എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികൾ പഴയനിയമം എന്നു വിളിക്കുന്ന ലിഖിതസഞ്ചയത്തിലേയും ഒരു ഗ്രന്ഥമാണ് മിക്കായുടെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ"(minor prophets) എന്ന വിഭാഗത്തിലെ ആറാമത്തെ ഗ്രന്ഥമായാണ് മിക്കവാറും ബൈബിൾ സംഹിതകളിൽ ഇതു കാണുന്നത്. ഗ്രന്ഥകർത്താവായ മിക്കാ, യെരുശലേമിനു തെക്കുപടിഞ്ഞാറുള്ള മൊരേഷെത്തിൽ ജനിച്ച്, യോഥാം, ആഹാസ്, ഹെസക്കിയ എന്നീ യൂദയാ രാജാക്കന്മാരുടെ കാലത്തു പ്രവചനം നടത്തിയവാനാണെന്ന് ഇതിന്റെ ആദ്യവാക്യത്തിൽ തന്നെ പറയുന്നു. അതിനാൽ ഈ പ്രവാചകൻ യഹൂദരുടെ പ്രവാചകപാരമ്പര്യത്തിൽ ഏറ്റവും പേരുകേട്ടവനായ ഏശയ്യായുടെ സമകാലീനനായിരുന്നിരിക്കാം.[1] ക്രി.മു. എട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിൽ, വിഭക്ത ഇസ്രായേലിലെ ഉത്തരരാജ്യം അസീറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നതിനു ശേഷമുള്ള കാലമാണ് ഈ രചനയിലെ പ്രവചനങ്ങളുടെ പശ്ചാത്തലം.


ഏശയ്യായുടെ സമകാലീനൻ ആയിരുന്നിരിക്കാമെങ്കിലും തലസ്ഥാനത്തെ ഉപരിവർഗ്ഗത്തിൽ നിന്നുള്ള നാഗരികനായിരുന്ന ഏശയ്യായുടേതിൽ നിന്നു വ്യത്യസ്തമായ വീക്ഷണഗതിയാണ്, യെരുശലേമിൽ നിന്നകലെയുള്ള മൊരേഷെത്തിലെ നാട്ടിൻ പുറത്തുകാരനായ മിക്കായുടെ പ്രവചനങ്ങളിൽ കാണുന്നത്.[2] നികുതിഭാരം കൊണ്ടു വലഞ്ഞിരുന്ന കൃഷീവലന്മാരുടെ പക്ഷം ചേർന്ന അദ്ദേഹം ജനത്തിന്റെ തൊലി ഉരിഞ്ഞെടുക്കുന്ന യെരുശലേമിലെ ഭരണാധികാരികളേയും, കൂലി വാങ്ങി പഠിപ്പിക്കുന്ന പുരോഹിതന്മാരേയും പണത്തിനു വേണ്ടി ഭാവി പറയുന്ന പ്രവാചകന്മാരെയും നിശിതമായി വിമർശിക്കുന്നു. അവരുടെ അധർമ്മങ്ങളുടെ പേരിൽ യെരുശലേം വയൽപോലെ ഉഴുതുമറിക്കപ്പെട്ട് നാശക്കൂമ്പാരമാകുമെന്നും ദേവാലയഗിരി വനമായിത്തീരുമെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് മൂന്നാമദ്ധ്യായം സമാപിക്കുന്നത്.[3]

ചെറിയ പ്രവാചകന്മാരുടെ 12 പുസ്തകങ്ങളിൽ ഏറ്റവും ദീർഘമായ സംശോധനാചരിത്രമുള്ളത് ഇതായിരിക്കാനിടയുണ്ട്.[4] മിക്കായുടെ കാലത്ത് രൂപപ്പെട്ട ഇതിന്റെ കേന്ദ്രഖണ്ഡത്തിന്മേൽ ബാബിലോണിലെ പ്രവാസകാലത്തും പ്രവാസനന്തരവും നടന്ന സമഗ്രമായ സംശോധനത്തെ തുടർന്നാണ് അതിന്റെ ഇപ്പോഴത്തെ രൂപം ഉണ്ടായതെന്ന് അനുമാനമുണ്ട്. ഏഴദ്ധ്യായങ്ങളുടെ ഗ്രന്ഥത്തിലെ ആദ്യത്തെ മൂന്നദ്ധ്യായങ്ങൾ ഏതാണ്ട് മുഴുവൻ തന്നെ മിക്കായുടേതായിരിക്കാമെന്നും തുടർന്നുള്ള ഭാഗം ഗണ്യമായ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടുന്നതാണെന്നും കരുതപ്പെടുന്നു.[5]

  1. മിക്കാ, ആമുഖം, കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ തയ്യാറാക്കിയ ബൈബിൾ വിവർത്തനം(പുറം 948)
  2. Micah, Introduction, A commentary on the Holy Bible by various writers, Edited by J.R. Dummelow(പുറങ്ങൾ 578-79)
  3. മിക്കായുടെ പുസ്തകം 3:12
  4. The Twelve Prophets, The Literary Guide to the Bible, Edited by Robert Alter and Frank Kermode(പുറം 210)
  5. മിക്കായുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 517-18)
"https://ml.wikipedia.org/w/index.php?title=മിക്കായുടെ_പുസ്തകം&oldid=2285065" എന്ന താളിൽനിന്ന് ശേഖരിച്ചത്