ജോയേലിന്റെ പുസ്തകം
എബ്രായ ബൈബിളിന്റേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന ലിഖിതസഞ്ചയത്തിന്റേയും ഭാഗമായ ഒരു ഗ്രന്ഥമാണ് ജോയേലിന്റെ പുസ്തകം. മിക്കവാറും ബൈബിൾ സംഹിതകളിൽ, 'ചെറിയ പ്രവാചകന്മാരുടെ' 12 ഗ്രന്ഥങ്ങളിൽ രണ്ടാമതായി, ഹോസിയായുടേയും ആമോസിന്റേയും പുസ്തകങ്ങൾക്കിടയിലാണ് ഇതിന്റെ സ്ഥാനം. മൂന്നദ്ധ്യായങ്ങൾ മാത്രമുള്ള ഈ കൃതിയുടെ പാഠത്തിൽ അതിന്റെ രചനാകാലത്തെക്കുറിച്ചോ രചയിതാവിന്റെ പശ്ചാത്തലത്തെക്കുറിച്ചോ സൂചനകളൊന്നുമില്ല. ക്രി.മു. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായികരുതപ്പെടുന്ന ഹോസിയായുടേയും ആമോസിന്റേയും രചനകൾക്കിടെയുള്ള സ്ഥാനം കണക്കിലെടുത്ത് അക്കാലത്തെ രചനയായി ഇതും കരുതപ്പെട്ടിരുന്നു. എന്നാൽ, രാജവാഴ്ചയില്ലാതെ പുരോഹിതന്മാരുടെ നേതൃത്വത്തിലുള്ള ക്ഷേത്രാരാധനയിൽ കേന്ദ്രീകരിച്ച് ജീവിക്കുന്ന ഒരു ചെറിയ സമൂഹത്തെ സങ്കല്പിക്കുന്ന ഈ ഗ്രന്ഥത്തെ, ഈ ക്രി.മു. 5-4 നൂറ്റാണ്ടുകളിൽ, ഇസ്രായേലിനു മേലുള്ള പേർഷ്യൻ ആധിപത്യകാലത്തെ സൃഷ്ടിയായാണ് ആധുനിക ബൈബിൾ പണ്ഡിതന്മാർ കണക്കാക്കുന്നത്.[1]
ഈ പുസ്തകത്തിന്റെ ആദ്യപകുതി, ദേശത്തിനു നേരിടേണ്ടി വന്ന ഭീകരമായ വെട്ടുക്കിളി ആക്രമണത്തിന്റേയും തുടർന്നുണ്ടായ വരൾച്ചയുടേയും വിവരണമാണ്.[2] ആ അത്യാഹിതത്തിൽ, "വിട്ടിൽ ശേഷിപ്പിച്ചതു വെട്ടുക്കിളിയും, വെട്ടുക്കിളി ശേഷിപ്പിച്ചതു പച്ചക്കുതിരയും, പച്ചക്കുതിര ശേഷിപ്പിച്ചതു കമ്പിളിപ്പുഴുവും തിന്നു".[3] സിംഹത്തിന്റെ പല്ലുകളും സിംഹിയുടെ ദംഷ്ട്രകളുമായി വരുന്ന സംഖ്യാതീതമായ ഒരു ജനതയുടെ ആക്രമണമായി [4] പ്രവാചകൻ ഈ ദുരന്തത്തെ കാണുന്നു. ഈ വിവരണം ഇവ്വിധമുള്ള യഥാർത്ഥ സംഭവങ്ങളെയോ സൈനികവും രാഷ്ട്രീയവുമായ കോളിളക്കങ്ങളെയോ സൂചിപ്പിക്കുന്നതെന്നു വ്യക്തമല്ല. ഏതായാലും തന്റെ നീതി സ്ഥാപിക്കാൻ വേണ്ടിയുള്ള കർത്താവിന്റെ വരവിന്റെ മുൻസൂചനകളായി അവയെ കണുന്ന പ്രവാചകൻ, ജനങ്ങളെ പശ്ചാത്താപത്തിനായി ആഹ്വാനം ചെയ്യുന്നു.[5]