ഏശയ്യായുടെ പുസ്തകം
ബി. സി. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ (740-700) [1] പ്രവാചകദൗത്യം നിറവേറ്റിയ ഏശയ്യാ പ്രവാചകന്റെ പേരിൽ അറിയപ്പെടുന്ന ബൈബിൾ ഗ്രന്ഥമാണ് ഏശയ്യായുടെ പുസ്തകം (Hebrew: Sefer Y'sha'yah ספר ישעיה). അദ്ധ്യായങ്ങളുടെ ഉള്ളടക്കവും കാലസൂചനകളും ഗണിക്കുമ്പോൾ ഏശയ്യായുടെ പുസ്തകം ഏക വ്യക്തിയുടെ തൂലികയിൽ നിന്നു വന്നതാകാൻ വിഷമമാണ്. ആധുനിക പണ്ഡിതന്മാർ ഈ പുസ്തകത്തെ 39 വരെ അദ്ധ്യായങ്ങൾ ചേർന്ന പൂർവ-ഏശയ്യാ(Proto-Isaiah), 40 മുതൽ 66 വരെ അദ്ധ്യായങ്ങൾ അടങ്ങിയ ഉത്തര-ഏശയ്യാ(Deutero Isaiah) എന്നിങ്ങനെ വിഭജിക്കുന്നു.[2]
പൂർവ-ഏശയ്യായിലാണ് എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി പശ്ചാത്തലമായുള്ള പ്രവചനങ്ങൾ. ഇക്കാലയളവിൽ യഥാക്രമം ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയ എന്നിവർ യൂദായിൽ ഭരണം നടത്തി (ഏശ 1:1). ഈ ഭാഗത്ത് പ്രവാചകൻ, പാപത്തിൽ മുഴുകിയ യൂദയായുടേയും ദൈവഹിതത്തിനെതിരു നിൽക്കുന്ന ലോകത്തിലെ മറ്റു രാഷ്ട്രങ്ങളുടേയും വിനാശം പ്രവചിക്കുന്നു. ഉത്തര-ഏശയ്യാ ഇസ്രായേലിന്റെ പുന:സ്ഥാപനം പ്രവചിക്കുന്നു. ഗ്രന്ഥകർത്താവ് അജ്ഞാതനായിരിക്കേ, ഉത്തര-ഏശയ്യായുടെ ആദ്യഖണ്ഡമായ 40-55 അധ്യായങ്ങളെ രണ്ടാം ഏശയ്യാ എന്നും തുടർന്നുള്ള 56-66 അധ്യായങ്ങളെ മൂന്നാം ഏശയ്യാ എന്നും വിളിക്കാറുണ്ട്. രണ്ടാം ഏശയ്യാ ബാബിലോണിൽ പ്രവാസത്തിൽ കഴിയുന്നവരെ സംബോധന ചെയ്യുന്നതായി കരുതപ്പെടുന്നു. മൂന്നാം ഏശയ്യായുടെ ശ്രോതാക്കൾ പ്രവാസം കഴിഞ്ഞ് ജറുസലെമിൽ തിരിച്ചെത്തിയ സമൂഹമായിരിക്കണം.
പൂർവ-ഏശയ്യാ
തിരുത്തുകപൂർവ-ഏശയ്യാ പോലും മുഴുവൻ ഒരേവ്യക്തിയുടെ രചനയല്ല. എന്നാൽ പിൽക്കാലസംശോധകരുടെ കൂട്ടിച്ചേർക്കലുകൾ ഏറെയുണ്ടെങ്കിലും ഈ ഭാഗം മുഖ്യമായും ബി.സി. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി പശ്ചാത്തലമായുള്ള പ്രവചനങ്ങളാണ്.
ഏശയ്യാ 1-12
തിരുത്തുകയഹൂദാക്കുള്ള ശിക്ഷാവിധി
തിരുത്തുകദൈവവുമായുള്ള ഉടമ്പടിബന്ധം സ്വന്തം അതിക്രമങ്ങളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കുമെന്നു വിശ്വസിക്കുന്ന യൂദയായിലെ ജനത്തേയും ഭരണാധികാരികളേയും ലക്‌ഷ്യമാക്കിയുള്ള അരുളപ്പാടുകളാണ് ആദ്യത്തെ പന്ത്രണ്ട് അദ്ധ്യായങ്ങളിൽ മുഖ്യമായുള്ളത്. ഉടമ്പടി ലംഘിച്ച് അനീതിയിലും ക്രൂരതയിലും വിഗ്രഹാരാധനയിലും മുഴുകിയവർ ഉടമ്പടിയിൽ വാഗ്ദത്തമായിരുന്ന ദൈവകൃപ നഷ്ടപ്പെടുത്തിയെന്ന് ഈ പ്രവചനങ്ങൾ വെളിപ്പെടുത്തുന്നു.
ശാന്തിയുടെ യുഗം
തിരുത്തുകഎന്നാൽ ദൈവകോപത്തിന്റേയും ശിക്ഷാവിധിയുടേയും പ്രവചനങ്ങൾക്കിടയിലും പ്രതീക്ഷയുണർത്തുന്ന സമാധാന സന്ദേശങ്ങളുമുണ്ട്. രണ്ടാം അദ്ധ്യായത്തിന്റെ തുടക്കത്തിൽ പ്രവാചകൻ ദൈവം ജനങ്ങൾക്കിടയിൽ ന്യായം വിധിക്കുകയും ജനപദങ്ങൾക്ക് തീർപ്പുകല്പ്പിക്കുകയും ചെയ്യുന്ന ശാന്തിയുടെ നാളുകളെക്കുറിച്ച് പറയുന്നു. അതിലെ ഏറ്റവും പ്രസിദ്ധമായ വാക്യം ഇതാണ്:
“ | അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ അരിവാളുകളായും അടിച്ചുപണിയും. ജനം ജനത്തിനെതിരെ വാൾ ഉയർത്തുകയില്ല. പിന്നീട് അവർ യുദ്ധം അഭ്യസിക്കുകയുമില്ല. | ” |
ഏശയ്യായുടെ പ്രസിദ്ധമായ ഇമ്മാനുവേൽ പ്രവചനങ്ങളും ഈ ഭാഗത്താണ്. സമാധാനത്തോടെ ഭരണം നടത്തുന്ന നീതിനിഷ്ഠനായ ഭാവിരാജാവിന്റെ യുഗത്തെക്കുറിച്ച് ഏഴും, ഒൻപതും, പതിനൊന്നും അദ്ധ്യായങ്ങളിലുള്ള ഈ പ്രവചനങ്ങളെ ക്രിസ്തീയചിന്ത യേശുവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്നു. പതിനൊന്നാമദ്ധ്യായത്തിലെ ശാന്തിസങ്കല്പം ജീവലോകത്തെ മുഴുവൻ തഴുകിനിൽക്കുന്നതാണ്. ധർമ്മിഷ്ഠത അരക്കച്ചയും വിശ്വസ്തത അരപ്പട്ടയും ആക്കിയ ഭാവിയിലെ രാജാവിന്റെ ഭരണത്തിന്റെ ചിത്രമാണ് അതിലുള്ളത്.
“ | ചെന്നായ് ചെമ്മരിയാടിനോടൊപ്പം പാർക്കും; പുള്ളിപ്പുലി ആട്ടിൻ കുട്ടിയോടൊപ്പം കിടക്കും; പശുക്കുട്ടിയും സിംഹവും കൊഴുത്ത മൃഗവും ഒന്നിച്ചു കഴിയും. ഒരു കൊച്ചുകുട്ടി അവയെ നയിക്കും. പശുവും കരടിയും ഒന്നിച്ചു മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും. കാളയെപ്പോലെ സിംഹം വൈക്കോൽ തിന്നും. മുലകുടിമാറാത്ത കുട്ടി സർപ്പത്തിന്റെ മാളത്തിൽ കളിക്കും. മുലകുടി മാറിയ കുട്ടി അണലിയുടെ മാളത്തിൽ കയ്യിടും. | ” |
നിയുക്തിദർശനം
തിരുത്തുകആറാം അദ്ധ്യായത്തിന്റെ തുടക്കത്തിൽ പ്രവാചകൻ തന്റെ നിയുക്തിയുടെ ദർശനം ചിത്രീകരിക്കുന്നു. അസാധാരണമായൊരു ദൈവാനുഭവത്തിന്റെ ആ നാടകീയവിവരണം ഇങ്ങനെയാണ്:-
“ | ഊസിയാരാജാവ് മരണമടഞ്ഞ വത്സരത്തിൽ ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ കർത്താവ് ഇരിക്കുന്നത് ഞാൻ കണ്ടു. അവന്റെ വസ്ത്രത്തിന്റെ തൊങ്ങലുകൾ ദേവാലയത്തിൽ നിറഞ്ഞിരുന്നു. അവനെ ചൂഴ്ന്ന് ആറു ചിറകുവീതമുള്ള സെറാഫുകൾ നിന്നിരുന്നു. രണ്ടു ചിറകു കൊണ്ട് മുഖവും, രണ്ടു ചിറകുകൊണ്ട് പാദവും അവ മറച്ചിരുന്നു. രണ്ട് ചിറക് അവ പറക്കാനും ഉപയോഗിച്ചിരുന്നു. ഒന്ന് മറ്റൊന്നിനോട് വിളിച്ചുപറഞ്ഞു: "പരിശുദ്ധൻ, പരിശുദ്ധൻ, സൈന്യങ്ങളുടെ കർത്താവ് പരിശുദ്ധൻ. അവന്റെ മഹത്ത്വം ഭൂമി മുഴുവൻ നിറഞ്ഞിരിക്കുന്നു." ആ വിളിച്ചുപറഞ്ഞവന്റെ ശബ്ദത്തിൽ ഉമ്മറപ്പടികളുടെ അസ്ഥിവാരങ്ങൾ വിറച്ചു. ആലയത്തിൽ ധൂമം നിറഞ്ഞു.
ഞാൻ പറഞ്ഞു: "എനിക്കുദുരിതം, ഞാൻ മരിക്കും. നിശ്ചയം. കാരണം ഞാൻ അശുദ്ധമായ അധരങ്ങളുള്ള മനുഷ്യനാണ്. അശുദ്ധമായ അധരങ്ങളുള്ളവരുടെ മദ്ധ്യേ വസിക്കുന്നവനുമാണ്. എന്റെ കണ്ണുകൾ സൈന്യങ്ങളുടെ കർത്താവായ രാജാവിനെ കണ്ടല്ലോ." അപ്പോൾ സെറാഫുകളിലൊന്ന്, ബലിപീഠത്തിൽ നിന്ന് ചവണകൊണ്ട് എടുത്ത തീക്കട്ടയും കയ്യിലേന്തി എന്റെ അടുക്കലേക്ക് പറന്നുവന്നു. എന്റെ വായിൽ അത് തൊടുവിച്ചിട്ട് സെറാഫ് പറഞ്ഞു: "ഇതാ നിന്റെ ചുണ്ടുകളെ ഇത് സ്പർശിച്ചിരിക്കുന്നു. നിന്റെ അപരാധം നീക്കിക്കളഞ്ഞിരിക്കുന്നു. നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു." അപ്പോൾ കർത്താവിന്റെ സ്വരം ഞാൻ ശ്രവിച്ചു: "ഞാൻ ആരെയാണ് അയക്കുക? നമുക്കുവേണ്ടി ആരാണ് പോകുക? അപ്പോൾ ഞാൻ പറഞ്ഞു: "ഇതാ ഞാൻ! എന്നെ അയക്കൂ."[3] |
” |
ഏശയ്യാ 13-27
തിരുത്തുകലോകരാഷ്ട്രങ്ങൾക്കെതിരായുള്ള അരുളപ്പാടുകളാണ് ഈ അദ്ധ്യായങ്ങളിൽ. ബാബിലോൺ, അസീറിയ, ഫിലിസ്തിയ, മൊവാബ്, ഡമാസ്കസ്, എത്യോപ്യ, ഈജിപ്ത്, ഏദോം, അറേബ്യ, കേദാർ തുടങ്ങിയ രാഷ്ട്രങ്ങൾക്കും നഗരങ്ങൾക്കും നേരേയാണ് ഈ പ്രവചനങ്ങളിലെ രോഷം. എന്നാൽ ശാപവചനങ്ങൾക്കിടയിൽ അനുഗ്രഹത്തിന്റെ സന്ദേശങ്ങളും വിതറിയിട്ടുണ്ട്. ഉദാഹരണത്തിന് ഈജിപ്തിന്റെ ഓഹരിയായി പറയുന്നത് കർത്താവിന്റെ പ്രഹരവും കർത്താവിൽ നിന്നു തന്നെയുള്ള സൗഖ്യവുമാണ്.
ഏശയ്യാ 28-39
തിരുത്തുകഈ വിഭാഗത്തിലെ ആദ്യ അദ്ധ്യായങ്ങളിൽ ഇസ്രായേലിന്റേയും യഹൂദായുടേയും അധർമ്മങ്ങളുടെ വിമർശനമാണ്. അസീറിയാരാജാവായ സെന്നാക്കെരിബിന്റെ ആക്രമണത്തിൽ നിന്ന് യെരുശലേം അത്ഭുതകരമായി രക്ഷിക്കപ്പെടുന്നതും കഠിനരോഗത്തിൽ മരണത്തിന്റെ വിളുമ്പിലെത്തിയ ഹെസക്കിയാ രാജാവിന് സൗഖ്യം ലഭിക്കുന്നതും, രാജാവിന്റെ രോഗവിവരം അന്വേഷിക്കാൻ ബാബിലോൺ രാജാവിന്റെ ദൂതന്മാർ യെരുശലേമിലെത്തുന്നതുമൊക്കെയാണ് ഒടുവിലത്തെ അദ്ധ്യായങ്ങളിൽ. ആ ദൂതന്മാർക്ക് തന്റെ പ്രൗഢി ബോധ്യം വരാനായി കൊട്ടാരത്തിലെ സംഭരണശാലകളിലെ ധനമൊക്കെ രാജാവ് കാട്ടിക്കൊടുത്തതറിഞ്ഞ പ്രവാചകൻ ആ ധനമത്രയും അടുത്ത തലമുറയിൽ ബാബിലോൺ രാജാവ് കൊള്ളയടിച്ചുകൊണ്ടുപോകുമെന്ന് പ്രവചിച്ചു. എന്നാൽ തന്റെ അവശേഷിച്ച ജീവിതകാലത്ത് ശാന്തി പുലരും എന്നതിന്റെ സൂചനയായി ഈ പ്രവചനത്തെ കണ്ട ഹെസക്കിയാ രാജാവ് ആഹ്ലാദിക്കുകയാണ് ചെയ്തത്.
ഉത്തര-ഏശയ്യാ
തിരുത്തുകഏശയ്യാ 40-55
തിരുത്തുകരണ്ടാം ഏശയ്യാ എന്നറിയപ്പെടുന്ന ഈ ഭാഗം ബി.സി. ആറാം നൂറ്റാണ്ടിൽ, ബാബിലോണിലെ പ്രവാസത്തിന്റെ അവസാനത്തിനടുത്ത് രചിക്കപ്പെട്ടതാണ്. [ക] "ബാബിലോണിയൻ അദ്ധ്യായങ്ങൾ" എന്നും അവയെ വിളിക്കാറുണ്ട്. ഈ ഭാഗത്തിന്റെ ശൈലിയും ദൈവശാസ്ത്രവും ഇതിനെ ഏശയ്യായുടെ പുസ്തകത്തിലെ ഏറ്റവും കെട്ടുറുപ്പുള്ള ഭാഗമാക്കുന്നു. ചരിത്രത്തേയും സ്രഷ്ടലോകത്തേയും ഗ്രസിച്ചുനിൽക്കുന്ന ദൈവത്തിന്റെ മഹത്ത്വമാണ് ഈ അദ്ധ്യായങ്ങൾ ആവർത്തിച്ച് വർണ്ണിക്കുന്നത്. പേർഷ്യൻ രാജാവായ സൈറസിന്റെ ഉയർച്ചയിൽ ബാബിലോണിന്റെ പതനത്തെ തുടർന്ന് ഒരു പുത്തൻ പുറപ്പാടിൽ പ്രവാസികൾ സ്വദേശത്തേക്കു മടങ്ങുന്നത് പ്രവാചകൻ കാണുന്നു. പീഡിതസേവകന്റെ(Suffering Servant) പരോക്ഷസഹനത്തിലൂടെ ലഭിക്കുന്ന സൗഖ്യത്തേയും വിജയത്തേയും ചിത്രീകരിക്കുന്ന ഈ അദ്ധ്യായങ്ങൾ ബൈബിളിലെ ഏറ്റവും മുന്തിയ പ്രവചനഖണ്ഡങ്ങളിൽ പെടുന്നു. [4]
ഏശയ്യാ 55-66
തിരുത്തുകപ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയവരെ ലക്‌ഷ്യമാക്കിയുള്ള പ്രവചനങ്ങളാണ് മൂന്നാം ഏശയ്യാ എന്നറിയപ്പെടുന്ന ഈ ആദ്ധ്യായങ്ങളിൽ. മടങ്ങിയെത്തിയ പ്രവാസികളെ നീതിയും ധാർമ്മികതയും പുലരുന്ന ഒരു സമൂഹമായി രൂപപ്പെടുത്തിയെടുക്കുന്നതിനെക്കുറിച്ചാണ് ഈ പ്രവചനങ്ങളിലെ വ്യഗ്രത. ഇവിടെ പ്രവാചകൻ ദരിദ്രരുടേയും പീഡിതരുടേയും പക്ഷം ചേരുന്നു. ഈ പ്രവചനങ്ങൾ ദൈവജനത്തിന്റെ അടിസ്ഥാനം വിപുലമാക്കി പരദേശികളേയും ഷണ്ഡന്മാരേയും പോലും അതിലെ അംഗങ്ങളായി കാണുന്നു. അവ വിനയത്തിനും പശ്ചാത്താപത്തിനും ദഹനബലിയേക്കാൾ വില കല്പിക്കുന്നു. നേരത്തേ യുദ്ധവീരനായിരുന്ന ദൈവം ഇവിടെ പിതാവാകുന്നു. രോഷത്തിന്റെ മുന്തിരിച്ചക്ക്(Grapes of wrath) ഒറ്റക്ക് ചവിട്ടി വിജയശ്രീലാളിതനായി രക്താംബരത്തിൽ കവാത്ത് ചെയ്ത് വരുമ്പോഴും അവന്റെ വാക്കുകളിൽ യുദ്ധവിജയത്തിന്റെ ആഹ്ലാദമില്ല.
ഗ്രന്ഥം സമാപിക്കുന്നത് പേടിപ്പെടുത്തുന്ന ഈ വാക്യത്തിലാണ്.(66:24) "അവർ ചെന്ന് എന്നെ എതിർത്തവരുടെ ജഡങ്ങൾ കാണും. അവയിലെ പുഴുക്കൾ ചാവുകയോ അവയുടെ അഗ്നി ശമിക്കുകയോ ഇല്ല. എല്ലാവർക്കും അത് ഒരു ബീഭത്സദൃശ്യമായിരിക്കും." ആരാധനക്കിടയിൽ ഏശയ്യായുടെ ഗ്രന്ഥം വായിക്കുമ്പോൾ അതിന്റെ സമാപ്തി ബീഭത്സമായ ഈ വാക്യത്തിലാകാതിരിക്കാൻ യഹൂദപാരമ്പര്യം ശ്രദ്ധിച്ചിരുന്നു. ഈ വാക്യത്തിനുശേഷം, അതിനു മുൻപ് വരുന്ന പുതിയ ആകാശത്തേയും പുതിയ ഭൂമിയേയും സംബന്ധിച്ച വാക്യം(66:22) ആവർത്തിക്കുകയായിരുന്നു പതിവ്.[4]
നാലു സേവകഗാനങ്ങൾ
തിരുത്തുകഏശയ്യായുടെ പുസ്തകത്തിലെ പീഡിതസേവകന്റെ ഗാനങ്ങൾ ആദ്യമായി തിരിച്ചറിഞ്ഞത് 1892-ൽ ജർമ്മൻ ദൈവശാസ്ത്രജ്ഞൻ ബെർണാർഡ് ദുമിന്റെ വ്യാഖ്യാനമാണ്. യഹോവയുടെ ഒരു സേവകനെക്കുറിച്ച് ഉത്തര ഏശയ്യായിലുള്ള നാലു ഗാനങ്ങളാണിവ. ജനതകളെ നയിക്കാനായി യഹോവയുടെ നിയോഗം കിട്ടിയവനെങ്കിലും സേവകൻ കഠിനമായി പീഡിപ്പിക്കപ്പെടുന്നു. സ്വയം പരിത്യജിച്ച് മറ്റുള്ളവരുടെ ഓഹരിയായ ശിക്ഷ ഏറ്റുവാങ്ങുന്ന അയാൾ ഒടുവിൽ സമ്മാനിതനാവുന്നു. യഹൂദപാരമ്പര്യം സേവകൻ യഹൂദജനതയെത്തന്നെ സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കുന്നു.[5] മിക്കവാറും ആധുനികപണ്ഡിതന്മാർ ഈ നിലപാടിനെ അംഗീകരിക്കുന്നു.[6] എന്നാൽ സേവകൻ മറ്റുവഴിക്ക് അറിയപ്പെടാത്ത ഒരുവ്യക്തിയും, ഗാനങ്ങൾ രചിച്ചത് അയാളുടെ ഏതോ ശിഷ്യനും ആണെന്ന നിലപാടാണ് ദും സ്വീകരിച്ചത്. സേവകൻ സെറുബ്ബാബൽ, ഇസ്രായേൽ രാജാവായിരുന്ന ജെഹോയിയാച്ചിൻ, മോശെ എന്നിവരൊക്കെയാണെന്ന് വാദമുണ്ട്. കുഷ്ഠരോഗം ബാധിച്ച ഒരാളായിരിക്കാം ഈ ഗാനങ്ങൾ എഴുതിയതെന്നും ദും കരുതി. പരമ്പരാഗതമായ ക്രൈസ്തവവ്യാഖ്യാനത്തിൽ ഈ ഗാനങ്ങളിലെ പീഡിതസേവകൻ മനുഷ്യവംശത്തിന്റെ പാപങ്ങൾക്ക് പരിഹാരമായി സ്വയം ബലിയർപ്പിച്ച യേശുക്രിസ്തുവാണ്.[6]
ഒന്നാം ഗാനം
തിരുത്തുകഭൂമിയിൽ സമാധാനം സ്ഥാപിക്കാൻ പോകുന്ന തന്റെ സേവകനെക്കുറിച്ചുള്ള യഹോവയുടെ വാക്കുകളാണ് ഈ ഗാനത്തിൽ. സേവകൻ ന്യായപാലനത്തിൽ ദൈവത്തിന്റെ കാര്യസ്ഥനാണ്. പ്രവാചകനും ഭരണാധികാരിയുമെന്ന നിലയിൽ അയാൾ നീതിക്കുവേണ്ടി നിലകൊള്ളുന്നു. എന്നാൽ നീതിനടപ്പാക്കുന്നത് രാജശാസനങ്ങൾ വഴിയോ ശക്തിപ്രയോഗത്തിലൂടേയോ അല്ല. സാധാരണ പ്രവാചകരുടെ രീതിയിൽ, പൊതുവീഥികളിൽ രക്ഷ പ്രഖ്യാപിക്കുകയല്ല അയാൾ. യഥാർത്ഥ ധാർമ്മികതയുടെ സ്ഥാപനത്തിനായി അയാൾ ആത്മവിശ്വാസത്തോടെ കോലാഹലമില്ലാതെ പ്രവർത്തിക്കുന്നു.[7]
രണ്ടാം ഗാനം
തിരുത്തുകരണ്ടാം ഗാനം സേവകന്റെ തന്നെ വാക്കുകളാണ്. ജനിക്കുന്നതിനുമുൻപേ ഇസ്രായേലിനേയും മറ്റു ജനതകളേയും നയിക്കാനായി കർത്താവ് തന്നെ തെരഞ്ഞെടുത്തിരുന്നു എന്നാണ് ഇതിൽ അയാൾ പറയുന്നത്. ജനത്തെ തനിക്കായി വീണ്ടെടുക്കാൻ കർത്താവിന്റെ നിയോഗം കിട്ടിയ പ്രവാചകനാണ് ഈ ഗാനത്തിൽ സേവകൻ. എന്നാൽ അയാളെ കാത്തിരിക്കുന്നത് തിരിച്ചടികളാണ്. രാഷ്ട്രീയമോ സൈനികമോ ആയ നടപടികളല്ല, അന്യജനതകൾക്ക് മാർഗ്ഗദീപമാകുന്നതാണ് വിജയത്തിലേക്കുള്ള അയാളുടെ വഴി. സേവകന്റെ അന്തിമവിജയം കർത്താവിന്റെ കരങ്ങളിലാണ്.[8]
മൂന്നാം ഗാനം
തിരുത്തുകമൂന്നാം ഗാനത്തിന്റെ ഭാവം ഇരുണ്ടതെങ്കിലും അതിൽ ആത്മവിശ്വാസം നിറഞ്ഞുനിൽക്കുന്നു. മർദ്ദനവും അപമാനവും സഹിക്കേണ്ടിവരുമ്പോഴും കർത്താവിന്റെ വഴിയിൽ പിൻനോട്ടമില്ലാതെ, സ്ഥിരതയോടെ നിൽക്കുന്നവനാണ് ഇതിൽ സേവകൻ. പരിഭ്രാന്തർക്ക് അയാളുടെ വാക്കുകൾ ആശ്വാസം പകരുന്നു. അയാളുടെ നീതീകരണം ദൈവത്തിന്റെ കരങ്ങളിലാണ്.[9]
നാലാം ഗാനം
തിരുത്തുകനാലുഗാനങ്ങളിലെ ഏറ്റവും ദീർഘവും പ്രസിദ്ധമായതും അവസാനത്തെ ഈ ഗാനമാണ്. ഇതിൽ കർത്താവ് സേവകന്റെ നിയോഗം വിവരിക്കുന്നു (ഏശയ്യാ 53). മറ്റുള്ളവർക്കുവേണ്ടി നിലകൊള്ളുന്ന അയാൾ ഏറ്റെടുത്തത് അവരുടെ ശിക്ഷകളും രോഗങ്ങളുമാണ്. അവസാനം ഉന്നതമായ സ്ഥാനം അയാൾക്ക് സമ്മാനമായി കിട്ടുന്നു. ഈ ഗാനത്തിന്റെ പലഭാഗങ്ങളിലും "നാം", "നമ്മുടെ", "നമ്മെ", "നമുക്ക്" എന്നീ വാക്കുകളിൽ, തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ഒരു കൂട്ടായ്മ പരാമർശിക്കപ്പെടുന്നുണ്ട്. ഗാനത്തിന്റെ ആദ്യഭാഗത്ത് ആ കൂട്ടായ്മ വിലയിരുത്തപ്പെടുന്നത് പ്രതികൂലമായ രീതിയിലാണ്: "നാം" അദ്ദേഹത്തെ വിലമതിച്ചില്ല, "പലർക്കും" അദ്ദേഹം ഇടർച്ചക്ക് കാരണമായി; "നമ്മെ" ആകർഷിക്കുന്നതൊന്നും അദ്ദേഹത്തിൽ ഇല്ലായിരുന്നു. എന്നാൽ സേവകന്റെ മരണത്തോടെ "നമ്മുടെ" നിലപാട് മാറുന്നു: സേവകൻ വഹിച്ചത് "നമ്മുടെ" അനീതികളും രോഗങ്ങളുമായിരുന്നു; അദ്ദേഹത്തിന്റെ മുറിവുകൾ "നമുക്ക്" സൗഖ്യം നൽകി. മരണാനന്തരം യഹോവ സേവകനെ നീതീകരിക്കുന്നു. മറ്റുള്ളവർക്കുവേണ്ടി സഹിക്കുന്ന സേവകനെക്കുറിച്ചുള്ള ഈ ഗാനം രക്ഷകനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളിൽ പെടുന്നതായി ക്രിസ്ത്യാനികൾ കരുതുന്നു.
'ഏശയ്യാമാർ'
തിരുത്തുകപ്രവാചകന്മാരുടെ പേരിലുള്ള പതിനഞ്ചു ബൈബിൾ ഗ്രന്ഥങ്ങളിൽ മുഖ്യമായതും ആദ്യത്തേതും ഏശയ്യായുടെ പുസ്തകമാണ്. സ്വന്തം പേരിൽ പ്രവചനഗ്രന്ഥമുള്ള പ്രവാചകന്മാരിൽ ഏറ്റവും പ്രസിദ്ധനും ഏശയ്യാ തന്നെ. ഗ്രന്ഥനാമത്തിനു പിന്നിലുള്ള വ്യക്തിയെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. ബി.സി. എട്ടാം നൂറ്റാണ്ട് അവസാനം അദ്ദേഹം യെരുശലേമിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ഏശയ്യാ, ആമോസിന്റെ പുത്രനായിരുന്നെന്ന് പുസ്തകത്തിൽ സൂചനയുണ്ട്(അദ്ധ്യായം 1:1, 2:1). പ്രവാചകൻ ആമോസായിരുന്നു ഏശയ്യായുടെ പിതാവെന്ന് സഭാപിതാക്കന്മാരിൽ പലരും ധരിക്കാൻ ഇത് ഇടയാക്കി. ആമോസിന്റെ പുസ്തകത്തിനെഴുതിയ വ്യാഖ്യാനത്തിന്റെ ആമുഖത്തിൽ സഭാപിതാവായ ജെറോം ഈ തെറ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്.[10] രാജാക്കന്മാർ, പുരോഹിതമുഖ്യനായ ഊറിയാ തുടങ്ങിയവരുമായി ഇടപെടുമ്പോൾ കാട്ടുന്ന സ്വാതന്ത്ര്യത്തിൽ നിന്ന്, ഉന്നതകുലജാതനായിരുന്നു അദ്ദേഹം എന്ന് അനുമാനിക്കാം. [11] പ്രവാചകൻ വിവാഹിതനായിരുന്നു. ഗ്രന്ഥത്തിലൊരിടത്ത് അദ്ദേഹം ഭാര്യയെ പരാമർശിക്കുന്നത് 'പ്രവാചിക' എന്നാണ്. അവർക്ക് രണ്ട് ആണ്മക്കളെങ്കിലും ഉണ്ടായിരുന്നു. മക്കളുടെ പേരുകൾ പോലും പ്രവാചകന്റെ ദൗത്യവുമായി ബന്ധപ്പെട്ടവയായിരുന്നു.[ഖ]
ഏശയ്യായുടെ പുസ്തകം മുഴുവനായി എട്ടാം നൂറ്റാണ്ടിലെ പ്രവാചകന്റെ രചനയാണെന്നായിരുന്നു പരമ്പരാഗതവിശ്വാസം. എന്നാൽ ആധുനികപണ്ഡിതന്മാർ അതിനെ കാലക്രമത്തിൽ വികസിച്ചുവന്ന ഒരു കൃതിയായി കണക്കാക്കുന്നു. രണ്ടോ മൂന്നോ പേരുടെ രചനകളുടെ മാത്രം ശേഖരം പോലുമല്ല അത്. ഒട്ടേറെ നദികളിലും ഉപനദികളിൽ നിന്നും വെള്ളം വന്നെത്തി നിറയുന്ന ഒരു തടാകത്തിനോടുപമിക്കാവുന്ന ശേഖരങ്ങളുടെ ശേഖരമെന്ന്(Collection of collections) അത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[12]
40 മുതൽ 55 വരെ അദ്ധ്യായങ്ങളുടെ പശ്ചാത്തലം ബാബിലോൺ ആണെന്ന് മുന്നേ അറിയാമായിരുന്നു. പ്രവാചകന്മാർ ചരിത്രസംഭവങ്ങളെ നൂറ്റാണ്ടുകൾക്കുമുൻപേ ദൈവപ്രചോദനത്തിൽ പ്രവചിക്കുന്നവരായി കരുതപ്പെട്ടിരുന്നപ്പോൾ, എട്ടാം നൂറ്റാണ്ടിലെ യഹൂദായിൽ ജീവിച്ചിരുന്ന പ്രവാചകന്റെ രചനയിൽ ആറാം നൂറ്റാണ്ടിലെ ബാബിലോൺ പശ്ചാത്തലമായ സംഭവങ്ങൾ കാണുന്നത് സ്വാഭാവികമായി തോന്നിയിരിക്കണം. ഈ അദ്ധ്യായങ്ങളിലെ സംഭവങ്ങളെന്നപോലെ അവയുടെ രചനയും ആറാം നൂറ്റാണ്ടിലെ ബാബിലോണിലാണ് നടന്നിരിക്കുക എന്ന് ആദ്യം നിർദ്ദേശിക്കപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടിലാണ്. പ്രവാചകന്മാർക്ക് ഭവിഷ്യജ്ഞാനം നൽകാനുള്ള ദൈവത്തിന്റെ കഴിവിന്റെ നിഷേധമാണ് ഈ നിലാപാടെന്ന് വിമർശനമുണ്ട്. എന്നാൽ, പ്രവാസികളുടെ പുന:സ്ഥാപനത്തെക്കുറിച്ചുള്ള അരുളപ്പടുകൾ പ്രസക്തമായിരുന്നത് പ്രവാസത്തിനുമുൻപത്തെ എട്ടാം നൂറ്റാണ്ടിലെ യൂദയായിലല്ല, ജന്മനാട്ടിലേക്ക് മടങ്ങിപ്പോകാൻ അവസരം പാർത്തിരുന്ന ബാബിലോണിലെ പ്രവാസികൾക്കിടയിലാണ് എന്നാണ് ഈ വിമർശനത്തിന് മറുപടി.[13]
ഏശയ്യായും ക്രിസ്തുമതവും
തിരുത്തുകതന്റെ ദൗത്യത്തിന്റെ തുടക്കത്തിൽ ഗലീലായിൽ സ്വന്തം പട്ടണമായ നസറത്തിലെ സിനഗോഗിൽ ഒരു സാബത്തുദിവസം പ്രാർത്ഥിക്കാനെത്തിയ യേശു തനിക്കുകിട്ടിയ പ്രവചനച്ചുരുളിൽ നിന്ന് ഉത്തര-ഏശയ്യായുടെ രണ്ടാം ഖണ്ഡത്തിലെ ഒരു ഭാഗം വായിക്കുന്നതായി ലൂക്കായുടെ സുവിശേഷത്തിൽ പറയുന്നു. "കർത്താവായ ദൈവത്തിന്റെ അരൂപി എന്നിലുണ്ട്. കാരണം പീഡിതർക്ക് സദ്വാർത്ത എത്തിക്കാൻ കർത്താവ് എന്നെ അഭിഷേചിച്ചിരിക്കുന്നു"( ഏശയ്യാ 61:1) എന്നിങ്ങനെയാണ് ആ ഭാഗം തുടങ്ങുന്നത്.[14] വായനയുടെ സമാപ്തിയിൽ, അതിലെ പ്രവചനം തന്റെ ദൗത്യത്തിൽ നിറവേറി എന്ന് യേശു അവകാശപ്പെടുന്നു.
എബ്രായ ബൈബിളിലെ ഗ്രന്ഥങ്ങളിൽ സങ്കീർത്തനങ്ങളെ ഒഴിച്ചുനിർത്തിയാൽ, ഏറ്റവുമേറെ ഉദ്ധരണികൾ പുതിയനിയമത്തിലുള്ളത് ഏശയ്യായുടെ പുസ്തകത്തിൽ നിന്നാണ്. ക്രിസ്തീയ വിശ്വാസസംഹിത അതിന്റെ ഭാഷക്കും പ്രതീകങ്ങൾക്കും ഏശയ്യായോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഏശയ്യായുടെ പുസ്തകത്തെ, നാലുസുവിശേഷങ്ങൾക്കു പുറമേയുള്ള അഞ്ചാം സുവിശേഷം എന്നുപോലും വിശേഷിപ്പിക്കാറുണ്ട്. യേശുവിന്റെ ജീവിതത്തെ, മുന്നേ നടന്നുകഴിഞ്ഞ കാര്യം വർണ്ണിക്കുന്ന കൃത്യതയോടെ ഏശയ്യാ ചിത്രീകരിച്ചു എന്ന് സഭാപിതാവായ ജെറോം കരുതി. ക്രിസ്തീയ ആരാധനയേയും ദൈവശാസ്ത്രത്തേയും ഏശയ്യാ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
കത്തോലിക്കാ സഭയുടെ രണ്ടാം വത്തിക്കാൻ സൂനഹദോസ് സമാധനത്തേയും സാമൂഹ്യനീതിയേയും സംബന്ധിച്ച പ്രമാണരേഖയിൽ പൂർവ ഏശയ്യായെ ഉദ്ധരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ വിമോചനദൈവശാസ്ത്രവും, സ്ത്രീപക്ഷവാദവും(feminism) അവയുടെ നിലപാടുകളെ പിന്തുണക്കുന്ന പാഠങ്ങൾ ഏശയ്യായിൽ കണ്ടെത്തി.[4]
വിലയിരുത്തൽ
തിരുത്തുകബൈബിളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രവചനങ്ങളുടെ ഏറ്റവും ഉദാത്തമായ മാതൃകയാണ് ഏശയ്യായുടെ പുസ്തകം. ഭൂമിയെ മുഴുവൻ നീതിയും സമാധാനവും കൊണ്ടുപൊതിയുന്ന ദൈവത്തിന്റെ ശാസനത്തെ അത് സ്വപ്നം കാണുന്നു. എബ്രായപ്രവാചകപാരമ്പര്യം ഏശയ്യായിൽ അതിന്റെ പരകോടിയിലെത്തുന്നു. [15]അനുഷ്ഠാനമാത്രമായ മതാത്മകതയുടെ കഠിനവിമർശനവും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ശക്തമായ വാദവും ഏശയ്യായെ ശ്രദ്ധേയനാക്കുന്നു. ദരിദ്രരെ ഇടിച്ചുപിഴിഞ്ഞിട്ട് ലോകത്തിനുമുൻപിൽ ഭക്തിയുടെ പൊയ്മുഖം അണിയുന്നവർക്കുനേരേയുള്ള ദൈവകോപത്തിന്റെ സംവാഹകനാണ് ഈ പ്രവാചകൻ:[16]
“ | കർത്താവ് ചോദിക്കുന്നു: നിങ്ങൾ അർപ്പിക്കുന്ന അനേകം യാഗങ്ങൾ എനിക്കെന്തിന്? ആണാടുകളെ ഹോമിക്കുന്ന ബലികളും വളർത്തുമൃഗങ്ങളുടെ മേദസ്സും എനിക്കു വേണ്ടുവോളമായി. കാളകളുടേയും ചെമ്മരിയാടുകളുടേയും രക്തത്തിൽ ഞാൻ പ്രസാദിക്കുന്നില്ല. വ്യർത്ഥമായ വഴിപാടുകൾ ഇനി കൊണ്ടുവരരുത്. ധൂപം എനിക്കു അറപ്പാണ്. നിങ്ങളുടെ ദുഷിച്ച സമ്മേളനങ്ങൾ എനിക്ക് പൊറുത്തുകൂടാ. അവ എനിക്കു ഭാരമായിരിക്കുന്നു. അവ ചുമന്നു ഞാൻ മടുത്തു. നിങ്ങളുടെ കൈകളിൽ നിറയെ രക്തമാണ്. തിന്മയിൽ നിന്ന് വിരമിക്കൂ. നന്മ ചെയ്യാൻ പഠിക്കൂ. നീതി അന്വേഷിക്കൂ; മർദ്ദകനെ തിരുത്തൂ; അനാഥനെ സംരക്ഷിക്കൂ; വിധവക്കുവേണ്ടി വാദിക്കൂ.[17] | ” |
സൈനികശക്തിയുടെ യുഗത്തിൽ ഇല്ലാത്തവന്റെ സർവാധിപത്യം (dictatorship of the dispossessed) എന്ന ആശയം മുന്നോട്ടുവച്ച ഏശയ്യായേയും ആമോസിനേയും പോലുള്ള പ്രവാചകന്മാരിലാണ് ക്രിസ്തുമതത്തിന്റേയും സോഷ്യലിസത്തിന്റേയും തുടക്കം എന്ന് വിൽ ഡുറാന്റ് പറയുന്നു. [16]
ബൈബിളിലെ മിക്കവാറും പ്രവചനഗ്രന്ഥങ്ങളിലെന്നപോലെ ഇതിലും അന്യജനതകൾക്കും രാഷ്ട്രങ്ങൾക്കും എതിരായുള്ള വിനാശത്തിന്റെ പ്രവചനങ്ങൾ ഏറെയുണ്ട്. ശാപത്തിന്റെ ആ ലുത്തിനിയകൾ(litany of curses)[16] നീതിക്കുവേണ്ടിയുള്ള ദാഹം കൊണ്ട് നിറഞ്ഞ ഈ കൃതിയിൽ അപശ്രുതിയായി നിൽക്കുന്നു. ആധുനികകാലത്തെ ശപ്തവസ്തുവായ പ്രചാരണസാഹിത്യത്തേയാണ്(that evil stuff, the propaganda literature) പ്രവചനഗ്രന്ഥങ്ങളിലെ അത്തരം ഭാഗങ്ങൾ വായനക്കാരെ ഓർമ്മിപ്പിക്കുന്നതെന്ന് എച്ച്.ജി.വെൽസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[15][ഗ]
കുറിപ്പുകൾ
തിരുത്തുകക.^ ഗൗതമബുദ്ധന്റേയും രണ്ടാം ഏശയ്യായുടേയും പ്രബോധനകാലം ഒന്നായിരുന്നെന്ന് എച്ച്.ജി. വെൽസ് എഴുതിയിട്ടുണ്ട്. "Gauthama Buddha taught his deciples at Benaras in India about the same time that Isaiah was prophesying among the Jews in Babylon and Heraclitus was carrying on his speculative inquiries into the nature of things at Ephesus." [15]
ഖ. ^ മാഹർഷലാൽഹഷ്ബാസ് എന്നായിരുന്നു രണ്ടാമത്തെ പുത്രന്റെ പേര്. "കൊള്ള വേഗമാകാൻ അവൻ ഇരയെ പായിക്കുന്നു" എന്നാണ് ആ പേരിനർത്ഥം. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള പേരുകളിൽ ഏറ്റവും വലുതാണ് ഈ പേരെന്ന് വാദമുണ്ട്.
ഗ. ^ "The intelligent reader of the prophetic books will find much hate in them, much prejudice, and much that remind him of that evil stuff, the propaganda literature of the present time."[15]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-15. Retrieved 2008-05-15.
- ↑ Cate, Robert L. (1990b). "Isaiah, book of". In Mills, Watson E.; Bullard, Roger Aubrey (eds.). Mercer Dictionary of the Bible. Mercer University Press. ISBN 9780865543737.
- ↑ ഓശാന മലയാളം ബൈബിൾ
- ↑ 4.0 4.1 4.2 Book of Isaiah - Oxford Companion to the Bible
- ↑ Jews for Judaism, "Jews for Judaism FAQ Archived 2008-06-05 at the Wayback Machine.," Accessed 2006-09-13. See also Ramban in his disputation.
- ↑ 6.0 6.1 "സേവകഗാനങ്ങൾ" Cross, F. L., ed. ഓക്സ്ഫോർഡ് ക്രിസ്തുമത നിഘണ്ടു. New York: Oxford University Press. 2005
- ↑ ഏശയ്യാ 42:1-7
- ↑ ഏശയ്യാ 49:1-6
- ↑ ഏശയ്യാ 50:4-9
- ↑ Isaias - New Advent Catholic Encyclopedia [1]
- ↑ Jewish Encyclopedia.com - ISAIAH
- ↑ The Literary Guide to the Bible-ൽ ഏശയ്യായെക്കുറിച്ച് Luis Alonso Schokel എഴുതിയ ലേഖനത്തിന്റെ തുടക്കം
- ↑ The Cambridge Companion to the Bible-ൽ ഏശയ്യാ 40-55-നെക്കുറിച്ചുള്ള ലേഖനം - പുറം 175
- ↑ ലൂക്കാ എഴുതിയ സുവിശേഷം 4:16-21
- ↑ 15.0 15.1 15.2 15.3 HG Wells, A Short History of the World
- ↑ 16.0 16.1 16.2 വിൽ ഡുറാന്റ് - നമ്മുടെ പൗരസ്ത്യപൗതൃകം - സംസ്കാരത്തിന്റെ കഥ ഒന്നാം ഭാഗം(പുറം 318)
- ↑ ഏശയ്യാ 1:11-17