ജൂബിലികളുടെ പുസ്തകം

(Jubilees എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യഹൂദരുടെ ഒരു പുരാതന മതരചനയാണ് ജൂബിലികളുടെ പുസ്തകം (ספר היובלים സെഫെർ ഹെയോബെലിം). "ചെറിയ ഉല്പത്തി" എന്നും അതിനു പേരുണ്ട്. എബ്രായഭാഷയിലുള്ള യഹൂദമതത്തിന്റെ കാനോനിക ബൈബിൾ സംഹിതയുടെ ഭാഗമല്ല ഈ രചന. പ്രൊട്ടസ്റ്റന്റുകളും, റോമൻ കത്തോലിക്കരും ഓർത്തഡോക്സ് സഭകളും ഇതിനെ ബൈബിളിലെ കാനോനികഖണ്ഡമായി അംഗീകരിക്കുന്നുമില്ല.[1] എന്നാൽ എത്യോപ്യൻ ഓർത്തഡോക്സ് ക്രിസ്തീയസഭയും എത്യോപ്യൻ യഹൂദരും ഇതിനെ അവരുടെ ബൈബിൾ സംഹിതകളിൽ ഉൾപ്പെടുത്തുന്നു. അവർക്കിടയിൽ ഇതിന് "വിഭജനത്തിന്റെ ഗ്രന്ഥം" എന്നാണു പേർ.

ആദിമക്രിസ്തീയ സഭകൾക്ക് ഈ ഗ്രന്ഥം പരിചയമുണ്ടായിരുന്നുവെന്ന് സഭാപിതാക്കളായ എപ്പിഫാനൂസ്, രക്തസാക്ഷി ജസ്റ്റിൻ, ഒരിജൻ, തർശീശിലെ ഡിയോഡോറസ്, അലക്സാണ്ഡ്രിയയിലെ ഇസിദോർ, സെവിലിലെ ഇസിദോർ, അലക്സാണ്ഡ്രിയയിലെ യൂത്തീക്കിയസ് തുടങ്ങിയവരുടെ രചനകളിൽ നിന്നു മനസ്സിലാക്കാം. എങ്കിലും നാലാം നൂറ്റാണ്ടിൽ തീർത്തും നിരോധിതമായ ഈ ഗ്രന്ഥത്തിന്റെ സമ്പൂർണ്ണരൂപം, എബ്രായ, ഗ്രീക്ക്, ലത്തീൻ ഭാഷകളിലൊന്നും നിലനിന്നില്ല. എത്യോപ്യയിലെ പുരാതന ഗീയസ് ഭാഷയിൽ മാത്രമാണ് അതു നിലനിന്നത്.

പാഠങ്ങൾ തിരുത്തുക

ചാവുകടൽ ചുരുളുകൾ കണ്ടെടുക്കപ്പെടുന്നതു വരെ, ജൂബിലികളുടെ പുസ്തകത്തിന്റേതായി ആകെ ലഭ്യമായിരുന്നത്, എത്യോപയിലെ ഗീയസ് ഭാഷയിൽ 15-16 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട നാലു സമ്പൂർണ്ണപാഠങ്ങളും എപ്പിഫാനൂസ്, രക്തസാക്ഷി ജസ്റ്റിൻ, ഒരിജൻ തുടങ്ങിയ ക്രിസ്തീയസഭാപിതാക്കന്മാരുടെ രചനകളിലെ നിരവധി ഉദ്ധരണികളും ആയിരുന്നു. കൃതിയുടെ ഏതാണ്ട് കാൽ ഭാഗത്തോളം ഒരു ലത്തീൻ പരിഭാഷയിലും നിലനിന്നു.[2] ഇപ്പോൾ ഏതാണ്ട് 26-ഓളം വരുന്ന എത്യോപ്യൻ ഭാഷാപാഠങ്ങളെ ആശ്രയിച്ചുള്ളവയാണ് മിക്കവാറും ആധുനിക പരിഭാഷകൾ. എബ്രായബൈബിളിലെ ഉൽപ്പത്തി, പുറപ്പാട് പുസ്തകങ്ങൾക്കു സമാന്തരമായി ജൂബിലികളിൽ കാണുന്ന ഭാഗങ്ങൾ, അവയുടെ നിലവിലുള്ള മസോറട്ടിക്, സെപ്ത്വജിന്റ് പാഠപാരമ്പര്യങ്ങളുമായി ഒത്തുപോകുന്നില്ല.[3] അതിനാൽ, ജൂബിലികളുടെ എബ്രായമൂലത്തിന്റെ സ്രഷ്ടാക്കൾ, മറ്റൊരു പാഠപാരമ്പര്യത്തെയാണ് ആശ്രയിച്ചതെന്നു കരുതാം.[4]

1947-നും 1956-നുമിടക്ക് ചാവുകടൽ തീരത്തെ കുമ്രാനിലെ അഞ്ചു ഗുഹകളിൽ നിന്ന് ജൂബിലികളുടെ എബ്രായമൂലത്തിന്റെ 15-ഓളം ചുരുളുകൾ കണ്ടുകിട്ടി. ബൈബിളിലെ സങ്കീർത്തനങ്ങൾ, നിയമാവർത്തനം, ഏശയ്യാ, പുറപ്പാട്, ഉൽപ്പത്തി പുസ്തകങ്ങളുടേതൊഴിച്ചാൽ, ഏറ്റവുമേറെ പ്രതികൾ കുമ്രാനിൽ നിന്നു കിട്ടിയത് ജൂബിലികളുടേതാണ്. അതിനാൽ, കുമ്രാൻ സമൂഹം ഈ കൃതി കാര്യമായി ഉപയോഗിച്ചിരുന്നുവെന്ന് കരുതാം. എങ്കിലും ഇത് കുമ്രാൻ സമൂഹത്തിനു വേണ്ടി എഴുതപ്പെട്ട വിഭാഗീയരചന (sectarian writing) അല്ല.[5]

ഉള്ളടക്കം തിരുത്തുക

യഹൂദമതത്തിന്റെ നിയമദാതാവയി കരുതപ്പെടുന്ന മോശെക്ക്, സീനായ് മലമുകളിൽ, ഒരു മാലാഖ വഴി ലഭിച്ച വെളിപാടായാണ് ഈ കൃതി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ബൈബിളിലെ ഉൽപ്പത്തിപ്പുസ്തകത്തിന്റേയും പുറപ്പാടു പുസ്തകം ആദ്യഭാഗത്തിന്റേയും ഒരു പ്രത്യേക നിലപാടിൽ നിന്നുള്ള വിപുലീകരണവും വ്യാഖ്യാനവുമാണ് ഈ രചന.

പൊതുവർഷാരംഭത്തിനു മുൻപ് രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലെ അതിന്റെ രചനാകാലത്തെ സംഭവങ്ങളുടെ നിഴൽപ്പാടും അതിൽ കാണാം. ബൈബിളിലെ സംഭവങ്ങളുടെ ആഖ്യാനമെന്ന മട്ടിലാണ് അവതരണമെങ്കിലും ക്രിസ്തുവിനു മുൻപ് രണ്ടാം നൂറ്റാണ്ടിലെ മക്കബായകാലത്തെ സംഭവങ്ങൾ ഇതിൽ പ്രതിഫലിക്കുന്നുണ്ട്. യഹൂദനിയമത്തിന്റേയും സാബത്തിന്റേയും ആചരണത്തിൽ തീവ്രവ്യഗ്രതകാട്ടുന്ന അത്, യഹൂദേതരജനതകളെ പരാമർശിക്കുന്നത് ശത്രുഭാവത്തിലാണ്. മുഖ്യധാരാ യഹൂദതയുടെ ചില ഘടകങ്ങളെ ഈ രചന സ്വീകരിക്കുന്നില്ല. ഇതിൽ പിന്തുടരുന്ന പഞ്ചാംഗം, കുമ്രാനിൽ നിന്നു ലഭിച്ച ലിഖിതസഞ്ചയത്തിലെ മറ്റൊരു രചനയായ ഈനോക്കിന്റെ പുസ്തകത്തിൽ കാണുന്നതും കുമ്രാൻ സമൂഹം തന്നെ പിന്തുടർന്നിരുന്നതുമായ 364 ദിവസത്തിന്റെ വർഷക്രമം അനുസരിച്ചുള്ളതാണ്.[5]

അവലംബം തിരുത്തുക

  1. Harris, Stephen L., Understanding the Bible. Palo Alto: Mayfield. 1985.
  2. The Book of Jubilees Archived 2009-02-24 at the Wayback Machine. (Int., tr.), from "The Apocrypha and Pseudepigrapha of the Old Testament", by R. H. Charles. Oxford: Clarendon Press, 1913
  3. "പാഠത്തിന്റെ സൂക്ഷ്മപഠനം, ഉൽപ്പത്തി, പുറപ്പാട് പുസ്തകങ്ങളുടെ എബ്രായപാഠങ്ങളുടെ ഒരു സ്വതന്ത്രപാരമ്പര്യത്തിന്റെ സാക്ഷ്യം വെളിവാക്കുന്നു" R.H. Charles, "Textual affinities", in his introduction to his edition of Jubilees, 1913 [1] Archived 2009-02-24 at the Wayback Machine..
  4. Robin Lane Fox, a classicist and historian, discusses these multifarious sources of Old and New Testaments in layman's terms in Unauthorized Version (1992).
  5. 5.0 5.1 'ജൂബിലികൾ' കേംബ്രിഡ്ജ് ബൈബിൾ സഹകാരി (പുറങ്ങൾ 339-40)
"https://ml.wikipedia.org/w/index.php?title=ജൂബിലികളുടെ_പുസ്തകം&oldid=4072383" എന്ന താളിൽനിന്ന് ശേഖരിച്ചത്