ക്രിസ്തുമതത്തിന്റെ ആദിമകാലത്ത്, ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ക്രിസ്തീയചിന്തകനും എഴുത്തുകാരനുമായിരുന്നു[1] തെർ‍ത്തുല്യൻ (Tertullian) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ക്വിന്തുസ് സെപ്തിമിയൂസ് ഫ്ലോറെൻസ് തെർതൂലീയാനുസ്(Quintus Septimius Florens Tertullianus) (ജീവിതകാലം ഏകദേശം ക്രി.വ.160- 220)[2]. ലത്തീൻ ക്രിസ്തീയതയുടെ പിതാവെന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. ലത്തീനിൽ ക്രിസ്തീയസാഹിത്യം രചിച്ച ആദ്യത്തെ വ്യക്തി തെർത്തുല്യനായിരുന്നു. തീവ്രമായ ക്രിസ്തീയപക്ഷപാതവും പാക്ഷണ്ഡതകളായി കരുതപ്പെട്ട വിശ്വാസങ്ങളുടെ നിശിതവിമർശനവും അദ്ദേഹത്തിന്റെ രചനകളുടെ മുഖമുദ്രകളായിരുന്നു.

തെർ‍ത്തുല്യൻ - "ലത്തീൻ ക്രിസ്തീയതയുടെ പിതാവ്"

യാഥാസ്ഥിതികതയുടെ വക്താവായിരുന്നെങ്കിലും ക്രിസ്തീയദൈവശാസ്ത്രത്തിൽ പിൽക്കാലത്ത് ഏറെ പ്രചാരം സിദ്ധിച്ച പല പുതിയ ആശയങ്ങളുടേയും സങ്കല്പങ്ങളുടേയും പ്രാരംഭകനും പ്രചാരകനും എന്ന നിലയിലും തെർ‍ത്തുല്യൻ പ്രശസ്തനാണ്. ഒരുപക്ഷേ അദ്ദേഹം ഏറ്റവുമേറെ അറിയപ്പെടുന്നത്, ക്രിസ്തുശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ത്രിത്വം എന്ന പദം ആദ്യമായുപയോഗിച്ചയാളെന്ന നിലയിലാണ്. "ഏകസത്തയായ മൂന്നാളുകൾ" എന്ന സമവാക്യം ത്രിത്വത്തിന്റെ വിശദീകരണമായി ആദ്യം അവതരിപ്പിച്ചതും തെർ‍ത്തുല്യനാണ്.[3] യഹൂദപശ്ചാത്തലത്തിൽ നിന്ന് ക്രിസ്തുമതം കൈക്കൊണ്ട രചനകളെ ക്രിസ്തുമതത്തിന്റേതുമാത്രമായി വികസിച്ചുവന്ന രചനാസമുച്ചയത്തിൽ നിന്ന് തിരിച്ചുകാട്ടാൻ പഴയനിയമം-പുതിയനിയമം എന്ന സംജ്ഞാദ്വന്ദം ആദ്യമായുപയോഗിച്ചതും തെർ‍ത്തുല്യനാണ്.

തെർ‍ത്തുല്യൻ സ്വീകരിച്ച സമീപനങ്ങളിൽ ചിലതൊക്കെ പിൽക്കാലത്ത് യാഥാസ്ഥിതിക സഭ തിരസ്കരിച്ചു. അവസാനകാലത്ത് മോണ്ടനിസ്റ്റ് അതിരൂക്ഷധാർമ്മികതയുടെ ആകർഷണത്തിൽ വന്ന തെർ‍ത്തുല്യൻ, മുഖ്യധാരാസഭയുമായി തെറ്റിപ്പിരിഞ്ഞു.

 
Opera omnia, 1598

റോമൻ പ്രവിശ്യാധികാരിയുടെ കീഴിൽ ജോലിചെയ്തിരുന്ന ഒരു ശതാധിപന്റെ മകനായി ക്രി.വ. 160-നടുത്തെങ്ങോ ഉത്തരാഫ്രിക്കയിലെ കാർത്തേജിലാണ് തെർത്തുല്യൻ ജനിച്ചത്. അദ്ദേഹത്തിന്റെ രചനകൾ റോമൻ നിയമത്തിലെ നടപടിക്രമങ്ങളേയും പദാവലിയേയും കുറിച്ച് പ്രകടമാക്കുന്ന അറിവിനെ ആധാരമാക്കി, തെർത്തുല്യൻ ഒരു വക്കീലായിരുന്നെന്ന് അനുമാനമുണ്ട്. ലത്തീൻ ഭാഷയ്ക്ക് പുറമേ അദ്ദേഹത്തിന് ഗ്രീക്കും അറിയാമായിരുന്നു. എന്നാൽ ഗ്രീക്കു ഭാഷയിൽ തെർത്തുല്യൻ എഴുതിയ കൃതികൾ ലഭ്യമായിട്ടില്ല. ആരംഭത്തിൽ, റോമൻ ബഹുദൈവവിശ്വാസമായിരുന്നു തെർത്തുല്യന്റെ മതം. മദ്ധ്യവയസ്സിൽ, ക്രി.വ. 197-നടുത്ത് റോമിൽ വച്ച് അദ്ദേഹം ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനായി. പുതിയ വിശ്വാസത്തെ തന്റെ ജന്മസിദ്ധമായ തീക്ഷ്ണത മുഴുവനും ഉപയോഗിച്ച് പിന്തുടർന്ന തെർത്തുല്യൻ, കാർത്തേജിലേയ്ക്ക് മടങ്ങി അവിടത്തെ പ്രാദേശിക സഭയിൽ പുരോഹിതനായി.[4] യാഥാസ്ഥിതിക ക്രൈസ്തവവിശ്വാസത്തെ ന്യായീകരിക്കുന്നവയും അതിൽ നിന്ന് വ്യതിചലിക്കുന്നവയെന്നു തോന്നിയ നിലപാടുകളെ വിമർശിക്കുന്നവയുമായി, തർക്കസ്വഭാവമുള്ള ഒട്ടേറെ കൃതികൾ അദ്ദേഹം ഇക്കാലത്ത് എഴുതി.

ക്രി.വ. 206-നടുത്ത്, യാഥാസ്ഥിതികസഭയിൽ തീക്ഷ്ണതക്കുറവ് ദർശിച്ച തെർത്തുല്യൻ, അതിരൂക്ഷധാർമ്മികതയിൽ(puritanism) ഉറച്ച ക്രിസ്തീയവിഭാഗമായ മോണ്ടനിസവുമായി ആടുത്തു. 211-നടുത്ത് അദ്ദേഹം യാഥാസ്ഥിതിക സഭയിൽ നിന്ന് തീർത്തും വിട്ടുപോയതായി കരുതപ്പെടുന്നു. തുടർന്ന്, നേരത്തേ "പാക്ഷണ്ഡതകളെ" വിമർശിച്ചിരുന്ന അതേ ശൗര്യത്തോടെ തെർത്തുല്യൻ യാഥാസ്ഥിതികസഭയെ വിമർശിക്കാൻ തുടങ്ങി. ഒടുവിൽ മോണ്ടനിസത്തിൽ തന്നെ അദ്ദേഹം ഒരു പ്രത്യേക വിഭാഗത്തിന്റെ നേതാവായി മാറിയിയെന്നുകരുതാനും ന്യായമുണ്ട്. "തെർത്തുല്യൻ വാദികൾ"(Tertullianists) എന്ന പേരിൽ ഒരു സഭാവിഭാഗം, അഞ്ചാം നൂറ്റാണ്ടിൽ അഗസ്റ്റിന്റെ കാലത്തുപോലും കാർത്തേജിൽ നിലവിലുണ്ടായിരുന്നു. തെർത്തുല്യൻ പരിപക്വമായ വാർദ്ധക്യത്തോളം ജീവിച്ചിരുന്നതായി ജെറോം സാക്ഷ്യപ്പെടുത്തുന്നു.[4] അവസാനനാളുകളിൽ അദ്ദേഹം "മാതൃസഭയുടെ മടിത്തട്ടിലേയ്ക്ക്" മടങ്ങിയെന്ന അവകാശവാദം കെട്ടുകഥയായിരിക്കാനാണിട.[5]

ലത്തീനിലെ ക്രിസ്തീയസാഹിത്യകാരൻ എന്ന നിലയിൽ തെർത്തുല്യന് പൂർവഗാമികൾ ആരുമില്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ സൃഷ്ടികൾ, ഒരു സാഹിത്യത്തിലെ ആരംഭരചനകളിൽ പതിവില്ലാത്ത മികവു കാട്ടി. സൂയസ് ദേവന്റെ ശിരസിൽ നിന്ന് അഥീനദേവി എന്നപോലെ ലത്തീൻ ക്രൈസ്തവസാഹിത്യം തെർത്തുല്യനിൽ നിന്ന് പൂർണ്ണവളർച്ചയിൽ ഉരുവെടുത്തു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[5] തെർത്തുല്യന്റെ രചനകൾ അവയിലെ നിശിതമായ വാദങ്ങളുടേയും എതിർ നിലപാടുകളുടെ മയമില്ലാത്ത വിമർശത്തിന്റേയും തുടച്ചുകയറുന്ന പരിഹാസത്തിന്റേയും ആപ്തവാക്യസ്വഭാവമുള്ള(epigrammatic) ശൈലിയുടേയും പേരിൽ ശ്രദ്ധിക്കപ്പെട്ടു.[6]

തെർത്തുല്യൻ തുടക്കമിട്ട ലത്തീൻ ക്രിസ്തീയസാഹിത്യത്തിന്റെ ഭാഷ, സിസറോയും മറ്റും വികസിപ്പിച്ചെടുത്ത റോമൻ സാഹിത്യഭാഷയെന്നതിനുപകരം സാമാന്യജനങ്ങളുടെ ഭാഷയായിരുന്നു. അതിന് തിരിച്ചറിയാവുന്ന ഒരു ആഫ്രിക്കൻ ഛായയുണ്ടായിരുന്നു. പഴയനിയമത്തിന്റെ പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റും ഗ്രീക്ക് ആരാധനക്രമവും വഴി ഗ്രീക്ക് ഭാഷയുടെ ഗണ്യമായ സ്വാധീനവും അതിലുണ്ടായിരുന്നു.[5] വക്കീലായിരുന്ന തെർത്തുല്യന്റെ നിയമപശ്ചാത്തലം അദ്ദേഹത്തിന്റെ ഭാഷയേയും സ്വാധീനിച്ചു. റോമൻ നിയമസംഹിതയിലെ പദപ്രയോഗങ്ങൾ അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തിൽ കാണാം. പാശ്ചാത്യസഭയിലെ ദൈവശാത്രഭാഷക്ക് അദ്ദേഹത്തിൽ നിന്ന് കിട്ടിയ നിയമഛായ ഇപ്പോഴും മാഞ്ഞുപോയിട്ടില്ല.[6]

ആശയങ്ങൾ

തിരുത്തുക

യവന സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ വികസിച്ചുവന്ന ഗ്രീക്ക് ക്രിസ്തീയതിൽ നിന്ന് ഭിന്നമായിരുന്നു തെർത്തുല്യന്റെ ക്രിസ്തുമതം. അത് തത്ത്വചിന്തയ്ക്കെതിരെ മുഖം തിരിച്ചു നിന്നു. തത്ത്വചിന്തകന്മാരെ തെർത്തുല്യൻ "പാക്ഷണ്ഡികളുടെ പാത്രിയർക്കീസുമാർ" (Patriarchs of the heretics) എന്നു വിളിച്ചു.[4] തത്ത്വചിന്ത സുവിശേഷത്തിന്റെ മുന്നോടിയും(praeparatio evangelica), പഴയനിയമം വഴിയുള്ള ദൈവവെളിപാടിനു സമവുമാണെന്ന അലക്സാണ്ട്ട്രിയയിലെ ക്ലെമന്റിന്റെ സിദ്ധാന്തത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു.[7] "ഏഥൻസിന് യെരുശലേമുമായി എന്തുബന്ധമാണ് സാധ്യമായത്; അക്കാദമിയും പള്ളിയും തമ്മിൽ എന്തു ബന്ധം?" എന്നൊക്കെ അദ്ദേഹം അത്ഭുതപ്പെട്ടു.[8][9] ഗ്രീക്ക് ക്രിസ്തീയത, ദൈവശാസ്ത്രത്തിനും തത്ത്വമീമാംസയ്ക്കും യോഗാത്മകതയ്ക്കും പ്രാധാന്യം കൊടുത്തപ്പോൾ, തെർത്തുല്യന്റെ ലത്തീൻ ക്രിസ്തീയത സന്മാർഗ്ഗികതയ്ക്കും, നിയമനിഷ്ഠക്കും പ്രായോഗികതയ്ക്കും മുഖ്യസ്ഥാനം നൽകി. ദൈവവെളിപാടുമായി ബന്ധമില്ലാത്ത എല്ലാ യുക്തിചിന്തയേയും തെർത്തുല്യൻ തിരസ്കരിച്ചു. മനുഷ്യാത്മാവിന്റെ അടിസ്ഥാനസ്വഭാവം ക്രിസ്തീയമാണെന്നും ആ ആത്മാവ് വിളിച്ചുപറയുന്ന തെളിവിന് ചെവി തുറക്കുകയേ വേണ്ടൂ [ക] എന്നും അദ്ദേഹം വാദിച്ചു. താൻ സ്വീകരിച്ച വിശ്വാസത്തിന്റെ അവിശ്വസനീയതയിൽ ആവേശഭരിതനായി തെർത്തുല്യൻ ഇങ്ങനെ ഘോഷിച്ചു:

സാമ്രാജ്യവുമായുള്ള തർക്കങ്ങളിൽ ക്രിസ്തുമതത്തിന്റെ നിലപാടുകളെ ന്യായീകരിക്കാൻ തെർത്തുല്യൻ തന്റെ തർക്കപാടവും മുഴുവൻ വിനിയോഗിച്ചു. ക്രിസ്ത്യാനികൾ സൈന്യത്തിൽ ചേരുന്നതിന് അദ്ദേഹം എതിരായിരുന്നു. എന്നാൽ ചക്രവർത്തിയുടെ ക്ഷേമത്തിനും, രാജവംശത്തിന്റെ സുരക്ഷക്കും, സൈന്യത്തിന്റെ രണവീര്യത്തിനും, സെനറ്റിന്റെ വിശ്വസ്തതയ്ക്കും, ലോകത്തിന്റെ ശാന്തിക്കും വേണ്ടി ക്രിസ്ത്യാനികൾ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ടെന്ന് അദ്ദേഹം 'അപ്പോളജറ്റിക്കസ്' എന്ന പ്രഖ്യാത കൃതിയിൽ എഴുതി. എന്നാൽ കാലക്രമത്തിൽ കൂടുതൽ കർക്കശമായ നിലപാടുകൾ സ്വീകരിച്ച തെർത്തുല്യൻ, റോമിലെ തിയേറ്ററുകളെ അശ്ലീലതയുടെ കോട്ടകളായും, സർക്കസുകളെ മനുഷ്യനോട് മനുഷ്യനു കാട്ടാവുന്ന ക്രൂരതയുടെ അങ്ങേയറ്റമായും വിശേഷിപ്പിച്ചു. ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുന്നവരെ കാത്തിരിക്കുന്ന ദൈവകോപത്തിന്റെ ചിത്രം വരച്ചുകാട്ടാൻ അദ്ദേഹം തന്റെ ഭാവന മുഴുവൻ ഉപയോഗിച്ചു:-

ക്രമേണ കൂടുതൽ കഠിനമായ നിലപാടുകൾ സ്വീകരിച്ച തെർത്തുല്യൻ വിവാഹജീവിതത്തെ വ്യഭിചാരസമമായ തിന്മയെന്നു വിളിച്ചു. വ്യഭിചാരവും വിവാഹബന്ധവും വ്യത്യസ്തമായിരിക്കുന്നത് നിയമം അവയെ വ്യത്യസ്തമായി ചിത്രീകരിക്കുന്നതുകൊണ്ടാണെന്നും വ്യത്യസ്ത അളവുകളിലാണെങ്കിലും, രണ്ടും അവിഹിതമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.[11][12] സ്ത്രീകളെ തെർത്തുല്യൻ "ചെകുത്താന്റെ പടിവാതിൽ" എന്നു വിശേഷിപ്പിച്ചു. യേശുവിന്റെ മരണത്തിനു കാരണം സ്ത്രീയുടെ പാപമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൈന്യത്തിലും, കലയുടെ രംഗത്തും, സർക്കാർ സേവനത്തിലും മറ്റും പ്രവേശിച്ച ക്രിസ്ത്യാനികളേയും പെൺമക്കളെ മുഖാവരണം ധരിപ്പിക്കാത്ത മാതാപിതാക്കളേയും അദ്ദേഹം വിമർശിച്ചു. റോമിലെ മാർപ്പാപ്പയെ തെർത്തുല്യൻ വിശേഷിപ്പിച്ചത് "വ്യഭിചാരികളുടെ ഇടയൻ" എന്നാണ്.[10]

പ്രാധാന്യം

തിരുത്തുക

തെർത്തുല്യൻ ആദ്യകാലത്തേയും പിൽക്കാലങ്ങളിലേയും ക്രൈസ്തവചിന്തയെ മൗലികമായി സ്വാധീനിച്ചു. നാലാം നൂറ്റാണ്ടിലെ പാശ്ചാത്യ ക്രൈസ്തവസഭയിലും, മുഖ്യവായന തെർത്തുല്യന്റേയും സിപ്രിയന്റേയും രചനകളായിരുന്നു. ജെറോം, അംബ്രോസ്, ആഗസ്തീനൊസ്, ഗ്രിഗോരിയോസ് എന്നിവരുടെ രചനകൾ പ്രചരിക്കുന്നതുവരെ ഈ നില തുടർന്നു. തെർത്തുല്യനെ പിന്തുടർന്നു വന്ന സിപ്രിയൻ തെർത്തുല്യന്റെ ശൈലി തേച്ചുമിനുക്കുകയും ആശയങ്ങൾ അരിച്ചുപെറുക്കുകയും ചെയ്തപ്പോഴും അദ്ദേഹത്തോടുള്ള കടപ്പാടിനെക്കുറിച്ച് ബോധവാനായിരുന്നു. തെർത്തുല്യനെ സിപ്രിയൻ തന്റെ ഗുരുവായി കണക്കാക്കി. അവരെ തുടർന്നുവന്ന ആഗസ്തീനോസാകട്ടെ അവരുടെ തോളുകളിൽ നിന്നാണ് തന്റെ ദൈവശാസ്ത്രം സൃഷ്ടിച്ചത്. പാശ്ചാത്യസഭയുടെ ആരംഭകാലചരിത്രത്തിലെ നിർണ്ണായകവ്യക്തിത്വങ്ങളാണ് ഈ മൂന്ന് ഉത്തരാഫ്രിക്കക്കാർ.[5]

കുറിപ്പുകൾ

തിരുത്തുക

ക. ^ O testimonium animae naturaliter Christianae! (Behold the witness of the soul, by its very nature Christian).

 1. "മറ്റൊരാഫ്രിക്കക്കാരനായ ആഗസ്തീനോസിനെ അമർത്താൻ തോമസ് അക്വീനാസ് ആഫ്രിക്കക്കാരൻ തന്നെയായ തെർ‍ത്തുല്യനെ ഉയർത്തിക്കൊണ്ടു വന്നത് യാദൃച്ഛികമായിരുന്നില്ല", ഫ്രീഡ്രിച്ച് ഹീർ, യൂറോപ്പിന്റെ ബൗദ്ധികചരിത്രം, വീഡൻഫെൽഡും നിക്കോൾസണും, 1966, പുറം.153
 2. ടി.ഡി. ബാർനസ്, തെർ‍ത്തുല്യൻ: ഒരു സാഹിത്യ-ചരിത്ര പഠനം ഓക്സ്ഫോർഡ്, 1971
 3. A History of Christianity, Kenneth Scott Latourette(പുറം 145)
 4. 4.0 4.1 4.2 തെർത്തുല്യൻ - കത്തോലിക്കാവിജ്ഞാനകോശം
 5. 5.0 5.1 5.2 5.3 തെർത്തുല്യൻ - ലവ് റ്റു നോ വൈ 1911 ക്ലാസ്സിക് വിജ്ഞാനകോശം, ബ്രിട്ടാണിക്ക വിജ്ഞാനകോശത്തിന്റെ 1911-ലെ പതിപ്പിനെ ആശ്രയിച്ചുള്ളത്. [1]
 6. 6.0 6.1 തെർത്തുല്യൻ MSN Encarta
 7. എസ്.രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും(പുറം 274
 8. വിശ്വാസത്തിന്റെ വഴികൾ, ജോൺ എ. ഹച്ചിൻസൺ(പുറം 439
 9. "തെർത്തുല്യൻ, The Ecole Glossary". Archived from the original on 2009-03-19. Retrieved 2009-10-24.
 10. 10.0 10.1 10.2 വിൽ ഡുറാന്റ്, സീസറും ക്രിസ്തുവും, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം (പുറങ്ങൾ 612-613)
 11. The Closing of the Western Mind, Charles Freeman പുറം 244
 12. ക്രിസ്തുമതത്തിന്റെ ഒരു പുതിയ ചരിത്രം , വിവിയൻ ഗ്രീൻ, പുറം 10
"https://ml.wikipedia.org/w/index.php?title=തെർത്തുല്യൻ&oldid=3634129" എന്ന താളിൽനിന്ന് ശേഖരിച്ചത്