എബ്രായബൈബിളിലുള്ള പ്രളയകഥയിലെ കേന്ദ്രവ്യക്തിത്വമായ നോഹയുടെ മുതുമുത്തച്ഛൻ ഈനോക്കിന്റെ പേരിൽ അറിയപ്പെടുന്ന പുരാതന മതഗ്രന്ഥമാണ്‌ ഈനോക്കിന്റെ പുസ്തകം. ഇതേ പേരിൽ അറിയപ്പെടുന്ന പിൽക്കാലത്തെ രണ്ടു ലഘുരചനകളിൽ നിന്ന് വേർതിരിച്ചറിയാനായി, ഈനോക്കിന്റെ ഒന്നാം പുസ്തകം എന്നും ഇതിനെ വിളിക്കാറുണ്ട്. "ബേതാ ഇസ്രായേൽ" എന്നു പേരുള്ള എത്യോപ്പിയ യഹൂദരും, എത്യോപ്യൻ ഓർത്തഡോക്സ് ക്രിസ്തീയ സഭയും ഒഴിച്ചുള്ള യഹൂദ, ക്രൈസ്തവ വിഭാഗങ്ങൾ ഈ ഗ്രന്ഥത്തെ ബൈബിൾ സംഹിതയുടെ ഭാഗമായി കണക്കാക്കുന്നില്ല.

ഈനോക്കിന്റെ പുസ്തകം ഗ്രീക്ക് ഭാഷ്യത്തിന്റെ ചെസ്റ്റർ ബാറ്റി പപ്പൈറസ് പ്രതിയുടെ പുറങ്ങളിലൊന്ന് - കാലം ക്രി.വ. നാലാം നൂറ്റാണ്ട്


ഈനോക്കിന്റെ പുസ്തകത്തിന്റെ ആദ്യഖണ്ഡമായ "കാവൽക്കാരുടെ പുസ്തകവും" മറ്റും ക്രിസ്തുവിനു മുൻപ് 300-നടുത്തും "അന്യാപദേശങ്ങളുടെ പുസ്തകം" ഉൾപ്പെടെയുള്ള പഴക്കം കുറഞ്ഞ ഭാഗങ്ങൾ ക്രിസ്തുവിനു മുൻപ് ഒന്നാം നൂറ്റാണ്ടിനൊടുവിലും എഴുതപ്പെട്ടിരിക്കാം എന്നാണ്‌ പാശ്ചാത്യപണ്ഡിതന്മാരുടെ മതം.[1]ഈ കൃതിയുടെ മൂലഭാഷ എത്യോപ്യയിലെ പുരാതനഭാഷയായ ഗീയസ് ആണെന്നും ഗ്രീക്ക്, അരമായ ഭാഷ്യങ്ങൾ ഗീയസ് മൂലത്തിൽ നിന്നുള്ള പരിഭാഷകളാണെന്നുമാണ്‌ എത്യോപ്യൻ പണ്ഡിതന്മാരുടെ നിലപാട്. ഈ ഗ്രന്ഥത്തിന്റെ സമ്പൂർണ്ണരൂപം ഗീയസ് ഭാഷയിൽ മാത്രമാണ്‌ കിട്ടിയിട്ടുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.[2] സമ്പൂർണ്ണമായ ഗീയസ് ഭാഷ്യത്തിനു പുറമേ ഈ കൃതിയ്ക്ക് ചാവുകടൽ ചുരുളുകളുടെ ഭാഗമായി കിട്ടിയ അരമായ ഭാഷ്യശകലങ്ങളും ഗ്രീക്ക്, ലത്തീൻ ഭാഷാശകലങ്ങളും നിലവിലുണ്ട്. ഈനോക്കിന്റെ പുസ്തകത്തിന്റെ മൂലഭാഷ ഏതായിരുന്നു എന്ന കാര്യത്തിൽ പാശ്ചാത്യപണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല: ചാവുകടൽ ചുരുളുകൾക്കൊപ്പം കിട്ടിയ അരമായ ശകലങ്ങൾ മൂലരചനയെ പ്രതിനിധാനം ചെയ്യുന്നു എന്നതിൽ സംശയിക്കാനില്ലെന്നും ഗ്രീക്ക് ഭാഷ്യം അരമായ മൂലത്തിന്റെ നേരിട്ടുള്ള പരിഭാഷയും ഗീയസ് മൊഴിയിലുള്ള എത്യോപ്യൻ ഭാഷ്യം ഗ്രീക്ക് പരിഭാഷയെ ആശ്രയിച്ചുള്ള ദ്വിതീയ പരിഭാഷയും ആണെന്നുമുള്ള വാദം പ്രബലമാണ്‌.[3] മൂലരചനയുടെ ഭാഷ എബ്രായ ആയിരുന്നെന്നു വാദിക്കുന്നവരുമുണ്ട്. എബ്രായ ബൈബിളിലെ ദാനിയേലിന്റെ പുസ്തകത്തെപ്പോലെ അരമായ, എബ്രായ ഭാഷകൾ ചേർന്നതായിരുന്നു മൂലം എന്നും വാദമുണ്ട്. [4]

ഈനോക്കിന്റെ പുസ്തകത്തിൽ നിന്നുള്ള ഒരു ലഘു ഉദ്ധരണി പുതിയനിയമത്തിലെ യൂദാ ശ്ലീഹാ എഴുതിയ ലേഖനത്തിൽ (14-15) കാണാം. "ആദാമിൽ നിന്നുള്ള ഏഴാം തലമുറക്കാരനായ ഈനോക്കിന്റെ വാക്കുകൾ" എന്ന മുഖവുരയോടെയാണ്‌ അവിടെ അത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയനിയമകർത്താക്കൾക്ക് ഈനോക്കിന്റെ പുസ്തകവുമായി പരിചയമുണ്ടായിരുന്നെന്നും ആ ഗ്രന്ഥത്തിന്റെ ചിന്താപദ്ധതിയും ഭാഷയും അവരെ സ്വാധീനിച്ചിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[5]

ഉല്പത്തിയിലെ സ്രോതസ് തിരുത്തുക

യഹൂദ-ക്രൈസ്തവ പാരമ്പര്യങ്ങളിലെ ഈനോക്ക് പുരാവൃത്തത്തിന്റേയും ഈനോക്ക് സാഹിത്യത്തിന്റേയും ഏറ്റവും അറിയപ്പെടുന്ന സ്രോതസ്സ് ബൈബിളിലെ ആദ്യഗ്രന്ഥമായ ഉല്പത്തിപ്പുസ്തകം അഞ്ചാം അദ്ധ്യായത്തിലെ വംശാവലി വർണ്ണനയിൽ, യാറെദിന്റെ പുത്രനായ ഈനോക്കിനെക്കുറിച്ചുള്ള ഏറെ ദൈർഘ്യമില്ലാത്ത ഈ പരാമർശമാണ്‌‌:

ഈനോക്കിന്റെ പുസ്തകത്തിന്റെ ആദ്യഖണ്ഡമായ കാവൽക്കാരുടെ പുസ്തകത്തിലും മറ്റുമുള്ള പതിതമാലാഖമാരുടേയും നെഫിലിമുകളുടേയും കഥയുടെ ബീജം ബൈബിളിലെ ഉല്പത്തിപ്പുസ്തകം ആറാം അദ്ധ്യായത്തിന്റെ തുടക്കത്തിലെ ഈ വ്യാക്യങ്ങളിൽ കണ്ടെത്താനാകും

ഉള്ളടക്കം തിരുത്തുക

ഈനോക്കിന്റെ പുസ്തകത്തിന്റെ ആദ്യഖണ്ഡമായ "കാവൽക്കാരുടെ പുസ്തകം", ഉല്പത്തിപ്പുസ്തകത്തിൽ പറയുന്ന നെഫിലിമുകൾ എന്ന വിഭാഗം രാക്ഷസന്മാർക്ക് ജന്മം നൽകിയ മാലാഖാമാരുടെ പതനത്തിന്റെ കഥയാണ്‌. അവശേഷിക്കുന്ന നാലു ഖണ്ഡങ്ങൾ യാത്രകളിലും, ദർശനങ്ങളിലും, സ്വപ്നങ്ങളിലുമായി ഈനോക്കിനു ലഭിച്ച സ്വർഗ്ഗീയാനുഭവങ്ങളുടെ വിവരണവും വെളിപാടുകളുമാണ്‌.

ഈ കൃതിയുടെ അഞ്ചു ഖണ്ഡങ്ങൾ വ്യത്യസ്തരചനാകാലങ്ങളും സംശോധനാചരിത്രങ്ങളുമുള്ള സ്വതന്ത്രകൃതികളായിരുന്നെന്നും പിൽക്കാലത്ത് അവ കൂട്ടിച്ചേർക്കപ്പെടുകയാണ്‌ ഉണ്ടായതെന്നുമാണ്‌ ഭൂരിപക്ഷം പണ്ഡിതന്മാരും കരുതുന്നത്.[8] ഈനോക്കിന്റെ പുസ്തകം അഖണ്ഡമായ ഏകരചനയാണെന്നു വാദിക്കുന്ന എത്യോപ്യൻ പണ്ഡിതൻ വോസെനി യിഫ്രുവിനെപ്പോലുള്ളവരുടെ ഒരു ന്യൂനപക്ഷവുമുണ്ട്.[2]

ഈനോക്കിന്റെ പുസ്തകത്തിന്റെ അഞ്ചു ഖണ്ഡങ്ങൾ തഴെപ്പറയുന്നവയാണ്‌:

  1. കാവൽക്കാരുടെ പുസ്തകം (അദ്ധ്യായം 1 – 36)
  2. അന്യാപദേശങ്ങളുടെ പുസ്തകം" (അദ്ധ്യായം 37 – 71) (ഈനോക്കിന്റെ സാദൃശ്യങ്ങൾ എന്ന പേരും ഈ ഖണ്ഡത്തിനുണ്ട്)
  3. ജ്യോതിശാസ്ത്രപുസ്തകം (അദ്ധ്യായം 72 – 82) (ജ്യോതിർ ഗോളങ്ങളുടെ ഗ്രന്ഥം എന്നും ഇതറിയപ്പെടുന്നു)
  4. ദർശനങ്ങളുടെ പുസ്തകം (അദ്ധ്യായം 83 – 90) (സ്വപ്നത്തിന്റെ പുസ്തകം എന്നും ഇതിനു പേരുണ്ട്)
  5. ഈനോക്കിന്റെ കത്ത് (അദ്ധ്യായം 91 – 108)

കാവൽക്കാരുടെ പുസ്തകം തിരുത്തുക

ബൈബിളിലെ ഉല്പത്തിപ്പുസ്തകം ആറാം അദ്ധ്യായത്തിലെ ആദ്യത്തെ നാലു വാക്യങ്ങളിൽ പരാമർശിക്കപ്പെടുന്ന നെഫിലിമുകൾക്കു ജന്മം കൊടുത്ത മാലാഖമാരുടെ പതനത്തിന്റെ കഥയും ഈനോക്കിന്റെ സ്വർഗ്ഗയാത്രയുടേയും വെളിപാടുകളുടേയും കഥയുമാണ്‌ ഈനോക്കിന്റെ പുസ്തകത്തിന്റെ ഈ ഭാഗം. ക്രിസ്തുവിനു മുൻപ് 4-3 നൂറ്റാണ്ടുകാലത്തു ഇതു രചിക്കപ്പെട്ടതായി കരുതപ്പെടുന്നു.[9]

ദൈവം കണ്ണുതുറന്നു കൊടുത്ത നീതിമാനായ ഒരു മനുഷ്യനായി ഈനോക്കിനെ വിവരിച്ചുകൊണ്ടാണ്‌ ഗ്രന്ഥം തുടങ്ങുന്നത്. ലോകത്തെ വിധിക്കാനായി മാലാഖമാരോടൊപ്പം വരുന്ന ദൈവത്തെയും പ്രപഞ്ചത്തിന്റെ മേലുള്ള ദൈവികഭരണത്തിന്റെ മഹത്ത്വവും ദൈവികനീതിയുടെ സ്വഭാവവും ഈ തുടക്കത്തിൽ വർണ്ണിക്കപ്പെടുന്നു. മാലാഖമാരിൽ ഒരു വിഭാഗത്തിന്റെ കലാപത്തിന്റെ കഥയാണ്‌ പിന്നെ. കലാപകാരികളിൽ 200 മാലാഖമാർ ഹെർമോൺ മല വഴി ഭൂമിയിൽ ഇറങ്ങി. സെമ്യാസാ എന്ന മാലാഖയായിരുന്നു അവരുടെ നേതാവ്. വിമതമാലാഖമാർ മനുഷ്യർക്ക് പ്രപഞ്ചരഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊടുക്കുന്നു. അതിനു മുൻ‌കൈയ്യെടുത്തത് അസാസേൽ എന്ന പതിതമാലാഖയാണ്‌. ലോഹപ്പണിയും ആയുധനിർമ്മാണവും, സൗന്ദര്യപരിപാലനവും, രത്നക്കല്ലുകളുടെ ശാസ്ത്രവും, ജ്യോതിശാസ്ത്രവും, മന്ത്രവാദവും, എല്ലാത്തരം ദൈവനിഷേധവും അവർ മനുഷ്യരെ പരിശീലിപ്പിക്കുന്നു.

പതിതമാലാഖമാർ സുന്ദരികളായ മനുഷ്യസ്ത്രീകളെ പ്രാപിച്ചപ്പോൾ പിറന്ന ഭീമാകാരന്മാരായ നെഫിലിമുകൾ ഭൂമിയിലെ വിഭവങ്ങളൊക്കെ തിന്ന ശേഷം മനുഷ്യരെ തന്നെ തിന്നൊടുക്കാൻ തുടങ്ങി. വിശ്വസ്തമാലാഖമാരായ മിഖായേൽ, ഊറിയേൽ, ഗബ്രിയേൽ എന്നിവർ, ദുഷ്ടരായ ഭൂവാസികളേയും പതിതമാലാഖമാരേയും ശിക്ഷിക്കാൻ ദൈവത്തോടപേക്ഷിക്കുന്നു. വരുവാനിരിക്കുന്ന പ്രളയശിക്ഷയിൽ നിന്നു രക്ഷപെടാൻ ഈനോക്കിന്റെ പേരക്കിടാവ് ലാമെക്കിന്റെ പുത്രനും നീതിമാനുമായ നോഹയ്ക്ക് ദൈവം ഊറിയേൽ എന്ന ദൈവദൂതൻ വഴി മുന്നറിയിപ്പു കൊടുക്കുന്നു. തുടർന്ന് രഹസ്യജ്ഞാനം വഴി മനുഷ്യരെ ദുഷിപ്പിച്ചവരിൽ പ്രമുഖൻ അസാസേലിനെ കൈകാൽ ബന്ധിച്ച് അന്ധകാരത്തിലിടാനും അയാളിൽ നിന്നു പഠിച്ച രഹസ്യജ്ഞാനം മൂലം ഉണ്ടായ ദുഷ്ടതകളിൽ നിന്നു മനുഷ്യരെ രക്ഷിക്കാനുമായി ദൈവം റാഫായേൽ എന്ന ദൂതനെ നിയോഗിക്കുന്നു.

ദൈവനിയുക്തനായ ഗബ്രിയേൽ എന്ന ദൂതൻ, വിമതമാലാഖമാരെയും ഭൂമിയിൽ അവർക്കു പിറന്ന മക്കളായ നെഫിലിമുകളേയും തമ്മിൽ ഏറ്റുമുട്ടിച്ചു. ഒടുവിൽ വിമതമാലാഖമാരേയും അവരുടെ നേതാവായിരുന്ന സെമ്യാസയേയും ദൈവദൂതനായ മിഖായേൽ ബന്ധനസ്ഥനാക്കുന്നു.

അന്യാപദേശങ്ങളുടെ പുസ്തകം തിരുത്തുക

കാവൽക്കാരുടെ പുസ്തകത്തെപ്പോലെ അന്യാപദേശങ്ങളുടെ പുസ്തകവും ദൈവത്തിന്റെ നീതിവിധിയുടെ ചിത്രീകരണമാണ്‌. എങ്കിലും പിൽക്കാലത്തെ പുതിയ യുഗസമാപ്തിചിന്ത (eschatology) പിന്തുടരുന്ന അന്യാപദേശങ്ങളുടെ പുസ്തകത്തിലെ നീതിവിധിയിൽ പതിതമാലാഖമാരെന്നപോലെ ഭൂമിയിലെ ദുഷ്ടരാജാക്കന്മാരും വിധിക്കപ്പെടുന്നു. യുഗസമാപ്തിയിലെ വിധിയാളനെ ഈ ഗ്രന്ഥം മനുഷ്യപുത്രൻ, തെരഞ്ഞെടുക്കപ്പെട്ടവൻ, മിശിഹാ എന്നൊക്കെ വിശേഷിപ്പിക്കുന്നു. അന്തിമവിധിക്കായി മഹത്ത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന ആ വിധിയാളനെ, മുന്നേ തന്നെ ഉണ്ടായിരുന്നവനായും ഈ ഗ്രന്ഥം ചിത്രീകരിക്കുന്നു.

ക്രിസ്തുവിനു മുൻപ് ഒന്നാം നൂറ്റാണ്ടിലോ ക്രിസ്തുവർഷാരംഭത്തിലോ എഴുതപ്പെട്ടതായിരിക്കാം ഇതെന്നാണ്‌ പണ്ഡിതമതം. ഇതിന്റെ ശകലങ്ങളൊന്നും കുമ്രാനിൽ നിന്നു കിട്ടിയ ചാവുകടൽ ചുരുളുകൾക്കൊപ്പം ലഭിച്ചിട്ടില്ല. അതിനാൽ ഇത് ഈനോക്കിന്റെ പുസ്തകത്തോട് ക്രിസ്ത്യാനികൾ പിൽക്കാലത്ത് കൂട്ടിച്ചേർത്തതാണെന്നു കരുതുന്നവരുണ്ട്. അന്യാപദേശങ്ങളുടെ പുസ്തകത്തിന്റെ സ്ഥാനത്ത് ഈനോക്കിന്റെ മൂലരൂപത്തിൽ രണ്ടാം ഖണ്ഡമായിരുന്നത് ചാവുകടൽ ചുരുളുകളുടെ ഭാഗമായി കിട്ടിയ രാക്ഷസന്മാരുടെ പുസ്തകം (Book of Giants) ആയിരുന്നെന്നാണ്‌ ഒരു വാദം. എന്നാൽ പല കാരണങ്ങളാലും, ഈ അഭിപ്രായത്തിനു വ്യാപകമായ സ്വീകാര്യത കിട്ടിയിട്ടില്ല. അന്യാപദേശങ്ങളിൽ മനുഷ്യപുത്രനായി വിശേഷിക്കപ്പെടുന്നത് യേശുവല്ല ഈനോക്കാണ്‌ എന്നതും ഈ അഭിപ്രായത്തെ ദുർബ്ബലമാക്കുന്നു.[3]

ജ്യോതിശാസ്ത്രപുസ്തകം തിരുത്തുക

ചാവുകടൽ ചുരുളുകൾ സൂക്ഷിച്ചിരുന്ന കുമ്രാൻ സമൂഹം പിന്തുടർന്നിരുന്ന സൗരപഞ്ചാംഗത്തിലെ അഴ്ചദിനങ്ങൾ[10]
 മാസങ്ങൾ 1,4,7,10   മാസങ്ങൾ 2,5,8,11   മാസങ്ങൾ 3,6,9,12 
ബുധൻ 1 8 15 22 29 6 13 20 27 4 11 18 25
വ്യാഴം 2 9 16 23 30 7 14 21 28 5 12 19 26
വെള്ളി 3 10 17 24 1 8 15 22 29 6 13 20 27
ശനി 4 11 18 25 2 9 16 23 30 7 14 21 28
ഞായർ 5 12 19 26 3 10 17 24 1 8 15 22 29
തിങ്കൾ 6 13 20 27 4 11 18 25 2 9 16 23 30
ചൊവ്വാ 7 14 21 28 5 12 19 26 3 10 17 24 31

കുമ്രാൻ ഗ്രന്ഥശേഖരത്തിൽ നിന്ന് ഈനോക്കിന്റെ പുസ്തകത്തിന്റെ ഭാഗമായ ജ്യോതിശാസ്ത്രപുസ്തകത്തിന്റെ അപൂർണ്ണമായ നാലു പതിപ്പുകൾ കണ്ടുകിട്ടി.[11] അവ ക്രിസ്തുവിനു മുൻപ് രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലേതാകയാൽ ഈ ഗ്രന്ഥത്തിന്‌ ക്രി.മു. മൂന്നാം നൂറ്റാണ്ടോളമെങ്കിലും[12] ചെന്നെത്തുന്ന ചരിത്രമുണ്ടാകാം എന്നു കരുതിവരുന്നു. കുമ്രാനിൽ നിന്നു കണ്ടുകിട്ടിയ ഈ കൃതിയുടെ ശകലങ്ങളിൽ ഈനോക്കിന്റെ പുസ്തകത്തിന്റെ പിൽക്കാലത്തെ പ്രതികളിൽ ഇല്ലാത്ത പല വിവരങ്ങളും കാണാം.[10][12][13]


അകാശവിതാനത്തിന്റേയും ആകാശഗോളങ്ങളുടേയും ചലനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ, ഊറിയേൽ എന്ന ദൈവദൂതനോടൊപ്പം സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ ഈനോക്കിനു വെളിപ്പെട്ടുകിട്ടിയവ എന്ന മട്ടിൽ അവതരിപ്പിക്കുന്ന ഈ കൃതിയിൽ ഒരു സൗരപഞ്ചാംഗവും വിവരിക്കപ്പെടുന്നു. കുമ്രാനിലെ താപസന്മാർ ഉപയോഗിച്ചിരുന്ന ജൂബിലികളുടെ പുസ്തകത്തിലെ പഞ്ചാംഗത്തെപ്പോലെയാണത്. ഈ പഞ്ചാംഗത്തിലെ തിരുനാൾ ദിനങ്ങൾ യെരുശലേം ദേവാലയത്തിൽ പിന്തുടർന്നിരുന്ന തിരുനാൾ ദിനങ്ങളുമായി ചേർച്ചയില്ലാത്തവയാണ്‌.


364 ദിവസമുള്ള ഇതിലെ വർഷം 91 ദിവസങ്ങളുടെ തുല്യദൈർഘ്യമുള്ള നാലു ഋതുക്കളായി വിഭജിക്കപ്പെട്ടിരുന്നു. ഓരോ ഋതുവിലും 30 ദിവസം വീതമുള്ള മൂന്നു മാസങ്ങളും മൂന്നാം മാസത്തിനൊടുവിൽ ഒന്നിലും പെടാതിരുന്ന ഒരു അധികദിവസവും ഉണ്ടായിരുന്നു. അങ്ങനെ ഓരോ വർഷവും കൃത്യം 52 ആഴ്ചകൾ അടങ്ങിയവയായി. എല്ലാ വർഷവും, മാസങ്ങളിലെ തിയതികളുടെ ആഴ്ചദിവസം ഒന്നു തന്നെയായി. ആണ്ടുപിറപ്പ് എപ്പോഴും ഉല്പത്തിപ്പുസ്തകത്തിലെ സൃഷ്ടിയുടെ നാലാം ദിവസമായ ബുധനാഴ്ചയായി. ദൈവം ആകാശജ്യോതിസുകളേയും ഋതുക്കളേയും ദിന-വത്സരങ്ങളേയും സൃഷ്ടിച്ച ദിവസമാണത്.[10]364 ദിവസങ്ങളുള്ള ഈ വത്സരത്തെ 365.24219 ദിവസങ്ങളുള്ള സ്വാഭാവികവത്സരവുമായി എങ്ങനെ രമ്യപ്പെടുത്തിയിരുന്നെന്നോ, അത്തരം രമ്യപ്പെടുത്തലിന്റെ ആവകശ്യകത ശ്രദ്ധിക്കപ്പെട്ടിരുന്നോ എന്നൊന്നും വ്യക്തമല്ല.[10]:125-140

ദർശനങ്ങളുടെ പുസ്തകം തിരുത്തുക

ക്രിസ്തുവിനു മുൻപ് രണ്ടാം നൂറ്റാണ്ടിലെ മക്കബായൻ കലാപം വരെയുള്ള ഇസ്രായേലിന്റെ പൂർ‌വചരിത്രത്തേയും ഭാവിയേയും സംബന്ധിച്ച് ഈനോക്കിനു ലഭിക്കുന്ന സ്വപ്നദർശനത്തിന്റെ രൂപമാണ്‌ ഈ കൃതിയ്ക്ക്. മക്കബായ കലാപത്തെ ഇതു സൂചിപ്പിക്കുന്നുണ്ടോ എന്നത് തർക്കവിഷയമാണെങ്കിലും മക്കബായ യുഗത്തിൽ ക്രി.മു. 163 മുതൽ 142 വരെയുള്ള കാലത്തിനിടയ്ക്ക് ഇതിന്റെ രചന നടന്നതായി പൊതുവേ കരുതപ്പെടുന്നു. എന്നാൽ ഉല്പത്തിപ്പുസ്തകത്തിലെ പ്രളയത്തിനും മുൻപേ ഇത് എഴുതപ്പെട്ടെന്നാണ്‌ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ വിശ്വാസം. ഇതിലെ ആദ്യദർശനം പ്രളയത്തെ സംബന്ധിച്ചാണ്‌. രണ്ടാം ദർശനത്തിൽ മിശിഹായുടെ രാജ്യം സ്ഥാപിക്കപ്പെടുന്നതുവരെയുള്ള ഇസ്രായേലിന്റെ ചരിത്രമാണ്‌. രണ്ടാം ദർശനത്തിലെ വിവരണം പ്രതീകാത്മകമാണ്‌. അതിൽ മനുഷ്യരെ പ്രതിനിധീകരിച്ച് മൃഗങ്ങളും മാലാഖമാരെ പ്രതിനിധീകരിച്ച് മനുഷ്യരും പ്രത്യക്ഷപ്പെടുന്നു.

ഈനോക്കിന്റെ ലേഖനം തിരുത്തുക

ക്രി. മു. 170 മുതൽ ക്രി.മു. ഒന്നാം നൂറ്റാണ്ടിലെന്നോ വരെയുള്ള കാലത്തിനിടയ്ക്ക് രചിക്കപ്പെട്ടതായി കരുതപ്പെടുന്ന ഈനോക്കിന്റെ ലേഖനത്തെ അഞ്ചു ഖണ്ഡങ്ങളായി തിരിച്ചു പഠിക്കാം.[14] ഈ ഖണ്ഡങ്ങൾ താഴെ പറയുന്നവയാണ്‌:

  • ആഴ്ചകളെ സംബന്ധിച്ച വെളിപാട്: ലോകചരിത്രത്തെ ആഴ്ചകളെന്നു വിളിക്കപ്പെടുന്ന 10 യുഗങ്ങളായി തിരിച്ചു വർണ്ണിക്കുകയാണ്‌ ഈ വെളിപാടിൽ. പത്താഴ്ചകളിൽ ഏഴെണ്ണം കഴിഞ്ഞു പോയ കാലത്തേയും മൂന്നെണ്ണം വരുവാനിരിക്കുന്ന വിധിയുടെ നാളുകളേയും സൂചിപ്പിക്കുന്നു.
  • ധർമ്മോപദേശം: മകൻ മെഥുസലേക്ക് ഈനോക്ക് നൽകുന്ന ഉപദേശങ്ങളാണ്‌ ഈ ലഘുഖണ്ഡത്തിൽ.
  • സന്ദേശം: ഈനോക്കിന്റെ പുസ്തകം അവസാനഖണ്ഡത്തിന്റെ ഏറ്റവും വലിയ ഉപഖണ്ഡം ഇതാണ്‌. ദൈവികജ്ഞാനവും, നീതിമാന്മാരെ കാത്തിരിക്കുന്ന സമ്മാനവും, ദുഷ്ടർക്കു ലഭിക്കാനിരിക്കുന്ന ശിക്ഷയും, നീതിയുടേയും അനീതിയുടേയും വ്യതിരിക്ത മാർഗ്ഗങ്ങളും എല്ലാം ഈ ഉപഖണ്ഡത്തിന്റെ ആദ്യഭാഗത്ത് വിഷയമാകുന്നു. തുടർന്ന് ദുഷ്ടന്മാരുടെ ശിക്ഷയെക്കുറിച്ചുള്ള ആറ് അരുളപ്പാടുകളും അവർക്കെതിരായി സാക്ഷ്യം പറയാൻ സൃഷ്ടപ്രപഞ്ചത്തോടു മുഴുവനുമുള്ള ആഹ്വാനവുമാണ്‌ തുടർന്ന്. ഈ ഭാഗം രണ്ടു പാളികൾ ചേർന്നതാണെന്ന് ഗബ്രിയേൽ ബൊക്കാസീനി അഭിപ്രായപ്പെട്ടിട്ടുണ്ട്. [15] പാപി രക്ഷയുടെ പരിധിക്കു പുറത്ത് വിനാശത്തിനു വിധിക്കപ്പെട്ടവനാണെന്നുള്ള മട്ടിലുള്ള കുമ്രാൻ സമൂഹത്തിന്റെ നിലപാടു പ്രതിഫലിപ്പിക്കുന്ന ഒരു ആദ്യസന്ദേശവും, പാപത്തിന്റെ ഉത്തരവാദിത്തം പാപിക്കു തന്നെയാണെന്നുള്ള പിൽക്കാലസന്ദേശവും ഇതിൽ ഇടകലർന്നിരിക്കുന്നു. ധനവാന്മാരെ പാപികളായും ദരിദ്രരെ നീതിമാന്മാരായും ചിത്രീകരിക്കാനുള്ള പ്രവണത പിൽക്കാലസന്ദേശത്തിൽ കാണാം.
  • നോഹയുടെ ജനനം: കുമ്രാൻ ശകലങ്ങളിൽ ഈ ഉപഖണ്ഡം അതിനു മുൻപുള്ള ഭാഗത്തുനിന്ന് ഒരു വരെ കൊണ്ടു വേർതിരിച്ച് അനുബന്ധം(appendix) എന്നപോലെയാണ്‌ കൊടുത്തിരിക്കുന്നത്. പ്രളയകഥയും മാലാഖയുടെ പരിവേഷത്തോടുകൂടിയുള്ള നോഹയുടെ ജനനകഥയും മറ്റുമാണിതിലെ ഉള്ളടക്കം.
  • സമാപനം: ഒരു രണ്ടാം അനുബന്ധം പോലെ തോന്നിക്കുന്ന ഈ അവസാന അദ്ധ്യായം കുമ്രാൻ ശകലങ്ങളിൽ ഇല്ല. ഒരു പിൽക്കാലസംശോധകന്റെ രചനയായിരിക്കാം ഇതെന്നു കരുതപ്പെടുന്നു. വെളിച്ചത്തിന്റെ മക്കളായ നീതിമാന്മാരും ഇരുട്ടിനു വിധിക്കപ്പെട്ടിരിക്കുന്ന പാപികളും തമ്മിലുള്ള വൈരുദ്ധ്യത്തിനു ഇത് ഊന്നൽ കൊടുക്കുന്നു.

കാനോനികത തിരുത്തുക

യഹൂദമതത്തിൽ തിരുത്തുക

യഹൂദമതത്തിലെ അംഗീകൃത ബൈബിൾ സഞ്ചയം തീരുമാനിക്കപ്പെട്ട കാലത്ത് പരക്കെ അറിയപ്പെട്ടിരുന്നിട്ടും ഈനോക്കിന്റെ പുസ്തകം ഔപചാരിക എബ്രായ ബൈബിൾ സം‌ഹിതയായ തനക്കിൽ ഇടം കണ്ടില്ല. ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിൽ നിന്നുപോലും മാറ്റിനിർത്തപ്പെട്ടതിനാൽ സന്ദിഗ്ദ്ധരചനകളുടെ സഞ്ചയമായ അപ്പോക്രിഫയിലും അതുൾപ്പെടാതെ പോയി.[16][17] യഹൂദനിയമമായ തോറായുടെ പല ഭാഗങ്ങൾക്കും ഈനോക്കിൽ നൽകപ്പെട്ട വ്യാഖ്യാനം മുഖ്യധാരാ യഹൂദവിശ്വാസവുമായി ചേർന്നു പോകാതിരുന്നതാവാം ഈ തിരസ്കാരത്തിനു കാരണം.[18][19] വഴിതെറ്റിയ മാലാഖമാരുടെ വിവരണം ഉൾപ്പെടെ ഈ ഗ്രന്ഥത്തിലെ പല ഭാഗങ്ങളും യാഥാസ്ഥിതിക യഹൂദർക്ക് അസ്വീകാര്യമായി.[20]

ക്രിസ്തുമതത്തിൽ തിരുത്തുക

ക്രിസ്തീയ രചനാസംഹിതയായ പുതിയനിയമത്തിലെ യൂദാ ശ്ലീഹാ എഴുതിയ ലേഖനം ഈ ഗ്രന്ഥത്തെ ഇങ്ങനെ ഉദ്ധരിക്കുന്നു:

ആദാമിന്റെ ഏഴാം തലമുറക്കാരനായ ഈനോക്ക് ഇവരെക്കുറിച്ചു കൂടിയാണ്‌ ഇങ്ങനെ പ്രവചിച്ചിരിക്കുന്നത്: കണ്ടാലും! സകലരുടേയും മേൽ നീതി നടത്താൻ, തീർത്തും അധാർമ്മികമായ വിധത്തിൽ അധർമ്മങ്ങൾ ചെയ്ത അധർമ്മചാരികളെയെല്ലാം വിധിക്കാൻ, തനിക്കെതിരെ അധർമ്മികളായ പാപികൾ പറഞ്ഞ എല്ലാ കഠിനവചനങ്ങൾക്കും ശിക്ഷാവിധി നടത്താൻ, തന്റെ ആയിരമായിരം വിശുദ്ധന്മാരോടുകൂടി കർത്താവ് ആഗതനായി.

എങ്കിലും കാനോനികമായ ഒരു രചനയിൽ ഉദ്ധരിക്കപ്പെടുന്നതുകൊണ്ടു മാത്രം മറ്റൊരു രചന കാനോനികമായിത്തീരുന്നില്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. യൂദായുടെ ലേഖനത്തിന്റെ കർത്താവ് ഈനോക്കിന്റെ പുസ്തകത്തിന്‌ ആധികാരികത കല്പിച്ചിരുന്നു എന്നു കരുതാൻ അതിലെ ഉദ്ധരണി സഹായിക്കുമെങ്കിലും അതിനെ കാനോനികമോ ഉത്തരകാനോനികമോ ആയി അദ്ദേഹം കണക്കാക്കിയിരുന്നുവെന്നോ ഏശയ്യായുടേയോ യെരമ്യായുടേയോ പ്രവചനങ്ങൾക്കൊപ്പം വിലമതിച്ചിരുന്നുവെന്നോ കരുതാൻ മതിയായ തെളിവല്ല അത്.[൧] ചാവുകടൽ ചുരുളുകൾ പരിരക്ഷിച്ചിരുന്ന കുമ്രാനിലെ താപസന്മാർ ഈനോക്കിന്റെ പുസ്തകത്തെ വിലമതിച്ചിരുന്നു. എന്നാൽ വിശുദ്ധലിഖിതങ്ങളുടെ ചുരുളുകൾക്കൊപ്പമല്ല കുമ്രാനിൽ ഈനോക്കിന്റെ ശകലങ്ങൾ കാണപ്പെട്ടത്.[21]

പുതിയ നിയമത്തിൽ പത്രോസിന്റെ ഒന്നാം ലേഖനത്തിലും (3:19,20) ഈനോക്കിന്റെ വാക്കുകൾ പ്രതിഫലിക്കുന്നതായി കരുതുന്നവരുണ്ട്.

ബർണ്ണബാസിന്റെ ലേഖനം[22] എന്ന അപ്രാമാണിക ലിഖിതവും ആദ്യകാലസഭാപിതാക്കന്മാരായ അത്തെനാഗോറസ്[23], അലക്സാണ്ഡ്രിയയിലെ ക്ലെമന്റ്[24], ഐറേനിയസ്[25], തെർത്തുല്യൻ[26], തുടങ്ങിയവരും ഈ കൃതിയെ കാനോനികമായി അംഗീകരിച്ചിരുന്നു. യേശുവിനെ സംബന്ധിച്ച പ്രവചനങ്ങൾ അടങ്ങിയിരുന്നതിനാലാണ്‌ അതിനെ യഹൂദർ തിരസ്കരിച്ചതെന്ന് തെർത്തുല്യൻ വിമർശിക്കുകപോലും ചെയ്തു.[27] ഏതായാലും ജെറോമിനേയും അഗസ്റ്റിനേയും[28] പോലുള്ള പിൽക്കാലസഭാപിതാക്കന്മാർ ഈ കൃതിയെ കാനോനികമായി മാനിച്ചില്ല. ഇതിൽ നിന്നുള്ള ഉദ്ധരണി അടങ്ങുന്നതിനാൽ യൂദാ ശ്ലീഹാ എഴുതിയ ലേഖനം കാനോനികമല്ലെന്നു പോലും അവരിൽ ചിലർ കരുതി.[29] 4-5 നൂറ്റാണ്ടുകളായപ്പോൾ, ക്രിസ്തീയലിഖിതങ്ങളുടെ മിക്കവാറും പട്ടികകൾ അതിനെ ഒഴിവാക്കി. എത്യോപ്യൻ സഭയുടെ പവിത്രലിഖിതസമുച്ചയം മാത്രമാണ്‌ ഇതിന്‌ അപവാദമായി നിന്നത്.

എത്യോപ്യൻ സഭയിൽ തിരുത്തുക

ഈനോക്കിന്റെ പുസ്തകത്തെ ദൈവനിവേശിതമായി കണക്കാക്കുന്ന എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പരമ്പരാഗത നിലപാട്, ഈ കൃതിയുടെ മൂലഭാഷ്യം ഈനോക്ക് സ്വയം എഴുതിയ എത്യോപ്യൻ പാഠം ആണെന്നാണ്‌. ഈനോക്കാണ്‌ ആദ്യമായി അക്ഷരങ്ങൾ എഴുതിയതെന്നും മനുഷ്യരുടെ ഏതെങ്കിലും ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ വാക്യം ഈനോക്കിന്റെ പുസ്തകത്തിന്റെ തുടക്കത്തിലെ താഴെ പറയുന്ന വാക്യമാണെന്നും എത്യോപൻ സഭാവിശ്വാസികൾ കരുതുന്നു:

"ക്വാലാ ബറകാത് സ-ഹേനോക്ക് സകാമാ ബറാകാ ഹിറൂയാനാ വ-സദ്ക്കാനാ ഇലാ ഹലാ യികൂനൂ ബൈലാതാ മിന്ദാബേ ലസാസ്ലോ ക്വിലൂ ഇകൂയാൻ വ-റസീആൻ"
(എല്ലാ അധർമ്മികളേയും വഞ്ചകരേയും ഇല്ലായ്മ ചെയ്യാൻ വേണ്ടി ഉണ്ടാകുവാനിരിക്കുന്ന ദുരിതങ്ങളുടെ ദിനത്തിൽ ജീവനോടെയിരിക്കാനായി തെരഞ്ഞെടുക്കപ്പെട്ട നീതിമാന്മാരെ ആശീർ‌വദിക്കാൻ ഈനോക്ക് ഉപയോഗിച്ച അനുഗ്രഹവചസ്സുകൾ.)

എന്നാൽ ഈനോക്കിന്റെ പുസ്തകത്തിന്റെ ഗീയസ് മൊഴിയിലുള്ള എത്യോപ്യൻ ഭാഷ്യം ഗ്രീക്ക് പരിഭാഷയെ ആശ്രയിച്ചുള്ള ദ്വിതീയ പരിഭാഷ(secondary translation) മാത്രമാണെന്നാണ്‌ പ്രബലമായ പണ്ഡിതമതം.[3]

പാഠപാരമ്പര്യങ്ങൾ തിരുത്തുക

ഈനോക്ക് പുസ്തകത്തിന്റെ സമ്പൂർണ്ണരൂപം ഗീയസ് മൊഴിയിലുള്ള എത്യോപ്യൻ ഭാഷ്യത്തിൽ മാത്രമേ ലഭിച്ചിട്ടുള്ളൂ എങ്കിലും ഗ്രീക്ക് ഭാഷ്യത്തിന്റെ ഒട്ടേറെ ഖണ്ഡങ്ങൾ നിലവിലുണ്ട്. അവയെല്ലാം ചേർന്നാൽ സമ്പൂർണ്ണരചനയുടെ മുപ്പതു ശതമാനത്തോളം വരും. ചാവുകടൽ ചുരുളുകൾക്കൊപ്പം കുമ്രാനിൽ നിന്നു കിട്ടിയ അരമായശകലങ്ങൾ സമ്പൂർണ്ണപാഠത്തിന്റെ 5 ശതമാനം മാത്രമേയുള്ളു. എങ്കിലും, മൂലകൃതിയുടെ അഞ്ചു ഖണ്ഡങ്ങളിൽ ഒന്നൊഴിച്ചുള്ളവയുടെയെല്ലാം ശകലങ്ങൾ അവയിലുണ്ട്.[3]

എത്യോപ്യൻ തിരുത്തുക

എത്യോപ്യയിലെ പുരാതന ഭാഷയായ ഗീയസിലാണ്‌ ഈനോക്ക് പുസ്തകത്തിന്റെ ഏറ്റവും വിപുലമായ പാഠപാരമ്പര്യം(textual tradition) നിലവിലുള്ളത്. 1906-ൽ റോബർട്ട് ഹെൻ‌ട്രി ചാൾസ് നടത്തിയ നിരൂപണാത്മക സംശോധന ഈ പാഠങ്ങളെ രണ്ടു കുടുംബങ്ങളിൽ പെടുന്നവയായി കണ്ടു:

α കുടുംബം: കൂടുതൽ പുരാതനവും ഗ്രീക്ക് ഭാഷ്യത്തോട് ഏറെ അടുത്തു നിൽക്കുന്നതുമായ പാഠമാണിത്.

β കുടുംബം: കൂടുതൽ ആധുനികവും സംശോധിതവുമായ പാഠം.

അരമായ തിരുത്തുക

ഈനോക്കിന്റെ പുസ്തകത്തിന്റെ പതിനൊന്നു അരമായ ശകലങ്ങൾ മറ്റു ചാവുകടൽ ചുരുളുകൾക്കൊപ്പം കുമ്രാനിലെ നാലാം ഗുഹയിൽ നിന്ന് 1948-ൽ കണ്ടുകിട്ടി.[30] ഇസ്രായേൽ പുരാവസ്തു വിഭാഗത്തിന്റെ സൂക്ഷിപ്പിലാണ്‌ അവയിപ്പോൾ. ജോസഫ് മിലിക്കും മാത്യൂ ബ്ലാങ്കും ചേർന്നെഴുതിയ "ഈനോക്കിന്റെ പുസ്തകം" എന്ന ഗ്രന്ഥം ഇവയുടെ പരിഭാഷയും നിരൂപണവും ഉൾക്കൊള്ളുന്നു.[31] വെർമസും ഗാർഷ്യാ മാർട്ടിനെസും ചേർന്നു നിർ‌വഹിച്ച ഈ ശകലങ്ങളുടെ മറ്റൊരു പരിഭാഷയും നിലവിലുണ്ട്.[32].

ഇവയ്ക്കു പുറമേ, കുമ്രാനിലെ ഒന്നാം ഗുഹയിൽ നിന്ന് ഈനോക്ക് പുസ്തകത്തിന്റെ എബ്രായ ഭാഷയിലുള്ള മൂന്നു ലഘുശകലങ്ങളും കണ്ടുകിട്ടി.

ഗ്രീക്ക് തിരുത്തുക

എട്ടാം നൂറ്റാണ്ടിലെ ബൈസാന്തിയ ചരിത്രകാരൻ ജോർജ്ജ് സിൻസെല്ലിയസിന്റെ വിശ്വചരിത്രം ഈനോക്ക് പുസ്തകത്തിന്റെ ചില ഭാഗങ്ങളുടെ ഗ്രീക്ക് ഭാഷ്യം അടങ്ങുന്നു. ഈ കൃതിയുടെ ഗ്രീക്ക് ഭാഷ്യത്തിന്റെ ലഭ്യമായ മറ്റു ശകലങ്ങളിൽ ചിലത് ഇവയാണ്‌:

  • പാനോപൊളിറ്റാനൂസ് കോഡക്സ്: ഗിസേ ശകലങ്ങൾ, അഖ്മിൻ ശകലങ്ങൾ എന്നുകൂടിയൊക്കെ പേരുള്ള ഇത് 1 മുതൽ 32 വരെ അദ്ധ്യായങ്ങളുടെ ഭാഗങ്ങൾ അടങ്ങുന്ന ആറാം നൂറ്റാണ്ടിലെ രണ്ടു പപ്പൈറസുകളാണ്‌. ഈജിപ്തിലെ അഖ്മിനിൽ നിന്ന് ഒരു ഫ്രഞ്ചു പര്യവേഷകസംഘം കണ്ടെടുത്ത ഇത് അഞ്ചു വർഷം കഴിഞ്ഞ് 1892-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
  • വത്തിക്കാൻ ലൈബ്രറിയിലെ ശകലം: പതിനൊന്നാം നൂറ്റാണ്ടിൽ നിന്നുള്ള ഇതിൽ 89-ആം അദ്ധ്യായവും 42 മുതൽ 49 വരെ അദ്ധ്യായങ്ങളും അടങ്ങുന്നു.
  • ചെസ്റ്റർ ബാറ്റി പപ്പൈറസ്-XII : 97 മുതൽ 107 വരെ അദ്ധ്യായങ്ങളാണ്‌ ഇതിലുള്ളത്.
  • ഓക്സി റിങ്കസ് പപ്പൈറസ് 2069: പല അദ്ധ്യായങ്ങളിൽ നിന്നായി ഏതാനും അക്ഷരങ്ങൾ മാത്രം അടങ്ങിയ ഇതിന്റെ തിരിച്ചറിവു തന്നെ ഉറപ്പില്ലാത്തതാണ്‌.

ഗ്രീക്കു ഭാഷ്യത്തിന്റെ ഒട്ടേറെ ലഘുശകലങ്ങൾ കുമ്രാനിൽ നിന്നു കണ്ടു കിട്ടിയതായി അവകാശവാദം ഉണ്ടെങ്കിലും അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.[33]

ലത്തീൻ തിരുത്തുക

ഈനോക്കു പുസ്തകം ഒന്നാം അദ്ധ്യായം ഒൻപതാം വാക്യത്തിന്റേയും 106-ആം അദ്ധ്യായം 1 മുതൽ 18 വരെ വാക്യങ്ങളുടേയും ലത്തീൻ പരിഭാഷകൾ മാത്രമാണ്‌ നിലവിലുള്ളത്. ഇവയിൽ ആദ്യത്തേത് കപട-സിപ്രിയൻ, കപട-വിർജിലിയസ് എന്നീ രചനകളിലാണ്‌.[34]; രണ്ടാമത്തേത് 1893-ൽ എം.ആർ. ജെയിംസ് ബ്രിട്ടീഷ് മ്യൂസിയത്തിലെ ഒരു കൈയെഴുത്തുപ്രതിയിൽ കണ്ടെത്തി അതേ വർഷം പ്രസിദ്ധീകരിച്ചതാണ്‌.[35].

ഗ്രന്ഥചരിത്രം തിരുത്തുക

 
ഏലിയാ പ്രവാചകനും ഈനോക്കും, പോളണ്ടിൽ സനോക്കിലെ ചരിത്ര മ്യൂസിയത്തിലുള്ള ചിത്രം - കാലം 17-ആം നൂറ്റാണ്ട്.

രണ്ടാം ദേവാലയകാലം തിരുത്തുക

കുമ്രാനിലെ "ഈനോക്കിയ"-ശകലങ്ങളുടെ കാലനിർണ്ണയപരീക്ഷണങ്ങളുടെ ഫലം 1976-ൽ ജോസെഫ് മിലിക്ക് പ്രസിദ്ധീകരിച്ചത് നിർണ്ണായകമായി.[31] ഈ ലിഖിതങ്ങളെ വർഷങ്ങളോളം പഠിച്ച മിലിക്ക്, അതിന്റെ ആദ്യഖണ്ഡമായ കാവൽക്കാരുടെ പുസ്തകത്തിന്റെ ഏറ്റവും പഴയ ശകലങ്ങൾ ക്രിസ്തുവിനു മുൻപ് 200-150 കാലത്തേതാണെന്ന് കണ്ടെത്തി. ആ കൃതി തന്നെ സംശോധനത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോയതിന്റെ തെളിവുകൾ അടങ്ങുന്നതാകയാൽ, ക്രി.മുൻപ് മൂന്നാം നൂറ്റാണ്ടിൽ തന്നെ അത് നിലവിലുണ്ടായിരുന്നിരിക്കുമെന്നും അദ്ദേഹം വാദിച്ചു.[36]. ഈനോക്ക് പുസ്തകത്തിന്റെ മറ്റൊരു ഖണ്ഡമായ ജ്യോതിശാസ്ത്ര പുസ്തകത്തിന്റെ കാര്യത്തിലും ഇതു ശരിയാണ്‌.

ഈ കണ്ടെത്തലോടെ, ക്രി.മുൻപ് രണ്ടാം നൂറ്റാണ്ടിലെ മക്കബായൻ കലാപത്തിന്റെ കാലത്ത്, യഹൂദമതത്തിലെ യവനീകരണത്തോടു പ്രതികരിച്ച് എഴുതപ്പെട്ടതാണ്‌ ഈ കൃതി എന്ന പഴയ വിശ്വാസത്തിന്റെ അടിത്തറ ഇളകി.[37] കുമ്രാനിലെ ഈനോക്കിയ ശകലങ്ങളുടെ ചരിത്രഭൂമിക മക്കബായ യുഗത്തിനു മുൻപാണെന്ന അനുമാനം അങ്ങനെ ഒഴിവാക്കാൻ പറ്റാതായി. എബ്രായബൈബിൾ ഊന്നൽ കൊടുക്കുന്നവയിൽ നിന്നു ഭിന്നമായ ആശയങ്ങളും വ്യഗ്രതകളുമാണ്‌ ഈ ശകലങ്ങളുടെ ഉള്ളടക്കത്തിൽ പ്രതിഫലിക്കുന്നതെന്നതും ശ്രദ്ധിക്കപ്പെട്ടു. മുഖ്യധാരയിൽ നിന്നു വേർപെട്ടു നിന്ന ഒരു "ഈനോക്കിയ യഹൂദത" (Enochic Judaism) ഉണ്ടായിരുന്നെന്നും കുമ്രാനിൽ കണ്ടുകിട്ടിയ ചുരുളുകളുടെ ലേഖകർ അതിന്റെ പിന്തുടർച്ചക്കാരായിരുന്നെന്നും ചില പണ്ഡിതന്മാർ വാദിച്ചു.[38]. യെരുശലേമിലെ ഒന്നാം ദേവാലയകാലത്തോളം പഴക്കമുള്ള ഒരു അതിയാഥാസ്ഥിതിക വിഭാഗത്തിന്റെ സൃഷ്ടിയാണ്‌ ഈനോക്കിന്റെ പുസ്തകം എന്ന് മാർഗരറ്റ് ബാർക്കർ വാദിച്ചു.[39]. "ഈനോക്കിയ യഹൂദത"-യുടെ സവിശേഷതകളായി പറയപ്പെട്ടത് താഴെക്കാണുന്നവയാണ്‌:

  • മനുഷ്യസ്ത്രീകളുമായി സംഗമിക്കാനായി ഭൂമിയിലെത്തിയ പതിതമാലാഖമാരിൽ നിന്നാണ്‌ തിന്മയുടെ ഉല്പത്തി എന്ന ആശയം. ഭൂമിയിൽ ദുഷ്ടതയും തിന്മയും പെരുകിയതിന്റെ ഉത്തരവാദികൾ ഈ മാലാഖമാരാണ്‌;[37]
  • മോശയുടെ നിയമത്തിലെ ശാബത്താചരണം, ഛേദനാചാരം തുടങ്ങിയവയ്ക്കു സമാനമായ നിയമങ്ങളുടെ അഭാവം. സീനായ് മലയിലെ ഉടമ്പടിയ്ക്കോ മോശെയുടെ നിയമത്തിനോ ഈനോക്കിന്റെ പുസ്തകം കേന്ദ്രപ്രാധാന്യം കല്പിക്കുന്നില്ല;[40]
  • അന്ത്യനാളുകളെന്നത് ഐഹികമായ സമ്മാനങ്ങളുടെയെന്നതിനു പകരം അന്തിമവിധിയുടെ നാളുകളാണെന്ന വിശ്വാസം;[37]
  • കളങ്കിതമായി കണക്കാക്കപ്പെട്ട രണ്ടാം ദേവാലയത്തിലെ ബലികളുടെ നിരാസം: ബാബിലോണിലെ പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയ യഹൂദർ "ആ ഗോപുരം വീണ്ടും പടുത്തുയർത്തുകയും അതിനു മുൻപിൽ ബലിമേശ സ്ഥാപിക്കുകയും ചെയ്തെങ്കിലും, അതിലെ ബലിയപ്പം മുഴുവൻ ശുദ്ധിനഷ്ടപ്പെട്ട് അശുദ്ധമായിരുന്നു" എന്നാണ്‌ ഈനോക്കിന്റെ പുസ്തകം 89-ആം അദ്ധ്യായം 73-ആം വാക്യം;
  • രണ്ടാം ദേവാലയത്തിൽ ഉപയോഗിച്ചിരുന്ന ചാന്ദ്രപഞ്ചാംഗത്തിനു പകരം സൗരപഞ്ചാംഗത്തിന്റെ സ്വീകൃതി. (മതപരമായ ആഘോഷങ്ങളുടെ കാര്യത്തിൽ ഏറെ പ്രാധാന്യമുള്ള കാര്യമായിരുന്നു ഇത്.);
  • മാലാഖമാരുടെ ലോകത്തിലും മരണാനന്തരജീവിതത്തിലുമുള്ള പ്രത്യേക താത്പര്യം;[41]

കുമ്രാനിലെ ഈനോക്കിയ ശകലങ്ങൾ മുൻ‌കാലങ്ങളിലേതാണ്‌. കുമ്രാൻ ആശ്രമത്തിന്റെ അന്തിമകാലത്ത് എഴുതപ്പെട്ടവ അക്കൂട്ടത്തിൽ ഇല്ല. കുമ്രാൻ സമൂഹത്തിന്‌ ഈനോക്കിന്റെ പുസ്തകത്തിൽ ഉണ്ടായിരുന്ന താത്പര്യം കാലക്രമേണ ക്ഷയിച്ചു എന്നാവാം ഇതിലെ സൂചന;[42]

പിൽക്കാലസ്വാധീനം തിരുത്തുക

ഈനോക്കിയ രചനകൾക്കെതിരെ റബൈമാർ നടത്തിയ നിശിതമായ വിമർശനം, റബൈനിക യഹൂദതയ്ക്ക് ആ ഗ്രന്ഥങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിൽ കലാശിച്ചു. ക്ലാസിക്കൽ റബൈനിക സാഹിത്യം ഈനോക്കിനെക്കുറിച്ച് മിക്കവാറും മൗനം അവലംബിച്ചു‌.[43]

എന്നാൽ യഹൂദയോഗാത്മകതയുടെ(Jewish Mysticism) ചരിത്രത്തെ ഈനോക്കിന്റെ പുസ്തകം ഗണ്യമായി സ്വാധീനിച്ചു: മഹാപണ്ഡിതനായ ഗെർഷോം ഷോലെം എഴുതി: "പിൽക്കാലത്തെ മെർക്കബാ യോഗാത്മകതയുടെ മുഖ്യവിഷയങ്ങൾ മുന്നേതന്നെ ഈനോക്കിന്റെ പുസ്തകം പോലുള്ള പഴയ ഗൂഢാത്മരചനകളിൽ കേന്ദ്രപ്രമേയമായിരുന്നു.[44]. ഈനോക്കിന്റെ പുസ്തകം പതിനാലാം അദ്ധ്യായത്തിലുള്ള ദൈവസിംഹാസനത്തിന്റെ ദീർഘവിവരണം ഈ പശ്ചാത്തലത്തിൽ പ്രത്യേകം പ്രസക്തമാണ്‌.

മിശിഹാ, മനുഷ്യപുത്രൻ, മിശിഹായുടെ വാഴ്ച, സാത്താൻ, ഉയിർത്തെഴുന്നേല്പ്, യുഗാന്ത്യം എന്നിവയെ സംബന്ധിച്ച പുതിയ നിയമത്തിലെ സങ്കല്പങ്ങളെ രൂപപ്പെടുത്തുന്നതിൽ ഈനോക്കിന്റെ പുസ്തകം ഗണ്യമായ പങ്കുവഹിച്ചുവെന്നതിൽ സംശയമില്ല.[4] ഈനോക്കിന്റെ പുസ്തകത്തിന്റെ ആദ്യഭാഗം ജൂബിലികൾ, ബാരൂക്കിന്റെ രണ്ടാം പുസ്തകം, എസദ്രസിന്റെ രണ്ടാം പുസ്തകം, അബ്രാഹമിന്റെ വെളിപാട്, രണ്ടാം ഈനോക്ക് തുടങ്ങിയ അപ്പോക്രിഫൽ രചനകളേയും സ്വാധീനിച്ചിരിക്കാം.

ഈനോക്ക് പുസ്തകത്തിന്റെ കൊയ്നേ ഗ്രീക്ക് പാഠവുമായി പരിചയമുണ്ടായിരുന്ന ക്രിസ്തീയസഭാപിതാക്കളിൽ പലരും അതിനെ അനുകൂലിച്ചും വിമർശിച്ചും ഉദ്ധരിക്കുന്നുണ്ട്: രക്തസാക്ഷി ജസ്റ്റിൻ, മിനൂസിയൂസ് ഫെലിക്സ്, ഐറേനിയൂസ്, ഒരിജൻ, സിപ്രിയൻ, ഹിപ്പോലിറ്റസ്, കമ്മോഡിയാനൂസ്, ലാക്ടാന്റിയൂസ്, യോഹന്നാൻ കാസിയൻ[45] തുടങ്ങിയവരുടെ രചനകളിൽ ഇത്തരം പരാമർശങ്ങൾ കാണാം. ഇവയ്ക്കു വിഷയമായിരിക്കുന്നത് മിക്കവാറും ഈനോക്കിന്റെ ആദ്യത്തെ അഞ്ചദ്ധ്യായങ്ങൾ മാത്രമാണ്‌. ക്രിസ്തുവർഷം 435-ൽ മരിച്ച കാസിയന്റെ കാലത്തിനും ഈ കൃതിയുടെ ആധുനികകാലത്തെ "കണ്ടെത്തലിനും ഇടയ്ക്ക്, 8-ആം നൂറ്റാണ്ടിൽ ബൈസാന്തിയ സാമ്രാജ്യത്തിൽ സന്യാസിയായിരുന്ന ജോർജ്ജ് സിൻസെല്ലസിന്റെ കാലസൂചികയിൽ(chronography) ഇതിലെ ചില ഭാഗങ്ങൾ പരാമർശിക്കപ്പെട്ടു. ഒൻപതാം നൂറ്റാണ്ടിൽ പാത്രിയർക്കീസ് നിസെഫോറസ് ഇതിനെ പുതിയനിയമത്തിലെ സന്ദിഗ്ദ്ധരചനകളുടെ പട്ടികയിലും ഉൾപ്പെടുത്തി.[46].

കണ്ടെത്തൽ തിരുത്തുക

എത്യോപ്യയ്ക്കു പുറത്തുള്ളവർ പതിനേഴാം നൂറ്റാണ്ടു വരെ ഈനോക്കിന്റെ പുസ്തകം നഷ്ടമായി എന്നാണ്‌ കരുതിയിരുന്നത്. ആ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പുസ്തകത്തിന്റെ ഗീയസ് ഭാഷയിലുള്ള എത്യോപ്യൻ ഭാഷ്യം കണ്ടെത്തിയതായി അവകാശവാദം ഉയരുകയും യൂദാ ശ്ലീഹാ എഴുതിയ ലേഖനത്തിലെ ഉദ്ധരണി ഉൾക്കൊള്ളൂന്നതെന്നവകാശപ്പെട്ട ഒരു പ്രതി, ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനും ചിന്തകനുമായ നിക്കോളാസ് ക്ലാഡ് ഫാബ്രി ഡി പെയീരെസ്കയുടെ കൈവശം വരുകയും ചെയ്തു. എന്നാൽ അത് കൃത്രിമമാണെന്ന് എത്യോപ്യൻ ഭാഷാ പണ്ഡിതനായ ഹിയോബ് ലുഡോൾഫ് വിധിച്ചു.[47].

എത്യോപ്യയിൽ ആറുവർഷം ചെലവഴിച്ച സ്കോട്ട്‌ലണ്ടുകാരൻ സഞ്ചാരി ജെയിംസ് ബ്രൂസ് 1773-ൽ ഗീയസ് ഭാഷ്യത്തിന്റെ മൂന്നു പ്രതികളുമായാണ്‌ യൂറോപ്പിൽ മടങ്ങിയെത്തിയത്.[48]. അവയിലൊന്ന് ഓക്സ്ഫോർഡിലെ ബോഡ്‌ലീയൻ ഗ്രന്ഥശാലയിൽ സൂക്ഷിച്ചു. മറ്റൊന്ന് ഫ്രാൻസിലെ രാജകീയ ഗ്രന്ഥശാലയ്ക്കു സമ്മാനിച്ചു. മൂന്നാമത്തെ പ്രതി ബ്രൂസ് കൈവശം വച്ചു. ഏറെക്കാലം ഈ പ്രതികൾ ആരും ഉപയോഗിച്ചില്ല. 1800-ൽ ഫ്രഞ്ച് ഭാഷാശാസ്ത്രജ്ഞനും പൗരസ്ത്യവിജ്ഞാനിയുമായ സിൽ‌വെസ്റ്റർ ഡി സാസി അദ്ദേഹത്തിന്റെ "Notices sur le livre d'Enoch"[49]എന്ന കൃതിയിൽ അതിന്റെ ഭാഗങ്ങൾ ലത്തീൻ പരിഭാഷയോടെ ചേർത്തു. ഇതിന്റെ ഒരു ജർമ്മൻ പരിഭാഷ 1801-ൽ ഇറങ്ങി.

ബോഡെലീയൻ ലൈബ്രറിയിലെ ഗീയസ് കൈയെഴുത്തുപ്രതിയെ ആശ്രയിച്ചുള്ള ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷ 1821-ൽ റിച്ചാർഡ് ലോറൻസാണ്‌ നിർ‌വഹിച്ചത്. 1838-ൽ ഈനോക്കിന്റെ പുസ്തകത്തിന്റെ എത്യോപ്യൻ ഗീയസ് മൂലത്തിന്റെ പാശ്ചാത്യദേശത്തെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചതും ലോറൻസ് തന്നെയാണ്‌. ഒരേയൊരു ഗീയസ് കൈയെഴുത്തുപ്രതിയെ ആശ്രയിച്ചിരുന്ന ആ പതിപ്പുകൾ വിശ്വസനീയമല്ലെന്ന് താമസിയാതെ പരാതി ഉയർന്നു.[50].

അഞ്ചു കൈയെഴുത്തുപ്രതികളെ ആശ്രയിച്ചുള്ള ഗീയസ് ഭാഷ്യത്തിന്റെ ആദ്യത്തെ വിമർശനാത്മക പതിപ്പ് 1851-ൽ ജർമ്മൻ പൗരസ്ത്യവിജ്ഞാനി ഓഗസ്റ്റ് ദിൽമാൻ പ്രസിദ്ധീകരിച്ചു. 1853-ൽ അദ്ദേഹം തന്നെ ഒരു ജർമ്മൻ പരിഭാഷയും പ്രസിദ്ധീകരിച്ചു. പിൽക്കാലത്ത് റോബർട്ട് ഹെൻ‌റി ചാൾസിന്റെ പരിഭാഷ ഉണ്ടാകുന്നതു വരെ ഇതായിരുന്നു ഈനോക്കിന്റെ ഏറ്റവും വിശ്വസനീയമായി കരുതപ്പെട്ട പരിഭാഷ.

പുതിയ പഠനങ്ങൾ തിരുത്തുക

1890 മുതൽ ഒന്നാം ലോകമഹായുദ്ധം വരെ ഈനോക്ക് പഠനത്തിൽ ഏറ്റവുമേറെ സംഭാവന നൽകിയത് ഇംഗ്ലീഷ് ബൈബിൾ പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ റോബർട്ട് ഹെൻ‌റി ചാൾസ് ആയിരുന്നു. കൂടുതൽ കൈയെഴുത്തുപ്രതികളെ ആശ്രയിച്ച് 1893-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച പരിഭാഷയും പഠനവും ഒരു മുന്നേറ്റമായിരുന്നു. 1906-ൽ അദ്ദേഹം എത്യോപ്യൻ ഗീയസ് ഭാഷ്യത്തിന്റെ ഒരു പുതിയ വിമർശനാത്മക പതിപ്പ് പ്രസിദ്ധീകരിച്ചു. 23 എത്യോപ്യൻ കൈയെഴുത്തുപ്രതികളേയും അക്കാലത്ത് ലഭ്യമായിരുന്ന മറ്റെല്ലാ സ്രോതസ്സുകളേയും അദ്ദേഹം ആശ്രയിച്ചിരുന്നു. ഈ സംശോധിത പതിപ്പിന്റെ ഇംഗ്ലീഷ് പരിഭാഷ 1912-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച "പഴയനിയമത്തിലെ സന്ദിഗ്ദ്ധഗ്രന്ഥങ്ങളും കപടലിഖിതങ്ങളും എന്ന കൃതിയിൽ ഉൾപ്പെടുത്തി.

1950-ൽ, ചാവുകടൽ ചുരുളുകളിൽ പെട്ട ഈനോക്കിന്റെ അരമായ ശകലങ്ങൾ പ്രസിദ്ധീകരിച്ചതോടെ ഈ കൃതിയുടെ പൗരാണികത ഉറച്ച് അതിനെക്കുറിച്ചുള്ള പഠനത്തിന്‌ പുതിയ ഊർജ്ജം കൈവന്നു. ഈ ശകലങ്ങളുടെ ജോസെഫ് മിലിക്ക് പ്രസിദ്ധീകരിച്ച ഔദ്യോഗിക പതിപ്പ് വെളിച്ചം കണ്ടത് 1976-ലായിരുന്നു.

2000-മാണ്ടു മുതൽ നടന്നുപോരുന്ന "ഈനോക്ക് സെമിനാർ" ഈനോക്കിയ സാഹിത്യത്തിന്റെ പഠനത്തിൽ ശ്രദ്ധിക്കുന്നു. രണ്ടാം ദേവാലയകാലത്തെ യഹൂദതയിൽ സ്വതന്ത്രമായൊരു മോശേതര വിമതപാരമ്പര്യം (autonomous non-Mosaic tradition of dissent) നിലനിന്നിരുന്നുവെന്നതിനു തെളിവാണ്‌ ഈനോക്ക് സാഹിത്യം എന്ന പരികല്പനയുമായി ബന്ധപ്പെട്ട ഉശിരുള്ള ചർച്ചകൾക്കും ഈ സെമിനാർ വേദിയാകുന്നു.

ഈനോക്ക് രണ്ടും മൂന്നും തിരുത്തുക

ഈനോക്കിന്റെ പുസ്തകം എന്നപേരിൽ പ്രധാനമായും അറിയപ്പെടുന്നത് എത്യോപ്യൻ ഭാഷയിൽ സമ്പൂർണ്ണരൂപം പരിരക്ഷിക്കപ്പെട്ടു കിട്ടിയ മേൽ‌വിവരിച്ച ബൃഹദ്ഗ്രന്ഥമാണെങ്കിലും മറ്റു രണ്ടു രചനകൾക്കു കൂടി ആ പേരുണ്ട്. ഈനോക്കിന്റെ രണ്ടാം പുസ്തകം, ഈനോക്കിന്റെ മൂന്നാം പുസ്തകം എന്നീ പേരുകളിലാണ്‌ അവ സാധാരണ അറിയപ്പെടുന്നത്. മുഖ്യപുസ്തകത്തിന്റെ സ്വാധീനം പ്രകടമാക്കുന്നവയാണ്‌ ഈ രണ്ട് ഈനോക്കിയ ഗ്രന്ഥങ്ങളും.

പഴയ സ്ലാവോണിക ഭാഷയിൽ, ക്രി.വ. പതിനാലാം നൂറ്റാണ്ടോളം പഴക്കമുള്ള കൈയെഴുത്തുപ്രതികളിൽ മാത്രമാണ്‌ ഈ പുസ്തകം ലഭിച്ചിട്ടുള്ളത്. ക്രി.വ. ഒന്നാം നൂറ്റാണ്ടു മുതൽ മദ്ധ്യയുഗം വരെയുള്ള കാലഘട്ടങ്ങൾ ഇതിന്റെ രചനാകാലമായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മൂന്നു ഖണ്ഡങ്ങളായി തിരിക്കാവുന്ന ഉള്ളടക്കമാണതിന്‌. ആദ്യത്തേതിൽ ഈനോക്ക് സപ്തസ്വർഗ്ഗങ്ങളിലൂടെ കടന്നുപോയി അവിടത്തെ രഹസ്യങ്ങൾ ഗ്രഹിക്കുന്നു. രണ്ടാം ഖണ്ഡത്തിൽ ഈനോക്ക് ഏഴാം സ്വർഗ്ഗത്തിലെ ദൈവസന്നിധിയിലെത്തി ദൈവത്തിൽ നിന്ന് സൃഷ്ടിയുടേയും മനുഷ്യഭാഗധേയത്തിന്റേയും രഹസ്യങ്ങൾ മനസ്സിലാക്കുന്നു. അവസാനഖണ്ഡത്തിൽ, ഭൂമിയിൽ ഹ്രസ്വകാലത്തേക്ക് മടങ്ങിയെത്തുന്ന ഈനോക്ക് തന്റെ അറിവ് സന്താതികൾക്ക് പകർന്നു കൊടുത്തിട്ട് സ്വർഗ്ഗത്തിലേയ്ക്ക് മടങ്ങുന്നു.[3]

എബ്രായ ഭാഷയിലുള്ള ഈനോക്കിന്റെ മൂന്നാം പുസ്തകം, രണ്ടാം നൂറ്റാണ്ടിലെ റബൈ ഇസ്മായേലിന്റെ പേരിൽ അറിയപ്പെടുന്ന വിവിധതരം കബാളിയ യോഗാത്മ രചനകളുടെ ഒരു ശേഖരമാണ്‌. ഇതിൽ ഏഴാം സ്വർഗ്ഗത്തിലെത്തുന്ന ഇസ്മായേൽ മുഖ്യദൈവദൂതൻ മെറ്റാട്രോണിനെ കാണുന്നു. താൻ ജാരെദിന്റെ പുത്രനായ ഈനോക്കാണെന്നും സ്വർഗ്ഗത്തിൽ ദൈവത്തിന്റെ രണ്ടാം സ്ഥാനക്കാരനും യഹോവയ്ക്കു താഴെയുള്ളവനുമായി ഉയർത്തപ്പെട്ടിരിക്കുകയാണെന്നും മെറ്റാട്രോൺ ഇസ്മായേലിനെ അറിയിക്കുന്നു. ഇതിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ സ്വർഗ്ഗലോകത്തിലെ രഹസ്യങ്ങളുടെ ഒരു പലവകയാണ്‌. ഈ കൃതി ഈനോക്കിന്റെ പേരിലുള്ള മറ്റു രണ്ടു രചനകളുമായും പരിചയം കാട്ടുന്നു. ഇതിന്റെ രചനാകാലം ക്രി.വ. അഞ്ചോ ആറോ നൂറ്റാണ്ടുകളിലെങ്ങോ ആയിരിക്കാമെന്നാണ്‌ പുതിയ പഠനങ്ങൾ നൽകുന്ന സൂചന.[3]

നുറുങ്ങുകൾ തിരുത്തുക

ഈനോക്കിന്റെ പുസ്തകത്തിന്റെ സാഹിത്യമേന്മയേറിയ ഭാഗങ്ങൾ പറുദീസനഷ്ടത്തിന്റെ ആദ്യത്തെ രണ്ടു പുസ്തകങ്ങളേയും, സാഹിത്യഗുണം കുറഞ്ഞ ഭാഗങ്ങൾ വില്യം ബ്ലേക്കിന്റെ പ്രവചനഗ്രന്ഥങ്ങളേയും അനുസ്മരിപ്പിക്കുമെന്ന് ബെർട്രാൻഡ് റസ്സൽ നിരീക്ഷിച്ചിട്ടുണ്ട്. ദൈവത്തെ ധിക്കരിച്ച് മനുഷ്യരെ ലോഹനിർമ്മാണത്തിന്റേയും മറ്റും ദൈവികരഹസ്യങ്ങൾ പഠിപ്പിച്ച പതിതമാലാഖമാരുടെ കഥയെ റസ്സൽ "പ്രോമിത്തിയൻ" എന്നു വിശേഷിപ്പിക്കുന്നു.[28]

കുറിപ്പുകൾ തിരുത്തുക

^ "എല്ലാ ക്രീറ്റുകാരും നുണയന്മാരാണ്‌" എന്ന എപ്പിമെനിഡെസിന്റെ വാക്കുകൾ തീത്തോസിനുള്ള കാനോനിക ലേഖനത്തിൽ (1:12) പൗലോസ് അംഗീകാരപൂർ‌വം ഉദ്ധരിക്കുന്നുണ്ടെങ്കിലും, ആ ഉദ്ധരണി എപ്പിമെനിഡെസിന്‌ കാനോനികത നൽകാത്തതു പോലെ തന്നെ.[51]

അവലംബം തിരുത്തുക

  1. Fahlbusch E., Bromiley G.W. The Encyclopedia of Christianity: P-Sh pag 411, ISBN 0-8028-2416-1 (2004)
  2. 2.0 2.1 Wossenie Yifru, 1990 Henok Metsiet, Vol. I, Ethiopian Research Council
  3. 3.0 3.1 3.2 3.3 3.4 3.5 ഈനോക്കും ഈനോക്കിന്റെ പുസ്തകവും, ഓക്സ്ഫോർഡ് ബൈബിൾ സഹായി(പുറങ്ങൾ 184-85)
  4. 4.0 4.1 E. Isaac 1 Enoch, a new Translation and Introduction in ed. James Charlesworth The Old Testament Pseudepigrapha, Vol 1 ISBN 0-385-09630-5 (1983) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Isaac" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. "Apocalyptic Literature" (column 220), Encyclopedia Biblica
  6. ഉല്പത്തിപ്പുസ്തകം, 5:18-24
  7. ഉല്പത്തിപ്പുസ്തകം അദ്ധ്യായം 6, വാക്യങ്ങൾ 1-5, ഓശാന മലയാളം പരിഭാഷ.
  8. Vanderkam, JC. (2004). 1 Enoch: A New Translation. Minneapolis:Fortress. pp. 1ff (ie. preface summary).; Nickelsburg, GW. (2004). 1 Enoch: A Commentary. Minneapolis:Fortress. pp. 7–8.
  9. The Origins of Enochic Judaism (ed. Gabriele Boccaccini; Turin: Zamorani, 2002)
  10. 10.0 10.1 10.2 10.3 Beckwith, Roger T. (1996). Calendar and chronology, Jewish and Christian. Leiden: Brill. ISBN 9004105867 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Beckwith" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  11. Martinez, Florentino Garcia; Tigchelaar, Eibert J.C., eds. (1997). The Dead Sea Scrolls: Study Edition. Brill/Eerdmans. pp. 430–443. ISBN 0802844936.
  12. 12.0 12.1 Nickelsburg, George W. (2005). Jewish Literature between the Bible and the Mishnah, 2 ed. Minneapolis: Fortress Press. p. 44. ISBN 0800637798.
  13. Jackson, David R. (2004). Enochic Judaism: three defining paradigm exemplars. Continuum. p. 17. ISBN 9780567081650.
  14. Loren T. Stuckenbruck, 1 Enoch 91-108 (2008) ISBN 3-11-019119-9
  15. Gabriele Boccaccini Beyond the Essene Hypothesis (1998) ISBN 0-8028-4360-3
  16. Emanuel Tov and Craig Evans, Exploring the Origins of the Bible: Canon Formation in Historical, Literary, and Theological Perspective, Acadia 2008
  17. Philip R. Davies, Scribes and Schools: The Canonization of the Hebrew Scriptures London: SPCK, 1998
  18. E Isaac, in Old Testament Pseudepigrapha, ed. Charlesworth, Doubleday, 1983
  19. "1 Enoch contains three [geographical] name midrashim [on] Mt. Hermon, Dan, and Abel Beit-Maacah" Esther and Hanan Eshel, George W.E. Nickelsburg in perspective: an ongoing dialogue of learning p459. Also in Esther and Hanan Eshel, Toponymic Midrash in 1 Enoch and in Other Second Temple Jewish Literature, Historical and Philological Studies on Judaism 2002 Vol24 pp. 115-130
  20. transl. P. Schaff Early Christian Fathers http://www.newadvent.org/fathers/01286.htm
  21. Peter H. Davids, The Letters of 2 Peter and Jude, The Pillar New Testament commentary (Grand Rapids, Mich.: William B. Eerdmans Pub. Co., 2006). 76.
  22. "Apocalyptic Literature", Encyclopedia Biblica
  23. Athenagoras of Athens, in Embassy for the Christians 24
  24. Clement of Alexandria, in Eclogae prophetice II
  25. Ireneaus, in Adversus haereses IV,16,2
  26. Tertullian, in De cultu foeminarum I,3 and in De Idolatria XV
  27. The Ante-Nicene Fathers (ed. Alexander Roberts and James Donaldson; vol 4.16: On the Apparel of Women (De cultu foeminarum) I.3: "Concerning the Genuineness of 'The Prophecy of Enoch'")
  28. 28.0 28.1 പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം, ബെർട്രാൻഡ് റസ്സൽ(പുറങ്ങൾ 317-19)
  29. Cf. Gerome, Catal. Script. Eccles. 4.
  30. [https://web.archive.org/web/20071231132153/http://ocp.acadiau.ca/1Enoch.html Archived 2007-12-31 at the Wayback Machine. The Online Critical Pseudepigrapha
  31. 31.0 31.1 Josef T. Milik (with Matthew Black). The Books of Enoch, Aramaic Fragments of Qumran Cave 4 (Oxford: Clarendon, 1976).
  32. Vermes 513-515; Garcia-Martinez 246-259
  33. P. Flint The Greek fragments of Enoch from Qumran cave 7 in ed.Boccaccini Enoch and Qumran Origins 2005 ISBN 0-8028-2878-7, pag 224-233
  34. see Beer, Kautzsch, Apokryphen und Pseudepigraphen, l.c. p. 237
  35. M.R. James, Apocrypha Anecdota T&S 2.3 Cambridge 1893 pp. 146-150
  36. John Joseph Collins, The Apocalyptic Imagination: An Introduction to Jewish Apocalyptic Literature (1998) ISBN 0-8028-4371-9, pag. 44
  37. 37.0 37.1 37.2 Gabriele Boccaccini, Roots of Rabbinic Judaism: An Intellectual History, from Ezekiel to Daniel, (2002) ISBN 0-8028-4361-1
  38. John W. Rogerson, Judith Lieu, The Oxford Handbook of Biblical Studies Oxford University Press: 2006 ISBN 0-19-925425-7, pag 106
  39. Margaret Barker, The Lost Prophet: The Book of Enoch and Its Influence on Christianity 1998 reprint 2005, ISBN 1-905048-18-1, pag 19
  40. George W. E. Nickelsburg 1 Enoch: A Commentary on the Book of 1 Enoch, Fortress: 2001 ISBN 0-8006-6074-9
  41. John J. Collins in ed. Boccaccini Enoch and Qumran Origins: New Light on a Forgotten Connection 2005 ISBN 0-8028-2878-7, pag 346
  42. James C. VanderKam, Peter Flint, Meaning of the Dead Sea Scrolls 2005 ISBN 0-567-08468-X, pag 196
  43. Annette Yoshiko Reed, Fallen Angels and the History of Judaism and Christianity, 2005 ISBN 0-521-85378-8, pag 234
  44. Gershom Scholem Major Trends in Jewish Mysticism (1995) ISBN 0-8052-1042-3, pag 43
  45. P. Sacchi, Apocrifi dell'Antico Testamento 1, ISBN 978-88-02-07606-5
  46. Cf. Nicephorus (ed. Dindorf), I. 787
  47. Ludolf, Commentarius in Hist. Aethip., p. 347
  48. Bruce, Travels, vol 2, page 422
  49. Silvestre de Sacy in Notices sur le livre d'Enoch in the Magazine Encyclopédique, an vi. tome I, p. 382
  50. see the judgement on Laurence by Dillmann, Das Buch Henoch, p lvii
  51. John Barton, The Old Testament: Canon, Literature and Theology Society for Old Testament Study 2007
"https://ml.wikipedia.org/w/index.php?title=ഈനോക്കിന്റെ_പുസ്തകം&oldid=3778682" എന്ന താളിൽനിന്ന് ശേഖരിച്ചത്