവന്ന കഥ ജീവചരിത്രകാരൻ കലാമയിലെ മെത്രാൻ പൊസീഡിയസ് പറയുന്നു. അത് ഒരു ഫലിതമായി തോന്നിയ അഗസ്തീനോസ്, രോഗശാന്തിവരമുണ്ടായിരുന്നെങ്കിൽ ആദ്യം താൻ തന്നെത്തന്നെ സുഖപ്പെടുത്തുമായിരുന്നെന്നു പറഞ്ഞു. എന്നാൽ സ്വപ്നത്തിൽ കിട്ടിയ നിർദ്ദേശം അനുസരിച്ചാണ്‌ രോഗിയെ കൊണ്ടുവന്നതെന്ന് കൂടെ വന്നയാൾ പറഞ്ഞതു കേട്ട് അഗസ്തീനൊസ് രോഗിയുടെ മേൽ കൈവെച്ചെന്നും അയാൾ സുഖം പ്രാപിച്ചെന്നുമാണ്‌ കഥ.[62]
  • ജന്മപാപത്തിന്റേയും മനുഷ്യന്റെ ഹീനാവസ്ഥയുടേയും വിഷയത്തിൽ അഗസ്തീനോസ് നേരിട്ട ഒരു കഠിനസമസ്യ, മാതാപിതാക്കളിൽ നിന്ന് പ്രജനനപ്രക്രിയയിലൂടെ കിട്ടുന്ന ജന്മപാപം മനുഷ്യാത്മാവിന്‌ കളങ്കമുണ്ടാക്കുന്നതെങ്ങനെ എന്നതായിരുന്നു. ദൈവം ഓരോ ശിശുവിനും വേണ്ടി പുതിയൊരാത്മാവിനെ സൃഷ്ടിക്കയാണെന്നിരിക്കെ ശരീരത്തിന്റെ പ്രജനനത്തിൽ, ശരീരത്തോടു ചേരുന്ന ആത്മാവിന്‌ കളങ്കം തട്ടുന്നതെങ്ങനെയെന്ന ചോദ്യം ഒടുവിൽ അദ്ദേഹം മറുപടി കണ്ടെത്താതെ വിട്ടു.[49][63]
  • ഹിപ്പോയിലെ സമാധാനത്തിന്റെ ഭദ്രാസനപ്പള്ളിയിൽ (Basilica Pracis) ക്രി.വ. 426 സെപ്തംബർ 26-ന്‌ നടന്ന ഒരു ചടങ്ങിലാണ്‌ അഗസ്തീനോസ് തന്റെ പിൻ‌ഗാമി എരാക്ലിയസിന്റെ നിയമനം പ്രഖ്യാപിച്ചത്. പ്രഖ്യാപനപ്രസംഗം കഴിഞ്ഞ് അഗസ്തീനോസ് ഇരുന്നു. എരാക്ലിയസ് പ്രസംഗിക്കാൻ മുന്നോട്ടു വന്നു. അദ്ദേഹം തുടങ്ങിയത് ഇങ്ങനെയായിരുന്നു. "ചീവീട് മുരളുന്നു; ഹംസം നിശ്ശബ്ദത പാലിക്കുന്നു (The cricket chirps; the swan is silent)[41]

കുറിപ്പുകൾ

തിരുത്തുക

^ കേവലമായൊരു ബാലചാപല്യം ഓർത്തുള്ള അതിരുവിട്ട ഈ പരിതാപം രോഗാവസ്ഥയുടെ സൂചനയായി(morbid) ആധുനികർ കരുതിയേക്കാമെന്നും ഇതിനു സമമായ ഏറ്റുപറച്ചിലുകൾ ആത്മകഥയിൽ ആധുനിക കാലത്ത് നടത്തിയിട്ടുള്ളത് മഹാത്മാഗാന്ധി മാത്രമാണെന്നും ബെർട്രാൻഡ് റസ്സൽ നിരീക്ഷിക്കുന്നുണ്ട്.[15] ഈ മോഷണത്തിന്റെ ബാലിശമായ കഥ വായിച്ച് താൻ കണക്കില്ലാതെ ചിരിച്ചെന്ന് നീച്ച പറയുന്നു. "How I laughed! for example, concerning the 'theft' of his youth, basically an undergraduate story."[64]

^ "എന്റെ പാപത്തിന്റെ ഫലവും ജഡത്തിന്റെ സന്താനവുമായ കുമാരൻ അദയോദാത്തസിനേയും കൂട്ടത്തിൽ ഞങ്ങൾ കോണ്ടുപോയി" എന്നാണ്‌ അഗസ്തീനൊസ് ഇതേക്കുറിച്ച് എഴുതുന്നത്.[65]

^ ഈ 'സന്യാസി'-സഹായികളിലൊരുവൻ മരിച്ചപ്പോൾ, വില്പത്രത്തിൽ അനന്തരാവകാശികളായ ബന്ധുക്കൾക്ക് നല്ല നീക്കിയിരിപ്പ് വച്ചിരുന്നത് അഗസ്തീനോസിനെ അമ്പരപ്പിച്ചു.[11]

^ "Augustine lived in the country of the mind".

^ "It is addressed directly to God as a 100,000 thousand word act of contrition."[11]

^ കൺഫെഷൻസിന്റെ 'ജനകീയ' പതിപ്പുകളിൽ, ജീവചരിത്രമല്ലാതെ ഗഹനമായ തത്ത്വചിന്തയുള്ള അവസാനത്തെ മൂന്നു ഭാഗങ്ങൾ വിട്ടുകളയുക പതിവാണെന്ന് ബെർട്രാൻഡ് റസ്സൽ പറയുന്നു. "it is uninteresting because it is good philosophy, not biography."[49]

^ പരിശുദ്ധാത്മാവിന്റെ പുറപ്പാടിനെക്കുറിച്ച് പാശ്ചാത്യ-പൗരസ്ത്യ സഭകൾ തമ്മിൽ പിന്നീടുണ്ടായ തർക്കം ഫിലിയോക്ക് വിവാദം എന്നാണ് അറിയപ്പെടുന്നത്. നിഖ്യാവിശ്വാസപ്രമാണത്തിൽ "പിതാവിൽ നിന്ന് പുറപ്പെടുന്ന പരിശുദ്ധാത്മാവ്" എന്നതിനെ ആറാം നൂറ്റാണ്ടിൽ "പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്" എന്നാക്കിയതിനെയാണ് പൗരസ്ത്യസഭ എതിർത്തത്. "പുത്രനിൻ നിന്നും" എന്ന അർത്ഥത്തിൽ ഉപയോഗിച്ച വാക്കായിരുന്നു filioque എന്നത്.[66]

^ അഗസ്തീനോസ് സ്വയം അതിസഫലമായി നയിച്ച സഭാതലത്തിലുള്ള അട്ടിമറി (ecclesiastical putsch) ദേശീയ സഭയ്ക്കെതിരെ നടന്നില്ലായിരുന്നെങ്കിൽ, ആഫ്രിക്കയിലെ അടിയുറച്ച ക്രിസ്തീയത ഇത്രയെളുപ്പം തകിടം മറിക്കപ്പെടുകയും ഒടുവിൽ പിഴുതെറിയപ്പെടുകയും ചെയ്യില്ലായിരുന്നു. കാതോലികതയുടെ പേരിൽ എല്ലാവരേയും തന്റേയും സർക്കാരിന്റേയും താളം തുള്ളികളാക്കാനായി, റോമൻ സർക്കാരിന്റെ ശക്തിയും പിടിപ്പുകേടും പൂർണ്ണമായി തന്റെ സഹമതസ്ഥർക്കെതിരെ അദ്ദേഹം ഉപയോഗിച്ചു.[61]

  1. The American Heritage College Dictionary. Boston: Houghton Mifflin Company. 1997. p. 91. ISBN 0395669170.
  2. The Basics of Philosphy, Saint Augustine of Hippo
  3. Blessed Augustine of Hippo: His Place in the Orthodox Church", Orthodox Christian Information Centre
  4. ക്രി.വ. 418-ൽ ജെറോം അഗസ്തീനോസിന്‌ ഇങ്ങനെ എഴുതി: താങ്കളെ ലോകം മുഴുവൻ അറിയുന്നു; പഴയ വിശ്വാസത്തെ പുതുക്കി സ്ഥാപിച്ചവനെന്ന നിലയിൽകത്തോലിക്കർ താങ്കളെ ബഹുമാനിക്കയും മതിക്കയും ചെയ്യുന്നു. Epistola 195; TeSelle, Eugene (1970). Augustine the Theologian. London. pp. 343. ISBN 0223-97728-4.{{cite book}}: CS1 maint: location missing publisher (link) March 2002 edition: ISBN 1-57910-918-7 .
  5. Cross, Frank L. and Livingstone, Elizabeth, ed. (2005). "Platonism". The Oxford Dictionary of the Christian Church. Oxford Oxfordshire: Oxford University Press. ISBN 0192802909.{{cite book}}: CS1 maint: multiple names: editors list (link)
  6. TeSelle, Eugene (1970). ദൈവശാസ്ത്രജ്ഞനായ അഗസ്തീനോസ്. London. pp. 347–349. ISBN 0223-97728-4.{{cite book}}: CS1 maint: location missing publisher (link) March 2002 edition: ISBN 1-57910-918-7.
  7. Durant, Will (1992). Caesar and Christ: a History of Ancient Roman Civilization and of Christianity from Their Beginnings to A.D. 325. New York: MJF Books. ISBN 1567310141.
  8. Wilken, Robert L. (2003). The Spirit of Early Christian Thought. New Haven: Yale University Press. p. 291. ISBN 0300105983.
  9. 9.0 9.1 9.2 ഹിപ്പോയിലെ വിശുദ്ധ അഗസ്റ്റിൻ, കത്തോലിക്കാ വിജ്ഞാനകോശം
  10. 10.0 10.1 10.2 10.3 Saint Augustine(Stanford Encyclopedia of Philosophy)
  11. 11.0 11.1 11.2 11.3 11.4 11.5 11.6 വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം, വിൽ ഡുറാന്റ്(പുറങ്ങൾ 64-79)"His father was a man of narrow means and broad principles, whose infidelities were patiently accepted by Monica in the firm belief that they could not last forever."
  12. പീറ്റർ ബ്രൗൺ, Augustine of Hippo: A Biography, University of California Press, Berkeley and Los Angeles, California 1967, Revised Edition with an Epilogue, 2000, പുറം 17
  13. Miles Hollingworth, Saint Augustine of Hippo: An Intellectual Biography(Chrolology of Main Events in Augustine's life covered in the book - പുറം 8)
  14. കൺഫെഷൻസിന്റെ മലയാളം പരിഭാഷ - പരിഭാഷകൻ ഫാദർ കുരിയാക്കോസ് ഏണേക്കാട്ട് - പ്രസിദ്ധീകരണം, സെന്റ് പോൾസ്, ബ്രോഡ്‌വേ, എറണാകുളം, ഒന്നാം പുസ്തകം, പതിനാനാലാം അദ്ധ്യായം(പുറം 40)
  15. 15.0 15.1 ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം(പുറങ്ങൾ 344-352)
  16. കൺഫെഷൻസ് (പരിഭാഷ കരിയാക്കോസ് ഏണേക്കാട്ട്), രണ്ടാം പുസ്തകം, ആറാം അദ്ധ്യായം(പുറം 52)
  17. 'Augustine' - Zondervan Handbook to the History of Christianity(പുറം 90)
  18. 18.0 18.1 Anglican.org - Biographical Sketches of Memorable Christians of the Past: Augustine of Hippo
  19. കൺഫെഷൻസ് (പരിഭാഷ കുരിയാക്കോസ് ഏണേക്കാട്ട്), മൂന്നാം പുസ്തകം, അഞ്ചാം അദ്ധ്യായം(പുറം 70
  20. EWTN.com: SAINT AUGUSTINE OF HIPPO BISHOP, DOCTOR OF THE CHURCH—354-430A.D.
  21. AUGUSTINE, Prominent Christian theologian and philosopher, born 354 in Thagaste, Numidia, Encyclopedia Iranica
  22. കൺഫെഷൻസ് (പരിഭാഷ കുരിയാക്കോസ് ഏണേക്കാട്ട്), ആറാം പുസ്തകം, അദ്ധ്യായം 3
  23. എസ്.രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും(പുറം 237)
  24. Paula Fredriksen= "Sin: The Early History of An Idea" - Chapt. 3 (പുറം 118)
  25. കൺഫെഷൻസ് (പരിഭാഷ കുരിയാക്കോസ് ഏണേക്കാട്ട്), എട്ടാം പുസ്തകം, അദ്ധ്യായം 12(പുറങ്ങൾ 228-29)
  26. A History of Christianity, Kenneth Scott Latourette (പുറം 97)
  27. കൺഫെഷൻസ് (പരിഭാഷ കുരിയാക്കോസ് ഏണേക്കാട്ട്), ഒൻപതാം പുസ്തകം, 25(പുറങ്ങൾ 256-57)
  28. Monica[died 388], Brochampton Reference Dictionary of Saints (പുറം 141)
  29. 29.0 29.1 Augustine of Hippo, Brockhampton Reference Dictionary of Saints (പുറങ്ങൾ 27-28)
  30. The Closing of the Western Mind, Charles Freeman. "......Donatists, the largest Christian Community of North Africa"(പുറം 293)
  31. By Samuel N. C. Lieu - Manichaeism in the Later Roman Empire and Medieval China(പുറങ്ങൾ 192-93)
  32. പീറ്റർ ബ്രൗൺ, പുറം 208
  33. പീറ്റർ ബ്രൗൺ 210-11, 231
  34. കൺഫെഷൻസ് (പരിഭാഷ കുരിയാക്കോസ് ഏണേക്കാട്ട്), "അഗസ്തീനോസിന്റെ പ്രസ്താവന"
  35. St. Augustin:On the Trinity, Translated by the Rev. Arthur West Haddan, B.D. Introductory Essay By William G. T. Shedd, D.D.
  36. Augustine - "On Nature and Grace" New Advent Fathers of the Church
  37. പീറ്റർ ബ്രൗൺ, 357-58
  38. പീറ്റർ ബ്രൗൺ, 383, 385
  39. Medieval Sourcebook: Augustine (354-430) - The City of God: excerpts on the Two Cities Archived 2013-10-11 at the Wayback Machine., Fordham University, The Jesuit University of New York
  40. 40.0 40.1 കലാമയിലെ മെത്രാൻ പൊസീഡിയസ് എഴുതിയ "വിശുദ്ധ അഗസ്തീനോസിന്റെ ജീവിതം", പരിഭാഷ ഹെർബർട്ട് ടി. വീസ്കോട്ടൺ, Merchantville, NJ: Evolution Publishing, 2008. ISBN 1-889758-90-6
  41. 41.0 41.1 പീറ്റർ ബ്രൗൺ, പുറം 411
  42. Saint Augustine, Bishop of Hippo, Doctor of the Church (A.D. 430) - Coptic Orthodox Church Network
  43. എൻസൈക്ലോപ്പീഡിയ അമേരിക്കാന, വാല്യം .2, പുറം 685. Danbury, CT: Grolier Incorporated, 1997. ISBN 0-7172-0129-5
  44. To Touch St.Augustine's Tomb, National Catholic Register
  45. By Harold Samuel Stone - "St.Augustine's Bones: A Microhistory"(Chapter 2, the Problem with Augustine's bones
  46. Augustine of Hippo - Biography Archived 2013-10-31 at the Wayback Machine., The European Graduate School, Graduate and Post-graduate Studies
  47. Augustine, A New Biography, James J. O'Donnell(പുറം 135)
  48. Eternity, Stanford Encyclopedia of Philosophy
  49. 49.0 49.1 49.2 49.3 49.4 ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം (പുറങ്ങൾ 352-366)
  50. സ്റ്റീഫൻ ഹോക്കിങ്ങ്, ഏ ബ്രീഫ് ഹിസ്റ്ററി ഓഫ് റ്റൈം(പുറങ്ങൾ 9, 176
  51. "City of God" - Fifty Key Works of History and Histeriography By Kenneth R. R. Stunkel
  52. പീറ്റർ ബ്രൗൺ 311
  53. 53.0 53.1 53.2 53.3 Paths of Faith, John A. Hutchison, Claremont Graduate School, McGraw-Hill Book Company(പുറങ്ങൾ 498-506)
  54. The Crossroads Initiative - Augustine, the Trinity, and the Filioque-Yves Congar - http://www.crossroadsinitiative.com/library_article/736/Augustine__the_Trinity__and_the_Filioque_Yves_Congar.html Archived 2010-10-31 at the Wayback Machine.
  55. On the Holy Trinity - Aurelius Augustine - http://thriceholy.net/Texts/augustinef.html Archived 2010-01-13 at the Wayback Machine.
  56. Augustine Fellowship Study Center - Historical Profile - http://www.augustinefellowship.org/augustinefellowship/resource/00000011.shtml?main Archived 2008-05-01 at the Wayback Machine.
  57. 57.0 57.1 57.2 ഡയർമെയ്ഡ് മക്കല്ലക്ക്, "Christianity: The First three Thousand Years" - Augustine: Shaper of the Western Church (പുറങ്ങൾ 301-12)
  58. Nils Gilje & Gunnar Skirbekk: A History of Western Thought: From Ancient Greece to the Twentieth Century (പുറം 114)
  59. David Van Biema, "Was Saint Augustine Good for the Jews, Time Magazine 2008 December 7 "...probably the most important Christian thinker after the Gospel Writers and Saint Paul..."
  60. Schwiebert, E.G. Luther and His Times. St. Louis: Concordia Publishing House, 1950, 136.
  61. 61.0 61.1 Augustine, A New Biography, James J. O'Donnell(പുറങ്ങൾ 222 & 322)
  62. Augustine, A New Biography, James J. O'Donnell(പുറം 320)
  63. Augustine, A New Biography, James J. O'Donnell(പുറം 299)
  64. Confessions, Saint Augustine, Translated by Albert C. Outler(Barnes & Noble Classics)(Comments and Questions പുറം 299)
  65. കൺഫെഷൻസ് (പരിഭാഷ കുരിയാക്കോസ് ഏണേക്കാട്ട്), ഒൻപതാം പുസ്തകം, 14-ആം അദ്ധ്യായം(പുറം 244)
  66. The Filioque: A Church Dividing Issue?: An Agreed Statement Archived 2013-02-20 at the Wayback Machine., United States Conference of Catholic Bishops

അഗസ്തീനോസിനെ വായിക്കാൻ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Gareth B. Matthews. Augustine. Blackwell, 2005. ISBN 0-631-23348-2
  • Ruickbie, Leo. Witchcraft Out of the Shadows. London: Robert Hale, 2004. ISBN 0-7090-7567-7, pp. 57–8.
  • Tanquerey, Adolphe. The Spiritual Life: A Treatise on Ascetical and Mystical Theology. Reprinted Ed. (original 1930). Rockford, IL: Tan Books, 2000. ISBN 0-89555-659-6, p. 37.
  • John von Heyking: Augustine and Politics as Longing in the World. Columbia: University of Missouri Press, 2001. ISBN 0-8262-1349-9
  • Orbis Augustinianus sive conventuum O. Erem. S. A. chorographica et topographica descriptio Archived 2005-03-21 at the Wayback Machine. Augustino Lubin, Paris, 1659, 1671, 1672.
  • Regle de St. Augustin pour les religieuses de son ordre; et Constitutions de la Congregation des Religieuses du Verbe-Incarne et du Saint-Sacrament (Lyon: Chez Pierre Guillimin, 1662), pp. 28–29. Cf. ലയോണിൽ പിന്നീട് പ്രസിദ്ധീകരിച്ച പതിപ്പ് (Chez Briday, Libraire,1962), pp. 22–24. ഇംഗ്ലീഷ് പതിപ്പ്, The Rule of Saint Augustine and the Constitutions of the Order of the Incarnate Word and Blessed Sacrament (New York: Schwartz, Kirwin, and Fauss, 1893), pp. 33–35.
  • Zumkeller O.S.A.,Adolar (1986). Augustine's ideal of Religious life. Fordham University Press, New York. {{cite book}}: Cite has empty unknown parameter: |1= (help)
  • Zumkeller O.S.A.,Adolar (1987). Augustine's Rule. Augustinian Press, Villanova, Pennsylvania U.S.A. {{cite book}}: Cite has empty unknown parameter: |1= (help)
  • René Pottier. Saint Augustin le Berbère. Fernand Lanore , 2006. ISBN 2-85157-282-2
  • Fitzgerald, Allan D., O.S.A., General Editor (1999). Augustine through the Ages: An Encyclopedia. Grand Rapids: William B. Eerdmans Publishing Co.,. {{cite book}}: |author= has generic name (help); Cite has empty unknown parameter: |1= (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) ISBN 0-8028-3843-X
  • Plumer, Eric Antone, (2003). Augustine's Commentary on Galatians. Oxford [England] ; New York : Oxford University Press,. {{cite book}}: Cite has empty unknown parameter: |1= (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) ISBN 0-19-924439-1 ISBN 978-0-19-924439-3 Preview from Google
"https://ml.wikipedia.org/w/index.php?title=ഹിപ്പോയിലെ_അഗസ്തീനോസ്&oldid=4119411" എന്ന താളിൽനിന്ന് ശേഖരിച്ചത്