ബൈബിളിലെ ഉത്തരകാനോനിക ഗ്രന്ഥങ്ങളിൽ (അപ്പോക്രിഫ) ഒന്നാണ് ജ്ഞാനം. വിജ്ഞാനം, സോളമന്റെ വിജ്ഞാനം എന്നീ പേരുകളിലും ഈ ഗ്രന്ഥം അറിയപ്പെടുന്നു. യഹൂദവേദസഞ്ചയത്തിന്റെ പ്രാചീന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ ഉൾപ്പെട്ടിട്ടുള്ള ഏഴു ജ്ഞാനപ്രബോധന രചനകളിൽ (sapiential writings) ഒന്നാണിത്. ഈ വിഭാഗത്തിൽ പെടുന്ന ഇതരരചനകൾ ഇയ്യോബിന്റെ പുസ്തകം, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ, സഭാപ്രസംഗി, ഉത്തമഗീതം, സിറാക്കിന്റെ വിജ്ഞാനം എന്നിവയാണ്. യഹൂദരും പ്രൊട്ടസ്റ്റന്റുകളും ഒരു സന്ദിഗ്ദ്ധരചനായി കണക്കാക്കുന്ന ഈ കൃതിയെ കത്തോലിക്കാ സഭയും മിക്കവാറും ഓർത്തഡോക്സ് സഭകളും കാനോനികമായി മാനിക്കുന്നു.[1]

രണ്ടാം നൂറ്റാണ്ടിൽ യഹൂദരും ക്രിസ്ത്യാനികളും ഒരു പോലെ ഈ രചനയെ കാനോനികമായി കരുതിയിരുന്നെന്ന് സാർദിസിലെ മെത്രാനായിരുന്ന വിശുദ്ധ മെലിത്തോ സാക്ഷ്യപ്പെടുത്തുന്നു.[2] ഈ രചനയുടെ ഒരു എബ്രായപരിഭാഷയുടെ കാര്യം പതിമൂന്നാം നൂറ്റാണ്ടിലെ യഹൂദമനീഷി നഹ്മാനിഡിസ് തന്റെ പഞ്ചഗ്രന്ഥിവ്യാഖ്യാനത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.

ബിസി ഒന്നാം നൂറ്റാണ്ടിലോ എഡി ഒന്നാം നൂറ്റാണ്ടിലോ അലക്സാണ്ഡ്രിയയിലെ ഒരു യവനീകൃത യഹൂദൻ എഴുതിയതാകാം ഇത്. നഗരത്തിലെ സംസ്കാരവൈവിദ്ധ്യത്തിന്റെ പശ്ചാത്തലത്തിൽ ജീവിച്ചിരുന്ന സ്വമതസ്ഥരെ, പരമ്പാരാഗത ധാർമ്മികതയോടു വിശ്വസ്തത പുലർത്താൻ പ്രബോധിപ്പിക്കുക എന്നതായിരുന്നിരിക്കാം രചനാലക്ഷ്യം.[1]

യഹൂദസങ്കല്പത്തിലെ ദൈവികജ്ഞാനത്തെ യവനചിന്തയിലെ ദാർശനികജ്ഞാനത്തിനു പകരമായി അവതരിപ്പിക്കുന്ന ഗ്രന്ഥകാരൻ യവനദർശനത്തിലെ തന്നെ 'നിർഗ്ഗളനസിദ്ധാന്തം' (theory of emanations), 'മാതൃകകളുടെയും ആദിരൂപങ്ങളുടേയും (Types and Archetypes) സിദ്ധാന്തം' എന്നിവയും, യവനപശ്ചാത്തലമുള്ള ഒട്ടേറെ രൂപകങ്ങളും കടമെടുക്കുന്നു. ചുറ്റുമുള്ള സംസ്കാരത്തിന്റെ തിരസ്കാരത്തിന് യഹൂദരെ ആഹ്വാനം ചെയ്യുന്നതിന് ഗ്രന്ഥകാരൻ ആയുധമാക്കുന്നത് ആ സംസ്കാരത്തിന്റെ തന്നെ ഭാഷയും, പ്രസംഗകതയും, വാദമുഖങ്ങളുമാണ്. അതിനാൽ ഈ കൃതിയുടെ മികവും തികവും, ഗ്രെക്കോ-റോമൻ സംസ്കാരത്തിന്റേയും യഹൂദമതത്തിന്റേയും സഹവാസം എത്ര കെട്ടുപിണഞ്ഞതും വിഷമകരവും ആയിരുന്നെന്നു കൂടി കാട്ടിത്തരുന്നതായി കേംബ്രിഡ്ജ് ബൈബിൾ സഹകാരി ചൂണ്ടിക്കാട്ടുന്നു.[3]

ബിസി രണ്ടാം നൂറ്റാണ്ടിൽ എബ്രായഭാഷയിൽ എഴുതപ്പെട്ട് പിന്നീട് ഗ്രീക്കു പരിഭാഷയിൽ മാത്രം ലഭ്യമായിത്തീർന്ന മറ്റൊരു ഉത്തരകാനോനിക രചനയായ സിറാക്കിന്റെ വിജ്ഞാനത്തിൽ നിന്ന് ഈ രചനയെ വേർതിരിച്ചു കാണേണ്ടതുണ്ട്.

  1. 1.0 1.1 സോളമന്റെ വിജ്ഞാനം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിലെ ലേഖനം (പുറങ്ങൾ 803-5)
  2. "CHURCH FATHERS: Church History, Book IV (Eusebius)". Newadvent.org. Retrieved 2010-07-10.
  3. സോളമന്റെ വിജ്ഞാനം, കേംബ്രിഡ്ജ് ബൈബിൾ സഹകാരിയിലെ ലേഖനം (പുറങ്ങൾ 406-7)
"https://ml.wikipedia.org/w/index.php?title=ജ്ഞാനം_(ബൈബിൾ)&oldid=3088652" എന്ന താളിൽനിന്ന് ശേഖരിച്ചത്