വില്യം ജെയിംസ് ഡുറാന്റ് (1885 നവംബർ 5 – 1981 നവംബർ 7) ചരിത്രത്തെയും, തത്ത്വചിന്തയെയും സാധാരണ ജനങ്ങളിലേക്കെത്തിക്കുവാൻ ഉപകരിച്ച ഒട്ടേറെ ഗ്രന്ഥങ്ങളുടെ പേരിൽ പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരനാണ്. അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് പത്നി ഏരിയലുമായി സഹകരിച്ച് പതിനൊന്നു വാല്യങ്ങളായി എഴുതി, 1935-നും 1975-നും ഇടക്ക് പ്രസിദ്ധീകരിച്ച സംസ്കാരത്തിന്റെ കഥ എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ പേരിലാണ്. 1926-ൽ പ്രസിദ്ധീകരിച്ച തത്ത്വചിന്തയുടെ കഥ ഡുറാന്റിന്റെ പ്രസിദ്ധമായ മറ്റൊരു രചനയാണ്. ഡുറാന്റുമാർക്ക് 1967-ൽ പുലിറ്റ്സർ സമ്മാനവും 1977-ൽ അമേരിക്കൻ പ്രസിഡന്റിന്റെ സ്വാതന്ത്ര്യസമ്മാനവും ലഭിച്ചു.

വിൽ ഡുറാന്റ്
വിൽ ഡുറാന്റ്
വിൽ ഡുറാന്റ്
തൊഴിൽപ്രൊഫസർ, ചരിത്രകാരൻ, തത്ത്വചിന്തകൻ
ദേശീയതഅമേരിക്ക
വിഷയംചരിത്രം, തത്ത്വചിന്ത
പങ്കാളിഏരിയൽ ഡുറാന്റ്
കുട്ടികൾഈതൽ ഡുറാന്റ്

ജനനം, വിദ്യാഭ്യാസം

തിരുത്തുക

കാനഡയിലെ ക്യൂബെക്കിൽ നിന്ന് ഐക്യനാടുകളിൽ കുടിയേറിയ ഫ്രഞ്ച്-കനേഡിയൻ ദമ്പതിമാരായ ജോസഫ് ഡുറാന്റ്, മേരി അല്ലാർഡ് എന്നിവരുടെ മകനായി മസാച്യുസെറ്റ്സിലെ നോർത്ത് ആഡംസിലാണ് വിൽ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം വടക്കൻ ആഡംസിലെയും കീർണി(ന്യൂ ജേഴ്സി) യിലെയും കത്തോലികാ വിദ്യാലയങ്ങളിൽ നിന്ന് നേടി. അവിടെ അദ്ദേഹത്തെ പഠിപ്പിച്ചത് കന്യാസ്ത്രീകൾ ആയിരുന്നു. കത്തോലിക്കാ വിശ്വാസവും ആചാരങ്ങളും അന്ന് ഡുറാന്റ് താല്പര്യപൂർവ്വം പിന്തുടർന്നിരുന്നു. അദ്ദേഹം പുരോഹിതവൃത്തി സ്വീകരിക്കുമെന്ന് അമ്മയും അടുത്തറിയാമായിരുന്ന മറ്റുള്ളവരും കരുതി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉന്നത പഠനത്തിനായി ജേഴ്സി നഗരത്തിലെ സെന്റ് പീറ്റേഴ്സ് അക്കാഡമിയിൽ പ്രവേശനം നേടി. അവിടെ അദ്ധ്യാപകർ ഈശോസഭാ(Jesuit) വൈദികരായിരുന്നു. അവരിലൊരാളായ ഫാ. മക് ലോഫ്ലിൻ ബിരുദം ലഭിച്ചതിനു ശേഷം 1907-ൽ ഈശൊസഭയിൽ ചേരണമെന്ന് ഉപദേശിച്ചിരുന്നു. എന്നാൽ 1903-ൽ ജേഴ്സി നഗരത്തിലെ പൊതുഗ്രന്ഥശാലയിൽ നിന്ന് ഡാർവിൻ (Darwin), ഹക്സ്ലി (Huxly), സ്പെൻസർ(Spencer), ഹേക്കൽ (Haeckel) എന്നിവരുടെ ഏതാനും രചനകൾ വയിച്ചതിനെ തുടർന്ന്, ഡുറാന്റിന് മതവിശ്വാസം നഷ്ടമായി. എന്നാൽ, 1905-ൽ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രഭാവത്തിൽ വന്നതോടെ, സ്ഥിതിസമത്വ ബോദ്ധ്യങ്ങൾ ഡുറാന്റിന് നഷ്ടപ്പെട്ട മതവിശ്വാസത്തിന് പകരമായി. തനിക്ക് പാതിരിയാകാൻ കഴിയുകയില്ലെന്ന് തിരിച്ചറിഞ്ഞെങ്കിലും മകൻ പൗരോഹിത്യം സ്വീകരിക്കുമെന്ന് ഉറപ്പിച്ചിരുന്ന അമ്മയേയും മറ്റും നിരാശപ്പെടുത്തുവാൻ ഡുറാന്റ് ആഗ്രഹിച്ചില്ല. ഒടുവിൽ ഡുറാന്റും സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ ഒരു യുവസുഹൃത്തും പൗരോഹിത്യത്തിന് പഠിക്കുവാൻ തന്നെ തീരുമാനിച്ചു. പുരോഹിതന്മാരായിക്കഴിഞ്ഞ്, അമേരിക്കൻ കത്തോലിക്കാ സഭയെ സോഷ്യലിസ്റ്റ് ആശയത്തിലേക്ക് മാറ്റിയെടുക്കുക എന്ന രഹസ്യ പരിപാടിയാണ് ഇരുവരും മനസ്സിൽ കണ്ടത്. തോമസ് അക്വീനാസിനെ കാറൽ മാർക്സുമായി ഒന്നിപ്പിക്കുകയായിരുന്നു ലക്‌ഷ്യം.[1]

പത്രലേഖകൻ, വൈദികവിദ്യാർത്ഥി

തിരുത്തുക

ബിരുദം നേടിയതിനു ശേഷം ന്യൂയോർക്ക് ഈവനിങ് ജേണൽ എന്ന സായാഹ്നപത്രത്തിൽ ലേഖകനായി ജോലിക്കു പ്രവേശിച്ചു. പ്രതിവാരം 10 ഡോളറായിരുന്നു ശമ്പളം. ലൈംഗികകുറ്റകൃത്യങ്ങൾ അന്വേഷിച്ചുപോവുകയായിരുന്നു ജോലിയിൽ വേണ്ടിയിരുന്നത്. ഡുറാന്റിന് തീരെ രുചിക്കാത്ത ജോലിയായിരുന്നു ഇതെന്ന് മനസ്സിലാക്കിയ ദയാവാനായ പത്രാധിപർ അദ്ദേഹത്തെ മറ്റെന്തെങ്കിലും തൊഴിൽ കണ്ടെത്തുവാൻ ഉപദേശിച്ചു. 1907-ന്റെ അവസാനത്തോടെ, ആ ജോലി ഉപേക്ഷിച്ച് ന്യൂജേഴ്സിയിലെ തെക്കൻ ഓറഞ്ച് പ്രദേശത്തെ സെറ്റൻ ഹാൾ കോളേജിൽ അദ്ധ്യാപകനായി. ലത്തീൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ക്ഷേത്രഗണിതം എന്നിവയായിരുന്നു പഠിപ്പിച്ചിരുന്നത്. കത്തോലിക്കാ സഭയെ സോഷ്യലിസത്തിലേക്ക് കൊണ്ടുവരാനായി പൗരോഹിത്യത്തിൽ പ്രവേശിക്കുക എന്ന തങ്ങളുടെ രഹസ്യപരിപാടി നടപ്പാക്കാൻ ഒടുവിൽ ഡുറാന്റും പഴയ സുഹൃത്തും തീരുമാനിച്ചു. സെറ്റൻ ഹാൾ കോളേജിനോടുചേർന്നുള്ള സെമിനാരിയിൽ ഇരുവരും വൈദികപഠനത്തിനായി ചേർന്നു. എന്നാൽ കോളജിലെ ഒന്നാം തരം ഗ്രന്ഥശാലയിൽ പതിനേഴാം നൂറ്റാണ്ടിലെ ചിന്തകൻ ബാറുക് സ്പിനോസയുടെ "സന്മാർഗ്ഗശാസ്ത്രം ക്ഷേത്രഗണിതരീതിയിൽ" (Ethics Geometrically Demonstrated) എന്ന പ്രഖ്യാതരചന വായിച്ചത് ഡുറാന്റിനെ തന്റെ പദ്ധതിയിൽ നിന്ന് പിന്തിരിപ്പിച്ചു. അതിലെ വിധ്വംസകമായ ഉള്ളടക്കത്തിനും ഗണിതശാസ്ത്രരീതിക്കുമെല്ലാമപ്പുറം അദ്ദേഹത്തെ വശീകരിച്ചത് സ്വന്തം തത്ത്വചിന്തക്കനുസരിച്ച് ജീവിച്ച സ്പിനോസയുടെ അസാമാന്യ വ്യക്തിത്വമാണ്. മതവിശ്വാസമില്ലാതെ പൗരോഹിത്യം സ്വീകരിച്ച് ജീവിതത്തെ മുഴുവൻ കാപട്യത്തിൽ മുക്കുവാനുള്ള തീരുമാനത്തിന്റെ മൂഢത അതോടെ അദ്ദേഹത്തിന് ബോദ്ധ്യമായി. 1911-ൽ അദ്ദേഹം സെമിനാരി വിട്ട് ന്യൂയോർക്കിലേക്ക് പോയി. അവിടേക്ക് കൊണ്ടുപോയത് നാല് പുസ്തകങ്ങളും 40 ഡോളറും മാത്രമായിരുന്നു.

പ്രണയം, വിവാഹം, ഉപരിപഠനം

തിരുത്തുക
 
വിൽ ഡുറാന്റ്, ന്യൂയോർക്ക് നഗരത്തിലെ മോഡേൺ സ്കൂളിലെ തന്റെ വിദ്യാർത്ഥികൾക്കൊപ്പം കാലം 1911/12-നടുത്ത്). സ്കൂൾ അതിന്റെ മാസികയുടെ ആദ്യലക്കത്തിൽ ഈ ചിത്രം ഉപയോഗിച്ചു.

ന്യൂയോർക്കിൽ ഡുറാന്റ്, സ്വതന്ത്രവിദ്യാഭ്യാസ ശൈലി(Liberterian Education) പിന്തുടർന്നിരുന്ന ഫെറർ മോഡേൺ സ്കൂളിൽ അദ്ധ്യാപകനായി. അവിടെ വിദ്യാർത്ഥിനിയായിരുന്ന ഛായ കൗഫ്മാനെന്ന പെൺകുട്ടി അദ്ദേഹത്തെ ആകർഷിച്ചു. ഛായയുടെ കുടുംബം ഉക്രൈനിൽ നിന്ന് കുടിയേറിയ യഹൂദവംശജരായിരുന്നു. ചടുലപ്രകൃതിയായ ഛായയെ അദ്ദേഹം വിളിച്ചത് പക്ക് എന്നായിരുന്നു. ഷേക്സ്പിയറുടെ മിഡ്സമ്മർ നൈറ്റ്സ് ഡ്രീമിലെ കഥാപാത്രമായ കിന്നരന്റെ പേരായിരുന്നു അത്. പിന്നീട് അവരെ അദ്ദേഹം ഷേക്സ്പിയറുടെ ടെമ്പസ്റ്റിലെ കിന്നരകഥാപാത്രത്തിന്റെ പേർ അനുകരിച്ച് ഏരിയൽ എന്നു വിളിക്കാൻ തുടങ്ങി. ഒടുവിൽ അത് അവരുടെ പേരായി. ഏരിയലിന് പതിനഞ്ചു വയസായപ്പോൾ ഡുറാന്റ് അവരുമായി പ്രണയത്തിലായി. അദ്ധ്യാപകൻ വിദ്യാർത്ഥിയെ വിവാഹം കഴിക്കുന്നത് നിയമാനുസൃതമല്ലാതിരുന്നതിനാൽ, ഏരിയലിലെ വിവാഹം കഴിക്കുന്നതിനായി ഡുറാന്റ് അദ്ധ്യാപക ജോലി രാജി വച്ചു. തുടർന്ന് അവർ വിവാഹിതരായി.ഇരുവരുടെയും ജീവിതച്ചെലവുകൾക്കായി ഡുറന്റ് അഞ്ചോ പത്തോ ഡോള‍റുകൾക്ക് ലെക്ചറുകൾ എടുത്തിരുന്നു. അതേ സമയം അദ്ദേഹം കൊളംബിയ സർവ്വകലാശാലയിൽ വിവിധ വിഷയങ്ങളിൽ ബിരുദ പഠനത്തിനും ചേർന്നിരുന്നു. അവിടത്തെ പഠനച്ചെലവ് വഹിച്ചിരുന്നത് ഫെറർ മോഡേൺ സ്കൂളിന്റെ സ്പോൺസറായിരുന്ന ആൽഡൻ ഫ്രീമാൻ ആയിരുന്നു. അദ്ദേഹം ജീവശാസ്ത്രം മോർഗന്റെ(Morgan)യും മക് ഗ്രിഗ്റിന്റെ(McGregor)യും കീഴിലും മനഃശാസ്ത്രം വുഡ് വർത്തിന്റെ(Woodworth)യും പോഫൻബെർഗിന്റെ(Poffenberger)യും കീഴിലും തത്ത്വശാസ്ത്രം വുഡ്ബ്രിഡ്ജിന്റെ(Woodbridge)യും ജോൺ ഡൂവി(John Dewey)യുടെയും കീഴിലും പഠിച്ചു.

ഡുറാന്റുമാരുടെ മകളാണ് ഈഥൽ ഡുറാന്റ്.

തത്ത്വചിന്തയുടെ കഥ

തിരുത്തുക

ഡുറാന്റിന്റെ ആദ്യഗ്രന്ഥം, തത്ത്വചിന്തയും സാമൂഹ്യപ്രശ്നങ്ങളും എന്ന പേരിൽ 1917-ൽ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധമാണ്. സാമൂഹത്തിലെ പ്രശ്നങ്ങളെ അവഗണിക്കുന്നതുകൊണ്ടാണ് തത്ത്വചിന്ത മുരടിച്ചുപോകുന്നത് എന്നായിരുന്നു അതിൽ അദ്ദേഹം വാദിച്ചത്. 1917-ൽ കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഡുറാന്റിന് അവിടെ തന്നെ തത്ത്വചിന്തയുടെ അദ്ധ്യാപകനായി ജോലികിട്ടിയെങ്കിലും ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതോടെ ആ ജോലി നഷ്ടമായി. തുടർന്ന്, ന്യൂയോർക്കിലെ ഒരു പഴയ പ്രിസ്ബിറ്റേറിയൻ പള്ളിയിൽ വ്യത്യസ്തപശ്ചാത്തലമുള്ള ശ്രോതക്കൾക്കിടയിൽ അദ്ദേഹം ഒരു പ്രസംഗപരമ്പര തുടങ്ങി. തത്ത്വചിന്ത, സാഹിത്യം, ശാസ്ത്രം, സംഗീതം എന്നിവയൊക്കെയായിരുന്നു വിഷയങ്ങൾ. ഒരു ഞായറാഴ്ച വൈകിട്ട് ഡുറാന്റ് പള്ളിയിൽ പ്ലേറ്റോയേക്കുറിച്ച് പ്രസംഗിക്കുമെന്ന അറിയിപ്പുകണ്ട ഇ ഹാൽഡെമാൻ ജൂലിയസ് എന്ന പ്രസാധകൻ പ്രസംഗം കേൾക്കാനെത്തി. ചെറിയ നീലപ്പുസ്തകങ്ങൾ എന്ന പേരിലറിയപ്പെട്ടിരുന്ന അഞ്ചു സെന്റ് വിലയുള്ള ലഘുഗ്രന്ഥങ്ങളുടെ പ്രസാധകനായിരുന്നു ജൂലിയസ്. പ്രസംഗം ഇഷ്ടപ്പെട്ട അദ്ദേഹം അത് ഒരു ലഘുഗ്രന്ഥമായി വികസിപ്പിച്ച് പ്രസിദ്ധീകരിക്കുവാൻ ഡുറാന്റിനോടാവശ്യപ്പെട്ടു. പ്രതിഫലത്തിനുള്ള ചെക്ക് മുൻകൂറായി അയച്ചുകൊടുത്ത് ജൂലിയസ് നിർബ്ബന്ധിച്ചപ്പോൾ ഡുറാന്റ് സമ്മതിച്ചു. അങ്ങനെ പ്ലേറ്റോയേക്കുറിച്ചുള്ള ആദ്യപ്രഭാഷണവും പിന്നീട് അരിസ്റ്റോട്ടിലിനെക്കുറിച്ചും മറ്റു പാശ്ചാത്യതത്ത്വചിന്തകന്മാരെക്കുറിച്ചും നടത്തിയ പ്രഭാഷണങ്ങളും ജൂലിയസിന്റെ നിർബ്ബന്ധത്തിൽ പതിനുന്നു ലഘുഗ്രന്ഥങ്ങളായി വെളിച്ചം കണ്ടു.


1926-ൽ, ഈ ലഘുഗ്രന്ഥങ്ങളുടെ വിജയം കണ്ട ഒരു പുസ്തകപ്രസാധക സ്ഥാപനം അവയെല്ലാം ചേർത്ത് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ ഡുറാന്റിനെ പ്രേരിപ്പിച്ചു. ആയിരത്തോളം പ്രതികൾ വിറ്റഴിയുമെന്നാണ് ഡുറാന്റ് കണക്കുകൂട്ടിയത്. പ്രസാധകരുടെ ഉത്സാഹത്തിൽ 1500 പ്രതികൾ അച്ചടിച്ചു. കൂടിയവിലയായ അഞ്ചു ഡോളറും, വിഷയത്തിന്റെ വിരസതയും വായനക്കാരെ അകറ്റുമന്നായിരുന്നു ഭയം. എന്നാൽ പല പതിപ്പുകളിലും പരിഭാഷകളിലുമായി തത്ത്വചിന്തയുടെ കഥ ഒടുവിൽ ഇരുപതുലക്ഷത്തോളം പ്രതികൾ വിറ്റഴിഞ്ഞു. പ്രസിദ്ധീകരണത്തെ തുടർന്നു വന്ന നാളുകളിൽ ആ പുസ്തകത്തെ പുകഴ്ത്തുന്നതും, അത് വിലകൊടുത്തു വാങ്ങുന്നതും, ചിലപ്പോൾ വായിക്കുന്നതുപോലും ഫാഷനായി മാറി എന്നാണ് തന്റെ പുസ്തകത്തിനുകിട്ടിയ സ്വീകരണത്തെക്കുറിച്ച് ഡുറാന്റ് പിന്നീട് എഴുതിയത്.[2] വായനക്കാരുടെ മുൻപിൽ വിഷയം സൗമ്യമായും സൗഹൃദാഭാവത്തിലും എന്നാൽ ബുദ്ധിമുട്ടുകൾ മറച്ചുവക്കാതെയും അവതരിപ്പിക്കുന്ന രീതിയായിരുന്നു ഡുറാന്റ് അവലംബിച്ചത്. സ്പിനോസയുടെ 'സന്മാർഗ്ഗശാസ്ത്രം' എന്ന ഗ്രന്ഥത്തെ എങ്ങനെ സമീപിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്ന ഭാഗം തന്റെ രീതിക്ക് ഉദാഹരണമായി അദ്ദേഹം തന്നെ ഏടുത്തുകാട്ടിയിട്ടുണ്ട് [3] അതിങ്ങനെയാണ്:-

തത്ത്വചിന്തയുടെ കഥയുടെ വിജയം ഡുറാന്റുമാർക്ക് അടിയുറച്ച സാമ്പത്തിക സുരക്ഷ നൽകി. നിത്യവൃത്തിയെക്കുറിച്ചുള്ള അല്ലലില്ലാതെ, സംസ്കാരത്തിന്റെ കഥ എന്ന വലിയ രചനാസം‌രംഭത്തിൽ മുഴുകാൻ അവരെ പ്രാപ്തരാക്കിയത് ആ സുരക്ഷയാണ്.

തത്ത്വചിന്തയുടെ കഥക്കുണ്ടായിരുന്ന കുറവുകൾ പലതും ഡുറാന്റ് തന്നെ സമ്മതിച്ചിട്ടുണ്ട്. ക്രിസ്തുവർഷാരംഭത്തിന് മൂന്നിലേറെനൂറ്റാണ്ടുമുൻപ് ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിനും പതിനാറാം നൂറ്റാണ്ടിലെ ഫ്രാൻസിസ് ബേക്കണും ഇടക്കുള്ള പാശ്ചാത്യചിന്തകന്മാരെയെല്ലാം പരിഗണിക്കാതിരുന്നതായിരുന്നു അതിന്റെ ഒരു കുറവ്. എന്നാൽ അക്കാലത്ത് ചിന്തയുടെ ലോകത്തെ മേധാവികൾ തത്ത്വചിന്തയിലെന്നതിനേക്കാൾ ദൈവശാസ്ത്രത്തിലാണ് അഭിരമിച്ചത് എന്ന ന്യായീകരണം അദ്ദേഹത്തിനുണ്ടായിരുന്നു.[ക] ജ്ഞാനസിദ്ധാന്തികളെ (Epistemologists) പൊതുവേ അവഗണിച്ചതിനും[ഖ] വിശദീകരണമുണ്ടായിരുന്നു: ജ്ഞാനസിദ്ധാന്തത്തെ തത്ത്വചിന്തയുടെയെന്നതിനേക്കാൾ മന:ശാസ്ത്രത്തിന്റെ ഭാഗമായാണ് ഡുറാന്റ് കണ്ടത്. ഡുറാന്റിനെ ഏറെ വിഷമിപ്പിച്ചത് പാശ്ചാത്യലോകത്തെ വിമർശകന്മാർ ഏറെ ശ്രദ്ധിക്കതിരുന്ന മറ്റൊരു കുറവാണ്. പുസ്തകത്തിന്റെ രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി:-


തന്റെ അടുത്ത ഗ്രന്ഥമായ സംസ്കാരത്തിന്റെ കഥക്ക് ഇത്തരം പ്രാദേശിക അപൂർണ്ണത(Provincial Incompleteness) ഉണ്ടാകാതിരിക്കാൻ ഡുറാന്റ് പ്രത്യേകം ശ്രദ്ധിച്ചു.

സംസ്കാരത്തിന്റെ കഥ

തിരുത്തുക

താൻ നേരത്തേ ജോലിചെയ്തിരുന്ന ന്യൂയോർക്ക് ഈവനിങ്ങ് ജേർണലിന്റെ പത്രാധിപരായിരുന്ന ആർതർ ബ്രിസ്ബേന്റെ നിർദ്ദേശമനുസരിച്ച്, ഇംഗ്ലീഷ് ചരിത്രകാരനായ ഹെന്റി തോമസ് ബക്കിളിന്റെ(1821-1862) "സംസ്കാരത്തിന്റെ ചരിത്രത്തിന് ഒരാമുഖം" എന്ന പുസ്തകം ഡുറാന്റ് വായിച്ചിരുന്നു. മനുഷ്യന്റെ ഭൂതകാലത്തെ തത്ത്വചിന്താപരമായി നോക്കിക്കാണാൻ ആഗ്രഹിച്ച ഡുറാന്റിന് ആ പുസ്തകം ഇഷ്ടപ്പെട്ടു. മനുഷ്യ സംസ്കാരത്തിന്റെ ചരിത്രത്തെ തുടക്കം മുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ പിന്തുടരുന്ന ഒരു ഗ്രന്ഥപരമ്പര എഴുതാൻ പദ്ധതിയിട്ട ബക്കിൾ ആമുഖവാല്യം എഴുതിക്കഴിഞ്ഞ് അകാലത്തിൽ മരിച്ചു എന്ന അറിവ് ഡുറാന്റിന്റെ സ്പർശിച്ചു. ബക്കിൾ ഉദ്ദേശിച്ചതരം ഒരു ഗ്രന്ഥം എഴുതാൻ ആഗ്രഹിച്ച ഡുറാന്റ് അതിന് തയ്യാറെടുക്കാനും ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും തുടങ്ങി.

ആദ്യവാല്യങ്ങൾ

തിരുത്തുക

നമ്മുടെ പൗരസ്ത്യപൈതൃകം

തിരുത്തുക

മനുഷ്യവ്യക്തികളുടെ ധാരണാശേഷിയും വീക്ഷണഗതികളും വികസിപ്പിച്ച്, സഹജീവികളുടെ മാനുഷികമായ ബലഹീനതകളും അബദ്ധങ്ങളും പൊറുക്കാൻ അവരെ പ്രാപ്തരാക്കാനാണ് ഡുറാന്റ് ആഗ്രഹിച്ചത്. "ഗ്രീസിന്റെ കഥയിൽ ആരംഭിച്ച്, ഏഷ്യയെ ഒരുവരിയിൽ ഒതുക്കി സമാപിക്കുന്ന പരമ്പരാഗത ചരിത്രരചനയിലെ പ്രാദേശികത, വീക്ഷണഗതിയുടേയും ധിഷണയുടേയും മാരകമായ വൈകല്യം വ്യക്തമാക്കുന്നുവെന്നു" കരുതിയ അദ്ദേഹം,[6] യൂറോമധ്യവാദം (Eurocentrism) എന്ന് പിന്നീട് അറിയപ്പെട്ട നിലപാടിൽ പ്രതിഫലിച്ച അലസമായ താൻപോരിമയിൽ നിന്ന് സംസ്കാരത്തിന്റെ കഥ മുക്തമായിരിക്കണമെന്ന് ആഗ്രഹിച്ചു. ആ പരമ്പരയുടെ ആദ്യവാല്യം പൗരസ്ത്യസംസ്കൃതികളുടെ ഒരു ബൃഹദ്പഠനമായിരുന്നു. "നമ്മുടെ പൗരസ്ത്യപൈതൃകം" (Our Oriental Heritage) എന്ന് പേരിട്ട ആ വാല്യത്തിൽ അദ്ദേഹം, യൂറോപ്പ് ഏഷ്യൻ ഭൂഖണ്ഡത്തിന്റെ കേവലം ഒരു മുനമ്പ് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി. പൗരസ്ത്യസംസ്കൃതികളെ തുടക്കം മുതൽ ഗാന്ധിയുടേയും ചിയാങ്ങ്‌ കൈഷേക്കിന്റേയും കാലം വരെ പിന്തുടർന്ന ആ വാല്യം എഴുതിത്തീർക്കാൻ അറു വർഷമെടുത്തു. മെസൊപ്പൊട്ടേമിയ, ബാബിലോൺ, ചൈന, പേർഷ്യ, ഇന്ത്യ എന്നിവിടങ്ങളിലെ സംസ്കാരങ്ങളാണ്‌ ഈ വാല്യത്തിൽ വിവരിച്ചിരിക്കുന്നത്[7].

സംസ്കാരത്തിന്റെ കഥ എന്ന ഗ്രന്ഥനാമത്തിലെ 'കഥ' എന്ന വാക്കുകൊണ്ട് ഡുറാന്റ് ഉദ്ദേശിച്ചത് തന്റെ ഗ്രന്ഥം സ്കൂൾ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള ഏതൊരാൾക്കും വായിച്ചു മനസ്സിലാക്കാവുന്നതാണെന്നാണ്. എന്നാൽ വായന രസകരവും എളുപ്പവുമാക്കിയത് ഗുണമേന്മയിലുള്ള നിഷ്കർഷ വിടാതെയാണ്. ആദ്യവാല്യമായ "നമ്മുടെ പൗരസ്ത്യപൈതൃകം" എഴുതുന്നതിനുമാത്രമായി ഡുറാന്റ് രണ്ടുവട്ടം ലോകം ചുറ്റിക്കറങ്ങി. അഗാധമായ പാണ്ഡിത്യവും, വിശദവിവരങ്ങളിലുള്ള ഊന്നലും, തത്ത്വചിന്താപരമായ സമീപനവുമെല്ലാം ഓരോ വാല്യത്തേയും അനുഗ്രഹിച്ചിരുന്നു. ഫലിതം കലർന്ന തത്ത്വചിന്ത പലയിടത്തും കാണാം. മനുഷ്യചരിത്രത്തിന്റെ ആദിമദശയിലെ ദാരുണമായ ജീവിതസാഹചര്യങ്ങളിൽ ആത്മഹത്യ സാധാരണമായിരുന്നുവെന്ന് പറഞ്ഞതിനുശേഷമുള്ള ഈ നിരീക്ഷണം ഉദാഹരണമാണ്:-

പ്രാചീനസംസ്കാരങ്ങളിൽ പൗരോഹിത്യം നിർവഹിച്ചിരുന്ന പങ്കിനെക്കുറിച്ച് ഡുറാന്റിന്റെ നിരീക്ഷണം ഇതാണ്:-

ഗ്രീസിന്റെ ജീവിതം

തിരുത്തുക

പരമ്പരയിലെ രണ്ടാം വാല്യമായ "ഗ്രീസിന്റെ ജീവിതം", ഗ്രീക്ക് സംസ്കാരത്തിന്റെ കഥയാണ് പറഞ്ഞത്. ഗ്രീക്ക് രാഷ്ട്രതന്ത്രം, വ്യവസായം, ആചാരമര്യാദകൾ, സന്മാർഗശാസ്ത്രം, മതം, തത്ത്വചിന്ത, ശാസ്ത്രം, സാഹിത്യം, കല എന്നിവയുടെ ആദിമകാലം മുതൽ റോമൻ അധിനിവേശം വരെയുള്ള ചരിത്രമായിരുന്നു അത്. 1939-ൽ വെളിച്ചം കണ്ട ആ വാല്യത്തിൽ ഡുറാന്റ്, ആധുനികവും പൗരാണികവുമായ സംസ്കാരങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലെ സമാനതകൾ എടുത്തുപറഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കയിൽ റുസ്വെൽറ്റിനും, പുരാതന ഗ്രീസിൽ പെരിക്കിൾസിനും ഒരേതരം പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. ദാരിദ്ര്യം മൂലം സർക്കാർ സഹായം(Doles) വാങ്ങി ജീവിക്കേണ്ടി വന്ന മനുഷ്യർ, അത്തരം സഹായപദ്ധതികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ, നികുതിപിരിവ്, നികുതിവെട്ടിപ്പ്, മതവും ശാസ്ത്രവുമായുള്ള പിണക്കങ്ങൾ എന്നിവയെല്ലാം, രണ്ടു സംസ്കാരങ്ങളിലുമുണ്ടായിരുന്നു. തീക്ഷ്ണമായ നിരീക്ഷണങ്ങളും ഓർമ്മയിൽ നിൽക്കുന്ന ആപ്തവാക്യങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ വാല്യം. "മക്കളുടെ വിനോദങ്ങൾ പിതാക്കന്മാരുടെ പാപങ്ങളോളം പഴക്കമുള്ളവയാണ്" എന്നെഴുതിയ ഡുറാന്റ്, രാഷ്ട്രങ്ങളുടെ ഉത്ഭവത്തേയും പതനത്തേയും സംബന്ധിച്ച് ഈ ഗ്രന്ഥത്തിൽ പറയുന്നത്, "രാഷ്ട്രങ്ങൾ സം‌യമചിന്തയിൽ ജനിക്കുകയും, ഭോഗഹർഷത്തിൽ മരിക്കുകയും ചെയ്യുന്നു" (A nation is born stoic and dies epicurean.) എന്നാണ്.

സീസറും ക്രിസ്തുവും

തിരുത്തുക

പരമ്പരയിലെ 1944-ൽ പ്രസിദ്ധീകരിച്ച മൂന്നാം വാല്യത്തിന് "സീസറും ക്രിസ്തുവും" എന്നാണ് പേരിട്ടത്. ചരിത്രത്തിലെ മഹാസം‌രംഭങ്ങളിലൊന്നായ റോമാ സാമ്രാജ്യത്തിന്റേയും അതിന്റെ പിന്നാമ്പുറങ്ങളിലൊന്നിൽ പാർശ്വവൽകൃത മുന്നേറ്റമായി തുടങ്ങിയ ക്രിസ്തുമതം ക്രമേണ അതിനെ ഗ്രസിച്ച് കീഴടക്കി അതിജീവിക്കുന്നതിന്റേയും കഥയാണ് ഈ വാല്യം പറഞ്ഞത്. ഡുറാന്റിന്റെ ശൈലിയും സമീപനരീതിയും ഈ വാല്യത്തിലും പ്രകടമാണ്. റോമൻ ചിന്തകനായ സെനെക്കയെക്കുറിച്ചുള്ള ഒരു നിരീക്ഷണം ഇങ്ങനെയാണ്:-

വിശ്വാസത്തിന്റെ യുഗം

തിരുത്തുക

"വിശ്വാസത്തിന്റെ യുഗം" (The Age of Faith) എന്നു പേരിട്ട നാലാം ഭാഗം 1950-ലാണിറങ്ങിയത്. പരമ്പരയിലെ ഏറ്റവും വലിയ വാല്യങ്ങളിലൊന്നായിരുന്ന അത്, റോമാ സാമ്രാട്ടായിരുന്ന കോൺസ്റ്റന്റൈനിൽ തുടങ്ങി ഇറ്റലിയൻ കവി ഡാന്റെയിൽ അവസാനിക്കുന്ന ആയിരം വർഷക്കാലത്തെ യഹൂദ, ക്രൈസ്തവ, ഇസ്ലാമിക സംസ്കാരങ്ങളുടെ കഥയാണ് പറഞ്ഞത്.[11]

നവോത്ഥാനം, മതനവീകരണം

തിരുത്തുക

അഞ്ചും ആറും വാല്യങ്ങൾ യഥാക്രമം യൂറോപ്യൻ "നവോത്ഥാനം", "മതനവീകരണം" എന്നിവയെയാണ് വിഷയമാക്കിയത്. മതനവീകരണത്തെ വിഷയമാക്കി എഴുതുമ്പോൾ ചരിത്രകാരന്റെ നിഷ്പക്ഷത വായനക്കാരെ ബോദ്ധ്യപ്പെടുത്തുന്നതിലെ ബുദ്ധിമുട്ട് അറിഞ്ഞ ഡുറാന്റ് ഇങ്ങനെ എഴുതി:-

ഏരിയലുമായി സഹകരിച്ച്

തിരുത്തുക

സംസ്കാരത്തിന്റെ കഥയുടെ നിർമ്മിതിയിൽ തുടക്കം മുതൽ തന്നെ ഡുറാന്റിന്റെ പത്നി ഏരിയലും പങ്കാളിയായിരുന്നു. മുന്നോട്ടുള്ള വാല്യങ്ങളിൽ അവരുടെ സംഭാവന ഏറി വന്നു. പരമ്പരയിൽ ഏഴാമത്തേതായിരുന്ന "യുക്തിയുഗത്തിന്റെ തുടക്കം" മുതലുള്ള വാല്യങ്ങൾ വിൽ, ഏരിയൽ ഡുറാന്റുമാർ ഇരുവരുടേയും പേരിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

യുക്തിയുഗത്തിന്റെ തുടക്കം

തിരുത്തുക

1558 മുതൽ 1642 വരെയുള്ള ചരിത്രം പരിഗണിച്ച ഈ വാല്യം 1961-ലാണ് വെളിച്ചം കണ്ടത്. ഇംഗ്ലണ്ടിലെ ഒന്നാം എലിസബത്തു രാജ്ഞി മുതൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ഗലീലിയോ വരെയുള്ളുവരുടെ കാലത്തെ കഥയായിരുന്നു ഈ വാല്യത്തിനു വിഷയം.

ലൂയി പതിനാലാമന്റെ കാലം

തിരുത്തുക

1963-ൽ പ്രസിദ്ധീകരിച്ച അടുത്ത വാല്യം, 1648-ൽ അഞ്ചാമത്തെ വയസ്സിൽ സിംഹാസനാരോഹണം ചെയ്ത്, 1715 വരെയുള്ള 67 വർഷക്കാലം ഭരിച്ച ഫ്രാൻസിലെ ലൂയി പതിനാലാമന്റെ കാലത്തിന്റെ പഠനമായിരുന്നു. പാസ്കൽ, മോളിയേർ, ക്രോംവെൽ, മിൽട്ടൺ, ന്യൂട്ടൻ, സ്പിനോസ, റഷ്യയിലെ പീറ്റർ ചക്രവർത്തി തുടങ്ങിയ അതികായന്മാരുടെ കാലത്തെ യൂറോപ്യൻ സംസ്കാരത്തിന്റെ ചിത്രം അത് വർച്ചുകാട്ടി.

വോൾട്ടയറുടെ യുഗം

തിരുത്തുക

ഈ വാല്യം 1965-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1715 മുതൽ 1756 വരെയുള്ള യൂറോപ്പിന്റെ ചരിത്രം ഇതിൽ പരിഗണിക്കപ്പെട്ടു. സുദീർഘമായ വാഴ്ചക്കുശേഷമുണ്ടായ ലൂയി പതിനാലാമന്റെ മരണം മുതൽ, മുഖ്യയൂറോപ്യൻ രാഷ്ട്രശക്തികൾ തമ്മിൽ നടന്ന പ്രസിദ്ധമായ സപ്തവത്സരയുദ്ധത്തിന്റെ തുടക്കം വരെയുള്ള കാലമായിരുന്നു അത്.

റുസ്സോയും വിപ്ലവവും

തിരുത്തുക

ഫ്രഞ്ച് വിപ്ലവത്തിന്റെ ബൗദ്ധികപശ്ചാത്തലമൊരുക്കിയ ചിന്തകന്മാരിൽ മുഖ്യനായ റുസ്സോയുടെ പേരിൽ അറിയപ്പെട്ട ഈ വാല്യം 1967-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1756-ൽ സപ്തവത്സരയുദ്ധത്തിന്റെ തുടക്കം മുതൽ 1789-ൽ ഫ്രഞ്ചുവിപ്ലവത്തിന് നാന്ദികുറിച്ചുകൊണ്ട് കുപ്രസിദ്ധമായ ബസ്റ്റീൽ ജെയിൽ തകർക്കപ്പെട്ടതുവരെയുള്ള ചരിത്രമായിരുന്നു ഇതിലുണ്ടായിരുന്നത്. സംസ്കാരത്തിന്റെ ചരിത്രം ഈ വാല്യത്തിന്റെ പേരിലാണ് ഡുറാന്റുമാർക്ക് പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്.

നെപ്പോളിയന്റെ യുഗം

തിരുത്തുക

"റുസ്സോയും വിപ്ലവവും" എന്ന പത്താം വാല്യമായിരിക്കും സംസ്കാരത്തിന്റെ കഥയിൽ അവസാനത്തേത് എന്നാണ് ഡുറാന്റുമാർ ആദ്യം കരുതിയത്. അതിനാൽ, ആ വാല്യത്തെ തുടർന്ന്, "ചരിത്രത്തിന്റെ പാഠങ്ങൾ" എന്ന ഒരു ലഘുരചന അവലോകനവും സംഗ്രഹവുമെന്നോണം അവർ പ്രസിദ്ധീകരിച്ചു. എന്നാൽ പിന്നീട് കഥ കുറേക്കൂടി മുന്നോട്ടുകൊണ്ടുപോയ "നെപ്പോളിയന്റെ യുഗം" എന്ന വാല്യം കൂടി പ്രസിദ്ധീകരിച്ചു. 1789-ലാരംഭിച്ച ഫ്രഞ്ചുവിപ്ലവത്തിന്റെ കഥ വിസ്തരിച്ചു പറയുന്ന ഈ വാല്യം നെപ്പോളിയന്റെ വളർച്ചയും തകർച്ചയുമെല്ലാം വിശദമായി പരിഗണിക്കുന്നു. ഫ്രഞ്ചു വിപ്ലവം മുതൽ 1840 വരെയുള്ള കാലത്തെ ചരിത്രമാണ് ഇതിലുള്ളത്. 1975-ലാണ് ഡുറാന്റുമാരുടെ ബൃഹദ്സം‌രംഭത്തിന്റെ ഈ അന്തിമവാല്യം പ്രസിദ്ധീകരിക്കപ്പെട്ടത്.

എഴുതപ്പെടാതെ പോയ വാല്യങ്ങൾ

തിരുത്തുക

സംസ്കാരത്തിന്റെ കഥയെ 1945 വരെ എത്തിക്കാൻ പദ്ധതിയിട്ട്, "ഡാർവിന്റെ യുഗം" എന്ന പേരിൽ ഒരു വാല്യത്തിനുവേണ്ട കുറിപ്പുകളും, "ഐൻസ്റ്റീന്റെ യുഗം" എന്ന പേരിലൊന്നിന്റെ രൂപരേഖയും ഡുറാന്റുമാർ തയ്യാറാക്കിയിരുന്നു. എന്നാൽ ആ വാല്യങ്ങൾ എഴുതപ്പെടാതെയിരുന്നു.

മറ്റു രചനകൾ

തിരുത്തുക

1929-ൽ പ്രസിദ്ധീകരിച്ച "തത്ത്വചിന്തയുടെ സദനങ്ങൾ"(Mansions of Philosophy) വിൽ ഡുറാന്റിന്റെ ലേഖനങ്ങളുടെ ഒരു സമാഹാരമാണ്. തത്ത്വചിന്തയുടെ ആനന്ദം (Pleasures of Philosophy) എന്ന പേരിൽ അത് പിന്നീട് പുന:പ്രസാധനം ചെയ്തു. ഡുറന്റിന്റെ രണ്ടു രചനകൾ അദ്ദേഹത്തിന്റെ ജീവിതാനന്തരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ചരിത്രനായകന്മാർ (Heros of History) എന്ന കൃതി 2001-ലും "എക്കാലത്തേയും ഏറ്റവും മഹത്തായ ധിഷണകളും ആശയങ്ങളും" എന്നത് 2002-ലും ആണ് പ്രസിദ്ധീകരിച്ചത്. ഡുറാന്റുമാർ ഒന്നു ചേർന്ന് അവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. ഇരട്ട ആത്മകഥ (Dual Autobiography) എന്നാണ് അതിന്റെ പേര്.

ഡുറാന്റുമാർ തങ്ങളുടെ അസാധാരണമായ രചനാസം‌രംഭമെന്നപോലെ ശ്രദ്ധേയമായ ഒരു പ്രേമകഥയും പങ്കിട്ടു. അവരുടെ ഇരട്ട ആത്മകഥ എന്ന ഗ്രന്ഥം ഈ പ്രേമത്തിന്റെ ആഖ്യാനമാണ്. 1981-ൽ ഹൃദയാസ്വാസ്ഥ്യം മൂലം വിൽ ഡുറാന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന്, അദ്ദേഹം മടങ്ങിവന്നേക്കില്ല എന്നു ഭയന്ന് ഭക്ഷണം കഴിക്കുന്നത് നിർത്തിയ ഏരിയൽ ഒക്ടോബർ 25-ന് മരിച്ചു. അമ്മയുടെ മരണം പിതാവിൽ നിന്ന് മറച്ചുവക്കാൻ മകൾ ഈഥലും പേരക്കിടാങ്ങളും ശ്രമിച്ചെങ്കിലും ഏരിയലിന്റെ മരണവാർത്ത റേഡിയോയിലെ സായാഹ്നവാർത്തയിൽ കേട്ട വിൽ നവംബർ 7-ന് 96-ആം വയസ്സിൽ അന്തരിച്ചു. ലോസാഞ്ചലസിലെ വെസ്റ്റ്വുഡ് മെമ്മോറിയൽ പാർക്ക് സിമിത്തേരിയിൽ അടുത്തടുത്തായാണ് അവരെ സംസ്കരിച്ചിരിക്കുന്നത്.

കുറിപ്പുകൾ

തിരുത്തുക

ക.^ സ്കോളാസ്റ്റിക് ചിന്ത തത്ത്വചിന്തയല്ല, പ്രച്ഛന്നവേഷത്തിലുള്ള ദൈവശാസ്ത്രമാണ് എന്ന് ഡുറാന്റ് കരുതി. സെമിനാരിയിൽ അതിന്റെ പീഡനം ഏറെ അനുഭവിച്ചിട്ടുള്ള തന്നെപ്പോലൊരാൾ അതിനെ അവഗണിക്കുന്നതിന് മാപ്പർഹിക്കുന്നുവെന്നും അദ്ദേഹം എഴുതി.

ഖ.^ ജ്ഞാനസിദ്ധാന്തികളിൽ ആകെ പരിഗണിക്കപ്പെട്ടിരുന്നത് ഇമ്മാനുവേൽ കാന്റ് ആയിരുന്നു. കാന്റിനെക്കുറിച്ച് തത്ത്വചിന്തയുടെ കഥയിൽ ഉൾപ്പെടുത്തിയിരുന്ന നാല്പതു പുറം വായിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ചിന്തയുടെ അർത്ഥം തനിക്ക് ആദ്യമായി മനസ്സിലായതെന്ന്, മദ്ധ്യ-പശ്ചിമ അമേരിക്കയിലെ സർവകലാശാലകളിലൊന്നിൽ പതിനഞ്ചു വർഷം കാന്റിന്റെ തത്ത്വചിന്ത പഠിപ്പിച്ച ഒരു പ്രൊഫസർ ഡുറാന്റിന് എഴുതിയത്രെ.

വിൽ ഡുറാന്റിന്റെ ഗ്രന്ഥങ്ങൾ

തിരുത്തുക

സംസ്കാരത്തിന്റെ കഥ

തിരുത്തുക
  • നമ്മുടെ പൗരസ്ത്യപൈതൃകം (1935)
  • ഗ്രീസിന്റെ ജീവിതം (1939)
  • സീസറും ക്രിസ്തുവും (1944)
  • വിശ്വാസത്തിന്റെ യുഗം (1950)
  • നവോത്ഥാനം (1953)
  • മതനവീകരണം (1957)
  • യുക്തിയുഗത്തിന്റെ തുടക്കം - ഏരിയലുമായി ചേർന്നെഴുതിയത്(1961)
  • ലൂയി പതിനാലാമന്റെ കാലം - ഏരിയലുമായി ചേർന്നെഴുതിയത് (1963).
  • വോൾട്ടയറുടെ കാലം - ഏരിയലുമായി ചേർന്നെഴുതിയത് (1965)
  • റുസ്സോയും വിപ്ലവവും - ഏരിയലുമായി ചേർന്നെഴുതിയത് (1967)
  • നെപ്പോളിയന്റെ യുഗം - ഏരിയലുമായി ചേർന്നെഴുതിയത്(1975)

മറ്റു ഗ്രന്ഥങ്ങൾ

തിരുത്തുക
  • തത്ത്വചിന്തയും സാമൂഹ്യപ്രശ്നവും(1917)
  • തത്ത്വചിന്തയുടെ കഥ(1926)
  • പരിവർത്തനം (1927)
  • തത്ത്വചിന്തയുടെ സദനങ്ങൾ(1929)
  • ഇൻഡ്യയുടെ പക്ഷം(1930)
  • ധിഷണയുടെ സാഹസങ്ങൾ(1931)
  • തത്ത്വചിന്തയുടെ ആനന്ദം (1953)(തത്ത്വചിന്തയുടെ സദനങ്ങളുടെ പരിഷ്കരിച്ച പുന:പ്രകാശനം)
  • ചരിത്രത്തിന്റെ പാഠങ്ങൾ (1968 - ഏരിയലുമായി ചേർന്നെഴുതിയത്)
  • ജീവിതത്തിന്റെ വ്യാഖ്യാനങ്ങൾ (1970 - ഏരിയലുമായി ചേർന്നെഴുതിയത്)
  • ഇരട്ട ആത്മകഥ (1977 - ഏരിയലുമായി ചേർന്ന്)
  • ചരിത്രത്തിലെ നായകന്മാർ (2001)

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ വിൽ ഡുറാന്റ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  1. Will Durant Online: The Gentle Philosopher - http://www.willdurant.com/bio.htm Archived 2006-03-21 at the Wayback Machine.
  2. Story of Philosophy - രണ്ടാം പതിപ്പിന്റെ മുഖവുര, പുറം (vii)
  3. Story of Philosophy - രണ്ടാം പതിപ്പിന്റെ മുഖവുര - പുറം (x)
  4. Story of Philosophy - പുറം 130
  5. Story of Philosophy, രണ്ടാം പതിപ്പിനെഴുതിയ ആമുഖം - പുറം (viii)
  6. Our Oriental Heritage, Prefare പുറം (ix),
  7. സുകുമാർ അഴീക്കോട് (1993). "7-സ്വാതന്ത്ര്യപ്പിറ്റേന്ന്". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 138. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. Our Oriental Heritage - പുറം 53
  9. Our Oriental Heritage - പുറം 68
  10. Ceasar and Christ - പുറം 307
  11. Will Durant Online: The Gentle Philosopher - ലിങ്ക് മുകളിൽ
  12. Will Durant Online: The Gentle Philosopher
"https://ml.wikipedia.org/w/index.php?title=വിൽ_ഡുറാന്റ്&oldid=3645376" എന്ന താളിൽനിന്ന് ശേഖരിച്ചത്