എബ്രായ ബൈബിളിന്റേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന ലിഖിതസമുച്ചയത്തിന്റേയും ഭാഗമായ ഒരു ഗ്രന്ഥമാണ് യോനായുടെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിൽ അഞ്ചാമത്തേതായാണ് മിക്കവാറും ബൈബിൾ സംഹിതകളിൽ ഇതിന്റെ സ്ഥാനം. പുരാതന ഇസ്രായേലിലെ രണ്ടാം ജെറൊബോവാം രാജാവിന്റെ വാഴ്ച (ക്രി.മു. 786-746) പശ്ചാത്തലമായുള്ള[1] ഈ കഥ എഴുതപ്പെട്ടത് യഹൂദരുടെ ബാബിലോണിലെ പ്രവാസത്തിനു ശേഷം ക്രി.മു. 5-ആം നൂറ്റാണ്ടിന്റെ അവസാനത്തിലോ, 4-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആയിരിക്കണം.[2][൧] ഏറെ കൗതുകകരമായ വ്യാഖ്യാനചരിത്രമുള്ള ഈ രചന, ജനപ്രീതിനേടിയ കുട്ടിക്കഥകൾ വഴി പ്രചരിച്ചു. പശ്ചാത്തപിക്കുന്ന ജനതയ്ക്ക് മാപ്പു നൽകാനുള്ള ദൈവത്തിന്റെ സന്നദ്ധതയെ ഉദാഹരിക്കുന്ന യോനായുടെ പുസ്തകം യഹൂദർക്ക്, പ്രായശ്ചിത്തദിനമായ യോം കിപ്പറിലെ സായാഹ്ന ശുശ്രൂഷക്കൊടുവിൽ വിടവാങ്ങൽ വായനയാണ്.[3]

ഉള്ളടക്കം

തിരുത്തുക

അസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നിനവേ നഗരത്തിന്റെ നാശം പ്രവചിക്കാൻ ദൈവത്താൽ നിയുക്തനായ യോനാ പ്രവാചകന്റെ കഥയാണ് ഇതിന്റെ ഉള്ളടക്കം. പ്രവാചകനിലൂടെ വെളിപ്പെടുന്ന ദൈവിക അരുളപ്പാടുകൾക്കു പകരം പ്രവാചകന്റെ ആന്തരസഘർഷങ്ങളുടേയും, ദൈവവും പ്രവാചകനുമായുള്ള ബന്ധത്തിന്റേയും കഥ അടങ്ങുന്ന ഈ കൃതി പ്രവാചകഗ്രന്ഥങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുന്നു.[4]

നിയുക്തി, പലായനം

തിരുത്തുക

നിനവേ നഗരത്തിലെ നിവാസികളോട്, അവരുടെ പാപത്തേയും അതുമൂലം വരാനിരിക്കുന്ന ദൈവശിക്ഷയേയും കുറിച്ച് പ്രസംഗിക്കാൻ യഹോവ പ്രവാചകനോട് ആവശ്യപ്പെടുന്നു. മറ്റൊരു ദേശത്തേക്ക് ഒളിച്ചോടുകവഴി ഈ നിയുക്തിയിൽ നിന്നു രക്ഷപെടാമെന്നു കരുതിയ യോനാ യോപ്പാ തുറമുഖത്തു നിന്ന് സ്പെയിനിലെ തർശീശിലേക്കു കപ്പൽ കയറി. ദൈവത്തിൽ നിന്ന് ഒളിച്ചോടുന്ന ആ യാത്രക്കാരൻ മൂലം കപ്പൽ കൊടുങ്കാറ്റിൽ പെട്ടു. കപ്പലിനെ നിയന്ത്രിക്കാൻ വേണ്ടിയുള്ള പ്രാർത്ഥനയും മറ്റു ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ, ഏതു യാത്രക്കാരൻ മൂലമാണ് ഈ ആപത്തു വന്നതെന്നറിയാൻ നാവികർ നറുക്കെടുക്കുന്നു. യോനായുടെ പേരിൽ നറുക്കു വീണപ്പോൾ, തന്റെ സത്യാവസ്ഥ നാവികരോടു തുറന്നു പറഞ്ഞ അയാൾ തന്നെ കടലിലെറിഞ്ഞ് കപ്പലിനെ രക്ഷിക്കാൻ അവരോടാവശ്യപ്പെടുന്നു. യോനായെ കടലിൽ തള്ളിക്കഴിഞ്ഞതോടെ കടൽ ശാന്തമായി കപ്പലിനുള്ള അപകടം നീങ്ങുന്നു.

മത്സ്യത്തിനുള്ളിൽ

തിരുത്തുക

കടലിൽ പതിച്ച യോനായെ വിഴുങ്ങാൻ യഹോവ ഒരു കൂറ്റൻ മത്സ്യത്തെ അയച്ചു. മത്സ്യം പ്രവാചകനെ വിഴുങ്ങി. അദ്ദേഹം മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ ഉദരത്തിൽ കഴിഞ്ഞു. അവിടെ യോനാ ദൈവത്തിനു സ്തുതികീർത്തനം പാടി. ഒടുവിൽ മത്സ്യം യോനായെ വരണ്ട ഭൂമിയിൽ ഛർദ്ദിച്ചു.

യോനാ നിനവേയിൽ

തിരുത്തുക

നിനവേ നഗരവാസികളോടു പ്രവചിക്കാനുള്ള ദൈവികാഹ്വാനം വീണ്ടും ലഭിച്ചതിനെ തുടർന്ന് യോനാ ആ നഗരത്തിലേക്കു പോയി അവരോടു പ്രവചിക്കുന്നു. നാല്പതു നാളുകൾക്കുള്ളിൽ ദൈവം അവരെ നശിപ്പിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. യോനായുടെ പ്രവചനം കേട്ട നിനവേ നിവാസികൾ തീവ്രപശ്ചാത്താപത്തിലായി. രാജാവും പ്രഭുക്കന്മാരും, അവരുടെ മാതൃക പിന്തുടർന്ന് സാധാരണ ജനങ്ങളും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ചു; ഉപവാസം ആട്ടിൻ പറ്റങ്ങൾക്കും കന്നുകാലികൾക്കും പോലും ബാധകമാക്കി. ഇതു കണ്ടു മനസ്സലിഞ്ഞ യഹോവ താൻ നിശ്ചയിച്ച ശിക്ഷാവിധിയിൽ നിന്ന് നഗരത്തെ മുക്തമാക്കി.

യോനായുടെ പരിതാപം

തിരുത്തുക

നഗരത്തിനു താൻ പ്രവചിച്ച വിനാശം സംഭവിക്കാതെ പോയത് യോനായ്ക്ക് ഇച്ഛാഭംഗമുണ്ടാക്കി; യഹോവയ്ക്കു മനസ്സലിവു വന്നു തന്റെ പ്രവചനം അസഫലമാകുമെന്ന് അറിയാമായിരുന്നതു കൊണ്ടാണ് നിയുക്തിയിൽ നിന്ന് മുന്നേ താൻ ഒളിച്ചോടിയതെന്ന് യോനാ പറഞ്ഞു. നിരാശനായ അദ്ദേഹം തന്റെ മരണത്തിനായി പ്രാർത്ഥിച്ചു. നിനവേയ്ക്കു കിഴക്കു വശത്ത് ഒരു ഒരു കുടിൽ കെട്ടി താമസിച്ച് നഗരത്തിന് എന്തു സംഭവിക്കുമെന്നു കാണാൻ പ്രവാചകൻ കാത്തിരുന്നു. അദ്ദേഹത്തിനു തണൽ നൽകാനായി രാത്രിയിൽ യഹോവ ഒരു ആവണക്കിൻ ചെടി (കികായോൻ) മുളപ്പിച്ചു. അതിന്റെ തണൽ പ്രവാചകന് ആശ്വാസമായി. തനിക്കു മുകളിൽ വളർന്നു പന്തലിച്ച ആ ചെടി നിമിത്തം യോനാ സന്തുഷ്ടനായി. എന്നാൽ ദൈവം നിയോഗിച്ച ഒരു പുഴു രാത്രി ചുവട് കടിച്ചു മുറിപ്പിച്ചതോടെ ചെടി ഉണങ്ങി തണൽ നഷ്ടപ്പെട്ടു; തീക്ഷ്ണമായ സൂര്യതാപം തലയിലേറ്റ് പ്രവാചകൻ മോഹാലസ്യപ്പെട്ടു; വീണ്ടും അദ്ദേഹം മരണത്തിനായി പ്രാർത്ഥിച്ചു. ഒരു രാത്രി സ്വയം മുളച്ചു മറ്റൊരു രാത്രി വാടിപ്പോയ വെറുമൊരു ചെടിയെക്കുറിച്ച് യോനാ ഇത്രയേറെ ദുഃഖിക്കുമ്പോൾ നിസ്സഹായരായ ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ പരം മനുഷ്യരും ഒട്ടേറെ മൃഗങ്ങളുമുള്ള മഹാനഗരമായ നിനവേയോട് തനിക്കു സഹതപിക്കാതിരിക്കാൻ കഴിയുമോ എന്നു ദൈവം പ്രവാചകനോടു ചോദിച്ചു. അവസാനം വരെ പ്രവാചകൻ ദൈവത്തോടുള്ള പ്രതിക്ഷേധത്തിൽ തുടരുന്നു. "ഞാൻ കോപിക്കുന്നതു ശരിയാണ്; മരിക്കാൻ മാത്രം കോപം എനിക്കുണ്ട്" എന്നാണ് അയാൾ അവസാനമായി പറയുന്നത്.[5]

വിലയിരുത്തൽ

തിരുത്തുക

യോനായുടെ പുസ്തകത്തിനു പുറമേ എബ്രായ ബൈബിളിലെ രജാക്കന്മാരുടെ ഒന്നാം പുസ്തകവും (14:25) യോനാ എന്നൊരു പ്രവാചകനെ പരാമർശിക്കുന്നുണ്ട്.[൨] എന്നാൽ ക്രി.മു. എട്ടാം നൂറ്റാണ്ടു പശ്ചാത്തലമായുള്ള ആ പ്രവാചകനുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവമാണ് ഈ പുസ്തകത്തിലുള്ളതെന്നു കരുതുന്ന ബൈബിൾ പണ്ഡിതന്മാർ ഇന്നു ചുരുക്കമാണ്. ദൈവനീതിയുടെയും സാർവലൗകികതയും ദൈവകാരുണ്യത്തിന്റെ വലിപ്പവും ചിത്രീകരിക്കുന്ന ഐതിഹ്യമോ ഗുണപാഠകഥയോ ആയി ഇതിനെ കരുതുന്നവരാണ് യഹൂദ, ക്രിസ്തീയ പാരമ്പര്യങ്ങളിൽ പെട്ട ഇന്നത്തെ മിക്കവാറും വ്യാഖ്യാതാക്കൾ.[6] കഥയുടെ വിശദാംശങ്ങൾ പലതും ഇതിനു തെളിവായി ചൂണ്ടിക്കണിക്കപ്പെട്ടിട്ടുണ്ട്: നിനവേ നഗരം നടന്നു താണ്ടാൻ മൂന്നു ദിവസം വേണ്ടി വരുന്നതും, ഒരു രാത്രി കൊണ്ടു പടർന്നു പന്തലിക്കുന്ന ചെടിയും, മനുഷ്യരോടൊപ്പം ചാക്കുടുത്ത് ഉപവസിക്കുന്ന വളർത്തു മൃഗങ്ങളും എല്ലാം ഇതിനെ കല്പിതകഥയായി കാട്ടിത്തരുന്നു.[4]


തന്റെ വിനാശപ്രവചനം നിറവേറിക്കാണുന്നതിൽ മാത്രം ശ്രദ്ധവെച്ച് അതിനായി കുടിൽകെട്ടി കാത്തിരിക്കുന്ന യോനായുടെ ചിത്രം[൩] യഹൂദപ്രവാചക പാരമ്പര്യത്തിന്റെ കൊടും വിമർശനമാണെന്ന അഭിപ്രായവും നിലവിലുണ്ട്. ഈ വാദമനുസരിച്ച്, മത്സ്യോദരത്തിൽ കിടന്ന് യോനാ പാടുന്ന ദൈവസങ്കീർത്തനം പോലും ഇസ്രായേലിയ ഭക്തിയുടെ പരിഹാസമാണ്. സങ്കീർത്തനത്തിനൊടുവിൽ, വിമോചനം കർത്താവിൽ നിന്നാണെന്ന് യോനാ പറയുന്നതോടെ മത്സ്യം യോനായെ ഛർദ്ദിക്കുന്നു.[7] പ്രാർത്ഥനാഗീതത്തിന്റെ അവസാനം അതിലെ ഭക്തി മനം പുരട്ടലുണ്ടാക്കും വിധം മധുരവും അപ്രസക്തമാം വിധം ഗഹനവും ആയപ്പോഴാണ് മത്സ്യം പ്രവാചകനെ ഛർദ്ദിച്ചതെന്നാണ് വാദം.[8][൪]

കുറിപ്പുകൾ

തിരുത്തുക

^ എബ്രായബൈബിളിലെ ഏറ്റവും ഒടുവിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണിതെന്ന് യഹൂദവിജ്ഞാനകോശം പറയുന്നു. "ഇതിനേക്കാൾ പഴക്കം കുറഞ്ഞ് എസ്തേറും, ദാനിയേലും ദിനവൃത്താന്തവും മാത്രമാണുള്ളത്."[4]

^ ക്ലാസിക്കൽ യഹൂദപാരമ്പര്യം യോനായുടെ ചരിത്രത്തിൽ വിചിത്രമായ പല കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്. ഏലിയാ പ്രവാചകൻ പുനരുജ്ജീവിപ്പിച്ചതായി ബൈബിളിലെ രാജാക്കന്മാരുടെ ഒന്നാം പുസ്തകം 17-ആം അദ്ധ്യായത്തിൽ പറയുന്ന സറേഫാത്തിലെ വിധവയുടെ മകനായിരുന്നു യോനാ എന്ന കഥ അതിന്റെ ഭാഗമാണ്.[9]

^ "....the dubious prophet whose sole concern was his reputation for accuracy of prediction or a restriction of divine compassion to Israel"[7]

^ ....when the Song's piety becomes sickeningly sweet or unwittingly perceptive...the Prophet is vomited to onto dry land."[8]

  1. 2 രാജാക്കന്മാർ 14:25
  2. Mercer Bible Dictionary, "Book of Jonah"
  3. [1] Archived 2008-11-18 at the Wayback Machine. United Jewish Communities (UJC), "Jonah's Path and the Message of Yom Kippur."
  4. 4.0 4.1 4.2 യഹൂദവിജ്ഞാനകോശം, യോനായുടെ പുസ്തകം
  5. യോനായുടെ പുസ്തകം 4:9
  6. "ആത്മീയസത്യങ്ങൾ പ്രകടിപ്പിക്കനായി പഴയനിയമത്തിലുള്ള ഒരന്യാപദേശമോ ഗുണപാഠകഥയോ ആയാണ് മിക്കവാറും പണ്ഡിതന്മാർ ഇന്ന് ഇതിനെ വിലയിരുത്തുന്നത്" Jonah, Introduction, A Commentary on the Holy Bible by various writers, Edited by J.R. Dummelow
  7. 7.0 7.1 യോനായുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 380-81)
  8. 8.0 8.1 Jonah, The Literary Gude to the Bible, edited by Robert Alter and Frank Kermode (പുറം 242)
  9. കേംബ്രിഡ്ജ് ബൈബിൾ സഹകാരി (പുറം 209)
"https://ml.wikipedia.org/w/index.php?title=യോനായുടെ_പുസ്തകം&oldid=3642589" എന്ന താളിൽനിന്ന് ശേഖരിച്ചത്